by Midhun HP News | Nov 15, 2025 | Latest News, കേരളം
കൊച്ചി: അമ്മയും സുഹൃത്തും ചേര്‍ന്നു പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ക്രൂരമായി മര്‍ദിച്ചു പരിക്കേല്‍പ്പിച്ചെന്ന് പരാതി. എട്ടാം ക്ലാസില്‍ പഠിക്കുന്ന പന്ത്രണ്ടു വയസ്സുകാരനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ കേസെടുത്ത പൊലീസ് പ്രതികളെ ഇന്നലെ വൈകീട്ട് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്യുകയാണെന്നും തുടര്‍നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.
ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയാണ് യുവതി എന്ന് പൊലീസ് പറഞ്ഞു. കലൂരിലെ ഫ്‌ലാറ്റിലാണു കുട്ടിക്കൊപ്പം ഇവര്‍ താമസിച്ചിരുന്നത്. യുവതിയും ആണ്‍സുഹൃത്തും ഒരുമിച്ചു കഴിയുന്നതിനെ കുട്ടി എതിര്‍ത്തതിലുള്ള വൈരാഗ്യമാണു മര്‍ദനത്തിനു പിന്നിലെന്നും പരാതിയില്‍ പറയുന്നു. കുട്ടി അമ്മയ്‌ക്കൊപ്പം ഉറങ്ങിയതും പ്രകോപനമായി.
അമ്മയുടെ സുഹൃത്ത് കുട്ടിയുടെ കൈ പിടിച്ചു തിരിച്ചു. തല ഭിത്തിയിലും ശുചിമുറിയുടെ വാതിലിലും ഇടിപ്പിച്ചു. അമ്മ കുട്ടിയുടെ നെഞ്ചില്‍ മാന്തി മുറിവേല്‍പിച്ചു. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ അച്ഛന്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പൊലീസില്‍ വിവരം നല്‍കുകയുമായിരുന്നു.


by Midhun HP News | Nov 15, 2025 | Latest News, കേരളം
കൊച്ചി: കാക്കൂരില്‍ ഭര്‍ത്താവും ഭര്‍തൃ മാതാവും വീട്ടില്‍ നിന്ന് ഇറക്കിവിട്ട അമ്മയും മകനും രണ്ട് മാസത്തിലേറെ കഴിഞ്ഞത് റബ്ബര്‍ തോട്ടത്തിലെ വിറകുപുരയില്‍. ഭിത്തിയില്ലാതെ നാല് തൂണുകളില്‍ നില്‍ക്കുന്ന വിറകുപുരയിലാണ് അമ്മയും 11 വയസുകാരനും കഴിഞ്ഞത്. കുട്ടിയും അമ്മയും വിറകുപുരയില്‍ മാസങ്ങളായി കഴിയുന്ന വിവരമറിഞ്ഞ് പൊലീസും ശിശുക്ഷേമ സമിതിയും എത്തിയതോടെയാണ് ഇരുവരെയും വീട്ടില്‍ കയറ്റിയത്.
അമ്മ ജോലി കഴിഞ്ഞ് വരുന്നതുവരെ ട്യൂഷന്‍ ക്ലാസിലോ അയല്‍പ്പക്കത്തെ വീടുകളിലോ കുട്ടി ഇരിക്കും. അമ്മ എത്തിയ ശേഷം വിറകുപുരയില്‍ മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ ഭക്ഷണം കഴിക്കും.
കുട്ടിയുടെ ബാഗില്‍ ജ്യൂസ് കുപ്പികള്‍ സ്ഥിരമായി കണ്ടതോടെ സംശയം തോന്നിയ അധ്യാപകന്‍ ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. രാവിലെ അമ്മ ഭക്ഷണം കഴിക്കാന്‍ നല്‍കുന്ന പണം കൊണ്ട് കുട്ടി ജ്യൂസ് വാങ്ങി കുടിക്കും. ഉച്ച ഭക്ഷണം സ്‌കൂളില്‍ നിന്നും കഴിക്കും. സംഭവം അറിഞ്ഞതോടെ അധ്യാപകര്‍ കാക്കൂരിലെ വീട്ടിലെത്തി വിവരങ്ങള്‍ മനസിലാക്കി പൊലീസിലും ശിശുക്ഷേമ സമിതിയിലും പരാതി നല്‍കുകയായിരുന്നു.
