by Midhun HP News | Oct 1, 2026 | Latest News, കേരളം
മദ്യപിച്ചു വണ്ടിയോടിക്കുന്നവർക്ക് കടുത്ത മുന്നറിയിപ്പുമായി കേരള സർക്കാർ രംഗത്ത്! ഇനി റോഡുകളിൽ മദ്യത്തിന്റെ ലഹരിയിൽ സ്റ്റിയറിങ് പിടിക്കുന്നവർക്ക് എളുപ്പത്തിൽ ജാമ്യം ലഭിക്കില്ല. നിയമലംഘനം നടത്തിയാൽ ഡ്രൈവർമാർക്ക് കമ്പി എണ്ണേണ്ടി വരിക മാത്രമല്ല, അവർ ഓടിച്ച വാഹനങ്ങൾ കണ്ടുകെട്ടുന്നതുൾപ്പെടെയുള്ള കടുത്ത നിയമനടപടികളിലേക്കാണ് സർക്കാർ കടക്കുന്നത്.

റോഡ് സുരക്ഷാ മിഷന്റെ നേതൃത്വത്തിൽ പരിശോധനകൾ കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ചുകഴിഞ്ഞു. റോഡിലെ ജീവനെടുക്കുന്ന ഈ വലിയ വിപത്തിനെതിരെ കർശന നടപടി സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം. സ്വന്തം ജീവനും മറ്റുള്ളവരുടെ സുരക്ഷയും അപകടത്തിലാക്കുന്നവർക്ക് ഇനി പൊലീസിന്റെ ഭാഗത്തുനിന്ന് യാതൊരു ദയയും ലഭിക്കില്ലെന്ന് ചുരുക്കം.

കുറ്റവാളികൾക്ക് കനത്ത പ്രഹരമേൽപ്പിക്കുന്ന ഈ പുതിയ നിയമത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്താണ്? സുരക്ഷിതമായി യാത്ര ചെയ്യാം, ജീവൻ കാക്കാം.


by Midhun HP News | Oct 1, 2026 | Latest News, കേരളം
പാലക്കാട്: കൊഴിഞ്ഞാമ്പാറ മേനോൻപാറയിൽ രണ്ട് പിഞ്ചുമക്കളെ കൊലപ്പെടുത്തിയ കേസിൽ അമ്മ നിവേദ്യയുടെ ഞെട്ടിക്കുന്ന കുറ്റസമ്മത മൊഴി പുറത്ത്. അഞ്ചു വയസ്സുകാരിയായ മകൾ ജനിഫർ ജൂലിയറ്റിനെയും മൂന്നു വയസ്സുകാരനായ മകൻ റോബിൻ ക്രിസ്റ്റിഫറെയും താൻ തന്നെയാണ് കുളിമുറിയിലെ സിമന്റ് ടാങ്കിൽ മുക്കിക്കൊന്നതെന്ന് അറസ്റ്റിലായ നിവേദ്യ പൊലീസിന് മൊഴി നൽകി. മോഡലിങ് രംഗത്തേക്ക് പോകുന്നതിനും തുടർപഠനത്തിനും സ്വന്തമായി സ്വതന്ത്ര ജീവിതം നയിക്കുന്നതിനും കുട്ടികൾ തടസ്സമാണെന്ന് കണ്ടാണ് ഇരുവരെയും ഇല്ലാതാക്കിയതെന്ന് ചോദ്യം ചെയ്യലിൽ നിവേദ്യ സമ്മതിച്ചു.

ചൊവ്വാഴ്ച രാവിലെ കുളിമുറിയിലെ സിമന്റ് ടാങ്കിനരികിൽ നിന്ന് കുട്ടികൾ വെള്ളത്തിൽ കളിക്കുകയായിരുന്നു. ഈ സമയത്താണ് നിവേദ്യ ക്രൂരകൃത്യം നടത്തിയത്. ആദ്യം മൂത്ത മകൾ ജനിഫർ ജൂലിയറ്റിന്റെ തലയിൽ ബലമായി പിടിച്ച് ടാങ്കിലെ വെള്ളത്തിലേക്ക് താഴ്ത്തിപ്പിടിച്ചു. മകൾ പൂർണ്ണമായും ശ്വാസമറ്റ് മരിച്ചുവെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് അടുത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നുവയസ്സുകാരനായ മകൻ റോബിനെ അടുത്തേക്ക് എടുത്തത്. മകനെ ടാങ്കിലെ വെള്ളത്തിലേക്ക് തള്ളിയിട്ട ശേഷം മുതുകിൽ ബലമായി പിടിച്ച് താഴേക്ക് അമർത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് നിവേദ്യ മൊഴി നൽകി.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കുട്ടികളുടെ പിതൃസഹോദരി ബെൻസി പരാതി നൽകിയതിനെത്തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് നിവേദ്യ കുറ്റസമ്മതം നടത്തിയത്. എന്നാൽ നിവേദ്യ നൽകിയ മൊഴി പൂർണ്ണമായി മുഖവിലയ്ക്കെടുക്കാതെ പൊലീസ് ശാസ്ത്രീയ അന്വേഷണം തുടരുകയാണ്.

