മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ പവർ ബാങ്ക് പൊട്ടിത്തെറിച്ചു, വീട് പൂർണമായും കത്തിയമർന്നു

മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ പവർ ബാങ്ക് പൊട്ടിത്തെറിച്ചു, വീട് പൂർണമായും കത്തിയമർന്നു

മലപ്പുറം: മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ പവർ ബാങ്ക് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ വീട് കത്തിനശിച്ചു. തിരൂർ തെക്കൻ കുറ്റൂരിലെ മുക്കിലപീടിക അത്തംപറമ്പിൽ അബൂബക്കർ സിദ്ധിഖിന്റെ വീടാണ് ഫോൺ ചാർജ് ചെയ്യുന്നതിനിടെ പവർ ബാങ്ക് പൊട്ടിത്തെറിച്ച് പൂർണ്ണമായും കത്തിയമർന്നത്. അപകടസമയത്ത് വീട്ടിൽ ആരുമില്ലാതിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി. വലിയ ശബ്ദം കേട്ട നാട്ടുകാരും അയൽവാസികളും ചേർന്ന് സമീപത്തെ കിണറുകളിൽ നിന്ന് വെള്ളം പമ്പ് ചെയ്താണ് തീയണച്ചത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. ഓട്ടോ ഡ്രൈവറാണ് സിദ്ധിഖ്. ഓല മേഞ്ഞ വീടാണ് തീപിടിത്തത്തിൽ നശിച്ചത്. വീട്ടുപകരണങ്ങൾ, കുട്ടികളുടെ പുസ്തകങ്ങൾ, രേഖകൾ, വസ്ത്രങ്ങൾ എന്നിവയെല്ലാം കത്തിനശിച്ചു.

കൊല്ലത്ത് കോടതി വളപ്പില്‍ കൊലക്കേസ് പ്രതികളുടെ റീല്‍സെടുപ്പ്; എട്ട് പേര്‍ പിടിയില്‍

കൊല്ലത്ത് കോടതി വളപ്പില്‍ കൊലക്കേസ് പ്രതികളുടെ റീല്‍സെടുപ്പ്; എട്ട് പേര്‍ പിടിയില്‍

കൊല്ലത്ത് കോടതി വളപ്പില്‍ കൊലക്കേസ് പ്രതികളുടെ റീല്‍സെടുത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച എട്ട് പേര്‍ പിടിയില്‍. കരുനാഗപ്പള്ളിയിലെ ജിം സന്തോഷ് കൊലക്കേസ് വിചാരണ തടവുകാരായ പ്രതികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഓച്ചിറ സ്വദേശികളായ എട്ട് പേരെയാണ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 28 നാണ് കേസിന് ആസ്പദമായ സംഭവം. സന്തോഷ് കൊലക്കേസിലെ രണ്ട് പ്രതികളെ കരുനാഗപ്പള്ളി ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിച്ചിരുന്നു. ഈ സമയത്ത് കോടതി വളപ്പില്‍ എത്തിയ പ്രതികളുടെ സുഹൃത്തുക്കളാണ് റീല്‍സ് എടുക്കുകയും നിരോധിത ഉല്‍പന്നങ്ങള്‍ കൈമാറുകയും ചെയ്തത്.

ജിം സന്തോഷ് കൊലക്കേസിലേ വിചാരണ തടവുകാരായ അതുല്‍, മനു എന്നിവരെയാണ് കോടതിയില്‍ എത്തിച്ചത്. ദൃശ്യങ്ങള്‍ റീല്‍സായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് കോടതി നിര്‍ദേശ പ്രകാരമുള്ള പൊലീസ് നടപടി. ഓച്ചിറ സ്വദേശികളായ അമ്പാടി, റോഷന്‍, അനന്ദകൃഷ്ണന്‍,അജിത്, ഹരികൃഷ്ണന്‍, ഡിപിന്‍, മണപള്ളി സ്വദേശി മനോഷ്, അഖില്‍ എന്നിവരാണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്.