ഭര്‍ത്താവിന് യുവതിയിലുള്ള സംശയമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. സംഭവം അറിഞ്ഞെത്തിയ കൂത്താട്ടുകുളം പൊലീസാണ് ഇന്നലെ രാത്രിയോടെ അമ്മയെയും കുട്ടിയെയും വീട്ടില്‍ കയറ്റുന്നത്. അമ്മയ്ക്കും കുട്ടിക്കും ആവശ്യമായ താമസ സൗകര്യവും ഭക്ഷണവും നല്‍കണമെന്നും വിറകുപുര പൊളിക്കണമെന്നും പൊലീസ് വീട്ടുകാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടിയില്‍ നിന്ന് ശിശുക്ഷേമ സമിതി അധികൃതരും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.


by Midhun HP News | Nov 15, 2025 | Latest News, കേരളം
പത്തനംതിട്ട: ഈ വര്‍ഷത്തെ ശബരിമല മണ്ഡല- മകരവിളക്ക് മഹോത്സവം നാളെ വൈകീട്ട് അഞ്ചിന് നട തുറക്കുന്നതോടെ ആരംഭിക്കും. മണ്ഡല- മകരവിളക്ക് കാലത്ത് ശബരിമലയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്കായി മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.
മണ്ഡല- മകരവിളക്കുമായി ബന്ധപ്പെട്ട വിവരങ്ങളും പൂജാവിശേഷങ്ങളും ചുവടെ:
വൃശ്ചികമാസം ഒന്നുമുതല്‍ (നവംബര്‍ 17-തിങ്കളാഴ്ച) രാവിലെ മൂന്ന് മണി മുതല്‍ ഉച്ചക്ക് ഒരു മണിവരെയും ഉച്ചക്കഴിഞ്ഞ് മൂന്ന് മണിമുതല്‍ രാത്രി 11 മണിക്കുള്ള ഹരിവരാസനം വരെയും തിരുനട തുറന്നിരിക്കും.
സമയക്രമം:
രാവിലെ നട തുറക്കുന്നത്- 3 മണിക്ക്
നിര്‍മ്മാല്യം
അഭിഷേകം 3 മുതല്‍ 3.30 വരെ
ഗണപതി ഹോമം 3.20 മുതല്‍
നെയ്യഭിഷേകം 3.30 മുതല്‍ 7 വരെ
ഉഷ പൂജ 7.30 മുതല്‍ 8 വരെ
നെയ്യഭിഷേകം 8 മുതല്‍ 11 വരെ
25 കലശം, കളഭം 11.30 മുതല്‍ 12 വരെ
ഉച്ചപൂജ 12.00 ന്
തിരുനട അടക്കല്‍ 1.00ന്
തിരുനട തുറക്കല്‍ വൈകീട്ട് മൂന്നിന്
ദീപാരാധന 6.30-6.45
പുഷ്പാഭിഷേകം 6.45 മുതല്‍ 9 വരെ
അത്താഴ പൂജ 9.15 മുതല്‍ 9.30 വരെ
ഹരിവരാസനം 10.45
തിരുനട അടക്കല്‍ 11ന്
ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു
ഗണപതിഹോമം, അഷ്ടാഭിഷേകം, നെയ്യഭിഷേകം, ഉഷപൂജ, ഉച്ചപൂജ, നിത്യപൂജ, പുഷ്പാഭിഷേകം എന്നീ വഴിപാടുകള്‍ക്കുള്ള ഓണ്‍ലൈന്‍ ബുക്കിങ്ങുകള്‍ ആരംഭിച്ചു. കൂടാതെ നേരിട്ട് ടിക്കറ്റെടുത്ത് വഴിപാടുകള്‍ നടത്തുന്നതിനും സൗകര്യമുണ്ടാകും. ഓണലൈന്‍ വിര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. തത്സമയ ബുക്കിങ് കൗണ്ടറുകള്‍ പമ്പ, നിലക്കല്‍, എരുമേലി, വണ്ടിപ്പെരിയാര്‍, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലാണ്.
