സ്വര്‍ണത്തില്‍ തിരിമറി, കേസെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്

സ്വര്‍ണത്തില്‍ തിരിമറി, കേസെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി: ശബരിമലയിലെ സ്വര്‍ണത്തില്‍ തിരിമറി നടന്നുവെന്ന് ഹൈക്കോടതി. സംഭവത്തില്‍ കേസെടുക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് കോടതി നിര്‍ദേശം നല്‍കി. ആറാഴ്ചയ്ക്കകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി നിര്‍ദേശം. അന്വേഷണം അതീവ രഹസ്യമായിരിക്കണം. അന്വേഷണവുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും പുറത്തുപോകരുത്. മുദ്രവെച്ച് കവറില്‍ പ്രത്യേക അന്വേഷണ സംഘം കോടതിക്ക് നേരിട്ട് കൈമാറണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇടക്കാല ഉത്തരവില്‍ നിര്‍ദേശിച്ചു.

സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണം. രണ്ടാഴ്ച കൂടുമ്പോള്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയെ അറിയിക്കണം. അന്വേഷണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം കോടതിയോട് മാത്രം കാര്യങ്ങള്‍ ബോധിപ്പിച്ചാല്‍ മതി. മറ്റാരോടും അന്വേഷണ വിവരം വെളിപ്പെടുത്തേണ്ടതില്ല. ശബരിമല വിഷയത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി മാധ്യമങ്ങളോട് സംസാരിക്കുന്നതും ഹൈക്കോടതി വിലക്കിയിട്ടുണ്ട്. കേസില്‍ സംസ്ഥാന പൊലീസ് മേധാവിയെയും ഹൈക്കോടതി കക്ഷിചേര്‍ത്തു.

സ്വര്‍ണം കവര്‍ന്ന യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തണം. കേസില്‍ നിലവില്‍ പിടിച്ചെടുത്ത രേഖകള്‍ രജിസ്ട്രാറുടെ പക്കല്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസിന്റെ സങ്കീര്‍ണത പരിഗണിച്ച് അന്വേഷണ സംഘത്തെ വിപുലീകരിക്കാമെന്ന് കോടതി നിര്‍ദേശിച്ചു. രണ്ടു ഡിവൈഎസ്പിമാരെ കൂടി സംഘത്തില്‍ ഉള്‍പ്പെടുത്തും. ശബരിമലയില്‍ വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞ സ്വര്‍ണപ്പാളികള്‍ 2019 ല്‍ സ്വര്‍ണം പൂശാനായി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നല്‍കിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടി സംശയാസ്പദമാണെന്ന് ഹൈക്കോടതി വിലയിരുത്തി.

ദ്വാരപാലക ശില്‍പ്പങ്ങള്‍ മാത്രമല്ല, ശ്രീകോവിലിന്റെ മുമ്പിലെയും പിന്നിലെയും വാതിലുകളും സ്വര്‍ണം പൊതിഞ്ഞിരുന്നു. ഇക്കാര്യം 18-5-2019 ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അന്ന് തന്ത്രി, മേല്‍ശാന്തി, വാച്ചര്‍, ഗാര്‍ഡ് തുടങ്ങിയവര്‍ ഉണ്ടായിരുന്നു. ഇക്കാര്യങ്ങളെല്ലാം വിജിലന്‍സ് ഓഫീസര്‍ വിശദമായി അന്വേഷണം നടത്തിയെന്ന് കോടതി വിലയിരുത്തി. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയപ്പോള്‍ ഇത് ചെമ്പുപാളികളാണെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ദേവസ്വം വിജിലന്‍സ് എസ്പി നേരിട്ട് ഹാജരായാണ് രാവിലെ അന്തിമ റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് കൈമാറിയത്. തുടര്‍ന്ന് റിപ്പോര്‍ട്ട് പരിശോധിച്ച ജസ്റ്റിസുമാരായ രാജ വിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച്, പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായ എസ്പി എസ് ശശിധരനുമായി പ്രത്യേകം ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

‘കൈ നിറയെ പ്രോ​ഗ്രാമുകൾ ഉണ്ട്; ജീവിക്കാൻ അഭിനയിച്ച് ബുദ്ധിമുട്ടേണ്ട ആവശ്യമില്ല’

