by Midhun HP News | Aug 5, 2025 | Latest News, കേരളം
ആലപ്പുഴ: ദേഹത്തേക്ക് ചെളിവെള്ളം തെറിപ്പിച്ചതിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥിയെ ബസ്സിടിപ്പിക്കാന്‍ ശ്രമിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍. അരൂരിലാണ് സംഭവം. കോതമംഗലത്ത് വിദ്യാര്‍ഥിയായ യദുകൃഷ്ണന്റെ ദേഹത്തേക്കാണ് തിരുവനന്തപുരം അങ്കമാലി റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ചെളിവെള്ളം തെറിപ്പിച്ചത്.
അരൂരിലെ സ്വകാര്യ ഹോട്ടലിനു മുന്നിലാണ്ടായ സംഭവത്തിന്റെ വിഡിയോയും പുറത്തുവന്നു. ബൈക്കില്‍ തൃപ്പൂണിത്തുറയിലേക്കു പോവുകയായിരുന്ന യദുകൃഷ്ണന്റെ വസ്ത്രങ്ങളില്‍ ചെളി പുരണ്ടതിനാല്‍ കോളജിലേക്കുള്ള യാത്ര മുടങ്ങുന്ന സ്ഥിതിയായി.
ഇതേത്തുടര്‍ന്നാണ് വിദ്യാര്‍ഥി ബസിനെ പിന്തുടര്‍ന്നെത്തി മുന്നില്‍ കയറിനിന്ന് പ്രതിഷേധിച്ചത്. എന്നാല്‍, ഡ്രൈവര്‍ ഇത് അവഗണിച്ച് വാഹനം മുന്നോട്ടെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് വിദ്യാര്‍ഥിയുടെ കുടുംബം അറിയിച്ചു.
by Midhun HP News | Aug 5, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു.SR 299702 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ SW 391513 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize Rs.5,000/-
SN 299702
SO 299702
SP 299702
SS 299702
ST 299702
SU 299702
SV 299702
SW 299702
SX 299702
SY 299702
SZ 299702
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
by Midhun HP News | Aug 5, 2025 | Latest News, കേരളം
കൊച്ചി: പ്രൊഡ്യൂസേഴ്‍സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ പത്രിക തള്ളിയതിനെതിരെ കോടതിയെ സമീപിച്ച് നിര്‍മാതാവ് സാന്ദ്ര തോമസ്. എറണാകുളം സബ് കോടതിയില്‍ സാന്ദ്ര ഹര്‍ജി നല്‍കി. ബൈലോ പ്രകാരം താന്‍ മത്സരിക്കാന്‍ യോഗ്യയാണെന്നാണ് സാന്ദ്ര ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. തെരഞ്ഞെടുപ്പിന് വരണാധികാരിയെ നിയമിച്ചത് ബൈ ലോയ്ക്ക് വിരുദ്ധമാണെന്നും ഹര്‍ജിയിലുണ്ട്.
സാന്ദ്ര തോമസ് രണ്ട് സിനിമകള്‍ മാത്രമേ നിര്‍മിച്ചിട്ടുള്ളു എന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ പ്രധാന സ്ഥാനങ്ങളിലേക്ക് മത്സരിക്കണമെങ്കില്‍ മൂന്നിലേറെ സിനിമകള്‍ നിര്‍മിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്നലെ സാന്ദ്ര തോമസിന്‍റെ രണ്ട് പത്രികകളും വരണാധികാരി തള്ളിയത്. തുടര്‍ന്ന് ഏറെ നേരം വാക്ക് തര്‍ക്കമുണ്ടായി.
ഒടുവില്‍, പറഞ്ഞത് പോലെ ഇന്ന് തന്നെ സാന്ദ്ര തോമസ് കോടതിയെ സമീപിച്ചു. രണ്ട് കാര്യങ്ങളാണ് എറണാകുളം സബ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സാന്ദ്ര ചൂണ്ടിക്കാട്ടുന്നത്. ഒന്ന് ബൈലോ പ്രകാരം ഓഫീസ് സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ സ്ഥിര അംഗമാവണം, ഒപ്പം മൂന്ന് സിനിമകളുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് വേണം.
തന്‍റെ പേരില്‍ മൂന്നിലേറെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ട്. താന്‍ മത്സരിക്കാന്‍ യോഗ്യയാണ്. പത്രിക തള്ളിയ നടപടി സ്റ്റേ ചെയ്യണം. വരണാധികാരിയെ തെരഞ്ഞെടുപ്പ് ചുമതല ഏല്‍പ്പിക്കുന്നത് ബൈലോയ്ക്ക് വിരുദ്ധമാണെന്നും സാന്ദ്ര ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി ഒരേ വരണാധികാരിയെ തന്നെ തെരഞ്ഞെടുപ്പ് ചുമതല ഏല്‍പ്പിക്കുന്നത് തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന് തുല്യമാണെന്നും സാന്ദ്ര വ്യക്തമാക്കുന്നു.
