by Midhun HP News | Aug 8, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്തെ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ വിജിലന്‍സിന്റെ സംസ്ഥാനതല മിന്നല്‍ പരിശോധന. ഓപ്പറേഷന്‍ ”സെക്വര്‍ ലാന്‍ഡ്” എന്ന പേരില്‍ ആയിരുന്നു സംസ്ഥാനത്തെ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ വിജിലന്‍സിന്റെ സംസ്ഥാനതല മിന്നല്‍ പരിശോധന സംഘടിപ്പിച്ചത്. രജിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍, ആധാരം രജിസ്റ്റര്‍ ചെയ്യുന്നതിനും, സബ് രജിസ്ട്രാര്‍ ഓഫീസ് മുഖേന നല്‍കുന്ന മറ്റ് വിവിധ സേവനങ്ങള്‍ക്കും ആധാരമെഴുത്തുകാര്‍ മുഖേനയും നേരിട്ടും ഉദ്യോഗസ്ഥര്‍ വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി വിജിലന്‍സ് ഡയറക്ടര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സംസ്ഥാനത്തെ 72 സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ വ്യാഴാഴ്ച വൈകുന്നേരം 04.00 മണി മുതല്‍ പരിശോധന നടത്തിയത്. പരിശോധനയിലെ കണ്ടെത്തലുകള്‍ സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ മുഖേന നല്‍കി വരുന്ന ആധാരം രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള വിവിധ സേവനങ്ങള്‍ക്ക്, ഉദ്യോഗസ്ഥര്‍ ആധാരമെഴുത്തുകാരെ ഏജന്റുമാരാക്കി ഉപയോഗിച്ച് പൊതുജനങ്ങില്‍ നിന്നും കൈക്കൂലി കൈപ്പറ്റുന്നതായി വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു. വസ്തു രജിസ്‌ട്രേഷനായി ആധാരം എഴുത്തുകാരെ സമീപിക്കുന്ന പൊതുജനങ്ങളില്‍ നിന്നും എഴുത്തുകൂലിക്ക് പുറമേ കൂടുതല്‍ പണം ആധാരമെഴുത്തുകാര്‍ വാങ്ങി സബ് രജിസ്ട്രാര്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്ക് വീതം വച്ച് കൈക്കൂലിയായി നല്‍കുന്നതായും, ഫെയര്‍വാല്യു നിശ്ചയിച്ചിട്ടില്ലാത്ത വസ്തുക്കളുടെ രജിസ്‌ട്രേഷന്‍ നടത്തുമ്പോള്‍ വില്‍പ്പന വില കുറച്ച് കാണിച്ച് ആധാരം രജിസ്‌ട്രേഷന്‍ നടത്തുന്നതായും, കൈക്കൂലി കൈപ്പറ്റി ഉദ്യോഗസ്ഥര്‍ ഈ ക്രമക്കേടിന് കൂട്ടു നില്‍ക്കുന്നതായും വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു.
വസ്തു നില നില്‍ക്കുന്ന റവന്യു ജില്ലയില്‍പ്പെട്ട ഏതൊരു രജിസ്ട്രാര്‍ ഓഫീസിലും രജിസ്‌ട്രേഷന്‍ ചെയ്യാമെന്നുള്ള പദ്ധതി മുതലെടുത്ത് അഴിമതിയും ക്രമക്കേടുകളും നടക്കുന്നതായും, ഈ പദ്ധതിയുടെ മറവില്‍ ഫ്‌ലാറ്റുകളുടെയും മറ്റും വില കുറച്ച് കാണിച്ച് അഴിമതിക്കാരായ സബ് രജിസ്ട്രാര്‍മാര്‍ ചുമതല വഹിക്കുന്ന ഓഫീസുകള്‍ മുഖേന രജിസ്‌ട്രേഷന്‍ നടത്തി രജിസ്‌ട്രേഷന്‍ ഫീസ് ഇനത്തിലും, സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലും വെട്ടിപ്പ് നടക്കുന്നു എന്നും ആരോപണങ്ങളുണ്ട്.
പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍, വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900 എന്ന നമ്പറിലോ, വാട്ട്‌സ്ആപ്പ് നമ്പറായ 9447789100 എന്ന നമ്പറിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം ഐ.പി.എസ് അഭ്യര്‍ത്ഥിച്ചു.
by Midhun HP News | Aug 8, 2025 | Latest News, കേരളം
സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി ആഗോള അയ്യപ്പസംഗമം സെപ്റ്റംബർ മൂന്നാം വാരം സംഘടിപ്പിക്കുമെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ സർക്കാർ അതിഥി മന്ദിരത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു. ദേവസ്വം ബോർഡ് 75 ആം വാർഷികത്തിന്റെ കൂടി ഭാഗമായി പമ്പയിൽ നടത്തുന്ന ആഗോള അയ്യപ്പസംഗമത്തിൽ ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്തർ പങ്കെടുക്കും. തത്വമസി എന്ന വിശ്വമാനവതയുടെ സന്ദേശം ലോകമൊട്ടാകെ പ്രചരിപ്പിക്കാനും, ശബരിമലയെ ഒരു ദൈവീക, പാരമ്പര്യ, സുസ്ഥിര ആഗോള തീർത്ഥാടന കേന്ദ്രമായി ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനും ലക്ഷ്യമിട്ടാണ് സംഗമം നടത്തുന്നത്.
കേരളത്തിൽ ആദ്യമായി നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ ലോകത്തിന്റെ നാനാഭാഗത്തുനിന്നും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള അയ്യപ്പ ഭക്തരെ ഒരു വേദിയിൽ കൊണ്ടുവരും. 3000 പ്രതിനിധികളെ സംഗമത്തിൽ പ്രതീക്ഷിക്കുന്നു. വിവിധ സെഷനുകൾ ഒരു ദിവസത്തെ ആഗോള സംഗമത്തിൽ ഉണ്ടാകും. സെപ്റ്റംബർ 16 നും 21 നും ഇടയിലാണ് പരിപാടി ഉദ്ദേശിക്കുന്നത്. തീയതി പിന്നീട് തീരുമാനിക്കും. ക്ഷണിക്കപ്പെട്ട പ്രതിനിധികൾക്ക് തലേദിവസം എത്തി ദർശനം നടത്തിയ ശേഷം സംഗമത്തിൽ പങ്കെടുക്കാനുള്ള അവസരം നൽകുന്ന രൂപത്തിലാണ് കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നത്. 3000 പേർക്ക് ഇരിക്കാനുള്ള സൗകര്യമൊരുക്കുന്നതിനായി പമ്പയിൽ തീർത്ഥാടന കാലത്ത് ഉണ്ടാക്കുന്നതുപോലെയുള്ള ഒരു ജർമ്മൻ പന്തൽ നിർമ്മിക്കും. ഭാവിയിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വലിയ കൂട്ടായ്മകളുടെ തുടക്കമാണ് ഈ സംഗമമെന്നു മന്ത്രി പറഞ്ഞു.
കഴിഞ്ഞ മണ്ഡല-മകരവിളക്ക് മഹോത്സവങ്ങളിൽ ഏകദേശം 53 ലക്ഷത്തിലധികം തീർത്ഥാടകർക്ക് പരാതികളില്ലാതെ ദർശനം ഉറപ്പാക്കാൻ കഴിഞ്ഞത് പൊതുവേ അംഗീകരിക്കപ്പെട്ട കാര്യമാണ്. ഈ അനുഭവം മുൻനിർത്തി ഭാവിയിൽ ഭക്തർക്ക് കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സംഗമത്തിൽ പങ്കെടുക്കുന്ന ഭക്തർക്ക് നിലവിലുള്ള പ്രയാസങ്ങളും ബുദ്ധിമുട്ടുകളും പങ്കുവെക്കാനും ക്രിയാത്മകമായ നിർദ്ദേശങ്ങൾ മുന്നോട്ട് വെക്കാനും അവസരം നൽകും. നിലവിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നതും ഭാവിയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്നതുമായ വികസന പദ്ധതികൾ ഭക്തരുടെ മുന്നിൽ അവതരിപ്പിക്കുകയും, അവയെക്കുറിച്ച് അവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കുകയും ചെയ്യും.
