by Midhun HP News | Nov 15, 2025 | Latest News, കേരളം
കഴിഞ്ഞ വെള്ളിയാഴ്ച കൊച്ചിയിലെ പ്രമുഖ മാളില്‍ വെച്ചാണ് യുവാവിന്‍റെ സ്കൂട്ടര്‍ വാട്സാപ്പിലൂടെ പരിചയപ്പെട്ട ചോറ്റാനിക്കര സ്വദേശിയായ യുവതി തട്ടിയെടുത്തത്. യുവാവിന്‍റെ പരാതിയില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് കളമശ്ശേരി പൊലീസ് നടത്തിയ അന്വേഷണത്തിൽ പാലക്കാട് നിന്നാണ് പ്രതിയായ യുവതിയെയും ആണ്‍ സുഹൃത്തിനെയും പിടികൂടിയത്.
എറണാകുളം കൈപ്പട്ടൂർ സ്വദേശിയായ 24 കാരന്റെ പുത്തൻ സ്‌കൂട്ടറാണ് യുവതി മോഷ്ടിച്ചത്. ഒരുമാസം നീണ്ടുനിന്ന പ്രണയത്തിനൊടുവില്‍ കാമുകിയെ ആദ്യമായി കാണാനെത്തിയ യുവാവിനായിരുന്നു പണികിട്ടിയത്. മൂന്ന് മാസം മുന്‍പ് വാങ്ങിയ സ്കൂട്ടറുമായാണ് കാമുകി മുങ്ങിയത്. വാട്ട്സാപ്പില്‍ തെറ്റിയെത്തിയ ഒരു സന്ദേശത്തില്‍ നിന്നാണ് ഇരുവരും പരിചയപ്പെടുന്നത്. ഒരുമാസം നീണ്ടുനിന്ന ചാറ്റിങ് ഒടുവില്‍ പ്രണയത്തിലേക്ക് വഴിമാറി. ഫോട്ടോ പോലും കൈമാറാത്ത പ്രണയത്തിനൊടുവില്‍ ഇരുവരും കൊച്ചിയിലെ പ്രമുഖ മാളില്‍ വെച്ച് കാണാമെന്ന് തീരുമാനിച്ചു. ഇത് പ്രകാരം കഴിഞ്ഞ വെള്ളിയാഴ്ച യുവാവ് മാളിലെത്തി.
മാളിന്റെ പാർക്കിംഗ് ഏരിയയില്‍ വച്ച സ്‌കൂട്ടർ തൊട്ടപ്പുറത്തെ കടയ്ക്ക് സമീപം വയ്ക്കണമെന്ന നിർബന്ധത്തിന് വഴങ്ങിയ ശേഷമാണ് യുവതി നേരില്‍കാണാൻ തയ്യാറായത്. നേരത്തെ ചാറ്റ് ചെയ്യുന്ന സമയത്തൊരിക്കലും ഇരുവരും ഫോട്ടോ കൈമാറിയിരുന്നില്ല. എന്നാല്‍ കാമുകിക്ക് തന്നേക്കാള്‍ പ്രായമുണ്ടെന്ന് യുവാവ് അപ്പോഴാണ് തിരിച്ചറിഞ്ഞത്. എന്നാല്‍ ഒരേ പ്രായമാണ് എന്ന് പറഞ്ഞ് യുവതി യുവാവിനെ വിശ്വസിപ്പിച്ചു. മാളിലെ ഫുഡ്കോര്‍ട്ടില്‍ കൊണ്ടുപോയി യുവാവിന്‍റെ ചെലവില്‍ ബിരിയാണിയും ജ്യുസും കഴിച്ചു.യുവാവ് കൈകഴുകാന്‍ പോയ തക്കത്തിന് യുവതി ചാവിയുമായി കടന്നുകളഞ്ഞു.
