നാല് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വയോധികനു 5 വർഷം ജയിൽ ശിക്ഷയും അമ്പതിനായിരം രൂപ പിഴയും

നാല് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വയോധികനു 5 വർഷം ജയിൽ ശിക്ഷയും അമ്പതിനായിരം രൂപ പിഴയും

ആറ്റിങ്ങൽ: 4 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 75 വയസുകാരനായ പ്രതിക്ക് 5 വർഷം തടവും ₹50,000 രൂപ പിഴയും വിധിച്ചു. വെള്ളല്ലൂർ വില്ലേജിൽ, വെള്ളല്ലൂർ ശിവ ക്ഷേത്രത്തിനു സമീപം പാറവിള വീട്ടിൽ ഈച്ചരൻ മകൻ 75 വയസുള്ള ചെല്ലപ്പനെയാണ് ശിക്ഷിച്ചത്. ആറ്റിങ്ങൽ അതിവേഗ കോടതി ജഡ്ജി സി.ആർ. ബിജുകുമാർ ആണ് ശിക്ഷ വിധിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം പ്രതി രണ്ടു മാസം അധിക തടവ് അനുഭവിക്കേണ്ടി വരും.

2025 ജനുവരി 31-ന് രാത്രി 7 മണിയോടെയാണ് സംഭവം നടന്നത്. അതിജീവിത താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി, സിറ്റൗട്ടിൽ ഇരുന്ന് കുട്ടിയെ മടിയിൽ ഇരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ്
യു. സലിംഷ, അഡ്വക്കേറ്റ് നീലിമ ആർ കൃഷ്ണനും ഹാജരായി.കിളിമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് സബ് ഇൻസ്‌പെക്ടർ പ്രദീപ് കെ ആണ്.

പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ഇന്നാരംഭിക്കും; എന്തൊക്കെ രേഖകള്‍ നല്‍കണം, അറിയാം

പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ഇന്നാരംഭിക്കും; എന്തൊക്കെ രേഖകള്‍ നല്‍കണം, അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ അധ്യയന വര്‍ഷത്തേക്കുള്ള പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ഇന്ന് ആരംഭിക്കും. ഏകജാലക സംവിധാനം വഴി ഓണ്‍ലൈനായി വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷ നല്‍കാം. 4,10,456 വിദ്യാര്‍ഥികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷയെഴുതി ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്.

പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി, അലോട്ട്മെന്റ് സമയക്രമം എന്നിവ വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടില്ല. 3,60,844 സീറ്റുകളാണ് ഇത്തവണ പ്ലസ് വണ്ണില്‍ ലഭ്യമായിട്ടുള്ളത്. കഴിഞ്ഞവര്‍ഷം അരലക്ഷത്തിലധികം സീറ്റുകള്‍ ഒഴിഞ്ഞുകിടന്ന പശ്ചാത്തലത്തില്‍ അലോട്ട്മെന്റ് നടപടികള്‍ പരിശോധിച്ചതിന് ശേഷമായിരിക്കും അധിക സീറ്റുകള്‍ അനുവദിക്കുക.

എന്തൊക്കെ രേഖകള്‍ നല്‍കണം

വിദ്യാര്‍ഥികള്‍ക്ക് നേറ്റിവിറ്റി, ജാതി എന്നിവ തെളിയിക്കുന്നതിന് എസ്എസ്എല്‍സി ബുക്ക് മാത്രം മതി. സ്‌കോളര്‍ഷിപ്പ് ആനുകൂല്യം ലഭിക്കുന്നതിനായി എസ്‌സി,എസ്ടി, ഒഇസി വിദ്യാര്‍ഥികള്‍ക്ക് മാത്രമേ വില്ലേജ് ഓഫീസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളൂ. പ്ലസ് വണ്‍ ഏകജാലക പ്രവേശന മാര്‍ഗനിര്‍ദേശം പ്രകാരം പ്രവേശന സമയത്ത് സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ കോപ്പികള്‍ ഹാജരാക്കിയാല്‍ മതി. സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാന്‍ കാലതാമസം നേരിടുന്നവര്‍ക്ക് അവ ഹാജരാക്കുന്നതിന് നിശ്ചിത സമയപരിധി അനുവദിക്കുന്നുണ്ട്. സംവരണാനുകൂല്യങ്ങള്‍ക്കുള്ള രേഖകള്‍ പ്രവേശനത്തിനുശേഷം നല്‍കിയാല്‍ മതി.