വീട്ടിലെ സിമന്റ് ടാങ്കിൽ മുക്കാൽ ഭാഗത്തോളം മാത്രമാണ് വെള്ളമുണ്ടായിരുന്നത്. കുട്ടികളുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ മറ്റ് മുറിവുകളോ ബലപ്രയോഗത്തിന്റെ പാടുകളോ ഇല്ലാതിരുന്നതിനാൽ കൊലപാതകത്തിൽ മറ്റാരുടെയെങ്കിലും സഹായമോ പ്രേരണയോ ഉണ്ടായിരുന്നോ എന്ന കാര്യവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതടക്കമുള്ള നടപടികൾ പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.


by Midhun HP News | Oct 1, 2026 | Latest News, കേരളം
കണ്ണൂർ: അമ്മയും സഹോദരനും മരിച്ചപ്പോൾ പോലും തിരിഞ്ഞുനോക്കാതിരുന്നതോടെ നാട്ടുകാരും ബന്ധുക്കളും മരിച്ചെന്ന് കരുതിയ കൊടും ലഹരി ഇടപാടുകാരനെ 13 വർഷത്തിന് ശേഷം സാഹസികമായി പിടികൂടി പൊലീസ്. വിവിധ സ്റ്റേഷനുകളിലെ കഞ്ചാവ് കടത്ത് കേസുകളിൽ പ്രതിയായി പതിമൂന്ന് വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന ഇരിട്ടി മട്ടിണി സ്വദേശി കിഴക്കുമ്പുറം കെ.ടി. ജോസിനെയാണ് (56) കണ്ണൂർ സിറ്റി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം ആന്ധ്രാപ്രദേശിൽ നിന്ന് അറസ്റ്റ് ചെയ്തത്. ലഹരി മാഫിയയെ ലക്ഷ്യമിട്ട് സിറ്റി പൊലീസ് നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായാണ് ആന്ധ്രാപ്രദേശ്–ഒഡീഷ അതിർത്തിയിലെ വിദൂര ഗ്രാമത്തിൽ ഒളിച്ചുതാമസിക്കുകയായിരുന്ന പ്രതിയെ കണ്ടെത്തിയത്.
2012-ൽ ഇരിട്ടി മട്ടിണിയിലെ വാടകവീട്ടിൽനിന്ന് എട്ട് കിലോ കഞ്ചാവ് പിടികൂടിയ കേസിലാണ് ജോസ് ആദ്യം അറസ്റ്റിലാകുന്നത്. തുടർന്ന് ജാമ്യത്തിലിറങ്ങിയ പ്രതി നാടുവിടുകയായിരുന്നു. കണ്ണൂർ ടൗൺ, തലശ്ശേരി, ഇരിട്ടി, ഉളിക്കൽ, പാലക്കാട് ടൗൺ സൗത്ത് എന്നീ പൊലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ വൻതോതിലുള്ള കഞ്ചാവ് കടത്തിന് കേസുകൾ നിലവിലുണ്ട്. വിചാരണയ്ക്ക് ഹാജരാകാതെ വർഷങ്ങളോളം മുങ്ങിനടന്നതോടെ കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
ജാമ്യത്തിലിറങ്ങി മുങ്ങിയ ശേഷം ജോസ് ഒരിക്കൽപ്പോലും നാട്ടിലേക്ക് എത്തിയിരുന്നില്ല. മാതാവും സഹോദരനും മരിച്ച ഘട്ടത്തിൽ പോലും ഇയാൾ വരാതിരുന്നതോടെ ജോസ് മരണപ്പെട്ടിരിക്കാമെന്ന നിഗമനത്തിലായിരുന്നു ബന്ധുക്കളും നാട്ടുകാരും. എന്നാൽ കണ്ണൂർ റേഞ്ച് ഡിഐജി കെ. കാർത്തിക്, സിറ്റി പൊലീസ് കമ്മീഷണർ വിജയ് ഭാരത് റെഡ്ഡി എന്നിവരുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക സംഘം പ്രതിക്കായി അന്വേഷണം തുടർന്നു. ഒളിവിൽ പോകുന്നതിന് മുമ്പ് ജോസ് ജോലി ചെയ്തിരുന്ന സ്ഥലങ്ങളും പഴയ സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാൾ വയനാട്, പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്നതായി കണ്ടെത്തി.

തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് സംഘത്തെ ആന്ധ്രാപ്രദേശിലേക്ക് നയിച്ചത്. ആന്ധ്രാപ്രദേശ്–ഒഡീഷ അതിർത്തി ഗ്രാമത്തിൽ ചിക്കൻ ഫാം നടത്തുന്ന ഒരാളെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് പൊലീസ് സംഘം അവിടെയെത്തി. ‘കൊറ ജോഷ് ബാബു’ എന്ന വ്യാജ പേര് സ്വീകരിച്ച് തെലുങ്ക് ഭാഷയും പ്രാദേശിക ജീവിതരീതികളും ശീലിച്ച് ആ നാട്ടുകാരനായി കഴിയുകയായിരുന്നു ജോസ്. ദിവസങ്ങളോളം വേഷംമാറി നിരീക്ഷണം നടത്തിയ ശേഷം വീടുവളഞ്ഞാണ് പൊലീസ് സംഘം ഇയാളെ കീഴ്പ്പെടുത്തിയത്. ചോദ്യം ചെയ്യലിൽ ഇയാൾ യഥാർത്ഥ വ്യക്തിത്വം തുറന്നുസമ്മതിക്കുകയായിരുന്നു.

കണ്ണൂർ നാർക്കോട്ടിക് സെൽ എസിപി വി.വി. മനോജ്, കണ്ണൂർ എസിപി എം.പി. ആസാദ് എന്നിവരുടെ നേതൃത്വത്തിൽ എസ്ഐമാരായ വിനോദ്, ഷാജി, എഎസ്ഐമാരായ രാജീവൻ, സ്നേഹേഷ്, സജിത്ത്, ലെവൻ, സിപിഒമാരായ നാസർ, അനൂപ്, ഷംസീർ അഹമ്മദ് എന്നിവരടങ്ങിയ സംഘമാണ് ദൗത്യം പൂർത്തിയാക്കിയത്. നടപടികൾ പൂർത്തിയാക്കിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


by Midhun HP News | Oct 1, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില 1,10,000ല്‍ താഴെ തന്നെ. ഇന്ന് പവന് 240 രൂപയാണ് കുറഞ്ഞത്. 1,09,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 30 രൂപയാണ് കുറഞ്ഞത്. 13,680 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഡോളര്‍ ശക്തിയാര്‍ജിച്ചതും പണപ്പെരുപ്പനിരക്ക് കുറയ്ക്കാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കൂട്ടിയതും അമേരിക്കന്‍ സമ്പദ് വ്യവസ്ഥ ഉണര്‍വിലാണ് എന്ന റിപ്പോര്‍ട്ടുകളും എണ്ണവിലയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 100 ഡോളറിന് താഴെയാണ്. അമേരിക്കയില്‍ ബോണ്ട് യീല്‍ഡ് വര്‍ധിച്ചതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

അമേരിക്ക- ഇറാന്‍ സംഘര്‍ഷാവസ്ഥ അവസാനിക്കുന്നതുമായി ബന്ധപ്പെട്ട് അനിശ്ചിതാവസ്ഥ തുടരുന്നതും ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണ വിതരണത്തിലെ പ്രതിസന്ധിയും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്.
ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.


by Midhun HP News | Oct 1, 2026 | Latest News, കേരളം
പാലക്കാട്: മോഡലിങിന് പോകാന്‍ ആഗ്രഹിച്ചിരുന്നെന്നും ഇതിനു തടസ്സമാകുമെന്ന് കരുതിയതിനാലാണ് മക്കളെ കൊലപ്പെടുത്തിയതെന്നും മാതാവ് നിവേദ്യയുടെ മൊഴി. പഠിക്കാനും ആഗ്രഹിച്ചിരുന്നു. കുട്ടികളെ നോക്കേണ്ടതിനാല്‍ അതിനു കഴിഞ്ഞില്ലെന്നും മൊഴിയുണ്ട്. എന്നാല്‍ ഇക്കാര്യങ്ങള്‍ പൊലീസ് പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ല.

