ന്യൂനമര്‍ദ്ദം, സംസ്ഥാനത്ത് മഴ കനക്കുന്നു; മത്സ്യബന്ധനത്തിന് വിലക്ക്

ന്യൂനമര്‍ദ്ദം, സംസ്ഥാനത്ത് മഴ കനക്കുന്നു; മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കാമെന്നാണ് പ്രവചനം. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മലയോര മേഖലകളില്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

കന്യാകുമാരി കടലിന് മുകളിലായി ന്യൂനമര്‍ദം നിലനില്‍ക്കുന്നു. ശനിയാഴ്ച തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടാനും തുടര്‍ന്നുള്ള 48 മണിക്കൂറില്‍ ഇത് കൂടുതല്‍ ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. നവംബര്‍ 19, 22 തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ മനുഷ്യന്റെ കാൽ; പരിശോധന

ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ മനുഷ്യന്റെ കാൽ; പരിശോധന

ആലപ്പുഴ: ആലപ്പുഴ റെയിൽവേ സ്റ്റേഷന്റെ ട്രാക്കിൽ മനുഷ്യന്‍റെ കാൽപ്പാദം കണ്ടെത്തി. എറണാകുളം – ആലപ്പുഴ മെമു ട്രാക്കിൽ നിന്നും മാറ്റിയപ്പോഴാണ് കാലിന്റെ അവശിഷ്ടം കണ്ടത്. ഇന്ന് രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം. റെയിൽവേ പൊലീസ് സ്ഥലത്ത് പരിശോധന നടത്തി.

മെമു ട്രെയിൻ യാര്‍ഡിലേക്ക് മാറ്റിയശേഷം ട്രാക്കിലെത്തിയ ശുചീകരണ തൊഴിലാളികളാണ് കാലിന്‍റെ ഭാഗം കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. റെയിൽവെ ട്രാക്കിൽ വെച്ച് ട്രെയിൻ ഇടിച്ചശേഷം കാൽ ഭാഗം ട്രെയിനിൽ കുടുങ്ങിയതായിരിക്കാമെന്നാണ് പൊലീസിന്റെ നി​ഗമനം.

ആലപ്പുഴയിൽ നിന്ന് കൊല്ലത്തേക്കും, അതിനുശേഷം കോട്ടയത്തേക്കും ഷൊര്‍ണൂരിലേക്കും പിന്നീട് എറണാകുളത്തേക്കും അവിടെ നിന്ന് ആലപ്പുഴയിലേക്കും സര്‍വീസ് നടത്തുന്ന മെമു ട്രെയിൻ ആണിത്. ശരീര ഭാഗത്തിന് രണ്ടോ മൂന്നോ ദിവസം പഴക്കമുണ്ടെന്നാണ് കരുതുന്നതെന്നും ട്രാക്കിൽ മൃതദേഹത്തിന്‍റെ മറ്റു ഭാഗങ്ങള്‍ എവിടെയെങ്കിലും കണ്ടെത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നതായും പൊലീസ് പറഞ്ഞു.

ശബരിമലയില്‍ അനിയന്ത്രിത തിരക്ക്, അപായകരമായ ആള്‍ക്കൂട്ടമെന്ന് കെ ജയകുമാര്‍; തിരക്ക് നിയന്ത്രിക്കാന്‍ സത്വരനടപടി

ശബരിമലയില്‍ അനിയന്ത്രിത തിരക്ക്, അപായകരമായ ആള്‍ക്കൂട്ടമെന്ന് കെ ജയകുമാര്‍; തിരക്ക് നിയന്ത്രിക്കാന്‍ സത്വരനടപടി

ശബരിമല: മണ്ഡലകാല സീസണ്‍ തുടങ്ങി രണ്ടാം ദിവസം തന്നെ മുന്‍പ് എങ്ങുമില്ലാത്ത തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ ജയകുമാര്‍. ഇപ്പോഴുള്ളത് അപായകരമായ ജനക്കൂട്ടമാണ്. ഇവരെല്ലാം ക്യൂനില്‍ക്കാതെ എത്തിയവരാണെന്നും ഇത്തരത്തിലുള്ള ആള്‍ക്കൂട്ടം ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്നും തിരക്ക് നിയന്ത്രിക്കാന്‍ സത്വരനടപടി സ്വീകരിക്കുമെന്നും ജയകുമാര്‍ പറഞ്ഞു.

അതേസമയം, ശബരിമലയിൽ ദർശന സമയം നീട്ടിയതായി അറിയിച്ചു. ഇന്ന് 2വരെ ദർശനം അനുവദിക്കുന്നതായിരിക്കും. സന്നിധാനത്ത് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പൊലീസിന്റെ നിയന്ത്രണം പാളിയതോടെ പതിനെട്ടാം പടിക്ക് മുൻപിൽ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡും തീർത്ഥാടകർ മറികടന്നിരിക്കുന്ന സ്ഥിതി​ഗതിയിലേക്ക് എത്തിയിരിക്കുകയാണ്.