കൈകഴുകി തിരികെ എത്തിയപ്പോള്‍ യുവതിയെ കാണാതായപ്പോള്‍ കാമുകന് പന്തികേട് തോന്നി. മാള്‍ മുഴുവന്‍ അരിച്ചുപെറുക്കിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. സ്കൂട്ടര്‍ പോയി നോക്കിയപ്പോള്‍ അതും കാണാനില്ല.
ഒടുവില്‍ ചതി തിരിച്ചറിഞ്ഞ യുവാവ് ബസില്‍ കയറി വീട്ടിലെത്തി. പിറ്റേന്ന് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ബസിലെ ജോലിക്കാരനായ യുവാവ് ഇഎംഎക്കാണ് മൂന്ന് മാസം മുന്‍പ് സ്കൂട്ടര്‍ വാങ്ങിയത്. പാര്‍ക്കിങ് ഏരിയയില്‍ നിന്ന് സ്കൂട്ടറുമായി യുവതിയും ആണ്‍സുഹൃത്തും കടന്നുകളയുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുക്കുകയും ചെയ്തു. ഇത് കേന്ദ്രീകരിച്ചാണ് പൊലീസിന്‍റെ അന്വേഷണം നടന്നത്.


by Midhun HP News | Nov 15, 2025 | Latest News, കേരളം
കണ്ണൂര്‍: പാനൂര്‍ പാലത്തായി പീഡനക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ബിജെപി നേതാവ് കെ. പത്മരാജന് ഇന്ന് ശിക്ഷ വിധിക്കും. തലശേരി അതിവേഗ പോക്‌സോ കോടതിയാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഇയാള്‍ക്കെതിരേയുള്ള ബലാല്‍സംഗക്കുറ്റവും തെളിഞ്ഞിട്ടുണ്ട്. കേസ് അട്ടിമറിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരടക്കം നടത്തിയ ഗൂഢനീക്കങ്ങളെ മറികടന്നാണ് കെ. പത്മരാജന്‍ കുറ്റക്കാരനാണെന്ന് പോക്‌സോ കോടതി കണ്ടെത്തിയത്.
നാലാം ക്ലാസുകാരിയുടെ മൊഴികളിലെ വൈരുധ്യത്തിലൂന്നി ബിജെപി നേതാവിനെതിരെയുള്ള കേസ് ദുര്‍ബലമാക്കാനായിരുന്നു ഐജി ശ്രീജിത്ത് അടക്കമുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്. പ്രത്യേക അന്വേഷണ സംഘം പോക്‌സോ വകുപ്പ് ചുമത്തിയതാണ് കേസില്‍ നിര്‍ണായകമായത്. കേസില്‍ തലശേരി ജില്ലാ പോക്‌സോ കോടതിയാണ് ശിക്ഷ വിധിക്കുക.
ഏറെ കോളിളക്കം സൃഷ്ടിച്ച കേസാണ് പാലത്തായി പീഡനക്കേസ്. പത്തുവയസുകാരി സ്‌കൂളിലെ ശുചിമുറിയില്‍ നിന്നും പീഡനത്തിനിരയായ വിവരം ചൈല്‍ഡ് ലൈനിനാണ് ആദ്യം ലഭിച്ചത്. കുട്ടിയുടെ ഉമ്മ നല്‍കിയ പരാതിയില്‍ പാനൂര്‍ പൊലീസ് 2020 മാര്‍ച്ച് 17 നാണ് കേസെടുത്തത്. പൊയിലൂര്‍ വിളക്കോട്ടൂരിലെ ഒളിയിടത്തില്‍നിന്ന് ഏപ്രില്‍ 15ന് പ്രതിയെ അറസ്റ്റുചെയ്തു.
