പെരിന്തൽമണ്ണ ബാലകൃഷ്ണൻ വധക്കേസ്; പ്രതി 19 വർഷത്തിന് ശേഷം ക്രൈംബ്രാഞ്ചിൻ്റെ പിടിയിൽ

പെരിന്തൽമണ്ണ ബാലകൃഷ്ണൻ വധക്കേസ്; പ്രതി 19 വർഷത്തിന് ശേഷം ക്രൈംബ്രാഞ്ചിൻ്റെ പിടിയിൽ

പെരിന്തൽമണ്ണ ബാലകൃഷ്ണൻ വധക്കേസിലെ പ്രതി 19 വർഷത്തിന് ശേഷം പിടിയിൽ. ബിഹാർ സ്വദേശി ദിലീപ് രചകിനെയാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്. 2007ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പെരിന്തൽമണ്ണയിലെ തടി മില്ലിൽ മാനേജരായിരുന്ന ബാലകൃഷ്ണനെ കൊലപ്പെടുത്തുകയായിരുന്നു. മില്ലിൽ ജോലി ചെയ്തിരുന്ന രണ്ട് ഇതരസംസ്ഥാന തൊഴിലാളികളാണ് കൊലപാതകം നടത്തിയതെന്നാണ് കേസ്. സംഭവത്തിൽ ഉൾപ്പെട്ട രണ്ട് പ്രതികളിൽ ഒരാളെയാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് പിടികൂടിയത്. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.പെരിന്തൽമണ്ണ: മലപ്പുറം പെരിന്തൽമണ്ണയിൽ തടിമിൽ മാനേജറായിരുന്ന ബാലകൃഷ്ണനെ കൊലപ്പെടുത്തിയ കേസിൽ 19 വർഷത്തിന് ശേഷം ബീഹാർ സ്വദേശിയായ പ്രതിയെ മലപ്പുറം ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടി.

2007ലാണ് കേസിനാസ്പദമായ സംഭവം. പെരിന്തൽമണ്ണയിലെ തടി മില്ലിൽ മാനേജരായിരുന്ന ബാലകൃഷ്ണനെ (55) കൊലപ്പെടുത്തിയ ശേഷം മൃതദേഹം മില്ലിലെ ഈർച്ചപ്പൊടിക്കുള്ളിൽ കുഴിച്ചിടുകയായിരുന്നു.മില്ലിന് സമീപത്തെ ബാങ്കിൽ കവർച്ച നടത്താൻ പ്രതികൾ ശ്രമിക്കുന്നത് ബാലകൃഷ്ണൻ കണ്ടതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് കേസ്. സംഭവത്തിൽ രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ ഉൾപ്പെട്ടിരുന്നു. ബീഹാർ സ്വദേശിയായ ദിലീപ് രജക് ആണ് ബീഹാറിൽ വെച്ച് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്.

മില്ലിന് സമീപമുള്ള ബാങ്കിൽ കവർച്ച നടത്താൻ പ്രതികൾ നടത്തിയ ശ്രമം മാനേജറായ ബാലകൃഷ്ണൻ കണ്ടതാണ് വൈരാഗ്യത്തിനും കൊലപാതകത്തിനും കാരണമായത്.കേസ് അന്വേഷണം അവസാനിപ്പിക്കുന്ന ഘട്ടത്തിലാണ് പ്രതികളെ കേരളത്തിലെത്തിച്ച ഏജന്റിൽ നിന്ന് പൊലീസിന് നിർണായക വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ബിഹാറിലെത്തിയ അന്വേഷണ സംഘം ദിലീപ് രജകിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേസിലെ രണ്ടാമത്തെ ഇതരസംസ്ഥാന തൊഴിലാളിയായ പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

സംസ്ഥാനത്ത് വീണ്ടും സ്വകാര്യ ബസ് സമരത്തിന് ഉടമകൾ

സംസ്ഥാനത്ത് വീണ്ടും സ്വകാര്യ ബസ് സമരത്തിന് ഉടമകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യവുമായി ബസ് ഉടമകൾ ഗതാഗത മന്ത്രിക്ക് നിവേദനം നൽകി.

മിനിമം ബസ് ചാർജ് 15 രൂപയാക്കി ഉയർത്തണമെന്നും വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് നിലവിലെ ചാർജിന്റെ 50 ശതമാനമാക്കണമെന്നുമാണ് പ്രധാന ആവശ്യം. ആവശ്യങ്ങൾ അടിയന്തരമായി അംഗീകരിച്ചില്ലെങ്കിൽ സംസ്ഥാനത്തെ മുഴുവൻ സ്വകാര്യ ബസുകളും നിരത്തിലിറക്കാതെ ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നാണ് മുന്നറിയിപ്പ്.

നിലവിലെ മിനിമം നിരക്കായ 12 രൂപയിൽ നിന്ന് 15 രൂപയായി വർധിപ്പിക്കണം. വിദ്യാർഥികളുടെ യാത്രാനിരക്ക് നിലവിലുള്ള നിരക്കിന്റെ 50 ശതമാനമായി (കുറഞ്ഞത് 5 രൂപ മുതൽ 7.50 രൂപ വരെ) ക്രമീകരിക്കണം. രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കണമെന്നുമാണ് ബസ് ഉടമകളുടെ ആവശ്യം.

