ആറ്റിങ്ങലിൽ പ്രസവശേഷം ആശുപത്രിയിൽ എത്തിച്ച നവജാതശിശു മരിച്ചു; കേസെടുത്ത് പൊലീസ്

ആറ്റിങ്ങലിൽ പ്രസവശേഷം ആശുപത്രിയിൽ എത്തിച്ച നവജാതശിശു മരിച്ചു; കേസെടുത്ത് പൊലീസ്

തിരുവനന്തപുരം ആറ്റിങ്ങലിൽ പ്രസവശേഷം ആശുപത്രിയിൽ എത്തിച്ച നവജാതശിശു മരിച്ചു. ആലംകോട് സ്വദേശിയായ 23 കാരിയുടെ കുഞ്ഞാണ് മരിച്ചത്. ഏഴു മാസം ഗർഭിണിയായ യുവതി വീട്ടിൽ പ്രസവിക്കുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടുകൂടി യുവതിക്ക് വയറുവേദന അനുഭവപ്പെടുകയും തുടർന്ന് പൂർണ്ണവളർച്ച എത്താത്ത ആൺകുഞ്ഞിന് വീട്ടിൽ വെച്ചുതന്നെ ജന്മം നൽകുകയുമായിരുന്നു. അതിന് പിന്നാലെയാണ് കുഞ്ഞിനെ കുടുംബം ആശുപത്രിയിൽ എത്തിക്കുന്നത്. സംഭവത്തിൽ ആറ്റിങ്ങൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. യുവതിക്ക് അവശതയുണ്ടായിട്ടും എന്തുകൊണ്ട് ആശുപത്രിലേക്ക് കൊണ്ടുപോയില്ല എന്നടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കും.

എന്നാൽ യുവതിക്ക് പ്രസവവേദന ആയിരുന്നുവെന്നുള്ള കാര്യം തിരിച്ചറിയാൻ സാധിച്ചില്ല എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. യുവതിക്ക് അൾസർ ഉണ്ടായിരുന്നതിനാൽ അതാകും അസ്വസ്ഥത കാണിച്ചിരുന്നത് എന്നാണ് കരുതിയതെന്ന് വീട്ടുകാർ പറയുന്നു. എന്നാൽ പിന്നീടാണ് പ്രസവവേദനയാണ് ഉണ്ടായതെന്ന് തിരിച്ചറിഞ്ഞത്. പിന്നാലെ തന്നെ യുവതി വീട്ടിൽ പ്രസവിക്കുകയുമായിരുന്നു. കുഞ്ഞിന് അനക്കമില്ലാത്തതിനെ തുടർന്നാണ് ആംബുലൻസിൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചത്.ഡോക്ടർ പരിശോധിച്ച ശേഷം കുഞ്ഞിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്നും കുടുംബം പറയുന്നു

വീടുകൾ കുത്തിതുറന്നു മോഷണം നടത്തിയ കേസുകളിലെ പ്രതി അറസ്റ്റിൽ

വീടുകൾ കുത്തിതുറന്നു മോഷണം നടത്തിയ കേസുകളിലെ പ്രതി അറസ്റ്റിൽ

വീടുകൾ കുത്തിതുറന്നു മോഷണം നടത്തിയ കേസുകളിലെ പ്രതി അറസ്റ്റിൽ. രാത്രികാലങ്ങളിൽ വീടുകൾ കുത്തിതുറന്നു മോഷണം നടത്തിയ കേസുകളിലെ മുഖ്യ പ്രതിയായ ഇടുക്കി ചെലമൂട് സ്വദേശി രാജേഷ് നെയും (40) സഹായിയായ ഇടുക്കി സ്വദേശി രേഖയെയുമാണ് (36) വട്ടപ്പാറ സി ഐ ശ്രീജിത്തിന്റെ നേതൃത്വത്തിൽ സംഘം അറസ്റ്റ് ചെയ്തത്.