പെണ്‍കുട്ടിയുടെ ഉമ്മയുടെ ആവശ്യപ്രകാരം 2020 ഏപ്രില്‍ 24ന് സംസ്ഥാന പൊലീസ് മേധാവി അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75, 82 വകുപ്പുകള്‍ ചുമത്തി ക്രൈംബ്രാഞ്ച് ഡിറ്റ്ക്ടീവ് ഇന്‍സ്‌പെക്ടര്‍ മധുസൂദനന്‍ നായര്‍ കേസില്‍ ഇടക്കാല കുറ്റപത്രം സമര്‍പ്പിച്ചു. പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചതോടെ കുട്ടിയുടെ ഉമ്മ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഈ ഘട്ടത്തിലാണ് നാര്‍കോട്ടിക്‌സെല്‍ എഎസ്പി രേഷ്മ രമേഷ് ഉള്‍പ്പെട്ട സംഘത്തെ നിയോഗിച്ചത്.
അന്വേഷണം തെറ്റായ ദിശയിലാണെന്ന് പ്രോസിക്യൂഷനടക്കം ഹൈക്കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് കോസ്റ്റല്‍ എഡിജിപി ഇ ജെ ജയരാജന്‍, ഡിവൈഎസ്പി രത്നകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘം അന്വേഷണം ഏറ്റെടുത്തു. 2021 മെയ് മാസം പോക്‌സോ വകുപ്പുകള്‍ ചുമത്തി അന്തിമ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.


by Midhun HP News | Nov 15, 2025 | Latest News, കേരളം
പത്തനംതിട്ട: മണ്ഡല- മകരവിളക്ക് ഉത്സവത്തിന് ശബരിമല നട ഞായറാഴ്ച വൈകീട്ട് അഞ്ചിന് തുറക്കും. വൃശ്ചികം ഒന്നായ 17 മുതല്‍ പുലര്‍ച്ചെ മൂന്നിന് തുടങ്ങി പകല്‍ ഒന്നുവരെയും മൂന്നിന് തുടങ്ങി രാത്രി 11ന് ഹരിവരാസനം വരെയുമാണ് ദര്‍ശനസമയം. ഓണ്‍ലൈനായി 70,000 പേര്‍ക്കും തത്സമയ ബുക്കിങ് വഴി 20,000 പേര്‍ക്കും ദര്‍ശനമൊരുക്കിയിട്ടുണ്ട്.
ഓണ്‍ലൈന്‍ ബുക്കിങ് റദ്ദായാല്‍ സ്ലോട്ടുകള്‍ തത്സമയ ബുക്കിങ്ങിനായി മാറ്റിവയ്ക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പതിനെട്ടാംപടിക്കുമുന്‍പ്് നടപ്പന്തല്‍ മുതല്‍ പ്രത്യേകം ക്യൂ സംവിധാനവും ഏര്‍പ്പെടുത്തി. വിവിധ വകുപ്പുകളുമായുള്ള ഏകോപനത്തിന് പരിചയസമ്പന്നരായ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കി. മണ്ഡലപൂജയ്ക്കുശേഷം ഡിസംബര്‍ 27ന് രാത്രി പത്തിന് നടയടയ്ക്കും. മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകിട്ട് അഞ്ചിന് നട തുറക്കും. 20ന് അടയ്ക്കും.
മകരവിളക്ക് ജനുവരി 14നാണ്. വഴിപാടുകള്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു. നേരിട്ട് ടിക്കറ്റെടുത്ത് വഴിപാടുകള്‍ നടത്താനും സൗകര്യമുണ്ട്.
