പ്രിയദർശിനി ബസിൽ മുഖം മൂടുന്ന പർദയിട്ട് ഒരു പുരുഷൻ കയറിയാൽ എങ്ങനെ തിരിച്ചറിയും: എംഎൻ കാരശ്ശേരി

പ്രിയദർശിനി ബസിൽ മുഖം മൂടുന്ന പർദയിട്ട് ഒരു പുരുഷൻ കയറിയാൽ എങ്ങനെ തിരിച്ചറിയും: എംഎൻ കാരശ്ശേരി

കോഴിക്കോട്: പ്രിയദർശിനി ബസിൽ മുഖം മൂടുന്ന പർദയിട്ട് ഒരു പുരുഷൻ കയറിയാൽ എങ്ങനെ തിരിച്ചറിയുമെന്ന് എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ എം.എൻ. കാരശ്ശേരി. മുഖം മൂടുന്ന പർദയായ നിഖാബ് എന്തുകൊണ്ടാണ് വലിയൊരു നിയമപ്രശ്നമായി മാറുന്നതെന്ന് വിശദീകരിക്കുന്നതിനിടെയാണ് അദ്ദേഹം ഈ വാദം മുന്നോട്ടുവെച്ചത്.

മുഖം മൂടുന്ന പർദ സ്ത്രീവിരുദ്ധവും ഇസ്ലാമിക വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് വെറുമൊരു വ്യക്തിസ്വാതന്ത്ര്യത്തിന്റെ വിഷയമല്ലെന്നും ഗുരുതരമായ നിയമപ്രശ്നമാണെന്നും ചൂണ്ടിക്കാട്ടിയ കാരശ്ശേരി, നിഖാബ് ധരിച്ച ഒരു പുരുഷൻ ബസിൽ കയറിയാൽ കണ്ടക്ടർക്ക് പർദ പൊക്കി സംശയനിവാരണം നടത്താൻ കഴിയുമോ എന്നും ചോദിച്ചു. മുഖം മൂടുന്ന പർദയായ നിഖാബ് പൂർണ്ണമായും നിരോധിക്കേണ്ടതുണ്ടെന്ന് എം.എൻ. കാരശ്ശേരി പറഞ്ഞു. നിഖാബ് എന്നാൽ സ്ത്രീയെ കരിങ്കുപ്പായത്തിൽ കുഴിച്ചുമൂടുന്ന പരിപാടിയാണെന്നും അത് സ്ത്രീവിരുദ്ധവും ഇസ്ലാമിക വിരുദ്ധവുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തട്ടം ഇടുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഒഴിവാക്കണമെന്ന അഭിപ്രായം തനിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ മുഖം മറയ്ക്കുന്ന തരത്തിലുള്ള നിഖാബ് ഉപയോഗിക്കുന്നത് നിയമപരമായി തന്നെ നിരവധിയേറെ ബുദ്ധിമുട്ടുകൾക്ക് കാരണമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇരട്ട ചക്രവാതച്ചുഴി; ഇന്നും നാളെയും മഴയോട് മഴ, മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ഇരട്ട ചക്രവാതച്ചുഴി; ഇന്നും നാളെയും മഴയോട് മഴ, മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്രവും തീവ്രവും ശക്തവുമായ മഴയ്ക്ക് സാധ്യത. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

ഇന്നും നാളെയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. കൊല്ലം, ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് തീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു ജില്ലകളില്‍ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്.

നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് തീവ്രമഴ കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തെക്കന്‍ കര്‍ണാടകയ്ക്കും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെയും തെക്കന്‍ തമിഴ്നാടിനും പുതുച്ചേരിക്കും മുകളില്‍ നിലനില്‍ക്കുന്ന മറ്റൊരു ചക്രവാതച്ചുഴിയുമാണ് കേരളത്തില്‍ മഴയെ സ്വാധീനിക്കുന്നത്. പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി 4.5 കിലോമീറ്റര്‍ ഉയരത്തില്‍ മൂന്നാമതൊരു ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

പ്രവീൺ നെട്ടാരു വധക്കേസ്: പ്രധാന പ്രതി ഉമർ ഫാറൂഖ് കൊച്ചിയിൽ അറസ്റ്റിൽ

പ്രവീൺ നെട്ടാരു വധക്കേസ്: പ്രധാന പ്രതി ഉമർ ഫാറൂഖ് കൊച്ചിയിൽ അറസ്റ്റിൽ

കൊച്ചി: കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരു വധക്കേസില്‍ ഒളിവിലായിരുന്ന ഒരു പ്രതി കൂടി പിടിയിലായി. പ്രതിയായ ഉമര്‍ ഫാറൂഖിനെ കൊച്ചിയില്‍ നിന്നാണ് എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി കൊച്ചിയില്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു ഇയാള്‍. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 25 ആയി.

