ടിനി ടോമിനെതിരെ നിയമനടപടിയ്‌ക്കൊരുങ്ങി അന്‍സിബ; ആഭ്യന്തര മന്ത്രിയ്ക്ക് പരാതി നല്‍കും

ടിനി ടോമിനെതിരെ നിയമനടപടിയ്‌ക്കൊരുങ്ങി അന്‍സിബ; ആഭ്യന്തര മന്ത്രിയ്ക്ക് പരാതി നല്‍കും

ടിനി ടോമിനെതിരെ നടപടിയ്‌ക്കൊരുങ്ങി അന്‍സബി. മലയാള സിനിമയിലെ താരസംഘടന അമ്മയിലെ വ്യക്തിഹത്യയുമായി ബന്ധപ്പെട്ട് ടിനി ടോമിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് മുന്‍ എക്‌സിക്യൂട്ടീവ് അംഗം അന്‍സിബ അറിയിച്ചു. ഇനി അമ്മയില്‍ പരാതി പറഞ്ഞിട്ട് കാര്യമില്ല. അതിനാല്‍ പൊലീസിനും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കുമെന്നും അന്‍സിബ പറഞ്ഞു. നാട്ടില്‍ നിയമവും കോടതിയുമെല്ലാം ഉണ്ടല്ലോ എന്നും അന്‍സിബ പ്രതികരിച്ചു.

ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അന്‍സിബയുടെ പ്രതികരണം. തന്നെ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് മാനസികമായി പീഡിപ്പിച്ചു. അതിനാല്‍ തൃപ്പൂണിത്തുറ ഹില്‍പാലസ് വനിത സെല്‍ സി ഐക്കെതിരെയും പരാതി നല്‍കുമെന്നും അന്‍സിബ അറിയിച്ചു.നേരത്തെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും രാജി വച്ചതിന് പിന്നാലെ നടന്‍ ടിനി ടോമിനെതിരെ അന്‍സിബ രംഗത്തുവന്നിരുന്നു. ടിനി ടോം തന്നെ ജിഹാദിയെന്ന് വിളിച്ചെന്നായിരുന്നു അന്‍സിബയുടെ ആരോപണം.

തനിക്ക് എല്ലാവരുമായും അവിഹിതമാണെന്ന്പ്രചരിപ്പിച്ചുവെന്നും അന്‍സിബയുടെ ആരോപിച്ചിരുന്നു. എന്നാല്‍ അന്‍സിബ തനിക്ക് സഹോദരിയെ പോലെയാണെന്നും ടിനി ടോം പ്രതികരിച്ചിരുന്നു. ഇതിനിടെ അന്‍സിബ നടത്തിയ ആരോപണങ്ങള്‍ ശരി വച്ച് നടി നീന കുറിപ്പ് രംഗത്തെത്തി.

അന്‍സിബയുടെ ഡിഎന്‍എ ശരിയല്ലെന്ന് ടിനി ടോം പറഞ്ഞുവെന്നാണ് നീന കുറിപ്പിന്റെ വെളിപ്പെടുത്തല്‍. ജിഹാദിയെന്ന് വിളിച്ചതായും നീന കുറുപ്പ് പറയുന്നു. പ്രശ്‌നമുണ്ടാക്കുന്നവരെ മാറ്റി നിര്‍ത്തണം. ഈ ടീമിനെ വച്ച് മുന്നോട്ട് പോകാനാകില്ലെന്നും നീന കുറുപ്പ് പറഞ്ഞു.

