വൈദ്യുതി കുടിശ്ശിക ഉണ്ടോ?, വന്‍ഇളവ് പ്രഖ്യാപിച്ച് കെഎസ്ഇബി; ഒറ്റത്തവണ തീര്‍പ്പാക്കല്‍ ഒക്ടോബര്‍ 31 വരെ

വൈദ്യുതി കുടിശ്ശിക ഉണ്ടോ?, വന്‍ഇളവ് പ്രഖ്യാപിച്ച് കെഎസ്ഇബി; ഒറ്റത്തവണ തീര്‍പ്പാക്കല്‍ ഒക്ടോബര്‍ 31 വരെ

തിരുവനന്തപുരം: ദീര്‍ഘകാല വൈദ്യുതി കുടിശ്ശിക തീര്‍ക്കാന്‍ ഉപഭോക്താക്കള്‍ക്ക് വമ്പിച്ച ഇളവ് പ്രഖ്യാപിച്ച് കെഎസ്ഇബി. കുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ രണ്ടു വര്‍ഷത്തിനുമേല്‍ പഴക്കമുള്ള കുടിശ്ശികകള്‍ അനായാസം അടച്ചുതീര്‍ക്കാമെന്ന് കെഎസ്ഇബി അറിയിച്ചു. ഒക്ടോബര്‍ 31 വരെയാണ് അവസരം.

10 കൊല്ലത്തിനുമേല്‍ പഴക്കമുള്ള കുടിശ്ശിക തുകയുടെ 18 ശതമാനം നിരക്കില്‍ വരുന്ന പലിശ എട്ടു ശതമാനമായി കുറയും. 5 മുതല്‍ 10 വര്‍ഷം വരെയുള്ള കുടിശ്ശിക തുകയ്ക്ക് 18 ശതമാനത്തിനു പകരം ഏഴു ശതമാനം പലിശ നല്‍കിയാല്‍ മതിയാകും. രണ്ടു മുതല്‍ അഞ്ചു വര്‍ഷം വരെയുള്ള കുടിശ്ശിക തുകയ്ക്ക് 18 ശതമാനത്തിനു പകരം 6 ശതമാനം മാത്രമായിരിക്കും പലിശ. പലിശ തുക ആറു മാസത്തെ തുല്യഗഡുക്കളായി അടയ്ക്കാനും അവസരമുണ്ടെന്നും കെഎസ്ഇബി വ്യക്തമാക്കി.

കുടിശ്ശികയായ വൈദ്യുതി ബില്‍ തുകയും പദ്ധതിയുടെ ഭാഗമായി ഇളവു കണക്കാക്കിയുള്ള പലിശ തുകയും ചേര്‍ത്ത് ഒറ്റത്തവണയായി അടച്ചുതീര്‍ക്കുന്നവര്‍ക്ക് ബില്‍ കുടിശ്ശികയില്‍ (Principal Amount) അഞ്ചു ശതമാനം അധിക ഇളവും ലഭിക്കും. റവന്യൂ റിക്കവറി നടപടികള്‍ പുരോഗമിക്കുന്നതോ, കോടതി വ്യവഹാരത്തിലുള്ളതോ ആയ കുടിശ്ശികകളും കേബിള്‍ ടിവി ഉടമകളുടെ വൈദ്യുതി പോസ്റ്റ് വാടക കുടിശ്ശികയും നിബന്ധനകള്‍ക്ക് വിധേയമായി ഈ പദ്ധതിയിലൂടെ തീര്‍പ്പാക്കാന്‍ കഴിയും. ലോ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് അതത് സെക്ഷന്‍ ഓഫീസിലും ഹൈ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് സ്പെഷ്യല്‍ ഓഫീസര്‍ റവന്യൂ കാര്യാലയത്തിലുമാണ് ഈ സേവനം ലഭ്യമാവുകയെന്നും കെഎസ്ഇബി അറിയിച്ചു. https://ots.kseb.in എന്ന പ്രത്യേക വെബ്പോര്‍ട്ടല്‍ വഴിയും കുടിശ്ശികയുടെ വിശദാംശങ്ങള്‍ അറിയാനും പണമടയ്ക്കാനും അവസരമൊരുക്കുമെന്നും കെഎസ്ഇബി വ്യക്തമാക്കി.