സംസ്ഥാനത്ത് ജനിച്ചിട്ടുള്ളവര്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റോ അഞ്ച് വര്‍ഷം ഇവിടെയുള്ള വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിച്ചതിന്റെ രേഖയോ ഇത് കൂടാതെ സത്യപ്രസ്താവനയോ ഉണ്ടെങ്കില്‍ നേറ്റീവ് ആയി പരിഗണിക്കാം. അപേക്ഷകന്റെ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റില്‍ ജാതി രേഖപ്പെടുത്തിയാല്‍ വില്ലേജ് ഓഫീസര്‍, തഹസില്‍ദാര്‍ എന്നിവര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന് പകരമുള്ള അടിസ്ഥാന രേഖയായി ഇത് പരിഗണിക്കാം. വിദ്യാഭ്യാസ രേഖയില്‍ മതം രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ മൈനോരിറ്റി സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. അച്ഛനമ്മമാര്‍ വ്യത്യസ്ത ജാതിയില്‍ പെട്ടവരാണെങ്കില്‍ അവരില്‍ ഒരാളുടെ എസ്എസ്എല്‍സി രേഖയിലുള്ള ജാതി തെളിവായി പരിഗണിക്കാം.

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി; 30,000 ത്തോളം ഉദ്യോഗാര്‍ത്ഥികള്‍ക്ക് ‘പ്രതീക്ഷ’

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി; 30,000 ത്തോളം ഉദ്യോഗാര്‍ത്ഥികള്‍ക്ക് ‘പ്രതീക്ഷ’

തിരുവനന്തപുരം: പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി. മന്ത്രിസഭാ ശുപാര്‍ശ പിഎസ് സി അംഗീകരിച്ചു. മെയ് 25 നും ഓഗസ്റ്റ് 31 നും ഇടയില്‍ അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് നവംബര്‍ 30 വരെ നീട്ടിയത്.

30,845 ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആശ്വാസമേകുന്നതാണ് പിഎസ് സിയുടെ തീരുമാനം. 289 റാങ്ക് പട്ടികകളുടെ കാലാവധിയാണ് പുതിയ ഉത്തരവ് പ്രകാരം നീട്ടുന്നത്. തെരഞ്ഞെടുപ്പ് അടക്കം പലവിധ കാരണങ്ങളാല്‍ നിയമനം വൈകുന്നതിനെത്തുടര്‍ന്ന്, റാങ്ക് ലിസ്റ്റ് നീട്ടണമെന്ന് ആവശ്യം ശക്തമായിരുന്നു.വിഡി സതീശന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരമേറ്റശേഷം ചേര്‍ന്ന ആദ്യ മന്ത്രിസഭായോഗത്തില്‍ തന്നെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ തീരുമാനിച്ചിരുന്നു. മന്ത്രിസഭാ തീരുമാനം ശുപാര്‍ശയായി പിഎസ് സിക്ക് നല്‍കുകയും ചെയ്തിരുന്നു. ഇതിനാണ് ഇന്നത്തെ പി എസ് സി യോഗം അംഗീകാരം നല്‍കിയത്.

കഠിനമായ പനി, രോ​ഗികൾ രക്തംവാർന്ന് മരിക്കുന്നു; ‘പഴയ’ എബോളയുടെ ‘പുതിയ’ ഭീഷണി

കഠിനമായ പനി, രോ​ഗികൾ രക്തംവാർന്ന് മരിക്കുന്നു; ‘പഴയ’ എബോളയുടെ ‘പുതിയ’ ഭീഷണി

ലോകത്തെ ആകെ ഭീതിയിലാഴ്ത്തിയാണ് എബോളയുടെ അപൂർവ വകഭേദമായ ബൂൻഡിബുഗോ (Bundibugyo virus) വൈറസിന്റെ അതിവോ​ഗത്തിലുള്ള വ്യാപനം. ആഫ്രിക്കൻ രാജ്യങ്ങളായ കോംഗോയിലും ഉഗാണ്ടയിലുമായി പൊട്ടിപ്പുറപ്പെട്ട വൈറസ് വ്യാപനത്തെ ഒരു പൊതുജനരോ​ഗ്യ അടിയന്തരാവസ്ഥയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിന് പിന്നാലെ എബോള വൈറസിനെതിരെയുള്ള പ്രതിരോധ നടപടികൾ രാജ്യങ്ങൾ സ്വീകരിച്ചുവരികയാണ്.

