വയനാട്ടില്‍ നാളെ വിദ്യാലയങ്ങള്‍ക്ക് അവധി; ചുരത്തില്‍ നിയന്ത്രണം

വയനാട്ടില്‍ നാളെ വിദ്യാലയങ്ങള്‍ക്ക് അവധി; ചുരത്തില്‍ നിയന്ത്രണം

കല്‍പ്പറ്റ: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, മതപഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍, പരിശീലന സ്ഥാപനങ്ങള്‍, സ്പെഷ്യല്‍ ക്ലാസുകള്‍, പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും റസിഡന്‍ഷ്യല്‍ കോളജുകള്‍ക്കും അവധി ബാധകമല്ല. എന്നാല്‍, റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെയും കോളജുകളിലെയും വിദ്യാര്‍ഥികളുടെ സുരക്ഷ അതത് സ്ഥാപന മേധാവികള്‍ ഉറപ്പുവരുത്തേണ്ടതാണ്. സാഹചര്യത്തിനനുസരിച്ച് വിദ്യാര്‍ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി അവധി നല്‍കാവുന്നതുമാണെന്ന് കലക്ടര്‍ അറിയിച്ചു.

റെഡ് അലര്‍ട്ടുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം പുറപ്പെടുവിച്ചിട്ടുള്ള എല്ലാ നിയന്ത്രണങ്ങളും പൊതുജനങ്ങള്‍ കര്‍ശനമായി പാലിക്കണം.വിനോദസഞ്ചാരികള്‍ അതീവ ജാഗ്രത പാലിക്കണം. സുരക്ഷിതമായ താമസസ്ഥലങ്ങളില്‍ തന്നെ തുടരുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുകയും ചെയ്യണം. താമരശ്ശേരി ചുരം, ബോയ്സ് ടൗണ്‍പാല്‍ച്ചുരം വഴിയുള്ള യാത്രക്കാര്‍ അതീവ ജാഗ്രത പാലിക്കണം. അത്യാവശ്യമല്ലാത്ത യാത്രകള്‍ പരമാവധി ഒഴിവാക്കി, അനിവാര്യമായ യാത്രകള്‍ മാത്രമേ നടത്താവൂവെന്നും കലക്ടര്‍ അറിയിച്ചു.

ശുചികരണത്തൊഴിലാളികളുടെ മക്കൾക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

ശുചികരണത്തൊഴിലാളികളുടെ മക്കൾക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

അനാരോഗ്യകരമായ ചുറ്റുപാടുകളിൽ പണിയെടുക്കുന്നവരുടെ മക്കൾക്കായി കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച പ്രീമെട്രിക് സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. തോട്ടിപ്പണി ചെയ്യുന്നവർ, അപകടകരമായ മാലിന്യനീക്കത്തിൽ ഏർപ്പെട്ടിട്ടുള്ളവർ, തോൽ ഊറയ്ക്കിടുന്ന തൊഴിൽ ചെയ്യുന്നവർ, മാലിന്യം ശേഖരിക്കുന്നവർ, അഴുക്കുചാലിലെ അപകടങ്ങളിൽ മരണപ്പെടുകയോ വൈകല്യം നേരിടേണ്ടി വരികയോ ചെയ്തവരുടെ ആശ്രിതർ എന്നിവരുടെ മക്കൾക്ക് അപേക്ഷിക്കാം.

ഇ-ഗ്രാന്റ്സ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സർക്കാർ/എയ്ഡഡ്/അംഗീകൃത അൺ-എയ്ഡഡ് സ്‌കൂളുകളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ആനുകൂല്യം ലഭിക്കും. ഇ-ഗ്രാന്റ്സ് പോർട്ടൽ മുഖേന സ്ഥാപനതലത്തിൽ ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 15. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ/ബ്ലോക്ക്/മുൻസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളുമായി ബന്ധപ്പെടുക.

ചിന്നക്കനാലിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം ശക്തമായ മഴയിൽ ഇടിഞ്ഞു താണു: 15 കുടുംബങ്ങൾ ഭീതിയിൽ

ചിന്നക്കനാലിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം ശക്തമായ മഴയിൽ ഇടിഞ്ഞു താണു: 15 കുടുംബങ്ങൾ ഭീതിയിൽ

ഇടുക്കി: മൂന്നാറിൽ കനത്ത മഴയെ തുടർന്ന് നിർമ്മാണത്തിലിരുന്ന ബഹുനില കെട്ടിടം അപകടാവസ്ഥയിലായി ഇടിഞ്ഞു താണു. ചിന്നക്കനാൽ പവർ ഹൗസ് വെള്ളച്ചാട്ടത്തിന് സമീപം നിർമ്മാണം പുരോഗമിച്ചിരുന്ന കെട്ടിടമാണ് ശക്തമായ മഴയിലും മണ്ണിടിച്ചിലിലും നിലംപൊത്താറായ അവസ്ഥയിലായത്. കെട്ടിടത്തിന്റെ അടിഭാഗത്തെ മണ്ണ് പൂർണ്ണമായും ഒലിച്ചുപോയ നിലയിലാണ്.കെട്ടിടം ഇടിഞ്ഞു താഴ്ന്ന് അപകടാവസ്ഥയിലായതോടെ തൊട്ട് താഴെ താമസിക്കുന്ന പതിനഞ്ചോളം കുടുംബങ്ങൾ വലിയ ഭീതിയിലാണ് കഴിയുന്നത്.