കാലടി പാലം അറ്റകുറ്റപ്പണി ഇന്നു രാത്രി മുതല്‍; 10 മുതല്‍ രാവിലെ ആറുവരെ വാഹനം കടത്തി വിടില്ല, അറിയാം ബദൽ വഴികൾ

കാലടി പാലം അറ്റകുറ്റപ്പണി ഇന്നു രാത്രി മുതല്‍; 10 മുതല്‍ രാവിലെ ആറുവരെ വാഹനം കടത്തി വിടില്ല, അറിയാം ബദൽ വഴികൾ

കൊച്ചി: കാലടിയിലെ നിലവിലുള്ള പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ ഇന്ന് രാത്രി ആരംഭിക്കും. 14 വരെ രാത്രികളിലാണ് പണികള്‍. ഈ ദിവസങ്ങളില്‍ 11-ാം തീയതി ഒഴികെ രാത്രി 10 മുതല്‍ രാവിലെ ആറുവരെ പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായി നിരോധിക്കും. കര്‍ക്കടക വാവ് പ്രമാണിച്ച് 11ന് രാത്രി പാലത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടാകില്ലെന്ന് മനോജ് മൂത്തേടന്‍ എംഎല്‍എ അറിയിച്ചു.

മറ്റു ദിവസങ്ങളില്‍ രാത്രി നിരോധന സമയത്ത് അങ്കമാലി ഭാഗത്ത് നിന്ന് എംസി റോഡ് വഴി പോകേണ്ട വലിയ വാഹനങ്ങള്‍ ആലുവ- പെരുമ്പാവൂര്‍ വഴിയും പെരുമ്പാവൂരില്‍ നിന്ന് തിരികെ ഇതേവഴിയും പോകണം. അങ്കമാലി ഭാഗത്ത് നിന്നുള്ള ചെറുവാഹനങ്ങള്‍ക്ക് കാലടിക്കടുത്ത് മറ്റൂരില്‍ നിന്ന് ഇടത്തോട്ടു തിരിഞ്ഞ് മലയാറ്റൂര്‍- കോടനാട് പാലം, വല്ലം വഴിയും ഇതുവഴി തന്നെ തിരികെയും പോകാവുന്നതാണ്.

മൂവാറ്റുപുഴ, പെരുമ്പാവൂര്‍ ഭാഗത്ത് നിന്ന് കൊച്ചി വിമാനത്താവളത്തിലേക്കുള്ള വാഹനങ്ങള്‍ പെരുമ്പാവൂരിനും കാലടിക്കും ഇടയില്‍ വല്ലം ജംഗ്ഷനില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് വല്ലംകടവ്- പാറപ്പുറം പാലം, കാഞ്ഞൂര്‍ വഴി പോകണം. തിരിച്ചും ഈ വഴി ഉപയോഗിക്കാവുന്നതാണ്.

നിപയില്‍ നിന്ന് പൂര്‍ണ മുക്തി; മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന 43കാരന്‍ വീട്ടിലേക്ക് മടങ്ങി

നിപയില്‍ നിന്ന് പൂര്‍ണ മുക്തി; മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന 43കാരന്‍ വീട്ടിലേക്ക് മടങ്ങി

കോഴിക്കോട്: നിപ രോഗബാധയെ തുടര്‍ന്ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഫറോക്ക് സ്വദേശിയായ 43കാരന്‍ പൂര്‍ണ രോഗമുക്തി നേടി വെള്ളിയാഴ്ച ആശുപത്രി വിട്ടു. ജൂണ്‍ 11ന് പുലര്‍ച്ചെയാണ് ഇദ്ദേഹത്തെ ഐസൊലേഷന്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചത്. രോഗം സ്ഥിരീകരിച്ച സമയത്ത് അതീവ ഗുരുതര നിലയിലായിരുന്ന ഇദ്ദേഹം ഒന്നര മാസത്തോളം വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയത്. തുടര്‍ന്ന് ആരോഗ്യനില മെച്ചപ്പെട്ടതോടെ ജൂലൈ 4ന് ട്രാന്‍സിറ്റ് ഐസിയുവിലേക്കും, പിന്നീട് മുറിയിലേക്കും മാറ്റിയിരുന്നു.

