by Midhun HP News | Nov 18, 2025 | Latest News, കേരളം
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള അന്വേഷണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം സന്നിധാനത്ത് നടത്തിയ ശാസ്ത്രീയ പരിശോധന പൂർത്തിയായി. ഇന്ന് പുലർച്ചെയാണ് പരിശോധന അവസാനിച്ചത്. ഏതാണ്ട് പതിനാലു മണിക്കൂറോളമാണ് പരിശോധന നീണ്ടുനിന്നത്. സോപാനത്തെ പാളികൾ തിരികെ സ്ഥാപിക്കുകയും ചെയ്തു.
കട്ടിളപാളികളിലും ശ്രീകോവിലിന് ചുറ്റുമുള്ള സ്വർണം പൂശിയ പാളികളില്‍ നിന്നും എസ്ഐടി സാംപിളുകൾ ശേഖരിച്ചു. സ്വർണപാളികളുടെ തൂക്കവും വലിപ്പവും പരിശോധിച്ചു. സ്കാനറുകളുടെ അടക്കം സഹായത്തോടെയായിരുന്നു പരിശോധന. പാളികളുടെ കാലപ്പഴക്കം, പ്യൂരിറ്റി അടക്കം നിർണയിക്കും. സ്വർണ പാളികൾ വ്യാജമാണോ എന്ന് അറിയുന്നതിൽ പരിശോധനാഫലം നിർണായകമാണ്. സംഘം സന്നിധാനത്ത് നിന്ന് ഇന്ന് മടങ്ങും.
അതിനിടെ, സ്വർണകവർച്ചാക്കേസിൽ പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജയശ്രിയുടെ അറസ്റ്റ് സിംഗിൾ ബെഞ്ച് തൽക്കാലത്തേക്ക് തടഞ്ഞിട്ടുണ്ട്. സ്വർണക്കൊളളയിൽ പങ്കില്ലെന്നും മേലുദ്യോഗസ്ഥരുടെ നിർദേശമനുസരിച്ച് ഫയലിൽ ഒപ്പിടുക മാത്രമാണ് ചെയ്തത്. ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലാണെന്നും ജാമ്യം അനുവദിക്കണമെന്നും ഹർജിയിൽ ജയശ്രീ ആവശ്യപ്പെടുന്നു.


by Midhun HP News | Nov 17, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ബംഗാള്‍ ഉള്‍ക്കടലിനും ശ്രീലങ്കക്കും മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇടിമിന്നലോടു കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്.കിഴക്കന്‍ മേഖലയിലും മധ്യ, തെക്കന്‍ ജില്ലകളിലുമാണ് മഴ കൂടുതല്‍ ലഭിക്കാന്‍ സാധ്യത. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ബുധനാഴ്ച കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണ്ഡല, മകരവിളക്ക് തീര്‍ഥാടനം ആരംഭിച്ച ശബരിമലയില്‍ ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. സന്നിധാനത്തും പമ്പയിലും നിലക്കലും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
by Midhun HP News | Nov 17, 2025 | Latest News, കേരളം
ആലപ്പുഴ: പത്തിയൂരില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാത്തതില്‍ മനംനൊന്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു. 19-ാം വാര്‍ഡിലെ ബൂത്ത് പ്രസിഡന്റ് നിരണത്ത് സി. ജയപ്രദീപാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. വീട്ടുകാര്‍ ഇയാളെ രക്ഷപ്പെടുത്തി.
ജയപ്രദീപ് പോസ്റ്റര്‍ പതിച്ചും ഫ്‌ലക്‌സ് അടിച്ചും തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയിരുന്നു. നേരത്തെ തിരുവനന്തപുരം തൃക്കണ്ണാപുരത്ത് സീറ്റ് കിട്ടാത്തതില്‍ മനം നൊന്ത് ആനന്ദ് കെ തമ്പി ജീവനൊടുക്കിയിരുന്നു. അതിന് പിന്നാലെ നെടുമങ്ങാട് ബിജെപി പ്രവര്‍ത്തകയായ ശാലിനിയും ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.


