ശബരിമലയിലെ ദോഷങ്ങൾ മാറ്റാൻ പരിഹാരക്രിയ ആരംഭിച്ച് ദേവസ്വം

ശബരിമലയിലെ ദോഷങ്ങൾ മാറ്റാൻ പരിഹാരക്രിയ ആരംഭിച്ച് ദേവസ്വം

പത്തനംതിട്ട: ശബരിമലയിലെ ദോഷങ്ങള്‍ മാറാന്‍ പരിഹാര ക്രിയകള്‍ ആരംഭിച്ച് ദേവസ്വം ബോര്‍ഡ്. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലും കാസർഗോഡ് കുമാകമംഗലം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലുമാണ് പ്രത്യേക പൂജകൾ നടത്തിയത്. ഇതിനു പുറമെ കേരളത്തിലെ 25 ഓളം ക്ഷേത്രങ്ങളിലും പൂജ നടത്തി. ക്ഷേത്രത്തിലെ പൂജയുടെ ദൃശ്യങ്ങൾ പുറത്തുവന്നു.

കാസര്‍കോട് കാര്‍ത്തിക പൂജയും, കാണിക്ക സമര്‍പ്പണവും നടത്തി. കൊല്ലൂരിൽ മണി, നാക്ക്, നാരായം എന്നിവ സമർപ്പിച്ച് പൂജ ചെയ്തു. കൊല്ലൂരിൽ മഹാ പൂജയും, കാസർകോട് രംഗ പൂജയും പിന്നീട് നടക്കും. നവരാത്രി കഴിഞ്ഞ് മഹാ പൂജയും നടക്കും.

വാക്ക് ദോഷം മാറാനാണ് കൊല്ലൂരിലെ പൂജകള്‍ നടത്തിയത്. 2018 ലെ ദേവപ്രശ്നത്തിലാണ് ദോഷങ്ങൾ കണ്ടെത്തിയത്. എന്നാൽ പൂജകൾ നടത്തിയിരുന്നില്ല. സ്വർണ്ണക്കൊള്ള ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ‌ വിവാദങ്ങൾ ഉണ്ടായതോടെയാണ് പൂജകൾ ചെയ്യാൻ ദേവസ്വം തീരുമാനിച്ചത്. ശബരിമലയിൽ എത്തിയ ഭക്തരെ ജീവനക്കാരും സുരക്ഷ ഉദ്യോഗസ്ഥരും അസഭ്യം പറഞ്ഞതോടെ വാക്‌ദോഷം ഉണ്ടായി എന്നാണ് കണ്ടെത്തല്‍.

ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ പി എസ് ശാന്തകുമാറിന്റെ നേതൃത്വത്തിലാണ് പരിഹാര ക്രിയകള്‍ നടത്തുന്നത്. വൈകാതെ തന്നെ മറ്റ് ക്ഷേത്രങ്ങളിലും പൂജകൾ നടത്തും. മണ്ഡല കാലത്തിനു മുൻപ് നിർദേശിച്ചിട്ടുള്ള എല്ലാ പൂജകളും പൂർത്തിയാക്കുമെന്നാണ് റിപ്പോർട്ട്.

തെരുവുനായ്ക്കളുടെ ശല്യം അതിരൂക്ഷമാകുന്നു

തെരുവുനായ്ക്കളുടെ ശല്യം അതിരൂക്ഷമാകുന്നു

പാറശ്ശാല : പൊഴിയൂർ, ഉച്ചക്കട മേഖലയിൽ തെരുവുനായ്ക്കളുടെ ശല്യം അതിരൂക്ഷമാകുന്നു. ഇതുകാരണം വഴിനടക്കുവാൻപോലുമാകാതെ നാട്ടുകാർ ബുദ്ധിമുട്ടിയിട്ടും നടപടി സ്വീകരിക്കുവാൻ അധികൃതർ തയ്യാറാകാത്തതിൽ പ്രതിഷേധം ശക്തമാകുന്നു.കാരോട്, കുളത്തൂർ പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന പൊഴിയൂർ, ഉച്ചക്കട മേഖലയിലാണ് അക്രമകാരികളായ തെരുവുനായ്ക്കളുടെ ശല്യം വർധിക്കുന്നത്.

