by Midhun HP News | Nov 3, 2025 | Latest News, കേരളം
കൊച്ചി: മഴ വിട്ടുനിന്നതോടെ സംസ്ഥാനത്ത് അതിരാവിലെ തണുപ്പ് അനുഭവപ്പെട്ട് തുടങ്ങി. സീസണിലെ ഏറ്റവും കുറഞ്ഞ താപനില മൂന്നാറില്‍ രേഖപ്പെടുത്തി. ഇന്നലെ അതിരാവിലെ മൂന്നാറില്‍ 6.2 ഡിഗ്രി സെല്‍ഷ്യസ് ആയാണ് താപനില താഴ്ന്നത്. മൂന്നാറിന് അടുത്തുള്ള കുണ്ടല ഡാമിലും നല്ല തണുപ്പാണ്. രാവിലെ 6.9 ഡിഗ്രി സെല്‍ഷ്യസ് ആണ് രേഖപ്പെടുത്തിയത്.
തുടര്‍ച്ചയായ ദിവസങ്ങളില്‍ പത്തു ഡിഗ്രിക്ക് താഴെ രേഖപ്പെടുത്തിയതോടെ, മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങിയിട്ടുണ്ട്. ഇടുക്കി, വയനാട് എന്നിവയ്ക്ക് പുറമേ പത്തനംതിട്ട, തിരുവനന്തപുരം, പാലക്കാട് ജില്ലകളിലെ മലയോര മേഖലകളിലും കുറഞ്ഞ താപനില 20 ഡിഗ്രി സെല്‍ഷ്യസില്‍ താഴെ രേഖപ്പെടുത്തി.
അതേ സമയം മഴ വിട്ടുനിന്നതോടെ, പകല്‍ താപനിലയും ഉയരുന്നുണ്ട്. പകല്‍ ചൂട് ശരാശരി 33- 37 ഡിഗ്രി സെല്‍ഷ്യസായാണ് ഉയരുന്നത്. വരും ദിവസങ്ങളിലും വരണ്ട അന്തരീക്ഷ സ്ഥിതി തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. എങ്കില്‍ വരുംദിവസങ്ങളിലും പകല്‍ താപനില ഉയരാന്‍ സാധ്യതയുണ്ട്.


by Midhun HP News | Nov 3, 2025 | Latest News, കേരളം
കൊച്ചി: കേരളത്തില്‍ യഥാര്‍ഥ ജനസംഖ്യയേക്കാള്‍ കുടുതല്‍ ആധാര്‍ രജിസ്‌ട്രേഷനുകള്‍. സംസ്ഥാനത്തെ ആകെ ജനസംഖ്യ 3,60,63,000 ആണെന്നാണ് ഔദ്യോഗിക കണക്കുകള്‍. എന്നാല്‍, 2025 സെപ്റ്റംബര്‍ 30 വരെ വിതരണം ചെയ്ത ആധാര്‍ കാര്‍ഡുകളുടെ എണ്ണം 4,09,68,282 ആണ്. 49 ലക്ഷത്തിലധികം ആധാര്‍ കാര്‍ഡുകള്‍ അധികമുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യത്തിന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) നല്‍കിയ മറുപടിയിലാണ് ആശയക്കുഴപ്പം വ്യക്തമാക്കുന്നത്. രാജ്യവ്യാപകമായുള്ള പ്രവണതയാണിതെങ്കിലും കേരളത്തില്‍ അന്തരം കൂടുതലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
യുണീക്ക് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം സമയബന്ധിതമായി അപ്‌ഡേറ്റ് ചെയ്യാത്തതാണ് പിഴവിന് കാരണമാകുന്നതെന്നാണ് വിലയിരുത്തല്‍. മരണമടഞ്ഞ വ്യക്തികളുടെ ആധാര്‍ റദ്ദാക്കാനോ, നിര്‍ജ്ജീവമാക്കാനോ ഉള്ള നടപടികള്‍ കാര്യക്ഷമല്ലാത്തതാണ് വ്യത്യാസത്തിന്റെ പ്രധാന കാരണമെന്ന് കൊച്ചിയിലെ വിവരാവകാശ പ്രവര്‍ത്തകനായ രാജു വാഴക്കാല പറഞ്ഞു. വിവരങ്ങള്‍ സമയബന്ധിതമായി അപ്‌ഡേറ്റ് ചെയ്യപ്പെടാത്ത സാഹചര്യം മരിച്ചു പോയവരുടെ രേഖകള്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യത വര്‍ധിപ്പിക്കുന്നതാണ്. അതിനാല്‍ ഡാറ്റയുടെ കൃത്യതയും സുരക്ഷയും ഉറപ്പാക്കാന്‍ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്നും രാജു ചൂണ്ടിക്കാട്ടുന്നു.
