ചിറയിൻകീഴ് പെരുങ്കുഴിയിൽ  യുവാവ് സഹോദരന്റെ വെട്ടേറ്റ് മരിച്ചു

ചിറയിൻകീഴ് പെരുങ്കുഴിയിൽ യുവാവ് സഹോദരന്റെ വെട്ടേറ്റ് മരിച്ചു

ചിറയിൻകീഴിൽ ജേഷ്ഠൻ അനുജനെ വെട്ടിക്കൊന്നു. സഹോദരങ്ങളായ മഹേഷും രതീഷും തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വയൽത്തിട്ട വീട്ടിൽ രതീഷ് ( 32)ആണ് കൊല്ലപ്പെട്ടത്. കഴുത്തിലാണ് രതീഷിന് വെട്ടേറ്റത്. ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയായിരുന്നു സംഭവം. ഇരുവരും മദ്യലഹരിയിൽ ആയിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് രതീഷിന്റെ ജ്യേഷ്ഠൻ മഹേഷ് (42) പൊലീസ് പിടിയിലായതായാണ് സൂചന. പൊലീസ് സ്ഥലത്തെത്തി കൂടുതൽ തെളിവെടുപ്പ് നടത്തി. മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ പുനരധിവസിപ്പിക്കണം : വിസ്ഡം

മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ പുനരധിവസിപ്പിക്കണം : വിസ്ഡം

വർക്കല : ശക്തമായ മഴ കാരണം ജീവിതം ദു:സ്സഹമായ മലയോര തീരപ്രദേശങ്ങളിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കുവാനുള്ള പദ്ധതികൾ ആവിഷ്കരിക്കണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ വർക്കല മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മുജാഹിദ് പ്രതിനിധി സംഗമം സർക്കാരിനോട് ആവശ്യപ്പെട്ടു.

സുരക്ഷാ പ്രവർത്തനങ്ങളിൽ വിദഗ്ദരായവരുടെ പങ്കാളിത്തത്തോടെയുള്ള ജാഗ്രതാ സമിതികൾ രൂപീകരിക്കണം. അപകട സാധ്യതകളുള്ള പ്രദേശങ്ങളിലെ ജനങ്ങൾ സുരക്ഷാപ്രവർത്തന പദ്ധതികളുമായി സഹകരിക്കാനും തയ്യാറാകണം. സർക്കാരിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സുരക്ഷാ പ്രവർത്തനങ്ങളിൽ സജീവമാകാൻ യുവാക്കൾ സന്നദ്ധരാകണമെന്നും യോഗം ആവശ്യപ്പെട്ടു.

മഴക്കെടുതി മൂലം ഉണ്ടാകാൻ സാധ്യത ഉള്ള പകർച്ചവ്യാധികളെ നിയന്ത്രിക്കാൻ ആരോഗ്യ വകുപ്പ് വേണ്ട മുൻകരുതലുകൾ എടുക്കണം. തൊഴിൽ പ്രതിസന്ധി നേരിടുന്ന കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും പ്രത്യേക പാക്കേജുകൾ പ്രഖ്യാപിക്കണം. പുനരധിവാസ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിന് പ്രാദേശിക ഭരണകൂടങ്ങൾ ബദ്ധശ്രദ്ധരാകണമെന്നും പ്രതിനിധി സംഗമം അഭിപ്രായപ്പെട്ടു.

“കുടുംബം, ധാർമ്മികത, സമൂഹം”
എന്ന പ്രമേയത്തിൽ റാത്തിക്കൽ സലഫി മസ്ജിദിൽ സംഘടിപ്പിച്ച മുജാഹിദ് പ്രതിനിധി സംഗമം വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറി നസീർ മുള്ളിക്കാട് ഉദ്ഘാടനം ചെയ്തു. വിസ്ഡം ആറ്റിങ്ങൽ മണ്ഡലം പ്രസിഡൻ്റ് നസീർ പാലച്ചിറ അധ്യക്ഷനായി. വിസ്ഡം യൂത്ത് ജില്ലാ പ്രസിഡൻ്റ് ഹാറൂൺ വള്ളക്കടവ്, മനാഫ് പാലാംകോണം, ജമീൽ പാലാംകോണം എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു. വിസ്ഡം യൂത്ത് ആറ്റിങ്ങൽ മണ്ഡലം പ്രസിഡൻ്റ് സലിം കുട്ടി ഓടയം സ്വാഗതവും, സെക്രട്ടറി നൗഫൽ മണനാക്ക് നന്ദിയും പറഞ്ഞു.

