കടയ്ക്കൽ കുമിളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഓട്ടോറിക്ഷയിൽ വില്പനയ്ക്കത്തിച്ച 300 കിലോ കോഴിയിറച്ചി് പിടികൂടി

കടയ്ക്കൽ കുമിളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഓട്ടോറിക്ഷയിൽ വില്പനയ്ക്കത്തിച്ച 300 കിലോ കോഴിയിറച്ചി് പിടികൂടി

കടയ്ക്കൽ കുമ്മിളിലാണ് സംഭവം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഓട്ടോറിക്ഷയിൽ വില്പനയ്ക്കത്തിച്ച 300 കിലോ കോഴിയിറച്ചിയാണ് പിടികൂടിയത്. കടയ്ക്കൽ പോലീസും പഞ്ചായത്തും ആരോഗ്യവകുപ്പും ചേർന്നാണ് ഇവ പിടികൂടിയത്. ഇറച്ചി എത്തിച്ചത് തിരുവനന്തപുരം നേമത്ത് നിന്നാണ്. പിടിച്ചെടുത്ത കോഴിയിറച്ചി കുഴിച്ചുമൂടി.
ഓട്ടോറിക്ഷ ഡ്രൈവറും ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.

കേരള സിലബസ് വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് കുറയില്ല, മാര്‍ക്ക് ഏകീകരണ ഫോര്‍മുലയ്ക്ക് അംഗീകാരം; കീം ഫലം ഉടന്‍

കേരള സിലബസ് വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് കുറയില്ല, മാര്‍ക്ക് ഏകീകരണ ഫോര്‍മുലയ്ക്ക് അംഗീകാരം; കീം ഫലം ഉടന്‍

തിരുവനന്തപുരം: കേരള എന്‍ജിനിയറിങ് പ്രവേശനവുമായി (കീം) ബന്ധപ്പെട്ട് സംസ്ഥാന സിലബസില്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം നല്‍കി മാര്‍ക്ക് ഏകീകരണ ഫോര്‍മുലയ്ക്ക് അംഗീകാരം. സംസ്ഥാന സിലബസില്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് നഷ്ടപ്പെടാത്ത വിധം തമിഴ്‌നാട് മോഡല്‍ മാര്‍ക്ക് ഏകീകരണം നടപ്പാക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്. മാര്‍ക്ക് ഏകീകരണവുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതി അഞ്ച് തരം മാറ്റങ്ങളാണ് നിര്‍ദേശിച്ചത്. അതില്‍ ഒന്ന് സ്വീകരിച്ച് എന്‍ട്രന്‍സ് കമ്മീഷണര്‍ സമര്‍പ്പിച്ച ശുപാര്‍ശയാണ് മന്ത്രിസഭായോഗം അംഗീകരിച്ചത്.

ഹയര്‍ സെക്കന്‍ഡറി മാര്‍ക്കും കീമിലെ സ്‌കോറും ചേര്‍ത്താണ് നിലവിലെ ഏകീകരണം. എന്നാല്‍ ഈ രീതി കേരള സിലബസിലെ വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് കുറയുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് മാറ്റം കൊണ്ട് വരാന്‍ തീരുമാനിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി കേരള സിലബസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ പരാതി ഉന്നയിച്ചു വരികയാണ്. ഹയര്‍സെക്കന്‍ഡറിയിലെ ഫിസിക്‌സ്, കെമിസ്ട്രി, മാത്ത്‌സ് എന്നി വിഷയങ്ങളിലെ മാര്‍ക്കും കീമിന്റെ സ്‌കോറും ചേര്‍ത്താണ് ഏകീകരണം നടത്തുന്നത്. ഈ രീതിയില്‍ സിബിഎസ്ഇ വിദ്യാര്‍ഥികളെക്കാള്‍ കേരള സിലബസ് വിദ്യാര്‍ഥികള്‍ക്ക് 15 മുതല്‍ 20 വരെ മാര്‍ക്ക് കുറയാന്‍ കാരണമാകുന്നു എന്നതാണ് വ്യാപക പരാതിക്ക് ഇടയാക്കുന്നത്.

