by Midhun HP News | Nov 3, 2025 | Latest News, കേരളം
തൃശൂർ: 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് മൂന്നു മണിയ്ക്ക് തൃശൂരിലാണ് പുരസ്കാരങ്ങൾ പ്രഖ്യാപിക്കുക. ജൂറി ചെയർമാൻ പ്രകാശ് രാജിന്റെ നേതൃത്വത്തിലുള്ള അവാർഡ് നിർണയ സമിതിയാണ് പുരസ്കാരങ്ങൾ നിർണയിക്കുന്നത്.
മികച്ച നടനുള്ള പുരസ്കാരത്തിന് അവസാന റൗണ്ടിൽ മമ്മൂട്ടിയും ആസിഫ് അലിയും ആണെന്നാണ് വിവരം. ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റി ആയുള്ള പ്രകടനത്തിന് മമ്മൂട്ടി ഒരിക്കല്‍കൂടി സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കുമോയെന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്.
കിഷ്‌കിന്ധാകാണ്ഡം, ലെവല്‍ ക്രോസ്സ് എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനവുമായി ആസിഫ് അലിയും മികച്ച നടനുള്ള അവാർഡിനായി മത്സരരംഗത്തുണ്ട്. പ്രാഥമിക ജൂറി കണ്ട് വിലയിരുത്തിയ ശേഷം തെരഞ്ഞെടുത്ത 38 ചിത്രങ്ങളാണ് പുരസ്കാരങ്ങൾക്കായി ജൂറിയുടെ പരിഗണനയിലുള്ളത്.
നവാഗത സംവിധായകനുള്ള പുരസ്‌കാരത്തിനായി മോഹന്‍ലാലും മത്സരിക്കുന്നുണ്ട്. കനി കുസൃതി, ദിവ്യപ്രഭ, ഷംല ഹംസ എന്നിവരാണ് മികച്ച നടിക്ക് വേണ്ടി മത്സരിക്കുന്നത്. അനശ്വര രാജന്‍, ജ്യോതിര്‍മയി, സുരഭി ലക്ഷ്മി തുടങ്ങിയവരും സാധ്യതാ പട്ടികയിലുണ്ട്.
by Midhun HP News | Nov 2, 2025 | Latest News, കേരളം
ആലപ്പുഴ: ശബരിമല തീര്‍ഥാടന കാലത്ത് ഇക്കുറി 415 സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തും. തീര്‍ഥാടകര്‍ക്കായി റെയില്‍വേ ഒരുക്കുന്ന സൗകര്യങ്ങള്‍ വിലയിരുത്താന്‍ കൊടിക്കുന്നില്‍ സുരേഷ് എംപി ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം.
ദക്ഷിണ റെയില്‍വേ തിരുവനന്തപുരം ഡിവിഷന്‍ മാനേജര്‍ ദിവ്യകാന്ത് ചന്ദ്രകാര്‍ യോഗത്തില്‍ പങ്കെടുത്തു. ഇത്തവണ സ്‌പെഷല്‍ ട്രെയിനുകള്‍ കോട്ടയം വഴിയും പുനലൂര്‍ വഴിയും ഉണ്ടാകുമെന്ന് എംപി അറിയിച്ചു. ട്രെയിനുകള്‍ പ്രധാനമായും ചെന്നൈ, ബംഗളൂരു, മംഗലൂരു, തിരുപ്പതി, വിശാഖപട്ടണം, സെക്കന്ദരാബാദ്, നാന്ദേഡ്, ലോകമാന്യതിലക്, ഹുബ്ബള്ളി, താംബരം എന്നിവിടങ്ങളില്‍ നിന്നായിരിക്കും സര്‍വീസ് ആരംഭിക്കുക.


