by Midhun HP News | Jul 1, 2025 | Latest News, കേരളം
കണ്ണൂര്‍: കണ്ണൂര്‍ ചെറുവാഞ്ചേരിയില്‍ കുട്ടിയുടെ കളിപ്പാട്ടത്തിനിടയില്‍ നിന്ന് രാജവെമ്പാലയെ പിടികൂടി. ചെറുവാഞ്ചേരി സ്വദേശി ശ്രീജിത്തിന്റെ വീട്ടില്‍ നിന്നാണ് പാമ്പിനെ പിടികൂടിയത്. ഇന്നലെ രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം.
കുട്ടി ഉപയോഗിച്ചിരുന്ന ഇലക്ട്രിക് കളിപ്പാട്ട കാറിന്റെ അടിയിലാണ് രാജവെമ്പാലയെ കണ്ടത്. ശ്രീജിത്തിന്റെ ഭാര്യ കളിപ്പാട്ടത്തിന് അടിയില്‍ അനക്കം കണ്ട് നോക്കുമ്പോഴായിരുന്നു പാമ്പിനെ കാണുന്നത്. ഉടന്‍ തന്നെ സ്‌നേക്ക് റെസ്‌ക്യൂവര്‍ ബിജിലേഷ് കോടിയേരിയെ വിവരം അറിയിച്ചു. അദ്ദേഹമെത്തിയാണ് പാമ്പിനെ പിടികൂടിയത്.
കണ്ണവം വനത്തോട് ചേര്‍ന്ന പ്രദേശമാണിത്. കുട്ടികള്‍ ഉറങ്ങുമ്പോഴാണ് പാമ്പിനെ കണ്ടെത്തുന്നത്. വീടിന് ഉള്ളില്‍ കിടന്ന ഇലക്ട്രിക് ടോയ് കാറിനുള്ളിലാണ് രാജവെമ്പാല ഒളിച്ചിരുന്നത്.
by Midhun HP News | Jul 1, 2025 | Latest News, കേരളം
കൊച്ചി: വാഹനം വാങ്ങുമ്പോള്‍ മാത്രം ശ്രദ്ധിച്ചാല്‍ പോര. വില്‍ക്കുമ്പോഴും ശ്രദ്ധിക്കണം. അങ്ങനെ ബൈക്ക് വില്‍ക്കാന്‍ ശ്രമിച്ച് അമളി പറ്റിയിരിക്കുകയാണ് കൊച്ചിയില്‍ സ്ഥിര താമസമാക്കിയ ബിഹാര്‍ സ്വദേശി വിയജ് കുമാറിന്. ബൈക്ക് വാങ്ങാനെത്തിയ ആള്‍ക്ക് വാഹനത്തിന്റെ കണ്ടീഷന്‍ അറിയാന്‍ വേണ്ടി താക്കോല്‍ കൊടുത്തതോടെയാണ് ട്വിസ്റ്റ്. വിരുതന്‍ കിട്ടിയ അവസരം മുതലെടുത്ത് ബൈക്ക് ഓടിച്ച് പോയി. രണ്ട് ദിവസം കഴിഞ്ഞ് കുറുപ്പംപടി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
പരാതി കിട്ടി രണ്ട് ദിവസത്തിനുള്ളില്‍ കുന്നത്തേരി സ്വദേശിയായ 24 വയസുള്ള റിഫാസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സെക്കന്റ് ഹാന്‍ഡ് യമഹ ആര്‍എക്‌സ് 135 മോഡല്‍ ബൈക്കാണ് വില്‍ക്കാനായി കേരളത്തിലേയ്ക്ക് കൊണ്ടു വന്നത്. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന വിജയകുമാര്‍ വെട്ടെക്കാട്ടുപടിയിലാണ് താമസിച്ചിരുന്നത്. ഓണ്‍ലൈനില്‍ പരസ്യം കണ്ട് നിരവധി ആളുകള്‍ വാഹനം വാങ്ങുന്നതിനായി ഇയാളെ സമീപിച്ചു. പരസ്യം കണ്ട് വാട്‌സ് ആപ്പ് കോളില്‍ ഒരാള്‍ വിളിച്ച് വാഹനത്തെക്കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞു. ബിഹാര്‍ രജിസ്‌ട്രേഷനില്‍ ആശങ്ക പ്രകടിപ്പിച്ചെങ്കിലും നേരിട്ടെത്തി പരിശോധിച്ചിട്ട് മതിയെന്ന് വിജയ്കുമാര്‍ വിളിച്ചയാളോട് പറയുകയും ചെയ്തു. നേരിട്ടെത്തിയ റിഫാസിന് ബൈക്ക് ഓടിച്ച് നോക്കാനായി വിജയ്കുമാര്‍ താക്കോല്‍ കൈമാറി. എന്നാല്‍ കുറച്ച് മിനിറ്റുകള്‍ കാത്തിരുന്നിട്ടും ഇയാള്‍ തിരികെ വന്നില്ല. സംശയം തോന്നി ഫോണില്‍ വിളിച്ചു നോക്കിയപ്പോള്‍ ബന്ധപ്പെടാനും കഴിയുന്നില്ല. ഇതോടെയാണ് കബളിപ്പിക്കപ്പെട്ടതായി മനസിലായത്. തുടര്‍ന്ന് വിജയ്കുമാര്‍ കുറുപ്പുംപടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
രേഖകളും വാഹനവും വിശദമായി പരിശോധിച്ച ശേഷമാണ് ഇയാള്‍ വാഹനം ഓടിച്ച് നോക്കാനായി താക്കോല്‍ വാങ്ങിയത്. എസ്എച്ച്ഒ വിഎം കെന്‍സണിന്റെ നേതൃത്വത്തിലുള്ള സംഘം ഉടന്‍ അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് മോഷ്ടിച്ച ബൈക്ക് കണ്ടെത്താന്‍ ശ്രമിച്ചു.
