by Midhun HP News | Aug 6, 2025 | Latest News, കേരളം
പത്തനംതിട്ട: പത്തനംതിട്ടയില്‍ അധ്യാപികയുടെ ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രധാന അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം തള്ളി സ്‌കൂള്‍ മാനേജ്‌മെന്റ്. റാന്നി നാറാണംമൂഴി സെന്റ് ജോസഫ് സ്‌കൂള്‍ യു.പി വിഭാഗം അധ്യാപിക ലേഖ രവീന്ദ്രന്റെ 13 വര്‍ഷത്തെ ശമ്പള കുടിശ്ശിക വിദ്യാഭ്യാസ ഓഫിസില്‍ നിന്ന് തടഞ്ഞുവെച്ചതില്‍ മനംനൊന്താണ് ഭര്‍ത്താവ് വിടി ഷിജോ കഴിഞ്ഞദിവസം ജീവനൊടുക്കിയത്.
സംഭവത്തില്‍ വീഴ്ച വരുത്തിയത് ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഉദ്യോഗസ്ഥരാണെന്നും വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തിനെിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചിരിക്കുന്നത്.
നിലവിലെ പ്രഥമാധ്യാപിക കഴിഞ്ഞ മേയ് 31നാണ് ചുമതലയേറ്റത്. അതിനുശേഷം ലേഖയുടെ മൂന്നുമാസത്തെ ശമ്പളം നല്‍കിയിട്ടുണ്ട്. ബാക്കിയുള്ളത് അംഗീകരിക്കേണ്ടത് വിദ്യാഭ്യാസ വകുപ്പ് ഓഫിസാണ്. അതുകൊണ്ട് തന്നെ ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഉദ്യോഗസ്ഥരാണ് അധ്യാപികയുടെ ശമ്പള ആനുകൂല്യങ്ങള്‍ വൈകിപ്പിച്ചതെന്നാണ് സ്‌കൂള്‍ മാനേജറുടെ വാദം. വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തിനെിരെ നിയമനടപടി സ്വീകരിക്കുമെന്നും മാനേജര്‍ ജോര്‍ജ് ജോസഫ് വ്യക്തമാക്കി.
എയ്ഡഡ് സ്‌കൂള്‍ അധ്യാപികയായ ലേഖ രവീന്ദ്രന് 14 വര്‍ഷത്തെ ശമ്പളം അടക്കം ആനുകൂല്യങ്ങള്‍ നല്‍കാനായിരുന്നു ഹൈക്കോടതി വിധി. കഴിഞ്ഞ കൊല്ലം സെപ്റ്റംബറില്‍ വന്ന വിധിയില്‍ രണ്ട് മാസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ 2025 ജനുവരി അവസാനമാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നിന്ന് ഉത്തരവ് ഇറങ്ങിയത്. അതിനു ശേഷം അടിസ്ഥാന ശമ്പളം മാത്രം ആറു മാസത്തേക്ക് നല്‍കി. കുടിശ്ശിക കൂടി ലഭിക്കമെങ്കില്‍ ഡിഇ ഓഫീസില്‍ നിന്ന് ഒതന്റിഫിക്കേഷന്‍ നല്‍കണമായിരുന്നു. ഇതിനായി പലവട്ടം കത്ത് നല്‍കിയിട്ടും നടപടി വൈകിപ്പിച്ചെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. അതേസമയം മരിച്ച ഷിജോ വി ടിയുടെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം നാറാണമൂഴിയിലെ വീട്ടുവളപ്പില്‍ നടക്കും.
by Midhun HP News | Aug 6, 2025 | Latest News, കേരളം
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിനായി വോട്ടര്‍ പട്ടികയിൽ പേരുചേർക്കുന്നതിന് നാളെ വരെ അവസരം. 2025 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ് പൂർത്തിയായവർക്ക് ഓഗസ്റ്റ് ഏഴു വരെ വോട്ടർപട്ടികയിൽ പേരുചേർക്കാം. വോട്ടർപട്ടികയിൽ പുതുതായി പേരുചേർക്കുന്നതിനും (ഫോറം 4) അപേക്ഷ, ഉൾക്കുറിപ്പുകൾ തിരുത്തുന്നതിനും(ഫോറം 6), സ്ഥാനമാറ്റം വരുത്തുന്നതിനും(ഫോറം7) സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ sec.kerala.gov.in വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം.
ഓൺലൈനായി അപേക്ഷിക്കുമ്പോൾ ഹിയറിങിനുള്ള കംപ്യൂട്ടർ ജനറേറ്റഡ് നോട്ടീസ് ലഭിക്കും. നോട്ടീസിൽ പറഞ്ഞിട്ടുള്ള തീയതിയിൽ ആവശ്യമായ രേഖകൾ സഹിതം ഹിയറിങിന് നേരിട്ട് ഹാജരാകണം. വോട്ടർപട്ടികയിൽ പേര് ഒഴിവാക്കുന്നത് സംബന്ധിച്ച ആക്ഷേപങ്ങൾ (ഫോറം 5) ഓൺലൈനായി രജിസ്റ്റർചെയ്യുകയും അതിന്റെ പ്രിന്റൗട്ടിൽ അപേക്ഷകനും ആ വാർഡിലെ ഒരു വോട്ടറും ഒപ്പിട്ടു നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് സമർപ്പിക്കണം.