1976 ലാണ് കോംഗോയിലെ എബോള നദിയുടെ തീരത്തുള്ള ഒരു ഗ്രാമത്തിൽ നിന്ന് എബോള വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്. പഴംതീനി വവ്വാലുകളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസുകൾ രണ്ടു ദിവസം മുതൽ മൂന്ന് ആഴ്ചയ്ക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങും. മനുഷ്യരിൽ മാരകമായ രക്തസ്രാവത്തോടു കൂടിയ പനി ഉണ്ടാക്കുന്ന ഒരു വൈറസ് രോഗമാണിത്.

എബോള വൈറസിനെ കുറിച്ച് ഡോ. ബി ഇക്ബാൽ ഫേയ്സ്ബുക്കിൽ കുറിച്ച് കുറിപ്പ്
എബോള: പഴയ രോഗം, പുതിയ ഭീഷണി

എബോള വൈറസ് ഡിസീസ്, എബോള ഹെമോറേജിക് ഫീവർ എന്നീ പേരുകളിൽ അറിയപ്പെടുന്ന എബോള, മനുഷ്യരിൽ മാരകമായ രക്തസ്രാവത്തോടു കൂടിയ പനി ഉണ്ടാക്കുന്ന ഒരു വൈറസ് രോഗമാണ്. 1976 ലാണ് കോംഗോയിലെ എബോള നദിയുടെ തീരത്തുള്ള ഒരു ഗ്രാമത്തിൽ ഈ രോഗം ആദ്യമായി കണ്ടെത്തുന്നത്. പ്രധാനമായും പഴംതീനി വവ്വാലുകളിൽ നിന്നാണ് വൈറസ് മനുഷ്യരിലെത്തുന്നത്. ചിമ്പാൻസി, കുരങ്ങ്, ഗറില്ല, പന്നി തുടങ്ങിയ മറ്റ് മൃഗങ്ങളിൽ നിന്നാണ് മനുഷ്യരിലേക്ക് പകരുന്നത്. രോഗികളുടെ ശരീരസ്രാവങ്ങൾ, രക്തം, അവർ ഉപയോഗിച്ച വസ്തുക്കൾ എന്നിവയുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗം മറ്റുള്ളവരിലേക്ക് പകരുന്നത്.

എബോള വൈറസ് ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ, രണ്ടു ദിവസം മുതൽ മൂന്ന് ആഴ്ചയ്ക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങും. പനി, തൊണ്ടവേദന, തലവേദന തുടങ്ങിയവയാണ് ആദ്യകാല ലക്ഷണങ്ങൾ. എലൈസ (ELISA), ആർടിപിസിആർ പോലുള്ള ടെസ്റ്റുകളിലൂടെ രോഗനിർണ്ണയം നടത്താം. രോഗം പുരോഗമിക്കുമ്പോൾ, ആന്തരികമോ ബാഹ്യമോ ആയ രക്തസ്രാവവും വൃക്ക, കരൾ തുടങ്ങിയ ആന്തരിക അവയവങ്ങളുടെ പ്രവർത്തനങ്ങൾ ക്ഷയിക്കുന്നത് മരണത്തിന് കാരണമാകുന്നു. മരണനിരക്ക് 50 ശതമാനത്തോളം വരുന്ന ഈ രോഗത്തെക്കുറിച്ചുള്ള ആധുനിക അറിവുകൾ, അതിജീവിച്ചവരിൽ തലവേദന, സന്ധി വേദന തുടങ്ങിയ ദീർഘകാല ലക്ഷണങ്ങൾ വർഷങ്ങളോളം തുടരാമെന്ന് വ്യക്തമാക്കുന്നുണ്ട്.

എബോളയുടെ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടു

1976 ൽ കോംഗോയിലും (മുൻ സൈർ) സുഡാനിലും ആണ് എബോള ആദ്യമായി പൊട്ടിപ്പുറപ്പെടുന്നത്. വ്യത്യസ്തമായ സൈർ, സുഡാൻ വൈറസുകളാണ് (Zaire ebolavirus, Sudan ebolavirus) രോഗകാരണമെന്ന് കണ്ടെത്തിയിരുന്നു. കോംഗോയിൽ 318 പേരെ രോഗം ബാധിക്കുകയും 280 പേർ മരണമടയുകയും ചെയ്തു (മരണനിരക്ക് 88%).