നിലവില്‍ രോഗിക്ക് പൂര്‍ണ ബോധമുണ്ട്. മറ്റുള്ളവരുടെ സഹായമില്ലാതെ നടക്കാന്‍ സാധിക്കുന്നുണ്ട്. സ്‌കാനിങ്ങില്‍ തലച്ചോറിലെ തകരാറുകള്‍ കുറഞ്ഞതായും ഓര്‍മശക്തി സാധാരണ നിലയിലായതായും ഡോക്ടര്‍മാര്‍ അറിയിച്ചു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍, സൂപ്രണ്ട് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചാണ് ചികിത്സ ഏകോപിപ്പിച്ചത്. ആരോഗ്യമന്ത്രിയുടെ പ്രത്യേക ഇടപെടലിലൂടെ ബഹ്റൈനില്‍ നിന്നാണ് ആവശ്യമായ റെംഡിസിവര്‍ മരുന്ന് എത്തിച്ചത്.

സര്‍ക്കാരിന്റെയും ജനപ്രതിനിധികളുടെയും ജില്ലാ ഭരണകൂടത്തിന്റെയും ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരുടെയും ഭാഗത്തുനിന്ന് ലഭിച്ച മികച്ച പിന്തുണയ്ക്ക് രോഗിയും കുടുംബവും നന്ദി അറിയിച്ചു.

സ്വര്‍ണവില റെക്കോര്‍ഡ് തിരുത്തുമോ?, ഒറ്റയടിക്ക് 800 രൂപ കൂടി

സ്വര്‍ണവില റെക്കോര്‍ഡ് തിരുത്തുമോ?, ഒറ്റയടിക്ക് 800 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു. പവന് ഒറ്റയടിക്ക് 800 രൂപ വര്‍ധിച്ച് 1,12,000ലേക്ക് അടുക്കുകയാണ് സ്വര്‍ണവില. 1,11,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ പുതിയ വില. ഗ്രാമിന് ആനുപാതികമായി നൂറ് രൂപയാണ് കൂടിയത്. 13,965 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. നാലുദിവസത്തിനിടെ ആറായിരം രൂപയുടെ വര്‍ധനയാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിച്ചതോടെയാണ് കേരളത്തിലും വില കുതിച്ചത്. രാജ്യാന്തര വിപണിയില്‍ ജനുവരിയ്ക്കു ശേഷമുള്ള ഏറ്റവും വലിയ കയറ്റത്തിലാണ് സ്വര്‍ണ വില. ഈ ആഴ്ച ഇതിനോടകം ഏഴു ശതമാനത്തോളമാണ് വില വര്‍ധിച്ചത്. ആഗോള വിപണിയില്‍ എണ്ണവില കുറഞ്ഞതും പലിശനിരക്കില്‍ മാറ്റം വരുത്താതെ യുഎസ് കേന്ദ്ര ബാങ്ക് പ്രഖ്യാപിച്ച പണ, വായ്പ നയ പ്രഖ്യാപനവുമാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്.

വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് സംസ്ഥാനത്തെ വിലയില്‍ വ്യതിയാനങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

മദ്യപിച്ച് വാഹനം ഓടിച്ച കേസ്: ഹെലന്‍ ഓഫ് സ്പാര്‍ട്ടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

മദ്യപിച്ച് വാഹനം ഓടിച്ച കേസ്: ഹെലന്‍ ഓഫ് സ്പാര്‍ട്ടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

കാസര്‍കോട്: മദ്യപിച്ച് വാഹനമോടിച്ച കേസില്‍ യൂട്യൂബര്‍ എസ് ആര്‍ ധന്യയുടെ ( ഹെലന്‍ ഓഫ് സ്പാര്‍ട്ട) ഡ്രൈവിങ് ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കി. മദ്യപിച്ച് അപകടം ഉണ്ടാക്കുന്നവിധം വാഹനമോടിച്ചതിനാണ് നടപടി. മൂന്ന് മാസത്തേക്കാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്. മോട്ടോര്‍ വാഹന വകുപ്പിന്റെ മൂന്നുദിവസത്തെ പരിശീലന ക്ലാസിലും ധന്യ പങ്കെടുക്കണം.

കഴിഞ്ഞ മാസം ദേശീയപാതയില്‍ കാസര്‍കോട് അണങ്കൂരിലായിരുന്നു സംഭവം. മദ്യപിച്ച് വാഹനമോടിച്ചതിനു ധന്യയ്‌ക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. അപകടകരമായ രീതിയില്‍ ധന്യയുടെ കാര്‍ ദേശീയപാതയില്‍ നിര്‍ത്തിയിട്ടത് കണ്ടാണ് പൊലീസ് പരിശോധനയ്‌ക്കെത്തിയത്. എന്നാല്‍, പൊലീസ് എത്തിയതോടെ കാര്‍ അമിതവേഗത്തില്‍ ഓടിച്ചുപോയി എന്നാണ് ആരോപണം. പിന്നീട് മംഗല്‍പാടി ബന്തിയോട് ഭഗവതി നഗറില്‍വച്ച് പൊലീസ് കാര്‍ പരിശോധിച്ചതോടെയാണ് ധന്യ മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിനു പിന്നാലെ താന്‍ ബിയര്‍ കഴിച്ചിരുന്നതായി ധന്യ സമ്മതിച്ചിരുന്നു.