‘കുളിക്കൂ, നഖം മുറിക്കു’ പരാമര്‍ശങ്ങള്‍ വൃത്തികേട്, പക്ഷേ സ്ത്രീകളുടെ അന്തസ്സിനെ കളങ്കപ്പെടുത്തുന്നില്ല: ഹൈക്കോടതി

‘കുളിക്കൂ, നഖം മുറിക്കു’ പരാമര്‍ശങ്ങള്‍ വൃത്തികേട്, പക്ഷേ സ്ത്രീകളുടെ അന്തസ്സിനെ കളങ്കപ്പെടുത്തുന്നില്ല: ഹൈക്കോടതി

കൊച്ചി: വ്യക്തി ശുചിത്വത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ സ്ത്രീയുടെ അന്തസ്സിനെ കളങ്കപ്പെടുത്തുന്നതാണെന്ന് കണക്കാക്കാന്‍ കഴിയില്ലെന്ന് കേരള ഹൈക്കോടതി. എന്നാല്‍ ഒരാളോട് ‘കുളിക്കൂ, നഖം മുറിക്കു’ തുടങ്ങിയ പരാമര്‍ശങ്ങള്‍ നടത്തുന്നത് വൃത്തികേടാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഡ്രൈവിങ് ടെസ്റ്റിനെത്തിയ യുവതിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എംവിഐയും നെടുമങ്ങാട് സ്വദേശിയുമായ അനസ് മുഹമ്മദ് എം സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം.

ലൈംഗിക ചുവയുള്ളതോ സ്ത്രീയുടെ മാന്യതയെ ബാധിക്കുന്ന വിധത്തിലോ അല്ലാതെ വ്യക്തിശുചിത്വത്തെയും സ്വഭാവത്തെയും കുറിച്ചുള്ള വാക്കുകള്‍ കൊണ്ടുള്ള അധിക്ഷേപം സ്ത്രീകളുടെ അന്തസ്സിനെ അപമാനിക്കുന്നതായി കണക്കാക്കില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. ഡ്രൈവിങ് ടെസ്റ്റിനിടെ എംവിഐ യുവതിയുടെ നീണ്ട നഖങ്ങള്‍ ചൂണ്ടിക്കാട്ടി ഡ്രൈവിങ് ടെസ്റ്റിന് വന്നതാണോ എന്ന് ദേഷ്യത്തോടെ ചോദിക്കുകയും, ടെസ്റ്റിന് മുന്‍പ് ഇവരെ കുളിപ്പിക്കാന്‍ കൊണ്ടു പോകണമെന്ന് പറയുകയും ചെയ്‌തെന്നായിരുന്നു പരാതി. സദാചാരവിരുദ്ധരായ സ്ത്രീകളുടെ കുട്ടികള്‍ പല്ല് തേക്കാതെയും കുളിക്കാതെയും നഖം വെട്ടാതെയും ഡ്രൈവിംഗ് ടെസ്റ്റിന് വരുമെന്നും എംവി കുറ്റപ്പെടുത്തിയെന്നമായിരുന്നു ആക്ഷേപങ്ങള്‍. യുവതിയുടെ പരാതിയില്‍ എംവിഐക്ക് എതിരെ ഐപിസി 294(ബി), 509 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയും ചെയ്തു. ഈ കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് എംവിഐ ഹൈക്കോടതിയെ സമീപിച്ചത്.

ഹര്‍ജി പരിഗണിച്ച കോടതി സംഭവം നടന്നത് ഒരു കാറിനുള്ളിലായതിനാല്‍ അതൊരു പൊതു സ്ഥലമായി കണക്കാകാന്‍ കഴിയില്ലെന്നും വിലയിരുത്തി. ഉദ്യോഗസ്ഥന്‍ നടത്തിയ പരാമര്‍ശം വൃത്തികെട്ടതായിരുന്നു. എന്നാല്‍ അവ സ്ത്രീയുടെ മാന്യതയെ അപമാനിക്കുന്നതോ പൊതുസ്ഥലത്ത് അശ്ലീല വാക്കുകള്‍ ഉപയോഗിക്കുന്നതോ ആയി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കുറ്റകൃത്യങ്ങളായി കണക്കാക്കാന്‍ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഉദ്യോഗസ്ഥനെതിരെയുള്ള ക്രിമിനല്‍ നടപടികളും കോടതി റദ്ദാക്കി.

