by Midhun HP News | Jun 30, 2025 | Latest News, കേരളം
തിരുവനന്തപുരം: 2025 – 26 അധ്യയന വര്‍ഷത്തെ കേരള എന്‍ജിനിയറിങ് / ആര്‍ക്കിടെക്ചര്‍ / ഫാര്‍മസി / മെഡിക്കല്‍ / മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേക്ക് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷയിലെ ന്യൂനത പരിഹരിക്കാന്‍ അവസരം. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രവേശിച്ച് അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താനാണ് അവസരം ഒരുക്കിയിരിക്കുന്നത്.
ഇതോടൊപ്പം പ്രൊഫൈലും പരിശോധിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഹെല്‍പ് ലൈന്‍ നമ്പര്‍: 0471 2332120, 2338487.
by Midhun HP News | Jun 29, 2025 | Latest News, കേരളം
തൃശൂര്‍: പുതുക്കാട് നവജാതശിശുക്കളെ കുഴിച്ചുമൂടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആദ്യത്തെ കുഞ്ഞ് ജനനസമയത്ത് പൊക്കിള്‍ക്കൊടി കഴുത്തില്‍ ചുറ്റി ശ്വാസം മുട്ടി മരിച്ചതാണെന്നാണ് യുവതി മൊഴി നല്‍കിയിട്ടുള്ളതെന്ന് തൃശൂര്‍ എസ് പി ബി കൃഷ്ണകുമാര്‍ വ്യക്തമാക്കി. രണ്ടാമത്തെ കുഞ്ഞിന്റെ മരണം അസ്വാഭാവിക മരണമാണെന്ന് സംശയമുണ്ടെന്നും എസ് പി കൂട്ടിച്ചേര്‍ത്തു. കാമുകന്‍ പൊലീസിന് മുന്നില്‍ ഹാജരാക്കിയ അസ്ഥികള്‍ കുട്ടികളുടേത് തന്നെയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഫോറന്‍സിക് സര്‍ജന്‍ പൊലീസ് സ്റ്റേഷനിലെത്തിയാണ് അസ്ഥികള്‍ കുട്ടികളുടേതാണെന്ന് തിരിച്ചറിഞ്ഞത്. ഇത് ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഡിഎന്‍എ പരിശോധന നടത്തും. സംഭവത്തില്‍ അസ്ഥി പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കിയ ഭവിന്‍ (25), കാമുകി അനീഷ (22) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ട് ആണ്‍കുഞ്ഞുങ്ങളാണ് മരിച്ചത്. പ്രസവിച്ച് നാലുദിവസങ്ങള്‍ക്കുള്ളിലാണ് കുഴിച്ചിട്ടതെന്ന് പൊലീസ് പറയുന്നു. രണ്ടാമത്തെ കുഞ്ഞും മരിച്ചാണ് ജനിച്ചതെന്ന അനീഷയുടെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.
ഫെയ്‌സ്ബുക്കിലൂടെയാണ് വെള്ളിക്കുളങ്ങര സ്വദേശി ഭവിനും അനീഷയും പരിചയപ്പെടുന്നത്. തുടര്‍ന്ന് സൗഹൃദം പ്രണയമായി മാറി. 2021 നവംബര്‍ ആറിനായിരുന്നു ആദ്യ പ്രസവം. യുവതിയുടെ വീട്ടിലെ ശുചിമുറിയിലായിരുന്നു പ്രസവം. പ്രസവത്തോടെ കുട്ടി മരിച്ചുവെന്നും, തുടര്‍ന്ന് വീട്ടുവളപ്പില്‍ കുഴിച്ചിടുകയായിരുന്നു എന്നുമാണ് അനീഷ പൊലീസിനോട് പറഞ്ഞത്. ഇക്കാര്യം കാമുകനോട് പറഞ്ഞപ്പോള്‍, ദോഷം തീരുന്നതിന് കര്‍മ്മം ചെയ്യാന്‍ അസ്ഥി പെറുക്കി സൂക്ഷിക്കാന്‍ നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ അനീഷ കുഞ്ഞിന്റെ അസ്ഥി പെറുക്കി ഭവിനെ ഏല്‍പ്പിച്ചു.