പരാതികള്‍ ശക്തമായതോടെ ഏകീകരണ ഫോര്‍മുല പരിഷ്‌കരിക്കാന്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് തീരുമാനിക്കുകയായിരുന്നു. മാര്‍ക്ക് ഏകീകരണത്തില്‍ അഞ്ച് തരം മാറ്റങ്ങള്‍ നിര്‍ദേശിച്ചുകൊണ്ടാണ് വിദഗ്ധ സമിതി മാര്‍ച്ചില്‍ റിപ്പോര്‍ട്ട് നല്‍കിയത്. നീറ്റ് ഫലം വന്ന് മൂന്നാഴ്ച കഴിഞ്ഞിട്ടും കീം ഫലം വരാത്തതില്‍ വിദ്യാര്‍ഥികള്‍ കടുത്ത ആശങ്കയിലിരിക്കെയാണ് മാര്‍ക്ക് ഏകീകരണ ഫോര്‍മുല സര്‍ക്കാര്‍ അംഗീകരിച്ചത്.

മാര്‍ക്ക് ഏകീകരണ സമയത്ത് സംസ്ഥാന സിലബസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് നഷ്ടപ്പെടാത്ത വിധത്തിലുള്ള ഫോര്‍മുലയ്ക്കാണ് അംഗീകാരം നല്‍കിയത്. പുതിയ ഫോര്‍മുല അനുസരിച്ച് സിബിഎസ്ഇ കുട്ടികള്‍ക്ക് ആയാലും സംസ്ഥാന സിലബസ് കുട്ടികള്‍ക്ക് ആയാലും ഐസിഎസ്ഇ വിദ്യാര്‍ഥികള്‍ക്കായാലും പരീക്ഷയുടെ മൊത്തം മാര്‍ക്ക് ചേര്‍ത്ത് കൊണ്ടായിരിക്കും ഏകീകരണം ഉണ്ടാക്കുക.യോഗ്യത പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് കിട്ടിയാലും ഏകീകരണത്തില്‍ കുറയാത്ത വിധമാണ് ഫോര്‍മുല. ഈ സാഹചര്യത്തില്‍ ഉടന്‍ തന്നെ കീം ഫലം വരുമെന്നാണ് വിലയിരുത്തല്‍.

ദമ്പതിമാർ വീട്ടിൽ മരിച്ച നിലയിൽ

ദമ്പതിമാർ വീട്ടിൽ മരിച്ച നിലയിൽ

കോട്ടയം: ഈരാ​റ്റുപേട്ട പനക്കപ്പാലത്ത് ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി. രാമപുരം കൂടപ്പുലം സ്വദേശി വിഷ്ണു, ഭാര്യ രശ്മി എന്നിവരാണ് മരിച്ചത്. പനക്കപ്പാലത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ഇവരുടെ കൈകൾ ടേപ്പുപയോഗിച്ച് കെട്ടിവച്ചിട്ടുണ്ട്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. വിഷ്ണു കരാർ ജോലികൾ ചെയ്യുന്ന ആളാണ്. ഫോൺ വിളിച്ചിട്ട് എടുക്കാതിരുന്നതിനെ തുടർന്ന് വീട്ടുടമ എത്തിയപ്പോഴാണ് ഇരുവരേയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

‘മുസ്ലീം സമുദായം ഒറ്റപ്പെടാനേ ഉപകരിക്കൂ; അടിവസ്ത്ര സമാനമായ വേഷമിട്ട് ആടിപ്പാടുന്നതല്ല സൂംബ; ശിവന്‍കുട്ടിക്ക് കുതിരപ്പവന്‍’; കുറിപ്പ്

‘മുസ്ലീം സമുദായം ഒറ്റപ്പെടാനേ ഉപകരിക്കൂ; അടിവസ്ത്ര സമാനമായ വേഷമിട്ട് ആടിപ്പാടുന്നതല്ല സൂംബ; ശിവന്‍കുട്ടിക്ക് കുതിരപ്പവന്‍’; കുറിപ്പ്