സുഡാനിൽ 284 പേരെ ബാധിച്ച് 151 പേർ മരണമടയുകയും ചെയ്തു (മരണനിരക്ക് 53%). പിന്നീട് ഗാബൺ, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളിലേക്കും നേരിയ തോതിൽ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. 2014-16 ൽ സിറലിയോൺ, ലൈബീരിയ, ഗിനി എന്നീ രാജ്യങ്ങളിൽ ഉണ്ടായ എബോള വൻതോതിൽ പടർന്നുപിടിച്ചത് ലോകമെമ്പാടും ആശങ്കയുണ്ടാക്കി.

സിറലിയോൺ (14124-3956-28%), ലൈബീരിയ (10675-4809-45%), ഗിനി (3811-2543-67%) എന്നിങ്ങനെയായിരുന്നു ഈ രാജ്യങ്ങളിലെ രോഗികൾ, മരിച്ചവർ എന്നിവരുടെ എണ്ണവും മരണനിരക്കും. 2018-20 കാലത്ത് കോംഗോയിൽ വീണ്ടും എബോള പൊട്ടിപ്പുറപ്പെടുകയും 3481 പേരെ രോഗം ബാധിച്ച് 2299 പേർ മരണമടയുകയും ചെയ്തു (മരണനിരക്ക് 66%). 2021 ഫെബ്രുവരിയിൽ ഒറ്റപ്പെട്ട കേസുകൾ കോംഗോ, ഗിനി എന്നീ രാജ്യങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

2022 ന് ശേഷമുണ്ടായ പ്രധാന മാറ്റങ്ങൾ

2022 ൽ ഉഗാണ്ടയിൽ സുഡാൻ എബോള വൈറസ് പൊട്ടിപ്പുറപ്പെടുകയും ഏതാനും മാസങ്ങൾ നീണ്ടുനിൽക്കുകയും ചെയ്തു. Zaire വൈറസിന് നിലവിൽ അംഗീകൃതമായ വാക്സിനുകളും ചികിത്സകളും ഉണ്ടെങ്കിലും, സുഡാൻ വൈറസിനെതിരെ പ്രത്യേക വാക്സിനുകളോ ചികിത്സകളോ ലഭ്യമല്ലാത്തത് ഇതിൻ്റെ തീവ്രത വർദ്ധിപ്പിച്ചു.

അന്താരാഷ്ട്ര ഏജൻസികളുടെ നടപടികൾ

എബോളയുടെ വ്യാപനം തടയുന്നതിനും രോഗികൾക്ക് ശരിയായ ചികിത്സ ഉറപ്പാക്കുന്നതിനും അന്താരാഷ്ട്ര തലത്തിൽ ലോകാരോഗ്യ സംഘടന (WHO) പോലുള്ള ഏജൻസികൾ വിപുലമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. രോഗം പൊട്ടിപ്പുറപ്പെട്ട ഉടൻ തന്നെ അത് ലോകത്തെ അറിയിക്കുകയും സാങ്കേതികവും സാമ്പത്തികവുമായ സഹായങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്. ചികിത്സയ്ക്ക് ആവശ്യമായ വാക്സിനുകളും മരുന്നുകളും വികസിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനും WHO യുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടക്കുന്നു.

രോഗനിർണ്ണയ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും ആവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനും WHO സഹായിക്കുന്നു. കൂടാതെ, ആഫ്രിക്കൻ രാജ്യങ്ങളിലെ ആരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും അവർ പ്രവർത്തിക്കുന്നു.

ഇന്ത്യയുടെയും കേരളത്തിന്റെയും ആശങ്ക

എബോളയുടെ കാര്യത്തിൽ ഇന്ത്യയും കേരളവും തീർത്തും ആശങ്കപ്പെടേണ്ടതില്ല. രോഗം പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന ആഫ്രിക്കൻ രാജ്യങ്ങളുമായി ഇന്ത്യക്ക് നേരിട്ടുള്ള വ്യോമ ഗതാഗതം ഇല്ലാത്തത് വൈറസ് എത്താനുള്ള സാധ്യത കുറയ്ക്കുന്നു. ആഫ്രിക്കയിൽ നിന്ന് വരുന്ന യാത്രികരെ കൃത്യമായി പരിശോധിക്കുകയും രോഗലക്ഷണങ്ങൾ ഉള്ളവരെ ക്വാറൻ്റൈനിൽ വെക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ, എബോളയെക്കുറിച്ച് ജനങ്ങളിൽ ബോധവത്കരണം നൽകുന്നതിനും രോഗനിർണ്ണയ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