അപകട ഇന്‍ഷുറന്‍സ് പരിരക്ഷ
നാല് ജില്ലയില്‍ മാത്രമുണ്ടായിരുന്ന അപകട ഇന്‍ഷുറന്‍സ് കവറേജ് സംസ്ഥാനം മുഴുവനാക്കി. മരിക്കുന്ന തീര്‍ഥാടകരുടെ ആശ്രിതര്‍ക്ക് അഞ്ചുലക്ഷം രൂപ ഇന്‍ഷുറന്‍സ് തുക ലഭിക്കും. കൂടാതെ സംസ്ഥാനത്തിന് പുറത്തേക്ക് ഒരുലക്ഷം രൂപ വരെയും സംസ്ഥാനത്തിനകത്ത് 30,000 രൂപ വരെയും ആംബുലന്‍സിന് നല്‍കും. ഇന്‍ഷുറന്‍സ് പദ്ധതി പ്രീമിയം തുക മുഴുവനും ദേവസ്വം ബോര്‍ഡാണ് വഹിക്കുന്നത്. ഹൃദയാഘാതം ഉള്‍പ്പെടെയുള്ള അസുഖം മൂലം മരിക്കുന്നവര്‍ക്കായി സഹായനിധി രൂപീകരിച്ചു. മരിക്കുന്നയാളുടെ കുടുംബത്തിന് മൂന്നുലക്ഷം രൂപ ദേവസ്വം ബോര്‍ഡ് നല്‍കും.


by Midhun HP News | Nov 15, 2025 | Latest News, കേരളം
കടയ്ക്കൽ: വിദേശ പഠനത്തിനും ഉപരിപഠനത്തിനുമായി ആളുകൾക്ക് പല വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരിലുള്ള വിവിധ കോഴ്സുകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും, മാർക്ക് ലിസ്റ്റുകളും, കൺസേൺലറ്ററും ഉണ്ടാക്കി പണം തട്ടിയ കൊല്ലം കടയ്ക്കൽ കുമ്മിൾ മുല്ലക്കര നിസാമുദ്ദീൻ മൻസിലിൽ അഫ്സലിനെ(28)യാണ് കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.
കടയ്ക്കൽ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അഫ്സലിന്റെ വീട് പോലീസ് റെയ്ഡ് ചെയ്തപ്പോഴാണ് തട്ടിപ്പു വിവരങ്ങൾ പുറത്തായത്. ഇവിടെ നിന്ന് വിവിധ യൂണിവേഴ്സിറ്റികളുടെ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ, കൺസേൺ ലെറ്ററുകൾ എന്നിവ പിടിച്ചെടുത്തു. ഉന്നത വിദ്യാഭ്യാസത്തിനും സ്വദേശത്തും വിദേശത്തും ജോലിക്കുമായാണ് ഈ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചിരുന്നത്.
ഇന്ത്യയിലും വിദേശത്തും ഉപരിപഠന സൗകര്യം ഒരുക്കാമെന്ന് വിശ്വസിപ്പിച്ചു വലിയ തുകകൾ പലരിൽ നിന്നും കൈപ്പറ്റിയതായും അന്വേഷണത്തിൽ കണ്ടെത്തി. ഐഎസ്എച്ഓ സുബിൻ തങ്കച്ചന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ഷിജു ടി, ബിജുകുമാർ, ഉദയകുമാർ, എ എസ് ഐ സജീവ് ഖാൻ എസ് സി പി ഓ ഷിറാസ്, സിപിഒ മാരായ സജിൻ, വിഷ്ണു, വൃന്ദാവൻ,വൃന്ദ, ദിവ്യ മോഹൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപെട്ടു കൂടുതൽ അന്വേഷണം നടന്നു വരികയാണ്.


by Midhun HP News | Nov 14, 2025 | Latest News, കേരളം
കോട്ടയം: ലോകാരോഗ്യ സംഘടനയുടെ പ്രൊജക്റ്റ് ഓഫീസ് കാരിത്താസ് ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കാരിത്താസ് ഹോസ്പിറ്റല്‍ ട്രസ്റ്റ് പാട്രണ്‍ മാര്‍ മാത്യു മൂലക്കാട്ട് നാട മുറിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു.
