മിസ് യൂണിവേഴ്‌സ് ഇന്ത്യ കിരീടം മാനിക വിശ്വകര്‍മ്മയ്ക്ക്

മിസ് യൂണിവേഴ്‌സ് ഇന്ത്യ കിരീടം മാനിക വിശ്വകര്‍മ്മയ്ക്ക്

ന്യൂഡല്‍ഹി: മിസ് യൂണിവേഴ്‌സ് ഇന്ത്യ 2025 കിരീടം മാനിക വിശ്വകര്‍മ്മ കരസ്ഥമാക്കി. രാജസ്ഥാന്‍ സ്വദേശിനിയാണ്. ജയ്പൂരില്‍ നടന്ന ഫൈനല്‍ മത്സരത്തിലാണ് മാനിക വിശ്വകര്‍മ്മ കിരീടം സ്വന്തമാക്കിയത്.

ഉത്തര്‍പ്രദേശ് സ്വദേശിനി തന്യ ശര്‍മ്മ ആദ്യ റണ്ണറപ്പായി. ഹരിയാന സ്വദേശികളായ മേഹക് ദിംഗ്ര, അമിഷി കൗഷിക് എന്നിവര്‍ രണ്ടും മൂന്നും റണ്ണര്‍ അപ്പുകളായി തെരഞ്ഞെടുക്കപ്പെട്ടു.

ഇനി കെഫോണിലൂടെ ജിയോ ഹോട്ട്സ്റ്റാറും ആമസോണ്‍ പ്രൈമും അടക്കം 29 ഒടിടികള്‍, 350 ചാനലുകളും; താരിഫ് വ്യാഴാഴ്ച അറിയാം

ഇനി കെഫോണിലൂടെ ജിയോ ഹോട്ട്സ്റ്റാറും ആമസോണ്‍ പ്രൈമും അടക്കം 29 ഒടിടികള്‍, 350 ചാനലുകളും; താരിഫ് വ്യാഴാഴ്ച അറിയാം

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റായ കെഫോണിലൂടെ ഇനി ഒടിടി സേവനങ്ങളും. കെഫോണ്‍ ഇന്റര്‍നെറ്റിനൊപ്പം ജിയോ ഹോട്ട്സ്റ്റാര്‍, ആമസോണ്‍ പ്രൈം ലൈറ്റ്, സോണി ലിവ്, തുടങ്ങി 29 ഒടിടി പ്‌ളാറ്റ്‌ഫോമുകളും 350 ഡിജിറ്റല്‍ ടിവി ചാനലുകളും ലഭ്യമാകും. 21ന് വൈകിട്ട് 6 മണിക്ക് കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്യും.

മന്ത്രി വി ശിവന്‍കുട്ടി അദ്ധ്യക്ഷനാകും.പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കെ ഫോണ്‍ എംഡിയുമായ ഡോ. സന്തോഷ് ബാബു റിപ്പോര്‍ട്ട് അവതരിപ്പിക്കും. പാക്കേജിന്റെ താരിഫ് ഉദ്ഘാടന ദിവസം പ്രഖ്യാപിക്കുമെന്ന് സന്തോഷ് ബാബു അറിയിച്ചു.

എ എ റഹീം എം പി,ശശി തരൂര്‍ എംപി, വികെ പ്രശാന്ത് എംഎല്‍എ, മേയര്‍ ആര്യ രാജേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിക്കും. ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐ ടി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി സീറാം സാംബ ശിവറാവു സ്വാഗതവും കെഫോണ്‍ സിടിഒ മുരളി കിഷോര്‍ ആര്‍എസ് നന്ദിയും പറയും.