കേരളത്തിൽ നിപ (Nipah) പോലുള്ള വൈറസ് രോഗങ്ങളെ നേരിട്ട അനുഭവം എബോളയുടെ കാര്യത്തിലും സഹായകമാണ്. എബോള രോഗം വൻ ഭീഷണിയാണെങ്കിലും, അന്താരാഷ്ട്ര തലത്തിൽ WHO പോലുള്ള ഏജൻസികളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ രോഗം നിയന്ത്രിക്കാൻ സഹായിച്ചിട്ടുണ്ട്. വാക്സിനുകളും പുതിയ ചികിത്സാ രീതികളും രോഗം പൊട്ടിപ്പുറപ്പെട്ട രാജ്യങ്ങളിലെ ജനങ്ങൾക്ക് ഒരു പരിധിവരെ സഹായകരമായി മാറിയിട്ടുണ്ട്. എന്നാൽ, സുഡാൻ എബോള വൈറസിന് പ്രത്യേക വാക്സിൻ ലഭ്യമല്ലാത്തത് ഇന്നും ആശങ്കയ്ക്കിട നൽകുന്നുണ്ട്.

പെട്രോള്‍, ഡീസല്‍ വില ഇനിയും കൂടും? ചങ്കിടിപ്പോടെ ജനം; രണ്ടാഴ്ചയ്ക്കുള്ളിലെ വര്‍ധിപ്പിച്ചത് നാലാം തവണ

പെട്രോള്‍, ഡീസല്‍ വില ഇനിയും കൂടും? ചങ്കിടിപ്പോടെ ജനം; രണ്ടാഴ്ചയ്ക്കുള്ളിലെ വര്‍ധിപ്പിച്ചത് നാലാം തവണ

ഇന്ത്യയില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ നാലാം തവണയും ഇന്ധനവില വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ക്രൂഡ് ഓയില്‍ വിപണിയിലെ അസ്ഥിരത തുടരുന്ന സാഹചര്യത്തില്‍ ഇനിയും വില ഉയര്‍ന്നേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധമാണ് ആഗോള ഊര്‍ജ വിതരണത്തെ തടസപ്പെടുത്തുകയും ക്രൂഡ് ഓയില്‍ വിപണിയെ അസ്ഥിരതയിലേയ്ക്ക് എത്തിക്കുകയും ചെയ്തിരിക്കുന്നത്. ഇനിയും വില വര്‍ധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

പൊതുമേഖലാ എണ്ണക്കമ്പനികള്‍ തിങ്കളാഴ്ച(മെയ് 25ന്) പെട്രോള്‍ വില ലിറ്ററിന് 2.61 രൂപയും ഡീസല്‍ വില ലിറ്ററിന് 2.71 രൂപയുമാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ മെയ് 15-ന് ശേഷം പെട്രോളിന് മൊത്തം 7.35 രൂപയും ഡീസലിന് 7.53 രൂപയും വര്‍ദ്ധിച്ചു. ഡല്‍ഹിയില്‍ ഇപ്പോള്‍ പെട്രോള്‍ വില ലിറ്ററിന് 102.12 രൂപയും ഡീസല്‍ വില 95.20 രൂപയുമാണ്. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ദേശീയ തലസ്ഥാനത്ത് പെട്രോള്‍ വില 100 രൂപ കടക്കുന്നത്. ഫെബ്രുവരി അവസാന വാരം ആരംഭിച്ച യു.എസ്-ഇറാന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന അസ്വസ്ഥതകള്‍ക്കിടയിലാണ് ഈ വിലവര്‍ദ്ധനവ്. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗത തടസ്സമാണ് എണ്ണവില കുതിച്ചുയരാന്‍ പ്രധാന കാരണം.

ഇന്ത്യയിലെ ഇന്ധനവിലയെ ഹോര്‍മൂസ് കടലിടുക്ക് ബാധിക്കുന്നത് എങ്ങനെ?