എന്നാല്‍ ജനാധിപത്യപരമായി ഏത് തെരഞ്ഞെടുപ്പിനും വരണാധികാരിഉണ്ടാകുമെന്നും സാന്ദ്ര തോമസിന് അറിവില്ലായ്മയാണെന്നും വ്യക്തമാക്കുകയാണ് പ്രൊഡ്യൂസേഴ്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍.
by Midhun HP News | Aug 5, 2025 | Latest News, കേരളം
കൊച്ചി: കൂത്താട്ടുകുളം നഗരസഭയില്‍ ഇടതുമുന്നണിക്ക് ഭരണം നഷ്ടമായി. സിപിഎം വിമത കല രാജുവും സ്വതന്ത്ര അംഗവും പിന്തുണച്ചതോടെ, യുഡിഎഫ് അവതരിപ്പിച്ച അവിശ്വാസപ്രമേയം പാസാകുകയായിരുന്നു. 12 നെതിരെ 13 വോട്ടുകള്‍ക്കാണ് അവിശ്വാസപ്രമേയം പാസ്സായത്.
മുമ്പ് നഗരസഭ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്കെടുക്കാനിരിക്കെ സിപിഎം കൗണ്‍സിലര്‍ കല രാജുവിനെ സിപിഎം പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ട് പോകുകയും, വസ്ത്രം പിടിച്ച് വലിക്കുകയും ബലമായി പിടിച്ച് വണ്ടിയില്‍ കയറ്റിക്കൊണ്ടുപോകുകയും ചെയ്തത് വലിയ ചര്‍ച്ചയായിരുന്നു. രാഷ്ട്രീയ വിവാദങ്ങള്‍ക്കും ഇതു വഴിവെച്ചിരുന്നു.
ഈ സാഹചര്യത്തില്‍ സിപിഎം കൗൺസിലർ കലാ രാജുവിനും സ്വതന്ത്ര കൗൺസിലർ സുനിലിനും പൊലീസ് കനത്ത സുരക്ഷയൊരുക്കിയിരുന്നു. ”പാർട്ടി ചിഹ്നത്തിൽ മത്സരിച്ച തന്നോടാണ് സിപിഎം മുമ്പ് മോശമായി പെരുമാറിയത്. സിപിഎം ജനാധിപത്യത്തെ കശാപ്പ് ചെയ്തു. തനിക്ക് പാർട്ടി വിപ്പ് ലഭിച്ചിട്ടില്ല. അയോഗ്യത നടപടികളെ നേരിടാൻ തയ്യാറാണെന്നും, ഇനി യുഡിഎഫിനൊപ്പമായിരിക്കും പ്രവർത്തനമെന്നും” കല രാജു പറഞ്ഞു.
കൂത്താട്ടുകുളം നഗരസഭ വൈസ് ചെയർമാനെതിരെയും യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടു വന്നിട്ടുണ്ട്. വൈസ് ചെയർമാനെതിരായ അവിശ്വാസപ്രമേയം ഉച്ചയ്ക്ക് ശേഷം ചർച്ചയ്ക്കെടുക്കും.25 അംഗ ഭരണസമിതിയിൽ എൽഡിഎഫ് 13, യുഡിഎഫ് 11, സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയായിരുന്നു കൂത്താട്ടുകുളത്തെ കക്ഷിനില.
by Midhun HP News | Aug 5, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്നും നാളെയും ( ചൊവ്വ, ബുധന്‍) വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്രവും തീവ്രവുമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.
ഇന്ന് എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകള്‍ക്ക് പുറമേ മലപ്പുറത്തും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളിലാണ് അതിതീവ്രമഴ കണക്കാക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്.
ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം എന്നി ജില്ലകളില്‍ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ഈ ജില്ലകളില്‍ ജാഗ്രതയുടെ ഭാഗമായി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
by Midhun HP News | Aug 5, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 75,000ലേക്ക്. ഇന്ന് പവന് 600 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില 74,960 രൂപയായി. ഗ്രാമിന് ആനുപാതികമായി 75 രൂപയാണ് വര്‍ധിച്ചത്. 9370 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. നാലുദിവസത്തിനിടെ 1800 രൂപയാണ് വര്‍ധിച്ചത്.
കഴിഞ്ഞ മാസം 23ന് 75000 കടന്ന് റെക്കോര്‍ഡ് ഇട്ട സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ താഴുന്ന കാഴ്ചയാണ് ദൃശ്യമായത്. 74000ല്‍ താഴെ പോയ സ്വര്‍ണവില കഴിഞ്ഞ ദിവസം മുതലാണ് വീണ്ടും ഉയരാന്‍ തുടങ്ങിയത്. ഓഗസ്റ്റ് ഒന്നിന് 73,200 രൂപയായിരുന്നു സ്വര്‍ണവില. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക തീരുവ വര്‍ധിപ്പിച്ചത് അടക്കമുള്ള കാര്യങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തുന്നതാണ് സ്വര്‍ണവില ഇപ്പോഴും ഉയര്‍ന്നു നില്‍ക്കാന്‍ കാരണം.
Recent Comments