80 ലക്ഷം വീടുകളില്‍ നേരിട്ടെത്തും; ജനഹിതം അറിയാന്‍ നവകേരള ക്ഷേമ സര്‍വേയുമായി പിണറായി സര്‍ക്കാര്‍

80 ലക്ഷം വീടുകളില്‍ നേരിട്ടെത്തും; ജനഹിതം അറിയാന്‍ നവകേരള ക്ഷേമ സര്‍വേയുമായി പിണറായി സര്‍ക്കാര്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുന്‍പ് ജനഹിതം അറിയാന്‍ നവകേരള ക്ഷേമ സര്‍വേയുമായി പിണറായി സര്‍ക്കാര്‍. സംസ്ഥാനത്തെ 80 ലക്ഷം വീടുകളില്‍ നേരിട്ടെത്തി ജനഹിതം തിരിച്ചറിയുംവിധം വിപുലമായ രീതിയില്‍ സര്‍വേ നടത്താനാണ് പദ്ധതി.

സര്‍വേയുടെ ഏകോപനവും വിലയിരുത്തലും മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് നിര്‍വ്വഹിക്കും. സര്‍ക്കാര്‍ ചെയ്ത ക്ഷേമ പദ്ധതികളുടെ വിലയിരുത്തലാണ് പ്രധാന ലക്ഷ്യം. ഒപ്പം ഇനി സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നടപ്പാക്കണമെന്ന് ജനം ആഗ്രഹിക്കുന്ന കാര്യങ്ങളില്‍ അഭിപ്രായ രൂപീകരണവും നടത്തും. സാക്ഷരതാ സര്‍വേ മാതൃകയില്‍ കോളേജ് വിദ്യാര്‍ഥികളെ രംഗത്തിറക്കി വീടുവീടാന്തരം വിവര ശേഖരണമാണ് ഉദ്ദേശിക്കുന്നത്. ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാം അടക്കം ഉദ്യോഗസ്ഥ സംഘം ഇതിനായി വിശദമായ മൊഡ്യൂള്‍ തയ്യാറാക്കിയിട്ടുണ്ട്.

തുടര്‍ഭരണം എന്ന പ്രഖ്യാപിത ലക്ഷ്യവുമായി മുന്നോട്ട് പോകുകയാണ് പിണറായി സര്‍ക്കാര്‍. ജനങ്ങളോട് നേരിട്ട് സംസാരിക്കാനും ജനഹിതം അറിയാനും സര്‍ക്കാര്‍ പദ്ധതികള്‍ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കാനും സിഎം വിത്ത് മി അടക്കം വിപുലമായ പരിപാടികള്‍ സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. ഇതിന് പുറമേയാണ് ജനഹിതം അറിയാന്‍ സര്‍വേ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഫോണ്‍ കിട്ടാതെ വരുമ്പോള്‍ കുട്ടികള്‍ അമിത ദേഷ്യം കാണിക്കുന്നുണ്ടോ?, ഉടന്‍ ‘ഡി ഡാഡി’ലേക്ക് വിളിക്കുക

ഫോണ്‍ കിട്ടാതെ വരുമ്പോള്‍ കുട്ടികള്‍ അമിത ദേഷ്യം കാണിക്കുന്നുണ്ടോ?, ഉടന്‍ ‘ഡി ഡാഡി’ലേക്ക് വിളിക്കുക

