by Midhun HP News | Oct 17, 2025 | Latest News, കേരളം
കല്ലറ വെള്ളംകുടിയിൽ നിന്നും കല്ലറയിലേക്ക് പോകവേ നിയന്ത്രണം വിട്ട ബൈക്ക് വെള്ളംകുടി ജംഗ്ഷന് സമീപം വെച്ച് പോസ്റ്റിൽ ഇടിച്ച് യുവാവ് മരണമടഞ്ഞു. പാങ്ങോട് ഊറാൻക്കുഴി മാജിത ബീവിയുടെ ചെറുമകനും വാഴത്തോപ്പ് പച്ചയിൽ വാടകയ്ക്ക് താമസിക്കുന്ന സിയാദിന്റെയും സലീനയുടെയും മകനുമായ മുഹമ്മദ് (19) ആണ് മരണമടഞ്ഞത്. സഹോദരി ഫാത്തിമ
ഇന്നലെ രാത്രി 8:30ന് ആണ് അപകടം. അപകടത്തെത്തുടർന്ന് ഗുരുതര പരിക്കേറ്റ് തൽക്ഷണം മരണമടയുകയായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. പാങ്ങോട് പോലീസ് മേൽനടപടി സ്വീകരിച്ചു.


by Midhun HP News | Oct 17, 2025 | Latest News, കേരളം
തിരുവനന്തപുരം: ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളിയിലാണ് സ്വര്‍ണക്കൊള്ളയുടെ തുടക്കമെന്ന് ഉണ്ണികൃഷ്ണൻ പോറ്റി പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കിയതായി സൂചന. ചെമ്പെന്ന് രേഖപ്പെടുത്താമെന്ന ആശയം മുന്നോട്ടുവെച്ചത് ദേവസ്വം ഉദ്യോഗസ്ഥരാണ്. കട്ടിളപ്പാളിയിലെ സ്വര്‍ണം പൂശലില്‍ തനിക്ക് ലാഭം ഉണ്ടായില്ലെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി അന്വേഷണ സംഘത്തോട് പറഞ്ഞതായാണ് വിവരം.
അതിനിടെ ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 30 വരെയാണ് റാന്നി കോടതി പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടത്. കേസില്‍ പോറ്റിയെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും, അതിനാല്‍ കസ്റ്റഡിയില്‍ വേണമെന്നും ആവശ്യപ്പെട്ട് എസ്‌ഐടി കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്നാണ് എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടുകൊണ്ട് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കോടതിയിലെ അടച്ചിട്ട മുറിയിലാണ് കേസിന്റെ നടപടികള്‍ നടന്നത്.
സ്വര്‍ണം അടിച്ചു മാറ്റുക എന്ന ലക്ഷ്യത്തോടെയായിരുന്നില്ല കട്ടിളപ്പാളിയിലെ സ്വര്‍ണം പൂശലിന്റെ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തത് എന്നാണ് അന്വേഷണസംഘത്തോട് ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞതെന്നാണ് വിവരം. സ്വര്‍ണം വിറ്റു കിട്ടുന്ന നേട്ടമല്ല, പകരം കട്ടിളപ്പാളി പലയിടത്തും പ്രദര്‍ശിപ്പിച്ച് ഭക്തി വില്‍പ്പനച്ചരക്കാക്കി ലഭിക്കുന്ന സാമ്പത്തിക നേട്ടമാണ് ലക്ഷ്യമിട്ടത്. എന്നാല്‍ തനിക്ക് വലിയ നഷ്ടമാണ് സംഭവിച്ചത്. ഇക്കാര്യം ദേവസ്വം ഉദ്യോഗസ്ഥരെയും അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ദ്വാരപാലക ശില്പങ്ങളുടെ സ്വര്‍ണം പൂശല്‍ ആശയം മുന്നോട്ടു വെക്കപ്പെടുന്നത് എന്നും ഉണ്ണികൃഷ്ണന്‍ പോറ്റി വെളിപ്പെടുത്തി.