രാജ്യ വ്യാപകമായി ഇത്തരത്തില്‍ ഒരു അന്തരം നിലനില്‍ക്കുന്നുണ്ട്. ഇന്ത്യയിലെ ജനസംഖ്യ 141 കോടിയിലധികമാണെന്നിരിക്കെ ( 141,22,25,700) വിതരണം ചെയ്ത ആധാര്‍ കാര്‍ഡുകളുടെ എണ്ണം 142 കോടിയിലധികമാണ് (142,95,78,647) . കൃത്യമായി പറഞ്ഞാല്‍ 1,73,52,947 ആധാര്‍ രജിസ്‌ട്രേഷനുകള്‍ കൂടുതലായുണ്ട്. കേരളത്തിന് പുറമെ, ആന്ധ്രാപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍, തമിഴ്നാട്, തെലങ്കാന, ത്രിപുര, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും ഈ അന്തരം നിലനില്‍ക്കുണ്ട്.
അതേസമയം, ആധാര്‍ ഡാറ്റാബേസിന്റെ കൃത്യത നിലനിര്‍ത്തുന്നതിനും മരണമടഞ്ഞവരുടെ ആധാര്‍ നമ്പറുകള്‍ നിര്‍ജ്ജീവമാക്കുന്ന നടപടി കാര്യക്ഷമായി പുരോഗമിക്കുന്നുണ്ടെന്ന് യുഐഡിഎഐ നല്‍കുന്ന വിശദീകരണം.
സിവില്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം (സിആര്‍എസ്) വഴി 24 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമായി ഏകദേശം 1.55 കോടി മരണ രേഖകള്‍ ലഭിച്ചിട്ടുണ്ട്. ഇതനുസരിച്ച രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യയുമായി (ആര്‍ജിഐ) സഹകരിച്ച് 1.17 കോടിയിലധികം ആധാര്‍ നമ്പറുകള്‍ വിജയകരമായി നിര്‍ജ്ജീവമാക്കി. സിആര്‍എസ് ഇതര സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സമാനമായ ഒരു പ്രക്രിയ നടക്കുന്നുണ്ടെന്നും യുഐഡിഎഐ പറയുന്നു.
ആധാറിന്റെ വെബ്‌സൈറ്റ് മുഖേനെയും മരിച്ച വ്യക്തികളുടെ വിവരങ്ങള്‍ അറിയിക്കാന്‍ സൗകര്യമുണ്ട്. 2025 ജൂണ്‍ 9 മുതല്‍ ഈ സൗകര്യം നിലവിലുണ്ട്. ഇതിലൂടെ മരിച്ചയാളുടെ ആധാറും മരണ രജിസ്‌ട്രേഷന്‍ നമ്പറും ഉപയോഗിച്ച് മരണം റിപ്പോര്‍ട്ട് ചെയ്യാന്‍ കുടുംബാംഗങ്ങള്‍ക്ക് സാധിക്കും. ഔദ്യോഗിക മരണ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഈ നടപടി പൂര്‍ത്തിയാക്കാനാകും. ബാങ്കുകളില്‍ നിന്ന് മരണ രേഖകള്‍ ശേഖരിക്കുന്നതിനെക്കുറിച്ചും, നൂറ് വയസ് പിന്നിട്ടവരെ കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിച്ചുമുള്ള പ്രവര്‍ത്തനങ്ങളും തുടരുന്നുണ്ടെന്നാണ് യുഐഡിഎഐ പറയുന്നത്.