മലപ്പുറം: ഇടതുപക്ഷ സര്‍ക്കാരില്‍ തൊട്ടതിലും പിടിച്ചതിലുമൊക്കെ ‘മുസ്ലിം വിരുദ്ധത’യുടെ ചാപ്പ കുത്താന്‍ കിണഞ്ഞ് ശ്രമിക്കുകയാണ് ചില ലീഗ് സ്‌പോണ്‍സേഡ് മതസംഘടനകളെന്ന് മുന്‍ മന്ത്രിയും എംഎല്‍എയുമായ കെടി ജലീല്‍. സാംബ എന്താണെന്നോ സൂംബ എന്താണെന്നോ പ്രാഥമികമായി മനസ്സിലാക്കുക പോലും ചെയ്യാതെ ചില മുറിവൈദ്യന്‍ പണ്ഡിതന്‍മാര്‍ നടത്തിയ നിരുത്തരവാദപരമായ പ്രസ്താവനകള്‍ മുസ്ലിം സമുദായത്തെ ഇതര മതസമൂഹങ്ങളില്‍ നിന്ന് ഒറ്റപ്പെടുത്താനേ ഉപകരിക്കൂ. ലഹരി വിരുദ്ധ ക്യാമ്പയ്‌ന്റെ ഭാഗമായുള്ള ഒരു പരിപാടി എന്ന നിലയിലാണ് സംഗീതം പശ്ചാതലമാക്കിയുള്ള സൂംബ കുട്ടികളെ പരിശീലിപ്പിക്കാന്‍ അധികൃതര്‍ സര്‍ക്കുലര്‍ ഇറക്കിയത്. അല്ലാതെ എല്ലാ ദിവസവും സൂംബ നൃത്തം നിര്‍ബന്ധമായും ചെയ്യണമെന്ന നിലക്കല്ല. എന്നാല്‍ സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സൂംബ ഉള്‍പ്പെടുത്തി എന്ന മട്ടിലാണ് തീര്‍ത്തും വക്രീകരിച്ച് ലീഗും തല്‍പര കക്ഷികളും മുസ്ലിം സമുദായത്തിനകത്ത് കുപ്രചരണങ്ങള്‍ നടത്തുന്നതെന്ന് കെടി ജലീല്‍ കുറിപ്പില്‍ പറയുന്നു.

ജമാഅത്തെ ഇസ്ലാമിയുടെ രഹസ്യ വ്യായാമ കൂട്ടായ്മയായി രൂപപ്പെട്ടു വന്ന ‘മെക്ക് 7’-ന്റെ സംഗീതം ചേര്‍ത്തുള്ള പരിഷ്‌കൃത രൂപമായി കണ്ടാല്‍ പോരെ സൂംബ എന്ന വ്യായാമ മുറയെയെന്നും ജലീല്‍ ചോദിക്കുന്നത്. അടിവസ്ത്ര സമാനമായ വേഷമിട്ട് ആടിപ്പാടുന്നതല്ല അതെന്ന് മനസ്സിലാക്കാനുള്ള വിവേകമെങ്കിലും യാതൊരു ‘വിസ്ഡവും’ തൊട്ടുതീണ്ടാത്തവര്‍ക്ക് ഉണ്ടാകാതെ പോയത് പരമ കഷ്ടമാണ്. ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ ആരാധകര്‍ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ ആടിയും പാടിയും തിമര്‍ക്കുന്നതല്ല സൂംബ. അത് സംബയാണ്. സൂംബ സാംബയാണെന്ന് ധരിച്ചതാണ് വര്‍ഗീയ ധ്രുവീകരണത്തിന് കളമൊരുക്കിയ പ്രസ്താവനക്ക് ആധാരമെന്നും ജലീല്‍ കുറിപ്പില്‍ പറന്നു.

കെടി ജലീലിന്റെ കുറിപ്പ്

സാംബയല്ല സൂംബ!

