ട്വന്റി 20യുടെ പോരാട്ടം ‘ഇന്ത്യ’ മുന്നണിക്കെതിരെ; 60 പഞ്ചായത്തുകളില്‍ മത്സരിക്കും: സാബു എം ജേക്കബ്

ട്വന്റി 20യുടെ പോരാട്ടം ‘ഇന്ത്യ’ മുന്നണിക്കെതിരെ; 60 പഞ്ചായത്തുകളില്‍ മത്സരിക്കും: സാബു എം ജേക്കബ്

കൊച്ചി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ‘ഇന്ത്യ’ മുന്നണിക്കെതിരെയാണ് ട്വന്റി 20 പാര്‍ട്ടി മത്സരിക്കുന്നതെന്ന് പാര്‍ട്ടി അധ്യക്ഷന്‍ സാബു എം ജേക്കബ്. ഒറ്റയ്ക്ക് മത്സരിക്കുന്ന ട്വന്റി20യെ പരാജയപ്പെടുത്താന്‍ ഇടത് വലത് മുന്നണികളിലെ 22 പാര്‍ട്ടികളുടെ കൂട്ടായ്മയായ ‘ഇന്ത്യ മുന്നണി’ പ്രചരിപ്പിക്കുന്ന ഏത് രാഷ്ട്രീയ കളികളും നേരിടാന്‍ പാര്‍ട്ടി തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. കോലഞ്ചേരിയില്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സാബു എം ജേക്കബ്.

വിലക്കയറ്റം പിടിച്ചു നിര്‍ത്തുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ ഇടതു സര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയമാണ്. വിലക്കയറ്റം പിടിച്ചുനിറുത്തുന്നതിന് പകരം കിഴക്കമ്പലത്തെ ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് പൂട്ടിക്കുകയാണ് അവര്‍ ചെയ്തത്. ഇപ്പോള്‍ ശബരിമലയിലെ സ്വര്‍ണം കടത്തിക്കൊണ്ടു പോയിരിക്കുന്നു. അയ്യപ്പസ്വാമി തന്നെ ഇപ്പോള്‍ സുരക്ഷിതനല്ലാത്ത സാഹചര്യമാണ് കേരളത്തിലുള്ളത്. അഴിമതി നടത്താതെ ഭരണം നടത്തുന്ന ട്വന്റി20 പഞ്ചായത്തുകളില്‍ 80 തവണയാണ് പിണറായിയുടെ വിജിലന്‍സ് കയറിയിറങ്ങിയത്.

കിഴക്കമ്പലത്ത് പത്ത് വര്‍ഷവും മറ്റ് പഞ്ചായത്തുകളില്‍ അഞ്ച് വര്‍ഷവും ഭരിച്ചുകഴിഞ്ഞപ്പോള്‍ 50 കോടി രൂപ പഞ്ചായത്തുകളില്‍ മിച്ചം വന്നിട്ടുണ്ടന്നും സാബു എം ജേക്കബ് പറഞ്ഞു. ത്രിതല തെരഞ്ഞെടുപ്പില്‍ 9 ജില്ലകളിലായി 60 പഞ്ചായത്തിലും മൂന്ന് മുനിസിപ്പാലിറ്റികളിലും കൊച്ചി കോര്‍പ്പറേഷനിലും മത്സരിക്കും. 1600 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ടാകും. കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലെ മുഴുവന്‍ സീറ്റിലും സ്ഥാനാര്‍ത്ഥികളുണ്ടാകും. കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലെയും മുഴുവന്‍ സീറ്റിലും ട്വന്റി20 വിജയിക്കുമെന്നും സാബു എം ജേക്കബ് അവകാശപ്പെട്ടു.

പിവി ശ്രീനിജിൻ എംഎൽഎയ്ക്കും സിപിഎം നേതാക്കൾക്കുമെതിരെ ഗുരുതര ആരോപണങ്ങളും സാബു എം ജേക്കബ് ഉന്നയിച്ചു. ട്വന്‍റി20 സ്ഥാനാർത്ഥിയാകാൻ പിവി ശ്രീനിജിൻ സമീപിച്ചിരുന്നു. സിപിഎം നേതാക്കളായ സിഎൻ മോഹനനും, പി രാജീവും റസീറ്റില്ലാതെ പണം വാങ്ങിയെന്നും സാബു എം ജേക്കബ് ആരോപിച്ചു. ട്വന്റി 20 അധികാരത്തിൽ വരുന്ന എല്ലാ പഞ്ചായത്തിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന സൗജന്യ ആംബുലൻസ് സർവീസും സഞ്ചരിക്കുന്ന ആശുപത്രിയും തുടങ്ങും. പൂട്ടിക്കിടക്കുന്ന കിഴക്കമ്പലത്തെ ഭക്ഷ്യസുരക്ഷാമാർക്ക​റ്റ് ഡിസംബർ 20ന് തുറക്കും. ആരോഗ്യ സുരക്ഷ മെഡിക്കൽ സ്‌റ്റോറിന്റെ പ്രവർത്തനം വ്യാപിപ്പിക്കുമെന്നും സാബു എം ജേക്കബ് പറഞ്ഞു.