ഇപ്പോള്‍ പതിനഞ്ച് മണിക്കൂര്‍ വരെയാണ് ഭക്തര്‍ ക്യൂനില്‍ക്കുന്നതെന്ന് ജയകുമാര്‍ പറഞ്ഞു. അത് ഒഴിവാക്കുന്നതിന്റെ ഭാഗമായി ഭക്തരെ ക്യൂ കോംപ്ലക്‌സില്‍ ഇരുത്താന്‍ നടപടിയെടുക്കും. അത് നാളെ മുതല്‍ നിലവില്‍ വരും. ക്യൂ കോംപ്ലക്‌സില്‍ നില്‍ക്കുന്ന ഭക്തര്‍ക്ക് കുടിവെള്ളവും മറ്റ് സൗകര്യങ്ങളും ഒരുക്കും. പമ്പയ്ക്ക് പുറമെ നിലയ്ക്കലിലും സ്‌പോട്ട് ബുക്കിങ് കേന്ദ്രങ്ങള്‍ നാളെ മുതല്‍ ആരംഭിക്കും.7 സ്‌പോട്ട് ബുക്കിങ് കേന്ദ്രങ്ങളാണ് നാളെ മുതല്‍ നിലയ്ക്കലില്‍ ആരംഭിക്കുകയെന്നു ജയകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

പമ്പയില്‍ വന്നു കഴിഞ്ഞാല്‍ ഭക്തര്‍ക്ക് സുഗമമായി മലകയറി ഇറങ്ങാനുള്ള സാഹചര്യം ഉണ്ടാകണം. അതുകൊണ്ട് ഭക്തരെ നിലയ്ക്കില്‍ നിര്‍ത്താന്‍ കഴിയണം. അവിടെ സാധ്യമായ ഒരുക്കങ്ങള്‍ ചെയ്തിട്ടുണ്ട്. സ്‌പോട്ട് ബുക്കിങിനായി ഏഴെണ്ണം കൂടി നിലയ്ക്കലില്‍ സ്ഥാപിക്കും. ശബരിമല മുന്നൊരുക്കങ്ങളിലുണ്ടായ വീഴ്ചകള്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ജയകുമാര്‍ പറഞ്ഞു.

ജീവനക്കാരുടെ മെസ് തയ്യാറായിട്ടില്ല. അവർക്ക് അന്നദാന മണ്ഡപത്തിൽ അന്നദാനം കൊടുക്കും. 21ന് മാത്രമേ ജീവനക്കാർക്ക് മെസ് തയ്യാറാവുകയുള്ളൂ. കുടിവെള്ളം കിട്ടുന്നില്ലെന്ന പ്രശ്നമുണ്ട്. അത് വിതരണം ചെയ്യാൻ 200 പേരെ അധികമായി എടുത്തു. ആളുകൾക്ക് ഇടയിലേക്ക് വെള്ളവുമായി പോകണം. നാലുമണിക്കൂറായി നിൽക്കുന്നവന് വെള്ളം കൊടുക്കണം.ശുചിമുറികൾ വൃത്തിയാക്കാൻ തമിഴ്നാട്ടിൽ നിന്ന് 200 പേരെ എത്തിക്കുമെന്നും ജയകുമാർ പറഞ്ഞു.

ഓൺലൈൻ ബുക്കിങ് ആദ്യദിവസം തന്നെ തീർന്നു. സ്പോട്ട് ബുക്കിങ് കൊടുക്കാതെ പറ്റില്ല. ബുക്കിങ് ഇല്ലെങ്കിൽ നിയന്ത്രണം വയ്ക്കാൻ പറ്റില്ല. നിയന്ത്രണം വയ്ക്കാൻ പറ്റുമോയെന്ന് നോക്കട്ടെ. ഒരു മിനിറ്റിൽ 80–90 പേർ പതിനെട്ടാം പടി കയറിയില്ലെങ്കിൽ ഇത് കൈകാര്യം ചെയ്യാൻ കഴിയില്ല. കേന്ദ്രസേന ഇന്ന് വരുമെന്നാണ് അറിവ്. അവരെ ബന്ധപ്പെടും. പമ്പ മലിനമാണെന്ന് സ്പെഷൽ ബ്രാഞ്ചിന്റെ റിപ്പോർട്ടുണ്ട്. എന്തുകൊണ്ട് ഇങ്ങനെ ആയെന്ന് മനസിലാകുന്നില്ല. വൃത്തിയാക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ടെന്നും ജയകുമാർ പറഞ്ഞു.