by Midhun HP News | Nov 2, 2025 | Latest News, കേരളം
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളി മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി വിറ്റത് 15 ലക്ഷം രൂപയ്‌ക്കെന്ന് റിപ്പോര്‍ട്ടുകള്‍. ശബരിമലയുടെ പേരില്‍ പലപ്പോഴായി 70 ലക്ഷം രൂപയോളം ഉണ്ണികൃഷ്ണൻ പോറ്റി വാങ്ങിയതായി ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധന്‍ പ്രത്യേക അന്വേഷണ സംഘത്തോട് വ്യക്തമാക്കി. എസ്‌ഐടിക്ക് മുന്നില്‍ ഹാജരായ ഗോവര്‍ധന്‍ തെളിവുകള്‍ കൈമാറിയതായാണ് സൂചന.
ശബരിമലയില്‍ വിജയ് മല്യ പൊതിഞ്ഞ സ്വര്‍ണപ്പാളി ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ കൊണ്ടുപോയി പൊളിച്ച്, അതിലെ സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റി എടുത്തു മറിച്ചു വിറ്റിരുന്നതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണമാണ് ബെല്ലാരിയിലെ ജ്വല്ലറി ഉടമയിലേക്ക് നീണ്ടത്. 2019 ന്റെ അവസാന നാളുകളിലാണ് സ്വര്‍ണ വില്‍പ്പന നടന്നതെന്നാണ് സൂചന.
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ഈ മാസം അഞ്ചിന് രണ്ടാം ഘട്ട അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിന്റെ മുന്നോടിയായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. പണിക്കൂലി ഇനത്തില്‍ ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് കൈപ്പറ്റിയ സ്വര്‍ണവും ഗോവര്‍ധന് വിറ്റ സ്വര്‍ണവും എസ്‌ഐടി കണ്ടെടുത്തതായാണ് റിപ്പോര്‍ട്ട്. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് മൂന്നു പേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്.
മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി, ദേവസ്വം മുന്‍ അഡ്മിനിസ്ട്രേഷന്‍ ഓഫീസര്‍ മുരാരി ബാബു, ദേവസ്വം മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. വഴിപാടുകളുടെയും സ്‌പോണ്‍സര്‍ഷിപ്പിന്റെയും പേരില്‍ ഭക്തരായ നിരവധി ധനികരില്‍ നിന്നും ഉണ്ണികൃഷ്ണന്‍ പോറ്റി പണം വാങ്ങിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ബംഗലൂരിവിലും ചെന്നൈയിലും അടക്കം എസ്‌ഐടി അന്വേഷണം തുടരുകയാണ്.


by Midhun HP News | Nov 2, 2025 | Latest News, കേരളം
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടൻമാരാണ് മധുവും മമ്മൂട്ടിയും. ഇപ്പോഴിതാ മമ്മൂട്ടി ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുന്ന ഒരു ചിത്രമാണ് പ്രേക്ഷകരുടെ മനം കവരുന്നത്. മധുവിനെ വീട്ടിലെത്തി സന്ദർശിച്ചിരിക്കുകയാണ് മമ്മൂട്ടി. കഴിഞ്ഞ മാസമായിരുന്നു മധുവിന്റെ 92-ാം പിറന്നാൾ. അന്നും മമ്മൂട്ടി അദ്ദേഹത്തിന് ആശംസകൾ നേർന്നിരുന്നു. മധുവിനെ കാണാൻ നേരിട്ട് വീട്ടിലെത്തുമെന്നും മമ്മൂട്ടി അറിയിച്ചിരുന്നു.
ശനിയാഴ്ച ഉച്ചയ്ക്ക് 2.45 നാണ് മമ്മൂട്ടി മധുവിന്റെ വീട്ടിലെത്തിയത്. നാളുകൾക്ക് ശേഷം പരസ്പരം കണ്ടപ്പോൾ ഇരുവർക്കും വലിയ സന്തോഷമായി. ആദ്യം കണ്ടത് ഓർമയുണ്ടോയെന്ന് മമ്മൂട്ടി തിരക്കി. വൈക്കത്ത് ഷൂട്ടിങ്ങിന് എത്തിയപ്പോഴായിരുന്നു. ആ കഥ മമ്മൂട്ടി പറഞ്ഞു. “ഞാൻ അന്ന് കോളജിൽ പഠിക്കുകയാണ്.
വാപ്പ അറിയാതെ ഒരു കൂട്ടുകാരനെയും വിളിച്ച് വള്ളം തുഴഞ്ഞാണ് സാറിന്റെ അടുത്ത് വന്നത്. ഒരു നിമിത്തം പോലെ സാറ് ഞങ്ങളുടെ കൂടെ വള്ളത്തിലേക്കു കയറി. എന്റെ വലിയ ഹീറോ ആയിരുന്നു മധു സാർ. സാറ് ഞാൻ തുഴയുന്ന വള്ളത്തിലേക്കു കയറിയപ്പോൾ പറഞ്ഞറയിക്കാൻ കഴിയാത്ത സന്തോഷമായിരുന്നു. പിന്നെ ആഞ്ഞു തുഴഞ്ഞു.
കായലിൽ കുറെനേരം കറങ്ങിയടിച്ചാണു വന്നത്. എനിക്കത് വലിയ ഭാഗ്യമായി. ഓർക്കുന്നുണ്ടോ?’ മമ്മൂട്ടി തിരക്കി. “വള്ളത്തിലും ബോട്ടിലുമൊക്കെ കയറുന്നത് വലിയ ഇഷ്ടവും ഉത്സാഹവും ആയിരുന്നു. അതല്ലേ രണ്ടു പയ്യന്മാരു വന്നു വിളിച്ചപ്പോൾ മുന്നും പിന്നും നോക്കാതെ കയറിയത്..’ മധുവിന്റെ മറുപടി ചുറ്റുമുള്ളവരിൽ എല്ലാം ചിരി പടർത്തി.
‘അന്ന് ഞങ്ങളുടെ പഠനകാര്യങ്ങളൊക്കെ സാറ് തിരക്കിയിരുന്നു. നന്നായി പഠിക്കണമെന്നും പറഞ്ഞു. ’‘അമരം’ അടുത്തയിടെ വീണ്ടും കണ്ടതായി മധു പറഞ്ഞു. ‘നടുക്കടലിലേക്കു തുഴഞ്ഞു പോകുന്ന സീനൊക്കെ ആവർത്തിച്ചു കണ്ടു. തുഴച്ചിൽ അന്നേ പഠിച്ചതു നന്നായി. ’ഒത്തിരി കഥകളും ഓർമകളും ഇരുവരും പങ്കുവച്ചു. മൂന്നരയോടെ ഇറങ്ങാൻ നേരത്ത് ഇരുവരും വീണ്ടും ആശ്ലേഷിച്ചു. ‘ഇനിയും വരണം..!’‘എന്താ സംശയം? എന്റെ ഹീറോയെ കാണാൻ ഇനിയുമെത്തും.’ അതേസമയം കളങ്കാവൽ മമ്മൂട്ടിയുടേതായി ഇനി പുറത്തുവരാനുള്ള ചിത്രം. വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ ചിത്രത്തിനായി കാത്തിരിക്കുന്നതും. നവംബർ 27 ന് ചിത്രം തിയറ്ററുകളിലെത്തും.


