വൈദ്യുതി ചാർജ് യൂണിറ്റിന് 39 പൈസ വരെ കൂടാം; പുരപ്പുറ സൗരോർജ്ജ പദ്ധതി വലിയ സാമ്പത്തിക ബാധ്യതയെന്ന് കെഎസ്ഇബി

വൈദ്യുതി ചാർജ് യൂണിറ്റിന് 39 പൈസ വരെ കൂടാം; പുരപ്പുറ സൗരോർജ്ജ പദ്ധതി വലിയ സാമ്പത്തിക ബാധ്യതയെന്ന് കെഎസ്ഇബി

കൊച്ചി: പുരപ്പുറ സൗരോർജ്ജ പദ്ധതി വലിയ സാമ്പത്തിക ആഘാതത്തിന് കാരണമാകുന്നതായി കെഎസ്ഇബി. നിലവിലെ ബാങ്കിംഗ് വ്യവസ്ഥകൾ പ്രകാരം സോളാർ ഉത്പാദകർ പകൽ സമയത്ത് ഗ്രിഡിലേക്ക് നൽകുന്ന വൈദ്യുതിക്ക് തുല്യമായ അളവിലുള്ള വൈദ്യുതി, ആവശ്യകത ഏറ്റവും കൂടുതലുള്ള വൈകുന്നേരങ്ങളിൽ (ഈവനിംഗ് പീക്ക് മണിക്കൂറുകൾ) അവർക്ക് തിരികെ നൽകാൻ ബാധ്യസ്ഥരാണ്. ഈ സമയത്ത് വിപണിയിൽ വൈദ്യുതിയുടെ ലഭ്യത കുറവും വില വളരെ കൂടുതലുമായതിനാൽ ഇത് വലിയ സാമ്പത്തിക ആഘാതമുണ്ടാക്കുന്നതായി കെഎസ്ഇബി ഫെയ്സ്ബുക്കിൽ കുറിച്ചു.

2024-25 സാമ്പത്തിക വർഷത്തിൽ ബാങ്കിംഗ് മൂലമുണ്ടായ സാമ്പത്തിക ആഘാതം 500 കോടി രൂപ കവിഞ്ഞു. സംസ്ഥാനത്തെ 1.3 കോടിയിലേറെ വരുന്ന എല്ലാ ഉപഭോക്താക്കൾക്കും യൂണിറ്റിന് 19 പൈസയുടെ അധികഭാരമായി മാറുന്ന സാഹചര്യമാണ് ഇത് സൃഷ്ടിക്കുന്നത്. ബാറ്ററി സ്റ്റോറേജില്ലാതെ 3 കിലോവാട്ടിനു മുകളിലുള്ള പ്ലാൻ്റുകൾ ഇനിയും സ്ഥാപിച്ചാൽ ഈ അധികച്ചെലവ് നിലവിലുള്ള 19 പെസയിൽ നിന്ന് വരും വർഷങ്ങളിൽ വർദ്ധിച്ചു വരും. ഈ പ്രവണത തുടരുകയാണെങ്കിൽ, 2034-35 ആകുമ്പോഴേക്കും യൂണിറ്റിന് 39 പൈസയുടെ അധികഭാരം ഉപഭോക്താക്കൾ വഹിക്കേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. ഇത് സംസ്ഥാനത്തെ സാധാരണ ഉപഭോക്താക്കൾക്ക് അനാവശ്യമായ സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കുന്നതാണെന്നും കെഎസ്ഇബി മുന്നറിയിപ്പ് നൽകി.

സംസ്ഥാനത്തെ 1.3 കോടിയിലേറെ വരുന്ന വൈദ്യുതി ഉപഭോക്താക്കളുടെ വെറും രണ്ട് ശതമാനമായ രണ്ടര ലക്ഷത്തിൽപ്പരം പേർ മാത്രമാണ് നിലവിൽ സോളാർ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത്. വൈദ്യുതിയുടെ ബാങ്കിംഗ് മൂലമുണ്ടായ അധികബാധ്യത സൗരോർജ്ജ ഉത്പാദകരല്ലാത്തവരുൾപ്പെടെ എല്ലാ ഉപഭോക്താക്കളും സഹിക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കപ്പെടേണ്ടതാണെന്നും കെഎസ്ഇബി ആവശ്യപ്പെട്ടു.