‘വാഹനത്തില്‍ എംഡിഎംഎ ആയിരുന്നുവെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണ്. ആളുകള്‍ തിരിച്ചറിയും എന്നതിനാലാണ് പരിശോധനയ്ക്കിടെ വാഹനം നിര്‍ത്താതെ പോയത്. എന്നാല്‍ ഞാന്‍ ഒളിവിലാണെന്നും എന്റെ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തെന്നും വാര്‍ത്ത കണ്ടു. വണ്ടിയില്‍ നിന്നും എംഡിഎംഎ പിടിച്ചെന്നും ചിലര്‍ പറയുന്നു. എന്നോട് ക്ഷമിക്കണം. ഒരു പരിപാടിക്കിടയില്‍ ഒരു ബിയര്‍ അടിച്ചിരുന്നു. വണ്ടി ഓടിക്കാന്‍ പാടില്ലായിരുന്നു. എന്റെ വീടിന്റെ മുന്നിലാണ് വാഹനം നിര്‍ത്തിയത്. മദ്യപിച്ചിരുന്നോയെന്ന് പൊലീസ് ചോദിച്ചു. അതെയെന്ന് സമ്മതിക്കുകയും ചെയ്തു. ഊതിയപ്പോള്‍ അത് തെളിയുകയും ചെയ്തു.

കോടതിയില്‍ പെറ്റിയടച്ചാല്‍ മതിയെന്ന് വളരെ വ്യക്തമായി പറഞ്ഞു. ഞാനും കൂടി ആലോചിക്കേണ്ടതായിരുന്നു. എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ ഖേദിച്ചിട്ട് കാര്യമില്ല. കാര്യങ്ങളുടെ ഗൗരവം പറഞ്ഞുതന്ന് പൊലീസ് പോയി. വാഹനം പിടിച്ചുകൊണ്ടുപോയിട്ടില്ല. ഒരു സാധാരണ വ്യക്തിക്ക് മദ്യപിച്ച് വണ്ടിയോടിച്ചതിനു പെറ്റി എങ്ങനെയാണോ വരുന്നത് ആ പെറ്റി ആണ് എനിക്ക് വന്നിട്ടുള്ളത്. സ്പാര്‍ട്ട ഉപയോഗിച്ചത് മദ്യമല്ലെന്ന് ചിലരെങ്കിലും കമന്റ്ബോക്സില്‍ പറഞ്ഞിരുന്നു. 3,550 രൂപ കൊടുത്ത് ഡ്രഗ് ആന്‍ഡ് ആല്‍ക്കഹോള്‍ പരിശോധന നടത്തി. അയ്യപ്പ ബൈജുവൊന്നുമല്ല ഞാന്‍. ഇനി ആവര്‍ത്തിക്കില്ല. എന്റെ ഭാഗത്താണ് തെറ്റ്. അയാം വെരി വെരി സോറി’- സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോയില്‍ ധന്യ പറയുന്നു.

ഇരട്ട ചക്രവാതച്ചുഴി: ഏഴ് ജില്ലകളില്‍ തീവ്രമഴ, ഓറഞ്ച് അലര്‍ട്ട്

ഇരട്ട ചക്രവാതച്ചുഴി: ഏഴ് ജില്ലകളില്‍ തീവ്രമഴ, ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയ്ക്ക് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് തീവ്രമഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഗംഗാതീര പശ്ചിമ ബംഗാളിനും ബംഗ്ലാദേശിനും മുകളില്‍ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. വരുംമണിക്കൂറുകളില്‍ ചക്രവാതച്ചുഴി ഗംഗംഗാതീര- പശ്ചിമ ബംഗാളിനും വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളില്‍ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. ഇതിന് പുറമേ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് മഴ ലഭിക്കുന്നതെന്നും കാലാവസ്ഥ വകുപ്പിന്റെ പ്രവചനത്തില്‍ പറയുന്നു.