കുട്ടികള്‍ ഉള്ളത് സ്വതന്ത്രമായി ജീവിക്കുന്നതിന് തടസ്സമായതിനാലാണ് ക്രൂരകൃത്യം ചെയ്തതെന്നാണ് നിവേദ്യ പൊലീസിന് നല്‍കിയ മൊഴി. കുട്ടികളേക്കുറിച്ചും ഭര്‍ത്താവിനേക്കുറിച്ചും പലരും അപവാദങ്ങള്‍ പറഞ്ഞിരുന്നെന്നും കുട്ടികള്‍ തന്റേതല്ലെന്ന രീതിയില്‍ പ്രചരിപ്പിച്ചിരുന്നെന്നും നിവേദ്യ പൊലീസിനോട് പറഞ്ഞു. കുട്ടികളെ കൊലപ്പെടുത്തി താനും ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നുവെന്നും നിവേദ്യ ചോദ്യം ചെയ്യലില്‍ പറഞ്ഞു.
ജോണ്‍ കുമാര്‍ – നിവേദ്യ ദമ്പതികളുടെ മക്കളായ ജെന്നിഫര്‍ ജൂലിയറ്റ് (5), റോബിന്‍ ക്രിസ്റ്റഫര്‍ (3) എന്നിവരാണ് കൊല്ലപ്പെട്ടത്. വെള്ളത്തൊട്ടിയില്‍ മുക്കി കുട്ടികളെ കൊന്നത് താനാണെന്ന് നിവേദ്യ പൊലീസിനോട് സമ്മതിച്ചു. ദമ്പതികള്‍ തമ്മില്‍ സ്ഥിരം വഴക്കായിരുന്നു എന്ന് അയല്‍വാസികള്‍ പൊലീസിനോട് പറഞ്ഞു. നിവേദ്യ അമിതമായി ഫോണ്‍ ഉപയോഗിക്കുന്നതിനെ ജോണ്‍ കുമാര്‍ എതിര്‍ത്തിരുന്നു. കൊലപാതകത്തിന് മറ്റ് കാരണങ്ങള്‍ ഉണ്ടോ എന്നറിയാന്‍ നിവേദ്യയുടെ ഫോണ്‍ പൊലീസ് വിശദമായി പരിശോധിക്കും.

വിറകുവെട്ടു തൊഴിലാളിയായ ജോണ്‍കുമാറും കുടുംബവും രണ്ടുമാസം മുന്‍പാണ് കൂരാങ്കാട്ടില്‍ താമസത്തിനെത്തിയത്. ചൊവ്വാഴ്ച രാവിലെ ജോണ്‍കുമാര്‍ പണിക്കുപോയി. നിവേദ്യയും മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിനു മുന്‍വശത്ത് ചെറിയ പണികള്‍ ചെയ്തുകൊണ്ടിരുന്ന നിവേദ്യ ഏറെ നേരമായി കുട്ടികളുടെ ശബ്ദം കേള്‍ക്കാതിരുന്നതിനെത്തുടര്‍ന്ന് അന്വേഷിച്ചെന്നാണ് ആദ്യം മൊഴിനല്‍കിയത്. സമീപവീടുകളിലുള്‍പ്പെടെ പോയി നോക്കിയെങ്കിലും കണ്ടെത്താനായില്ലെന്നും തുടര്‍ന്ന് വീട്ടുമുറ്റത്തെ കുളിമുറിയില്‍ നോക്കിയപ്പോഴാണ് ഇരുവരും തൊട്ടിയിലെ വെള്ളത്തില്‍ ചലനമറ്റു കിടക്കുന്നതു കണ്ടതെന്നുമാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്.