കുറിപ്പ്:

2025 ജൂൺ 30ലെ കണക്കനുസരിച്ച്, പുരപ്പുറ സൗരോർജ്ജ സ്ഥാപിത ശേഷിയുടെ കാര്യത്തിൽ കേരളം രാജ്യത്ത് നാലാം സ്ഥാനത്താണ്. ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നീ വലിയ സംസ്ഥാനങ്ങളാണ് കേരളത്തിനു മുന്നിലുള്ളത്. തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, അവരെക്കാൾ വൈദ്യുതി ആവശ്യം കുറവാണെങ്കിൽക്കൂടി പുരപ്പുറ സൗരോർജ്ജ ഉത്പാദനത്തിൽ കേരളം മുന്നിട്ടുനിൽക്കുന്നു എന്നത് ശ്രദ്ധേയമാണ്. നിലവിൽ കർണാടകത്തിന്റെ ഇരട്ടിയോളം ആണ് കേരളത്തിലെ പുരപ്പുറ സൗരോർജ്ജ നിലയങ്ങളുടെ ശേഷി.

ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാൻ, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ, അവിടെയെല്ലാം പകൽ സമയത്താണ് വൈദ്യുതിയുടെ ആവശ്യം ഏറ്റവും കൂടുതൽ എന്ന് കാണാം. എന്നാൽ, കേരളത്തിലെ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. കേരളത്തിൽ ഏറ്റവും ഉയർന്ന വൈദ്യുതി ആവശ്യം അനുഭവപ്പെടുന്നത് സൗരോർജ്ജോത്പാദനം ഒട്ടുമില്ലാത്ത വൈകുന്നേരം 6 മണിക്കും രാത്രി 11 മണിക്കും ഇടയിലാണ്. ഇത് സൗരോർജ്ജ വൈദ്യുതിയുടെ ലഭ്യതയും ഉപഭോക്താക്കളുടെ വൈദ്യുതി ആവശ്യകതയും തമ്മിൽ വലിയൊരു പൊരുത്തക്കേട് സൃഷ്ടിക്കുന്നുണ്ട്.

പുരപ്പുറ സൗരോർജ്ജ നിലയങ്ങളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ വലിയൊരു ഭാഗവും പകൽ സമയത്ത് ഉപയോഗിക്കപ്പെടുന്നില്ല എന്നതാണ് മറ്റൊരു വസ്തുത. നിലവിലെ കണക്കനുസരിച്ച്, സൗരോർജ്ജ ഉത്പാദനത്തിന്റെ 36% മാത്രമാണ് പകൽ സമയത്ത് ഉത്പാദകർ ഉപയോഗിക്കുന്നത്. ഉപയോഗശേഷം ഉത്പാദകർ ഗ്രിഡിലേക്ക് നൽകിയ 64 ശതമാനത്തിൽ ഏകദേശം 45 ശതമാനം വൈദ്യുതി ‘ബാങ്കിംഗ്’ സംവിധാനത്തിലൂടെ സൗരോർജ്ജം ലഭ്യമല്ലാത്ത സമയങ്ങളിൽ ഉത്പാദകർതന്നെ ഉപയോഗിക്കുന്നു. ബാക്കിയുള്ള 19 ശതമാനം വൈദ്യുതിക്ക് ശരാശരി വൈദ്യുതി വാങ്ങൽ വില (APPC) പ്രൊസ്യൂമർമാർക്ക് (സോളാർ ഉത്പാദകർ) നൽകി അവരിൽ നിന്ന് കെഎസ്ഇബി വാങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്.