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊര്‍ജ്ജ ഗതാഗത പാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണ നീക്കത്തിലുണ്ടായ തടസം ഇന്ത്യയിലെ പെട്രോള്‍, ഡീസല്‍ വിലയിലുണ്ടായ കുത്തനെയുള്ള വര്‍ദ്ധനവിനെ സാരമായി ബാധിച്ചിട്ടുണ്ട്. ആഗോള ക്രൂഡ് ഓയിലിന്റെയും ദ്രവീകൃത പ്രകൃതിവാതകത്തിന്റെയും വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്നത് ഇറാനും ഒമാനും ഇടയിലുള്ള ഈ ഇടുങ്ങിയ ജലപാതയിലൂടെയാണ്. അതിനാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ഇന്ധന ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങള്‍ക്ക് ഇത് വളരെ നിര്‍ണായകമാണ്. പശ്ചിമേഷ്യയില്‍ യുഎസ്-ഇറാന്‍ സംഘര്‍ഷം രൂക്ഷമായതോടെ, ഈ കടലിടുക്കിലൂടെയുള്ള വാണിജ്യ ഗതാഗതം സാരമായി തടസ്സപ്പെട്ടു. ഇത് ആഗോള വിപണിയില്‍ ഇന്ധനക്ഷാമം ഉണ്ടാകുമെന്ന ആശങ്കയ്ക്ക് കാരണമായി. ഈ അനിശ്ചിതാവസ്ഥ ബ്രെന്റ് ക്രൂഡ് (Brent crude) വില കുത്തനെ ഉയരാന്‍ ഇടയാക്കി. ഇന്ത്യ 85ശതമാനത്തിലധികവും ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്. ഇറക്കുമതി ഇറക്കുമതി ചെയ്യുന്ന ഇന്ത്യന്‍ പൊതുമേഖലാ എണ്ണക്കമ്പനികളുടെ ചിലവ് വര്‍ധിക്കാന്‍ ബ്രെന്റ് ക്രൂഡ് വില ഉയര്‍ന്നത് കാരണമായി. ആഗോള വിതരണത്തിലുണ്ടാകുന്ന ഏതൊരു തടസ്സവും അന്താരാഷ്ട്ര വിലയിലെ വര്‍ദ്ധനവും ആഭ്യന്തര ഇന്ധന നിരക്കിനെ നേരിട്ട് ബാധിക്കും.

ഇനിയും വില വര്‍ദ്ധിച്ചേക്കുമെന്ന് വിദഗ്ധര്‍

നിലവിലെ വില വര്‍ധനവ് ഇനിയും അവസാനിച്ചിട്ടില്ലെന്നാണ് എണ്ണ വ്യവസായ രംഗത്തെ പ്രമുഖരും ഊര്‍ജ്ജ വിദഗ്ധരും പറയുന്നത്. യുദ്ധത്തിന്റെ പ്രാരംഭ ഘട്ടത്തിലും നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തും ക്രൂഡ് ഓയില്‍ വില ഉയര്‍ന്നിട്ടും വില കൂട്ടാതെ പിടിച്ചുനിര്‍ത്തിയതുവഴി ഉണ്ടായ നഷ്ടം നികത്താന്‍ പൊതുമേഖലാ കമ്പനികള്‍ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. ഫെബ്രുവരി 27-ന് ബാരലിന് 72.87 ഡോളറായിരുന്ന ബ്രെന്റ് ക്രൂഡ് വില, സംഘര്‍ഷം രൂക്ഷമായതോടെ മാര്‍ച്ചില്‍ ഏകദേശം 120 ഡോളറിലേക്ക് ഉയര്‍ന്നിരുന്നു. നയതന്ത്ര ചര്‍ച്ചകള്‍ നല്‍കിയ പ്രതീക്ഷയില്‍ അടുത്തിടെ വില അല്‍പ്പം കുറയുകയും താല്‍ക്കാലികമായി 100 ഡോളറിന് താഴെയെത്തുകയും ചെയ്‌തെങ്കിലും, നിലവിലെ ക്രൂഡ് ഓയില്‍ വിപണി ഇന്ത്യന്‍ ഇന്ധന വിതരണക്കാര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ തക്കവണ്ണം ഉയര്‍ന്നതാണെന്നാണ് വിദ്ധരുടെ നിരീക്ഷണം. മുമ്പ് പ്രതിദിനം 1,000 കോടി രൂപയോളമായിരുന്ന കമ്പനികളുടെ മൊത്തം നഷ്ടം തുടര്‍ച്ചയായ വിലവര്‍ദ്ധനവിലൂടെ ഗണ്യമായി കുറഞ്ഞിട്ടുണ്ടെങ്കിലും പൂര്‍ണ്ണമായി മാറിയിട്ടില്ല. ബ്രെന്റ് ക്രൂഡ് വില ദീര്‍ഘകാലത്തേക്ക് 100 ഡോളറിന് താഴെയായി സ്ഥിരപ്പെടാതിരുന്നാല്‍ അഞ്ചാമതൊരു വിലവര്‍ദ്ധനവിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