അതിരപ്പിള്ളിയില്‍ നിയന്ത്രണംവിട്ട കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു; എസ്‌ഐയ്ക്കും കുടുംബത്തിനും പരിക്ക്

അതിരപ്പിള്ളിയില്‍ നിയന്ത്രണംവിട്ട കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു; എസ്‌ഐയ്ക്കും കുടുംബത്തിനും പരിക്ക്

തൃശൂര്‍: ചാലക്കുടി അതിരപ്പിള്ളിയില്‍ നിയന്ത്രണംവിട്ട കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു. കാറിനകത്തുണ്ടായിരുന്ന എട്ട് പേര്‍ക്ക് പരിക്കേറ്റു. മണ്ണുത്തി പൊലീസ് സ്റ്റേഷനിലെ എസ് ഐ ജയേഷ്‌കുമാറും ബന്ധുക്കളും സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്. ആരുടേയും നില ഗുരുതരമല്ല.

ഞായര്‍ വൈകീട്ട് 7ഓടെ അതിരപ്പിള്ളിക്ക് സമീപം സില്‍വര്‍ സ്റ്റോം വാട്ടര്‍ പാര്‍ക്കിന് മുന്നില്‍ വച്ചായിരുന്നു അപകടം. തൃശൂര്‍ സ്വദേശികളായ സംഘം രണ്ട് കാറുകളിലായാണ് അതിരപ്പിള്ളിയിലെത്തിയത്. തിരികെ വരുന്ന വഴി മുന്നിലുണ്ടായിരുന്ന മറ്റൊരു കാറിനെ മറികടക്കുന്നതിനിടെ ഡിവൈഡറില്‍ ഇടിച്ചു. തുടര്‍ന്ന് കാറില്‍ നിന്നും പുക ഉയരുകയും ചെയ്തു. ഇതോടെ നാട്ടുകാരുടെ നേതൃത്വത്തില്‍ കാറിനകത്തുണ്ടായിരുന്നവരെ പുറത്തിറക്കി.

അല്‍പ്പസമയത്തിന് ശേഷം കാറിന് തീപിടിക്കുകയും ചെയ്തു. സില്‍വര്‍ സ്റ്റോമില്‍ നിന്നും ഫയര്‍ എക്സ്റ്റിങ്ഷര്‍ കൊണ്ടുവന്നാണ് തീയണച്ചത്. അപകടത്തില്‍ പരിക്കേറ്റ തൃശൂര്‍ കോട്ടപ്പുറം കിഴുവീട്ടില്‍ ജയേഷ്‌കുമാര്‍(53) ഭാര്യ അജിതകുമാരി(45), മകള്‍ കാജല്‍(18), മണ്ണത്ത് കൃഷ്ണന്‍കുട്ടി ഭാര്യ കുമാരി(65), കൂര്‍ക്കഞ്ചേരി നെടുമ്പുഴ കോഴിപ്പിള്ളി വീട്ടില്‍ രദു മകള്‍ കൃതിക(8), പുറനാട്ടുകാര മണ്ണത്ത് വീട്ടില്‍ രമേഷ്(43), ഭാര്യ വര്‍ഷ(31) മകള്‍ അലംകൃത(10)എന്നിവരെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലും കറുകുറ്റി അപ്പോളോ അഡ്ലക്സ് ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു.