ഇനി വീട്ടുസംരംഭങ്ങള്‍ക്കും ലൈസന്‍സ്, താമസസ്ഥലമെങ്കിൽ 50 ശതമാനം സ്ഥലം ഉപയോഗിക്കാം; ചട്ടഭേദഗതി നിലവില്‍ വന്നു

ഇനി വീട്ടുസംരംഭങ്ങള്‍ക്കും ലൈസന്‍സ്, താമസസ്ഥലമെങ്കിൽ 50 ശതമാനം സ്ഥലം ഉപയോഗിക്കാം; ചട്ടഭേദഗതി നിലവില്‍ വന്നു

കൊച്ചി: വീടുകളുള്‍പ്പെടെ പഞ്ചായത്തില്‍ നിന്ന് നമ്പര്‍ ലഭിച്ച കെട്ടിടങ്ങളില്‍ സംരംഭങ്ങള്‍ക്ക് അനുമതി നല്‍കി, പഞ്ചായത്ത് ചട്ടങ്ങളില്‍ വരുത്തിയ മാറ്റം നിലവില്‍വന്നു. ഇതുസംബന്ധിച്ച വിജ്ഞാപനം തിങ്കളാഴ്ച ഇറക്കിയതായി മന്ത്രി എം ബി രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2025-ലെ കേരള പഞ്ചായത്ത്രാജ് (സംരംഭങ്ങള്‍ക്ക് ലൈസന്‍സ് നല്‍കല്‍) എന്ന പേരിലാണ് വിജ്ഞാപനം. നിലവില്‍ വീടുകളിലെ കുടില്‍ വ്യവസായങ്ങള്‍ക്കും വാണിജ്യസേവന പ്രവര്‍ത്തനങ്ങള്‍ക്കും ലൈസന്‍സില്ലാത്തതിനാല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല. ഇൗ പ്രശ്നത്തിന് ഇതോടെ പരിഹാരമാകും.

കേരളത്തെ കൂടുതല്‍ വ്യവസായ സൗഹൃദമാക്കുന്നതും സംരംഭക മേഖലയിലും സമ്പദ്വ്യവസ്ഥയിലും തൊഴില്‍രംഗത്തും വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിവയ്ക്കുന്നതുമാണ് പുതിയചട്ടം. സംരംഭങ്ങള്‍ക്ക് അനായാസം, അതിവേഗം ലൈസന്‍സ് ലഭ്യമാക്കാന്‍ ഇത് സഹായിക്കും. മുനിസിപ്പല്‍ ചട്ടങ്ങളിലും ആവശ്യമായ ഭേദഗതി കൊണ്ടുവരും. കെട്ടിടനിര്‍മാണ, സിവില്‍ രജിസ്ട്രേഷന്‍ ചട്ടങ്ങളിലെ പരിഷ്‌കരണം സംബന്ധിച്ച് ഉടന്‍ ഉത്തരവിറക്കുമെന്നും മന്ത്രി പറഞ്ഞു.

അപാര്‍ട്ട്‌മെന്റ്, റെസിഡന്‍ഷ്യല്‍ ഫ്‌ലാറ്റ്, ലോഡ്ജ്, ടൂറിസ്റ്റ് ഹോം, റിസോര്‍ട്ട്, ഹോസ്റ്റല്‍ തുടങ്ങിയവക്ക് ഇളവ് ബാധകമല്ല. റെസ്റ്റോറന്റ്, ഭക്ഷണശാല, ബാര്‍ബര്‍ ഷോപ്പ്, ബ്യൂട്ടി പാര്‍ലര്‍ തുടങ്ങിയവയ്ക്ക് ലൈസന്‍സ് ഉണ്ടെങ്കില്‍ ആര്‍ക്കും പ്രവേശനം നിഷേധിക്കരുത്.

സംരംഭങ്ങളെ രണ്ടായി തിരിക്കും. ഒന്നാം കാറ്റഗറിയില്‍ ഉല്‍പ്പാദന യൂണിറ്റാണ്. ഇതില്‍ പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വൈറ്റ്, ഗ്രീന്‍ യൂണിറ്റുകള്‍ക്ക് പഞ്ചായത്തിന്റെ ലൈസന്‍സ് വേണ്ട, രജിസ്റ്റര്‍ ചെയ്താല്‍ മതി. റെഡ്, ഓറഞ്ച് വിഭാഗത്തിലുള്ള യൂണിറ്റിന് പഞ്ചായത്തിന്റെ അനുവാദവും സെക്രട്ടറിയുടെ ലൈസന്‍സുംവേണം. രണ്ടാം കാറ്റഗറിയില്‍ വ്യാപാരം, വാണിജ്യം, സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന യൂണിറ്റുകള്‍. ഇവയ്ക്ക് സെക്രട്ടറിയുടെ ലൈസന്‍സ് മതി.