by Midhun HP News | Nov 17, 2025 | Latest News, കേരളം
കൊച്ചി: തിരുവനന്തപുരം മുട്ടട വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയതില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. വെറും രാഷ്ട്രീയം കളിക്കരുത്. സാങ്കേതികതയുടെ കാര്യം പറഞ്ഞ് വോട്ടവകാശം നിഷേധിക്കപ്പെടുന്നു. എന്നു മാത്രമല്ല സ്ഥാനാര്‍ത്ഥിത്വവും അനിശ്ചിതത്വത്തിലായിരിക്കുന്നു. ഇതു ശരിയല്ലെന്ന് കോടതി നിരീക്ഷിച്ചു. വൈഷ്ണയുടെ അപ്പീലില്‍ രണ്ടു ദിവസത്തിനുള്ളില്‍ ജില്ലാ കലക്ടര്‍ തീരുമാനം കൈക്കൊള്ളണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയതിനെതിരെ വൈഷ്ണ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
സാങ്കേതിക കാരണങ്ങളായി പറയുന്നത് തന്റെ ഭാഗത്തു നിന്നുള്ള പിഴവല്ലെന്നും, തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിഴവാണെന്നും വൈഷ്ണ കോടതിയില്‍ വാദിച്ചു. ഇതിന് താന്‍ ഉത്തരവാദിയല്ല. ഹിയറിങ്ങിന് വിളിച്ചപ്പോള്‍ തന്റെ കൈവശമുള്ള ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് തുടങ്ങിയ രേഖകളെല്ലാം ഹാജരാക്കിയിരുന്നു. ഈ രേഖകളൊന്നും പരിശോധിച്ചില്ല. എന്നു മാത്രമല്ല, പരാതി നല്‍കിയ ആള്‍ ഹിയറിങ്ങില്‍ ഹാജരായിരുന്നുമില്ല. ഈ സാഹചര്യം നിലനില്‍ക്കെയാണ് തന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയതെന്നും വൈഷ്ണ സുരേഷ് കോടതിയില്‍ ചൂണ്ടിക്കാട്ടി.
തുടര്‍ന്നാണ് വൈഷ്ണയുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയത് അനീതിയാണെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ അഭിപ്രായപ്പെട്ടത്. 24 വയസ്സുള്ള പെണ്‍കുട്ടി മത്സരിക്കാനായി ഇറങ്ങിയപ്പോള്‍, രാഷ്ട്രീയ കാരണങ്ങളാല്‍ ഒഴിവാക്കുകയല്ല വേണ്ടതെന്ന് കോടതി അഭിപ്രായപ്പെട്ടു. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അവകാശം നിഷേധിക്കരുത്. കേസില്‍ വീണ്ടും ഹിയറിങ്ങ് നടത്താന്‍ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കി. ഹിയറിങ്ങില്‍ പരാതിക്കാരനായ സിപിഎം പ്രവര്‍ത്തകന്‍ ഹാജരാകണം. ഹിയറിങ്ങിനു ശേഷം തീരുമാനമെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. അല്ലെങ്കില്‍ കോടതിക്ക് ഇടപെടേണ്ടി വരും. അസാധാരണ അധികാരം കോടതിക്ക് ഉപയോഗിക്കേണ്ടി വരുമെന്നുംഹൈക്കോടതി വ്യക്തമാക്കി.
വൈഷ്ണയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് ശേഷമാണ് വോട്ടര്‍പട്ടികയില്‍നിന്ന് പേര് വെട്ടിപോകുന്നതെന്ന് കോടതി നിരീക്ഷിച്ചു. വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ നല്‍കിയ വിലാസത്തിലെ തെറ്റ് ചൂണ്ടിക്കാട്ടിയാണ് വൈഷ്ണക്കെതിരേ സിപിഎം പ്രവര്‍ത്തകന്‍ ധനേഷ് കുമാർ കഴിഞ്ഞദിവസം കമ്മിഷന് പരാതി നല്‍കിയത്. വോട്ടര്‍പട്ടികയില്‍ അച്ചടിച്ചുവന്ന മേല്‍വിലാസത്തിലെ വീട്ടുനമ്പര്‍ തെറ്റായിരുന്നുവെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് പേര് നീക്കിയത്. അന്തിമ വോട്ടര്‍പട്ടികയിലും, സപ്ലിമെന്ററി ലിസ്റ്റിലും വൈഷ്ണയുടെ പേരുണ്ടായിരുന്നില്ല. ഇതേത്തുടർന്നാണ് കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിച്ചത്. ഇലക്ടറല്‍ രജിസ്ട്രാര്‍ ഓഫീസറുടെ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് വൈഷ്ണ അപ്പീലും സമര്‍പ്പിച്ചിട്ടുണ്ട്.