അമിത മതവല്‍ക്കരണ വാദം ഇന്ത്യയെപ്പോലെ ഒരു രാജ്യത്ത് ഏത് മത വിഭാഗത്തിനിടയിലാണെങ്കിലും വലിയ അപകടം ചെയ്യും. മുസ്ലിംലീഗ് പോലുള്ള മതനിരപേക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ അത്തരം അബദ്ധങ്ങള്‍ എഴുന്നള്ളിക്കുന്നതിന് ഒരു കാരണവശാലം ചൂട്ടു പിടിക്കരുത്. ദൗര്‍ഭാഗ്യവശാല്‍ ഇത്തരം ഗൂഢ ശക്തികളെ ഒളിഞ്ഞും തെളിഞ്ഞും ലീഗ് സഹായിക്കുകയാണ്. എല്ലാ പൊതു വിദ്യാലയങ്ങളിലും മാന്യമായ ഡ്രസ്‌കോഡാണ് നിലവിലുള്ളത്. യൂണിഫോമില്ലാത്ത സ്‌കൂളുകള്‍ ഇല്ലെന്നു തന്നെ പറയാം. ഇടതുപക്ഷ സര്‍ക്കാരില്‍ തൊട്ടതിലും പിടിച്ചതിലുമൊക്കെ ‘മുസ്ലിം വിരുദ്ധത’യുടെ ചാപ്പ കുത്താന്‍ കിണഞ്ഞ് ശ്രമിക്കുകയാണ് ചില ലീഗ് സ്‌പോണ്‍സേഡ് മതസംഘടനകള്‍.

സാംബ എന്താണെന്നോ സൂംബ എന്താണെന്നോ പ്രാഥമികമായി മനസ്സിലാക്കുക പോലും ചെയ്യാതെ ചില മുറിവൈദ്യന്‍ പണ്ഡിതന്‍മാര്‍ നടത്തിയ നിരുത്തരവാദപരമായ പ്രസ്താവനകള്‍ മുസ്ലിം സമുദായത്തെ ഇതര മതസമൂഹങ്ങളില്‍ നിന്ന് ഒറ്റപ്പെടുത്താനേ ഉപകരിക്കൂ.

ലഹരി വിരുദ്ധ ക്യാമ്പയ്‌ന്റെ ഭാഗമായുള്ള ഒരു പരിപാടി എന്ന നിലയിലാണ് സംഗീതം പശ്ചാതലമാക്കിയുള്ള സൂംബ കുട്ടികളെ പരിശീലിപ്പിക്കാന്‍ അധികൃതര്‍ സര്‍ക്കുലര്‍ ഇറക്കിയത്. അല്ലാതെ എല്ലാ ദിവസവും സൂംബ നൃത്തം നിര്‍ബന്ധമായും ചെയ്യണമെന്ന നിലക്കല്ല. എന്നാല്‍ സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സൂംബ ഉള്‍പ്പെടുത്തി എന്ന മട്ടിലാണ് തീര്‍ത്തും വക്രീകരിച്ച് ലീഗും തല്‍പര കക്ഷികളും മുസ്ലിം സമുദായത്തിനകത്ത് കുപ്രചരണങ്ങള്‍ നടത്തുന്നത്.