by Midhun HP News | Oct 1, 2026 | Latest News, കേരളം
കാസര്‍കോട്: കേരളത്തിന്റെ കടുത്ത എതിര്‍പ്പുകളും പ്രതിഷേധങ്ങളും മറികടന്ന്, മംഗളൂരുവിന് ദക്ഷിണ റെയില്‍വേയുമായുള്ള നൂറ്റാണ്ട് പഴക്കമുള്ള ബന്ധം ഇന്ന് പൂര്‍ണമായി അവസാനിക്കും. വ്യാഴാഴ്ച മുതല്‍ മംഗളൂരു മേഖല സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ മൈസൂരു ഡിവിഷന്റെ ഭാഗമായി മാറും. മംഗളൂരു സ്വദേശികളുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് ഇതോടെ യാഥാര്‍ഥ്യമാകുന്നത്. സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയ്ക്ക് കീഴിലാകുന്നതോടെ മംഗളൂരു മേഖലയിലെ ഭരണം കുറച്ചുകൂടി എളുപ്പത്തിലാകും എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വിഭജനം പിന്‍വലിക്കാന്‍ റെയില്‍വേ വിസമ്മതിച്ചത്.
ബുധനാഴ്ചയോടെ റെയില്‍വേ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം മൈസൂരു ഡിവിഷന് കൈമാറി. സെപ്റ്റംബര്‍ 28, 29 തീയതികളില്‍ രണ്ടുദിവസത്തെ മേല്‍നോട്ടത്തിന് ശേഷം റെയില്‍വേ കണ്‍ട്രോളര്‍മാര്‍ പ്രവര്‍ത്തനങ്ങളുടെ പൂര്‍ണ ചുമതലയേറ്റെടുത്തു. ഭരണപരമായ കാര്യങ്ങളുടെ കൈമാറ്റം കൂടി പൂര്‍ത്തിയാകുന്നതോടെ നടപടികള്‍ പൂര്‍ണമാകും.
ഇന്നുമുതല്‍ കര്‍ണാടകയിലെ ദക്ഷിണ കന്നഡയിലുള്ള ഉല്ലാള്‍ സ്റ്റേഷനിലേക്കുള്ള പാതയായിരിക്കും ദക്ഷിണ റെയില്‍വേയുടെ വടക്കന്‍ അതിര്‍ത്തി. ഓഗസ്റ്റ് 21നാണ് മംഗളൂരു സെന്‍ട്രല്‍, മംഗളൂരു ജങ്ഷന്‍ ടെര്‍മിനലുകള്‍, ഗുഡ്സ് ഷെഡ്, മാര്‍ഷലിങ് യാര്‍ഡുകള്‍, ഏകദേശം 38 റൂട്ട് കിലോമീറ്റര്‍ പാത എന്നിവയെ ദക്ഷിണ റെയില്‍വേയുടെ പാലക്കാട് ഡിവിഷനില്‍ നിന്ന് വേര്‍പെടുത്തി റെയില്‍വേ ബോര്‍ഡ് ഉത്തരവിറക്കിയത്.
2024ല്‍ ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നെങ്കിലും, കേന്ദ്രത്തിന്റെ പെട്ടെന്നുള്ള ഉത്തരവും ഏതാനും മണിക്കൂറുകള്‍ക്കകം വന്ന ഗസറ്റ് വിജ്ഞാപനവും സംസ്ഥാന സര്‍ക്കാരിനെയും ജനപ്രതിനിധികളെയും അമ്പരപ്പിച്ചു. ദക്ഷിണ കന്നഡ എംപി ബ്രിജേഷ് ചൗട്ടയുടെ വലിയ രാഷ്ട്രീയ വിജയമായാണ് കന്നഡ മേഖലയില്‍ ഇത് ആഘോഷിക്കപ്പെടുന്നത്. ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സെപ്റ്റംബര്‍ 21ന് അവസാനവട്ട ശ്രമമെന്ന നിലയില്‍ എംപിമാര്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ടെങ്കിലും 2014ന് ശേഷം സംസ്ഥാനത്ത് നടപ്പിലാക്കിയ റെയില്‍വേ വികസനങ്ങളെക്കുറിച്ച് സംസാരിക്കുക മാത്രമാണ് മന്ത്രി ചെയ്തത്.