‘കൈ നിറയെ പ്രോ​ഗ്രാമുകൾ ഉണ്ട്; ജീവിക്കാൻ അഭിനയിച്ച് ബുദ്ധിമുട്ടേണ്ട ആവശ്യമില്ല’

അഭിനയത്തേക്കാൾ കൂടുതൽ നൃത്തവേദികളിലാണ് നടി നവ്യയിപ്പോൾ സജീവമായിരിക്കുന്നത്. നൃത്തത്തോടുള്ള തന്റെ ഇഷ്ടത്തെക്കുറിച്ചും മാതം​ഗി എന്ന തന്റെ നൃത്തവിദ്യാലയത്തെക്കുറിച്ചുമൊക്കെ നവ്യ പൊതുവേദികളിലടക്കം വാചാലയാകാറുണ്ട്. റത്തീന സംവിധാനം ചെയ്യുന്ന പാതിരാത്രിയാണ് നവ്യയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം.

നവ്യയ്ക്കൊപ്പം സൗബിൻ ഷാഹിറും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ നവ്യ. നൃത്തത്തെക്കുറിച്ച് നവ്യ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധേയമാകുന്നത്. “നൃത്തം എന്ന കല കയ്യിലുള്ളതു കൊണ്ടും, നവ്യ നായർ എന്ന പേര് നില നിന്ന കൊണ്ടും എന്നെ കാണാൻ ഓഡിയൻസ് എപ്പോഴുമെത്തും.

അതുകൊണ്ട് എനിക്കിപ്പോൾ കൈ നിറയെ പ്രോ​ഗ്രാമുകൾ ഉണ്ട്. അതുകൊണ്ട് തന്നെ ജീവിക്കാൻ എനിക്ക് അഭിനയിച്ച് ബുദ്ധിമുട്ടേണ്ട ആവശ്യമില്ല. അതുള്ളപ്പോൾ എനിക്ക് അഭിനയത്തെ ഒരു പാഷനായിട്ട് മാറ്റി വയ്ക്കാം. എനിക്ക് ഇഷ്ടമുള്ളപ്പോൾ ആ​ഗ്രഹിക്കുമ്പോൾ അത് ചെയ്യാം. വലിയ അതിമോഹങ്ങളൊന്നും എനിക്ക് ജീവിതത്തിലില്ല”. – നവ്യ പറഞ്ഞു.

ഒരുത്തീ താൻ തിരഞ്ഞെടുത്ത സിനിമകളിലൊന്നാണെന്നും വരാനിരിക്കുന്ന പാതിരാത്രി എന്ന ചിത്രവും അത്തരത്തിലുള്ളതാണെന്ന് നവ്യ പറയുന്നു. ഇങ്ങോട്ട് വരുന്ന സിനിമകളിൽ നിന്ന് മാത്രമേ തനിക്ക് സിനിമ സെലക്ട് ചെയ്യാൻ കഴിയുകയുള്ളൂവെന്നും നടി പറഞ്ഞു. തനിക്ക് വൈബ്രന്റായ കഥാപാത്രങ്ങൾ ഇഷ്ടമാണെന്നും അത്തരത്തിലുള്ള സിനിമകൾ തന്നെ തേടിയെത്തിയാൽ ചെയ്യുമെന്നും നവ്യ കൂട്ടിച്ചേർത്തു.

പുഴു എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന ചിത്രമാണ് പാതിരാത്രി. ചിത്രത്തിൽ പൊലീസുകാരിയായാണ് നവ്യ എത്തുന്നത്. ആൻ അ​ഗസ്റ്റിൻ, സണ്ണി വെയ്ൻ, ശബരീഷ് വർമ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

സ്ത്രീയെ കബളിപ്പിച്ച് തട്ടിയത് 45 ലക്ഷവും സ്വർണവും; പാസ്റ്റർ ‘നമ്പൂതിരി’ അറസ്റ്റിൽ

സ്ത്രീയെ കബളിപ്പിച്ച് തട്ടിയത് 45 ലക്ഷവും സ്വർണവും; പാസ്റ്റർ ‘നമ്പൂതിരി’ അറസ്റ്റിൽ

കോട്ടയം: സ്ത്രീയെ കബളിപ്പിച്ച് 45 ലക്ഷവും സ്വർണവും തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന പാസ്റ്റർ ‘നമ്പൂതിരി’ അറസ്റ്റിൽ. കോട്ടയം നാട്ടകം മുളങ്കുഴ ജോസ് ആർക്കേഡിൽ ടി പി ഹരിപ്രസാദ് ആണ് അറസ്റ്റിലായത്. കൊല്ലം കപ്പലണ്ടിമുക്കിലെ ഫ്ലാറ്റിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.