by Midhun HP News | Nov 3, 2025 | Latest News, കേരളം
സംസ്ഥാനത്ത് ഇടവേളക്ക് ശേഷം സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഇന്ന് ഗ്രാമിന് 15 രൂപ വര്‍ധിച്ച് 11,290 രൂപയും പവന് 120 രൂപ വര്‍ധിച്ച് 90,320 രൂപയുമായി. ശനിയാഴ്ച ഗ്രാമിന് 25 രൂപ കുറഞ്ഞ് 11,275 രൂപയും പവന് 200 രൂപയും കുറഞ്ഞ് 90,200 രൂപയുമായിരുന്നു വില. ഇന്നലെയും ഇതേ വില തന്നെയായിരുന്നു.
യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 4,021.80 ഡോളറിലെത്തി. ആഗോളവിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 4,012.02 ഡോളറാണ് വില. ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് സംബന്ധിച്ച പ്രഖ്യാപനം തന്നെയാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്ന പ്രധാനഘടകം.


by Midhun HP News | Nov 3, 2025 | Latest News, കേരളം
പത്തനംതിട്ട: ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനം ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കേ, തീര്‍ഥാടകരുടെ ആരോഗ്യസംരക്ഷണം മുന്നില്‍ കണ്ട് നിലയ്ക്കലില്‍ അത്യാധുനിക സംവിധാനങ്ങളുള്ള സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ യാഥാര്‍ഥ്യത്തിലേക്ക്. നാട്ടുകാര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും സേവനം ലഭ്യമാകുന്ന രീതിയിലാണ് സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ വിഭാവനം ചെയ്തിരിക്കുന്നത്.നിലയ്ക്കലില്‍ ദേവസ്വം ബോര്‍ഡ് അനുവദിച്ച ഭൂമിയില്‍ 6.12 കോടി രൂപയോളം ചെലവഴിച്ചാണ് സ്പെഷ്യാലിറ്റി ആശുപത്രി സജ്ജമാക്കുന്നത്. ആശുപത്രിയുടെ നിര്‍മാണ ഉദ്ഘാടനം ചൊവ്വാഴ്ച 12 മണിക്ക് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ശബരിമലയില്‍ എത്തുന്ന തീര്‍ഥാടകരുടെ ആരോഗ്യ സംരക്ഷണം മുന്നില്‍ കണ്ടാണ് നിലയ്ക്കലില്‍ ശബരിമല ബേസ് ക്യാമ്പ് ആശുപത്രി കെട്ടിടം ഒരുങ്ങുന്നത്.
10700 ചതുരശ്ര വിസ്തീര്‍ണത്തില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്‌ലോറില്‍ റിസപ്ഷന്‍, പൊലീസ് ഹെല്‍പ്പ് ഡെസ്‌ക്, 3 ഒപി മുറികള്‍, അത്യാഹിത വിഭാഗം, നഴ്സസ് സ്റ്റേഷന്‍, ഇസിജി റൂം, ഐസിയു, ഫാര്‍മസി, സ്റ്റോര്‍ ഡ്രസിങ് റൂം, പ്ലാസ്റ്റര്‍ റൂം, ലാബ്, സാമ്പിള്‍ കളക്ഷന്‍ ഏരിയ, ഇ-ഹെല്‍ത്ത് റൂം, ഇലക്ട്രിക്കല്‍ പാനല്‍ റൂം, ലിഫ്റ്റ് റൂം, ടോയ്ലറ്റ് എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഒന്നാം നിലയില്‍ എക്സ്-റേ റൂം, ഓഫീസ് റൂം, ഡോക്ടേഴ്സ് റൂം, മൈനര്‍ ഓപ്പറേഷന്‍ തിയേറ്റര്‍, സ്‌ക്രബ്ബ്, ഓട്ടോക്ലവ്, ഡ്രസ്സിംഗ് റൂം, സ്റ്റോര്‍ റൂം എന്നിവയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.