ഉമര്‍ ഫാറൂഖിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എന്‍ഐഎ നാലു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കേസില്‍ ഇനി രണ്ടു പേര്‍ കൂടി പിടിയിലാകാനുണ്ട്. പോപ്പുലര്‍ ഫ്രണ്ടാണ് പ്രവീണ്‍ നെട്ടാരുവിന്റെ വധത്തിന് പിന്നിലെന്നാണ് കേസ്. രണ്ടാഴ്ച മുമ്പാണ് കൊച്ചി പള്ളുരുത്തിയില്‍ ഒളിവില്‍ താമസിച്ച്, ഷവര്‍മ കടയില്‍ ജോലി ചെയ്തിരുന്ന ഒരു പ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. റിയാസ് എന്ന കള്ളപ്പേരില്‍ കഴിഞ്ഞ അബ്ദുള്‍ നാസിറാണ് പിടിയിലായത്. ഇയാളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉമര്‍ ഫാറൂഖിനെ അറസ്റ്റ് ചെയ്തത്.

ഗൂഢാലോചനയില്‍ ഉമര്‍ ഫാറുഖിയ്ക്ക് പങ്കുണ്ടെന്നും, കൃത്യത്തില്‍ പങ്കെടുത്തവര്‍ക്ക് രക്ഷപ്പെടാന്‍ വാഹനം ഏര്‍പ്പാടാക്കി നല്‍കിയത് ഉമര്‍ ഫാറൂഖി ആണെന്നും എന്‍ഐഎ പറയുന്നു. അറസ്റ്റിലായ ഉമര്‍ ഫറൂഖിയെ എന്‍ഐഎ ചോദ്യം ചെയ്തു വരികയാണ്. 2022 ജൂലൈ 26 നാണ് പ്രവീണ്‍ നെട്ടാരു കൊല്ലപ്പെടുന്നത്. പ്രവീണ്‍ നെട്ടാരു വധത്തിന് പിന്നാലെ കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയില്‍ വ്യാപക സംഘര്‍ഷം അരങ്ങേറിയിരുന്നു.

യുവമോർച്ച ദക്ഷിണ കന്നഡ ജില്ലാ എക്‌സിക്യൂട്ടീവ് അംഗമായിരുന്ന പ്രവീൺ നെട്ടാരുവിനെ സുള്ള്യക്കടുത്ത ബെല്ലാരെയിൽ വെച്ച് ബൈക്കിലെത്തിയ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ബെല്ലാരെയിൽ കോഴിക്കട നടത്തിയിരുന്ന പ്രവീൺ, കടയടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അക്രമത്തിന് ഇരയായത്. പ്രവീൺ നെട്ടാരുവിനെ വധിക്കാൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഒത്തുകൂടുകയും ഗൂഢാലോചന നടത്തുകയും ചെയ്തിരുന്നുവെന്നാണ് കേസ്.

ലോകത്താദ്യം; രണ്ട് മില്യൺ ഫോളോവേഴ്സെന്ന റെക്കോഡ് നേട്ടവുമായി കേരള പൊലീസ്

ലോകത്താദ്യം; രണ്ട് മില്യൺ ഫോളോവേഴ്സെന്ന റെക്കോഡ് നേട്ടവുമായി കേരള പൊലീസ്

രണ്ട് മില്യൺ ഫോളോവേഴ്സസ് എന്ന ചരിത്രനേട്ടം കൈവരിച്ച് കേരളാ പൊലീസിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജ്. ലോകത്ത് പൊലീസ് വിഭാഗങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജുകളിൽ രണ്ട് മില്യൺ ഫോളോവേഴ്സ‌് എന്ന റെക്കോഡ് നേടുന്ന ആദ്യ ഇൻസ്റ്റഗ്രാം പേജെന്ന നേട്ടമാണ് കേരളാ പൊലീസ് സ്വന്തമാക്കിയിരിക്കുന്നത്. കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക് പേജിന് നിലവിൽ 2.3 മില്യൺ ഫോളോവേഴ്സ് ആണുള്ലത്.

ജനങ്ങളുമായുള്ള ആശയവിനിമയം കൂടുതൽ ശക്തിപ്പെടുത്തുക, സുരക്ഷാ സന്ദേശങ്ങൾ അതിവേഗം ജനങ്ങളിലെത്തിക്കുക, ബോധവത്കരണ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സമൂഹമാദ്ധ്യമങ്ങളെ ഉപയോഗിച്ചുവരുന്നതെന്ന് കേരളാ പൊലീസ് വ്യക്തമാക്കുന്നു. കാലാനുസൃതമായി മാറുന്ന ആശയവിനിമയ രീതികളെ ഉൾക്കൊണ്ട് പൊതുജനങ്ങളുമായി കൂടുതൽ അടുപ്പം സ്ഥാപിക്കാൻ കഴിഞ്ഞെന്നതാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന ഘടകമെന്നും കേരള പൊലീസ് ചൂണ്ടിക്കാട്ടി.

കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ലോകത്തിലെ സംസ്ഥാന പോലീസ് ഇൻസ്റ്റാഗ്രാം പേജുകളിൽ ആദ്യമായി 2 മില്യൺ ഫോളോവേഴ്സ് എന്ന ലോകറെക്കോർഡ് കൈവരിച്ചിരിക്കുകയാണ് നമ്മൾ. ഇത് ഞങ്ങളോടൊപ്പം സഞ്ചരിക്കുന്ന പ്രിയപ്പെട്ടവരോരുത്തരുടേയും വിജയമാണ്.