സ്വര്‍ണക്കവര്‍ച്ചയില്‍ നടന്നത് വന്‍ ഗൂഢാലോചനയെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞു. താനൊറ്റയ്ക്കല്ല, ഉദ്യോഗസ്ഥരടക്കം വലിയ സംഘം ഇതില്‍ പങ്കാളികളാണ്. ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് കല്‍പേഷിനെ കൊണ്ടുവന്നത്. ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിനെ സ്വര്‍ണം പൂശാന്‍ ഏല്‍പ്പിച്ചപ്പോള്‍ താന്‍ നേരിട്ട് എത്തിയില്ല. അവിടെ നിന്നും ബാക്കി വന്ന സ്വര്‍ണം കല്‍പേഷ് വഴിയാണ് താന്‍ സ്വീകരിച്ചതെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി വ്യക്തമാക്കിയതെന്നും റിപ്പോര്‍ട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് പുറമെ ഭരണസമിതിയും തന്നെ സഹായിച്ചിട്ടുണ്ട്. ഇവര്‍ക്കെല്ലാം താന്‍ പ്രത്യുപകാരം ചെയ്തിട്ടുണ്ടെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി അന്വേഷണ സംഘത്തിനു മൊഴി നല്‍കിയിട്ടുണ്ട്.
ഗൂഢാലോചനയിലും സ്വര്‍ണക്കവര്‍ച്ചയിലും തിരുവിതാംകൂര്‍ ദേവസ്വം ഉദ്യോഗസ്ഥരുടെ പങ്കും ഉണ്ണികൃഷ്ണന്‍ പോറ്റി പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയതായിട്ടാണ് റിപ്പോര്‍ട്ട്. ചില ഉദ്യോഗസ്ഥരുടെ പേര് അടക്കം എസ്‌ഐടിയോട് പറഞ്ഞതായാണ് വിവരം. താന്‍ ശബരിമലയില്‍ സ്‌പോണ്‍സറായി എത്തിയതുമുതല്‍ ഗൂഢാലോചന തുടങ്ങിയതായാണ് പോറ്റി പറഞ്ഞത്. ശബരിമലയില്‍ നിന്നും തട്ടിയെടുത്ത സ്വര്‍ണം പങ്കിട്ടെടുത്തെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. സ്വര്‍ണപ്പാളി ആര്‍ക്കുകൈമാറി, എത്ര സ്വര്‍ണം നഷ്ടപ്പെട്ടു, ആരൊക്കെ തട്ടിപ്പില്‍ ഉള്‍പ്പെട്ടു തുടങ്ങിയ കാര്യങ്ങള്‍ എസ്‌ഐടി അന്വേഷിച്ചു വരികയാണ്.


by Midhun HP News | Oct 17, 2025 | Latest News, കേരളം
കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്ത നടൻ ദുൽഖർ സൽമാന്റെ വാഹനം കസ്റ്റംസ് വിട്ടു നൽകും. ദുൽഖറിന്റെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ എന്ന വാഹനമാണ് കസ്റ്റംസ് തിരിച്ചു നൽകുന്നത്. ബാങ്ക് ഗ്യാരണ്ടിയിലാണ് വിട്ടുനല്‍കുക. അന്വേഷണ പരിധിയിലുള്ള വാഹനമായതിനാല്‍ നിബന്ധനകള്‍ ഏര്‍പ്പെടുത്തും. കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറുടേതാണ് തീരുമാനം.
ദുൽഖറിന്റെ ഡിഫന്‍ഡര്‍, ലാന്‍ഡ് ക്രൂയിസര്‍, നിസ്സാന്‍ പട്രോള്‍ എന്നീ മൂന്ന് വാഹനങ്ങളായിരുന്നു കസ്റ്റംസ് പിടിച്ചെടുത്തത്. ഇതില്‍ ഡിഫന്‍ഡര്‍ വിട്ടുനല്‍കണം എന്നാവശ്യപ്പെട്ടായിരുന്നു ദുല്‍ഖര്‍ ഹൈക്കോടതിയെ സമീപിച്ചത്. പിന്നാലെ ദുല്‍ഖറിനെതിരെ കസ്റ്റംസ് ഹൈക്കോടതിയില്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചെങ്കിലും ഡിഫന്‍ഡര്‍ വിട്ടുനല്‍കുന്നത് പരിഗണിക്കണമെന്നായിരുന്നു ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്.
ഒരാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. കസ്റ്റംസ് നിയമത്തിലെ സെക്ഷന്‍ 110 എ പ്രകാരം അന്വേഷണപരിധിയിലുള്ള വാഹനങ്ങള്‍ ഉടമകള്‍ക്ക് വിട്ടുനല്‍കാന്‍ കഴിയുമെന്നും വാഹനം വിട്ടുനല്‍കുന്നില്ലെങ്കില്‍ അതിന്റെ കാരണം രേഖാമൂലം അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. പിന്നാലെയാണ് കസ്റ്റംസിന്റെ നീക്കം. ദുല്‍ഖര്‍ സല്‍മാന് പുറമെ മമ്മൂട്ടി, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകളിലും കാര്‍ ഡീലര്‍മാരുടെ ഓഫീസ്, ദുല്‍ഖറിന്റെ നിര്‍മാണ കമ്പനിയായ വേഫെറര്‍ ഫിലിംസ് എന്നിവിടങ്ങളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് രേഖകള്‍ പിടച്ചെടുത്തിരുന്നു.


by Midhun HP News | Oct 17, 2025 | Latest News, കേരളം
കൊച്ചി: തലശ്ശേരി ബിരിയാണി മുതല്‍ നാടന്‍ കോഴിക്കറി വരെ…. തനത് രുചികള്‍ക്ക് പ്രാധാന്യം നല്‍കി കേരളത്തിലെ വന്ദേ ഭാരത് ട്രെയിനിലെ ഭക്ഷണങ്ങള്‍ പരിഷ്‌കരിക്കുന്നു. പ്രാദേശിക വിഭങ്ങളുടെ രുചി വൈവിധ്യങ്ങള്‍ ഇനി യാത്രയിലും ആസ്വദിക്കാവുന്ന വിധത്തിലാണ് ഐആര്‍സിസിടിയുടെ പുതിയ മെനു. ഭക്ഷണത്തെ കുറിച്ച് നിരന്തരം പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ കാറ്ററിങ് കമ്പനികളെ ഉള്‍പ്പെടുത്തി ഐആര്‍സിടിസി പരിഷ്‌കരണം നടപ്പാക്കുന്നത്.
കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രിന്ദാവന്‍ ഫുഡ് പ്രൊഡക്റ്റിനായിരുന്നു കേരളത്തിലേയും തമിഴ്‌നാട്ടിലെയും വന്ദേ ഭാരത് ട്രെയിനുകളിലെ ഭക്ഷണ വിതരണത്തിന്റെ ചുമതല. എന്നാല്‍ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെ കുറിച്ച് നിരന്തരം പരാതികള്‍ ഉയര്‍ന്നതോടെ കരാര്‍ റദ്ദാക്കിയിരുന്നു. ഇക്കഴിഞ്ഞ മേയില്‍ കൊച്ചി കോര്‍പ്പറേഷന്‍ നടത്തിയ പരിശോധനയില്‍ സ്ഥാപനത്തില്‍ നിന്നും കാലാവധി കഴിഞ്ഞ ഭക്ഷണ സാധനങ്ങള്‍ ഉള്‍പ്പെടെ കണ്ടെത്തുകയും ചെയ്തിരുന്നു. പിന്നാലെയാണ് സ്ഥാപനവുമായുള്ള കരാര്‍ റദ്ദാക്കിയത്.
ദക്ഷിണ റെയില്‍വെയുടെ നടപടി ചോദ്യം ചെയ്ത് സ്ഥാപനം മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ റെയില്‍വെ അധികൃതര്‍ സമര്‍പ്പിച്ച തെളിവുകള്‍ പരിഗണിച്ച കോടതി കരാര്‍ റദ്ദാക്കിയ തീരുമാനം അംഗീകരിക്കുകയും ചെയ്തു. പിന്നാലെയാണ് പുതിയ കാറ്ററിങ് കമ്പനികളെ ട്രെയിനില്‍ ഭക്ഷണ വിതരണത്തിനായി കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചത്. സങ്കല്‍പ് റിക്രിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡ്, എഎസ് സെയില്‍സ് കോര്‍പ്പറേഷന്‍ എന്നിവയ്ക്കാണ് പുതിയ കരാര്‍ നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം-മംഗലാപുരം സെന്‍ട്രല്‍ വന്ദേ ഭാരത് എക്‌സ്പ്രസ്, തിരുവനന്തപുരം-കാസര്‍കോട് വന്ദേ ഭാരത് എക്‌സ്പ്രസ് എന്നിവയിലാണ് ഈ സ്ഥാപനങ്ങള്‍ക്ക് ഭക്ഷണ വിതരണത്തിനുള്ള ചുമതല.