ഇതിനിടെ രണ്ടു വര്‍ഷത്തിന് ശേഷം അനീഷ വീണ്ടും ഗര്‍ഭിണിയായി. 2024 ഏപ്രിലിലായിരുന്നു രണ്ടാമത്തെ പ്രസവം നടന്നത്. വീട്ടിലെ മുറിയിലായിരുന്നു പ്രസവം. പ്രസവിച്ചയുടന്‍ കുഞ്ഞ് കരഞ്ഞപ്പോള്‍, അയല്‍വാസികള്‍ അടക്കം കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കുമെന്ന ആശങ്കയില്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസിന് മൊഴി നല്‍കിയെന്നാണ് സൂചന. തുടര്‍ന്ന് ഈ മൃതദേഹവും കുഴിച്ചിട്ടു. പിന്നീട് ഈ കുഞ്ഞിന്റെ അസ്ഥിയും പെറുക്കിയെടുത്ത് ദോഷ പരിഹാര കര്‍മ്മങ്ങള്‍ക്കായി ഭവിനെ ഏല്‍പ്പിച്ചു. അസ്ഥിക്കഷണങ്ങളെല്ലാം ഒരു സഞ്ചിയിലാക്കിയാണ് യുവാവ് വീട്ടില്‍ സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു.
മദ്യത്തിന് അടിമയായ ഭവിനുമായി ഇടക്കാലത്ത് അനീഷ തെറ്റിപ്പിരിഞ്ഞു. ഭവിനുമായി വിവാഹബന്ധം അനീഷ ഇഷ്ടപ്പെട്ടിരുന്നില്ല. ഇതിനിടെ അനീഷ മറ്റൊരു ഫോണ്‍ കണക്ഷന്‍ എടുക്കുകയും മറ്റൊരാളുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തു. ഇയാളെ വിവാഹം കഴിക്കാനും അനീഷ തീരുമാനിച്ചു. ഇക്കാര്യം അറിഞ്ഞ ഭവിന്‍ അനീഷയുമായി വഴക്കുണ്ടാക്കി. തന്നോടൊപ്പം ജീവിക്കാന്‍ തയ്യാറാകണമെന്നായിരുന്നു ഭവിന്റെ ആവശ്യം. കഴിഞ്ഞ രാത്രി ബന്ധം തുടരുമോയെന്ന ചോദ്യത്തിന്, താല്‍പ്പര്യമില്ലെന്ന് യുവതി മൊഴി നല്‍കി. തുടര്‍ന്ന് വിവരങ്ങളെല്ലാം വീട്ടുകാരെ അറിയിക്കുമെന്ന് ഭവിന്‍ ഭീഷണി മുഴക്കി.
എന്നാല്‍ യുവതിയുടെ വീട്ടുകാരെ അറിയിക്കാന്‍ ശ്രമിച്ചിട്ടും ഫോണില്‍ ലഭിച്ചില്ല. ഇതിനു പിന്നാലെയാണ് മദ്യലഹരിയില്‍ ഭവിന്‍ അസ്ഥിക്കഷണങ്ങളുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. യുവതി ഗര്‍ഭിണിയായിരുന്നത് അറിഞ്ഞില്ലെന്നാണ് അനീഷയുടെ വീട്ടുകാര്‍ പറയുന്നത്. ഗര്‍ഭിണിയായിരുന്നത് മറയ്ക്കാന്‍ വളരെ ലൂസായ വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. ലാബ് ടെക്‌നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. അയല്‍വാസികളുമായും വീട്ടുകാരുമായെല്ലാം അനീഷ അകലം പാലിച്ചിരുന്നുവെന്നുമാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം.