കഴിഞ്ഞ നാലര വർഷമായി ബസ് നിരക്ക് വർധിപ്പിച്ചിട്ടില്ലെന്നും ഈ കാലയളവിൽ ഡീസൽ വിലയിൽ മാത്രം 13 രൂപയുടെ വർധനവുണ്ടായെന്നും ബസ് ഉടമകൾ ചൂണ്ടിക്കാണിക്കുന്നു. പ്രിയദർശിനി പദ്ധതി ഉൾപ്പെടെയുള്ള മാറ്റങ്ങൾ കാരണം സ്വകാര്യ ബസ് മേഖലയ്ക്ക് വലിയ രീതിയിലുള്ള വരുമാനച്ചോർച്ചയുണ്ടായിട്ടുണ്ട്. നിരക്ക് വർധനവില്ലാതെ മുന്നോട്ടുപോകാൻ കഴിയില്ലെന്ന് കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ പറഞ്ഞു.

മറ്റ് ബസ് ഉടമകളുടെ സംഘടനകളുമായി ചർച്ച നടത്തി വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകാനാണ് സംഘടനയുടെ തീരുമാനം.

മുഖ്യമന്ത്രിയുടെ വിമാനയാത്രയുടെ സ്‌പോണ്‍സര്‍ ചിപ്‌സണ്‍ ഏവിയേഷന്‍; ചെലവാക്കിയത് 19.88 ലക്ഷം രൂപയെന്ന് രേഖകള്‍

മുഖ്യമന്ത്രിയുടെ വിമാനയാത്രയുടെ സ്‌പോണ്‍സര്‍ ചിപ്‌സണ്‍ ഏവിയേഷന്‍; ചെലവാക്കിയത് 19.88 ലക്ഷം രൂപയെന്ന് രേഖകള്‍

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശന്‍ തിരുവനന്തപുരത്തു നിന്ന് മലപ്പുറത്തേക്ക് നടത്തിയ സ്വകാര്യ ചാര്‍ട്ടേഡ് വിമാനയാത്രയുടെ തുക സ്‌പോണ്‍സര്‍ ചെയ്തത് ഡല്‍ഹി ആസ്ഥാനമായുള്ള ചിപ്‌സണ്‍ ഏവിയേഷനാണെന്ന് രേഖകള്‍. ജിഎസ്ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപയാണ് ( 19,88,595 രൂപ ) യാത്രയ്ക്കായി കമ്പനി നല്‍കിയതെന്നാണ് ഇന്‍വോയ്‌സ് രേഖകള്‍ വ്യക്തമാക്കുന്നത്.

കര്‍ണാടക മന്ത്രി കെ ജെ ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള കേളചന്ദ്ര ഗ്രൂപ്പിന്റെ വിമാനമാണ് യാത്രയ്ക്കായി ഉപയോഗിച്ചത്. മലയാളിയായ പരിചയക്കാരന്‍ അറേഞ്ച് ചെയ്ത വിമാനത്തിലാണ് പോയതെന്നും, അതില്‍ എന്താണ് തെറ്റെന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു. എന്നാല്‍ സ്‌പോണ്‍സറെ വെളിപ്പെടുത്താന്‍ കൂട്ടാക്കാതിരുന്ന മുഖ്യമന്ത്രി, അവരെയൊക്കെ എന്തിന് വലിച്ചിഴയ്ക്കുന്നു എന്നും ചോദിച്ചിരുന്നു.

തന്റെ വിമാനയാത്രയില്‍ സര്‍ക്കാരിന് ഒരു രൂപ പോലും ചെലവു വന്നിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. മലപ്പുറത്തെ പ്രകൃതിദുരന്ത മേഖല സന്ദര്‍ശിക്കാന്‍ സെപ്റ്റംബര്‍ 21-നാണ് മുഖ്യമന്ത്രി വിഡി സതീശന്‍ തിരുവനന്തപുരത്ത് നിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര ചെയ്തത്. എയര്‍ക്രാഫ്റ്റ് വാടകയായി 16,85,250 രൂപയും 18 ശതമാനം ഐജിഎസ്ടി (IGST) ഇനത്തില്‍ 3,03,345 രൂപയുമാണ് കണക്കാക്കിയിരിക്കുന്നത്.കരാര്‍ അടിസ്ഥാനത്തില്‍ പൊലീസിന് വേണ്ടി മൂന്ന് വര്‍ഷമായി ഹെലികോപ്റ്റര്‍ വാടകയ്ക്ക് നല്‍കിയിരുന്ന കമ്പനിയാണ് ചിപ്‌സണ്‍ ഏവിയേഷന്‍. ഈ കരാര്‍ അവസാനിച്ച സാഹചര്യത്തില്‍, വ്യവസ്ഥകളില്‍ മാറ്റം വരുത്തി പുതിയ കരാര്‍ കരസ്ഥമാക്കാന്‍ ചിപ്‌സണ്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി ഇത്രയും വലിയ തുക കമ്പനി ചെലവഴിച്ചിരിക്കുന്നത് എന്ന വിവരം പുറത്തുവരുന്നത്.

റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്വകാര്യ ബസിടിച്ച് രണ്ട് വിദ്യാർഥിനികൾക്ക് പരിക്ക്

റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്വകാര്യ ബസിടിച്ച് രണ്ട് വിദ്യാർഥിനികൾക്ക് പരിക്ക്

കണ്ണൂർ: കണ്ണൂർ നഗരത്തിലെ താവക്കരയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ സ്വകാര്യ ബസിടിച്ച് രണ്ട് കോളജ് വിദ്യാർഥിനികൾക്ക് പരിക്ക്. വ്യാഴാഴ്ച രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം. പാനൂർ സ്വദേശിനി ആവണി (19), ചെറുപറമ്പ് സ്വദേശിനി സ്നേഹ (20) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും ഉടൻതന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നഗരത്തിലെ സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടിലെ ബിഎസ്‌സി വിദ്യാർഥിനികളാണ് പരിക്കേറ്റ ഇരുവരും. രാവിലെ ക്ലാസിലേക്ക് പോകുന്നതിനായി താവക്കരയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ കണ്ണൂർ – വടകര റൂട്ടിൽ സർവീസ് നടത്തുന്ന ‘ഐവാൻ’ എന്ന സ്വകാര്യ ബസ് ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ വിദ്യാർഥിനികൾ റോഡിലേക്ക് തെറിച്ചുവീണു. സ്വകാര്യ ബസ് അമിതവേഗതയിലായിരുന്നുവെന്ന് നാട്ടുകാരും പൊലീസും വ്യക്തമാക്കി. അപകടത്തെത്തുടർന്ന് ബസ് ഡ്രൈവറായ ആദർശിനെയും ബസിലെ കണ്ടക്ടറെയും കണ്ണൂർ ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തു.

വീട്ടിലെത്തി, ആരുമില്ലെന്നറിഞ്ഞ് വെള്ളം ചോദിച്ചു; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച 42കാരൻ പിടിയിൽ

വീട്ടിലെത്തി, ആരുമില്ലെന്നറിഞ്ഞ് വെള്ളം ചോദിച്ചു; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച 42കാരൻ പിടിയിൽ

പരിചയത്തിലുള്ള വീട്ടിലെത്തി, ആരുമില്ലെന്നറിഞ്ഞ് വെള്ളം ചോദിച്ചു; പരവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച 42കാരൻ പിടിയിൽ

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച 42 കാരൻ പിടിയിൽ. പരവൂർ കൂനയിൽ ആയിരവില്ലിക്കാവിന് സമീപം മേച്ചിലിഴകം വീട്ടിൽ രാജേന്ദ്രബാബുവാണ് അറസ്റ്റിലായത്.

തിങ്കളാഴ്ച വൈകിട്ട് ഡാൻസ് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ പ്രതി ഇരുചക്രവാഹനത്തിൽ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് വാഹനത്തിൽ കയറ്റുകയായിരുന്നു. പരിചയക്കാരനായതിനാൽ പെൺകുട്ടി വാഹനത്തിൽ കയറി. വീട്ടിലെത്തിയ ശേഷമാണ് പ്രതി പെൺകുട്ടിയെ കടന്ന് പിടിക്കാനും പീഡിപ്പിക്കാനും ശ്രമിച്ചത്.

വീട്ടിൽ മറ്റാരുമില്ലെന്ന് മനസ്സിലാക്കിയ പ്രതി വെള്ളം ആവശ്യപ്പെട്ടു. വെള്ളമെടുക്കാൻ അകത്തേക്ക് പോയ പെൺകുട്ടിയെ പിന്തുടർന്നെത്തി അതിക്രമിക്കാൻ ശ്രമിച്ചതായ് പൊലീസ് പറയുന്നു.

പെൺകുട്ടി ബഹളം വെച്ചതോടെ ശബ്ദം കേട്ടെത്തിയ പരിസരവാസികൾ പ്രതിയെ തടഞ്ഞുവെച്ച് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പരവൂർ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഒറ്റയടിക്ക് 1120 രൂപ ഇടിഞ്ഞു; സ്വര്‍ണവില 1,12,000ല്‍ താഴെ

ഒറ്റയടിക്ക് 1120 രൂപ ഇടിഞ്ഞു; സ്വര്‍ണവില 1,12,000ല്‍ താഴെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കനത്ത ഇടിവ്. ഇന്ന് പവന് ഒറ്റയടിക്ക് 1120 രൂപയാണ് കുറഞ്ഞത്. 1,11,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 140 രൂപയാണ് കുറഞ്ഞത്. 13,995 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഡോളര്‍ ശക്തിയാര്‍ജിച്ചതും പണപ്പെരുപ്പനിരക്ക് കുറയ്ക്കാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കൂട്ടിയതും അമേരിക്കന്‍ സമ്പദ് വ്യവസ്ഥ ഉണര്‍വിലാണ് എന്ന റിപ്പോര്‍ട്ടുകളും എണ്ണവിലയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് നൂറ് ഡോളറിന് മുകളിലാണ്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.