മെനു മാറ്റം ഉള്‍പ്പെടെയുള്ള റെയില്‍വെയുടെ തീരുമാനത്തെ സന്തോഷത്തോടെയാണ് യാത്രക്കാരും സ്വാഗതം ചെയ്യുന്നത്. രണ്ട് തവണ മോശം അനുഭവം നേരിട്ടതില്‍ പിന്നെ വന്ദേ ഭാരത് ട്രെയിനിലെ ഭക്ഷണം കഴിക്കാന്‍ താത്പര്യപ്പെടാറില്ലെന്ന് കാസര്‍ഗോഡ് റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്റെ കണ്‍വീനര്‍ കൂടിയായ നിസാര്‍ പെരുവാഡ് പറയുന്നു. ഭക്ഷണം ആവശ്യമില്ലെന്ന ഒപ്ഷനാണ് ഇപ്പോള്‍ തിരഞ്ഞെടുക്കാറുള്ളത്. വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിയ പുതിയ മെനുവിനെ ആളുകള്‍ സ്വീകരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, യാത്രികര്‍ക്ക് വന്ദേ ഭാരതില്‍ അരലിറ്ററിന്റെ വെള്ളക്കുപ്പികള്‍ മതിയാകുമെന്നും നിസാര്‍ പറയുന്നു. ഒരു ലിറ്റര്‍ വെള്ളത്തിന്റെ കുപ്പിയാണ് ഇപ്പോള്‍ നല്‍കി വരുന്നത്. ലഭിക്കുന്ന കുടിവെള്ളത്തില്‍ പലപ്പോഴും യാത്രക്കാര്‍ കുറച്ച് വെള്ളം മാത്രമാണ് ഉപയോഗിക്കാറുള്ളത്. അളവ് കുറഞ്ഞാന്‍ ഈ ഇനത്തില്‍ വെള്ളം പാഴാവുന്നത് തടയാന്‍ സാധിക്കും. മാലിന്യങ്ങളും ഒരു പരിധിവരെ കുറയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
പുതിയ മെനു മികച്ചതെങ്കിലും ഇത് കടലാസില്‍ മാത്രം ഒതുങ്ങരുത് എന്നും യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍പുള്ള മെനുവും ആദ്യഘട്ടത്തില്‍ മികച്ചതെന്ന് തോന്നിയിരുന്നു. എന്നാല്‍ പതിയെ ഗുണനിവാരം മോശമായി. കാറ്ററിങ് കമ്പനികള്‍ ഗുണ നിലവാരം ഉറപ്പാക്കി പ്രവര്‍ത്തിക്കണമെന്ന് ഇന്ത്യന്‍ റെയില്‍ ഫാന്‍സ് ക്ലബ് (ഐആര്‍എഫ്‌സിഎ) അംഗവും ഗവേഷകനുമായ വി അവിനാശും ആവശ്യപ്പെടുന്നു.
മലബാര്‍ വെജ്/ചിക്കന്‍ ബിരിയാണി, തലശ്ശേരി വെജ് ബിരിയാണി, ആലപ്പി വെജ് കറി, വെജ് മെഴുക്കുപുരട്ടി, വരുത്തരച്ച ചിക്കന്‍ കറി, കേരള ചിക്കന്‍ കറി, കേരള സ്‌റ്റൈല്‍ ചിക്കന്‍ റോസ്റ്റ്, നാടന്‍ കോഴി കറി എന്നിവയാണ് പുതിയതായി മെനുവില്‍ ഉള്‍പ്പെട്ട പ്രധാന വിഭവങ്ങള്‍. ഉച്ചഭക്ഷണത്തിലും അത്താഴത്തിലും ഉണ്ടായിരുന്ന പരിപ്പ് (ദാല്‍) ഉപയോഗിച്ചുള്ള കറികളും പ്രാദേശിക രുചികളിലേക്ക് മാറ്റിയിട്ടുണ്ട്. ബ്രേക്ക് ഫാസ്റ്റ് മെനുവില്‍ പക്ഷേ കാര്യമായ മാറ്റമില്ല. ഇഡ്ഡലി, അപ്പം, ഇടിയപ്പം, ഉപ്പുമാവ് എന്നിവ കടല അല്ലെങ്കില്‍ ഗ്രീന്‍ പീസ് കറി, മുട്ടക്കറി, സ്‌ക്രാംബിള്‍ഡ് എഗ്ഗ്‌സ്, വെജ് കട്ട്‌ലറ്റ് തുടങ്ങിയവയുള്‍പ്പെടുന്നതാണ് പ്രഭാത ഭക്ഷണം. പക്കോഡ, ഉള്ളിവട, പരിപ്പുവട, ശര്‍ക്കര ഉപ്പേരി, ഉണ്ണിയപ്പം തുടങ്ങിയവയാണ് സ്‌നാക്‌സ് ബോക്‌സില്‍ പുതിയതായി ചേര്‍ത്തത്. നേരത്തെ ഉണ്ടായിരുന്ന പഴംപൊരി പുതിയ മെനുവിലും ഇടം പിടിച്ചിട്ടുണ്ട്.