‘കടുത്ത കുറ്റമായിട്ടും സ്വന്തം അംഗങ്ങളെ സംരക്ഷിക്കാനുള്ള സമൂഹത്തിന്റെ സഹജ വാസന; മധു വധക്കേസില്‍ ദൃക്‌സാക്ഷികള്‍ അറിയില്ലെന്ന് പറഞ്ഞു’

‘കടുത്ത കുറ്റമായിട്ടും സ്വന്തം അംഗങ്ങളെ സംരക്ഷിക്കാനുള്ള സമൂഹത്തിന്റെ സഹജ വാസന; മധു വധക്കേസില്‍ ദൃക്‌സാക്ഷികള്‍ അറിയില്ലെന്ന് പറഞ്ഞു’

കൊച്ചി: അട്ടപ്പാടി മധു വധക്കേസില്‍ ദൃക്‌സാക്ഷി മൊഴികളുടെ പൂര്‍ണ തകര്‍ച്ചയാണു കണ്ടതെന്നു ഹൈക്കോടതി. വിചാരണയില്‍ ഏറ്റവും അസ്വസ്ഥത ഉണ്ടാക്കിയ കാര്യം ദൃക്‌സാക്ഷികള്‍ സംഭവം അറിയില്ലെന്നു പറഞ്ഞതാണെന്നും കോടതി പറഞ്ഞു. ഇത് ആശങ്കപ്പെടുത്തുന്നതാണ്. മധുവിനെ കെട്ടിയിട്ടപ്പോള്‍ 75 പേരെങ്കിലും മുക്കാലി ജംക്ഷനില്‍ ഉണ്ടായിരുന്നു. വനം ഉദ്യോഗസ്ഥര്‍, ഷോപ്പ് ജീവനക്കാര്‍, വഴിയോര കച്ചവടക്കാര്‍, പ്രദേശവാസികള്‍ തുടങ്ങിയവര്‍ കോടതിക്കു മുന്നില്‍ ഹാജരായി. സിസിടിവി ദൃശ്യങ്ങള്‍ തുറന്ന കോടതിയില്‍ കണ്ടു. എന്നാല്‍ അവരുടെ ദൃശ്യങ്ങള്‍ സ്‌ക്രീനില്‍ വന്നപ്പോള്‍ പങ്കുള്ളവരെ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്ന് അവകാശപ്പെട്ടു.

വിചാരണ കാലാവധിയില്‍ പ്രതികള്‍ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച് സാക്ഷികളെ ബന്ധപ്പെട്ടെന്നാണ് ഇതില്‍ നിന്നും മനസിലാകുന്നത്. ഭൂരിഭാഗം പ്രതികളുടെയും ജാമ്യം റദ്ദാക്കിയതിനു ശേഷമാണ് ഫോറസ്റ്റ് വാച്ചര്‍ കോടതിക്കു മുന്നില്‍ മൊഴി നല്‍കാന്‍ ധൈര്യം കാട്ടിയത്. കടുത്ത കുറ്റമായിട്ടു പോലും സ്വന്തം അംഗങ്ങളെ സംരക്ഷിക്കാനുള്ള സമൂഹത്തിന്റെ സഹജ വാസനായാണിത്. സാക്ഷി സംരക്ഷണ പദ്ധതി തത്വത്തില്‍ നിലവിലുണ്ടെങ്കിലും പ്രദേശവാസികളുടെ സമ്മര്‍ദം, സാമ്പത്തിക ആശ്രയത്വം, സാമൂഹിക ഭീഷണി തുടങ്ങിയവ മൂലം ഫലപ്രദമാകുന്നില്ലെന്നു കോടതി പറഞ്ഞു. ഭരണഘടന വിഭാവനം ചെയ്യുന്ന ആശയങ്ങളും യാഥാര്‍ഥ്യവും തമ്മില്‍ തുടരുന്ന അകലമാണു മധുവിന്റെ വേദനാജനകമായ മരണം ഓര്‍മിപ്പിക്കുന്നതെന്നു കോടതി പറഞ്ഞു.’