റഷ്യന്‍ വിമാനം ചൈനീസ് അതിര്‍ത്തിയില്‍ തകര്‍ന്നു വീണു; 49 മരണം

റഷ്യന്‍ വിമാനം ചൈനീസ് അതിര്‍ത്തിയില്‍ തകര്‍ന്നു വീണു; 49 മരണം

മോസ്‌കോ: റഷ്യന്‍ വിമാനം ചൈനീസ് അതിര്‍ത്തിയില്‍ തകര്‍ന്നുവീണു. കുട്ടികളും ജീവനക്കാരും അടക്കം 49 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. സൈബീരിയ കേന്ദ്രീകരിച്ചുള്ള അങ്കാറ എയര്‍ലൈന്‍സിന്റെ വിമാനം ചൈനീസ് അതിര്‍ത്തിയിലെ അമിര്‍ മേഖലയില്‍ വെച്ച് കാണാതാവുകയായിരുന്നു. തകര്‍ന്ന വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി റഷ്യന്‍ അധികൃതര്‍ സ്ഥിരീകരിച്ചു.

യാത്രയ്ക്കിടെ വിമാനത്തിന് തീപിടിച്ച് തകര്‍ന്നു വീഴുകയായിരുന്നുവെന്ന് അമിര്‍ സെന്റര്‍ ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്റ് ഫയര്‍ സേഫ്റ്റി അധികൃതര്‍ വ്യക്തമാക്കി. മലയിടുക്കിലാണ് വിമാനം തകര്‍ന്നു വീണതെന്നും അധികൃതര്‍ സൂചിപ്പിച്ചു. വിമാനത്തിലെ ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അഞ്ച് കുട്ടികള്‍ അടക്കം 43 യാത്രക്കാരും ആറു ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. മോശം കാലാവസ്ഥയെത്തുടര്‍ന്ന് വിമാനം റഡാറില്‍ നിന്നും അപ്രത്യക്ഷമാകുകയായിരുന്നുവെന്ന് റീജിയണല്‍ ഗവര്‍ണര്‍ വാസിലി ഓര്‍ലോവിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു

1950 കളുടെ അവസാനത്തിൽ സോവിയറ്റ് യൂണിയനിൽ വികസിപ്പിച്ചെടുത്ത ഇരട്ട ടർബോപ്രോപ്പ് ഗതാഗത വിമാനമാണ് അപകടത്തിൽപ്പെട്ട An-24. അമുർ മേഖലയിലെ ടിൻഡ എന്ന പട്ടണത്തിലേക്ക് അടുക്കുന്നതിനിടെയാണ് റഡാർ സ്‌ക്രീനുകളിൽ നിന്ന് അപ്രത്യക്ഷ്യമായതെന്ന് പ്രാദേശിക ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇടതൂർന്ന വനങ്ങളാലും ദുർഘടമായ ഭൂപ്രകൃതിയാലും ചുറ്റപ്പെട്ടതാണ് ഈ പ്രദേശം.

ആറാട്ടുകടവിലെ ബലിതർപ്പണം

ആറാട്ടുകടവിലെ ബലിതർപ്പണം

പൂവത്തറ തെക്കത് ദേവീക്ഷേത്ര ആറാട്ടുകടവിലെ ബലിതർപ്പണത്തിൽ ആയിരങ്ങൾ പങ്കെടുത്തു . സർക്കാർ നിർദ്ദേശപ്രകാരമുള്ള എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് രാവിലെ നാലുമണിക്ക് ചടങ്ങുകൾ ആരംഭിച്ചു. നദിക്കരയിലെ തിലഹോമപ്പുരയും , ബലികർമ്മങ്ങൾക്കായി ഒരുക്കിയ വിശാലമായ പന്തലും, നദിയുടെ മധ്യ സ്ഥാപിക്കപ്പെട്ട ശിവലിംഗവും പിതൃമോക്ഷ ചടങ്ങുകൾക്ക് എത്തിയവർക്ക് സന്തോഷവും ശാന്തിയും പ്രദാനം ചെയ്യുന്നതായി .