ചടങ്ങില്‍ കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ആന്‍ഡ് സിഇഒ റവ. ഡോ. ബിനു കുന്നത്ത്, ഡബ്ല്യുഎച്ച്ഒയുടെ ദേശീയ പ്രൊഫഷണല്‍ ഓഫീസര്‍ ഡോ. രഞ്ജനി രാമചന്ദ്രന്‍, 4baseCare Precision Health Pvt Ltd-ന്റെ ചീഫ് സയന്റിഫിക് ഓഫീസര്‍ ഡോ. ഗിരിധരന്‍ പെരിയസ്വാമി തുടങ്ങിയവര്‍ പങ്കെടുത്തു. കമ്മ്യൂണിറ്റി മെഡിസിനിലെ സീനിയര്‍ സ്‌പെഷ്യലിസ്റ്റ് ഡോ. ജോസ് ജോം തോമസ് ഡബ്ല്യുഎച്ച്ഒ – കാരിത്താസ് ടെക്‌നിക്കല്‍ സഹകരണത്തിനെകുറിച്ച് സംസാരിച്ചു.
പ്രോജക്ട് ഏകോപനത്തിനായാണ് കാരിത്താസ് ആശുപത്രിയില്‍ ലോകാരോഗ്യ സംഘടനയുടെ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. രോഗകാരണങ്ങളെ കണ്ടെത്തല്‍, പരിശീലനം എന്നിവയ്ക്കായി ഒരു സമന്വിത പൊതു ആരോഗ്യ ലാബോറട്ടറി വികസിപ്പിക്കാന്‍ സഹായം നല്‍കുക, ആരോഗ്യരംഗത്തെ പുതു സംരംഭങ്ങള്‍ സാമന്വയിപ്പിക്കുക എന്നിവയായിരിക്കും ലോകാരോഗ്യ സംഘടനയുടെ മുഖ്യ ചുമതല.
ലോകാരോഗ്യ സംഘടന കാരിത്താസ് ആശുപത്രി വഴി നടത്തുന്ന പൊതു ആരോഗ്യ ഇടപെടലുകള്‍ വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും മെഡിക്കല്‍ ഗവേഷണത്തിനും സാങ്കേതിക സഹായവും ലഭ്യമാക്കും.


by Midhun HP News | Nov 14, 2025 | Latest News, കേരളം
കൊച്ചി: ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇടപെടുന്നു. സ്വര്‍ണക്കൊള്ള കേസിലെ എഫ്‌ഐആറുകളുടെ പകര്‍പ്പും മൊഴികളുടെയും തെളിവുകളുടെയും വിവരങ്ങളും ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയെ സമീപിച്ചു. സ്വര്‍ണക്കൊള്ളയില്‍ കള്ളപ്പണം ഇടപാട് നടന്നിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് ഇ ഡിയുടെ നിലപാട്.
ശബരിമല സ്വര്‍ണക്കൊള്ളയിലെ വിവരങ്ങള്‍ തേടി നേരത്തെ റാന്നി കോടതിയെയും ഇഡി സമീച്ചിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ഇത് സംബന്ധിച്ച് ഹര്‍ജി റാന്നി കോടതിയില്‍ സമർപ്പിച്ചത്. എന്നാല്‍ റാന്നി കോടതി ഈ ആവശ്യം തള്ളിയിരുന്നു. റാന്നി കോടതിയുടെ നടപടി ചോദ്യം ചെയ്താണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഇഡിയുടെ ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കുമെന്നാണ് വിവരം.
അതിനിടെ, ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ ദേവസ്വം സെക്രട്ടറിയും തിരുവാഭരണം കമ്മിഷണറുമായിരുന്ന എസ്. ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി ഇന്ന് തടഞ്ഞിരുന്നു. ചൊവ്വാഴ്ച വരെ അറസ്റ്റ് പാടില്ലെന്നാണ് ഹൈക്കോടതി നിര്‍ദേശം. മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. ദ്വാരപാലകപാളി കേസില്‍ നാലാം പ്രതിയാണ് ജയശ്രീ. മിനിട്‌സ് തിരുത്തി ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് ജയശ്രീ സ്വര്‍ണപ്പാളികള്‍ കൈമാറിയെന്നാണ് എസ്‌ഐടി കണ്ടെത്തല്‍.


Recent Comments