പഞ്ചായത്ത് ചട്ടങ്ങളില്‍ വരുത്തിയ മാറ്റം സംബന്ധിച്ച വിജ്ഞാപനം തിങ്കളാഴ്ച പുറത്തിറങ്ങിയതോടെ 10 ലക്ഷത്തില്‍ കുറയാത്ത മൂലധനനിക്ഷേപവും അഞ്ച് എച്ച്പിയില്‍ കുറവുള്ള യന്ത്രങ്ങളും ഉപയോഗിച്ചുള്ളതും പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വൈറ്റ്, ഗ്രീന്‍ വിഭാഗത്തില്‍പ്പെടുന്നതുമായ (കാറ്റഗറി ഒന്ന്) വീടുകളിലേതുള്‍പ്പെടെയുള്ള സംരംഭങ്ങള്‍ക്ക് ലൈസന്‍സ് അനുവദിക്കും. കാറ്റഗറി രണ്ടില്‍ സംരംഭങ്ങള്‍ക്കും കാറ്റഗറി ഒന്നില്‍ മൂലധനിക്ഷേപം 10 ലക്ഷത്തില്‍ കുറഞ്ഞതും അഞ്ച് എച്ച്പിയില്‍ കുറവുള്ള യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതുമായ വൈറ്റ്, ഗ്രീന്‍ വ്യവസായങ്ങള്‍ക്കും ഒഴിഞ്ഞ് കിടക്കുന്ന, ആള്‍ത്താമസമില്ലാത്ത വീടുകളിലും കെട്ടിടങ്ങളിലുമുള്ള മുഴുവന്‍ സ്ഥലവും ഉപയോഗിക്കാം. താമസസ്ഥലമെങ്കില്‍ 50 ശതമാനം സ്ഥലം ഉപയോഗിക്കാം.

നിലവില്‍ വീടുകളിലെ കുടില്‍ വ്യവസായങ്ങള്‍ക്കും വാണിജ്യസേവന പ്രവര്‍ത്തനങ്ങള്‍ക്കും ലൈസന്‍സില്ലാത്തതിനാല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല. ഇൗ പ്രശ്നത്തിന് ഇതോടെ പരിഹാരമാകും. സംരംഭങ്ങള്‍ക്ക് കെട്ടിടം ലഭ്യമല്ലാത്ത പ്രശ്നത്തിനും പരിഹാരമാകും. വ്യവസായ പ്രദേശങ്ങളായി വ്യവസായ വകുപ്പ് അംഗീകരിച്ച സ്ഥലങ്ങളിലെ സംരംഭങ്ങള്‍ക്കും എല്ലായിടങ്ങളിലുമുള്ള വൈറ്റ്, ഗ്രീന്‍ കാറ്റഗറിയിലുള്ള വിഭാഗം ഒന്നിലെ ഉല്‍പ്പാദന യൂണിറ്റുകള്‍ക്കും രജിസ്ട്രേഷന്‍ മതി, ലൈസന്‍സ് വേണ്ട.