സര്‍ക്കാര്‍ തീരുമാനം

ആഗോളതലത്തില്‍ വിതരണ തടസ്സങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലയുടെ കാര്യത്തില്‍ ഏതെങ്കിലും ഒരു ഘട്ടത്തില്‍ സര്‍ക്കാരിന് കടുത്ത തീരുമാനം എടുക്കേണ്ടി വരുമെന്ന് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞിരുന്നു. കാര്‍പൂളിംഗ് നടത്തുക, പൊതുഗതാഗതം കൂടുതല്‍ ഉപയോഗിക്കുക, അനാവശ്യ ചിലവുകള്‍ ഒഴിവാക്കുക തുടങ്ങിയ നടപടികളിലൂടെ ഇന്ധനവും വിദേശനാണ്യവും സംരക്ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പൗരന്മാരോട് അഭ്യര്‍ത്ഥിച്ചിരുന്നു. ദീര്‍ഘകാല സാമ്പത്തിക-ഊര്‍ജ്ജ അനിശ്ചിതാവസ്ഥയ്ക്ക് മുന്നോടിയായിയാരുന്നു ഈ മുന്നറിയിപ്പെല്ലാം.

യു.എസ്-ഇറാന്‍ സമാധാന ചര്‍ച്ചകള്‍ പ്രതീക്ഷ നല്‍കുന്നു, ഉപരോധം തുടരുന്നു

അമേരിക്കയും ഇറാനും തമ്മില്‍ വെടിനിര്‍ത്തലിനും ഹോര്‍മൂസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനും വേണ്ടിയുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത് ആഗോള എണ്ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷ. മേഖലയിലെ സംഘര്‍ഷം ലഘൂകരിക്കുന്നതിനും ഊര്‍ജ്ജ വിതരണം പുനഃസ്ഥാപിക്കുന്നതിനുമുള്ള സമഗ്രമായ കരാറിലേക്ക് എത്തുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗതി കൈവരിക്കുന്നുണ്ടെന്നാണ് യു.എസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. കരാറിന്റെ ഒരു രൂപരേഖ ഏതാണ്ട് തയ്യാറായിക്കഴിഞ്ഞതായി മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവകാശപ്പെട്ടെങ്കിലും, ഇറാന്‍ ഉദ്യോഗസ്ഥര്‍ ഈ അവകാശവാദങ്ങളെ പരസ്യമായി തള്ളിക്കളഞ്ഞിരിക്കുകയാണ്. എങ്കിലും, ഔപചാരികമായ ഒരു കരാറിലെത്തുന്നതുവരെ ഹോര്‍മുസ് കടലിടുക്കിന്മേലുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്ന് യു എസ് വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്. ചര്‍ച്ചകള്‍ വിജയകരമായാല്‍ ഈ പാത വീണ്ടും തുറക്കുമെങ്കിലും, ചര്‍ച്ചകള്‍ പൂര്‍ത്തിയാകുന്നതുവരെ ഊര്‍ജ്ജ വിതരണം പരിമിതമായി തുടരുമെന്നാണ് ഇത് വ്യക്തമാക്കുന്നത്. സുരക്ഷാ ഭീഷണികള്‍, ഇന്‍ഷുറന്‍സ് ആശങ്കകള്‍, നാവിക സംഘര്‍ഷങ്ങള്‍ എന്നിവ കാരണം ഈ കടലിടുക്കിലൂടെയുള്ള വാണിജ്യ ഗതാഗതം കടുത്ത തടസ്സം നേരിടുന്നുണ്ട്. നയതന്ത്രതലത്തില്‍ പരിഹാരമുണ്ടായാല്‍ പോലും, സാധാരണ നില കൈവരിക്കാന്‍ സമയമെടുക്കുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