by Midhun HP News | Jun 29, 2025 | Latest News, കേരളം
തൃശൂര്‍: അവിവാഹിതരായ മാതാപിതാക്കള്‍ നവജാത ശിശുക്കളെ കൊന്നു കുഴിച്ചുമൂടിയെന്ന് വെളിപ്പെടുത്തല്‍. ദോഷം തീരുന്നതിന് കര്‍മ്മം ചെയ്യാന്‍ അസ്ഥി പെറുക്കി സൂക്ഷിച്ചു. തൃശൂര്‍ പുതുക്കാടാണ് സംഭവം. അസ്ഥിക്കഷണങ്ങളുമായി പൊലീസ് സ്റ്റേഷനിലെത്തിയ യുവാവാണ് ഇക്കാര്യം പറഞ്ഞത്. സംഭവത്തില്‍ പുതുക്കാട് വെള്ളിക്കുളങ്ങര സ്വദേശിയായ 26 കാരനേയും 21 കാരിയേയും പൊലീസ് കസ്റ്റഡിയിലെടുത്തു.
മൂന്നു വര്‍ഷം മുമ്പാണ് ആദ്യ സംഭവം. അവിവാഹിതരായ ഇവര്‍ക്ക് ഒരു കുട്ടി ജനിച്ചു. സ്വന്തം വീട്ടിലെ ശുചിമുറിയിൽ വെച്ചായിരുന്നു പ്രസവം. എന്നാല്‍ പ്രസവശേഷം കുട്ടി മരിച്ചതായും, കുഞ്ഞിനെ കുഴിച്ചിട്ടതായും കാമുകനോട് പറഞ്ഞിരുന്നു. അപ്പോള്‍ ഏതെങ്കിലും തരത്തിലുള്ള ദോഷമുണ്ടെങ്കില്‍ പരിഹാര ക്രിയ ചെയ്യണമെന്നും, അതിനായി കുട്ടിയുടെ അസ്ഥി പെറുക്കി സൂക്ഷിക്കണമെന്നും പറഞ്ഞു.
അതുപ്രകാരം അസ്ഥി പെറുക്കി യുവതി ആണ്‍സുഹൃത്തിനെ ഏല്‍പ്പിച്ചു. ഇതിനുശേഷം അടുത്തിടെ രണ്ടാമതും ഇവര്‍ക്ക് കുട്ടിയുണ്ടായി. പ്രസവശേഷം ആ കുട്ടിയും മരിച്ചെന്നും കുഴിച്ചിട്ടതായും യുവതി പറഞ്ഞു. തുടര്‍ന്ന് ആ കുട്ടിയുടെ അസ്ഥിയും പെറുക്കി സൂക്ഷിച്ചു. ഇതിനിടെ യുവാവിന് സംഭവങ്ങളില്‍ ചില സംശയങ്ങള്‍ തോന്നി. തുടർന്ന് പുലർച്ചെ യുവാവ് സഞ്ചിയില്‍ അസ്ഥിക്കഷണങ്ങളുമായി പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.
21കാരിയേയും കാമുകനേയും പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. രണ്ട് നവജാതശിശുക്കളും പ്രസവാനന്തരമുണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം മരിച്ചതാണോ, അതോ കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടിയതാണോ എന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. വിശദമായ ചോദ്യം ചെയ്യലിലൂടെയേ ഇക്കാര്യത്തിൽ വ്യക്തത ലഭിക്കുകയുള്ളൂവെന്ന് പൊലീസ് സൂചിപ്പിച്ചു.
by Midhun HP News | Jun 29, 2025 | Latest News, കേരളം
ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി പുതിയ അപ്‌ഡേറ്റുമായി വാട്ആപ്പ്. ആപ്പില്‍ നിന്ന് നേരിട്ട് ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്യാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍. ഫീച്ചര്‍ നിലവില്‍ ഐഒഎസ് ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കും ഫീച്ചര്‍ ലഭ്യമാകുന്നതോടെ തേര്‍ഡ് പാര്‍ട്ടി ആപ്പുകളെ ഇനി ആശ്രയിക്കേണ്ടി വരില്ല.