തെരുവുനായ ശല്യത്തിനെതിരായ നാടകത്തിനിടെ കലാകാരനെ നായ കടിച്ചു; നാടകമെന്ന് വിചാരിച്ച് കാണികള്‍

തെരുവുനായ ശല്യത്തിനെതിരായ നാടകത്തിനിടെ കലാകാരനെ നായ കടിച്ചു; നാടകമെന്ന് വിചാരിച്ച് കാണികള്‍

കണ്ണൂര്‍: തെരുവുനായ ശല്യത്തിനെതിരായ തെരുവ് നാടകത്തിനിടെ നാടക കലാകാരന് നേരെ നായയുടെ ആക്രമണം. മയ്യില്‍ കണ്ടക്കൈപ്പറമ്പ് കൃഷ്ണപിള്ള വായനശാല ഞായറാഴ്ച്ച രാത്രി എട്ടിന് സംഘടിപ്പിച്ച ‘പേക്കോലം’ എന്ന ഏകാംഗനാടത്തിന്റെ അവതരണത്തിനിടെയാണ് കലാകാരനെ നായ കടിച്ചത്. നാടക പ്രവര്‍ത്തകന്‍ കണ്ടക്കൈയിലെ പി രാധാകൃഷ്ണനാണ് നായയുടെ കടിയേറ്റത്.

മൈക്കിലൂടെ നായ കുരയ്ക്കുന്നത് പോലെയുള്ള ശബ്ദമുണ്ടാക്കിയതോടെ തെരുവിലുണ്ടായിരുന്ന നായ വേദിയിലേക്ക് കയറി ആക്രമിക്കുകയായിരുന്നു. അരങ്ങിലുണ്ടായിരുന്ന രാധാകൃഷ്ണനെ നായ കടിക്കുകയായിരുന്നു. നാടകത്തിനിടെ നായ ആക്രമണമുണ്ടായപ്പോള്‍ അതും നാടകത്തിന്റെ ഭാഗമാണെന്നായിരുന്നു കാണികള്‍ കരുതിയത്. പിന്നീട് അത് നാടകത്തിന്റെ ഭാഗമല്ലെന്നും തെരുവ് നായ ആക്രമണമാണെന്നും മനസിലാക്കിയ വായനാശാല പ്രവര്‍ത്തകര്‍ രാധാകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നാടകം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്. ഇദ്ദേഹത്തിന്റെ കൈകള്‍ക്കും കാലിനുമാണ് കടിയേറ്റത്. രാധാകൃഷ്ണന്‍ സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

റെക്കോര്‍ഡ് ഭേദിച്ച് കുതിപ്പ്; ഒറ്റയടിക്ക് വര്‍ധിച്ചത് ആയിരം രൂപ, 88,500ന് മുകളില്‍

റെക്കോര്‍ഡ് ഭേദിച്ച് കുതിപ്പ്; ഒറ്റയടിക്ക് വര്‍ധിച്ചത് ആയിരം രൂപ, 88,500ന് മുകളില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്നത് തുടരുന്നു. ഇന്ന് പവന് ആയിരം രൂപയാണ് വര്‍ധിച്ചത്. 88,560 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരിക്കുകയാണ്. ഗ്രാമിന് 125 രൂപയാണ് വര്‍ധിച്ചത്. 11,070 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

സെപ്റ്റംബര്‍ 9 നാണ് സ്വര്‍ണവില ആദ്യമായി എണ്‍പതിനായിരം പിന്നിട്ടത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓരോ ദിവസവും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. കൂടാതെ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിയുന്നതും വില ഉയരാന്‍ കാരണമാകുന്നുണ്ട്.

ഓണം ബംപറടിച്ചത് നെട്ടൂരില്‍ തന്നെ?, കോടീശ്വരന്‍ അജ്ഞാതനായി തുടരും

ഓണം ബംപറടിച്ചത് നെട്ടൂരില്‍ തന്നെ?, കോടീശ്വരന്‍ അജ്ഞാതനായി തുടരും

കൊച്ചി: ഓണം ബംപറിന്റെ ഒന്നാം സമ്മാനമായ 25 കോടി രൂപ നേടിയത് എറണാകുളം നെട്ടൂര്‍ സ്വദേശി തന്നെയെന്ന് റിപ്പോര്‍ട്ടുകള്‍. ലോട്ടറി വിറ്റ ഏജന്‍സി ഉടമയാണ് ഇത് സംബന്ധിച്ച സൂചനകള്‍ നല്‍കിയത്. എന്നാല്‍ സമ്മാന ജേതാവ് ഇപ്പോള്‍ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും ലോട്ടറി വിറ്റ ഏജന്റ് ലതീഷ് പറയുന്നു.