by Midhun HP News | Oct 17, 2025 | Latest News, കേരളം
തൃശൂര്‍: ഗുരുവായൂരിലെത്തുന്ന ഭക്തര്‍ക്ക് സുഗമമായ ക്ഷേത്രദര്‍ശനത്തിനായി ദേവസ്വം ഭരണസമിതി ദര്‍ശന സമയം കൂട്ടി. തുലാം ഒന്നാം തീയതിയായ ഒക്ടോബര്‍ 18 ശനിയാഴ്ച മുതല്‍ ക്ഷേത്രത്തില്‍ പുലര്‍ച്ചെ 3ന് നടതുറന്നാല്‍ ഉച്ച തിരിഞ്ഞ് 3 മണിക്കേ ഇനി നട അടക്കൂ. ഉച്ചയ്ക്ക് ക്ഷേത്രം ഒരു മണിക്കൂര്‍ മാത്രമാണ് അടയ്ക്കുക.
വീണ്ടും വൈകീട്ട് 4ന് നടതുറന്ന് രാത്രി 9 വരെ ദര്‍ശനം തുടരും. ഇപ്പോള്‍ ഉച്ചയ്ക്ക് 2ന് നട അടച്ചാല്‍ വൈകീട്ട് 4.30നാണ് തുറക്കുന്നത്. അവധി ദിവസങ്ങളില്‍ 3.30നും തുറക്കും. എന്നാല്‍ ഭക്തരുടെ ക്രമാതീതമായ തിരക്ക് കാരണം ഉച്ചയ്ക്ക് 2ന് നട അടയ്ക്കാന്‍ കഴിയാറില്ല. 2.45 വരെ ദര്‍ശനം അനുവദിക്കാറുണ്ട്.തിരക്ക് കണക്കിലെടുത്ത് തന്ത്രിയുടെ നിര്‍ദേശം കൂടി പരിഗണിച്ചാണ് പുതിയ സമയക്രമീകരണം.


by Midhun HP News | Oct 17, 2025 | Latest News, കേരളം
കൊച്ചി: റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്ന സ്വര്‍ണവില പവന് ഒരു ലക്ഷത്തിലേക്ക് അതിവേഗം അടുക്കുന്നു. ഇന്ന് 2840 രൂപയാണ് വില ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 97,360 രൂപ. ഗ്രാമിന് 355 രൂപ ഉയര്‍ന്ന് 12,170 ആയി.തുടര്‍ച്ചയായി വന്‍ വര്‍ധന രേഖപ്പെടുത്തിയ സ്വര്‍ണ വില ഇന്നലെ മാറ്റമില്ലാതെ തുടരുകയായിരുന്നു. കഴിഞ്ഞ ദിവസം രണ്ടു തവണയായി പവന് 800 രൂപയാണ് വര്‍ധിച്ചത്.
എട്ടിനാണ് സ്വര്‍ണവില ആദ്യമായി 90,000 കടന്നത്. തൊട്ടടുത്ത ദിവസം 91,000 കടന്ന് കുതിക്കുകയായിരുന്നു. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകിയെത്തുന്നതാണ് സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണം.
അമേരിക്കയില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം അടക്കമുള്ള വിഷയങ്ങളാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നതാണ് വില വര്‍ധനയ്ക്ക് കാരണമെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.


Recent Comments