സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകൽ സമരം അവസാനിപ്പിച്ച് ആശാവർക്കേഴ്സ്

സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകൽ സമരം അവസാനിപ്പിച്ച് ആശാവർക്കേഴ്സ്

സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകൽ സമരം അവസാനിപ്പിച്ച് ആശാവർക്കേഴ്സ്. 266 ദിവസം നീണ്ട സമരമാണ് മഹാപ്രതിജ്ഞാ റാലിയോടെ അവസാനിപ്പിച്ചത്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ആശാവർക്കേഴ്സിന്റെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് പ്രതിജ്ഞാറാലി ഉദ്ഘാടനം ചെയ്ത പ്രതിപക്ഷനേതാവ് വിഡി സതീശൻ പറഞ്ഞു.

സമരം അവസാനിപ്പിക്കുകയല്ലെന്നും സർക്കാരിൻ്റെ പ്രകടന പത്രികയിലെ വാഗ്ദാനം പാലിക്കുന്നതുവരെ പുതിയ ഊർജ്ജവുമായി മടങ്ങിവരുമെന്നും സമരസമിതി നേതാവ് എസ് മിനി പറഞ്ഞു. എംഎൽഎമാരായ രമേശ് ചെന്നിത്തല, കെ കെ രമ, രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

ശമാരുടെ ഓണറേറിയം 1000 രൂപ പ്രഖ്യാപിച്ചതിന് പിന്നാലെ സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകൽ സമരം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ഓണറേറിയം 21000 രുപയായി വർദ്ധിപ്പിക്കുകയും വിരമിക്കൽ ആനുകൂല്യം 5 ലക്ഷം രൂപ അനുവദിക്കുകയും ചെയ്യുന്നത് വരെ പ്രാദേശിക തലങ്ങളിൽ സമരം തുടരാനാണ് തീരുമാനം. സമരം ഒരു വർഷം തികയുന്ന 2026 ഫെബ്രുവരി 10 ന് തിരുവനന്തപുരത്ത് മഹാ പ്രതിഷേധ സംഗമം സംഘടിപ്പിക്കും.

ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതല്‍

ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതല്‍

പത്തനംതിട്ട: ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ഭക്തര്‍ക്കായുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്ന് വൈകീട്ട് അഞ്ചുമണി മുതല്‍ ആരംഭിക്കും. sabarimalaonline.org എന്ന വെബ്‌സൈറ്റ് വഴിയാണ് ദര്‍ശനത്തിനായുള്ള സ്ലോട്ട് ബുക്ക് ചെയ്യേണ്ടത്.

ഒരു ദിവസം 70,000 ഭക്തര്‍ക്കാണ് വെര്‍ച്വല്‍ ക്യൂ വെബ്‌സൈറ്റ് വഴി സ്ലോട്ട് ബുക്ക് ചെയ്യാന്‍ സാധിക്കുക. വണ്ടിപ്പെരിയാര്‍ സത്രം, എരുമേലി, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ റിയല്‍ ടൈം ബുക്കിങ് കേന്ദ്രങ്ങളും ഉണ്ടാകും. ഒരു ദിവസം പരമാവധി 20,000 ഭക്തരെയാണ് റിയല്‍ ടൈം ബുക്കിങ് വഴി ദര്‍ശനത്തിന് അനുവദിക്കുക.

തീര്‍ഥാടകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ കഴിഞ്ഞ വര്‍ഷം 4 ജില്ലകളില്‍ നടക്കുന്ന അപകട മരണങ്ങള്‍ക്ക് മാത്രമായിരുന്നു. ഈ തീര്‍ഥാടനകാലം മുതല്‍ ശബരിമല യാത്ര മധ്യേ കേരളത്തില്‍ എവിടെ വച്ച് അപകടമുണ്ടായാലും 5 ലക്ഷം രൂപ പരിരക്ഷ ലഭിക്കുന്ന തരത്തില്‍ വ്യാപിപ്പിച്ചിട്ടുണ്ട്. മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിന് കേരളത്തിനകത്ത് 30,000 രൂപ വരെയും കേരളത്തിന് പുറത്തേക്ക് 1 ലക്ഷം വരെയും ആംബുലന്‍സ് ചെലവ് നല്‍കുന്നുമുണ്ട്. ഇന്‍ഷുറന്‍സ് പരിരക്ഷ ശബരിമല ഡ്യൂട്ടി നോക്കുന്ന ദേവസ്വം ബോര്‍ഡ് സ്ഥിരം, ദിവസവേതന ജീവനക്കാര്‍ക്കും മറ്റു സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാര്‍ക്കും കൂടി ലഭിക്കും.

നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ തീര്‍ഥാടന പാതയില്‍ വച്ച് ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ അസുഖങ്ങള്‍ മൂലമുള്ള സ്വാഭാവിക മരണത്തിന് നഷ്ടപരിഹാരം ഇതുവരെ ഉണ്ടായിരുന്നില്ല. ഈ വര്‍ഷം മുതല്‍ സ്വഭാവിക മരണം സംഭവിക്കുന്നവര്‍ക്ക് കൂടി 3 ലക്ഷം രൂപ ധനസഹായം ലഭ്യമാകുന്ന പില്‍ഗ്രിം വെല്‍ഫെയര്‍ നിധി കൂടി ആരംഭിക്കുകയാണ്. ഇന്‍ഷുറന്‍സ് ലഭിക്കുന്നതിന് അടിസ്ഥാന രേഖയായി പരിഗണിക്കുന്നത് ഓണ്‍ലൈന്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഐഡി ആയതിനാല്‍ പരമാവധി ഭക്തര്‍ ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം പ്രയോജനപ്പെടുത്തണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.

കേരളപ്പിറവി ദിനത്തില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

കേരളപ്പിറവി ദിനത്തില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

കൊച്ചി: ഇന്നലെ രണ്ടു തവണകളിലായി 1320 രൂപ വര്‍ധിച്ച് വീണ്ടും 90,000 കടന്ന സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന് 200 രൂപയാണ് കുറഞ്ഞത്. 90,200 രൂപയാണ് പുതിയ സ്വര്‍ണവില. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് കുറഞ്ഞത്. 11,275 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഒരിടവേളയ്ക്ക് ശേഷം ഒക്ടോബര്‍ 28നാണ് സ്വര്‍ണവില ആദ്യമായി 90,000ല്‍ താഴെയെത്തിയത്. എന്നാല്‍ ഇന്നലെ ആയിരത്തിലധികം രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില വീണ്ടും 90,000 കടക്കുകയായിരുന്നു. കഴിഞ്ഞ പത്തുദിവസത്തിനിടെ പവന്‍ വിലയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. 9000 രൂപ കുറഞ്ഞ ശേഷം ഒക്ടോബര്‍ 30 മുതലാണ് വില കൂടാന്‍ തുടങ്ങിയത്.ഈ മാസം സ്വര്‍ണവിലയില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഒക്ടോബര്‍ മൂന്നിനായിരുന്നു. അന്ന് 86,560 രൂപയായിരുന്നു വില. 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. അമേരിക്കയില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം അടക്കമുള്ള വിഷയങ്ങളാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നതാണ് വില വര്‍ധനയ്ക്ക് കാരണം.

നാളെ നടക്കാനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റി

നാളെ നടക്കാനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റി

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റി. നാളെ നടക്കാനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം തിങ്കളാഴ്ചത്തേക്ക് മാറ്റി. നവംബർ ഒന്നിൽ നിന്ന് നവംബർ മൂന്നിലേക്കാണ് മാറ്റിയത്. നവംബർ മൂന്നിന് മൂന്നുമണിക്ക് തൃശൂരിൽ വച്ചാകും അവാർഡ് പ്രഖ്യാപനം. ജൂറി ചെയർമാന്റെ അസൗകര്യം പരിഗണിച്ചാണ് മാറ്റം.മമ്മൂട്ടി മികച്ച നടനാവാനാണ് സാധ്യത. ഭ്രമയുഗത്തിലെ പ്രകടനത്തിന് മമ്മൂട്ടിയെ പരിഗണിക്കാനാണ് സാധ്യത. അന്തിമ പട്ടികയിൽ ടൊവിനോ തോമസും ഇടം നേടിയതായി സൂചനയുണ്ട്. അജയൻ്റെ രണ്ടാം മോഷണത്തിലെ പ്രകടനത്തിനാണ് ടൊവിനോയെ പരിഗണിക്കുന്നത്.

നടിമാരിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. മികച്ച നടിമാരുടെ പട്ടികയിൽ കനി കുസൃതിയും ദിവ്യ പ്രഭയും അനശ്വര രാജനും നസ്രിയ നസീമുമാണ് ഫൈനൽ റൗണ്ടിൽ മത്സരിക്കുന്നത്. മമ്മൂട്ടി അവതരിപ്പിച്ച ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റി അദ്ദേഹത്തിന് വീണ്ടുമൊരു സംസ്ഥാന പുരസ്കാരം നേടിക്കൊടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. 128 ചിത്രങ്ങള്‍ മത്സരത്തിനെത്തിയെങ്കിലും 38 സിനിമകൾ മാത്രമാണ് അവസാന റൗണ്ടിൽ എത്തിയത്. പ്രകാശ് രാജ് അധ്യക്ഷനായ ജൂറിയാണ് ഫലപ്രഖ്യാപനം നടത്തുക.
കാന്‍ ചലച്ചിത്രമേളയില്‍ ഇന്ത്യയുടെ അഭിമാനമായ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്ന ചിത്രത്തിലെ പ്രഭയുടെ വേഷമിട്ട കനി കുസൃതി, അനുവിനെ അവതരിപ്പിച്ച ദിവ്യപ്രഭ, രേഖാചിത്രത്തിലെ രേഖാ പത്രോസായ അനശ്വര രാജന്‍, സൂക്ഷമദര്‍ശിനിയിലെ പ്രിയദര്‍ശിനിയെ അവതരിപ്പിച്ച നസ്രിയ നസീം എന്നിവരും അന്തിമ റൗണ്ടിലുണ്ട്.

200 കോടി ക്ലബ്ബില്‍ കയറി മുന്നേറിയ മഞ്ഞുമ്മല്‍ ബോയ്സ്, ഫഹദിന്റെ ആവേശം, ജോജു ജോർജിന്റെ പണി, മലൈക്കോട്ടൈ വാലിബൻ, കാന്‍ ചലച്ചിത്രമേളയില്‍ മികവുകാട്ടിയ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്, പ്രേമലു, മാര്‍ക്കോ, ഐഎഫ്എഫ്കെയില്‍ രണ്ടുപുരസ്കാരങ്ങള്‍ നേടിയ ഫെമിനിച്ചി ഫാത്തിമ, ശിവരഞ്ജിനിയുടെ വിക്ടോറിയ, ത്രിമാന ചിത്രങ്ങളായ എആര്‍എം, ബറോസ് തുടങ്ങിയ ചിത്രങ്ങളാണ് ജൂറിക്ക് മുന്നിലുള്ളത്.
നവാഗത സംവിധായകരുടെ കൂട്ടത്തില്‍ പ്രേക്ഷകര്‍ക്ക് വളരെ പരിചയമുള്ള രണ്ടുപേരുടെ ചിത്രവും ഇത്തവണ ജൂറിയുടെ മുന്നില്‍ എത്തുന്നു. ഒന്ന്– ബറോസ് ഗാഡിയന്‍ ഓഫ് ട്രഷേഴ്സ് എന്ന ത്രിഡി ചിത്രം. സംവിധായകന്‍ മോഹന്‍ലാല്‍. രണ്ട്- പണി. സംവിധായകൻ മികച്ച നടനുള്ള പുരസ്കാരം ഉള്‍പ്പടെ നേടിയ ജോജു ജോര്‍ജ്.