മധുവിനെ വേട്ടയാടി ആള്‍ക്കൂട്ടപ്പകയുടെ ട്രോഫിയായി പ്രദര്‍ശിപ്പിക്കുകയായിരുന്നു പ്രതികളെന്ന് ഹൈക്കോടതി. തങ്ങള്‍ ചെയ്യുന്നതു കുറ്റകൃത്യമാണെന്ന് അവര്‍ വിശ്വസിച്ചില്ല, പകരം നീതി നടപ്പാക്കുകയാണ് എന്നായിരുന്നു വിചാരം. നിരാലംബനായ ഒരാള്‍ക്കുമേലുള്ള സംഘടിതമായ ശക്തിയുടെ നഗ്‌നമായ പ്രദര്‍ശനമാണ് നടന്നത്. വിശന്നതു കൊണ്ടാണു മധു ഭക്ഷണം മോഷ്ടിച്ചത്. രോഗവും പട്ടിണിയും സമൂഹത്തിന്റെ അകറ്റലും മധുവിനെ സമ്മര്‍ദത്തിലാക്കി. എന്നാല്‍ മധുവിന്റെ ചുറ്റും കൂടിയവര്‍ക്ക് വാഹനവും മൊബൈല്‍ ഫോണും കടകളും സാമൂഹിക അധീശത്വത്തിന്റെ ശക്തിയുമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണു ശിക്ഷ വിധിക്കുന്നതിനു മുന്‍പ് എസ്സി,എസ്ടി വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമം ബാധകമാകുന്നതു പരിശോധിക്കേണ്ടതെന്നു കോടതി പറഞ്ഞു.

ഒന്നാം പ്രതി ഹുസൈന് എതിരെ ചുമത്തിയ കുറ്റകൃത്യം സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നു ഹൈക്കോടതി വിലയിരുത്തി. പ്രതികള്‍ പിടിച്ചുകൊണ്ടുവന്നു മുക്കാലി ജംക്ഷനില്‍ ഇരുത്തിയ മധുവിന്റെ നെഞ്ചില്‍ ഹുസൈന്‍ ആഞ്ഞ് ചവിട്ടിയെന്നും ആഘാതത്തില്‍ ഭണ്ഡാരപ്പെട്ടിയുടെ കോണ്‍ക്രീറ്റ് ഭിത്തിയില്‍ മധുവിന്റെ തല ഇടിച്ചെന്നുമായിരുന്നു പ്രോസിക്യുഷന്‍ കേസ്. മൂന്നു സെക്കന്‍ഡിനുള്ളിലാണ് ഇത് നടന്നത്. എന്നാല്‍ ചവിട്ടിയെന്നതു സംബന്ധിച്ചു സാക്ഷി മൊഴികള്‍ സിസിടിവി ദൃശ്യങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നു വിചാരണക്കോടതി കണ്ടെത്തിയിരുന്നു.

ഉറങ്ങിക്കിടന്ന ഗൃഹനാഥന്റെ കാലില്‍ പാമ്പു ചുറ്റി, അത്ഭുത രക്ഷപ്പെടല്‍

ഉറങ്ങിക്കിടന്ന ഗൃഹനാഥന്റെ കാലില്‍ പാമ്പു ചുറ്റി, അത്ഭുത രക്ഷപ്പെടല്‍

പത്തനംതിട്ട: ഉറങ്ങിക്കിടന്ന ഗൃഹനാഥന്റെ കാലില്‍ പാമ്പു ചുറ്റി. രമേശന്‍ എന്നയാളുടെ കാലിലാണ് പാമ്പു ചുറ്റിയത്. പത്തനംതിട്ട മണ്ണാറക്കുളഞ്ഞിയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം. തണുപ്പ് അനുഭവപ്പെട്ടതോടെ കാല്‍ പെട്ടെന്ന് കുടഞ്ഞതിനാല്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടു. തെറിച്ചു മുറിക്കുള്ളില്‍ വീണ പാമ്പ് ജനലിലൂടെ ടിവിക്കുള്ളില്‍ കയറി. വീട്ടിലെ ടിവിക്കുള്ളില്‍ കടന്നുകൂടിയ പാമ്പിനെ സാഹസികമായാണ് പിടികൂടിയത്.