പൊതു വിദ്യാഭ്യാസം നാട്ടിലുണ്ടാക്കിയ മതനിരപേക്ഷ മൂല്യങ്ങളില്‍ എല്ലാ മതവിഭാഗങ്ങളിലെയും തീവ്ര ചിന്താഗതിക്കാര്‍ക്ക് ഒട്ടും രസിച്ചിട്ടില്ല. വിവിധ സമുദായ മാനേജ്‌മെന്റ് അണ്‍-എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് ലക്ഷക്കണക്കിന് കുട്ടികളാണ് കഴിഞ്ഞ ആറേഴ് വര്‍ഷത്തിനുള്ളില്‍ പൊതു വിദ്യാലയങ്ങളില്‍ എത്തിയത്. അണ്‍-എയ്ഡഡ് സ്ഥാപനങ്ങള്‍ നടത്തി തന്നിഷ്ടപ്രകാരം കുട്ടികളെ വാര്‍ത്തെടുക്കാന്‍ പദ്ധതിയിട്ടവരെ ഇത് കുറച്ചൊന്നുമല്ല അസ്വസ്ഥമാക്കുന്നത്. അന്ന് തുടങ്ങിയതാണ് സര്‍ക്കാര്‍-എയ്ഡഡ് മേഖലയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍. ഈ പ്രതിലോമ ചിന്തക്ക് പ്രചാരം നല്‍കാന്‍ മുന്‍പന്തിയില്‍ നിന്നത് ജമാഅത്തെ ഇസ്ലാമിയാണ്. ഇപ്പോഴിതാ മുജാഹിദ് വിസ്ഡം ഗ്രൂപ്പും ആ വഴിക്ക് വന്നിരിക്കുന്നു. പൊതു വിദ്യാലയങ്ങളില്‍ പഠിക്കുന്ന സാധാരണക്കാരുടെ മക്കള്‍ വിദ്യ നേടി നന്നാകരുതെന്ന വാശിയല്ലാതെ മറ്റെന്താണ് സൂംബയെ എതിര്‍ക്കുന്നവര്‍ക്ക് ഉള്ളത്?

കായിക അദ്ധ്യാപകരെ നിയമിച്ച് ഡ്രില്ലിന് അവസരമൊരുക്കുകയാണ് വേണ്ടതെന്ന നിര്‍ദ്ദേശം മുന്നോട്ടു വെച്ചവരോട് ഒരു മറു ചോദ്യം. പുരുഷന്‍ കായികാദ്ധ്യാപകനായി നിയമിതനായാല്‍ അയാളുടെ കീഴില്‍ കായിക വിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ എട്ടാം ക്ലാസ്സിലെയും ഒന്‍പതാം ക്ലാസിലേയും പതിനൊന്നാം ക്ലാസ്സിലെയും പന്ത്രണ്ടാം ക്ലാസ്സിലേയും പെണ്‍കുട്ടികള്‍ എങ്ങിനെ പോകും എന്നാകില്ലേ നിങ്ങളുടെ അടുത്ത ചോദ്യം? യുവജനോല്‍സവത്തിലെ നൃത്ത-സംഗീത മല്‍സരങ്ങളില്‍ പങ്കെടുക്കുന്നത് എതിര്‍ക്കപ്പെട്ട ഒരു കാലം കഴിഞ്ഞ് പോയത് ആരും മറന്നിട്ടുണ്ടാവില്ല. സിനിമ നിഷിദ്ധമാണെന്ന് പ്രചരിപ്പിക്കപ്പെട്ടതും വിസ്മരിക്കാനാവില്ല. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരു ക്ലാസ്സില്‍ മറയില്ലാതെ ഇരുന്ന് പഠിക്കുന്നത് മതവിരുദ്ധമായി വ്യാഖ്യാനിക്കാന്‍ തിടുക്കം കാണിച്ചവരും ഇവിടെ ജീവിച്ചിരുന്നു. കാലത്തിന്റെ കൂലംകുത്തിയൊഴുക്കില്‍ എല്ലാ അബദ്ധ ധാരണകളും ഒലിച്ചു പോയി.

ജമാഅത്തെ ഇസ്ലാമിയുടെ രഹസ്യ വ്യായാമ കൂട്ടായ്മയായി രൂപപ്പെട്ടു വന്ന ‘മെക്ക് 7’-ന്റെ സംഗീതം ചേര്‍ത്തുള്ള പരിഷ്‌കൃത രൂപമായി കണ്ടാല്‍ പോരെ സൂംബ എന്ന വ്യായാമ മുറയെ. അടിവസ്ത്ര സമാനമായ വേഷമിട്ട് ആടിപ്പാടുന്നതല്ല അതെന്ന് മനസ്സിലാക്കാനുള്ള വിവേകമെങ്കിലും യാതൊരു ‘വിസ്ഡവും’ തൊട്ടുതീണ്ടാത്തവര്‍ക്ക് ഉണ്ടാകാതെ പോയത് പരമ കഷ്ടമാണ്. ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ ആരാധകര്‍ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ ആടിയും പാടിയും തിമര്‍ക്കുന്നതല്ല സൂംബ. അത് സംബയാണ്. സൂംബ സാംബയാണെന്ന് ധരിച്ചതാണ് വര്‍ഗീയ ധ്രുവീകരണത്തിന് കളമൊരുക്കിയ പ്രസ്താവനക്ക് ആധാരം.