പിഡിഎഫ് ഫോര്‍മാറ്റില്‍ ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്യാനും മാറ്റാനും കഴിയുന്ന ഫീച്ചര്‍ ആഡ്രോയിഡ് ബീറ്റ ടെസ്റ്റര്‍മാര്‍ക്കാണ് ലഭ്യമാകുക. ആന്‍ഡ്രോയിഡ് പതിപ്പ് 2.25.18.29-നുള്ള വാട്സ്ആപ്പ് ബീറ്റയിലാണ് ഈ ഫീച്ചര്‍ ആദ്യം കണ്ടെത്തിയത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഏറ്റവും പുതിയ അപ്ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്തപ്പോള്‍ നിരവധി ഉപയോക്താക്കള്‍ക്ക് ഫീച്ചര്‍ ലഭ്യമായതായാണ് റിപ്പോര്‍ട്ട്.
ഏറ്റവും പുതിയ അപ്ഡേറ്റ് ലഭ്യമായാല്‍ അറ്റാച്ച്മെന്റ് മെനുവിലെ നിലവിലുള്ള ഡോക്യുമെന്റ്‌സ് ബ്രൗസ്, ചൂസ് ഗാലറി എന്നീ ഓപ്ഷനുകള്‍ക്കൊപ്പം ഒരു പുതിയ ‘സ്‌കാന്‍ ഡോക്യുമെന്റ്’ ഓപ്ഷന്‍ ദൃശ്യമാകും. പുതിയ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുന്നിലൂടെ ആന്‍ഡ്രോയിഡ് ഡിവൈസിന്റെ കാമറ ഓപ്പണ്‍ ആകുകയും ഡോക്യുമെന്റ് ഷെയര്‍ ചെയ്യാനും കഴിയും.
by Midhun HP News | Jun 29, 2025 | Latest News, കേരളം
കുമളി: മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു. ഡാമിന്റെ 13 സ്പിൽ വേ ഷട്ടറുകൾ 10 സെന്റി മീറ്റർ വീതമാണ് തുറന്നത്. ഉച്ചയ്ക്ക് 12 ന് ഷട്ടറുകൾ തുറക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും, 11. 35 ഓടെ ഷട്ടറുകൾ തുറക്കുകയായിരുന്നു. സെക്കന്റിൽ 250 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കുന്നത്. വൃഷ്ടിപ്രദേശത്ത് മഴ ശക്തമായ സാഹചര്യത്തിലാണ് ഡാമിന്റെ ഷട്ടറുകൾ തുറന്നത്.
അണക്കെട്ടിലെ നിലവിലെ ജല നിരപ്പ് 136. 25 അടി ആയതോടെയാണ് ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. നിലവില്‍ പെരിയാറില്‍ വളരെ താഴ്ന്ന നിലയിലാണ് ജലനിരപ്പുള്ളത്. അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എങ്കിലും പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചു. ഏതെങ്കിലും സാഹചര്യത്തിൽ നദിയിലെ ജലനിരപ്പ് ഉയർന്നാൽ ബന്ധുവീടുകളിലേക്ക് മാറിത്താമസിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
തമിഴ്നാട് ടണൽ മാർഗം കൊണ്ടുപോകുന്നത് സെക്കന്റിൽ 2117 ഘനയടി വെള്ളമാണ്. കനത്തമഴയെത്തുടർന്ന് അണക്കെട്ടിലേയ്ക് ഒഴുകിയെത്തുന്നത് 3867 ഘനയടി വെള്ളമാണ്. അണക്കെട്ടിന്‍റെ നിലവിലെ റൂൾ കർവ് പ്രകാരം 136 അടി വെള്ളമാണ് തമിഴ്നാടിന് സംഭരിക്കാൻ കഴിയുക. ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് ജലനിരപ്പ് 136 അടിയിലെത്തിയത്.