മണർകാട് സ്വദേശിനിയുടെ പണവും സ്വർണവുമാണ് ഇയാൾ തട്ടിയെടുത്തത്. പിന്നീട് കോട്ടയം കുറുമ്പനാടം സ്വദേശിനിയായ യുവതിക്കൊപ്പം തമിഴ്നാട്, ബംഗളൂരു എന്നിവിടങ്ങളിലും കേരളത്തിലെ മറ്റ് ജില്ലകളിലും ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. 2023 മുതൽ ഇയാൾ കോട്ടയം മുളങ്കുഴ കേന്ദ്രമായി പെന്തക്കോസ്ത് മിഷൻ ഓഫ് ഇന്ത്യ എന്ന പേരിൽ പ്രാർഥനാ സ്ഥാപനം നടത്തിയിരുന്നു. ഈ സ്ഥാപനത്തിന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ മറവിൽ നിരവധി പേരുടെ പണവും സ്വർണ ഉരുപ്പടികളും തട്ടിയെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

‘ആ കുഞ്ഞിന്റെ സഹോദരൻ രക്ഷപ്പെട്ടത് മെഡിക്കൽ കോളജിലെ ചികിത്സയിൽ, സര്‍ക്കാര്‍ ആശുപത്രികള്‍ക്കെതിരെ തെറ്റായ പ്രചാരണം’

‘ആ കുഞ്ഞിന്റെ സഹോദരൻ രക്ഷപ്പെട്ടത് മെഡിക്കൽ കോളജിലെ ചികിത്സയിൽ, സര്‍ക്കാര്‍ ആശുപത്രികള്‍ക്കെതിരെ തെറ്റായ പ്രചാരണം’

തിരുവനന്തപുരം: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിച്ച 9 വയസുകാരിയുടെ സഹോദരനെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത് മെഡിക്കൽ കോളജിലെ വിദ​ഗ്ധ ചികിത്സയിലൂടെയെന്ന് ആരോ​ഗ്യ മന്ത്രി വീണ ജോർജ്. 9കാരിയുടെ മരണത്തിൽ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കു വെട്ടേറ്റിരുന്നു. പിന്നാലെ മന്ത്രി ഫെയ്സ്ബുക്കിലിട്ട കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

താലൂക്ക് ആശുപത്രിയിൽ നിന്നു മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകും വഴിയാണ് 9 വയസുകാരി മരിച്ചത്. ഛർദ്ദിയും ക്ഷീണവും കാരണം കുട്ടിയുടെ ബോധ നിലയിൽ മാറ്റമില്ലാത്തതിനെ തുടർന്നാണ് മെഡിക്കൽ കോളജിലേക്ക് മാറ്റാൻ തീരുമാനിച്ചത്. കുട്ടിയുടെ സഹോദരൻ ദിവസങ്ങളോളം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നുവെന്നും അവിടുത്തെ വിദ​ഗ്ധ ചികിത്സയിലൂടെയാണ് ആ കുട്ടി രക്ഷപ്പെട്ടതെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ കുറിപ്പ്

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ പ്രിയപ്പെട്ട ഡോക്ടർ, വിപിനെതിരെ ഇന്നലെ ഉണ്ടായ ആക്രമണത്തിന്റെ ആഘാതം ഇപ്പോഴും മനസ്സിൽ നിന്നും മായുന്നില്ല. വൈകുന്നേരം ഡോ. വിപിനുമായി ഫോണിൽ സംസാരിച്ചു. ഐസിയുവിൽ നിന്ന് റൂമിലേക്ക് ഡോക്ടറെ മാറ്റിയിട്ടുണ്ട്. ഭീകരമായ അനുഭവമാണ് ആ പാവം ഡോക്ടർ നേരിട്ടത്. ആ നടുക്കത്തിൽ നിന്ന് ഡോക്ടർ മോചിതനായിട്ടില്ല.

ആസൂത്രിതമായ ആക്രമണത്തിൽ ഏറ്റവും ശക്തമായ നിയമ നടപടി തന്നെ ഉറപ്പാക്കപ്പെടും. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള എല്ലാ തെളിവുകളും പോലീസിന് കൈമാറാൻ നിർദ്ദേശം നൽകിയിരുന്നു.