തിരുവനന്തപുരം: വര്‍ധിച്ചു വരുന്ന ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗം കുട്ടികളിലും മുതിര്‍ന്നവരിലും ഒരേപോലെ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. അമിതമായ സ്‌ക്രീന്‍ ടൈം പഠനത്തെയും സാമൂഹിക ഇടപെടലുകളെയും ബാധിക്കുന്ന പശ്ചാത്തലത്തില്‍ സഹായത്തിനായി കേരള പൊലീസ് ആരംഭിച്ച പദ്ധതിയാണ് ‘ഡി-ഡാഡ്’ (D-Dad) അഥവാ ഡിജിറ്റല്‍ ഡി-അഡിക്ഷന്‍ പദ്ധതി. കേരള പൊലീസ് സോഷ്യല്‍ പൊലീസിങ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ കുട്ടികളിലെ മൊബൈല്‍, ഇന്റര്‍നെറ്റ് അടിമത്തത്തെ നിയന്ത്രിക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ഡി-ഡാഡ്. കൗണ്‍സിലിങ്ങിലൂടെ കുട്ടികള്‍ക്ക് ഡിജിറ്റല്‍ അടിമത്തത്തില്‍ നിന്ന് മോചനം നല്‍കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് കേരള പൊലീസ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

കുറിപ്പ്:

വര്‍ധിച്ചു വരുന്ന ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗം കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെ പ്രശ്‌നങ്ങളുണ്ടാക്കുന്നു. അമിതമായ സ്‌ക്രീന്‍ ടൈം പഠനത്തെയും സാമൂഹിക ഇടപെടലുകളെയും ബാധിക്കുമ്പോള്‍, സഹായത്തിനായി കേരള പോലീസിന്റെ ‘ഡി-ഡാഡ്’ (D-Dad) അഥവാ ഡിജിറ്റല്‍ ഡി-അഡിക്ഷന്‍ പദ്ധതി രംഗത്തുണ്ട്. കേരള പോലീസ് സോഷ്യല്‍ പൊലീസിങ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ കുട്ടികളിലെ മൊബൈല്‍, ഇന്റര്‍നെറ്റ് അടിമത്തത്തെ നിയന്ത്രിക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ഡി-ഡാഡ്. കൗണ്‍സിലിങ്ങിലൂടെ കുട്ടികള്‍ക്ക് ഡിജിറ്റല്‍ അടിമത്തത്തില്‍ നിന്ന് മോചനം നല്‍കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

ദേശീയ തലത്തില്‍തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു പദ്ധതി പൊലീസ് നടപ്പാക്കുന്നത്. കൗണ്‍സിലിങ്ങിലൂടെ പരിഹരിക്കാനാകാത്ത പ്രശ്‌നങ്ങളുള്ള കുട്ടികള്‍ക്കായി മാനസികാരോഗ്യ വിദഗ്ധരുടെ സഹായവും ഉറപ്പാക്കുന്നുണ്ട്. കേരളത്തിലെ വിവിധ ജില്ലകളിയായി 6 സെന്ററുകളാണ് പ്രവര്‍ത്തിക്കുന്നത്. ഈ പദ്ധതിയിലൂടെ സ്‌കൂളുകള്‍ മുഖാന്തിരം ഡിജിറ്റല്‍ അഡിക്ഷന്റെ ദോഷങ്ങളെക്കുറിച്ചുള്ള ക്ലാസുകളെ കൂടാതെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും നേരിട്ടുള്ള കൗണ്‍സിലിംഗും വളരെ ഫലപ്രദമായി നടത്തിവരുന്നു.

അനിയന്ത്രിതമായ ഡിജിറ്റല്‍ ഉപയോഗം, ഫോണ്‍ ലഭിക്കാതെ വരുമ്പോള്‍ ഉണ്ടാകുന്ന പ്രകോപനം, ദൈനംദിന കാര്യങ്ങളെ ബാധിക്കല്‍ എന്നിവ അഡിക്ഷന്റെ ലക്ഷണങ്ങളാണ്. അമിത ദേഷ്യം, അക്രമാസക്തരാകല്‍, ആത്മഹത്യാ പ്രവണത, വിഷാദം, പഠനത്തിലെ ശ്രദ്ധക്കുറവ് എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുന്ന കുട്ടികള്‍ക്കാണ് ഈ പദ്ധതിയിലൂടെ പരിഹാരമുണ്ടാകുന്നത്.