ദുരന്തസാധ്യത കണക്കിലെടുത്ത് നിർമ്മാണ പ്രവർത്തനങ്ങൾക്ക് കർശന വിലക്കുള്ള റെഡ് സോണിൽ ഉൾപ്പെടുന്ന പ്രദേശത്താണിത്. കുന്ന് ഇടിച്ചുനിരത്തിയും വൻതോതിൽ മണ്ണ് നീക്കം ചെയ്തുമാണ് ഇവിടെ കെട്ടിട നിർമ്മാണം നടന്നിരുന്നത്. റെഡ് സോൺ പരിധിയിൽ വൻകിട നിർമ്മാണങ്ങൾക്ക് അനുമതി നൽകിയതാണ് പ്രദേശവാസികളുടെ ജീവന് ഭീഷണിയായ നിലവിലെ അപകടാവസ്ഥയ്ക്ക് കാരണമായതെന്ന് നാട്ടുകാർ ആരോപിക്കുന്നു.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കെട്ടിടം താഴേക്ക് പതിച്ചാൽ വലിയ ജീവഹാനിയും നാശനഷ്ടവും സംഭവിക്കാൻ സാധ്യതയുണ്ട്. ദുരന്തസാധ്യത മുൻനിർത്തി അപകടാവസ്ഥയിലുള്ള പ്രദേശത്തിന് താഴെ താമസിക്കുന്ന കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള നടപടികൾ തദ്ദേശ ഭരണകൂടവും റവന്യൂ അധികൃതരും ആലോചിച്ചു വരികയാണ്.

പരീക്ഷകള്‍ മാറ്റിവെച്ചു

പരീക്ഷകള്‍ മാറ്റിവെച്ചു

എംജി സർവ്വകലാശാല ഓഗസ്റ്റ് 04, 05, 06, 07 തീയതികളില്‍ നടത്താനിരുന്ന എല്ലാ തിയറി, പ്രാക്ടിക്കല്‍ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ പരീക്ഷാ തീയതികള്‍ പിന്നീട് അറിയിക്കും.

സ്റ്റാൻഡിൽ നിർത്തിയിട്ട സ്വകാര്യ ബസ്സിനുള്ളിൽ ഡ്രൈവർ തൂങ്ങി മരിച്ച നിലയിൽ

സ്റ്റാൻഡിൽ നിർത്തിയിട്ട സ്വകാര്യ ബസ്സിനുള്ളിൽ ഡ്രൈവർ തൂങ്ങി മരിച്ച നിലയിൽ

കോഴിക്കോട്: പേരാമ്പ്രയിൽ സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നൊച്ചാട് സ്വദേശി ഹരീഷ് (മോനൂട്ടൻ-40) ആണ് മരിച്ചത്. പേരാമ്പ്ര വടകര ചാനിയംകടവ് റൂട്ടിൽ സർവീസ് നടത്തുന്ന ദോസ്ത് ബസിലെ ഡ്രൈവറാണ്.

സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ്സിനുള്ളിൽ ഇന്ന് രാവിലെയാണ് ഹരീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി ജോലി കഴിഞ്ഞ് ബസ്സിൽ തന്നെ ഇയാൾ കിടന്നുറങ്ങി എന്നാണ് പ്രാഥമിക വിവരം. വിവരം ലഭിച്ചതിനെ തുടർന്ന് പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. തുടർന്ന് മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

വീണ്ടും പേമാരി; ഇന്ന് എട്ടു ജില്ലകളില്‍ അതിതീവ്രമഴ, റെഡ് അലര്‍ട്ട്, ജാഗ്രത

വീണ്ടും പേമാരി; ഇന്ന് എട്ടു ജില്ലകളില്‍ അതിതീവ്രമഴ, റെഡ് അലര്‍ട്ട്, ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ചക്രവാതച്ചുഴിയുടെയും ന്യൂനമര്‍ദ്ദ പാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് ശനിയാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്രവും തീവ്രവും ശക്തവുമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് എട്ടു ജില്ലകളിലാണ് അതിതീവ്രമഴ മുന്നറിയിപ്പ് ഉള്ളത്. ജാഗ്രതയുടെ ഭാഗമായി പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. ആലപ്പുഴ, പാലക്കാട്, മലപ്പുറം ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പ് ആണ് നല്‍കിയിരിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്തും കൊല്ലത്തും ശക്തമായ മഴയാണ് പ്രവചിക്കുന്നത്.

നാളെയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തെക്കന്‍ തമിഴ്‌നാടിനു മുകളില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുടെയും തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ മുതല്‍ വടക്കന്‍ കേരള തീരം വരെ സ്ഥിതി ചെയ്യുന്ന തീരദേശ ന്യൂനമര്‍ദ്ദപാത്തിയുടെയും സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നത്.