കോടിക്കണക്കിന് ആളുകളുടെ ആശ്രയമാണ് കേരളത്തിലെ സർക്കാർ ആശുപത്രികൾ. സർക്കാർ ആശുപത്രികൾക്കും ആശുപത്രികളിൽ ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്കും എതിരെ തീർത്തും തെറ്റായ പ്രചരണങ്ങൾ നടത്തി ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് ചിലർ നടത്തിക്കൊണ്ടിരിക്കുന്നത്.

അനേയ എന്ന 9 വയസ്സുകാരിയുടെ മരണം ദുഃഖകരമാണ്. താമരശ്ശേരി ആശുപത്രിയിൽ ഛർദ്ദിലും ക്ഷീണവുമായി ഒപിയിൽ എത്തിച്ച കുട്ടിയെ നിരീക്ഷണത്തിൽ ആക്കുകയും ഐവി ഫ്ലൂയിഡ് നൽകുകയും ചെയ്തു. ക്ഷീണം വർദ്ധിച്ചതിനെ തുടർന്നും ബോധനിലയിൽ മാറ്റം ഉണ്ടായതിനെ തുടർന്നും ഉച്ച കഴിഞ്ഞ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയാണ് ചെയ്തത്. വഴിമധ്യേ മരണം സംഭവിച്ചു എന്നാണ് റിപ്പോർട്ട്. കുട്ടിയുടെ സഹോദരനും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിൽ ദിവസങ്ങളോളം തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. അവിടത്തെ വിദഗ്ധ ചികിത്സയിലൂടെയാണ് കുട്ടി ജീവിതത്തിലേക്ക് തിരിച്ചുവന്നത്.

ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള ആക്രമണത്തിൽ ഒരുതരത്തിലും ന്യായീകരണമില്ല. ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുമ്പോൾ കോടിക്കണക്കിന് ആൾക്കാർ ആശ്രയിക്കുന്ന സംവിധാനങ്ങളെയാണ് ആക്രമിക്കുന്നത്. അവരുടെ ആശ്രയത്തെയാണ് അക്രമത്തിലൂടെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. രോഗത്തിന് മുൻപിൽ നിസ്സാഹരായി പോകുന്ന ആളുകളെ ചികിൽസിക്കാനും ചേർത്തുപിടിക്കാനും ഭയരഹിതമായും ആത്മവിശ്വാസത്തോടെയും ആത്മാഭിമാനത്തോടെയും പ്രവർത്തിക്കാനും ആരോഗ്യപ്രവർത്തകരെ ശക്തമായി പിന്തുണക്കേണ്ടതുണ്ട്. അവരെ നമുക്ക് ചേർത്ത് പിടിക്കാം.

‘നടന്മാരുടെ വീട്ടിലെ ഇഡി റെയ്ഡ് സ്വര്‍ണപ്പാളി വിവാദം മുക്കാന്‍’; വിചിത്ര വാദവുമായി സുരേഷ് ഗോപി

‘നടന്മാരുടെ വീട്ടിലെ ഇഡി റെയ്ഡ് സ്വര്‍ണപ്പാളി വിവാദം മുക്കാന്‍’; വിചിത്ര വാദവുമായി സുരേഷ് ഗോപി

പാലക്കാട്: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം മുക്കാനാണ് നടന്മാരായ ദുല്‍ഖര്‍ സല്‍മാന്റെയും പൃഥ്വിരാജിന്റെയും വീട്ടില്‍ ഇഡി റെയ്ഡ് നടത്തിയതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. രണ്ടു സിനിമാക്കാരെ വലിച്ചിഴയ്ക്കുന്നത് ഇതിനു വേണ്ടിയാണോയെന്ന് സംശയമുണ്ട്. കേന്ദ്രമന്ത്രിയായതിനാല്‍ കൂടുതലൊന്നും പറയുന്നില്ല. പ്രജാ വിവാദവും സ്വര്‍ണമോഷണ ചര്‍ച്ച മുക്കാനാണ്. എല്ലാം കുല്‍സിതമെന്നും പാലക്കാട് കല്ലേക്കുളങ്ങരയിലെ കലുങ്ക് സംവാദത്തില്‍ സുരേഷ് ഗോപി പറഞ്ഞു.