പൊലീസ് മര്‍ദനത്തില്‍ ഷാഫി പറമ്പില്‍ എംപി കോടതിലേക്ക്

പൊലീസ് മര്‍ദനത്തില്‍ ഷാഫി പറമ്പില്‍ എംപി കോടതിലേക്ക്

കോഴിക്കോട്: പേരാമ്പ്ര സംഘര്‍ഷവുമായി ബന്ധപ്പെട്ട് വടകര എംപി ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കാൻ കോണ്‍ഗ്രസ്. എംപി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടും നടപടിയില്ലെന്നാരോപിച്ചാണ് നീക്കം. വിഷയത്തില്‍ ഷാഫി പറമ്പില്‍ എംപി സ്വകാര്യ അന്യായം ഫയല്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പേരാമ്പ്ര സംഘര്‍ഷത്തില്‍ തന്നെ മര്‍ദിച്ചത് വടകര കണ്‍ട്രോള്‍ റൂം സിഐ അഭിലാഷ് ഡേവിഡ് ആണെന്നുള്‍പ്പെടെ വെളിപ്പെടുത്തല്‍ നടത്തിയിട്ടും നടപടി ഇല്ലാത്ത സാഹചര്യത്തിലാണ് നടപടി. സര്‍വീസില്‍നിന്ന് പുറത്താക്കിയ ശേഷം രഹസ്യമായി തിരിച്ചെടുത്ത ഉദ്യോഗസ്ഥനാണ് തന്നെ ആക്രമിച്ചത് എന്നായിരുന്നു ഷാഫി പറമ്പിലിന്റെ ആരോപണം.

വിഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കാണിച്ചു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആയിരുന്നു ഷാഫിയുടെ പ്രതികരണം. വിഷയത്തില്‍ ഡിജിപിക്ക് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി തെളിവുകളോടെ പരാതി നല്‍കിയിട്ടും ഇതുവരെ ഒരു മറുപടിയും ലഭിച്ചിട്ടില്ലെന്നും പാര്‍ട്ടി വൃത്തങ്ങള്‍ ആരോപിച്ചിരുന്നു.അതിനിടെ, പേരാമ്പ്ര സംഘര്‍ഷവുമായി ബന്ധപ്പെട്ട് തനിക്കെതിരെ വ്യാജവ്യാര്‍ത്തകള്‍ നല്‍കിയവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് വടകര കണ്‍ട്രോള്‍ റൂം സിഐ അഭിലാഷ് ഡേവിഡ് അറിയിച്ചിരുന്നു. ആരോണം ഉന്നയിച്ച എംപിക്ക് എതിരെ നിയമ നടപടി സ്വീകരിക്കില്ല. അഭിലാഷ് ആണ് തന്നെ മര്‍ദ്ദിച്ചതെന്ന ഷാഫിയുടെ ആരോപണം ഉപയോഗിച്ച് തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. ഈ വാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെയാണ് നടപടി സ്വീകരിക്കുകയെന്നാണ് അഭിലാഷിന്റെ നിലപാട്.

കേരളപ്പിറവി ദിനത്തില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 880 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 880 രൂപയാണ് കൂടിയത്. 89,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് 110 രൂപയാണ് കൂടിയത്. 11,245 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഒരിടവേളയ്ക്ക് ശേഷം 28നാണ് സ്വര്‍ണവില ആദ്യമായി 90,000ല്‍ താഴെയെത്തിയത്. പിന്നീട് കൂടിയും കുറഞ്ഞും നിന്ന വില വീണ്ടും 90,000 ത്തിനരികെ എത്തിയിരിക്കുകയാണ്.കഴിഞ്ഞ പത്തുദിവസത്തിനിടെ പവന്‍ വിലയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. ഈ മാസം സ്വര്‍ണവിലയില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഒക്ടോബര്‍ മൂന്നിനായിരുന്നു. അന്ന് 86,560 രൂപയായിരുന്നു വില.17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്.

അമേരിക്കയില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം അടക്കമുള്ള വിഷയങ്ങളാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നതാണ് വില വര്‍ധനയ്ക്ക് കാരണം.