by Midhun HP News | Nov 14, 2025 | Latest News, കേരളം
തൃശൂർ: മോട്ടോർ വാഹനവകുപ്പിന്റെ പേരിൽ വ്യാജസന്ദേശം അയച്ച് 9.90 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. ഫരീദാബാദ് സ്വദേശിനി ലക്ഷ്മി(23)യെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂർ സ്വദേശിയാണ് തട്ടിപ്പിന് ഇരയായത്. മേത്തല കോട്ടപ്പുറം സ്വദേശി കരിയപറമ്പിൽ തോമസ് ലാലന്റെ ഫോൺ ഹാക്ക് ചെയ്ത് പണം തട്ടിയെടുക്കുകയായിരുന്നു. നിർമാണ കരാറുകാരനായ തോമസ് ലാലൻ പണം പിൻവലിക്കാൻ ബാങ്കിൽ എത്തിയപ്പോഴാണ് അക്കൗണ്ടിൽ നിന്ന് സെപ്റ്റംബർ 29-ന് മൂന്നുതവണകളായി 9.90 ലക്ഷം രൂപ ഓൺലൈനായി കൈമാറ്റം ചെയ്തതായി കണ്ടെത്തിയത്.
തുടർന്ന് റൂറൽ സൈബർ പൊലീസ് നടത്തിയ പരിശോധനയിൽ ഫോണിൽ ആർടിഒ ചലാൻ എന്ന പേരിലുള്ള എപികെ ഫയൽ ഇൻസ്റ്റാൾ ചെയ്തതായി കണ്ടെത്തി. ഹരിയാനയിൽ നടത്തിയ അന്വേഷണത്തിൽ പണം ക്രെഡിറ്റ് ആയ അക്കൗണ്ട് വ്യാജവിലാസത്തിൽ ഉള്ളതാണെന്ന് ബോധ്യപ്പെട്ടു. ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് ബാങ്ക് അക്കൗണ്ട് ഉടമയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.


by Midhun HP News | Nov 14, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 560 രൂപയാണ് കുറഞ്ഞത്. 93,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് ആനുപാതികമായി 70 രൂപയാണ് കുറഞ്ഞത്. 11,720 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവിലയില്‍ വന്‍ കുതിപ്പുണ്ടാകുമെന്ന പ്രതീക്ഷയാണ് ഇന്നലെ വിപണിയില്‍ കണ്ടത്. ഇന്നലെ രാവിലെ പവന് 1680 രൂപ വര്‍ധിച്ച് വില 93,720 എത്തി. വൈകുന്നേരത്തോടെ ഇത് 94,320 എത്തി 95,000 കടക്കുമെന്ന സൂചന നല്‍കിയെങ്കിലും ഇന്ന് വില തിരിച്ചിറങ്ങുകയായിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയായിരുന്നു സ്വര്‍ണവില. അഞ്ചിന് 89,080 രൂപയായി താഴ്ന്നു. പിന്നീട് 89,000നും 90,000നും ഇടയില്‍ ചാഞ്ചാടി നില്‍ക്കുകയായിരുന്നു സ്വര്‍ണവില. ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്.
ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ അമേരിക്കയില്‍ ഷട്ട്ഡൗണ്‍ അവസാനിച്ചത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവില കുതിച്ചുയരാന്‍ കാരണം. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയിലെ ചലനങ്ങളാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നത്.


by Midhun HP News | Nov 13, 2025 | Latest News, കേരളം
ആറ്റിങ്ങൽ: മുദാക്കൽ ഗ്രാമപഞ്ചായത്ത് യുഡിഎഫ് പട്ടികയിൽ ഇടയ്ക്കോട് വടക്കേ പ്ലാവില വീട്ടിൽ വിഷ്ണു രവീന്ദ്രനും ഭാര്യ വീണാ വിഷ്ണു സ്ഥാനാർത്ഥികളാണ്. പതിനാറാം വാർഡായ ഊരുപ്പൊയ്കയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കോൺഗ്രസിന്റെ വിഷ്ണു രവീന്ദ്രനാണ്. വിഷ്ണുവിൻറെ ഭാര്യ വീണ വിഷ്ണു പതിനേഴാം വാർഡ് ആയ ഇടയ്ക്കോട് സീറ്റിലും മത്സരിക്കുന്നു. വിഷ്ണു രവീന്ദ്രന്റെ സിറ്റിംഗ് സീറ്റാണ് ഇടയ്ക്കോട്. ഈ സീറ്റ് വനിതാ സംവരണം ആയപ്പോൾ ഭാര്യക്ക് മത്സരിക്കാൻ അവസരം വന്നു. ഇതേസമയം വിഷ്ണുവിനെ തൊട്ടടുത്ത വാർഡായ ഊരുപ്പൊയ്കയിലെ സ്ഥാനാർത്ഥിയായും തെരഞ്ഞെടുത്തു. വിഷ്ണു നിലവിൽ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനാണ്.
പഞ്ചായത്തിൽ സീറ്റ് കിട്ടാതെ നിരവധി കോൺഗ്രസ് പ്രവർത്തകർ വിമത സ്ഥാനാർത്ഥികളായി രംഗത്ത് വന്നിട്ടുണ്ട്. ഇതിനിടയിലാണ് ഭാര്യയും ഭർത്താവും സീറ്റ് നേടി ശ്രദ്ധേയരാകുന്നത്.
by Midhun HP News | Nov 13, 2025 | Latest News, കേരളം
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് കോർപ്പറേഷനിലെ യുഡിഎഫ് സ്ഥാനാര്‍ഥികളില്‍ സിനിമ സംവിധായകന്‍ വിഎം വിനുവും. 37ാം വാര്‍ഡായ കല്ലായി ഡിവിഷനിലാണ് വി എം വിനു മത്സരിക്കുന്നത്. നിലവില്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റാണ് കല്ലായി. കോര്‍പറേഷനിലെ രണ്ടാം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിലാണ് വി എം വിനു ഉള്‍പ്പെട്ടിരിക്കുന്നത്. 15 ഡിവിഷനുകളിലെ സ്ഥാനാര്‍ഥികളെയാണ് രണ്ടാംഘട്ടത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
വിഎം വിനു കോഴിക്കോട് കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ഥിയാകുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം. നിയാസ് ആണ് പട്ടികയിലുള്ള മറ്റൊരു പ്രമുഖന്‍. പാറോപ്പടി ഡിവിഷനില്‍ ആണ് നിയാസ് മത്സരിക്കുന്നത്.
ബാലേട്ടന്‍, വേഷം, ബസ് കണ്ടക്ടര്‍, പല്ലാവൂര്‍ ദേവനാരായണന്‍, മയിലാട്ടം, ആകാശത്തിലെ പറവകള്‍ തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് വിഎം വിനു. നാടക രംഗത്ത് നിന്നും സിനിമയില്‍ എത്തിയ അദ്ദേഹം പ്രമുഖ എഴുത്തുകാരനും നാടകപ്രവര്‍ത്തകനുമായ വിനയന്റെ മകനാണ്.
കോഴിക്കോട് കോര്‍പ്പറേഷനില്‍ 49 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. രണ്ടാം ഘട്ട പട്ടികയോടെ 37 സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി. 22 സീറ്റുകളിലെ സ്ഥാനാര്‍ഥികളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.