മനശാസ്ത്ര വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ കുട്ടികളെ അഡിക്ഷനില്‍ നിന്ന് മോചിപ്പിക്കാനുള്ള തെറാപ്പി, കൗണ്‍സലിങ്, മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്നിവ നല്‍കും. ആരോഗ്യം, വനിതാശിശു വികസനം, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന ഈ പദ്ധതിയില്‍ രക്ഷിതാക്കള്‍, അധ്യാപകര്‍, ഈ മേഖലയിലെ വിവിധ സംഘടനകള്‍, ഏജന്‍സികള്‍ എന്നിവര്‍ക്ക് അവബോധവും നല്‍കുന്നുണ്ട്. 9497900200 എന്ന നമ്പറിലൂടെ ഡി-ഡാഡില്‍ ബന്ധപ്പെടാവുന്നതാണ്. ഡി – ഡാഡില്‍ ബന്ധപ്പെടുന്ന കുട്ടികളുടെ വിവരങ്ങള്‍ പൂര്‍ണമായും രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും.

പ്ലാസ്റ്റിക് കുപ്പികള്‍ നീക്കം ചെയ്യാത്തതില്‍ നടപടി; ഉത്തരവ് അറിഞ്ഞ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബസ് ഓടിക്കുന്നതിനിടെ കുഴഞ്ഞുവീണു

പ്ലാസ്റ്റിക് കുപ്പികള്‍ നീക്കം ചെയ്യാത്തതില്‍ നടപടി; ഉത്തരവ് അറിഞ്ഞ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബസ് ഓടിക്കുന്നതിനിടെ കുഴഞ്ഞുവീണു

കോട്ടയം: ബസിന്റെ മുന്നിലെ ചില്ലിനു സമീപത്തെ പ്ലാസ്റ്റിക് കുപ്പികള്‍ നീക്കം ചെയ്യാത്തതില്‍ നടപടി നേരിട്ട കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബസ് ഓടിക്കുന്നതിനിടെ കുഴഞ്ഞുവീണു. പൊന്‍കുന്നം കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവറായ ജയ്‌മോന്‍ ജോസഫാണ് കുഴഞ്ഞു വീണത്. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

കാഞ്ഞിരപ്പള്ളി പൂതക്കുഴിയില്‍ വച്ചാണ് സംഭവം. സ്ഥലമാറ്റം സംബന്ധിച്ച ഉത്തരവ് ഫോണിലൂടെ അറിഞ്ഞയുടനെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു എന്ന് ജയ്‌മോന്‍ പറഞ്ഞു. പ്രമേഹത്തിനും രക്തസമ്മര്‍ദത്തിനും മരുന്ന് കഴിക്കുന്നയാളാണ് താനെന്നും കുടിവെള്ളം കരുതിയിരുന്ന കുപ്പികളാണ് നടപടി നേരിട്ട ദിവസം ബസിനു മുന്‍പില്‍ ഉണ്ടായിരുന്നതെന്നും ജയ്‌മോന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി ബസിന്റെ മുന്നിലെ ചില്ലിനു സമീപം പ്ലാസ്റ്റിക് കാലികുപ്പികള്‍ കണ്ടെത്തിയതോടെ മന്ത്രി കെ ബി ഗണേഷ് കുമാര്‍ തന്നെ നേരിട്ട് ജയ്‌മോനടക്കം മൂന്ന് പേര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് ഉത്തരവാദികളായ മൂന്നു പേരെയും സ്ഥലം മാറ്റി ഉത്തരവായിരുന്നു. പിന്നീട് ഇത് മരവിപ്പിച്ചതായി നടപടി നേരിട്ടവര്‍ തന്നെ പറയുന്നു. വീണ്ടും സ്ഥലമാറ്റം സംബന്ധിച്ച് ഉത്തരവിറങ്ങിയത് അറിഞ്ഞതോടെയാണ് ജയ്‌മോനു ദേഹാസ്വാസ്ഥ്യമുണ്ടായത്. പുതുക്കാട് ഡിപ്പോയിലേക്കാണ് ജയ്‌മോനെ സ്ഥലം മാറ്റിയത്.