പാമ്പുപിടിത്തുക്കാരന്‍ മാത്തുക്കുട്ടി എത്തിയാണ് ടിവിയില്‍ നിന്നും പാമ്പിനെ പുറത്തെടുത്തത്. ശംഖുവരയന്‍ എന്ന വിഷപ്പാമ്പിനെയാണ് പിടികൂടിയത്. പാമ്പിനെ വനംവകുപ്പിന് കൈമാറി. ടിവിയില്‍ നിന്നും പാമ്പിനെ പുറത്തെടുത്തപ്പോഴാണ് കാലില്‍ അനുഭവപ്പെട്ട തണുപ്പ് പാമ്പായിരുന്നു എന്ന് രമേശന്‍ തിരിച്ചറിയുന്നത്.

‘അമ്മയുടെ ദോഷം മാറ്റാന്‍ പൂജ’, പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ നിരന്തരം പീഡിപ്പിച്ചു; മന്ത്രവാദി പിടിയില്‍

‘അമ്മയുടെ ദോഷം മാറ്റാന്‍ പൂജ’, പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ നിരന്തരം പീഡിപ്പിച്ചു; മന്ത്രവാദി പിടിയില്‍

തിരുവനന്തപുരം: കിളിമാനൂരില്‍ മന്ത്രവാദത്തിന്റെ മറവില്‍ പീഡനം നടത്തിയ കേസില്‍ മന്ത്രവാദി അറസ്റ്റില്‍. കടയ്ക്കല്‍ സ്വദേശി ശരത് ബാബു ആണ് പിടിയിലായത്. രണ്ടു പെണ്‍കുട്ടികളെയാണ് ശരത് ബാബു പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്. അമ്മയും രണ്ടു പെണ്‍കുട്ടികളുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. അമ്മയുടെ പേരിലുള്ള ഭൂമിയുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇത് തീര്‍ക്കുന്നതിനായാണ് കുടുംബം ശരത് ബാബുവിനെ സമീപിച്ചത്. പിന്നാലെ ഭൂമിയുടെ വില്‍പ്പന നടന്നു. ഇതോടെ ഇയാളിലുള്ള കുടുംബത്തിന്റെ വിശ്വാസ്യത വര്‍ധിച്ചു. ഇതിന് ശേഷം ഇയാള്‍ വീട്ടില്‍ നിത്യസന്ദര്‍ശകനായി. അമ്മയുടെ ദോഷം മാറ്റാന്‍ എന്ന പേരില്‍ ഇയാള്‍ പെണ്‍കുട്ടികളെ നിരന്തരം ഉപദ്രവിച്ചു എന്നതാണ് പരാതിയില്‍ പറയുന്നത്.

2024 ഏപ്രില്‍ മുതല്‍ 2026 മാര്‍ച്ച് വരെ നീളുന്ന ലൈംഗികാതിക്രമമാണ് നടന്നത്. ഒടുവില്‍ നിവൃത്തിയില്ലാതെ മൂത്ത സഹോദരി അമ്മയോട് കാര്യങ്ങള്‍ തുറന്നുപറയുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടികളെ കൗണ്‍സിലിങ്ങ് നടത്തിയപ്പോഴാണ് ഇയാളില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ടിരുന്നു എന്ന കാര്യം പെണ്‍കുട്ടികള്‍ വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ തിരച്ചിലിന് ഒടുവിലാണ് പിടികൂടിയത്.