നിലവിലെ ബാങ്കിംഗ് വ്യവസ്ഥകൾ പ്രകാരം, പ്രൊസ്യൂമർമാർ പകൽ സമയത്ത് ഗ്രിഡിലേക്ക് നൽകുന്ന വൈദ്യുതിക്ക് തുല്യമായ അളവിലുള്ള വൈദ്യുതി, ആവശ്യകത ഏറ്റവും കൂടുതലുള്ള വൈകുന്നേരങ്ങളിൽ (ഈവനിംഗ് പീക്ക് മണിക്കൂറുകൾ) അവർക്ക് തിരികെ നൽകാൻ കെഎസ്ഇബി ബാധ്യസ്ഥരാണ്. ഈ സമയത്ത് വിപണിയിൽ വൈദ്യുതിയുടെ ലഭ്യത കുറവും വില വളരെ കൂടുതലുമായതിനാൽ ഇത് കെ എസ് ഇ ബിക്ക് വലിയ സാമ്പത്തിക ആഘാതമുണ്ടാക്കുന്നുണ്ട്. 2024-25 സാമ്പത്തിക വർഷത്തിൽ ബാങ്കിംഗ് മൂലമുണ്ടായ സാമ്പത്തിക ആഘാതം 500 കോടി രൂപ കവിഞ്ഞു. സംസ്ഥാനത്തെ 1.3 കോടിയിലേറെ വരുന്ന എല്ലാ ഉപഭോക്താക്കൾക്കും യൂണിറ്റിന് 19 പൈസയുടെ അധികഭാരമായി മാറുന്ന സാഹചര്യമാണ് ഇത് സൃഷ്ടിക്കുന്നത്. ബാറ്ററി സ്റ്റോറേജില്ലാതെ 3 കിലോവാട്ടിനു മുകളിലുള്ള പ്ലാൻ്റുകൾ ഇനിയും സ്ഥാപിച്ചാൽ ഈ അധികച്ചെലവ് നിലവിലുള്ള 19 പെസയിൽ നിന്ന് വരും വർഷങ്ങളിൽ വർദ്ധിച്ചു വരും. ഈ പ്രവണത തുടരുകയാണെങ്കിൽ, 2034-35 ആകുമ്പോഴേക്കും യൂണിറ്റിന് 39 പൈസയുടെ അധികഭാരം ഉപഭോക്താക്കൾ വഹിക്കേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. ഇത് സംസ്ഥാനത്തെ സാധാരണ ഉപഭോക്താക്കൾക്ക് അനാവശ്യമായ സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കുന്നതാണ്.

കൂടാതെ, പകൽസമയ ഉപയോഗം വളരെ കുറഞ്ഞ കേരളം പോലുള്ള ഒരു സംസ്ഥാനത്തിൽ, അധികമായി ഉൽപ്പാദിപ്പിച്ച് ഗ്രിഡിലേക്കെത്തുന്ന വൈദ്യുതി കാരണം ഗ്രിഡിൽ ഉയർന്ന വോൾട്ടേജ് ഉണ്ടാകാനും ഗാർഹിക ഉപകരണങ്ങൾ കേടാവാനുമുള്ള സാധ്യതയും വളരെ കൂടുതലാണ്. വൈദ്യുത ശൃംഖലയുടെ സുരക്ഷിതത്വത്തിന് സോളാർ പ്ലാൻ്റുകൾ നിശ്ചിതസമയം ഓഫ് ചെയ്യേണ്ടുന്ന സാഹചര്യം പോലും ഭാവിയിൽ ഉണ്ടാകുകയും ചെയ്യും.

സംസ്ഥാനത്തെ 1.3 കോടിയിലേറെ വരുന്ന വൈദ്യുതി ഉപഭോക്താക്കളുടെ വെറും രണ്ട് ശതമാനം – രണ്ടര ലക്ഷത്തിൽപ്പരം പേർ മാത്രമാണ് നിലവിൽ സോളാർ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത്. വൈദ്യുതിയുടെ ബാങ്കിംഗ് മൂലമുണ്ടായ അധികബാധ്യത സൗരോർജ്ജ ഉത്പാദകരല്ലാത്തവരുൾപ്പെടെ എല്ലാ ഉപഭോക്താക്കളും സഹിക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കപ്പെടേണ്ടതാണ് എന്ന നിലപാടാണ് കെ എസ് ഇ ബിക്കുള്ളത്. റിന്യൂവബിൾ എനെർജി റെഗുലേഷൻ 2025 ൻ്റെ കരടിന്മേലുള്ള ചർച്ചകൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഭൂരിഭാഗം വരുന്ന സാധാരണക്കാരായ വൈദ്യുതി ഉപഭോക്താക്കൾക്ക് അധികഭാരം വരാത്ത തരത്തിൽ, അവരെ സംരക്ഷിക്കുന്ന നിലപാടായിരിക്കും കെഎസ്ഇബി സ്വീകരിക്കുക.