പ്രതിയും വട്ടിയൂർകാവ് കൊടുങ്ങന്നൂർ സ്വദേശി കോപ്ര ബിജുവും രാജേഷ് ചേർന്ന് 27.7.25 നു വേറ്റിനാട് ജംഗ്ഷനിയുള്ള രമ്യയുടെ വീട് കുത്തിതുറന്നു 25000 രൂപയും മൊബൈൽ ഫോണും മോഷണം നടത്തിയ കേസിലേക്കും പേരുംകൂർ എന്ന സ്ഥലത്തുള്ള ഷീബയുടെ വീട് കുത്തിയതുറന്നു മോഷണം നടത്തിയ കേസിലേക്കുമാണ് അറസ്റ്റ് ചെയ്തത്. പോത്തൻകോട് അരുവിക്കര,പാലോട് വട്ടിയൂർകാവ് പോലീസ് സ്റ്റേഷൻ പരിധികളിൽ സമീപകാലത്തു നടന്ന മോഷണങ്ങളിൽ രാജേഷ് ഉൾപ്പെട്ടിട്ടുള്ളതായും വട്ടപ്പാറ സർക്കിൾ ഇൻസ്പെക്ടർ പറയുന്നു. പ്രതിയെ വട്ടപ്പാറ സി ഐ ശ്രീജിത്ത്, എസ് ഐ ബിനി മോൾ, എസ് ഐ പ്രദീപ്, സി പി ഒമാരായ പ്രശാന്ത്, ചിന്തു പ്രസാദ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തതത്.

വീട്ടില്‍ നേരിട്ട ക്രൂരത വിവരിച്ച് 9 വയസ്സുകാരിയുടെ കുറിപ്പ്, കേസെടുത്ത് പൊലീസ്

വീട്ടില്‍ നേരിട്ട ക്രൂരത വിവരിച്ച് 9 വയസ്സുകാരിയുടെ കുറിപ്പ്, കേസെടുത്ത് പൊലീസ്

ആലപ്പുഴ: വീട്ടില്‍ നേരിട്ടുകൊണ്ടിരുന്ന ക്രൂരപീഡനം വിവരിച്ച് നാലാം ക്ലാസില്‍ പഠിക്കുന്ന 9 വയസ്സുകാരിയുടെ കുറിപ്പ്. നോട്ടു ബുക്കിലെഴുതിയ കുറിപ്പ് ശ്രദ്ധയില്‍പ്പെട്ട അധ്യാപകര്‍ വിവരം പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസ് കുട്ടിയുടെ പിതാവ് പാലമേല്‍ കഞ്ചുക്കോട് പൂവണ്ണംതടത്തില്‍ കിഴക്കേതില്‍ അന്‍സാര്‍, ഭാര്യ ഷെബീന എന്നിവര്‍ക്കെതിരെ കേസെടുത്തു. പൊലീസ് വീട്ടിലെത്തിയപ്പോഴേക്കും പ്രതികള്‍ ഒളിവില്‍ പോയിരുന്നു.

കുട്ടി വീട്ടിലെ പീഡനത്തെപ്പറ്റി നോട്ടു ബുക്കില്‍ എഴുതിയത് ആരുടെയും നെഞ്ചു പൊള്ളിക്കുന്നതാണ്. ‘എന്റെ അനുഭവം’ എന്നു പേരിട്ടെഴുതിയ കുറിപ്പ് ഇങ്ങനെയാണ്.

”എനിക്ക് അമ്മയില്ല കേട്ടോ. എനിക്കു രണ്ടാനമ്മയാണു കേട്ടോ. എന്റെ വാപ്പിയും ഉമ്മിയും എന്നോടു ക്രൂരതയാണ് കാണിക്കുന്നത്. പ്ലേറ്റ് ചോദിച്ചപ്പോള്‍ കരണത്തടിച്ചു. സെറ്റിയില്‍ ഇരിക്കുമ്പോള്‍ ഇരിക്കരുതെന്ന് പറയും. ബാത് റൂമില്‍ കയറരുത്, ഫ്രിഡ്ജ് തുറക്കരുത് എന്നെല്ലാം പറയും.

