by Midhun HP News | Aug 25, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡീഷ- പശ്ചിമ ബംഗാള്‍ തീരത്തിനു സമീപം പുതിയ ന്യുനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്നും ഇതിന്റെ സ്വാധീനഫലമായാണ് വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയെന്നുമാണ് മുന്നറിയിപ്പ്.
നാളെ ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ബുധനാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വ്യാഴാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് ശക്തമായ മഴ മുന്നറിയിപ്പ്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം
കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ചൊവ്വ മുതല്‍ വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 26/08/2025 മുതല്‍ 28/08/2025 വരെ: കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നാണ് മുന്നറിയിപ്പ്.


by Midhun HP News | Aug 24, 2025 | Latest News, കേരളം
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം സാധ്യത. കേരളത്തില്‍ അടുത്ത നാലു ദിവസം നേരിയ ഇടത്തരം മഴയ്ക്കും ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


നാളെ( തിങ്കളാഴ്ച) വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡീഷ- പശ്ചിമ ബംഗാള്‍ തീരത്തിനു സമീപമാണ് പുതിയ ന്യുനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുള്ളത്. ഇതിന്റെ സ്വാധീനഫലമായി ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ചൊവ്വാഴ്ച തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ബുധനാഴ്ച എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

by admin | Aug 23, 2025 | Latest News, കേരളം
ആലപ്പുഴ: തോട്ടപ്പള്ളി ഒറ്റപ്പനയില്‍ തനിച്ചു താമസിച്ചിരുന്ന സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ യഥാര്‍ഥ പ്രതിയെ കണ്ടെത്തി.
തോട്ടപ്പള്ളി ഒറ്റപ്പനയ്ക്കു സമീപം ചെമ്പകപ്പള്ളി ഹംലത്താണു (62) കൊല്ലപ്പെട്ടത്. കിടപ്പുമുറിയില്‍ കട്ടിലില്‍ ചാരിക്കിടക്കുന്ന നിലയിലാണു മൃതദേഹം കണ്ടത്.ഹംലത്തുമായി അടുപ്പമുണ്ടായിരുന്ന പ്രദേശവാസി അബൂബക്കറിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. യഥാര്‍ഥ പ്രതികള്‍ മോഷണക്കേസുകളിലെ പ്രതിയും അയാളുടെ ഭാര്യയുമാണെന്ന് ഇന്നു വ്യക്തമാകുകയായിരുന്നു.

ഇരുവരും പിടിയിലായി. ഇവര്‍ മുമ്പ് ഹംലത്തിന്റെ അയല്‍പക്കത്തു വാടകയ്ക്കു താമസിച്ചിരുന്നു. ഇവരെ സംബന്ധിച്ചുള്ള മറ്റു വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. തനിച്ചു താമസിക്കുകയായിരുന്ന ഹംലത്തിനെ 17നാണ് വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
നിലവില്‍ റിമാന്‍ഡിലായ അബൂബക്കര്‍ സ്ത്രീയുടെ വീട്ടില്‍ വന്നിരുന്നെങ്കിലും ഇയാള്‍ മടങ്ങിയശേഷമാണു കൊലപാതകം നടന്നത്. ശ്വാസംമുട്ടലുണ്ടെന്നു സ്ത്രീ പറഞ്ഞപ്പോള്‍ അബൂബക്കര്‍ അവിടെയുണ്ടായിരുന്ന ശീതളപാനീയം നല്‍കി. പിന്നാലെ സ്ത്രീ ഉറങ്ങിയപ്പോള്‍ രാത്രി 11 മണിയോടെ അബൂബക്കര്‍ മടങ്ങി.
അര്‍ധരാത്രിക്കുശേഷം മോഷ്ടാവും ഭാര്യയും അവിടെയെത്തി. വൈദ്യുതി വിച്ഛേദിച്ചശേഷം അടുക്കള വാതില്‍ മണ്‍വെട്ടികൊണ്ടു തട്ടിത്തുറന്ന് അകത്തു കടന്നു. ശ്വാസംമുട്ടലുണ്ടായിരുന്ന ഹംലത്ത് തളര്‍ന്നുകിടന്ന് ഉറങ്ങുകയായിരുന്നു. ശബ്ദം കേട്ട് ഹംലത്ത് ബഹളമുണ്ടാക്കിയപ്പോള്‍ മോഷ്ടാവിന്റെ ഭാര്യ കാലുകളില്‍ ബലമായി പിടിച്ചു. ഭര്‍ത്താവ് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി. ഇരുട്ടായതിനാല്‍ ഹംലത്ത് അണിഞ്ഞിരുന്ന ആഭരണങ്ങള്‍ പ്രതികള്‍ കണ്ടില്ല. അലമാരയിലുണ്ടായിരുന്ന കമ്മലും ഹംലത്തിന്റെ മൊബൈല്‍ ഫോണും ഇവര്‍ കൈക്കലാക്കി. സ്ഥലത്തു മുളകുപൊടി വിതറിയശേഷം ഇവര്‍ കടന്നുകളയുകയായിരുന്നു. കേസ് അന്വേഷിച്ച പൊലീസ് ഹംലത്തുമായി അടുപ്പമുണ്ടായിരുന്ന അബൂബക്കറിനെ പിടികൂടി. ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.