യുവാവിനെ ബാറിന് മുന്നിൽ മരിച്ച നിലയില്‍ കണ്ടെത്തി

യുവാവിനെ ബാറിന് മുന്നിൽ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം നെടുമങ്ങാട് സഫാരി ബിയര്‍, വൈന്‍ പാര്‍ലറിന്റെ പാര്‍ക്കിങ് കോമ്പൗണ്ടില്‍ ആണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അരുവിക്കര- . മഞ്ച മഴവില്ലിൽ മഹേഷാണ് (39) മരിച്ചത്. ടെക്നോപാർക്കിലെ ജീവനക്കാരനാണ്. തിങ്കൾ വൈകിട്ട് 6.30ന് നെടുമങ്ങാട് ഹോട്ടലിന്റെ പാർക്കിങ് ഗ്രൗണ്ടിൽ നിർത്തിയിട്ട സ്വന്തം കാറിലാണ് മൃതദേഹം കണ്ടത്. ഡ്രൈവർ സീറ്റിനടുത്തുള്ള ഡോർ തുറന്നനിലയിലായിരുന്നു. മഹേഷ് സീറ്റിൽ സംശയകരമാംവിധം ചാരിയിരിക്കുന്നത് പാർക്കിങ് ഗ്രൗണ്ടിലെ സെക്യൂരിറ്റി ജീവനക്കാരനാണ് കണ്ടത്. തുടർന്ന്‌ നടത്തിയ പരിശോധനയിലാണ് മരിച്ചതായി തിരിച്ചറിഞ്ഞത്. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ. അച്ഛൻ: പരേതനായ വിജയകുമാർ. അമ്മ: മിനി. ഭാര്യ: ലക്ഷ്മിപ്രിയ. മക്കൾ: സ്മിത മഹേഷ്, ഭദ്ര മഹേഷ്.”

സ്വര്‍ണവില 90,000ലേക്ക്, ഒറ്റയടിക്ക് കുതിച്ചത് 920 രൂപ

സ്വര്‍ണവില 90,000ലേക്ക്, ഒറ്റയടിക്ക് കുതിച്ചത് 920 രൂപ

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവില 90,000ലേക്ക്. ഇന്ന് പവന് 920 രൂപ വര്‍ധിച്ചതോടെ 89,000 കടന്നിരിക്കുകയാണ് സ്വര്‍ണവില. 89,480 രൂപയാണ് പുതിയ സ്വര്‍ണവില. ഗ്രാമിന് ആനുപാതികമായി 115 രൂപയാണ് വര്‍ധിച്ചത്. 11,185 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകിയെത്തുന്നതാണ് സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണം. അമേരിക്കയില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വവും യുഎസ് ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശനിരക്ക് കുറച്ചേയ്ക്കുമെന്ന പ്രതീക്ഷകളുമാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നതാണ് വില വര്‍ധനയ്ക്ക് കാരണമെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

സെപ്റ്റംബര്‍ 9 നാണ് സ്വര്‍ണവില ആദ്യമായി എണ്‍പതിനായിരം പിന്നിട്ടത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓരോ ദിവസവും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്.

അപകടത്തിൽ അധ്യാപകൻ മരിച്ചു

അപകടത്തിൽ അധ്യാപകൻ മരിച്ചു

കിളിമാനൂർ : സംസ്ഥാനപാതയിൽ കാരേറ്റിനു സമീപം ഉണ്ടായ അപകടത്തിൽ അധ്യാപകൻ മരിച്ചു. ഇളമ്പ സ്കൂളിലെ അധ്യാപകൻ പോത്തൻകോട് വാവറ അമ്പലം മാർക്കറ്റ് റോഡിൽ നിസരി വീട്ടിൽ സുനിൽകുമാർ (54) ആണ് മരിച്ചത്. ഇദ്ദേഹം നിലവിൽ മടവൂർ ചാലാം കോണം ഗീതാ ഭവനിൽ ആണ് താമസിക്കുന്നത്.