ഇപ്പോള്‍ പനിയാണ്. കൊങ്ങയ്ക്ക് പിടിച്ചപ്പോള്‍ ഇപ്പോ മുഖത്തെല്ലാം വേദനയാണ്. എനിക്കു സുഖമില്ല സാറേ. വിഷം തന്നു കൊല്ലുമെന്നാണു വാപ്പി പറയുന്നത്. എന്റെ വാപ്പീ.. കഷ്ടമുണ്ട്”.

അശരണയായ ഒരു 9 വയസ്സുകാരി ഒരു വര്‍ഷമായി വീട്ടില്‍ താനനുഭവിച്ച ക്രൂരപീഡനങ്ങള്‍ കുറിപ്പില്‍ വിവരിക്കുന്നു.

ഇന്നലെ രാവിലെ കുട്ടി സ്കൂളിലെത്തിയപ്പോൾ കവിളുകളിൽ തിണർപ്പു കണ്ട് അധ്യാപിക കാരണം അന്വേഷിച്ചപ്പോഴാണു വിവരങ്ങൾ പുറത്തു വന്നത്. ഉറങ്ങിക്കിടന്ന തന്നെ ചൊവ്വാഴ്ച അർധരാത്രിയോടെ ഷെബീന തലമുടിയിൽ കുത്തിപ്പിടിച്ചു മുറിയ്ക്കു പുറത്തു കൊണ്ടുവന്നു. പിതാവിനോടു തന്നെപ്പറ്റി കള്ളങ്ങൾ പറഞ്ഞു. ഇരുവരും ചേർന്ന് ഇരുകവിളിലും പലതവണ അടിച്ചു. കാൽമുട്ട് അടിച്ചു ചതച്ചു. പുലർച്ചെ വരെ ഉറങ്ങാതെ താൻ കരയുകയായിരുന്നെന്നും കുട്ടി അധ്യാപകരോടും പൊലീസിനോേടും പറഞ്ഞു.

കുട്ടിയെ പ്രസവിച്ച് ഏഴാം ദിവസം മാതാവ് തെസ്നി മരിച്ചതിനെ തുടർന്ന് അൻസാറിന്റെ മാതാപിതാക്കളാണു വളർത്തിയത്. 5 വർഷം മുൻപ് അൻസാർ മാതൃസഹോദരന്റെ മകൾ ഷെബീനയെ വിവാഹം ചെയ്തു. ഇവർക്കു നാലുവയസ്സുള്ള മകനുണ്ട്. അൻസാറിന്റെ കുടുംബവീട്ടിൽ കഴിഞ്ഞിരുന്ന ഇവർ രണ്ടു മാസം മുമ്പാണ് പുതിയ വീട്ടിലേക്കു മാറിയത്. കുട്ടിയെ വൈദ്യപരിശോധനയ്ക്കു ശേഷം അൻസാറിന്റെ മാതാവ് ബന്ധുവീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാക്കുമെന്ന് പൊലീസ് അറിയിച്ചു. കുട്ടിയുടെ പിതാവ് അൻ‌സാർ വിവിധ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് നൂറനാട് പൊലീസ് വ്യക്തമാക്കി.

പ്രായം വെറും നമ്പര്‍! 70-ാം വയസിലും വേയ്റ്റ് ലിഫ്റ്റിങ്, റോഷ്‌നി മുത്തശ്ശിയുടെ പ്രോട്ടീൻ ഡയറ്റ് വൈറല്‍

പ്രായം വെറും നമ്പര്‍! 70-ാം വയസിലും വേയ്റ്റ് ലിഫ്റ്റിങ്, റോഷ്‌നി മുത്തശ്ശിയുടെ പ്രോട്ടീൻ ഡയറ്റ് വൈറല്‍

പൂ എടുക്കുന്ന ലാഘവത്തിലാണ് റോഷ്‌നി മുത്തശ്ശി തന്നെക്കാള്‍ ഭാരമുള്ള വേയ്റ്റ് പൊക്കി ചുറ്റുമുള്ളവരെ അതിശയിപ്പിക്കുന്നത്. വെറും രണ്ട് വര്‍ഷമേ ആയിട്ടുള്ളു റോഷ്‌നി ദേവി സാങ്വാന്‍ എന്ന 70-കാരി ജിമ്മില്‍ വര്‍ക്ക്ഔട്ട് തുടങ്ങിയിട്ട്. 60 കിലോ വരെ ഭാരം റോഷ്‌നി മുത്തശ്ശി പൊക്കും. ഇത് സോഷ്യല്‍മീഡിയയില്‍ അവര്‍ക്കൊരു പേരും നല്‍കി, ‘വേയ്റ്റ് ലിഫ്റ്റിങ് മുത്തശ്ശി’.