മുദാക്കൽ പി എച്ച് സി യിലെ ഡോക്ടറുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം പൂർണ്ണസമയം ഭക്തജനങ്ങൾക്കൊപ്പം ഉണ്ടായിരുന്നു. ക്ഷേത്ര വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്തജനങ്ങൾക്ക് സൗജന്യ ഭക്ഷണം നൽകിയത് വ്രദാനുഷ്ഠാനങ്ങളോടെ എത്തിയ ഭക്തർക്ക് അനുഗ്രഹമായി. ക്ഷേത്ര വികസന സമിതിയുടെ നേതൃത്വത്തിൽ നൂറോളം വോളണ്ടിയർമാർ സൗകര്യങ്ങൾ ഒരുക്കുന്നതിനും ഗതാഗതം നിയന്ത്രിക്കുന്നതിനും മറ്റ് സഹായങ്ങൾക്കുമായി പൂർണ്ണ സമയം ഭക്തർക്ക് ഒപ്പമുണ്ടായിരുന്നു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിഷ്ണു രവീന്ദ്രൻ ബ്ലോക്ക് പഞ്ചായത്തംഗം നന്ദു രാജ് പഞ്ചായത്ത് മെമ്പർമാരായ ഷൈനി, ബിജു എന്നിവരുടെ സാന്നിധ്യവും മാർഗനിർദേശങ്ങളും ഏറെ ശ്രദ്ധേയമായി. ക്ഷേത്ര മേൽശാന്തി ശരത്,ക്ഷേത്ര വികസന സമിതി പ്രസിഡണ്ട് രാജേന്ദ്രൻ നായർ , സെക്രട്ടറി ആദർശ് , ട്രഷറർ ശ്രീകുമാർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ആറ്റിങ്ങൽ സബ് ഇൻസ്പെക്ടർ ജിഷ്ണു, വില്ലേജ് ഓഫീസർ എന്നിവരുടെ നേതൃത്വത്തിലുള്ള സുരക്ഷാ പരിശോധനയും മാർഗ്ഗനിർദ്ദേശങ്ങളും ക്രമീകരണങ്ങൾ ഒരുക്കുന്നതിന് ഏറെ സഹായകമായി .

മുടപുരത്ത് യുവാക്കൾ നിർമ്മിച്ച ഏറുമാടം സാമൂഹ്യവിരുദ്ധർ തകർത്തു

മുടപുരത്ത് യുവാക്കൾ നിർമ്മിച്ച ഏറുമാടം സാമൂഹ്യവിരുദ്ധർ തകർത്തു

ആറ്റിങ്ങൽ: യുവാക്കളുടെ മുൻകൈയിൽ നിർമ്മിച്ച ഏറുമാടം സാമൂഹ്യവിരുദ്ധർ തകർത്തു. ചിറയിൻകീഴ് കിഴവിലം മുടപുരം തെങ്ങുംവിള പാടശേഖരത്തിൽ ആണ് സംഭവം. പാടശേഖരത്തിന്റെ നടുവിൽ തോടിന് മുകളിലായി പൂർണ്ണമായും തനതായ ശൈലിയിൽ നിർമ്മിച്ച ഏറുമാടം ആണ് തകർക്കപ്പെട്ടത്.

രണ്ടുവർഷം മുമ്പ് മുദാക്കൽ പിരപ്പമൺ കാട് പാടശേഖരത്തിൽ പാടശേഖര സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ വയലിന് നടുവിലായി ഏറുമാടം നിർമ്മിച്ചിരുന്നു. ഇത് ശ്രദ്ധിക്കപ്പെടുകയും ഒരു സന്ദർശക കേന്ദ്രമായി മാറുകയും ചെയ്തു. നിലവിൽ അവിടെ കൃഷിയെയും സംസ്കാരത്തെയും വിനോദസഞ്ചാരത്തെയും പ്രോത്സാഹിപ്പിക്കുന്ന വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ച വലിയ മുന്നേറ്റം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.

ഇത്തരത്തിൽ വലിയ സാധ്യതയുള്ള മേഖലയാണ് മുടപുരം പാടശേഖരവും സമീപ മേഖലകളും. ഇത് മനസ്സിലാക്കിയാണ് പ്രദേശത്തെ ചെറുപ്പക്കാർ സംഘടിച്ച് ഏറുമാടം നിർമ്മിക്കുവാൻ ഇറങ്ങിയത്. ഉപജീവനമാർഗ്ഗങ്ങൾക്ക് താൽക്കാലിക അവധി നൽകി കഴിഞ്ഞ ദിവസങ്ങളിലെ മഴയെ അവഗണിച്ച് മുളകൾ വെട്ടിയെടുത്ത് അതുകൊണ്ട് ഏറുമാടം നിർമ്മിക്കുകയായിരുന്നു. നിർമ്മാണ പ്രവർത്തനം പൂർത്തിയാകുന്നതിനും മോടി പിടിപ്പിക്കലിനും മുൻപേ കഴിഞ്ഞദിവസം രാത്രി സാമൂഹ്യവിരുദ്ധർ ഇത് തകർത്തു.