എണ്ണക്കമ്പനികളുടെ ലാഭത്തെച്ചൊല്ലി തര്‍ക്കം

മൂന്ന് പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ , ഭാരത് പെട്രോളിയം,ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവ അടുത്തിടെ വലിയ ലാഭം രേഖപ്പെടുത്തിയ സാഹചര്യത്തില്‍, തുടര്‍ച്ചയായ വിലവര്‍ദ്ധനവ് കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. സംഘര്‍ഷം കടുക്കുന്നതിന് മുമ്പ്, ക്രൂഡ് ഓയില്‍ വില സ്ഥിരതയാര്‍ന്നതും റിഫൈനിംഗ് മാര്‍ജിന്‍ ശക്തവുമായിരുന്നതിനാല്‍, 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഈ കമ്പനികള്‍ മൊത്തത്തില്‍ 77,000 കോടി രൂപയിലധികം അറ്റാദായം നേടിയിരുന്നു.

പശ്ചിമേഷ്യന്‍ പ്രതിസന്ധിയെത്തുടര്‍ന്ന് ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വിലയിലും ഗതാഗതച്ചെലവിലും ഉണ്ടായ പെട്ടെന്നുള്ള വര്‍ദ്ധനവ് നിലവിലെ റീട്ടെയില്‍ വിലയില്‍ പൂര്‍ണ്ണമായി പ്രതിഫലിക്കുന്നില്ലെന്നാണ് കമ്പനി അധികൃതരുടെ വാദം. നിലവിലെ യുഎസ്-ഇറാന്‍ സമാധാന ചര്‍ച്ചയില്‍ മാത്രമാണ് പ്രതീക്ഷ. എന്നാല്‍ മാത്രമേ ഹോര്‍മൂസിലൂടെയുള്ള ചരക്കു നീക്കം പഴയപോലെ ആവൂ. എന്നാല്‍ ഈ അനിശ്ചിതാവസ്ഥ തുടര്‍ന്നാല്‍ ഇന്ത്യയിലെ ഇന്ധന വില വലിയ പ്രതിസന്ധിയിലേയ്ക്ക് എത്തിക്കുമോ എന്നതാണ് ഉപഭോക്താക്കളുടെ ആശങ്ക.

ആ ഷൂ ലെയ്‌സ് ആരുടേത്?, വെണ്ണിയോട് വയോധികയുടെ കൊലപാതകം കവര്‍ച്ചയ്ക്കിടെ; ആഭരണങ്ങള്‍ നഷ്ടപ്പെട്ടു

ആ ഷൂ ലെയ്‌സ് ആരുടേത്?, വെണ്ണിയോട് വയോധികയുടെ കൊലപാതകം കവര്‍ച്ചയ്ക്കിടെ; ആഭരണങ്ങള്‍ നഷ്ടപ്പെട്ടു

കല്‍പ്പറ്റ: വയനാട് വെണ്ണിയോട് വയോധികയുടെ കൊലപാതകം മോഷണശ്രമത്തിനിടെ എന്ന് ഉറപ്പിച്ച് പൊലീസ്. 80 വയസുകാരിയായ ഫാത്തിമയുടെ ശരീരത്തില്‍ ഉണ്ടായിരുന്ന ആഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. മോഷണശ്രമത്തിനിടെ നടന്ന കൊലപാതകം എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. പ്രദേശത്ത് ഡോഗ് സ്‌ക്വാഡ് എത്തി പരിശോധന നടത്തി.

ഇന്നലെ വൈകീട്ടോടെയാണ് സംഭവം. സാധാരണയായി മക്കളോടൊപ്പമാണ് ഫാത്തിമ താമസിക്കുന്നത്. മക്കളുടെ വീടുകള്‍ക്ക് അരികില്‍ ഇവരുടെ തറവാട് വീട് ഉണ്ട്. അവിടേയ്ക്ക് പോയ സമയത്താണ് കൊലപാതകം നടന്നത് എന്നാണ് പൊലീസ് പറയുന്നത്. ഉമ്മയെ അന്വേഷിച്ച് ഇളയ മകന്‍ ഉസ്മാന്‍ തറവാട്ട് വീട്ടില്‍ എത്തിയപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നത്. വീടിന്റെ മുന്‍ഭാഗത്ത് നിന്ന് സംശയാസ്പദമായ നിലയില്‍ ഷൂവിന്റെ ലെയ്‌സ് കണ്ടെത്തിയിട്ടുണ്ട്. പൊലീസ് നായ ഇത് മണംപിടിച്ച് വീട്ടില്‍ നിന്ന് നാലുകിലോമീറ്റര്‍ ദൂരം വരെ പോയി.