ഓൺലൈൻ മുഖേന അല്ലാതെയും നിർദ്ദിഷ്ടഫാറത്തിൽ ഇലക്ഷൻ രജിസ്‌ട്രേഷൻ ഓഫീസർക്ക് അപേക്ഷിക്കാം. പഞ്ചായത്തുകളിലും നഗരസഭകളിലും അതത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും കോർപ്പറേഷനുകളിൽ അഡീഷണൽ സെക്രട്ടറിയുമാണ് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ. അപേക്ഷകളിലും ആക്ഷേപങ്ങളിലും ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ സ്വീകരിക്കുന്ന നടപടിക്കെതിരെ തദ്ദേശസ്വയംഭരണവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർക്ക് അപ്പീൽ നൽകാം. ഉത്തരവ് തീയതി മുതൽ 15 ദിവസത്തിനകമാണ് അപ്പീൽ നൽകേണ്ടത്.
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർപ്പട്ടികയിൽ പേരുൾപ്പെടുത്താൻ ഇതുവരെ 15,94,379 അപേക്ഷകൾ ലഭിച്ചതായി അധികൃതർ അറിയിച്ചു. തിരുത്തലിന് 7,406 അപേക്ഷയും വാർഡ് മാറ്റാൻ 80,212 അപേക്ഷയും ലഭിച്ചു. പേര് ഒഴിവാക്കാൻ 745 പേർ സ്വന്തമായി അപേക്ഷ നൽകി. 5,168 പേരെ ഇലക്‌ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ (ഇആർഒ) സ്വമേധയ നീക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി നോട്ടീസ് നൽകി. 1,15,219 പേരെ നീക്കം ചെയ്യാൻ രാഷ്‌ട്രീയ പാർടി പ്രതിനിധികൾ ഓൺലൈനായി അപേക്ഷ നൽകി. 30ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. വോട്ടർപട്ടികയിൽ പേര് ചേർക്കാനും തിരുത്താനും സ്ഥാനമാറ്റത്തിനും sec.kerala.gov.inൽ ഓൺലൈനായി അപേക്ഷിക്കാം.
by Midhun HP News | Aug 6, 2025 | Latest News, കേരളം
തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ ഇന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിനെ കാണും. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ മിനിമം 5 രൂപയാക്കണമെന്നാണ് ആവശ്യം. ചര്‍ച്ചയില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ തുടര്‍സമരവുമായി മുന്നോട്ടു പോകാനാണ് ബസുടമകളുടെ തീരുമാനം.
വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉന്നയിച്ച് സ്വകാര്യ ബസുടമകള്‍ നേരത്തെ ഗതാഗത സെക്രട്ടറിയുമായി ചര്‍ച്ച നടത്തിയിരുന്നു. ബസുടമകള്‍ക്ക് പുറമേ, വിദ്യാര്‍ത്ഥി സംഘടനകളുമായും ഗതാഗത സെക്രട്ടറി ചര്‍ച്ച നടത്തി. എന്നാല്‍ ചാര്‍ജ് വര്‍ധനയെ വിദ്യാര്‍ത്ഥി സംഘടനകള്‍ എതിര്‍ത്തതോടെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.
വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ജസ്റ്റീസ് രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുക, ദീർഘ ദൂര പെർമിറ്റുകളും ലിമിറ്റഡ് സ്റ്റോപ് പെർമിറ്റുകളും യഥാസമയം പുതുക്കി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബസുടമകൾ നേരത്തേ സൂചനാ പണിമുടക്ക് നടത്തിയിരുന്നു. ജൂലായ് 22 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ വിയോഗത്തെത്തുടർന്ന് അത് മാറ്റിവക്കുകയായിരുന്നു.
by Midhun HP News | Aug 6, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തില്‍ കണ്ണൂരും കാസര്‍കോടുമാണ് റെഡ് അലര്‍ട്ടുള്ളത്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ അതിശക്തമായ മഴയാണ് പ്രവചിക്കപ്പെടുന്നത്. ഈ ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പാണുള്ളത്.
മധ്യകേരളത്തില്‍ ശക്യമായ മഴയാണ് പ്രവചിക്കപ്പെടുന്നത്. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെലോ അലര്‍ട്ടും നിലവിലുണ്ട്. തമിഴ്നാടിനും കേരളത്തിനും ഇടയില്‍ രൂപംകൊണ്ട ചക്രവാതച്ചുഴിയാണ് മഴ ശക്തമാകാന്‍ കാരണം. തെക്കന്‍ കേരളത്തിനു മുകളിലായി ചക്രവാതച്ചുഴിയും ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ തമിഴ്‌നാട് തീരത്തിനു സമീപം ഉയര്‍ന്ന തോതില്‍ ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്.