എന്നാല്‍ ഹംലത്തിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിയാത്തതു പൊലീസിനെ വലച്ചിരുന്നു. പിന്നീട് ഈ ഫോണില്‍ മറ്റൊരു സിം കാര്‍ഡ് ഉപയോഗിച്ചു പ്രവര്‍ത്തിപ്പിക്കുന്നതു പൊലീസ് കണ്ടെത്തി. കൊല്ലം മൈനാഗപ്പള്ളിയായിരുന്നു ലൊക്കേഷന്‍. പൊലീസ് അവിടെയെത്തി പ്രതികളെ പിടികൂടി. അവരെ ചോദ്യം ചെയ്തപ്പോഴാണ് സംഭവിച്ചത് എന്തെന്ന് വ്യക്തമായത്. ഹംലത്തിന്റെ കമ്മല്‍ ഇവര്‍ വിറ്റു കാശെടുക്കുകയും ചെയ്തു. പ്രതിയായ സ്ത്രീ അപസ്മാര ലക്ഷണങ്ങള്‍ കാട്ടിയതിനെ തുടര്‍ന്നു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. പുരുഷന്‍ പൊലീസ് കസ്റ്റഡിയിലുണ്ട്.

by admin | Aug 23, 2025 | Latest News, കേരളം
പത്തനംതിട്ട: ആരോപണങ്ങളും പ്രതിഷേധങ്ങളും ശക്തമാകുമ്പോഴും എംഎല്‍എ സ്ഥാനം രാജിവെക്കില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. എംഎല്‍എ സ്ഥാനം രാജിവെക്കുന്നത് ആലോചനയിലേ ഇല്ലെന്ന് രാഹുല്‍ വ്യക്തമാക്കി. രാജി ആവശ്യപ്പെട്ട് പ്രതിഷേധങ്ങള്‍ ശക്തമാകുന്ന പശ്ചാത്തലത്തിലാണ് രാഹുലിന്റെ പ്രതികരണം. അടൂരിലെ വീട്ടില്‍ നിന്നാണ് രാഹുല്‍ മാധ്യമങ്ങളോട് സംസാരിച്ചത്.
വിവാദങ്ങള്‍ ഉയര്‍ന്നശേഷം പത്തനംതിട്ട അടൂരിലെ വീട്ടിലാണ് രാഹുല്‍. പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗം ആളുകള്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന അഭിപ്രായമുള്ളവരാണല്ലോ എന്ന ചോദ്യത്തിന് രാജി എന്നത് പരിഗണനാ വിഷയമേയല്ലെന്നാണ് രാഹുല്‍ മറുപടി നല്‍കിയത്. കൂടുതല്‍ പ്രതികരണത്തിന് അദ്ദേഹം തയ്യാറായതുമില്ല.

ഈ രാജ്യത്തെ നിയമസംവിധാനത്തിനു വിരുദ്ധമായി ഒരു പ്രവൃത്തിയും താന്‍ ചെയ്തിട്ടില്ലെന്നു യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചശേഷം രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞിരുന്നു. ‘ആരോപണങ്ങള്‍ ഉയര്‍ത്തുന്നവര്‍ക്കാണ് അതു തെളിയിക്കാനുള്ള ബാധ്യത. എന്നോടു രാജിവയ്ക്കാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ല. കുറ്റം ചെയ്തതുകൊണ്ടല്ല രാജിവയ്ക്കുന്നത്. സംസ്ഥാന സര്‍ക്കാരിനെതിരായ പ്രക്ഷോഭങ്ങള്‍ നടക്കുന്ന ഈ സമയത്ത് എന്നെ ന്യായീകരിക്കേണ്ട അധിക ബാധ്യത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കില്ല. നിരപരാധിത്വം തെളിയിക്കേണ്ട ബാധ്യത ഞാന്‍ ഏറ്റെടുക്കുന്നു. ഞാന്‍ നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ ആര്‍ക്കും പരാതിപ്പെടാമെന്നും’ രാഹുല്‍ വ്യക്തമാക്കിയിരുന്നു.


