എസി വെന്റ്, റീഡിങ് ലൈറ്റ്, മൊബൈല്‍ ഹോള്‍ഡര്‍…; പുതിയതായി 143 ബസുകള്‍; ആദ്യ ഓട്ടം ഓണക്കാലത്ത് അന്തര്‍സംസ്ഥാന റൂട്ടില്‍

എസി വെന്റ്, റീഡിങ് ലൈറ്റ്, മൊബൈല്‍ ഹോള്‍ഡര്‍…; പുതിയതായി 143 ബസുകള്‍; ആദ്യ ഓട്ടം ഓണക്കാലത്ത് അന്തര്‍സംസ്ഥാന റൂട്ടില്‍

തിരുവനന്തപുരം: പുതിയതായി എത്തുന്ന സൂപ്പര്‍ഫാസ്റ്റ് മുതല്‍ വോള്‍വോ വരെയുള്ള ബസുകള്‍ ഓണക്കാലത്ത് അന്തര്‍സംസ്ഥാന റൂട്ടില്‍ സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. കൂടുതല്‍ ബസുകള്‍ ബംഗളൂരുവിലേക്കായിരിക്കും. എസി സീറ്റര്‍ കം സ്ലീപ്പര്‍, എസി സ്ലീപ്പര്‍, എസി സീറ്റര്‍, സൂപ്പര്‍ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എന്നിവയാണ് മറ്റുശ്രേണികളിലുള്ള ബസുകള്‍.

ബിഎസ് 6 വിഭാഗത്തിലുള്ള 143 ബസുകളാണ് വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുക. ഭംഗിയിലും സൗകര്യത്തിലും മറ്റു ബസുകളെ മറികടക്കുന്നവയാണ് പുതിയ ബസുകള്‍. ലിങ്ക് ബസുകള്‍ ടേക്ക് ഓവര്‍ സര്‍വീസുകള്‍ക്കായി ഉപയോഗിക്കും. ഓര്‍ഡിനറി സര്‍വീസിനുള്ള ഒമ്പത് മീറ്റര്‍ ബസുകളും തിരുവനന്തപുരത്ത് എത്തി.

സെപ്തംബര്‍ ആദ്യ ആഴ്ചയ്ക്കുശേഷം വോള്‍വോയില്‍ ഒന്ന് ബംഗളൂരുവിലേക്കും മറ്റൊന്ന് മൂകാംബിക സര്‍വീസിനുമായി നല്‍കും. രണ്ടും തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നാണ് പുറപ്പെടുക. ഓരോ സീറ്റിലും ചാര്‍ജര്‍, ഹാന്‍ഡ് റെസ്റ്റ്, ഫുട്ട് റെസ്റ്റ് എന്നിവയുമുണ്ട്. ആംബിയന്റ് ലൈറ്റിങ് ഉണ്ട്.

സ്ലീപ്പര്‍ ബസിലെ ബെര്‍ത്തില്‍ എസി വെന്റുകള്‍, റീഡിങ് ലൈറ്റുകള്‍, മൊബൈല്‍ ഹോള്‍ഡര്‍, പ്ലഗ് പോയിന്റ്, ബോട്ടില്‍ ഹോള്‍ഡര്‍, ലഗേജ് വയ്ക്കാനുള്ള സ്ഥലം, കര്‍ട്ടന്‍ എന്നിവയുമുണ്ട്. വൈഫൈ കണക്ഷന്‍ നല്‍കാവുന്ന ടിവി, പുറത്തും അകത്തുമായി കാമറകള്‍ എന്നിവ എല്ലാ ബസുകളിലുമുണ്ടാകും.

മഴ തുടരും; വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ആറിടത്ത് യെല്ലോ

മഴ തുടരും; വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ആറിടത്ത് യെല്ലോ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശമിച്ചിട്ടില്ല. ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 എംഎം മുതൽ 204.4 എംഎം വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്.

ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്ററിൽ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്.

ശക്തി കൂടിയ ന്യൂനമർദ്ദം ബംഗാൾ ഉൾക്കടലിനു മുകളിൽ വടക്കൻ ആന്ധ്രാപ്രദേശ് – തെക്കൻ ഒഡിഷ തീരത്തിന് മുകളിലായി സ്ഥിതി ചെയ്യുന്നു. തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു ഇന്ന് രാവിലെയോടെ വടക്കൻ ആന്ധ്രാ പ്രദേശ് – തെക്കൻ ഒഡിഷ തീരത്തു എത്തിച്ചേരാൻ സാധ്യതയുണ്ട്. അറബിക്കടലിൽ തെക്കൻ കൊങ്കൺ മുതൽ വടക്കൻ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നു. ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. ഇന്ന് 40 മുതൽ 50 വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും കർണാടക തീരത്ത്‌ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കർണാടക തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