ഓണ്‍ലൈന്‍ ആയി 70,000 പേര്‍ക്കും തത്സമയ ബുക്കിങ് വഴി 20,000 പേര്‍ക്കും ദര്‍ശനം സാദ്ധ്യമാകും. ഓണ്‍ലൈന്‍ ദര്‍ശനം ബുക്കുചെയ്ത് ക്യാന്‍സല്‍ ചെയ്യുമ്പോള്‍ ആ ക്വാട്ട കൂടി തത്സമയ ബുക്കിങ്ങിലേക്ക് മാറും. അതു വഴി എല്ലാ പേര്‍ക്കും ദര്‍ശനം ഉറപ്പാക്കും. ദര്‍ശനത്തിനായി ക്യൂ നില്‍ക്കുന്ന അയ്യപ്പ ഭക്തര്‍ക്ക് മുഴുവന്‍ സമയവും ബിസ്‌കറ്റും ഔഷധ കുടിവെള്ളവും ലഭ്യമാക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പതിനെട്ടാം പടിക്കു മുമ്പായി നട പന്തല്‍ മുതല്‍ പ്രത്യേക ക്യൂ സംവിധാനവും പെട്ടെന്നു ദര്‍ശനം ലഭിക്കുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡോളിക്കാര്‍ ഭക്തരെ ചൂഷണം ചെയ്യാതിരിക്കാന്‍ ദേവസ്വം വിജിലന്‍സിന്റെ പ്രത്യേക മോണിട്ടറിങ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭക്തര്‍ക്ക് സ്വാദിഷ്ടമായ ഭക്ഷണം യഥേഷ്ടം ലഭിക്കുന്നതിന് മാളികപ്പുറത്തെ അന്നദാന മണ്ഡപത്തില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മലകയറി എത്തുന്ന ഭക്തര്‍ക്ക് കൈകാല്‍ വേദനകള്‍ക്ക് പരിഹാരമായി സന്നിധാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സൗജന്യ ഫിസിയോ തൊറാപ്പി സെന്റര്‍ ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കും.
പമ്പയിലും സന്നിധാനത്തും ബോര്‍ഡിന്റെ ഓഫ് റോഡ് ആംബുലന്‍സ് സംവിധാനം 24 മണിക്കൂറും പ്രവര്‍ത്തിക്കും. കൂടാതെ ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ സ്ട്രച്ചര്‍ സര്‍വ്വീസും ഉണ്ടാകും. പൊലീസ്, റവന്യൂ തുടങ്ങി എല്ലാ വകുപ്പുകളുമായുള്ള ഏകോപനത്തിന് മുതിര്‍ന്ന പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
മണ്ഡലപൂജ
ഡിസംബര്‍ 27നാണ് മണ്ഡല പൂജ. അന്നേ ദിവസം രാത്രി 10 നു നട അടച്ച ശേഷം ഡിസംബര്‍ 30 വൈകുന്നേരം 5 ന് നട തുറക്കും.
മകരവിളക്ക്
ജനുവരി 14നാണ് മകരവിളക്ക്. 14 മുതല്‍ 18 വരെ രാത്രി മാളികപ്പുറത്ത് എഴുന്നള്ളിപ്പ് ഉണ്ടായിരിക്കും. ജനുവരി15 മുതല്‍ പടി പൂജ ഉണ്ടായിരിക്കും. ജനുവരി 18 ന് രാവിലെ കൊട്ടാരം വക കളഭാഭിഷേകം. അതിനു ശേഷം നെയ്യഭിഷേകം ഉണ്ടാവില്ല. 19ന് രാത്രിയാണ് മാളികപ്പുറത്ത് ഗുരുതി. അന്ന് മറ്റു വഴിപാടുകള്‍ ഇല്ല. 20 നു രാവിലെ കൊട്ടാരം പ്രതിനിധിക്കു മാത്രം ദര്‍ശനം നല്‍കി തിരു നട അടക്കും.


by Midhun HP News | Nov 15, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഇടിഞ്ഞ് 92,000ല്‍ താഴെയെത്തി. ഇന്ന് പവന് 1440 രൂപയാണ് കുറഞ്ഞത്. 91,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 180 രൂപയാണ് കുറഞ്ഞത്. 11,465 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയായിരുന്നു സ്വര്‍ണവില. അഞ്ചിന് 89,080 രൂപയായി താഴ്ന്നു. പിന്നീട് 89,000നും 90,000നും ഇടയില്‍ ചാഞ്ചാടി നിന്ന സ്വര്‍ണവില പടിപടിയായി ഉയര്‍ന്ന് വ്യാഴാഴ്ച 94,320 രൂപയായി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തി. വില ഇനിയും ഉയര്‍ന്ന് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് ഇന്നലെ മുതല്‍ വില കുറയാന്‍ തുടങ്ങിയത്. ഇന്നലെ രണ്ടു തവണയായി 1160 രൂപയാണ് കുറഞ്ഞത്. ഈ ഇടിവ് ഇന്നും തുടരുകയായിരുന്നു. ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്.
ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ അമേരിക്കയില്‍ ഷട്ട്ഡൗണ്‍ അവസാനിച്ചത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. അമേരിക്കന്‍ സമ്പദ് വ്യവസ്ഥ തിരിച്ചുവന്നതോടെ, ഓഹരി വിപണിയിലേക്ക് നിക്ഷേപ ഒഴുക്ക് ആരംഭിച്ചതാണ് സ്വര്‍ണവില കുറയാന്‍ കാരണം. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയിലെ ചലനങ്ങളാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നത്.
by Midhun HP News | Nov 15, 2025 | Latest News, കേരളം
കൊച്ചി: ശബരിമല തീര്‍ത്ഥാടന കാലത്ത് ‘ടെമ്പിള്‍-കണക്റ്റ്’ പാക്കേജുമായി കെഎസ്ആര്‍ടിസ്. കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലിന്റെ (ബിടിസി) ഭാഗമായാണ് പുതിയ പദ്ധതി ഒരുങ്ങുന്നത്. ഇത്തവണത്തെ മണ്ഡലകാലത്ത് 72 ടെംപിള്‍ കണക്ട് പാക്കേജുകളാണ് കെഎസ്ആര്‍ടിസി പദ്ധതിയിടുന്നത്. കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളുമായി ബന്ധിപ്പിച്ച് ശബരിമല തീര്‍ത്ഥാടകര്‍ക്ക് വ്യത്യസ്ഥമായ തീര്‍ത്ഥാടക അനുഭവമാണ് കെഎസ്ആര്‍ടിസി വാഗ്ദാനം ചെയ്യുന്നത്.
1600 പേര്‍ക്ക് പങ്കെടുക്കാവുന്ന 72 സര്‍വീസുകളാണ് നിലവില്‍ പദ്ധതിയുടെ ആദ്യഘട്ടം എന്ന നിലയില്‍ നടപ്പാക്കുന്നതെന്ന് ബജറ്റ് ടൂറിസം സെല്ലിലെ ഉദ്യോഗസ്ഥന്‍ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു. കൂടുതല്‍ യാത്രക്കാരുണ്ടെങ്കില്‍ അധിക ട്രിപ്പുകള്‍ സംഘടിപ്പിക്കും. ദേവസ്വം ബോര്‍ഡ്- കെഎസ്ആര്‍ടിസി എന്നിവ സംയുക്തമായാണ് ടെംപിള്‍ കണക്ട് പദ്ധതി നടപ്പാക്കുന്നത്. വ്യാഴാഴ്ച ചേര്‍ന്ന ഉന്നത തലയോഗം ടെംപിള്‍ കണക്ട് പദ്ധതിക്ക് അനുമതി നല്‍കി.
അയ്യപ്പന്റെ ഐതിഹ്യവുമായി ബന്ധപ്പെട്ട് കിടക്കുന്ന നാല് ക്ഷേത്രങ്ങളെയാണ് പ്രധാനമായും സര്‍ക്യൂട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആലപ്പുഴ, പത്തനംതിട്ട, തുടങ്ങി ശബരിമലയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ കുളത്തൂപ്പുഴ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം, ആര്യങ്കാവ് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം. അച്ചന്‍കോവില്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം, പന്തളം രാജകുടുംബത്തിന്റെ കുടുംബ ക്ഷേത്രവും അയ്യപ്പന്‍ ബാല്യകാലം ചെലവഴിച്ചതായി വിശ്വസിക്കപ്പെടുന്നതുമായ പന്തളം വലിയ കോയിക്കല്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം (പത്തനംതിട്ട) എന്നിവയാണ് തീര്‍ത്ഥാടക സര്‍ക്യൂട്ടില്‍ ഉള്‍പ്പെടുന്ന പ്രധാന ക്ഷേത്രങ്ങള്‍.
ഇതിന് പുറമെയാണ് വടക്കന്‍ ജില്ലകളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്കുള്ള പാക്കേജുകള്‍. ഗുരുവായൂര്‍ ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചാണ് ഈ യാത്ര പദ്ധതിയിട്ടിരിക്കുന്നത്. തെക്കന്‍ ജില്ലകളില്‍ നിന്നും കൊട്ടാരക്കര ഗണപതി ക്ഷേത്രം ഉള്‍പ്പെടെയുള്ള പാക്കേജുകള്‍ തിരഞ്ഞെടുക്കാം. ചാര്‍ട്ടേഡ് യാത്രകള്‍ക്കുള്ള അന്തിമ ഷെഡ്യൂള്‍ യാത്രാ ഗ്രൂപ്പുകളുടെ താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി ക്രമീകരിക്കുമെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.