ജനവാസമേഖലകളിലടക്കം സംഘങ്ങളായാണ് ഇവയുടെ സഞ്ചാരം. രാത്രിയിൽ ഒറ്റയ്‌ക്കെത്തുന്ന കാൽനട, ബൈക്ക് യാത്രക്കാരെ ആക്രമിക്കുന്നതും പതിവാണ്.

സ്‌കൂൾ വിദ്യാർഥികളടക്കം കടന്നുപോകുന്ന പാതകളിലെ തെരുവുനായ്ക്കളുടെ ശല്യം രക്ഷിതാക്കളെയും ഭീതിയിലാക്കുന്നുണ്ട്. കുട്ടികൾക്കുനേരേയാണ് തെരുവുനായ്ക്കൾ ആക്രമണസ്വഭാവം കൂടുതൽ കാണിക്കുന്നത്.

വിരാലി, പൊഴിയൂർ മേഖലകളിൽ ഭക്ഷണമാലിന്യം വൻതോതിൽ റോഡരികിൽ ഉപേക്ഷിക്കുന്നത് തെരുവുനായ്ക്കൾ ഈ മേഖലയിൽ കേന്ദ്രീകരിക്കുവാൻ കാരണമാകുന്നുണ്ട്.

മേഖലയിലെ ഹോട്ടലുകളിലെയും വീടുകളിലെയും ഭക്ഷണാവശിഷ്ടങ്ങളും മാലിന്യത്തിനൊപ്പം തള്ളുന്നതിനാൽ തെരുവുനായ്ക്കൾ ഇവിടെത്തന്നെ തമ്പടിക്കുന്നു.

ചിലർ സ്ഥിരമായി തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതും തെരുവുനായ്ക്കളുടെ സാന്നിദ്ധ്യം വർധിപ്പിക്കുവാൻ കാരണമാകുന്നു.

തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നത് പ്രദേശവാസികൾ പലതവണ വിലക്കിയെങ്കിലും ഇവർ അനുസരിക്കാറില്ലായെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

ജനവാസമേഖലയിലെ തെരുവുനായ്ക്കളുടെ ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ നിരവധിതവണ കുളത്തൂർ, കാരോട് പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയെങ്കിലും ഒരു നടപടിയും സ്വീകരിക്കുവാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് ആക്ഷേപമുയരുന്നുണ്ട്.അതിർത്തി പഞ്ചായത്തുകളിൽ തെരുവുനായ്ക്കളുടെ വർധിച്ച സാന്നിദ്ധ്യത്തിനുപിന്നിൽ തമിഴ്‌നാട്ടിൽനിന്നുള്ളവരെന്ന് ആരോപണം ഉയരുന്നു. തമിഴ്‌നാടിന്റെ പ്രദേശത്ത് അലഞ്ഞുതിരിഞ്ഞു നടക്കുന്ന തെരുവുനായ്ക്കളെ പിടികൂടി ടിപ്പർലോറികളിൽ അതിർത്തി കടത്തി കേരളത്തിന്റെ ഭാഗത്ത് ഉപേക്ഷിക്കുന്ന സംഘങ്ങൾ അതിർത്തിപ്രദേശത്ത് പ്രവർത്തിക്കുന്നുണ്ട്.

കുഴിത്തുറ കേന്ദ്രീകരിച്ചുള്ള സംഘമാണ് ഇത്തരത്തിൽ തെരുവുനായ്ക്കളെ അതിർത്തി കടത്തുന്നത്. തമിഴ്‌നാടിന്റെ അതിർത്തിപ്രദേശത്തെ ജനവാസമേഖലകളിൽ തെരുവുനായശല്യം വർധിക്കുമ്പോൾ പ്രദേശത്തെ റെസിഡെൻസ് അസോസിയേഷനുകൾ കുഴിത്തുറ കേന്ദ്രീകരിച്ചുള്ള സംഘത്തിന്റെ സഹായം തേടുകയാണ് പതിവ്. ഇവർ തെരുവുനായ്ക്കളെ പിടികൂടി നാടുകടത്തുകയാണ് ചെയ്യുന്നത്. കോവിഡ് കാലത്ത് ഇത്തരത്തിൽ തെരുവുനായ്ക്കളെ ഉപേക്ഷിക്കുവാനെത്തിയ സംഘത്തെ പാറശ്ശാലയ്ക്കുസമീപം കാരാളിയിൽ പ്രദേശവാസികൾ പിടികൂടി മടക്കിയയച്ചിരുന്നു.