ലൈസന്‍സ്, അനുമതി അപേക്ഷകളില്‍ കൃത്യസമയത്ത് നടപടിയില്ലെങ്കില്‍ ഡീംഡ് ലൈസന്‍സ് ലഭിക്കും. കാറ്റഗറി രണ്ടിലെ സംരംഭത്തിനുള്ള ലൈസന്‍സിനോ പഞ്ചായത്തിന്റെ അനുമതി ലഭിച്ച കാറ്റഗറി ഒന്നിനുള്ള സംരംഭത്തിനുള്ള ലൈസന്‍സിനോ അപേക്ഷ ലഭിച്ചാല്‍ അഞ്ച് ദിവസത്തിനുള്ളില്‍ ലൈസന്‍സ് നല്‍കണം. കാറ്റഗറി ഒന്നിലെ സംരംഭങ്ങള്‍ക്ക് പഞ്ചായത്തിന്റെ അനുമതിക്കുള്ള അപേക്ഷ ലഭിച്ചാല്‍ 30 ദിവസത്തിനുള്ളില്‍ ലൈസന്‍സ് നല്‍കണം. സമയപരിധിക്കുള്ളില്‍ ലഭിച്ചില്ലെങ്കില്‍ ലൈസന്‍സ് കിട്ടിയതായി കണക്കാക്കാം.

ശുചിമുറിയിലും രക്തം കണ്ടു; ട്രെയിനില്‍ ഭ്രൂണം കണ്ടെത്തിയതില്‍ അന്വേഷണം സംസ്ഥാനത്തിന് പുറത്തേയ്ക്കും

ശുചിമുറിയിലും രക്തം കണ്ടു; ട്രെയിനില്‍ ഭ്രൂണം കണ്ടെത്തിയതില്‍ അന്വേഷണം സംസ്ഥാനത്തിന് പുറത്തേയ്ക്കും

ആലപ്പുഴ : ആലപ്പുഴ- ധന്‍ബാദ് എക്‌സ്പ്രസില്‍ ഭ്രൂണം കണ്ടെത്തിയ സംഭവത്തില്‍ സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. ആന്ധ്ര, തമിഴ്‌നാട് സ്വദേശികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ട്രെയിനിന്റെ ശുചിമുറിയിലും രക്തം കണ്ടതായി ശുചീകരണ തൊഴിലാളികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വിപുലമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം. നിലവില്‍ ലഭിച്ചിട്ടുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ ഭ്രൂണം മലയാളിയുടേത് അല്ലെന്നാണ് പ്രാഥമിക നിഗമനം.

ഓഗസ്റ്റ് 14 ന്ന് രാത്രിയാണ് സര്‍വീസ് കഴിഞ്ഞ് എത്തിയ ധന്‍ബാദ് എക്‌സ്പ്രസിന്റെ ശുചിമുറിയുടെ വേസ്റ്റ് ബിന്നിലാണ് നാല് മാസത്തോളം വളര്‍ച്ച എത്തിയ ഭ്രൂണം കണ്ടെത്തിയത്. ട്രെയിനിന്റെ ശുചി മുറിയിലും രക്തം കണ്ടതായി ശുചീകരണതൊഴിലാളി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ആര്‍ത്തവ രക്തമോ മറ്റോ ആയിരിക്കുമെന്ന് കരുതി ശുചിമുറി വൃത്തിയാക്കി. മറ്റു അസ്വഭാവികത തോന്നിയിരുന്നില്ല. ഇതിന് ശേഷമാണ് ഭ്രൂണം വേസ്റ്റ് ബിന്നില്‍ കണ്ടതെന്നും ശുചീകരണ തൊഴിലാളി നല്‍കിയ മൊഴിയില്‍ പറയുന്നു. ട്രെയിനില്‍ വച്ച് സ്വാഭാവികമായി അബോര്‍ഷന്‍ സംഭവിച്ചതോ അതല്ല മെഡിസിന്‍ എടുത്ത ശേഷം അബോര്‍ഷന്‍ സമയത്ത് അതൊളിപ്പിക്കാന്‍ ട്രെയിന്‍ തെരഞ്ഞെടുത്തതോ ആകാമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.