നർമ്മത്തിലൂടെയും ചിന്തയിലൂടെയും, സമയോചിതമായ ബോധവൽക്കരണങ്ങളിലൂടെയും സുരക്ഷാ സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനാണ് കേരള പോലീസ് സമൂഹമാധ്യമങ്ങൾ ഉപയോഗിച്ചുവരുന്നത്. ആ യാത്രയിൽ ഞങ്ങളെ പ്രോത്സാഹിപ്പിച്ചും, നിർദ്ദേശങ്ങൾ നൽകിയുമാണ് നിങ്ങൾ ഓരോരുത്തരും ഈ കുടുംബത്തിന്റെ ഭാഗമായത്. ഞങ്ങളുടെ പരിശ്രമങ്ങളെ അഭിനന്ദിക്കുകയും, പിഴവുകൾ ചൂണ്ടിക്കാട്ടി കൂടുതൽ മെച്ചപ്പെടാൻ സഹായിക്കുകയും ചെയ്ത എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ നന്ദി. ഈ സ്നേഹവും പിന്തുണയും എന്നും കൂടെയുണ്ടാകണം . സുരക്ഷിതമായ സമൂഹത്തിനായി ഒരുമിച്ച് മുന്നോട്ട്.

യുദ്ധവിരുദ്ധ സന്ദേശവുമായി പെരുംകുളം എ.എം.എൽ.പി സ്കൂളിൽ ഹിരോഷിമ ദിനാചരണം

യുദ്ധവിരുദ്ധ സന്ദേശവുമായി പെരുംകുളം എ.എം.എൽ.പി സ്കൂളിൽ ഹിരോഷിമ ദിനാചരണം

പെരുംകുളം: സ്വാതന്ത്ര്യദിന ആഘോഷ പരിപാടികളുടെ ഭാഗമായി പെരുംകുളം എ.എം.എൽ.പി സ്കൂളിൽ സംഘടിപ്പിക്കുന്ന ‘സ്വാതന്ത്ര്യ സ്‌മൃതീയാത്ര’യുടെ ഭാഗമായി ഹിരോഷിമ ദിനം ആചരിച്ചു. ലോകസമാധാന സന്ദേശമുയർത്തി ഹിരോഷിമ ദുരന്തത്തിന്റെ 81-ാം വാർഷികമാണ് സ്കൂളിൽ വിപുലമായി ഓർമ പുതുക്കിയത്.

​ഓഗസ്റ്റ് 1 മുതൽ ആരംഭിച്ച പ്രത്യേക ആഘോഷ പരിപാടികളിലൂടെ സ്വാതന്ത്ര്യ സമര ചരിത്രവും സമാധാനത്തിന്റെ പ്രാധാന്യവും പുതിയ തലമുറയിലേക്ക് എത്തിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
​ദിനാചരണത്തോടനുബന്ധിച്ച് വിദ്യാർഥികൾ യുദ്ധത്തിൽ മരിച്ചവർക്ക് പ്രണാമമർപ്പിച്ച് ദീപങ്ങൾ തെളിയിച്ചു. സമാധാനത്തിന്റെ പ്രതീകമായ സഡാക്കോ കൊക്കുകളുടെ നിർമാണം, വർണാഭമായ പോസ്റ്ററുകളുടെ പ്രദർശനം, കുട്ടികൾ അവതരിപ്പിച്ച യുദ്ധവിരുദ്ധ സന്ദേശങ്ങൾ എന്നിവ ചടങ്ങിന് വേറിട്ട അനുഭവം നൽകി.

സ്കൂൾ ഹെഡ്മാസ്റ്ററുടെ മേൽനോട്ടത്തിലും മാർഗനിർദേശത്തിലുമാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്. അധ്യാപകരായ ആശാ റാണി, ബിസ്മി, സനീറ, രജനി, റീന എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകുകയും കുട്ടികളോടൊപ്പം പങ്കാളികളാകുകയും ചെയ്തു.

നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞു, ഒരാള്‍ മരിച്ചു; ഒരാളുടെ നില ഗുരുതരം

നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞു, ഒരാള്‍ മരിച്ചു; ഒരാളുടെ നില ഗുരുതരം

തൊടുപുഴ: കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. ഇടുക്കി ഏലപ്പാറ നാലാംമൈലിനു സമീപമാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

തിരുവനന്തപുരം സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. രാവിലെയായിരുന്നു അപകടം. ഏലപ്പാറയില്‍ നിന്നും കട്ടപ്പനയിലേക്ക് വരുന്ന മലയോര ഹൈവേയില്‍ നാലാം മൈലിന് സമീപമാണ് അപകടമുണ്ടായത്.

നിയന്ത്രണം വിട്ട കാര്‍ സമീപത്തെ ചിന്നാര്‍ തോട്ടിലേക്ക് മറിയുകയായിരുന്നു. കാറില്‍ അഞ്ചുപേരാണ് ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്ന നാലു വയസ്സുള്ള കുട്ടി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പരിക്കേറ്റവരെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.