33.34 കോടിയുടെ പ്രവര്‍ത്തന ലാഭം; തുടർച്ചയായ മൂന്നാം വര്‍ഷവും നേട്ടത്തിലേക്ക് കുതിച്ച്‌ കൊച്ചി മെട്രോ

33.34 കോടിയുടെ പ്രവര്‍ത്തന ലാഭം; തുടർച്ചയായ മൂന്നാം വര്‍ഷവും നേട്ടത്തിലേക്ക് കുതിച്ച്‌ കൊച്ചി മെട്രോ

കൊച്ചി: കൊച്ചി മെട്രോ തുടര്‍ച്ചയായി മൂന്നാം വര്‍ഷവും പ്രവര്‍ത്തന ലാഭത്തില്‍. കഴിഞ്ഞ 2024- 25 സാമ്പത്തിക വര്‍ഷം 33.34 കോടി രൂപയുടെ പ്രവര്‍ത്തന ലാഭമാണ് മെട്രോ നേടിയത്. തൊട്ടുമുന്‍വര്‍ഷത്തേക്കാള്‍ 10.4 കോടി രൂപയുടെ വര്‍ധനയാണിത്. കൊച്ചി മെട്രോ സര്‍വ്വീസ് തുടങ്ങിയ 2017-18 കാലയളവില്‍ 24.19 കോടി രൂപ പ്രവര്‍ത്തന നഷ്ടമായിരുന്നു രേഖപ്പെടുത്തിയത്.

2018-19 കാലയളവില്‍ പ്രവര്‍ത്തന നഷ്ടം 5.70 കോടിയായി കുറഞ്ഞു. എന്നാൽ 2019- 20 വര്‍ഷം അത് 13.92 കോടിയായും 2020 – 21 ല്‍ 56.56 കോടിയായും ഉയര്‍ന്നു. 2021-22 കാലയളവില്‍ പ്രവര്‍ത്തന നഷ്ടം 34.94 കോടി രൂപയായിരുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തിൽ മെട്രോ നഷ്ടത്തില്‍ നിന്ന് കമ്പനി പ്രവര്‍ത്തന ലാഭത്തിലെത്തി. ആ വര്‍ഷം 5.35 കോടി രൂപയുടെ ലാഭമാണ് നേടിയത്. 2023-24 കാലയളവില്‍ പ്രവര്‍ത്തന ലാഭം 22.94 കോടി രൂപയായി ഉയരുകയും ചെയ്തു.

ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കൊച്ചി മെട്രോ ആകെ 182.37 കോടി രൂപയുടെ വരുമാനമാണ് നേടിയത്. ഇതില്‍ ടിക്കറ്റില്‍ നിന്നുള്ള വരുമാനം 111.88 കോടി രൂപയാണ്. 55.41 കോടി രൂപയാണ് ടിക്കറ്റിതര വരുമാനം. കണ്‍സള്‍ട്ടന്‍സിയില്‍ നിന്ന് 1.56 കോടി രൂപയും നേടി. ഇതര മാര്‍ഗങ്ങളില്‍ നിന്ന് 13.52 കോടി രൂപയും വരുമാനം നേടി. അതേസമയം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തന ചിലവ് 149.03 കോടി രൂപയാണ്.

തുടര്‍ച്ചയായ വര്‍ഷങ്ങളിലെ പ്രവര്‍ത്തന ലാഭം കൊച്ചി മെട്രോയുടെ പ്രവര്‍ത്തന മികവിന്റെ പ്രതിഫലനമാണെന്ന് കെഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. മികവാര്‍ന്ന രീതിയിലുള്ള ട്രെയിന്‍ ഓപ്പറേഷന്‍, യാത്രാസൗകര്യങ്ങളിലെ വര്‍ധന, കൂടുതല്‍ വരുമാന ഉറവിടങ്ങള്‍ കണ്ടെത്തുന്നതിലെ വൈവിധ്യവല്‍ക്കരണം, ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കാനുള്ള പരിശ്രമം, തുടങ്ങിയവയിലൂടെയാണ് പ്രവര്‍ത്തനലാഭം ഓരോ വര്‍ഷവും വര്‍ധിപ്പിച്ചു കൊണ്ടുവരാന്‍ കഴിയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ജൈനമ്മ തിരോധാനത്തില്‍ വഴിത്തിരിവ് ; സെബാസ്റ്റ്യന്റെ കാറില്‍ നിന്നും നിര്‍ണായക തെളിവുകള്‍ കണ്ടെത്തി

ജൈനമ്മ തിരോധാനത്തില്‍ വഴിത്തിരിവ് ; സെബാസ്റ്റ്യന്റെ കാറില്‍ നിന്നും നിര്‍ണായക തെളിവുകള്‍ കണ്ടെത്തി