by Midhun HP News | Nov 17, 2025 | Latest News, കേരളം
കൊച്ചി: കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിക്കേസിൽ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ഇടതു സര്‍ക്കാരുകള്‍ വരുമ്പോള്‍ അഴിമതിക്കാരെ സംരക്ഷിക്കില്ലെന്നായിരുന്നു പൊതുജനങ്ങളുടെ വിശ്വാസം. എന്നാല്‍ സര്‍ക്കാരും അഴിമതിക്കാരെ സംരക്ഷിക്കുന്ന നയമാണ് പിന്തുടരുന്നതെന്നും കോടതി വിമര്‍ശിച്ചു.
ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍, കശുവണ്ടി വികസന കോര്‍പ്പറേഷന്‍ മുന്‍ എംഡി കെ എ രതീഷ് എന്നിവരാണ് പ്രതികള്‍. ഇരുവര്‍ക്കുമെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷന്‍ അനുമതി തേടി സിബിഐ സര്‍ക്കാരിനെ സമീപിച്ചിരുന്നു. അഴിമതി നിരോധന നിയമം ചുമത്തണമെങ്കില്‍ സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കേണ്ടതുണ്ട്. മൂന്നു തവണ സിബിഐ ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല.
അഴിമതി നടന്നുവെന്ന് സിബിഐക്ക് ബോധ്യപ്പെട്ടെങ്കിലും, സര്‍ക്കാരിന് ബോധ്യപ്പെട്ടിട്ടില്ല എന്നായിരുന്നു സര്‍ക്കാരിന്റെ വാദം. സംസ്ഥാന സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി ആവശ്യം തള്ളുകയും ചെയ്തിരുന്നു. ഇതിനെതിരെ പരാതിക്കാരനായ കടകംപള്ളി മനോജ് ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് തീരുമാനം പുനഃപരിശോധിക്കാന്‍ കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഈ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. എന്നാല്‍ സുപ്രീംകോടതിയില്‍ തിരിച്ചടി നേരിട്ടു. കേസ് ഹൈക്കോടതി വീണ്ടും പരിഗണിച്ചപ്പോള്‍ പുനഃപരിശോധിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കി. കോടതി നിര്‍ദേശപ്രകാരം പുറത്തിറക്കിയ പുതിയ ഉത്തരവിലും പ്രോസിക്യൂഷന്‍ അനുമതി നല്‍കിയിരുന്നില്ല. ഇതിലാണ് ജസ്റ്റിസ് ബദറുദ്ദീന്‍ സര്‍ക്കാരിനെ വിമര്‍ശിച്ചത്. അഴിമതിക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നത് എന്തിനാണ്?. പ്രോസിക്യൂഷന്‍ അനുമതി നല്‍കാത്തത് എന്തുകൊണ്ടാണ്?. നിയമത്തെ അംഗീകരിക്കുന്ന നിലപാടാണ് സര്‍ക്കാരില്‍ നിന്നും ഉണ്ടാകേണ്ടതെന്ന് കോടതി അഭിപ്രായപ്പെട്ടു.
അഴിമതിക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് ഉത്തരവില്‍ എഴുതേണ്ടി വരുമെന്ന് കോടതി സൂചിപ്പിച്ചു. ഹര്‍ജി അടുത്തയാഴ്ചത്തേക്ക് മാറ്റി. അതിനകം പ്രോസിക്യൂഷന്‍ അനുമതി നല്‍കുന്നതില്‍ സര്‍ക്കാര്‍ നടപടി കോടതി നിരീക്ഷിക്കും. ഇല്ലായെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതി അലക്ഷ്യ നടപടി സ്വീകരിക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കേണ്ടി വരുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


by Midhun HP News | Nov 17, 2025 | Latest News, കേരളം
കണ്ണൂര്‍: നിയന്ത്രണം മറികടന്ന് ഓടിച്ച കാര്‍ നിര്‍മ്മാണം നടക്കുന്ന ദേശീയപാത ബൈപ്പാസിലെ മേല്‍പ്പാലത്തിനും അടിപ്പാതയ്ക്കും ഇടയില്‍ കുടുങ്ങി. തലകുത്തനെ തൂങ്ങിക്കിടന്ന കാര്‍ നാട്ടുകാരും ദേശീയപാത നിര്‍മാണത്തൊഴിലാളികളും ചേര്‍ന്ന് 20 മിനിറ്റോളം പരിശ്രമിച്ചാണ് പുറത്തെടുത്തത്.
ചാല കവലക്ക് സമീപം ദേശീയപാത 66 ല്‍ ഞായറാഴ്ച വൈകീട്ടാണ് സംഭവം. കാര്‍ ഓടിച്ച മലപ്പുറം കൊണ്ടോട്ടി സ്വദേശി ലാസിമിനെതിരെ (29)എടക്കാട് പൊലീസ് കേസെടുത്തു. ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്ന് പൊലീസ് പറയുന്നു.
ബൈപാസ് പണി നടക്കുന്നതിനാല്‍ ഗതാഗതം നിരോധിച്ച സ്ഥലത്തേക്കാണ് കാര്‍ ഓടിച്ചുകയറ്റിയത്. മേല്‍പാലം അപ്രോച്ച് റോഡുമായി ബന്ധിപ്പിക്കുന്ന വിടവില്‍ വെച്ചാണ് കാര്‍ താഴോട്ട് വീണത്. മേല്‍പ്പാലം മറുഭാഗവുമായി കൂട്ടിയോജിപ്പിക്കാനുള്ള ഭാഗത്തെ വിടവിലേക്കാണ് വീണത്.


കമ്പികള്‍ക്കിടയില്‍ കാര്‍ തങ്ങി നില്‍ക്കുകയായിരുന്നു. അഗ്നിരക്ഷാസേനയുടെ സഹായത്തോടെ ക്രെിന്‍ ഉപയോഗിച്ച് കാര്‍ സുരക്ഷിതമായി മുകളിലേക്ക് വലിച്ചുകയറ്റി. കാര്‍ ഓടിച്ചിരുന്ന ലാസിമിന് കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
Recent Comments