by admin | Aug 23, 2025 | Latest News, കേരളം
കൊച്ചി: സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തനം നിര്‍ത്താന്‍ ആലോചന. സുവിശേഷ പ്രാസംഗികന്‍ പാസ്റ്റര്‍ കെ എ പോളിന്റെ ഇടപെടലിലുള്ള അതൃപ്തിയാണ് ആക്ഷന്‍ കൗണ്‍സിലിന്റെ തീരുമാനത്തിന് പിന്നിലെന്നാണു സൂചന. കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുമായി കൂടിയാലോചിച്ച ശേഷമായിരിക്കും അന്തിമതീരുമാനം എടുക്കുകയെന്നാണ് കൗണ്‍സില്‍ അംഗങ്ങളുടെ തീരുമാനം.

യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് മോചനത്തിനായി കാത്തുകിടക്കുന്ന നിമിഷപ്രിയയുടെ മോചനത്തിനായി രൂപീകരിച്ച സംഘടനയാണ് സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍. തുടക്കം മുതല്‍ നിമിഷപ്രിയയുടെ മോചനത്തിനായി പ്രവര്‍ത്തിച്ചുവരുന്ന സംഘടനയാണിത്.
നിമിഷപ്രിയയുടെ കുടുംബം പോളിനൊപ്പം ചേര്‍ന്ന സാഹചര്യത്തിലാണ് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പുതിയ തീരുമാനത്തിലേക്ക് എത്തിയത്. ആക്ഷന്‍ കൗണ്‍സിലിന്റെ പ്രസക്തി നഷ്ടപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ഭാരവാഹികള്‍ പറയുന്നു.


by admin | Aug 23, 2025 | Latest News, കേരളം
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ കുറ്റിയാട്ടൂരിലെ ഉരുവച്ചാല്‍ ഗ്രാമത്തെ നടുക്കി ഇരട്ട മരണം. ഭര്‍തൃമതിയായ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവും ചികിത്സയ്ക്കിടെ മരിച്ചു. ഇരിക്കൂര്‍ പെരുവളത്തുപറമ്പ് കൂട്ടാവ് സ്വദേശിയായ ജിജീഷാണ് ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ മരണമടഞ്ഞത്.
കഴിഞ്ഞ ഓഗസ്റ്റ് 20 ന് ഉച്ചയ്ക്ക് ശേഷം രണ്ടരയ്ക്കായിരുന്നു നാടിനെ നടുക്കിയ സംഭവം. കുറ്റിയാട്ടൂര്‍ ഉരുവച്ചാലിലെ പ്രവീണ(39)യെയാണ് ജിജീഷ് വെള്ളം ചോദിച്ചെത്തി വീട്ടിനകത്ത് കടന്ന് അടുക്കളയില്‍ നിന്നും പെട്രോളൊഴിച്ച് തീകൊളുത്തിയത്. അതീവ ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പൊലിസ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ആദ്യം പ്രവീണയും പിന്നീട് ജിജീഷും അതി തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ മരണമടയുകയായിരുന്നു.