മഴയ്‌ക്കൊപ്പം 60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. മലയോര മേഖലയിലും തീരപ്രദേശത്തും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ ഏഴു വരെ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
by Midhun HP News | Aug 6, 2025 | Latest News, കേരളം
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഹര്‍ഷില്‍ മേഘവിസ്‌ഫോടനത്തെത്തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു. കൂടുതല്‍ എസ്ഡിആര്‍എഫ്, എന്‍ഡിആര്‍എഫ് സംഘവും വ്യോമസേനയുടെ ഹെലികോപ്റ്ററും തിരച്ചിലിനായി എത്തും. കൂടുതല്‍ സേനയും രക്ഷാപ്രവര്‍ത്തനത്തിനായി ധരായിലിലേക്കെത്തും. മണ്ണിനടിയില്‍ കുടുങ്ങിയവരെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍.
ഉത്തരകാശിയിലെ മിന്നല്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും നാലുപേര്‍ മരിച്ചതായാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ 9 സൈനികര്‍ അടക്കം നൂറോളം പേരെ കാണാതായതായാണ് സൂചന. മേഖലയില്‍ പലയിടത്തും വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടാകുന്നതായും റിപ്പോര്‍ട്ടുണ്ട്. ഗംഗോത്രി തീര്‍ഥാടനപാതയിലെ പ്രധാന ഗ്രാമമായ ധരാലിയെ മേഘവിസ്‌ഫോടനവും മണ്ണിടിച്ചിലും പൂര്‍ണമായും തകര്‍ത്തു. വിനോദസഞ്ചാരികളടക്കം ഒട്ടേറെപ്പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിട്ടുണ്ട്.
ഉത്തരകാശിയിലെ ധരാലി ഗ്രാമത്തില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.45-ഓടെയാണ് ആദ്യത്തെ വന്‍ മേഘവിസ്ഫോടനമുണ്ടായത്. ഇതിനു പിന്നാലെയാണ് സുഖി ടോപ്പില്‍ സൈനിക ക്യാംപിന് സമീപത്തായി വീണ്ടും മേഘവിസ്ഫോടനമുണ്ടായതായത്. മണ്ണിടിച്ചിലില്‍ ഹര്‍ഷീലിലുള്ള സൈനിക ക്യാംപ് തകര്‍ന്നാണ് 9 സൈനികരെ കാണാതായത്. വിനോദസഞ്ചാരികള്‍ ധാരാളമെത്തുന്ന സ്ഥലത്തെ നിരവധി ഹോംസ്റ്റേകളും വീടുകളും ഹോട്ടലുകളും അടക്കം ഒഴുകിപ്പോയിട്ടുണ്ട്. പ്രളയത്തില്‍ പ്പെട്ട കെട്ടിടങ്ങളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാന്‍ തിരച്ചില്‍ തുടരുകയാണ്.
by Midhun HP News | Aug 5, 2025 | Latest News, കേരളം
കൊച്ചി: ആലുവയില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പെരിയാറിലൂടെ വാട്ടര്‍ മെട്രോ സര്‍വീസ് പരിഗണനയില്‍. ആലുവയില്‍ നിന്ന് 20 മിനിറ്റുകൊണ്ട് വിമാനത്താവളം സ്ഥിതിചെയ്യുന്ന നെടുമ്പാശ്ശേരിയില്‍ എത്താവുന്ന രീതിയിലാണ് റൂട്ട്. ഇതുസംബന്ധിച്ച് പ്രാഥമിക സാധ്യതാപഠനം കൊച്ചി മെട്രോ നടത്തിയതായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
കൊച്ചിയില്‍ ജലവഴികളിലൂടെ ബന്ധിപ്പിക്കാവുന്ന പ്രധാനയിടങ്ങളുണ്ട്. വിമാനത്താവളത്തിലേക്കെന്നതിനു സമാനമായി വാട്ടര്‍മെട്രോ ഓടിക്കാവുന്ന ഒന്‍പത് റൂട്ടുകള്‍ കൂടി കൊച്ചി മെട്രോ കണ്ടെത്തിയിട്ടുണ്ടെന്നും ബെഹ്‌റ പറഞ്ഞു.കൊച്ചിയുടെ ഭാവിയിലെ ഗതാഗതം സംബന്ധിച്ച് പനമ്പിള്ളി നഗര്‍ കെഎംഎ ഹാളില്‍ നടന്ന ചര്‍ച്ചയ്ക്കിടെയായിരുന്നു ബെഹ്‌റ ഇക്കാര്യം പറഞ്ഞത്.
കൊച്ചി വാട്ടര്‍ മെട്രോ മാത്യകയാക്കി രാജ്യത്ത് 18 ഇടങ്ങളിലാണ് സമാനമായ പദ്ധതികള്‍ നടപ്പാക്കുന്നത്. കൊല്‍ക്കത്ത , ഗോവ, ശ്രീനഗര്‍ , അഹമ്മദാബാദ് തുടങ്ങിയ പ്രധാന ഇടങ്ങള്‍ വരെ വാട്ടര്‍മെട്രോയുടെ ആശയത്തിലേക്ക് വന്നുവെന്നും ലോക്‌നാഥ് ബെഹറ പറഞ്ഞു.
Recent Comments