ട്രെയിനിന്റെ ട 3, ട 4 കോച്ചുകളില്‍ സഞ്ചരിച്ചവരുടെ പ്രാഥമിക വിവരങ്ങള്‍ ഇതിനോടകം പൊലിസ് ശേഖരിച്ചിട്ടുണ്ട്. നേരത്തെ രണ്ട് സീറ്റുകളില്‍ നിന്ന് രക്ത ക്കറ കണ്ടെത്തിരുന്നു. നിലവില്‍ ആന്ധ്ര, തമിഴ്‌നാട് സ്വദേശികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇവരെ ഉടന്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

സ്വര്‍ണവില വീണ്ടും 74,000ല്‍ താഴെ; പത്തുദിവസത്തിനിടെ കുറഞ്ഞത് 1900 രൂപ

സ്വര്‍ണവില വീണ്ടും 74,000ല്‍ താഴെ; പത്തുദിവസത്തിനിടെ കുറഞ്ഞത് 1900 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞ് 74,000ല്‍ താഴെയെത്തി. ഇന്ന് പവന് 320 രൂപ കുറഞ്ഞതോടെയാണ് സ്വര്‍ണവില 74000ലും താഴെ രേഖപ്പെടുത്തിയത്. 73,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ പുതിയ വില. ഗ്രാമിന് ആനുപാതികമായി 40 രൂപയാണ് കുറഞ്ഞത്. 9235 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ ഈ മാസം ഒന്‍പതാം തീയതി മുതലാണ് ഇടിവ് രേഖപ്പെടുത്താന്‍ തുടങ്ങിയത്. എട്ടിന് രേഖപ്പെടുത്തിയ 75,760 രൂപയാണ് റെക്കോര്‍ഡ് ഉയരം. പിന്നീട് വില കുറഞ്ഞതല്ലാതെ വര്‍ധന ഉണ്ടായിട്ടില്ല. പത്തുദിവസത്തിനിടെ 1900 രൂപയാണ് കുറഞ്ഞത്.

ഈ മാസാദ്യം 73,200 രൂപയായിരുന്നു സ്വര്‍ണവില. ഒരാഴ്ചയ്ക്കിടെ 2500 രൂപയിലധികം വര്‍ധിച്ച ശേഷമാണ് 9-ാം തീയതി മുതല്‍ കുറയാന്‍ തുടങ്ങിയത്. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക തീരുവ വര്‍ധിപ്പിച്ചത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

മഴ തുടരും; വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ആറിടത്ത് യെല്ലോ

മഴ തുടരും; വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ആറിടത്ത് യെല്ലോ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശമിച്ചിട്ടില്ല. ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 എംഎം മുതൽ 204.4 എംഎം വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്.

ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്ററിൽ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്.

ശക്തി കൂടിയ ന്യൂനമർദ്ദം ബംഗാൾ ഉൾക്കടലിനു മുകളിൽ വടക്കൻ ആന്ധ്രാപ്രദേശ് – തെക്കൻ ഒഡിഷ തീരത്തിന് മുകളിലായി സ്ഥിതി ചെയ്യുന്നു. തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു ഇന്ന് രാവിലെയോടെ വടക്കൻ ആന്ധ്രാ പ്രദേശ് – തെക്കൻ ഒഡിഷ തീരത്തു എത്തിച്ചേരാൻ സാധ്യതയുണ്ട്. അറബിക്കടലിൽ തെക്കൻ കൊങ്കൺ മുതൽ വടക്കൻ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നു. ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. ഇന്ന് 40 മുതൽ 50 വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും കർണാടക തീരത്ത്‌ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കർണാടക തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

വടക്കൻ ഗുജറാത്ത് തീരം, ബംഗാൾ ഉൾക്കടൽ, ആന്ധ്രാപ്രദേശ്, ഒഡിഷ തീരങ്ങൾ, പശ്ചിമ ബംഗാൾ, അതിനോട് ചേർന്ന ബംഗ്ലാദേശ് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. തെക്കൻ ഗുജറാത്ത്, കൊങ്കൺ, ഗോവ തീരങ്ങൾ, അതിനോട് ചേർന്ന കടൽ പ്രദേശങ്ങൾ, മധ്യ കിഴക്കൻ അറബിക്കടൽ, വടക്കു കിഴക്കൻ അറബിക്കടൽ, ആന്ധ്രാപ്രദേശ്, ഒഡീഷ തീരങ്ങൾ, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.