നല്ല ലക്ഷ്യങ്ങളോടെ ഇറങ്ങിത്തിരിച്ച ചെറുപ്പക്കാരുടെ നിരവധി ദിവസത്തെ അധ്വാനവും അതിലേറെ ലക്ഷ്യമിട്ട മനോഹര സ്വപ്നവും ആണ് ഇവിടെ തകർക്കപ്പെട്ടത്. ഈ സാമൂഹ്യവിരുദ്ധരെ പിടികൂടി നിയമത്തിനു മുന്നിൽ ഹാജരാക്കണമെന്ന് നാട്ടുകാരും വിവിധ സംഘടനകളും ആവശ്യപ്പെട്ടു.

മുംബൈ ട്രെയിൻ സ്ഫോടന പരമ്പര കേസ്: പ്രതികളെ വിട്ടയച്ച വിധിക്ക് സുപ്രീംകോടതി സ്റ്റേ

മുംബൈ ട്രെയിൻ സ്ഫോടന പരമ്പര കേസ്: പ്രതികളെ വിട്ടയച്ച വിധിക്ക് സുപ്രീംകോടതി സ്റ്റേ

ന്യുഡൽഹി: മുംബൈ ട്രെയിൻ സ്ഫോടന പരമ്പര കേസിൽ 12 പ്രതികളെ വിട്ടയച്ച ബോംബൈ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. ആറ് മലയാളികൾ അടക്കം 180 ലധികം പേർ കൊല്ലപ്പെട്ട സ്ഫോടനക്കേസിലാണ് ബോംബെ ഹൈക്കോടതി 12 പ്രതികളെ കഴിഞ്ഞദിവസം വിട്ടയച്ചത്. സംശയത്തിൻ്റെ ആനുകൂല്യം നൽകിയാണ് ഹൈക്കോടതി പ്രതികളെ വിട്ടയച്ചത്. അന്വേഷണത്തിൽ കണ്ടെത്തിയ ആയുധങ്ങളും സ്ഫോടക വസ്തുക്കളും ഭൂപടങ്ങളും ലോക്കൽ ട്രെയിനിലെ സ്ഫോടനവുമായി ബന്ധമില്ലാത്തതാണെന്നും കേസിൽ പ്രോസിക്യൂഷൻ അമ്പേ പരാജയപ്പെട്ടെന്നും ഹൈക്കോടതി വിധിയിൽ പരാമ‍ര്‍ശിച്ചിരുന്നു. ഇതിനെതിരെ മഹാരാഷ്ട്ര സർക്കാരാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.

2006 ജൂലായ് 11 നാണ് സംഭവം നടന്നത്. 11 മിനിറ്റിനുള്ളിൽ ഏഴു ബോംബുകൾ മുംബൈയിലെ വിവിധ ലോക്കൽ ട്രെയിനുകളിലായി പൊട്ടിത്തെറിക്കുകയായിരുന്നു. വൈകിട്ട് 6.24നു ഖാർറോഡ് റെയിൽവേ സ്റ്റേഷനിലായിരുന്നു ആദ്യ സ്ഫോടനം. പിന്നാലെ ബാന്ദ്ര, ജോഗേശ്വരി, മാഹിം, മീരാറോഡ്, മാട്ടുംഗ, ബോറിവ്‌ലി എന്നിവിടങ്ങളിൽ തുടർസ്ഫോടനങ്ങളും. സിമി പ്രവർത്തകർ അടക്കം ആകെ 13 പ്രതികളിൽ ഒരാൾ വിചാരണ കാലയളവിൽ മരിച്ചിരുന്നു. 5 പേർക്ക് വധശിക്ഷയും 7പേർക്ക് ജീവപര്യന്തവുമാണ് നേരത്തെ വിചാരണക്കോടതി വിധിച്ചിരുന്നത്.
സോളിസിറ്റർ ജനറൽ തുഷാർ മേത്ത, അഡീഷണൽ സോളിസിറ്റർ ജനറൽ രാജ താക്കറെ, അഭിഭാഷകൻ ഋഷികേശ് ഹരിദാസ് എന്നിവർ മഹാരാഷ്ട്ര സർക്കാരിനു വേണ്ടി ഹാജരായി.