വടക്കൻ ഗുജറാത്ത് തീരം, ബംഗാൾ ഉൾക്കടൽ, ആന്ധ്രാപ്രദേശ്, ഒഡിഷ തീരങ്ങൾ, പശ്ചിമ ബംഗാൾ, അതിനോട് ചേർന്ന ബംഗ്ലാദേശ് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. തെക്കൻ ഗുജറാത്ത്, കൊങ്കൺ, ഗോവ തീരങ്ങൾ, അതിനോട് ചേർന്ന കടൽ പ്രദേശങ്ങൾ, മധ്യ കിഴക്കൻ അറബിക്കടൽ, വടക്കു കിഴക്കൻ അറബിക്കടൽ, ആന്ധ്രാപ്രദേശ്, ഒഡീഷ തീരങ്ങൾ, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

വിദ്യാര്‍ഥിയുടെ കര്‍ണപുടം അടിച്ചുതകര്‍ത്ത സംഭവം; ഹെഡ്മാസ്റ്റര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്, വകുപ്പുതല നടപടിക്കും സാധ്യത

വിദ്യാര്‍ഥിയുടെ കര്‍ണപുടം അടിച്ചുതകര്‍ത്ത സംഭവം; ഹെഡ്മാസ്റ്റര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്, വകുപ്പുതല നടപടിക്കും സാധ്യത

കാസര്‍കോട്: കുണ്ടംകുഴിയില്‍ അടിയേറ്റ് വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്ന സംഭവത്തില്‍ ഹെഡ്മാസ്റ്റര്‍ക്കെതിരെ പൊലീസ് കേസ്. ഹെഡ്മാസ്റ്റര്‍ എം അശോകനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്. സംഭവത്തില്‍ ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അശോകനെതിരെ വകുപ്പുതല നടപടിയും സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

കഴിഞ്ഞ ദിവസം തെറ്റ് സംഭവിച്ചതായി ഹെഡ്മാസ്റ്റര്‍ ഏറ്റുപറഞ്ഞിരുന്നു. പിടിഎ യോഗത്തില്‍ അധ്യാപകന്‍ തെറ്റ് സമ്മതിച്ചതായി അറിയിക്കുകയായിരുന്നു. കുട്ടിക്ക് ചികിത്സ സഹായം വാഗ്ദാനം ചെയ്തതായും അടിച്ചപ്പോള്‍ ലക്ഷ്യം തെറ്റുകയായിരുന്നുവെന്നും അധ്യാപകന്‍ യോഗത്തില്‍ അറിയിച്ചു. അതിനിടെ വിദ്യാര്‍ഥിക്ക് അധ്യാപകന്റെ മര്‍ദനത്തില്‍ പരിക്കേറ്റ സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞത്. വിദ്യാര്‍ഥികളുടെ ഭാഗത്ത് നിന്ന് തെറ്റുണ്ടായാല്‍ നിയമംനോക്കി മാത്രമേ ശിക്ഷിക്കാവൂ എന്നും ഒരു കാരണവശാലും കുട്ടികളെ ഉപദ്രവിക്കുന്ന നിലയുണ്ടാകാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു. നേരത്തെ സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.

കുണ്ടംകുഴി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ഥിക്കാണ് അധ്യാപകന്റെ ക്രൂരമര്‍ദനമേറ്റത്. ഓഗസ്റ്റ് 11നായിരുന്നു സംഭവം. സ്‌കൂള്‍ അസംബ്ലിക്കിടെ വികൃതി കാണിച്ചെന്ന് ആരോപിച്ചാണു മര്‍ദിച്ചതെന്നും മറ്റു വിദ്യാര്‍ഥികള്‍ക്കൊപ്പം നിന്ന കുട്ടിയുടെ മുഖത്തടിക്കുകയും വലതുചെവിയില്‍ പിടിച്ചു പൊക്കുകയുമായിരുന്നെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു.

വിദ്യാര്‍ഥിയെ ബേഡകം താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ വിദഗ്ധ ചികിത്സ നിര്‍ദേശിച്ചു. തുടര്‍ന്ന്, കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു നടത്തിയ പരിശോധനയിലാണ് വലതുചെവിക്കു കേള്‍വിക്കുറവുണ്ടെന്നും കര്‍ണപുടം പൊട്ടിയെന്നും കണ്ടെത്തി. കുട്ടിയെ ശസ്ത്രക്രിയയ്ക്കു വിധേനമാക്കണമെന്നാണു ഡോക്ടര്‍മാരുടെ നിര്‍ദേശം.

കട്ടന്‍ ചായ കുടിക്കുമ്പോള്‍ രുചി വ്യത്യാസം, വിഷം കലര്‍ത്തി ടാപ്പിങ് തൊഴിലാളിയെ കൊല്ലാന്‍ ശ്രമം; യുവാവ് പിടിയില്‍

കട്ടന്‍ ചായ കുടിക്കുമ്പോള്‍ രുചി വ്യത്യാസം, വിഷം കലര്‍ത്തി ടാപ്പിങ് തൊഴിലാളിയെ കൊല്ലാന്‍ ശ്രമം; യുവാവ് പിടിയില്‍