ഇതേത്തുടർന്ന് ഇടുക്കി ജില്ലാ ഭരണകൂടത്തിന് തമിഴ്നാട് ആദ്യ മുന്നറിയിപ്പ് നൽകി. എന്നാൽ രാത്രിയിൽ സ്പിൽവേ ഷട്ടറുകൾ തുറന്ന് വെള്ളം പെരിയാർ നദിയിലേക്ക് ഒഴുക്കരുതെന്ന് ഇടുക്കി ജില്ലാ ഭരണകൂടം തമിഴ്നാടിനോട് ആവശ്യപ്പെട്ടിരുന്നു. മറ്റ് ബന്ധുവീടുകളിലേക്ക് മാറിത്താമസിക്കാൻ കഴിയാത്തവർക്കായി 20 താൽക്കാലിക ദുരിതാശ്വാസ ക്യാമ്പുകളും ഇടുക്കി ജില്ലാ ഭരണകൂടം സജ്ജമാക്കിയിട്ടുണ്ട്.
by Midhun HP News | Jun 29, 2025 | Latest News, കേരളം
കൊച്ചി: കതൃക്കടവിലെ ബാറില്‍ യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ യുവതിക്കെതിരെ കേസ്. ഉദയംപേരൂര്‍ സ്വദേശിയായ ഇരുപത്തിയൊന്‍പതുകാരിയ്‌ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തത്. അതേസമയം തനിക്ക് നേരെ നടത്തിയ ലൈംഗികാതിക്രമമാണ് പ്രകോപനത്തിന് കാരണമെന്ന യുവതിയുടെ പരാതിയില്‍ യുവാവിനെതിരെയും കേസ് എടുത്ത് അന്വേഷണവുമായി മുന്നോട്ടുപോകാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.
കതൃക്കടവ് തമ്മനം റോഡിലെ ഇടശേരി മാന്‍ഷന്‍ ഹോട്ടലിന്റെ മില്ലേനിയല്‍ ബാറില്‍ ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. യുവതി വൈന്‍ ഗ്ലാസ് ഉപയോഗിച്ച് പിന്നില്‍ നിന്ന തൊടുപുഴ സ്വദേശി ബഷീറിനെ കുത്തുകയായിരുന്നു. ആക്രമണത്തില്‍ യുവാവിന്റെ ചെവിക്ക് പിറകില്‍ നാല് സ്റ്റിച്ച് ഇട്ടിട്ടുണ്ട്. തനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതാണ് പ്രകോപനത്തിന് കാരണമെന്നാണ് യുവതി മൊഴി നല്‍കിയതെന്ന് പൊലീസ് പറയുന്നു.
ഹോട്ടലില്‍ ഡിജെ പാര്‍ട്ടിക്കിടെയാണ് സംഭവം ഉണ്ടായത്. സംഭവം നടക്കുമ്പോള്‍ ചില സിനിമാ താരങ്ങളും പിന്നണി ഗായകരും ഉള്‍പ്പെടെ ഇവിടെ ഉണ്ടായിരുന്നു. ഇവര്‍ക്കാര്‍ക്കും ഈ കേസുമായി ബന്ധമില്ല. രണ്ടുപേര്‍ തമ്മിലാണ് പ്രശ്‌നം ഉണ്ടായത്. പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടക്കത്തില്‍ പരാതിയൊന്നുമില്ലെന്നാണ് യുവാവ് പറഞ്ഞത്. എന്നാല്‍ ഗൗരവം കണക്കിലെടുത്ത് കേസുമായി മുന്നോട്ടുപോകാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.
Recent Comments