ബൈക്കിന് ഉയര്‍ന്ന വില ലഭിക്കുമെന്ന് കരുതിയാണ് ഇയാള്‍ കടന്നുകളഞ്ഞത്. ബിഹാറില്‍ രജിസ്റ്റര്‍ ചെയ്ത വാഹനം ആയതിനാല്‍ മോട്ടോര്‍ വാഹന വകുപ്പിനും അത് ട്രാക്ക് ചെയ്യുന്നതിന് ബുദ്ധിമുട്ടാകുമെന്ന് കരുതി. ഇയാള്‍ക്ക് മറ്റ് മോഷണക്കേസുകളിലും പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
by Midhun HP News | Jul 1, 2025 | Latest News, കേരളം
കൊല്ലം ചിതറയിൽ ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിയിൽ കുപ്പിച്ചില്ല്. ചിതറ എൻആർ ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിയിലാണ് കുപ്പിച്ചില്ല് കണ്ടെത്തിയത്. കുപ്പിച്ചില്ല് കുടുങ്ങി തൊണ്ട മുറിഞ്ഞ കിളിത്തട്ട് സ്വദേശി ആശുപത്രിയിൽ ചികിത്സ തേടി. ചിതറ ഗ്രാമപഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരനായ സൂരജിനെയാണ് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹോട്ടലിനെതിരെ പൊലീസിലും ഭക്ഷ്യസുരക്ഷവിഭാഗത്തിനും പരാതി നൽകി.
നാല് ബിരിയാണി പാഴ്‌സലായി വാങ്ങി വീട്ടിലെത്തി കഴിക്കുന്നതിനിടെയാണ് കുപ്പി ചില്ല് ലഭിച്ചതെന്ന് യുവാവ് പറഞ്ഞു. ഭക്ഷണത്തിൽ കട്ടിയായി തടഞ്ഞപ്പോൾ എല്ല് ആണെന്ന് കരുതി എന്നാൽ ചില്ല് വായിൽ നിന്ന് പൊട്ടിയപ്പോൾ ആണ് മനസിലായത്. കുറച്ചു ഭാഗം പുറത്ത് കിട്ടുകയും ചെയ്തു. തുടർന്ന് ചിതറ പഞ്ചായത്തിലെ കിളിത്തട്ട് സ്വദേശി കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെന്നും യുവാവ് പറഞ്ഞു.അധികാരികൾ കൃത്യമായി പരിശോധന നടത്താതത് മൂലം അനാസ്ഥ പതിവാണ് എന്ന് നാട്ടുകാർ ആരോപിക്കുന്നു.
by Midhun HP News | Jul 1, 2025 | Latest News, കേരളം
കോട്ടയം: മോഷണക്കേസ് പ്രതി കോട്ടയം ജില്ലാ ജയിലിൽ നിന്നും രക്ഷപ്പെട്ടു. അസം സ്വദേശിയായ അമിനുൾ ഇസ്ലാമാണ് ജയിൽ ചാടിയത്. തിങ്കളാഴ്ച വൈകിട്ടാണ് ജയിലിൽ നിന്നും പ്രതി രക്ഷപ്പെട്ടത്. രണ്ടു ദിവസം മുൻപാണ് ട്രെയിനിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ അമിനുൽ ഇസ്ലാമിനെ കോട്ടയം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി എങ്ങനെ ജയിലിൽ നിന്നും രക്ഷപ്പെട്ടു എന്നതു സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തു വന്നിട്ടില്ല.