by Midhun HP News | Nov 2, 2025 | Latest News, കേരളം
കോഴിക്കോട്: തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്ന കൊടുവള്ളി നഗരസഭ സെക്രട്ടറിയെ സ്ഥലംമാറ്റി. തുടര്‍നടപടി സ്വീകരിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.
കൂട്ടത്തോടെ വോട്ട് തള്ളിയതോടെ കൊടുവള്ളി നഗരസഭാ സെക്രട്ടറിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതു മുതല്‍ നഗരസഭാ സെക്രട്ടറി അവധിയിലാണ്. കഴിഞ്ഞ ദിവസം വോട്ടര്‍പട്ടികയില്‍ നിന്നു പുറത്തായവര്‍ കൂട്ടത്തോടെ കോഴിക്കോട് കലക്ടറേറ്റിന് മുന്നില്‍ പ്രതിഷേധിക്കുകയും കലക്ടര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. മൂന്നു ദിവസത്തിനുള്ളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടര്‍ ഉത്തരവിട്ടിരുന്നു.
21 ഡിവിഷനുകളിലെ വോട്ടര്‍മാരെയാണ് അന്തിമ പട്ടികയില്‍ നിന്നും വെട്ടിമാറ്റിയത്. ഈ ഡിവിഷനുകളില്‍ നിന്നെല്ലാം യുഡിഎഫിന് അനുകൂലമാകുന്ന വോട്ടുകള്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് തള്ളുകയാണു ചെയ്തതെന്ന് യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു.


by Midhun HP News | Nov 1, 2025 | Latest News, കേരളം
കോഴിക്കോട്: കോഴിക്കോട് കക്കോടിയില്‍ മതില്‍ ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഒഡീഷ സ്വദേശി ഉദയ് മാഞ്ചിയാണ് മരിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ശശീന്ദ്ര സര്‍വീസ് സഹകരണ ബാങ്കിന് തൊട്ടടുത്തെ മതിലാണ് ഇടിഞ്ഞത്. വീടിന്റെ പണിക്കിടയിലാണ് മതിലിടിഞ്ഞ് ദേഹത്തെക്ക് മറിഞ്ഞത്. ഒരു മലയാളിയും രണ്ട് അതിഥി തൊഴിലാളിയുമാണ് ജോലിക്കുണ്ടായിരുന്നത്. ഒഡീഷ തൊഴിലാളിയുടെ തലയിലേക്കാണ് മതില്‍ വീഞ്ഞത്.
അപകടത്തിന് പിന്നാലെ കൂടെയുണ്ടായിരുന്നവര്‍ മതിലിന്റെ ഭാഗങ്ങള്‍ മാറ്റി തൊഴിലാളിയെ പുറത്തെത്തിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അരമണിക്കൂറിനുശേഷം ഫയര്‍ഫോഴ്‌സ് എത്തിയാണ് ഉദയ്യെ പുറത്തെടുത്തത്. ഹൈഡ്രോളിക് ജാക്കിവച്ചാണ് മതില്‍ ഉയര്‍ത്തിയത്. കൂടെയുണ്ടായിരുന്ന ഒരാള്‍ക്ക് നിസാര പരിക്കേറ്റു.


Recent Comments