90 ശതമാനം സീറ്റുകള്‍ ബുക്ക് ചെയ്യപ്പെട്ടാല്‍ ഒരു ചാര്‍ട്ടേഡ് ബസ് സര്‍വീസ് നടത്തും. ഒരു സംഘത്തിനും, ഒന്നിലധികം സംഘങ്ങള്‍ക്കും ബുക്കിങ് നടത്താന്‍ സാധിക്കും. ബുക്കിങ് വര്‍ധിപ്പിക്കാന്‍ ബള്‍ക്ക് ബുക്കിങിന് കമ്മീഷനും കെഎസ്ആര്‍ടിസി വാഗ്ദാനം ചെയ്യുന്നു. വാരാന്ത്യങ്ങളില്‍ (ശനി, ഞായര്‍) ബുക്കിങ്ങുകള്‍ക്ക് ഗൂപ്പിന്റെ നേതാവിന് 3 ശതമാനം കമ്മീഷനും ആഴ്ച ദിവസങ്ങളില്‍ 2.5 ശതമാനവും കമ്മീഷനായി ലഭിക്കും. ഇത് സംബന്ധിച്ച ഉടന്‍ പുറത്തിറങ്ങുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
കുറഞ്ഞ യാത്രാ നിരക്കായിരിക്കും പാക്കേജിന്റെ മറ്റൊരു പ്രത്യേകത. തൃശൂര്‍ പോലുള്ള സ്ഥലങ്ങളില്‍ നിന്നും 500 രൂപ മുതല്‍ 700 രൂപ നിരക്കില്‍ പാക്കേജ് ലഭ്യമാകും. ഇതിന് പുറമെ കെഎസ്ആര്‍ടിസി പമ്പ ഡിപ്പോയില്‍ പാക്കേജ് യാത്രക്കാര്‍ക്ക് സൗജന്യമായി ലഗേജ് സ്ഥലവും റിഫ്രഷ്മെന്റ് സൗകര്യങ്ങളും ലഭിക്കും. ഇതാദ്യമായാണ് ഇത്തരം ഒരു സൗകര്യം ഒരുക്കുന്നത്. ഭക്തര്‍ക്ക് സൗകര്യ പ്രഥമായി തീര്‍ത്ഥാടനം പൂര്‍ത്തിയാക്കാന്‍ സന്നിധാനത്തും കോര്‍ഡിനേറ്റര്‍മാര്‍ ഉണ്ടാകും.
അതേസമയം, ഈ വര്‍ഷം ശബരിമല സ്‌പെഷ്യല്‍ സര്‍വീസുകള്‍ക്കായി സ്ഥിരം സര്‍വീസുകളില്‍ നിന്ന് ഒരു ബസും പിന്‍വലിക്കില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. പകരം, മുമ്പ് നഷ്ടത്തില്‍ സര്‍വീസുകള്‍ നടത്തിയിരുന്ന വാഹനങ്ങള്‍ ഉപയോഗിച്ചാണ് പാക്കേജിനായി കെഎസ്ആര്‍ടിസിയുടെ 327 ബസുകള്‍ സജ്ജമാക്കിയിരിക്കുന്നത്. തീര്‍ത്ഥാടന സീസണില്‍ സ്ഥിരം യാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാകില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. പുതിയതായി എത്തിയ ബസുകളും ശബരിമല സര്‍വീസുകള്‍ക്കായി വിന്യസിക്കും. പമ്പ-നിലയ്ക്കല്‍ സര്‍വീസുകള്‍ക്കായി 500 മുതല്‍ 550 വരെ ലോക്കല്‍ ബസുകള്‍ ആണ് നീക്കിവച്ചിരിക്കുന്നത്.