പ്രതിയെ പിടികൂടാൻ ജില്ലയിലുടനീളം വ്യാപക തിരച്ചിൽ നടത്തിവരികയാണ്. പ്രതി ജില്ല വിട്ടുപോകാനുള്ള സാധ്യത കുറവാണെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
by Midhun HP News | Jul 1, 2025 | Latest News, കേരളം
സ്വര്‍ണവിലയില്‍ ഇന്ന് കുതിപ്പ്. ഇന്ന് പവന് 840 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില വീണ്ടും 72000 കടന്നു. 72,160 രൂപയാണ് ഏറ്റവും പുതിയ വില. ഗ്രാമിന് 105 രൂപയാണ് വര്‍ധിച്ചത്. 9020 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രണ്ടാഴ്ചയ്ക്കിടെ 3000 രൂപയിലധികം കുറഞ്ഞ ശേഷമാണ് ഇന്നത്തെ വര്‍ധന.
ജൂണ്‍ 13ന് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചിരുന്നു. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്. തൊട്ടടുത്ത ദിവസവും വില വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിക്കുന്നതാണ് കണ്ടത്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.
by Midhun HP News | Jun 30, 2025 | Latest News, കേരളം
കോഴിക്കോട്: എസ്എഫ്‌ഐയുടെ ദേശീയ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രകടനത്തിന് പോകാന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവധി നല്‍കി. കോഴിക്കോട് മെഡിക്കല്‍ കോളജ് ക്യാമ്പസ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കാണ് ഹെഡ്മാസ്റ്റര്‍ അവധി നല്‍കിയത്. എസ്എഫ്‌ഐ നേതാക്കള്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് അവധി നല്‍കിയതെന്ന് പ്രധാന അധ്യപകന്‍ പറഞ്ഞു. അതേസമയം അനുമതിയില്ലാതെയാണ് സ്‌കൂളിന് പ്രധാന അധ്യാപകന്‍ അവധി നല്‍കിയതെന്നും സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയതായി ജില്ലാ വിദ്യാഭ്യസ ഡയറക്ടര്‍ അറിയിച്ചു.
നേരത്തെ കെഎസ്യു സമരത്തില്‍ സ്‌കൂളിന് അവധി നല്‍കാത്തതിനെ തുടര്‍ന്ന് വലിയ പ്രതിഷേധം ഉണ്ടായിരുന്നു. അന്ന് പൊലീസിന്റെ ഭാഗത്തുനിന്നും യാതൊരു സഹകരണവും ഉണ്ടായിരുന്നില്ല. ഇന്ന് എസ്എഫ്‌ഐ സമരമാണെന്ന നിലയില്‍ നേതാക്കള്‍ അറിയിച്ചതോടെയാണ് അവധി നല്‍കിയതെന്നാണ് അധ്യാപകന്റെ വിശദീകരണം.
എന്നാല്‍ ഇന്ന് എസ്എഫ്‌ഐ എവിടെയും പഠിപ്പ് മുടക്ക് സമരത്തിന് ആഹ്വാനം ചെയ്തിരുന്നില്ല. എസ്എഫ്‌ഐ സമ്മേളനത്തിന് കുട്ടികളെ കൊണ്ടുപോകുന്നതിനായാണ് ഇത്തരമൊരു അഡ്ജസ്റ്റ്‌മെന്റ് നീക്കമുണ്ടായത്. നാളെ സമരമായിരിക്കുമെന്ന് പ്രധാന അധ്യാപകന്‍ തന്നെയാണ് രക്ഷിതാക്കളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ വോയ്‌സ് മെസേജ് അയച്ചത്. സമരമുണ്ടാകുന്ന സാഹര്യമുണ്ടായാല്‍ നാളെ അവധിയായിരിക്കും. ഇനി സമരമില്ലെങ്കില്‍ പത്തരയ്ക്ക് ശേഷം സ്‌കൂള്‍ വിടുന്നില്ലെന്ന് ഉറപ്പുവരുത്തിയേ രക്ഷിതാക്കളും ഓട്ടോ ഡ്രൈവര്‍മാരും ക്യാമ്പസ് വിട്ടുപോകാന്‍ പാടുള്ളുവെന്നും അധ്യാപകന്റെ മെസേജില്‍ പറയുന്നു.
അതേസമയം, എസ്എഫ്‌ഐ ദേശീയ സമ്മേളനത്തിനായി സ്‌കൂളിന് അവധി നല്‍കിയത് ശുദ്ധ തെമ്മാടിത്തരമാണെന്ന് കെഎസ് യു നേതാവ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. കുട്ടികള്‍ക്ക് സമ്മേനത്തില്‍ പങ്കെടുക്കുന്നതില്‍ എതിര്‍പ്പില്ല. എന്നാല്‍ സമ്മേളനത്തില്‍ കുട്ടികളെ പങ്കെടുപ്പിക്കാനായി അവധി നല്‍കുന്നതിനെ ഒരു തരത്തിലും ന്യായികരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
Recent Comments