സന്ധിവാതത്തെ തുടർന്ന് ഡോക്ടർ നിർദേശിച്ച പ്രകാരം ഫിസിയോ തെറാപ്പി ചെയ്യുമ്പോഴാണ് ജിമ്മിൽ പോയാലോ എന്ന ഐഡിയ ഉണ്ടായതെന്ന് റോഷ്‌നി ദേവി സാങ്വാന്‍ പറയുന്നു. 68-ാം വയസിലാണ് റോഷ്‌നി ജിമ്മിൽ ചേർന്നത്. ഓരോ ദിവസം കഴിയുന്തോറും ആരോഗ്യം മെച്ചപ്പെടുന്നതായും കൂടുതല്‍ കരുത്തയാകുന്നതായും അനുഭവപ്പെട്ടുവെന്ന് അവര്‍ പറയുന്നു.

വ്യായാമം തന്റെ ആരോ​ഗ്യം മെച്ചപ്പെടുത്തി. കൂടാതെ ദശലക്ഷക്കണക്കിന് പ്രായമായവരെ ജീവിതം തിരികെ കൊണ്ടുവരാൻ പ്രചോദനമാവുകയും ചെയ്തു. പ്രായമായവര്‍ക്ക് തീവ്ര വ്യായാമം സാധിക്കില്ലെന്ന പൊതുബോധത്തെയാണ് റോഷ്നി നീക്കിയത്. പഠനങ്ങളും ഇത് തെളിയിച്ചിട്ടുള്ളതാണ്. സമീപകാലത്ത് ജേണൽ ഓഫ് ഏജിംഗ് ആൻഡ് ഫിസിക്കൽ ആക്ടിവിറ്റിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ മുമ്പ് വിശ്വസിച്ചിരുന്നതിൽ നിന്ന് വ്യത്യസ്തമായി, വ്യായാമം ചെയ്യുമ്പോള്‍ പ്രായമായവരിൽ പേശികൾക്ക് വലിയ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് കണ്ടെത്തി. വേയ്റ്റ് ലിഫ്റ്റിങ്ങിന് ശേഷം പ്രായമായവരിൽ ചെറുപ്പക്കാരെ അപേക്ഷിച്ച് വളരെ കുറച്ച് പേശി വേദന മാത്രമേ ഉണ്ടായുള്ളുവെന്നും പഠനത്തില്‍ പറയുന്നു.

വെജിറ്റേറിയൻ ഡയറ്റിൽ നിന്ന് പ്രോട്ടീൻ

സസ്യാഹാരമാണ് കഴിക്കുന്നതെന്നതു കൊണ്ട് സസ്യാധിഷ്ടിത പ്രോട്ടീന്‍ ആണ് ഡയറ്റില്‍ അധികവും ഉള്‍പ്പെടുത്താറെന്ന് റോഷ്നി പറയുന്നു.

രാവിലെ കുറച്ച് ഓട്സ്, 10 ബദാം, 10 ഉണക്കമുന്തിരി ഒരുമിച്ച് മിക്സിൽ അടിച്ച് ഒരു പവർഫുൾ ഡ്രിങ്ക് കുടിക്കും.

ചോറും പരിപ്പും സലാഡും തൈരുമാണ് ഉച്ചഭക്ഷണം

വൈകുന്നേരം കുതിർത്ത ചെറുപയറിലേക്ക് പനീറും പച്ചമുളകും ചേർത്ത് കഴിക്കും.

ദിവസവും ഒരു ​ഗ്ലാസ് പാൽ നിർബന്ധമായും കുടിക്കാറുണ്ടെന്നും റോഷ്നി പറയുന്നു.