സ്ഥിരമായി ടിക്കറ്റ് എടുക്കുന്ന വ്യക്തിയല്ല, ഓണം ബംപര്‍ സ്‌പെഷ്യല്‍ ആയി എടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. അദ്ദേഹം നെട്ടൂര്‍ സ്വദേശി തന്നെയാണ്. താന്‍ ടിക്കറ്റ് കണ്ടിട്ടില്ല, തന്റെ ഒരു സുഹൃത്തിനെയാണ് ടിക്കറ്റ് കാണിച്ചത് എന്നും ലതീഷ് പറയുന്നു.

ഭഗവതി ലോട്ടറി ഏജന്‍സിയുടെ വൈറ്റിലയിലെ ഏജന്‍സിയില്‍ നിന്നും ഏജന്റ് ലെതീഷ് എടുത്ത് വിറ്റ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം ലഭിച്ചത്. പാലക്കാട് ലോട്ടറി ഓഫിസില്‍ നിന്നാണ് ഏജന്‍സി ലോട്ടറിയെടുത്തത്. നെട്ടൂരില്‍ ടിക്കറ്റ് വില്‍പ്പന നടത്തുന്ന ആളാണ് ലെതീഷ്. ഏജന്‍സിക്ക് രണ്ട് കോടി രൂപ കമ്മീഷനായി ലഭിക്കും.

വാര്‍ത്തകള്‍ പുറത്തുവന്നതോടെ ബംപര്‍ നെട്ടൂരുകാര്‍ക്കു തന്നെ അടിക്കണമെന്നാണ് ആഗ്രഹം എന്ന് ലതീഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഒരു മാസം മുന്‍പായിരുന്നു ലതീഷ് ലോട്ടറി കച്ചവടം ആരംഭിച്ചുത്. പിന്നീടുള്ള ദിവസങ്ങളില്‍ ടിക്കറ്റ് തീരാതെയിരിക്കുമ്പോള്‍ തന്നെ സഹായിക്കാനായി ടിക്കറ്റ് എടുക്കുന്നവരാണ് നെട്ടൂരുകാര്‍. സമ്മാനം തന്റെ മാത്രമല്ല, ടിക്കറ്റ് എടുക്കുന്നവരുടെ കൂടി ഭാഗ്യമാണെന്നും ലതീഷ് പറഞ്ഞിരുന്നു.

പയ്യാമ്പലം തീരത്ത് കൂട്ടത്തോടെ മത്തി; കൈനിറയെ വാരിയെടുക്കാന്‍ ഓടിയെത്തി ജനക്കൂട്ടം

പയ്യാമ്പലം തീരത്ത് കൂട്ടത്തോടെ മത്തി; കൈനിറയെ വാരിയെടുക്കാന്‍ ഓടിയെത്തി ജനക്കൂട്ടം

കണ്ണൂര്‍: പയ്യാമ്പലത്ത് മത്തി ചാകര. ഇന്ന് രാവിലെ 9മണിയോടെയാണ് ചെറിയ മത്തിയുടെ ചാകരയുണ്ടായത്. കൂട്ടമായി കരയ്ക്കടിഞ്ഞ മത്തിപ്പെറുക്കാന്‍ നാട്ടുകാരും വിനോദ സഞ്ചാരികളും മത്സ്യ തൊഴിലാളികളും കൂട്ടത്തോടെയെത്തി.

പലരും സഞ്ചികളില്‍ നിറയെ മത്തിയുമായാണ് മടങ്ങിയത്. ഇതോടെ മത്തി ചാകര കൊയ്യാന്‍ ബോട്ടുകളും പുറംകടലില്‍ എത്തി. ഇതോടെ മത്തി കരയ്ക്കടിക്കുന്നത് കുറഞ്ഞു. പിന്നീട് എത്തിയവര്‍ക്ക് വളരെ കുറിച്ചു മാത്രമേ മത്തി കിട്ടിയിരുന്നുള്ളു. സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധിയാളുകളെത്തിയെങ്കിലും പലര്‍ക്കും വളരെ കുറച്ചു മാത്രമേ ലഭിച്ചിട്ടുള്ളൂ. കടലില്‍ മത്തി പെറുക്കാനെത്തിയവരെ ലൈഫ് ഗാര്‍ഡുമാര്‍ നിയന്ത്രിച്ചു. കൈനിറയെ മത്തിയുമായാണ് ആദ്യമെത്തിയവരില്‍ ചിലര്‍ മടങ്ങിയത്. കുഞ്ഞി മത്തിക്ക് ഒരു കിലോയ്ക്ക് 60 രൂപയാണ് വില.