മിതവാദികളും യഥാര്‍ത്ഥ സലഫികളുമായ കേരള നദ്വത്തുല്‍ മുജാഹിദീന്റെ സംസ്ഥാന അദ്ധ്യക്ഷന്‍ അബ്ദുല്ലക്കോയ മദനി സാഹിബ് ‘വിസ്ഡ’ത്തിന്റെ തലയില്ലാത്ത അഭിപ്രായത്തെ തള്ളിപ്പറഞ്ഞത് സ്വാഗതാര്‍ഹമാണ്. സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളും ശൈഖുനാ എ.പി അബൂബക്കര്‍ മുസ്ല്യാരും സ്വീകരിച്ച വിവേക പൂര്‍ണ്ണമായ മൗനവും പ്രശംസനീയമാണ്. പൊതു വിദ്യാഭ്യാസ മന്ത്രി ശ്രീ ശിവന്‍കുട്ടി ഇന്ന് നടത്തിയ ഉശിരന്‍ പ്രസ്താവനക്ക് മലയാളികള്‍ ഒരു കുതിരപ്പവന്‍ സമ്മാനിക്കും. ഉറപ്പാണ്.

സ്‌കൂളില്‍ എല്ലാ ദിവസവും കുട്ടികള്‍ മലയാള ദിനപത്രം വായിക്കണം, ഇംഗ്ലിഷ് സിനിമ പ്രദര്‍ശിപ്പിക്കണം; സര്‍ക്കാര്‍ നിര്‍ദേശം

സ്‌കൂളില്‍ എല്ലാ ദിവസവും കുട്ടികള്‍ മലയാള ദിനപത്രം വായിക്കണം, ഇംഗ്ലിഷ് സിനിമ പ്രദര്‍ശിപ്പിക്കണം; സര്‍ക്കാര്‍ നിര്‍ദേശം

തിരുവനന്തപുരം: വിദ്യാഭ്യാസ ഗുണമേന്മ ഉറപ്പാക്കാനുള്ള അക്കാദമിക മാസ്റ്റര്‍ പ്ലാനില്‍ പത്രവായന പ്രോല്‍സാഹിപ്പിക്കാന്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ എല്ലാ ദിവസവും കുട്ടികള്‍ മലയാള ദിനപത്രം വായിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം. പത്രം വായിക്കുകയും വാര്‍ത്തകള്‍ സംബന്ധിച്ച പ്രതികരണങ്ങള്‍ ചര്‍ച്ച ചെയ്യുകയും വേണം. ഉച്ചാരണ ശുദ്ധിയോടെ പത്രം വായിക്കുന്നെന്ന് ഉറപ്പാക്കണം. പത്രത്തിനു പുറമേ ആഴ്ചപ്പതിപ്പുകളും മാസികകളും വായിക്കാന്‍ കുട്ടികള്‍ക്ക് അവസരം ഒരുക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഇതിനായി സ്‌കൂള്‍ ലൈബ്രറിയില്‍ ഇവ ലഭ്യമാക്കണം. ആഴ്ചയില്‍ ഒരു പുസ്തകമെങ്കിലും ലൈബ്രറിയില്‍ നിന്നെടുത്ത് വായിക്കുകയും അതെക്കുറിച്ച് ചര്‍ച്ച നടത്തുകയും ചെയ്യാം.

