by Midhun HP News | Nov 13, 2025 | Latest News, കേരളം
കൊച്ചി: ഒന്നരലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസില്‍ കെഎസ്ഇബി അസിസ്റ്റന്റ് എന്‍ജിനീയര്‍ വിജിലന്‍സിന്റെ പിടിയില്‍. തേവര ഇലക്ടിക്കല്‍ സെക്ഷന്‍ ഓഫീസ് അസിസ്റ്റന്റ് എന്‍ജിനീയര്‍ പാലാരിവട്ടം സ്വദേശി എന്‍. പ്രദീപനാണ് പിടിയിലായത്. വൈദ്യുതി കണക്ഷന്‍ സ്ഥിരപ്പെടുത്താന്‍ വേണ്ടിയാണ് കെഎസ്ഇബി അസിസ്റ്റന്റ് എന്‍ജിനീയര്‍ പണം ആവശ്യപ്പെട്ടത്.
തേവര ജങ്ഷനിലെ ബസ് സ്റ്റോപ്പില്‍വെച്ച് പ്രദീപന്‍ പരാതിക്കാരനില്‍നിന്ന് പണം വാങ്ങാന്‍ ശ്രമിക്കുന്നതിനിടെ ആയിരുന്നു വിജിലന്‍സ് ഇയാളെ പിടികൂടിയത്. 90,000 രൂപയാണ് ഇയാള്‍ കൈപ്പറ്റാന്‍ ശ്രമിച്ചത്. പനമ്പള്ളി നഗറിന് സമീപം പണിത നാലുനില കെട്ടിടത്തിനായി താല്‍ക്കാലിക വൈദ്യുതി കണക്ഷനെടുത്തിരുന്നു. ഇത് സ്ഥിരപ്പെടുത്തണം അപേക്ഷയിലാണ് പ്രദീപന്‍ കൈക്കൂലി ആവശ്യപ്പെട്ടത്. കെട്ടിടനിര്‍മാണ കമ്പനിയിലെ അസിസ്റ്റന്റ് മാനേജരാണ് വിജിലന്‍സിനെ സമീപിച്ചത്.
by Midhun HP News | Nov 13, 2025 | Latest News, കേരളം
ന്യുഡല്‍ഹി: ഡല്‍ഹിയില്‍ ചെങ്കോട്ടയക്ക് സമീപം ഉണ്ടായ സ്‌ഫോടനം ഭീകരാക്രമണം തന്നെയെന്ന് കേന്ദ്രസര്‍ക്കാര്‍. ദേശവിരുദ്ധ ശക്തികള്‍ നടത്തിയ ഹീനമായ പ്രവൃത്തിയാണ് ഉണ്ടായതെന്നും ഭീകരവാദത്തിനെതിരെ ഒരുവിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും കേന്ദ്രമന്ത്രിസഭാ യോഗം വ്യക്തമാക്കി. ആക്രമണത്തെ മന്ത്രിസഭാ യോഗം ശക്തമായി അപലപിച്ചു.
ഭീകരവാദത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികളെ കണ്ടെത്തുമെന്നും സ്‌പോണ്‍സര്‍മാരെ ഉള്‍പ്പടെ ശിക്ഷിക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞു. സംഭവത്തില്‍ ആഴത്തിലുള്ള അന്വേഷണം നടക്കുകയാണെന്നും മന്ത്രിസഭാ യോഗം വിലയിരുത്തി. സ്‌ഫോടനത്തില്‍ ജീവന്‍ നഷ്ടമായവരോടുള്ള ആദരസൂചകമായി രണ്ട് മിനിറ്റ് നേരം മൗനം ആചരിച്ചു.