വിമാനത്തില്‍ മലയാളി യുവാവിന്റെ പരാക്രമം;കീഴ്‌പ്പെടുത്തി സഹയാത്രികര്‍

വിമാനത്തില്‍ മലയാളി യുവാവിന്റെ പരാക്രമം;കീഴ്‌പ്പെടുത്തി സഹയാത്രികര്‍

കൊച്ചി: ആകാശത്തു വെച്ച് വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച് മലയാളി യുവാവ്. കൊലാലംപൂരില്‍ നിന്നും കൊച്ചിയിലേക്ക് വന്ന വിമാനത്തിലാണ് സംഭവം. അതിക്രമം കാണിച്ച പാലക്കാട് സ്വദേശി ജംഷീറിനെ സഹയാത്രികര്‍ ചേര്‍ന്ന് പിടികൂടി സിഐഎസ്എഫിന് കൈമാറി.

എമര്‍ജന്‍സി പാനലിലെ വിന്‍ഡോപാനലിലെ ഒരു പാളി അടിച്ചു പൊട്ടിച്ച ജംഷീര്‍, എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിക്കുകയായിരുന്നു. സഹയാത്രികര്‍ യുവാവിനെ കീഴ്‌പ്പെടുത്തിയതുകൊണ്ടാണ് വന്‍ അപകടം ഒഴിവായത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. വിമാനം ലാന്‍ഡ് ചെയ്യാന്‍ ഏതാണ്ട് അരമണിക്കൂര്‍ ശേഷിക്കെയാണ് നാടകീയ സംഭവം ഉണ്ടായത്.

വിമാനത്തിന്റെ എമര്‍ജന്‍സി വിന്‍ഡോ സൈഡിലിരുന്ന യുവാവാണ് പരാക്രമം കാണിച്ചത്. സഹയാത്രികര്‍ കീഴ്‌പ്പെടുത്തിയ യുവാവിനെ സിഐഎസ്എഫിനെ ഏല്‍പ്പിച്ചു. തുടര്‍ന്ന് സിഐഎസ്എഫ് ജംഷീറിനെ നെടുമ്പാശ്ശേരി പൊലീസിന് കൈമാറിയിട്ടുണ്ട്. വിമാനത്തില്‍ യുവാവ് പരാക്രമം നടത്താനുള്ള കാരണം വ്യക്തമല്ല. പൊലീസ് ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

മമ്പറം കേളാലൂർ ക്ഷേത്രക്കുളത്തിൽ യുവ എൻജിനീയർ മുങ്ങിമരിച്ചു

മമ്പറം കേളാലൂർ ക്ഷേത്രക്കുളത്തിൽ യുവ എൻജിനീയർ മുങ്ങിമരിച്ചു

കൂത്തുപറമ്പ്: മമ്പറം കേളാലൂർ മഹാവിഷ്‌ണു-ഗണപതി ക്ഷേത്രക്കുളത്തിൽ വ്യാഴാഴ്ച രാവിലെ മുങ്ങിമരിച്ചയാളെ തിരിച്ചറിഞ്ഞു. കണ്ണൂർ ചിറക്കൽ സ്വദേശിയായ യുവ എൻജിനീയർ കാർത്തിക്ക് രോഹനാണ് മരിച്ചത്. ചെന്നൈയിൽ എൻജിനീയറായി ജോലി ചെയ്തുവരികയായിരുന്ന ഇയാൾ മമ്പറം കേളാലൂരിലെ ഭാര്യവീട്ടിൽ സന്ദർശനത്തിനെത്തിയതായിരുന്നു. വ്യാഴാഴ്ച രാവിലെ 7:15-ഓടെയായിരുന്നു ദാരുണമായ സംഭവം നടന്നത്.