by Midhun HP News | Nov 13, 2025 | Latest News, കേരളം
2025-ലെ എം.ഫാർമസി കോഴ്സുകളിലേക്കുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചതായി പ്രവേശന പരീക്ഷാ കമ്മീഷണർ അറിയിച്ചു. അപേക്ഷ സമർപ്പിച്ചിട്ടുള്ള അർഹരായ വിദ്യാർത്ഥികൾക്ക് ഓൺലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാനുള്ള അവസരം ലഭ്യമാണ്.
ഓപ്ഷൻ രജിസ്ട്രേഷൻ നൽകാൻ, ഉദ്യോഗാർത്ഥികൾ www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് “M.Pharm 2025 – Candidate Portal” എന്ന ലിങ്ക് തുറക്കണം. അപേക്ഷ നമ്പരും പാസ്‌വേഡും നൽകി ഹോം പേജിലേക്ക് പ്രവേശിച്ചതിനു ശേഷം ‘Option Registration’ മെനു തിരഞ്ഞെടുക്കുക. നവംബർ 17 വൈകിട്ട് 6 മണിവരെ ഓപ്ഷനുകൾ നൽകാനാകും.
ഓപ്ഷനുകൾ നൽകുമ്പോൾ ഉദ്യോഗാർത്ഥികൾ തങ്ങളുടെ മുൻഗണനാ ക്രമം വ്യക്തമായി നിർദ്ദേശിക്കേണ്ടതാണ്. ഓപ്ഷൻ രജിസ്ട്രേഷൻ പൂർത്തിയായാൽ പ്രിന്റ് എടുക്കാൻ മറക്കരുത്. ഓപ്ഷൻ നൽകുന്ന വിദ്യാർത്ഥികൾ മുൻപ് സമർപ്പിച്ച രേഖകളും പ്രാഥമിക അലോട്ട്‌മെന്റിനായി ആവശ്യമായ തെളിവുകളും സജ്ജമാക്കണം. അലോട്ട്‌മെന്റ് ഫലങ്ങൾ പിന്നീട് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.


by Midhun HP News | Nov 13, 2025 | Latest News, കേരളം
കണ്ണൂര്‍: എഡിഎം നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിച്ച പൊലീസ് മുന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ സിപിഎം സ്ഥാനാര്‍ത്ഥി. കണ്ണൂര്‍ മുന്‍ എസിപി ടി കെ രത്‌നകുമാര്‍ ആണ് മത്സരരംഗത്തുള്ളത്. ശ്രീകണ്ഠാപുരം നഗരസഭയിലെ കോട്ടൂര്‍ വാര്‍ഡില്‍ നിന്നാണ് രത്‌നകുമാര്‍ മത്സരിക്കുന്നത്.
നവീന്‍ബാബുവിന്റെ മരണത്തില്‍ സിപിഎം നേതാവ് പി പി ദിവ്യയെ പ്രതിയാക്കി കേസെടുത്ത് അന്വേഷണം നടത്തിയപ്പോള്‍, അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചത് അന്ന് എസിപിയായിരുന്ന രത്‌നകുമാറാണ്. അന്വേഷണത്തില്‍ അട്ടിമറിയുണ്ടായെന്നും, പക്ഷപാതിത്വത്തോടെയാണ് അന്വേഷണം നടത്തിയതെന്നും നവീന്‍ ബാബുവിന്റെ കുടുംബം ആരോപിച്ചിരുന്നു.
കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് രത്‌നകുമാര്‍ സര്‍വീസില്‍ നിന്നും വിരമിച്ചത്. സിപിഎം കുടുംബത്തില്‍ നിന്നുള്ള ആളാണ് താനെന്നും, അടുത്ത ദിവസം തന്നെ പ്രതാരണത്തിന് ഇറങ്ങുമെന്നും ടി കെ രത്‌നകുമാര്‍ സൂചിപ്പിച്ചു. സിപിഎമ്മിന് വളരെ ശക്തമായ വേരോട്ടമുള്ള വാര്‍ഡാണ് രത്‌നകുമാര്‍ മത്സരിക്കുന്ന കോട്ടൂര്‍ വാര്‍ഡ്.


Recent Comments