പാലിയേക്കരയില്‍ ടോള്‍ പിരിവ് തടഞ്ഞ് ഹൈക്കോടതി; നാലാഴ്ചത്തേയ്ക്ക് ടോള്‍ വേണ്ട

പാലിയേക്കരയില്‍ ടോള്‍ പിരിവ് തടഞ്ഞ് ഹൈക്കോടതി; നാലാഴ്ചത്തേയ്ക്ക് ടോള്‍ വേണ്ട

കൊച്ചി: ദേശീയപാതയില്‍ ഇടപ്പള്ളി- മണ്ണുത്തി മേഖലയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാകാത്ത സാഹചര്യത്തില്‍ പാലിയേക്കരയില്‍ ടോള്‍ പിരിവ് താത്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്. ദേശീയപാതയിലെ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് നാലാഴ്ചത്തേയ്ക്ക് ടോള്‍ പിരിവ് നിര്‍ത്തിവെയ്ക്കാനാണ് ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നത്.

പാലിയേക്കരയില്‍ ടോള്‍ പിരിക്കുന്നത് താത്കാലികമായി തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കര്‍ വി മേനോന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. അടിപ്പാതയും സര്‍വീസ് റോഡും പൂര്‍ത്തിയാകാതെ പാലിയേക്കരയില്‍ ടോള്‍ പിരിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ ഘട്ടത്തിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

കഴിഞ്ഞ കുറെ മാസങ്ങളായി ദേശീയപാതയില്‍ ഇടപ്പള്ളി- മണ്ണുത്തി മേഖലയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ജംഗ്ഷനുകളില്‍ അടിപ്പാത നിര്‍മ്മാണം നടക്കുന്നതിനാല്‍ മണ്ണുത്തി മുതല്‍ അങ്കമാലി വരെയുള്ള ഭാഗത്താണ് പ്രധാനമായി ഗതാഗതക്കുരുക്ക് രൂക്ഷമായി അനുഭവപ്പെടുന്നത്. മണിക്കൂറുകള്‍ എടുത്താണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. ഈ പശ്ചാത്തലത്തിലും ടോള്‍ പിരിവ് തകൃതിയായി നടക്കുന്നതിനെതിരെ വ്യാപക ആക്ഷേപമാണ് ഉയര്‍ന്നത്.

കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ചപ്പോള്‍ ദേശീയപാതാ അതോറിറ്റിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ദേശീയപാതാ അതോറിറ്റി ഒരുമാസം മുന്‍പ് നല്‍കിയ വാക്ക് പാലിച്ചില്ലെന്ന് കോടതി വിമര്‍ശിച്ചു. എന്നാല്‍ സര്‍വീസ് റോഡ് സൗകര്യം നല്‍കിയിരുന്നുവെന്നും സര്‍വീസ് റോഡ് തകര്‍ന്നതാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണമെന്നും ദേശീയപാതാ അതോറിറ്റി വ്യക്തമാക്കി. മൂന്നാഴ്ചയ്ക്കകം പ്രശ്‌നം പരിഹരിക്കാനാകുമെന്ന് ദേശീയപാതാ അതോറിറ്റി റിപ്പോര്‍ട്ട് നല്‍കി. ഇത് കണക്കിലെടുത്താണ് നാലാഴ്ചത്തേയ്ക്ക് ടോള്‍ പിരിവ് നിര്‍ത്തിവെയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.

കൊല്ലത്ത് എം ഡി എം എ കേസ് പ്രതിയുടെ നാടകീയ രക്ഷപ്പെടല്‍

കൊല്ലത്ത് എം ഡി എം എ കേസ് പ്രതിയുടെ നാടകീയ രക്ഷപ്പെടല്‍

കൊല്ലം കിളികൊല്ലൂരില്‍ മയക്കുമരുന്ന് കേസ് പ്രതി ഭാര്യയുടെ സഹായത്തോടെ പൊലീസ് സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ടു. പൊലീസ് സ്റ്റേഷന് മുന്നില്‍ സ്‌കൂട്ടറില്‍ കാത്തുനിന്ന ഭാര്യയ്‌ക്കൊപ്പമാണ് എംഡിഎംഎ കേസില്‍ പ്രതിയായ അജു മണ്‍സൂര്‍ (26) രക്ഷപ്പെട്ടത്.