മമ്പറം കേളാലൂർ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു കാർത്തിക്ക് രോഹിൻ. ഈ സമയം കുളത്തിൽ കുളിച്ചുകൊണ്ടിരുന്ന മറ്റ് ആളുകളാണ് കാർത്തിക്ക് പെട്ടെന്ന് വെള്ളത്തിൽ മുങ്ങിത്താഴുന്നത് കണ്ടത്. ഉടൻ തന്നെ ഒപ്പമുണ്ടായിരുന്നവർ കൂത്തുപറമ്പ് ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു.വിവരമറിഞ്ഞ് സ്റ്റേഷൻ ഓഫീസർ പി. ഷനിത്തിന്റെ നേതൃത്വത്തിൽ സ്കൂബ ടീം ഉൾപ്പെടെയുള്ള ഫയർഫോഴ്സ് സംഘം അടിയന്തരമായി സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു.കുളത്തിൽ നിന്ന് കാർത്തിക്കിനെ വേഗത്തിൽ കരയ്ക്ക് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്താനുള്ള ശ്രമങ്ങൾക്ക് ഊർജം പകർന്ന ഹൈസ്‌കൂളുകളിൽ എറൈസ് പദ്ധതി

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്താനുള്ള ശ്രമങ്ങൾക്ക് ഊർജം പകർന്ന ഹൈസ്‌കൂളുകളിൽ എറൈസ് പദ്ധതി

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്താനുള്ള ശ്രമങ്ങൾക്ക് ഊർജം പകർന്ന സർക്കാരിന്റെ 100 ദിന പരിപാടിയിൽ ഉൾപ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ് എറൈസ് പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന 16 പദ്ധതികളിൽ ഐ.ടി സാങ്കേതികവിദ്യക്ക് കൂടുതൽ പ്രാധാന്യമുളളതും കൈറ്റിന്റെ നേതൃത്വത്തിൽ ഹൈസ്‌കൂളുകളിൽ നടപ്പിലാക്കുന്നതുമായ നാല് പ്രധാന പദ്ധതികൾക്കും ഇതോടെ തുടക്കമായി.

അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ സജ്ജമാക്കി ഹൈസ്‌കൂളുകളിൽ എറൈസ് ഹബ് (ARISE Hub- AI & Robotics Initiative for School Education) സ്ഥാപിക്കുന്ന പദ്ധതിയുടെ മാർഗ്ഗരേഖ ഹൈസ്‌കൂൾ പ്രഥമാധ്യപകരുടെ ഏകദിനശില്പശാല ഓൺലൈനായി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദീൻ തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു.

കൈറ്റിന്റെ നേതൃത്വത്തിൽ അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ സജ്ജമാക്കി മൈക്രോകൺട്രോളർ ബോർഡുകൾ, സെൻസറുകൾ, മോട്ടോറുകൾ തുടങ്ങിയവയുടെ സഹായത്താൽ കാഴ്ചപരിമിതർക്കുള്ള സ്മാർട്ട് വാക്കിംഗ് സ്റ്റിക്ക്, പാചകവാതക ചോർച്ച അറിയാനുള്ള ഗ്യാസ് ഡിറ്റക്ടർ, ഫെയ്‌സ് റെക്കഗ്‌നിഷൻ ഉള്ള എ.ഐ സ്മാർട്ട് ഡോർ ലോക്കുകൾ എന്നിവയുടെ പ്രോട്ടോടൈപ്പുകൾ നിർമ്മിക്കുന്നതിന് സഹായകമായ എറൈസ് പദ്ധതി ഉൾപ്പെടെ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾ സ്‌കൂൾതലത്തിൽ ഫലപ്രദമായി നടപ്പിലാക്കണമെന്ന് ശില്പശാലയിൽ മന്ത്രി അഭിപ്രായപ്പെട്ടു.