റെയില്‍വേ മന്ത്രാലയത്തിന്റെ പിടിവാശി മലബാറിലെ റെയില്‍വേ യാത്രക്കാരുടെ കൂട്ടായ്മകളില്‍ വന്‍ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്. വിഭജനം മൂലമുണ്ടാകുന്ന നഷ്ടം നികത്താന്‍ മലബാറിലെ റെയില്‍വേ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള പ്രത്യേക പാക്കേജ് ആവശ്യപ്പെടാന്‍ സംഘടനകള്‍ എം.പിമാരോട് ആവശ്യപ്പെട്ടു. റെയില്‍വേ മാപ്പ് പുനര്‍നിര്‍ണയിച്ചതോടെ പാലക്കാട് ഡിവിഷന് പ്രതിവര്‍ഷം 1,650 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകും. അതേസമയം, മലബാറില്‍ കൂടുതല്‍ ടെര്‍മിനല്‍ സൗകര്യങ്ങള്‍ വികസിപ്പിക്കാനും, ലഭ്യമായ സ്റ്റേഷനുകള്‍ ഉപയോഗിച്ച് വരുമാനം വര്‍ധിപ്പിക്കാനും ദക്ഷിണ റെയില്‍വേ ഇനി ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ജീവനക്കാരെ പുനര്‍വിന്യസിച്ചു
പുനഃസംഘടനയുടെ ഭാഗമായി മംഗളൂരു ജങ്ഷനിലെ റണ്ണിങ് ക്രൂവിനെ ദക്ഷിണ റെയില്‍വേ കണ്ണൂര്‍, കോഴിക്കോട് സ്റ്റേഷന്‍ ഡിപ്പോകളിലേക്ക് മാറ്റി. സെപ്റ്റംബര്‍ 23ലെ ഉത്തരവ് പ്രകാരം 10 സെറ്റ് ഗുഡ്സ് ട്രെയിന്‍ ക്രൂവിനെ കണ്ണൂരിലേക്കും 28 സെറ്റുകളെ കോഴിക്കോട്ടേക്കും മാറ്റി. കൂടാതെ 10 ട്രെയിന്‍ മാനേജര്‍മാരെ കണ്ണൂരിലേക്കും 9 പേരെ കോഴിക്കോട്ടേക്കും പുനര്‍വിന്യസിച്ചിട്ടുണ്ട്.
അവസാനിക്കുന്ന ചരിത്രബന്ധം
ഇന്ത്യന്‍ റെയില്‍വേയിലെ ചുരുക്കം ചില ‘ഡെഡ്-എന്‍ഡ്’ ടെര്‍മിനലുകളില്‍ ഒന്നാണ് മംഗളൂരു സെന്‍ട്രല്‍. ചരിത്രപ്രസിദ്ധമായ മദ്രാസ്-മംഗലാപുരം റെയില്‍വേ ലൈന്‍ ഔദ്യോഗികമായി അവസാനിച്ചിരുന്നത് ഈ സ്റ്റേഷനിലായിരുന്നു.
1907ല്‍ മദ്രാസ് റെയില്‍വേ കമ്പനിയാണ് മംഗളൂരു സെന്‍ട്രല്‍ (അന്ന് മംഗലാപുരം റെയില്‍വേ സ്റ്റേഷന്‍) തുറന്നത്. ‘മദ്രാസില്‍ നിന്ന് 550 മൈല്‍’ എന്ന് രേഖപ്പെടുത്തിയ ചരിത്രപരമായ നാഴികക്കല്ല് ഇന്നും ഈ സ്റ്റേഷന്റെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലുണ്ട്.
ബ്രിട്ടീഷ് മലബാറിനെയും ദക്ഷിണ കന്നഡയുടെ തീരദേശ ജില്ലകളെയും നേരിട്ട് മദ്രാസുമായി ബന്ധിപ്പിച്ചിരുന്ന ഈ പാത ഇരുപ്രദേശങ്ങളും തമ്മിലുള്ള വലിയ രീതിയിലുള്ള വ്യാപാര-സാംസ്‌കാരിക ബന്ധങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

1915ല്‍ ‘കങ്കനാടി’ എന്ന പേരില്‍ പ്രവര്‍ത്തനം തുടങ്ങിയ മംഗളൂരു ജങ്ഷന്‍, 1993ല്‍ കൊങ്കണ്‍ റെയില്‍വേ പാതയും 2007ല്‍ മംഗളൂരു-ബംഗളൂരു പാതയും പൂര്‍ത്തിയായതോടെയാണ് പ്രമുഖ ടെര്‍മിനലായി മാറിയത്. 2007ല്‍ മംഗളൂരു ജങ്ഷന്‍ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ട സ്റ്റേഷന്‍ 2023നും 2025നും ഇടയില്‍ വന്‍തോതില്‍ നവീകരിച്ചിരുന്നു.


Recent Comments