പുസ്തകത്തെ ആധാരമാക്കി ആവിഷ്‌കാരങ്ങള്‍ സംഘടിപ്പിക്കാം. വായിച്ച പുസ്തകങ്ങളെക്കുറിച്ച് കുട്ടികള്‍ കുറിപ്പ് തയാറാക്കണം. ഇത് മറ്റുള്ളവരെ വായിച്ചു കേള്‍പ്പിക്കണം. കുട്ടികള്‍ക്ക് പുസ്തകമേളകള്‍ സംഘടിപ്പിക്കാം. പൗരപ്രമുഖരെ സ്‌കൂളുകളിലേക്ക് ക്ഷണിച്ച് സംവാദങ്ങള്‍ സംഘടിപ്പിക്കാം. ഇംഗ്ലിഷ് സങ്കോചമില്ലാതെ സംസാരിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശത്തില്‍ പറയുന്നു.

ഇംഗ്ലീഷിനു പുറമേ ഹിന്ദി, അറബി, ഉറുദു, സംസ്‌കൃതം എന്നീ ഭാഷകള്‍ വായിക്കാനും സംസാരിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ സ്‌കൂളില്‍ നടത്തണം. ഇംഗ്ലിഷ് സിനിമ സ്‌കൂളില്‍ കുട്ടികള്‍ക്കായി പ്രദര്‍ശിപ്പിക്കണം. അടുത്ത രണ്ടോ മൂന്നോ വര്‍ഷം കൊണ്ട് തങ്ങളുടെ സ്‌കൂളിനെ എങ്ങനെ മെച്ചപ്പെട്ട നിലയിലേക്കു കൊണ്ടുവരാമെന്ന പ്ലാനിങ് വേണമെന്നും മാസ്റ്റര്‍ പ്ലാനില്‍ സര്‍ക്കാര്‍ നിര്‍ദേശമുണ്ട്.

റവാഡ ചന്ദ്രശേഖർ പുതിയ പോലീസ് മേധാവി; മന്ത്രിസഭ യോഗത്തിൽ തീരുമാനം

റവാഡ ചന്ദ്രശേഖർ പുതിയ പോലീസ് മേധാവി; മന്ത്രിസഭ യോഗത്തിൽ തീരുമാനം

സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ നിയമിക്കാൻ തീരുമാനം. പ്രത്യേക മന്ത്രിസഭ യോഗത്തിൽ തീരുമാനം. നിലവില്‍ കേന്ദ്ര കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ സ്പെഷൽ ഡയറക്ടറാണ് റവാഡ ചന്ദ്രശേഖർ. 1991 ബാച്ച് കേരളാ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണ് റവാഡ എ ചന്ദ്രശേഖർ. ഇന്റലിജൻസ് ബ്യൂറോ ആസ്ഥാനത്ത് സ്‌പെഷ്യൽ ഡയറക്ടർ ആയ റവാഡ ചന്ദ്രശേഖറിനെ വരുന്ന ഓഗസ്റ്റ് ഒന്നു മുതൽ കാബിനറ്റ് സെക്രട്ടേറിയറ്റിൽ സെക്യൂരിറ്റി സെക്രട്ടറിയായി നിയമിക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു.

സി ഐ എസ് എഫ് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറലായും ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് ഇൻസ്‌പെക്ടർ ജനറലാലും പ്രവർത്തിച്ചിട്ടുണ്ട്. തലശ്ശേരി എഎസ്പി ആയിരിക്കെ കൂത്തുപറമ്പ് പോലീസ് വെടിവെപ്പിൽ റവാഡ ചന്ദ്രശേഖറിന്റ പങ്കിനെച്ചൊല്ലി മുൻപ് വിവാദമുണ്ടായിട്ടുണ്ട്. ജുഡീഷ്യൽ അന്വേഷണത്തിന് ശേഷം സർവീസിൽ തിരിച്ചെത്തുകയും പിന്നീട് കേന്ദ്ര സർവീസിലേക്ക് മാറുകയും ചെയ്തു. 2026 ജൂലൈ വരെയാണ് സംസ്ഥാന പൊലീസ് മേധാവി കാലാവധി. ഷെയ്ക്ക് ദർവേഷ് സഹേബ് വിരമിച്ചതോടെയാണ് നിയമനം.