പ്രൈമറി വിഭാഗം ഉൾപ്പെടെ വിദ്യാർത്ഥികളുടെ സ്വയം പഠനത്തിനും ഡിജിറ്റൽ ഡിവൈഡ് ഇല്ലാതാക്കുന്നതിനും സ്‌കൂളുകളിൽ സജ്ജമാക്കുന്ന ഡിജിറ്റൽ പഠന സൗകര്യമായ ഡിജിറ്റൽ സ്‌ക്വയർ, കുട്ടികളുടെ അക്കാദമിക ശേഷിയും പുരോഗതിയും കൃത്യമായി ട്രാക്ക് ചെയ്യാനും രക്ഷിതാക്കൾക്ക് വിവരങ്ങൾ ലഭ്യമാക്കാനും പിന്നാക്കം പോകുന്ന കുട്ടികൾക്ക് തിരുത്തൽ ബോധനം ഉറപ്പാക്കാനുമുള്ള അക്കാദമിക മോണിറ്ററിംഗ് പ്ലാറ്റ്ഫോമായ താരാപഥം, സ്‌കൂളുകളുടെ വിവരങ്ങളും മികവുകളും സമയബന്ധിതമായി പങ്കുവെക്കുന്നതിന് വിക്കിപീഡിയ മാതൃകയിൽ സജമാക്കിയ സ്‌കൂൾവിക്ക് അപ്ഡേഷൻ കാമ്പയിൻ ആയ സ്‌കൂൾ വിക്കിത്തോൺ എന്നീ പദ്ധതികളും ഇന്നത്തെ കാലത്ത് അടിയന്തരമായി നടപ്പാക്കേണ്ട സൈബർ സുരക്ഷാ പ്രൊട്ടോക്കോൾ2026 ഉം സ്‌കൂളുകളിൽ നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയും നിർദേശങ്ങളും വിദ്യാഭ്യാസമന്ത്രി യോഗത്തിൽ വ്യക്തമാക്കി.

ശില്പശാലയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ഡോ. ഡി.സജിത് ബാബു ഐ.എ.എസ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്‌നേഹിൽകുമാർ സിങ്ങ് ഐ.എ.എസ്, കൈറ്റ് സി.ഇ.ഒ കെ. അൻവർസാദത്ത് തുടങ്ങിയവർ പങ്കെടുത്തു.

ഔദ്യോഗിക വാഹനം കോടതി ജപ്തി ചെയ്തു; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ടിപ്പര്‍ ലോറിയില്‍ പാഞ്ഞെത്തി തഹസില്‍ദാര്‍

ഔദ്യോഗിക വാഹനം കോടതി ജപ്തി ചെയ്തു; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ടിപ്പര്‍ ലോറിയില്‍ പാഞ്ഞെത്തി തഹസില്‍ദാര്‍

പത്തനംതിട്ട: ഔദ്യോഗിക വാഹനം കോടതി ഉത്തരവിനെ തുടര്‍ന്ന് ജപ്തി ചെയ്തതോടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ടിപ്പര്‍ ലോറിയില്‍ സഞ്ചരിച്ച് തിരുവല്ല തഹസില്‍ദാര്‍ ജോബിന്‍ കെ ജോര്‍ജ്. പ്രദേശത്ത് കനത്ത മഴയെ തുടര്‍ന്ന് വെള്ളംകയറിയ സാഹചര്യത്തിലാണ് അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ തഹസില്‍ദാര്‍ ടിപ്പര്‍ ലോറിയെ ആശ്രയിച്ചത്.

ചെങ്ങന്നൂര്‍-ചിങ്ങവനം റെയില്‍പ്പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുത്തതിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് തഹസില്‍ദാറുടെ ഔദ്യോഗിക വാഹനം കോടതി ജപ്തി ചെയ്തത്. ഏറ്റെടുത്ത് ഉഭൂമിക്ക് ലഭിച്ച നഷ്ടപരിഹാരം വളരെ കുറവാണെന്ന പരാതിയില്‍ കോടതി തഹസില്‍ദാരുടെ ജീപ്പും താലൂക്ക് ഓഫിസിലെ ഉപകരണങ്ങളും ജപ്തി ചെയ്യാന്‍ ഉത്തരവിട്ടത്.

എന്നാല്‍ പ്രകൃതിദുരന്ത സാധ്യതയും വെള്ളക്കെട്ടും തുടരുന്ന സാഹചര്യത്തില്‍ ഓഫിസില്‍ നോക്കിയിരിക്കാന്‍ തയ്യാറാകാതെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി തഹസില്‍ദാര്‍ ടിപ്പര്‍ ലോറിയില്‍ ദുരിതബാധിത പ്രദേശങ്ങളിലേക്ക് പുറപ്പെടുകയായിരുന്നു. വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ, കഴിഞ്ഞ ദിവസം ടിപ്പര്‍ യാത്ര അവസാനിപ്പിക്കുകയും ചെയ്തു.