ദേശീയപാത അടഞ്ഞു: മൂന്നാറിലേക്കുള്ള യാത്ര ഒരൊറ്റ പാലത്തിലൂടെ; ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ടൗൺ

ദേശീയപാത അടഞ്ഞു: മൂന്നാറിലേക്കുള്ള യാത്ര ഒരൊറ്റ പാലത്തിലൂടെ; ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ടൗൺ

മൂന്നാർ: സിഎസ്ഐ പള്ളിക്ക് സമീപം മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് ദേശീയപാതയിൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം തുടരുന്നതോടെ മൂന്നാറിലേക്കുള്ള യാത്ര വലിയ പ്രതിസന്ധിയിൽ. മൂന്നാർ ടൗണിലേക്കും ദേശീയപാത വഴി മറ്റ് പ്രദേശങ്ങളിലേക്കും കടന്നുപോകാൻ ഇപ്പോൾ പൊലീസ് സ്റ്റേഷന് സമീപമുള്ള ചെറിയ പാലം മാത്രമാണ് ഏക ആശ്രയം. ഇതോടെ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്. പാലത്തിന്റെ അപകടസാധ്യതയും പഴക്കവും കണക്കിലെടുത്ത് ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ കടത്തിവിടുന്നില്ല. ചെറിയ വാഹനങ്ങൾക്ക് മാത്രമാണ് നിലവിൽ അനുമതി നൽകിയിരിക്കുന്നത്.

ഇടുങ്ങിയ പാലവും അതിന്റെ തകർന്ന കൈവരികളും യാത്രക്കാരുടെ ജീവന് വലിയ ഭീഷണിയുയർത്തുന്നുണ്ട്. വളരെ കുറച്ച് വാഹനങ്ങൾക്ക് മാത്രമേ ഒരേ സമയം ഇതുവഴി കടന്നുപോകാൻ സാധിക്കൂ എന്നതിനാൽ ഗതാഗതം നിയന്ത്രിക്കാൻ പൊലീസും ഏറെ പാടുപെടുകയാണ്. സാധാരണക്കാരും സ്കൂൾ വിദ്യാർത്ഥികളും ജോലിക്കാരും രോഗികളുമാണ് ഈ നിയന്ത്രണങ്ങൾ കാരണം ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത്. അടിയന്തര ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് രോഗികളുമായി പോകുന്ന ആംബുലൻസുകൾ വരെ മിനിറ്റുകളോളം ഈ വഴിയിലെ വൻ കുരുക്കിൽപ്പെടുന്നത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കുന്നു.

ഇനിയും മഴ ശക്തമായാൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുന്ന അവസ്ഥയുണ്ടാകുമെന്ന് പ്രദേശവാസികൾ മുന്നറിയിപ്പ് നൽകുന്നു. അപകടഭീഷണിയിലുള്ള പ്രദേശങ്ങളിലെ സുരക്ഷ ഉറപ്പാക്കി ദേശീയപാതയിലെ തടസ്സങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്നും ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരം കാണണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

പേരാവൂർ കാഞ്ഞിരപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ഹനീഫയുടെ മൃതദേഹം കണ്ടെത്തി

പേരാവൂർ കാഞ്ഞിരപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ഹനീഫയുടെ മൃതദേഹം കണ്ടെത്തി

കണ്ണൂർ: പേരാവൂർ കാഞ്ഞിരപ്പുഴയിൽ ശക്തമായ ഒഴുക്കിൽപ്പെട്ട് കാണാതായ കൊട്ടംചുരം സ്വദേശി വി.പി ഹനീഫയുടെ മൃതദേഹം കണ്ടെത്തി. നാല് ദിവസമായി ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ ചൊവ്വാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.ഒഴുക്കിൽപ്പെട്ട സ്ഥലത്തുനിന്നും ഏകദേശം 100 മീറ്റർ മാത്രം അകലെ കാഞ്ഞിരപ്പുഴ സർവ്വീസ് സ്റ്റേഷന് പിൻവശത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്. പൊലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

അതേസമയം, ചെറുപുഴ മീന്തുള്ളിയിൽ രക്ഷാപ്രവർത്തനത്തിനിടെ പുഴയിലെ ഒഴുക്കിൽപ്പെട്ട് കാണാതായ രാജേഷിനായുള്ള തിരച്ചിൽ ഫയർഫോഴ്സും രക്ഷാപ്രവർത്തകരും ഇപ്പോഴും തുടരുകയാണ്. പ്രതികൂല കാലാവസ്ഥയും ശക്തമായ ഒഴുക്കും പ്രദേശത്ത് തിരച്ചിലിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.

സഹകരണ മേഖലയിൽ നിരവധി ജൂനിയർ ക്ലർക്ക് ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

സഹകരണ മേഖലയിൽ നിരവധി ജൂനിയർ ക്ലർക്ക് ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

കേരള സംസ്ഥാന സഹകരണ മേഖലയിലെ വിവിധ അപെക്സ് സൊസൈറ്റികളിൽ ജൂനിയർ ക്ലർക്ക് തസ്തികയിൽ നിയമനം നടത്താനുള്ള വിജ്ഞാപനം കേരള പബ്ലിക് സർവീസ് കമ്മീഷൻ (Kerala PSC) പുറത്തിറക്കി. പ്രതീക്ഷിത ഒഴിവുകളിലേക്കാണ് നിയമനം. ബിരുദം യോഗ്യതയുള്ളവർക്ക് യോഗ്യതയും ഉള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് സെപ്റ്റംബർ 2 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം.