കടയുടെ പൂട്ടുപൊളിച്ച് അകത്തു കയറി കള്ളന്‍; കൊണ്ടു പോയത് 30 കുപ്പി വെളിച്ചെണ്ണ

കടയുടെ പൂട്ടുപൊളിച്ച് അകത്തു കയറി കള്ളന്‍; കൊണ്ടു പോയത് 30 കുപ്പി വെളിച്ചെണ്ണ

ആലപ്പുഴ തോട്ടമുഖം പാലത്തിന് സമീപം കടയുടെ പൂട്ടു പൊളിച്ച് അകത്തു കയറിയ കള്ളന്‍ കൊണ്ടു പോയത് 30 കുപ്പി വെളിച്ചെണ്ണ. ആദ്യം കടയുടെ തറ തുരന്നു കയറാന്‍ ശ്രമിച്ചു. പരാജയപ്പെട്ടപ്പോള്‍ പൂട്ടുതല്ലിപ്പൊളിച്ച് അകത്തുകയറി. നേരെ കണ്‍മുന്നില്‍ക്കണ്ട വെളിച്ചെണ്ണ കുപ്പികള്‍ മുഴുവന്‍ ചാക്കിലാക്കി കള്ളന്‍ കടന്നു. ആലുവ തോട്ടുമുഖം പാലത്തിനു സമീപം പുത്തന്‍പുരയില്‍ അയൂബ് നടത്തുന്ന ‘ഷാ വെജിറ്റബിള്‍സ് ആന്‍ഡ് ഫ്രൂട്‌സ്’ കടയിലാണ് വെളിച്ചെണ്ണ മോഷണം നടന്നത്.

600 രൂപ വീതം വിലയുള്ള മുന്തിയ ഇനം 30 കുപ്പി വെളിച്ചെണ്ണ നഷ്ടപ്പെട്ടതിന്റെ വിഷമത്തിലാണു കടയുടമ. ഫ്രിജില്‍ നിന്നു സോഫ്റ്റ് ഡ്രിങ്ക് കുടിച്ചു ക്ഷീണമകറ്റിയ കള്ളന്‍ കടയില്‍ നിന്നു തന്നെ ഒരു ചാക്ക് സംഘടിപ്പിച്ചു. വെളിച്ചെണ്ണയ്‌ക്കൊപ്പം പത്ത് പായ്ക്കറ്റ് പാലും ഒരുപെട്ടി ആപ്പിളും മോഷണം പോയിട്ടുണ്ട്. ഇറങ്ങാന്‍ നേരത്ത് സിസിടിവി ക്യാമറ കണ്ടതോടെ അതിന്റെ കേബിളും അറുത്തു മുറിച്ചാണു സ്ഥലംവിട്ടത്.

75000 കടന്ന് സ്വര്‍ണവില പുതിയ ഉയരത്തില്‍; പവന് 160 രൂപ കൂടി

75000 കടന്ന് സ്വര്‍ണവില പുതിയ ഉയരത്തില്‍; പവന് 160 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില 75000 കടന്ന് പുതിയ ഉയരത്തില്‍. ഇന്ന് പവന് 160 രൂപ വര്‍ധിച്ചതോടെ ജൂലൈ 23ലെ രേഖപ്പെടുത്തിയ സര്‍വകാല റെക്കോര്‍ഡും മറികടന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 75,200 രൂപയാണ്.

ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 9400 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. കഴിഞ്ഞ മാസം 23ന് 75000 കടന്ന് റെക്കോര്‍ഡ് ഇട്ട സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ താഴുന്ന കാഴ്ചയാണ് ദൃശ്യമായത്. 74000ല്‍ താഴെ പോയ സ്വര്‍ണവില കഴിഞ്ഞ ദിവസം മുതലാണ് വീണ്ടും ഉയരാന്‍ തുടങ്ങിയത്. ഈ മാസാദ്യം 73,200 രൂപയായിരുന്നു സ്വര്‍ണവില. അഞ്ചു ദിവസത്തിനിടെ 1800 രൂപയിലധികമാണ് വില കൂടിയത്. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക തീരുവ വര്‍ധിപ്പിച്ചത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.