മുഖ്യമന്ത്രി മുഖ്യ രക്ഷാധികാരിയായും മറ്റ് മന്ത്രിമാർ രക്ഷാധികാരികളായും, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തി പരിപാടിയുടെ സ്വാഗത സംഘം രൂപീകരിക്കും. ശബരിമലയുമായി ബന്ധപ്പെട്ട വിശ്വാസ സമൂഹത്തിലെ മറ്റ് വിഭാഗങ്ങളെയും ഉൾപ്പെടുത്തും. പരിപാടി കൃത്യമായി ആസൂത്രണം ചെയ്യാൻ ഒരു സ്റ്റിയറിംഗ് കമ്മിറ്റിയെയും ഒരു ജനറൽ കമ്മിറ്റിയെയും വിവിധ സബ് കമ്മിറ്റികളെയും രൂപീകരിക്കാൻ ഇന്നത്തെ ആലോചനാ യോഗം തീരുമാനിച്ചു. പത്തനംതിട്ട കളക്ടറുടെ നേതൃത്വത്തിൽ ഒരാഴ്ചയ്ക്കകം പമ്പയിൽ ഒരു സ്വാഗത സംഘം വിളിച്ചു ചേർക്കാനും പരിപാടിയുടെ ക്രമീകരണങ്ങളെക്കുറിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
ആഗോള അയ്യപ്പസംഗമത്തിന്റെ ആലോചന യോഗം മന്ത്രി വി എൻ വാസവന്റെ അധ്യക്ഷതയിൽ തൈക്കാട് സർക്കാർ അതിഥി മന്ദിരത്തിൽ ചേർന്നു. മന്ത്രിമാരായ സജി ചെറിയാൻ, പി എ മുഹമ്മദ് റിയാസ്, എം എൽ എ മാരായ സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജെനീഷ് കുമാർ, എഡിജിപി എസ് ശ്രീജിത്ത്, പത്തനംതിട്ട കളക്ടർ എസ് പ്രേം കൃഷ്ണൻ, ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്ത്, കമ്മീഷണർ പ്രകാശ് സി വി, വിവിധ വകുപ്പിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
by Midhun HP News | Aug 8, 2025 | Latest News, കേരളം
സ്‌കൂള്‍ പാചകത്തൊഴിലാളികളുടെ വിരമിക്കല്‍ പ്രായം 65 ആക്കി. പാചക തൊഴിലാളികളെ മിനിമംവേതന നിയമത്തിനുകീഴില്‍ കൊണ്ടുവരാനുള്ള സാധ്യത തേടാന്‍ മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. വിരമിക്കല്‍ ആനുകൂല്യം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പാചകത്തൊഴിലാളി സംഘടനകളില്‍നിന്ന് രേഖാമൂലം റിപ്പോര്‍ട്ട് തേടി.
നിയമനരീതി മാറ്റുന്നതിനെക്കുറിച്ച് പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയതായി മന്ത്രി അറിയിച്ചു. നിലവില്‍ 500 കുട്ടികള്‍ക്ക് ഒരാള്‍ എന്ന നിലയിലാണ് പാചകത്തൊഴിലാളിയുടെ നിയമനം. ഇത് 300 കുട്ടികള്‍ക്ക് ഒരാള്‍ എന്ന നിലയിലേക്കു മാറ്റുന്നത് പരിശോധിക്കും.
നിലവില്‍ കേന്ദ്രസര്‍ക്കാരിന്റെ സ്‌കീം വര്‍ക്കേഴ്സ് എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതിനാല്‍, ഇവരെ മിനിമംവേതന നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയിരുന്നു. ഇതു പുനഃപരിശോധിക്കാന്‍ മന്ത്രി ലേബര്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി. അസംഘടിത തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ഉള്‍പ്പെടുത്തുന്നതും പരിശോധിക്കും.
ഓണറേറിയം എല്ലാ മാസവും അഞ്ചിനുമുന്‍പ് നല്‍കുന്നതിന് ധനമന്ത്രിയുമായി ചര്‍ച്ചനടത്തും. കേന്ദ്രവിഹിതം ലഭിച്ചില്ലെങ്കില്‍ സംസ്ഥാനവിഹിതം മാത്രം ഉപയോഗിച്ച് ഓണറേറിയം നല്‍കും. ഉച്ചഭക്ഷണസമിതികള്‍ പാചകത്തൊഴിലാളികള്‍ക്ക് യൂണിഫോമും തിരിച്ചറിയല്‍ കാര്‍ഡും നല്‍കണം. ഓണക്കാലത്ത് ഈ വര്‍ഷവും ഓണറേറിയം നല്‍കുമെന്ന് മന്ത്രി അറിയിച്ചു.
by Midhun HP News | Aug 8, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ തുടരും. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. ഇടുക്കി, തൃശൂര്‍, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 എംഎം മുതല്‍ 115.5 എംഎം വരെ മഴ ലഭിക്കുമെന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്.