തിങ്കളാഴ്ച വൈകീട്ട് 6.55 ഓടെ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ഹ്യൂണ്ടായ് ഐ20 കാറിലുണ്ടായ സ്‌ഫോടനത്തില്‍ പതിമൂന്ന് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി വാഹനങ്ങള്‍ കത്തിനശിക്കുകയും ചെയ്തു. ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തില്‍ എന്‍ഐഎ അന്വേഷണം പുരോഗമിക്കുന്നു. എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അന്വേഷണ ഏജന്‍സിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ, ചെങ്കോട്ടയില്‍ നടന്ന ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടതില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി.
by Midhun HP News | Nov 12, 2025 | Latest News, കേരളം
തൊടുപുഴ: നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് ഇടുക്കി പൊന്മുടി അണക്കെട്ട് തുറന്നു. രണ്ടാമത്തെ ഷട്ടര്‍ 20 സെന്റിമീറ്റര്‍ ആണ് ഉയര്‍ത്തിയത്. ഒരു സെക്കന്‍ഡില്‍ 15000 ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. പന്നിയാര്‍ പുഴയുടെ ഇരു കരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഈ വര്‍ഷം ഇത് ആറാം തവണയാണ് പൊന്മുടി അണക്കെട്ട് തുറക്കുന്നത്.
അതിശക്തമായ മഴയെ തുടര്‍ന്ന് പന്നിയാര്‍ പുഴയിലൂടെ പൊന്മുടി അണക്കെട്ടിലെക്കുള്ള നീരൊഴുക്ക് വര്‍ദ്ധിക്കുകയും അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയില്‍ എത്തുകയും മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പൊന്മുടി അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തിയത്. രണ്ടാമത്തെ ഷട്ടര്‍ ആണ് ഇന്ന് രാവിലെ 10 മണിയ്ക്ക് 20 സെന്റിമീറ്റര്‍ ഉയര്‍ത്തിയത്. ഒരു സെക്കന്‍ഡില്‍ 15000 ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.
അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വീണ്ടും ശക്തമായാല്‍ കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തും. നിലവില്‍ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് രാത്രി കാലങ്ങളില്‍ മഴ ശക്തമായി തുടരുകയാണ്. പന്നിയാര്‍ ഇലക്ട്രിക് പ്രോജക്ടിന്റെ ഭാഗമായുള്ള അണക്കെട്ടില്‍ 707.75 അടി ആണ് പരമാവധി സംഭരണശേഷി. ഇപ്പോള്‍ 706.85 അടി വെള്ളമാണ് ഡാമിലുള്ളത്. ജലനിരപ്പ് 706.05ല്‍ എത്തുമ്പോഴാണ് റെഡ് അലര്‍ട്ട് പുറപ്പെടുവിക്കുന്നത്.


by Midhun HP News | Nov 12, 2025 | Latest News, കേരളം
ആലപ്പുഴ: ആലപ്പുഴ വാട്ടര്‍ മെട്രോ പദ്ധതിയുടെ സാധ്യതാ പഠനം ഡിസംബറില്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് കൈമാറും. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനാണ് (കെഎംആര്‍എല്‍) പദ്ധതി ചുമതല. കൊച്ചി വാട്ടര്‍ മെട്രോയുടെ മാതൃകയിലാണ് പദ്ധതി.
കൊല്ലത്തും വാട്ടര്‍ മെട്രോ സ്ഥാപിക്കാന്‍ പദ്ധതിയുണ്ട്. ഗതാഗത സംവിധാനത്തിനൊപ്പം വിനോദസഞ്ചാര മേഖലയ്ക്കും ഗുണം ലഭിക്കുന്ന രീതിയിലായിരിക്കും പദ്ധതി. പദ്ധതി പ്രദേശം, റൂട്ടുകള്‍, ബോട്ടുകള്‍, ജെട്ടികള്‍, മറ്റ് അനുബന്ധ സൗകര്യങ്ങള്‍ തുടങ്ങിയവയെപ്പറ്റി വിശദ പഠനത്തിന് ശേഷമാണ് തീരുമാനമെടുക്കുകയെന്ന് കെഎംആര്‍എല്‍ അറിയിച്ചു.
കൂടുതല്‍ ജലാശയങ്ങള്‍ ഉള്ളതും യാത്രക്കാര്‍ ഏറിയതുമായ പ്രദേശങ്ങള്‍ കണക്കിലെടുത്താണ് ആലപ്പുഴയെയും കൊല്ലത്തെയും വാട്ടര്‍ മെട്രോ പദ്ധതിക്കായി തെരഞ്ഞെടുത്തത്. ദിവസവും ആയിരക്കണക്കിന് സഞ്ചാരികളാണ് ആലപ്പുഴയുടെ പ്രകൃതിഭംഗി ആസ്വദിക്കാനായി എത്തുന്നത്. വെള്ളത്താല്‍ ചുറ്റപ്പെട്ട പ്രദേശങ്ങള്‍ നിറഞ്ഞ ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളും ടൂറിസം സാധ്യതകള്‍ ശക്തമാക്കുന്നതാണ്.