by Midhun HP News | Nov 3, 2025 | Latest News, കേരളം
കണ്ണൂര്‍: മൂന്നു മാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വീണു മരിച്ചു. കണ്ണൂര്‍ കുറുമാത്തൂര്‍ പൊക്കുണ്ട് സലഫി മസ്ജിദില്‍ ജാബിറിന്റെ മകന്‍ അലന്‍ ആണ് മരിച്ചത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് സംശയമുള്ളതായി പൊലീസ് സൂചിപ്പിച്ചു.
കുഞ്ഞ് എങ്ങനെ കിണറ്റില്‍ വീണു എന്നതില്‍ വ്യക്തതയില്ല. സമീപവാസിയായ ഒരാളാണ് കിണറ്റില്‍ കുഞ്ഞിന്റെ കാല്‍ വെള്ളത്തില്‍ പൊങ്ങി നില്‍ക്കുന്നത് കണ്ടത്. ഉടന്‍തന്നെ കുഞ്ഞിനെ പുറത്തെടുത്ത് തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിച്ചു. അപ്പോള്‍ തന്നെ കുഞ്ഞിന്റെ നില അതീവ ഗുരുതരമായിരുന്നുവെന്നാണ് സൂചന. പെട്ടെന്നു തന്നെ കുട്ടിയെ പരിയാരം മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടി അബദ്ധത്തില്‍ കയ്യില്‍ നിന്നും കിണറ്റില്‍ വീണുവെന്നാണ് അമ്മ പൊലീസിനോട് പറഞ്ഞത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് സൂചിപ്പിച്ചു.


by Midhun HP News | Nov 3, 2025 | Latest News, കേരളം
തൃശൂര്‍: കാർഷിക സർവകലാശാലയിലെ ഫീസ് കുറച്ചു. ഫീസ് വർധനവിനെതിരെ ഉയർന്ന ശക്തമായ പ്രതിഷേധങ്ങളെത്തുടർന്നാണ് സർവകലാശാല എക്സിക്യൂട്ടീവ് യോഗം ഫീസ് പുതുക്കി നിശ്ചയിച്ചത്. പുതുക്കിയ തീരുമാനം പ്രകാരം ബിരുദ, ബിരുദാനന്തര ബിരുദ, പിഎച്ച്‌ഡി കോഴ്സുകളിലുടനീളം ഫീസ് കാര്യമായ തോതില്‍ കുറയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ഡിഗ്രി കോഴ്സിന് ഓരോ സെമസ്റ്ററിനും 24,000 രൂപയായിരിക്കും പുതുക്കിയ ഫീസ്. നേരത്തെ ഇത് 48,000 രൂപയാക്കി വർധിപ്പിച്ചിരുന്നതാണ്. ബിരുദാനന്തര ബിരുദ (പിജി) കോഴ്സുകളുടെ സെമസ്റ്റർ ഫീസ് 29,000 രൂപയായി നിശ്ചയിച്ചു. മുമ്പ് ഇത് 49,500 രൂപയാക്കിയിരുന്നതാണ്. പിഎച്ച്‌ഡി കോഴ്സുകള്‍ക്ക് 30,000 രൂപയായിരിക്കും പുതുക്കിയ സെമസ്റ്റർ ഫീസ്. നേരത്തെ 49,900 രൂപയായിരുന്നു.മുമ്പ് ബിരുദത്തിന് 16,265 രൂപ, പിജിക്ക് 23,655 രൂപ, പിഎച്ച്‌ഡിക്ക് 25,875 രൂപ എന്നിങ്ങനെയായിരുന്നു സെമസ്റ്റർ ഫീസ്. ഈ ഫീസ് പെട്ടെന്നു വർധിപ്പിക്കുകയായിരുന്നു. ബിരുദ കോഴ്സുകളുടെ വർധനയില്‍ 50 ശതമാനവും പിജി കോഴ്സുകളുടെ വർധനയില്‍ 40 ശതമാനവും കുറയ്ക്കാനാണ് എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചത്.


Recent Comments