കള്ളക്കടല്‍ ജാഗ്രത നിര്‍ദേശം
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ), കൊല്ലം (ആലപ്പാട്ട് മുതല്‍ ഇടവ വരെ) ജില്ലകളിലെ തീരങ്ങളില്‍ ഇന്ന് രാത്രി 08.30 വരെ 1.2 മുതല്‍ 1.6 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്. കന്യാകുമാരി (നീരോടി മുതല്‍ ആരോഗ്യപുരം വരെ) തീരത്ത് ഇന്ന് രാത്രി 08.30 വരെ 1.3 മുതല്‍ 1.7 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
by Midhun HP News | Aug 7, 2025 | Latest News, കേരളം
തിരുവനന്തപുരം: അനധികൃതമായി സേവനത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന ആരോഗ്യ വകുപ്പിലെ പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യാത്ത 444 ഡോക്ടര്‍മാര്‍ക്കെതിരേയും പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്ത 157 ഡോക്ടര്‍മാര്‍ക്കെതിരേയും നടപടി സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അനധികൃതമായി സേവനത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യാത്ത 81 ഡോക്ടര്‍മാരേയും പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്ത 3 ഡോക്ടര്‍മാരേയും ഉള്‍പ്പെടെ 84 ഡോക്ടര്‍മാരെ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പിരിച്ചു വിട്ടു.
ബാക്കിയുള്ളവര്‍ക്കെതിരേയുള്ള നടപടികള്‍ വിവിധ ഘട്ടങ്ങളിലാണ്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 51 ഡോക്ടര്‍മാരെ കഴിഞ്ഞ ദിവസം പിരിച്ച് വിട്ടതിന് പുറമേയാണിതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
by Midhun HP News | Aug 7, 2025 | Latest News, കേരളം
തിരുവനന്തപുരം ആറ്റിങ്ങലിൽ പ്രസവശേഷം ആശുപത്രിയിൽ എത്തിച്ച നവജാതശിശു മരിച്ചു. ആലംകോട് സ്വദേശിയായ 23 കാരിയുടെ കുഞ്ഞാണ് മരിച്ചത്. ഏഴു മാസം ഗർഭിണിയായ യുവതി വീട്ടിൽ പ്രസവിക്കുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടുകൂടി യുവതിക്ക് വയറുവേദന അനുഭവപ്പെടുകയും തുടർന്ന് പൂർണ്ണവളർച്ച എത്താത്ത ആൺകുഞ്ഞിന് വീട്ടിൽ വെച്ചുതന്നെ ജന്മം നൽകുകയുമായിരുന്നു. അതിന് പിന്നാലെയാണ് കുഞ്ഞിനെ കുടുംബം ആശുപത്രിയിൽ എത്തിക്കുന്നത്. സംഭവത്തിൽ ആറ്റിങ്ങൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. യുവതിക്ക് അവശതയുണ്ടായിട്ടും എന്തുകൊണ്ട് ആശുപത്രിലേക്ക് കൊണ്ടുപോയില്ല എന്നടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കും.
എന്നാൽ യുവതിക്ക് പ്രസവവേദന ആയിരുന്നുവെന്നുള്ള കാര്യം തിരിച്ചറിയാൻ സാധിച്ചില്ല എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. യുവതിക്ക് അൾസർ ഉണ്ടായിരുന്നതിനാൽ അതാകും അസ്വസ്ഥത കാണിച്ചിരുന്നത് എന്നാണ് കരുതിയതെന്ന് വീട്ടുകാർ പറയുന്നു. എന്നാൽ പിന്നീടാണ് പ്രസവവേദനയാണ് ഉണ്ടായതെന്ന് തിരിച്ചറിഞ്ഞത്. പിന്നാലെ തന്നെ യുവതി വീട്ടിൽ പ്രസവിക്കുകയുമായിരുന്നു. കുഞ്ഞിന് അനക്കമില്ലാത്തതിനെ തുടർന്നാണ് ആംബുലൻസിൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചത്.ഡോക്ടർ പരിശോധിച്ച ശേഷം കുഞ്ഞിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്നും കുടുംബം പറയുന്നു
Recent Comments