ജലഗതാഗത വകുപ്പിന്റെ സര്‍വീസുകളെ ബാധിക്കാതെയാവും വാട്ടര്‍ മെട്രോ സര്‍വീസ്. പൂര്‍ണമായും സൗരോര്‍ജ ബോട്ടുകള്‍ ഉപയോഗിക്കുന്നതിനാല്‍ പരിസ്ഥിതി മലിനീകരണവും ഉണ്ടാവില്ല. എയര്‍ കണ്ടീഷന്‍ സൗകര്യമുള്ള ആധുനിക ബോട്ടുകളാവും ഉണ്ടാവുക. കൊച്ചി വാട്ടര്‍ മെട്രോയുടെ മാതൃകയില്‍ ഏകീകൃത ഓപ്പറേഷന്‍ കണ്‍ട്രോള്‍ സെന്ററില്‍ (ഒസിസി) നിന്നാവും ബോട്ട് നിയന്ത്രിക്കുക. വിനോദസഞ്ചാരികള്‍ ഏറെയുള്ള ആലപ്പുഴ, മുഹമ്മ, പാതിരാമണല്‍, കുമരകം റൂട്ടുകള്‍ക്കാണ് പ്രാമുഖ്യം.


by Midhun HP News | Nov 12, 2025 | Latest News, കേരളം
കൊല്ലം: വന്ദേഭാരത് ട്രെയിനിന് കല്ലെറിഞ്ഞയാളെ പോലീസ് പിടികൂടി. പ്രാക്കുളം പണ്ടാരഴികത്ത് സുനിലിനെ(38)യാണ് ആർപിഎഫ് അറസ്റ്റ് ചെയ്തത്.
നവംബർ അഞ്ചിന് രാത്രിയായിരുന്നു സംഭവം. കാസർകോട്-തിരുവനന്തപുരം വന്ദേഭാരത് കൊല്ലം റെയിൽവേ സ്റ്റേഷൻവിട്ട് ചിന്നക്കട റെയിൽവേ ഓവർബ്രിഡ്‌ജിനു സമീപം എത്തിയപ്പോഴാണ് കല്ലേറുണ്ടായത്. സി ഒന്ന് കോച്ചിന്റെ ചില്ലുപൊട്ടി.
വിവരമറിഞ്ഞയുടൻ ആർപിഎഫും ഇന്റലിജൻസ് വിഭാഗവും അന്വേഷണം ആരംഭിച്ചു. ഏഴിന് രാവിലെ ഇതേസ്ഥലത്ത് സംശയാസ്‌പദമായി കണ്ടയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചു. ട്രെയിനിലെ ക്യാമറയിലെ സമയവും പിടികൂടിയ ആളുടെ മൊബൈൽ ലൊക്കേഷൻ സമയവും പരിശോധിക്കുകയും ചെയ്‌തു. റെയിൽവേ നിയമം-153 പ്രകാരമാണ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ആർപിഎഫ് ഇൻസ്പെക്‌ടർ ടി.ആർ. അനീഷ്, എഎസ്ഐ പി.എസ്. ജ്യോതീന്ദ്രൻ, തിരുവനന്തപുരം ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് എസ്ഐ പ്രെയ്‌സ് മാത്യു, ആർപിഎഫ് ഹെഡ് കോൺസ്റ്റബിൾമാരായ അബ്‌ദുൾ സലാം, എസ്. മധു, കൊല്ലം സ്പെഷ്യൽ ഇന്റലിജൻസ് ബ്രാഞ്ചിലെ വിജയകൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.


by Midhun HP News | Nov 12, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. ഇന്ന് അഞ്ചു ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. നാളെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലും യെല്ലോ അലർട്ടുണ്ട്.
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. എന്നാൽ കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.


Recent Comments