തസ്തിക: ജൂനിയർ ക്ലർക്ക്

സ്ഥാപനം: കേരള സംസ്ഥാന സഹകരണ മേഖലയിലെ അപെക്സ് സൊസൈറ്റികൾ

ശമ്പളം: 17,400 – 46,450 രൂപ

ഒഴിവുകൾ: പ്രതീക്ഷിത ഒഴിവുകൾ

പ്രായപരിധി: 18 മുതൽ 44 വയസ്സ് വരെ

1982 ജനുവരി 2-നും 2008 ജനുവരി 1-നും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം.

ഒ.ബി.സി., എസ്.സി./എസ്.ടി. വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും. ഉയർന്ന പ്രായപരിധി ഒരു കാരണവശാലും 50 വയസ് കവിയാൻ പാടില്ല.

വിദ്യാഭ്യാസ യോഗ്യത
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും HDC/HDC & BM/JDC യോഗ്യതയും.

അല്ലെങ്കിൽ കോ-ഓപ്പറേഷനോടുകൂടിയ ബി.കോം.

അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയിൽ നിന്നുള്ള ബി.എസ്.സി. കോ-ഓപ്പറേഷൻ & ബാങ്കിംഗ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം
കേരള പി.എസ്.സി.യുടെ One Time Registration (OTR) പ്രൊഫൈൽ വഴി ഓൺലൈനായി മാത്രം അപേക്ഷിക്കാം. അപേക്ഷാ ഫീസ് ഇല്ല.

കൂടുതൽ വിവരങ്ങൾക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ പുറത്തിറക്കിയ വിജ്ഞാപനം പരിശോധിക്കുക.

https://www.keralapsc.gov.in/sites/default/files/2026-08/noti-90.pdf

ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ ദര്‍ശനം ഇന്ന് മുതല്‍

ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ ദര്‍ശനം ഇന്ന് മുതല്‍

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ വഴിയുള്ള ദര്‍ശനം ആരംഭിച്ചു. ഇന്ന് മുതലാണ് പുതിയ സംവിധാനം. രാവിലെ ഏഴ് മുതല്‍ എട്ട് വരെയാണ് ആദ്യ ഘട്ടം. ഓണ്‍ലൈനില്‍ ബുക്ക് ചെയ്തതിന്റെ രസീതുമായി അര മണിക്കൂര്‍ മുന്‍പ് ക്ഷേത്രത്തില്‍ എത്തണം.

കിഴക്കേ നടയിലെ പൊതു ക്യൂ പന്തലിന്റെ വടക്കേ അറ്റത്തെ വരിയാണ് വെര്‍ച്വല്‍ ക്യൂ ദര്‍ശനക്കാര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതിനായുള്ള സജ്ജീകരണങ്ങള്‍ തിങ്കളാഴ്ച നടത്തി. പ്രത്യേക ജീവനക്കാരേയും ചുമതലപ്പെടുത്തി.

രാവിലെ ഏഴ് മുതല്‍ ഉച്ച വരെ ഓരേ മണിക്കൂര്‍ വീതവും വൈകീട്ട് നാല് മുതല്‍ അഞ്ച് വരെയുമാണ് വെര്‍ച്വല്‍ ക്യൂ വഴിയുള്ള ദര്‍ശനം. ഓരോ മണിക്കൂറിലും 300 പേരെ വീതം പ്രവേശിപ്പിക്കും.

സ്വര്‍ണവില കുറഞ്ഞു; 1,05,000ന് മുകളില്‍ തന്നെ

സ്വര്‍ണവില കുറഞ്ഞു; 1,05,000ന് മുകളില്‍ തന്നെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്ന് പവന് 160 രൂപയാണ് കുറഞ്ഞത്. 1,05,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 20 രൂപയാണ് കുറഞ്ഞത്. 13,200 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ സ്വര്‍ണവിലയില്‍ മാറ്റം ഉണ്ടായിരുന്നില്ല.

എണ്ണവില കുറഞ്ഞത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. ഒരിടവേളയ്ക്ക് ശേഷം ആദ്യമായാണ് കഴിഞ്ഞ ദിവസം എണ്ണവില ബാരലിന് 85 ഡോളറില്‍ താഴെ എത്തുന്നത്. അമേരിക്ക- ഇറാന്‍ സംഘര്‍ഷത്തിന് അയവ് വന്നതാണ് എണ്ണവില കുറയാണ് കാരണം. ഇതിന് പുറമേ പലിശനിരക്കില്‍ മാറ്റം വരുത്തേണ്ട എന്ന അമേരിക്കന്‍ കേന്ദ്രബാങ്കിന്റെ തീരുമാനവും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് സംസ്ഥാനത്തെ വിലയില്‍ വ്യതിയാനങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

മഴ അതിതീവ്രം; ശക്തമായ കാറ്റ്, ഇടിമിന്നൽ; 14 ജില്ലകളിലും മുന്നറിയിപ്പ്

മഴ അതിതീവ്രം; ശക്തമായ കാറ്റ്, ഇടിമിന്നൽ; 14 ജില്ലകളിലും മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ അതിശക്തമായ മഴയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 12 ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പുണ്ട്. ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. രണ്ട് ജില്ലകളിൽ യല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ തീവ്ര മഴയാണ്. ഈ ജില്ലകളിൽ ഓറഞ്ച് അലർ‌ട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 എംഎം മുതൽ 204.4 എംഎം വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കാസർകോട് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം, ശക്തമായ മഴയ്ക്കൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്നും മുന്നറിയിപ്പുണ്ട്

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളം – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

സോമാലിയ – ഒമാൻ തീരങ്ങൾ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന തെക്ക് പടിഞ്ഞാറൻ അറബിക്കടൽ, മധ്യ കിഴക്കൻ അറബിക്കടൽ, വടക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. ഈ പ്രദേശങ്ങളിലും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.