സ്വര്‍ണത്തിന്റെ കേസ് മുക്കാന്‍ വേണ്ടിയാണോ സിനിമാരംഗത്തെ രണ്ടുപേരെ വീണ്ടും ത്രാസില്‍ കയറ്റി അളക്കാന്‍ കേരള ജനതയ്ക്ക് വിട്ടു കൊടുത്തിരിക്കുന്നത്. അതേക്കുറിച്ച് എന്‍ഐഎയും ഇഡി അന്വേഷിക്കുകയും, തീവ്ര അന്വേഷണവും നടക്കുകയാണ്. കേന്ദ്രമന്ത്രിസഭയില്‍ ഇരുന്നുകൊണ്ട് താന്‍ ഒന്നും പറയാന്‍ പാടില്ല. എങ്കിലും ഈ സര്‍ക്കാരിനെ ബാധിക്കുന്ന വിഷയങ്ങള്‍ വരുമ്പോള്‍ തിളക്കമുള്ളവരെ മലിനപ്പെടുത്തുക, കളങ്കപ്പെടുത്തുക എന്ന പ്രക്രിയയാണ് പൊലീസിനെ ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്നത്. സുരേഷ് ഗോപി പറഞ്ഞു.

ഇനിയും ഇത്തരത്തില്‍ കഥകള്‍ വരുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. ഇതു പ്രജകളുടെ രാജ്യമാണെന്നും വോട്ടുചെയ്യാന്‍ മാത്രമല്ല, മുഷ്ടിചുരുട്ടി ഉയര്‍ത്തിപ്പിടിച്ച് ചോദിക്കാനാകണമെന്നും നേരത്തെ ചെത്തല്ലൂരില്‍ നടന്ന കലുങ്ക് സൗഹൃദ സംഗമത്തില്‍ സുരേഷ് ഗോപി അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞതവണ കിറ്റുമായി വന്നു പറ്റിച്ചെങ്കില്‍ അതില്‍നിന്ന് പാഠമുള്‍ക്കൊണ്ട് ഇത്തവണ കിറ്റുമായി എത്തുന്നവരുടെ മുഖത്തേക്ക് വലിച്ചെറിയണമെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.

ഭഗവാന്റെ ചെമ്പിനെക്കുറിച്ച് കണക്കെടുക്കട്ടെ. അയ്യപ്പനെക്കുറിച്ച് ഇതുവരെ താന്‍ ഒന്നും പറഞ്ഞിട്ടില്ല. താന്‍ കര്‍മ്മിയാണ്. അയ്യപ്പന്‍ മനുഷ്യനാണ്. മൂത്ത സഹോദരനായിട്ടാണ് അയ്യപ്പനെ താന്‍ കാണുന്നത്. ഒരു രാഷ്ട്രീയത്തിനും അവകാശപ്പെട്ടതല്ല അയ്യപ്പന്‍. ചെമ്പ്, സ്വര്‍ണം രസതന്ത്രം വലിയ മാറ്റമാണ് കേരളത്തില്‍ ഉണ്ടാക്കാന്‍ പോകുന്നതെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. പാലക്കാട് കേരളത്തിന്റെ അന്നപാത്രമാണ്. ഇനി അന്നപാത്രമെന്ന് പറഞ്ഞത് ഇവിടുത്തെ നപുംസകങ്ങള്‍ക്ക് ഇഷ്ടപ്പെടാതെ വരുമോയെന്നും സുരേഷ് ഗോപി ചോദിച്ചു.

ഐ എൻ സി ആറ്റിങ്ങൽ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

ഐ എൻ സി ആറ്റിങ്ങൽ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

ശബരിമല ക്ഷേത്രത്തിലെ സ്വർണ്ണപാളി കവർച്ചക്കെതിരെയും, ഇതിന് ഉത്തരവാദികളായ ദേവസ്വം മന്ത്രിയും, ദേവസ്വം ബോർഡ് പ്രസിഡന്റും രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആറ്റിങ്ങൽ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഴക്കേ നാലുമുക്ക് ജംഗ്ഷനിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് എച്ച് ബഷീറിന്റെ അധ്യക്ഷതയിൽ ഡി സി സി മെമ്പർ ആറ്റിങ്ങൽ സതീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾ, ബൂത്ത്, വാർഡ് പ്രസിഡന്റ്മാർ, പോഷക സംഘടന നേതാക്കൾ ഉൾപ്പെടെ പങ്കെടുത്തു.