തിരക്ക് കാരണം സന്നിധാനത്ത് ദർശനം നടത്താൻ കഴിയാതെ വന്ന തമിഴ്നാട്, കർണാടക സ്വദേശികളായ തീർഥാടകർ പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ ദർശനം നടത്തിയാണ് മടങ്ങുന്നത്. പല സംഘങ്ങളായി എത്തിയ നൂറോളം പേരാണ് ഇങ്ങനെ മടങ്ങിയത്. മണ്ഡല – മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നശേഷം ഇന്ന് ഉച്ചയ്ക്ക് 12 മണി വരെ ദർശനത്തിനായി എത്തിയത് 1,96,594 പേരെന്നാണ് കണക്ക്. വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ് ഉൾപ്പെടെയാണിത്. നവംബർ 16ന് വൈകിട്ട് അഞ്ചിന് നടന്ന തുറന്ന ശേഷം 53,278 പേരും നവംബർ 17 ന് 98,915 പേരും നവംബർ 18ന് ഉച്ചയ്ക്ക് 12 വരെ 44,401 പേരുമാണ് അയ്യനെ കണ്ടു മടങ്ങിയത്.

നെടുമങ്ങാട് വിവാഹമോചന ഒത്തുതീർപ്പിനായി നല്‍കിയ പണം തട്ടിയ കേസില്‍ അഭിഭാഷകയും സുഹൃത്തും അറസ്റ്റില്‍

നെടുമങ്ങാട് വിവാഹമോചന ഒത്തുതീർപ്പിനായി നല്‍കിയ പണം തട്ടിയ കേസില്‍ അഭിഭാഷകയും സുഹൃത്തും അറസ്റ്റില്‍

നെടുമങ്ങാട് വിവാഹമോചന ഒത്തുതീർപ്പിനായി നല്‍കിയ പണം തട്ടിയ കേസില്‍ അഭിഭാഷകയും സുഹൃത്തും അറസ്റ്റില്‍.

അഭിഭാഷക സുലൈഖ, സുഹൃത്ത് അരുണ്‍ ദേവ് എന്നിവരെയാണ് 40 ലക്ഷം രൂപ തട്ടിയ കേസില്‍ അറസ്റ്റ് ചെയ്തത്. സുലൈഖയുടെ ഭർത്താവ് ഒളിവിലാണ്. അഭിഭാഷകയ്‌ക്കെതിരെ നിരവധി സാമ്ബത്തിക തട്ടിപ്പ് കേസുകള്‍ ഉള്ളതായി പൊലീസ് അറിയിച്ചു.

എസ്എസ്എൽസി പരീക്ഷ; രജിസ്ട്രേഷൻ ഇന്ന് മുതൽ

എസ്എസ്എൽസി പരീക്ഷ; രജിസ്ട്രേഷൻ ഇന്ന് മുതൽ

തിരുവനന്തപുരം: മാർച്ചിൽ നടക്കുന്ന എസ്എസ്എൽസി, ടിഎച്എസ്എൽസി പരീക്ഷകളുടെ രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. 30നു മുൻപ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. വിജ്ഞാപനത്തിലുള്ള സമയക്രമത്തിൽ ഒരു മാറ്റവും അനുവദിക്കില്ലെന്നു പരീക്ഷാ ഭവൻ സെക്രട്ടറി അറിയിച്ചു.

പരീക്ഷയ്ക്കു ഫീസ് അടച്ചതിനു ശേഷമാണ് രജിസ്റ്റർ ചെയ്യേണ്ടത്. പിഴ കൂടാതെ നാളെ വരെ ഫീസ് അടയ്ക്കാം. 21 മുതൽ 26 വരെ 10 രൂപ പിഴയോടെ അടയ്ക്കാം. പിന്നീട് 350 രൂപ പിഴയോടെ അടയ്ക്കാനും അവസരമുണ്ട്.

2026 മാർച്ച് 5 മുതൽ 30 വരെയാണ് പരീക്ഷ. ഐടി പരീക്ഷ ഫെബ്രുവരി 2 മുതൽ 13 വരെ നടക്കും.

സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്, പവന് 1280 രൂപ താഴ്ന്നു

സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്, പവന് 1280 രൂപ താഴ്ന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. പവന് 1280 രൂപയാണ് ഇന്നു താഴ്ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 90,680 രൂപ. ഗ്രാമിന് 160 രൂപ കുറഞ്ഞ് 11,335 ആയി.

കഴിഞ്ഞ ദിവസം പവന്‍ വില ഒറ്റയടിക്ക് 1440 രൂപ താഴ്ന്നിരുന്നു. ഇതിനു പിന്നാലെ ഇന്നലെ രാവിലെ 80 രൂപ കുറഞ്ഞ വില വൈകിട്ടോടെ തിരിച്ചു കയറി. പവന് 320 രൂപയാണ് വൈകിട്ട് വര്‍ധിച്ചത്. ഇതിനു പിന്നാലെയാണ് ഇന്നത്തെ ഇടിവ്.

അമേരിക്കയില്‍ ആഴ്ചകളോളം നീണ്ടുനിന്ന ഷട്ട്ഡൗണ്‍ അവസാനിച്ചത് വിപണിയെ ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. യുഎസ് സമ്പദ് വ്യവസ്ഥ സജീവമായതോടെ ഓഹരി വിപണിയിലേക്ക് നിക്ഷേപകര്‍ തിരിച്ചെത്തിത്തുടങ്ങിയിട്ടുണ്ട്. ഇതാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്.