കോട്ടയം: ഏറ്റുമാനൂര്‍ ജൈനമ്മ തിരോധനാക്കേസില്‍ നിര്‍ണ്ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. പ്രതി സെബാസ്റ്റ്യന്റെ കാറില്‍ നിന്നും കത്തി, ചുറ്റിക, ഡീസല്‍ കന്നാസ്, പേഴ്‌സ് തുടങ്ങിയവ കണ്ടെത്തി. ക്രൈംബ്രാഞ്ച് സംഘം ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് കേസില്‍ നിര്‍ണായകമാകുന്ന തെളിവുകള്‍ ലഭിച്ചത്. സെബാസ്റ്റ്യന്റെ ഭാര്യയുടെ വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്നാണ് നിര്‍ണായക വസ്തുക്കള്‍ കണ്ടെടുത്തത്.

പിടിച്ചെടുത്ത 20 ലിറ്റര്‍ കന്നാസില്‍ ഡീസല്‍ വാങ്ങിയിരുന്നതായി സെബാസ്റ്റ്യന്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കണ്ടെടുത്ത വസ്തുക്കള്‍ കൊലപാതകത്തിന് ഉപയോഗിച്ചിരുന്നതാണോ എന്ന് സ്ഥിരീകരിക്കാനായി ശ്‌സ്ത്രീയ പരിശോധനയ്ക്ക് അയക്കും. കേസില്‍ തുടക്കം മുതലേ സെബാസ്റ്റ്യന്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലീസ് സൂചിപ്പിച്ചിരുന്നു. കഴിഞ്ഞ ഏഴു ദിവസമായി കോട്ടയം ക്രൈംബ്രാഞ്ച് സെബാസ്റ്റിയനെ ചോദ്യം ചെയ്തുവരികയാണ്. ഇന്നലെ വീണ്ടും കസ്റ്റഡി അപേക്ഷ നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഏഴു ദിവസം കൂടി സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു നല്‍കിയിട്ടുണ്ട്. ജൈനമ്മ തിരോധാനക്കേസില്‍ സെബാസ്റ്റിയന് പങ്കുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. കേസില്‍ പരമാവധി ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനാണ് പൊലീസ് പരിശ്രമിക്കുന്നത്.

മോഷണത്തിനിടെ മൊബൈല്‍ഫോണ്‍ ഭണ്ഡാരത്തില്‍ വീണു, തൂമ്പ കൊണ്ട് തല്ലിപ്പൊളിക്കാന്‍ ശ്രമം; കള്ളന്‍ പിടിയില്‍

മോഷണത്തിനിടെ മൊബൈല്‍ഫോണ്‍ ഭണ്ഡാരത്തില്‍ വീണു, തൂമ്പ കൊണ്ട് തല്ലിപ്പൊളിക്കാന്‍ ശ്രമം; കള്ളന്‍ പിടിയില്‍

കൊച്ചി: മോഷണ ശ്രമത്തിനിടെ അബദ്ധത്തില്‍ ആളുടെ മൊബൈല്‍ ഫോണ്‍ ഭണ്ഡാരത്തിലേക്ക് വീണു. ഫോണെടുക്കാന്‍ തൂമ്പ ഉപയോഗിച്ച് ഭണ്ഡാരം തല്ലിത്തകര്‍ക്കാന്‍ ശ്രമിച്ചു. ശബ്ദം കേട്ട് നാട്ടുകാരെത്തിയതോടെ മോഷ്ടാവ് പിടിയിലായി.

ആരക്കുഴ സെയ്ന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പള്ളിയിലാണ് സംഭവം. മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നം സ്വദേശി മുരളി (46) ആണ് പിടിയിലായത്. ബുധനാഴ്ച പുലര്‍ച്ചെയാണ് കാന്തം ഉപയോഗിച്ച് മലേക്കുരിശുപള്ളിയുടെ താഴെയും പള്ളിയുടെ മുന്‍ഭാഗത്തുമുള്ള ഭണ്ഡാരങ്ങളില്‍ നിന്നും പണം കവര്‍ന്നത്. ഇതിനിടെയാണ് അബദ്ധത്തില്‍ മൊബൈല്‍ ഫോണ്‍ ഭണ്ഡാരത്തിലേക്ക് വീണത്. നാട്ടുകാരെത്തി പിടികൂടിയ മോഷ്ടാവിനെ പൊലീസിന് കൈമാറി. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.