സിനിമാ സ്റ്റൈലിലായിരുന്നു അജു മണ്‍സൂറിന്റേയും ഭാര്യയുടേയും രക്ഷപ്പെടല്‍. സ്ഥിരം മയക്കുമരുന്ന് കേസ് പ്രതിയായ അജുവിനെ ഇന്നലെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കിളികൊല്ലൂര്‍ സ്റ്റേഷനില്‍ ഇയാളെ കസ്റ്റഡിയിലെടുത്ത നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനിടെയായിരുന്നു നാടകീയമായ ഈ രക്ഷപ്പെടല്‍. പൊലീസിന്റെ കണ്ണുവെട്ടിച്ച് ഇയാള്‍ സ്റ്റേഷനില്‍ നിന്ന് പുറത്തേക്ക് ഓടുകയും കിളികൊല്ലൂര്‍ സ്റ്റേഷന് മുന്നില്‍ സ്‌കൂട്ടറില്‍ കാത്തുനിന്ന ഭാര്യയുടെ വണ്ടിയിലേക്ക് ചാടിക്കയറുകയുമായിരുന്നു.

ഇന്നലെ രാത്രി മുഴുവന്‍ പൊലീസ് നഗരത്തിലാകെ പരിശോധന നടത്തിയിട്ടും അജു മണ്‍സൂറിനേയും ഭാര്യ ബിന്‍ഷയേയും കണ്ടെത്താനായില്ല. കിളികൊല്ലൂര്‍ പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച സംഭവിച്ചതായി ആരോപണം ഉയരുന്നുണ്ട്. പ്രതി രക്ഷപ്പെടുന്ന സമയത്ത് പാറാവ് ഡ്യൂട്ടിക്ക് ആരുമുണ്ടായിരുന്നില്ലെന്ന് ഉത്തര പൊലീസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. പ്രതിയുടെ ഭാര്യയ്‌ക്കെതിരെയും ചില എംഡിഎംഎ കേസുകള്‍ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും ചേര്‍ന്ന് കൊല്ലം നഗരത്തില്‍ ഏറെ നാളുകളായി എംഡിഎംഎ വില്‍പ്പന നടത്തിയിരുന്നുവെന്നാണ് കണ്ടെത്തല്‍.

സ്വന്തമായി ഗ്രീന്‍ ഹൈഡ്രജന്‍ സ്റ്റേഷനുള്ള ലോകത്തെ ആദ്യ വിമാനത്താവളം; നേട്ടത്തിനരികെ സിയാല്‍

സ്വന്തമായി ഗ്രീന്‍ ഹൈഡ്രജന്‍ സ്റ്റേഷനുള്ള ലോകത്തെ ആദ്യ വിമാനത്താവളം; നേട്ടത്തിനരികെ സിയാല്‍

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ ഉടമസ്ഥതയില്‍ നെടുമ്പാശ്ശേരിയില്‍ ഹൈഡ്രജന്‍ സ്റ്റേഷന്‍. ഇതോടെ സ്വന്തമായി ഗ്രീന്‍ ഹൈഡ്രജന്‍ സ്റ്റേഷനുള്ള ലോകത്തെ ആദ്യ വിമാനത്താവളമായി സിയാല്‍ മാറുകയാണ്. കേന്ദ്ര പെട്രോളിയം വകുപ്പിന്റെ അന്തിമാനുമതി കൂടി ലഭിച്ചാല്‍ സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിക്കും.

ദക്ഷിണേന്ത്യയിലെ ആദ്യ ഗ്രീന്‍ഹൈഡ്രജന്‍ സ്റ്റേഷനാണ് ഇത്. 30 കോടി രൂപ മുടക്കിയാണ് സിയാല്‍ ഹൈഡ്രജന്‍ സ്റ്റേഷന്‍ നിര്‍മിച്ചിരിക്കുന്നത്. ഭാരത് പെട്രോളിയം കോര്‍പ്പറേഷനാണ് സാങ്കേതിക പങ്കാളി. ഹൈഡ്രജന്‍ഇന്ധനത്തിന്റെ ഉത്പാദനവും വിപണനവും ഇവിടെയുണ്ടാകും. ഹൈഡ്രജന്‍ ഉത്പാദന ചുമതല ബിപിസിഎല്ലിനാണ്. പ്രതിദിനം 220 കിലോഗ്രാം ഗ്രീന്‍ ഹൈഡ്രജന്‍ ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