അന്‍പതു ശതമാനത്തിന് മുകളില്‍ പൊള്ളല്‍ ഇരുവര്‍ക്കുമേറ്റതായാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ഇരുവരും തമ്മില്‍ നേരത്തെ പരിചയക്കാരായിരുന്നുവെന്നാണ് പൊലിസ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. തീവയ്പ്പിനിടെ തടയാന്‍ ശ്രമിച്ച പ്രവീണയുടെ ഫോണ്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു. ജിജീഷിന്റെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.
ഭര്‍തൃമതിയായ പ്രവീണയ്ക്ക് ഒരു മകളുണ്ട്. ഇവരുടെ ഭര്‍ത്താവ് അജീഷ് ഏറെക്കാലമായി ഗള്‍ഫില്‍ ജോലി ചെയ്തു വരികയാണ്. നേരത്തെ പെരുവളത്ത് പറമ്പിലെ സ്‌കൂളില്‍ പഠിച്ച പരിചയം ഒരേ നാട്ടുകാരായ ഇരുവരും തമ്മിലുണ്ട്. പിന്നീടാന്ന് സോഷ്യല്‍ മീഡിയയിലൂടെ സൗഹൃദമുണ്ടാകുന്നത്. ഒരേ കാലഘട്ടത്തില്‍ പഠിച്ചവരായതുകൊണ്ടു സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇരുവരും സജീവമായി പങ്കെടുത്തിരുന്നു. ഇരുവരും കുടുംബപരമായി പരസ്പരം അറിയുന്നവരാണ്. സംഭവദിവസം പ്രവീണയും കുടുംബവും താമസിക്കുന്ന വാടകവീട്ടില്‍ ഉച്ചയ്ക്ക് ശേഷം രണ്ടരയോടെ ബൈക്കിലെത്തിയ ജിജീഷ് കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ട് വീട്ടിലേക്ക് കയറുകയും പ്രവീണ അടുക്കളയിലേക്ക് കയറിപ്പോള്‍ പിന്നാലെയെത്തി പെട്രോള്‍ ഒഴിച്ചു തീ കൊളുത്തുകയുമായിരുന്നു.

ഈ സമയം പ്രവീണയുടെ ഭര്‍തൃ പിതാവും ഭര്‍ത്താവിന്റെ സഹോദരിയുടെ മകളും വീട്ടിലുണ്ടായിരുന്നു. ഇവരുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് വിവരം പൊലിസില്‍ അറിയിക്കുന്നത്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും പൊലിസ് ആംബുലന്‍സില്‍ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജാശുപത്രിലെത്തിച്ചുവെങ്കിലും ചികിത്സയ്ക്കിടെ മരണമടയുകയായിരുന്നു. നേരത്തെ സൗഹൃദമുണ്ടായിരുന്ന ഇരുവരും പിന്നീട് അകന്നതാണ് ജിജി ഷിന് വൈരാഗ്യമുണ്ടാകാന്‍ കാരണമായത്. കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശത്തെ ഒരു ക്ഷേത്രത്തില്‍ ജീവനക്കാരനാണ് ജിജീഷ്. ഗുരുതരമായി പൊള്ളലേറ്റ യുവതി കഴിഞ്ഞ ദിവസം ചികിത്സയ്ക്കിടെ മരണമടഞ്ഞിരുന്നു. ഇതിനു ശേഷമാണ് ജിജിഷും മരണമടയുന്നത്.

സംഭവത്തില്‍ കണ്ണൂര്‍ എസിപി പ്രദീപന്‍ കണ്ണി പൊയിലിന്റെ നേതൃത്വത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ജിജിഷും മരിക്കുന്നത്. ജിജീഷിന്റെ മൊബൈല്‍ ഫോണ്‍ കാള്‍ – വാട്‌സ്ആപ്പ് നമ്പറുകള്‍ സംഭവം നടക്കുന്നതിന് മുന്‍പ് ഒരാഴ്ച്ച മുന്‍പ് പ്രവീണ ബ്ലോക്ക് ചെയ്തിരുന്നു.
ജിജീഷിന്റെ ഇടപെടലുകളില്‍ അസ്വാഭാവികതയുണ്ടായതിനെ തുടര്‍ന്നാണ് ഭര്‍തൃമതിയായ യുവതി ഇയാളുമായുള്ള സൗഹൃദത്തില്‍ നിന്നും പിന്‍വലിഞ്ഞത്. ഈ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതാണ് പൊലീസ് അന്വേഷണ റിപ്പോര്‍ട്ട്. അക്രമം നടന്ന വീടിന് സമീപത്തെ പ്രദേശവാസികളില്‍ നിന്നും ഇരുവരുടെയും ബന്ധുക്കളില്‍ നിന്നും പൊലീസ് മൊഴിയെടുത്തിരുന്നു. ഇവര്‍ നല്‍കിയ വിവര പ്രകാരം ബൈക്കില്‍ വീടിന് സമീപത്ത് പെട്രോള്‍ കുപ്പിയുമായി എത്തിയ ജിജീഷ് വീട്ടിലേക്ക് കയറി ആക്രമം നടത്തുകയായിരുന്നുവെന്നാണ്.
Recent Comments