by Midhun HP News | Nov 15, 2025 | Latest News, കേരളം
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമായി നടപ്പിലാക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെയും, തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും, ശുചിത്വ മിഷന്റെയും മേൽനോട്ടത്തിൽ തിരഞ്ഞെടുപ്പിൽ ഹരിതചട്ടം പൂർണമായും പാലിക്കുന്നുവെന്ന് ഉറപ്പാക്കും. ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറാണ് ഹരിത പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നത്തിനുള്ള നോഡൽ ഓഫീസർ.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്ലാസ്റ്റിക്, പി.വി.സി., ഫ്ലക്സ് തുടങ്ങിയവ പൂർണമായും നിരോധിച്ചു. ബോർഡുകൾ, ബാനറുകൾ, ഹോർഡിംഗുകൾ തുടങ്ങിയവ നിർമിക്കുന്നതിന് പേപ്പർ, പി.സി.ബി. സർട്ടിഫൈ ചെയ്ത 100 ശതമാനം കോട്ടൺ, പുന:ചംക്രമണം ചെയ്യാവുന്ന പോളിഎത്തിലിൻ പോലുള്ളവ ഉപയോഗിക്കാം. രാഷ്ട്രീയ പാർട്ടികളുടെ ഇലക്ഷൻ ഓഫീസുകൾ അലങ്കരിക്കുന്നതിന് പ്രകൃതി സൗഹൃദ വസ്തുക്കൾ മാത്രം ഉപയോഗിക്കണം.
പോളിംഗ് ബൂത്തുകൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ, പരിശീലന ക്യാമ്പുകൾ എന്നിവിടങ്ങളിൽ സ്റ്റീൽ, ചില്ല്, സെറാമിക് പാത്രങ്ങൾ മാത്രമേ ഭക്ഷണ – പാനീയ വിതരണത്തിന് ഉപയോഗിക്കാവു. പ്ലാസ്റ്റിക് ബോട്ടിലുകൾ, തെർമോകോൾ കപ്പുകൾ, പ്ലാസ്റ്റിക് പാഴ്സലുകൾ തുടങ്ങിയവ പൂർണമായും ഒഴിവാക്കണം.
തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കും ഔദ്യോഗിക പരസ്യങ്ങൾക്കും പരിസ്ഥിതി സൗഹൃദ വസ്തുക്കൾ മാത്രമേ പാടുള്ളു. പോളിംഗ് ബൂത്തുകൾ/ വോട്ടെണ്ണൽ കേന്ദ്രങ്ങൾ എന്നിവയുടെ ക്രമീകരണത്തിനും ഇലക്ഷൻ സാധന സാമഗ്രികളുടെ കൈമാറ്റത്തിനും പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കും. ഭക്ഷണത്തിന് പ്ലാസ്റ്റിക് പാഴ്സലുകൾ ഒഴിവാക്കി പകരം വാഴയിലയിലോ പാത്രങ്ങളിലോ പാഴ്സലുകൾ തയ്യാറാക്കണമെന്നും നിർദ്ദേശമുണ്ട്.
തിരഞ്ഞെടുപ്പ് പ്രചരണത്തിന് ശേഷം പാർട്ടികളും സ്ഥാനാർത്ഥികളും പ്രചാരണ സാമഗ്രികൾ ശേഖരിച്ച് യൂസർഫീ നൽകി ഹരിതകർമ്മസേനയ്ക്ക് കൈമാറണം. അല്ലാത്തപക്ഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അത് നീക്കം ചെയ്ത് ചെലവ് സ്ഥാനാർത്ഥികളിൽ നിന്ന് ഈടാക്കും. പോളിംഗ് സ്റ്റേഷനുകളിലും വിതരണ, സ്വീകരണ, വോട്ടെണ്ണൽ കേന്ദ്രങ്ങളിലും വോട്ടെടുപ്പ് – വോട്ടെണ്ണൽ ദിവസങ്ങളിൽ ജൈവ അജൈവ വസ്തുക്കൾ നിക്ഷേപിക്കുന്നതിന് വേണ്ട ബിന്നുകൾ സ്ഥാപിക്കുന്നതിന് അതത് തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.


തിരഞ്ഞെടുപ്പിനു ശേഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ക്ലീൻകേരള കമ്പനി, ഹരിത കർമസേന, സന്നദ്ധ സംഘടനകൾ, വിവിധ രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയവയുടെ സഹായത്തോടെ ഇലക്ഷനുമായി ബന്ധപ്പെട്ട പാഴ് വസ്തുക്കൾ നീക്കം ചെയ്യണം. പൊതു പരിപാടികളിൽ ശബ്ദ മലിനീകരണം ഒഴിവാക്കുകയും പടക്കം, വെടിക്കെട്ട് തുടങ്ങിയവ നിയമാനുസൃതമായി മാത്രം ഉപയോഗിക്കണമെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു.
Recent Comments