ആദ്യഘട്ടത്തില്‍ വിമാനത്താവളത്തിനകത്ത് ഉപയോഗിക്കുന്ന ബസുകളിലാണ് ഹൈഡ്രജന്‍ ഇന്ധനം ഉപയോഗിക്കുക. ഈ ബസ് സിയാല്‍ ഓപ്പപ്പറേഷന്‍ ഏരിയയിലായിരിക്കും ഉപയോഗിക്കുക. അന്തരീക്ഷ മലിനീകരണം ഉണ്ടാകില്ലെന്നതിനാല്‍ സര്‍ക്കാരിന്റെ സീറോ കാര്‍ബര്‍ പോളിസിക്ക് കരുത്ത് പകരുന്നതാണ് സിയാലിന്റെ ഗ്രീന്‍ ഹൈഡ്രജന്‍ സ്റ്റേഷന്‍ പദ്ധതി.

പൂച്ചയെ കൊന്ന് കഷണങ്ങളാക്കി ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തു; യുവാവിനെതിരെ കേസെടുത്ത് പൊലീസ്

പൂച്ചയെ കൊന്ന് കഷണങ്ങളാക്കി ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തു; യുവാവിനെതിരെ കേസെടുത്ത് പൊലീസ്

പാലക്കാട്: പൂച്ചയെ കൊന്ന് കഷണങ്ങളാക്കി ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ യുവാവിനെതിരെ കേസെടുത്ത് പൊലീസ്. പാലക്കാട് ചെറുപ്പുളശ്ശേരി മടത്തിപറമ്പ് സ്വദേശി ഷജീറിനെതിരെയാണ് പൊലീസ് കേസെടുത്തത്. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ വകുപ്പു ചുമത്തിയാണ് കേസ്.

ലോറി ഡ്രൈവറായ ഷജീര്‍, ഒരു പൂച്ചയ്ക്ക് ആദ്യം ഭക്ഷണം നല്‍കുകയും പിന്നീട് അതിനെ കൊന്ന് തലയും അവയവങ്ങളും വേര്‍തിരിച്ച് ഇറച്ചി ജാക്കി ലിവര്‍ കൊണ്ട് അടിച്ചു പരത്തി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ദുഃഖകരമായ പശ്ചാത്തല സംഗീതം ഉള്‍പ്പെടെ വെച്ചാണ് ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തത്.

ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ യുവാവിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. മൃഗസ്‌നേഹിയായ ജിനീഷിന്റെ പരാതിയിലാണ് നിലവില്‍ ഷജീറിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ രണ്ടു ട്രെയിനുകള്‍ റദ്ദാക്കി, മൂന്നു ട്രെയിനുകള്‍ വൈകിയോടുന്നു

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ രണ്ടു ട്രെയിനുകള്‍ റദ്ദാക്കി, മൂന്നു ട്രെയിനുകള്‍ വൈകിയോടുന്നു

കൊച്ചി: സംസ്ഥാനത്ത് രണ്ടു ട്രെയിനുകള്‍ റദ്ദാക്കി. പാലക്കാട്- എറണാകുളം മെമു, എറണാകുളം – പാലക്കാട് മെമു എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. പെരിയാറിന് കുറുകേയുള്ള മേല്‍പ്പാലത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് ട്രെയിനുകള്‍ റദ്ദാക്കിയതെന്ന് റെയില്‍വേ അറിയിച്ചു.

മൂന്നു ട്രെയിനുകള്‍ വൈകിയോടുകയാണ്. ഇന്‍ഡോര്‍- തിരുവനന്തപുരം നോര്‍ത്ത് എക്‌സ്പ്രസ്, കണ്ണൂര്‍- ആലപ്പുഴ എക്‌സിക്യൂട്ടീവ്, സെക്കന്തരാബാദ്- തിരുവനന്തപുരം സെന്‍ട്രല്‍ ശബരി എക്‌സ്പ്രസ് എന്നീ ട്രെയിനുകളാണ് വൈകിയോടുന്നത്.

അടുത്ത ഞായറാഴ്ച വരെ അറ്റകുറ്റപ്പണികള്‍ തുടരുമെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. അതിനാല്‍ ബുധന്‍, ശനി, ഞായര്‍ ദിവസങ്ങളിലെ പാലക്കാട്- എറണാകുളം മെമു, എറണാകുളം – പാലക്കാട് മെമു സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. വരുന്ന നാലു ദിവസങ്ങളില്‍ ചില ട്രെയിനുകള്‍ വൈകിയോടുമെന്നും അറിയിച്ചിട്ടുണ്ട്.