കായംകുളത്ത് കായലില്‍ കയ്യും കാലും കെട്ടി വൃദ്ധയുടെ മൃതദേഹം, കല്ലു കെട്ടി താഴ്ത്തിയ നിലയില്‍

കായംകുളത്ത് കായലില്‍ കയ്യും കാലും കെട്ടി വൃദ്ധയുടെ മൃതദേഹം, കല്ലു കെട്ടി താഴ്ത്തിയ നിലയില്‍

ആലപ്പുഴ: കായംകുളത്ത് കായലില്‍ നിന്ന് കയ്യും കാലും കെട്ടിയിട്ട നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കനകക്കുന്ന് നിന്നും കാണാതായ 80 വയസ്സുകാരി തങ്കമ്മയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വയോധികയെ രണ്ടു ദിവസം മുമ്പാണ് കാണാതായത്. കല്ലുപയോഗിച്ച് മൃതദേഹം കെട്ടിതാഴ്ത്തിയ നിലയിലായിരുന്നു.

കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. മകന്‍ കുടുംബവുമൊത്ത് വേറൊരു വീട്ടിലാണ് താമസിക്കുന്നത്. വിവാഹം കഴിച്ചയച്ച മകള്‍ ഭര്‍തൃവീട്ടുലും താമസിക്കുന്നു. തങ്കമ്മയെ കാണാതായതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസം നാട്ടുകാര്‍ മകളെ വിവരം അറിയിക്കുകയായിരുന്നു. വീട്ടിലെത്തി പരിശോധിച്ചെങ്കിലും ഒരു വിവരവും ലഭിച്ചില്ല.

തുടര്‍ന്ന് മകള്‍ കനകക്കുന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ്, ഇന്ന് മീന്‍പിടിക്കാന്‍ പോയവര്‍ കായലിന് നടുവില്‍ നിന്നും മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിച്ചു. പൊലീസിന്റെ പരിശോധനയിലാണ് മൃതദേഹം കയ്യും കാലും കെട്ടിയിട്ട്, മറ്റൊരു കല്ലു കൊണ്ട് കെട്ടി കായലില്‍ താഴ്ത്തിയതാണെന്ന് വ്യക്തമായത്. മൃതദേഹത്തില്‍ ആഭരണങ്ങള്‍ ഒന്നും തന്നെയില്ല. കൊലപാതകത്തിന്റെ കാരണവും, ആരാണ് കൃത്യം നടത്തിയത് എന്നതും വ്യക്തമല്ല.

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം ഇന്ന് വൈകീട്ട് പ്രഖ്യാപിക്കും; ഫലമറിയാൻ ചെയ്യേണ്ടത്

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം ഇന്ന് വൈകീട്ട് പ്രഖ്യാപിക്കും; ഫലമറിയാൻ ചെയ്യേണ്ടത്

തിരുവനന്തപുരം: പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം ഇന്ന് വൈകീട്ട് മൂന്നിന് പ്രഖ്യാപിക്കും. സെക്രട്ടേറിയറ്റിലെ പിആർഡി ചേംബറിൽ നടക്കുന്ന വാർത്ത സമ്മേളനത്തിൽ വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ ആണ് ഫലം പ്രഖ്യാപിക്കുന്നത്.

ഔദ്യോഗിക ഫല പ്രഖ്യാപനത്തിനുശേഷം വെബ്‌സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും. കേരള സർക്കാരിന്റെ വിവിധ സേവനങ്ങൾ നൽകുന്ന nammudekeralam.kerala.gov.in സൈറ്റിലൂടെയും മൊബൈൽ ആപ്ലിക്കേഷൻ വഴിയും കൂടാതെ വാട്ട്സ് ആപ്പിലൂടെയും പരീക്ഷ ഫലം അറിയാം.

ഹയർ സെക്കൻഡറിയിൽ 4.52 ലക്ഷം വിദ്യാർഥികളും വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 26,826 വിദ്യാർഥികളുമാണ് ഫലം കാത്തിരിക്കുന്നത്. കഴിഞ്ഞ വർഷം ഹയർ സെക്കൻഡറിയിൽ 77.81 ശതമാനവും വിഎച്എസ്ഇയിൽ 70.06 ശതമാനവുമാണ് വിജയം.