മലപ്പുറം: വണ്ടൂരില്‍ കട്ടന്‍ ചായയില്‍ വിഷം കലര്‍ത്തി ടാപ്പിങ് തൊഴിലാളിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് പിടിയില്‍. കാരാട് വടക്കുംപാടം സ്വദേശി സുന്ദരനെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ കളപ്പാട്ടുക്കുന്ന് തോങ്ങോട്ട് വീട്ടില്‍ അജയിയെ വണ്ടൂര്‍ പൊലീസ് അറസ്റ്റു ചെയ്തു. വ്യക്തി വൈരാഗ്യമാണ് ഇതിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

ഓഗസ്റ്റ് പത്തിനും പതിനാലിനുമായിരുന്നു കേസിന് ആസ്പദമായ സംഭവം. ടാപ്പിങ് തൊഴിലാളിയാണ് സുന്ദരന്‍. പുലര്‍ച്ചെ തന്നെ ബൈക്കില്‍ ടാപ്പിങ്ങിന് പോകും. ജോലിക്കിടയില്‍ കുടിക്കാന്‍ ഫ്‌ലാസ്‌കില്‍ കട്ടന്‍ ചായ കരുതാറുണ്ട്. ഇത് ബൈക്കില്‍ തന്നെയാണ് പതിവായി വെക്കാറുണ്ടായിരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ചായ കുടിക്കുമ്പോള്‍ രുചി വ്യത്യാസവും അസ്വസ്ഥതയും അനുഭവപ്പെട്ടു. സംശയം തോന്നി പൊലീസില്‍ പരാതിപ്പെട്ടു. ഒടുവില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അജയിയുടെ പങ്ക് തെളിഞ്ഞത്.

പൊലീസ് വിളിച്ച് ചോദ്യം ചെയ്തപ്പോഴാണ് വിഷം കലര്‍ത്തിയ കാര്യം അജയ് സമ്മതിച്ചത്. രണ്ടു തവണ വിഷം കലര്‍ത്തിയതായി പ്രതി വ്യക്തമാക്കി. വ്യക്തിവൈരാഗ്യമാണ് കാരണം എന്നാണ് അജയ് പറഞ്ഞത്. അറസ്റ്റിന് ശേഷം പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

തൊടുപുഴയില്‍ റബര്‍ തോട്ടത്തില്‍ അജ്ഞാത മൃതദേഹം; സമീപം രണ്ടു വിഷക്കുപ്പികളും കറി കത്തിയും, അന്വേഷണം

തൊടുപുഴയില്‍ റബര്‍ തോട്ടത്തില്‍ അജ്ഞാത മൃതദേഹം; സമീപം രണ്ടു വിഷക്കുപ്പികളും കറി കത്തിയും, അന്വേഷണം

തൊടുപുഴ: തൊടുപുഴ ന്യൂമാന്‍ കോളേജിന് സമീപത്തെ റബര്‍ തോട്ടത്തില്‍ അജ്ഞാത മൃതദേഹം. മൃതദേഹത്തിന് സമീപത്ത് നിന്ന് രണ്ട് വിഷക്കുപ്പികളും കറി കത്തിയും ഒരു സഞ്ചിയില്‍ വസ്ത്രങ്ങളും കണ്ടെത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്നലെ ഉച്ചയ്ക്ക് സമീപത്തെ കെട്ടിടത്തില്‍ വാടകയ്ക്ക് താമസിക്കുന്ന വിദ്യാര്‍ഥികളാണ് തോട്ടത്തില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് തൊടുപുഴ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹത്തിന് സമീപത്ത് നിന്ന് രണ്ട് വിഷക്കുപ്പികളും കറി കത്തിയും ഒരു സഞ്ചിയില്‍ വസ്ത്രങ്ങളും കണ്ടെത്തിയത്.

50 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹം. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ബൈക്കില്‍ നിന്നുവീണ വിദ്യാര്‍ഥിനി ബസ് കയറി മരിച്ചു

ബൈക്കില്‍ നിന്നുവീണ വിദ്യാര്‍ഥിനി ബസ് കയറി മരിച്ചു

പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ ബൈക്കില്‍ നിന്നുവീണ വിദ്യാര്‍ഥിനി ബസ് കയറി മരിച്ചു. കൊഴിഞ്ഞമ്പാറ സെന്റ് പോള്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ നഫീസയാണ് മരിച്ചത്. പിതാവിനൊപ്പം ബൈക്കില്‍ പോകുന്നതിനിടെ കുട്ടി തെറിച്ചുവീഴുകയായിരുന്നു.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. മുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷ പെട്ടന്ന് ബ്രേക്കിട്ടതിനെ തുടര്‍ന്ന് കുട്ടിയുമായി സഞ്ചരിച്ച ബൈക്ക് ഓട്ടോയിലിടിച്ച് മറിയുകയായിരുന്നു. വലതുവശത്തേക്ക് വീണ കുട്ടിയുടെ തലയിലൂടെ തൊട്ടുപിന്നാലെ വന്ന ബസ് കയറി ഇറങ്ങുകയായിരുന്നു.

വിദ്യാര്‍ഥിനി സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. പിതാവിന്റെ പരിക്ക് സാരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അശാസ്ത്രീയമായ റോഡ് നിര്‍മാണത്തെ തുടര്‍ന്ന് ഇവിടെ അപകടം തുടര്‍ക്കഥയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രദേശത്ത് നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയാണ്.