സംസ്ഥാനത്ത് മഴ അതിതീവ്രമാകും; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് മഴ അതിതീവ്രമാകും; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതിതീവ്രമഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ്.

പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട് കണ്ണൂര്‍ ജില്ലകലില്‍ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. അടുത്ത നാല് ദിവസം ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. നാളെ എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.

ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളിലും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട് കാസര്‍കോട് ജില്ലകളിലും ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലുമാണ് മഴ മുന്നറിയിപ്പ്.

പ്രളയ സാധ്യത മുന്നറിയിപ്പ്

അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പ് താഴെ പറയുന്ന നദിയിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക

ഓറഞ്ച് അലർട്ട്

എറണാകുളം: മൂവാറ്റുപുഴ (തൊടുപുഴ സ്റ്റേഷൻ)

തൃശൂർ: ഭാരതപ്പുഴ (ചെറുതുരുത്തി സ്റ്റേഷൻ)

മലപ്പുറം: ഭാരതപ്പുഴ (തിരുവേഗപ്പുര സ്റ്റേഷൻ)

മഞ്ഞ അലർട്ട്

പത്തനംതിട്ട : അച്ചൻകോവിൽ (കല്ലേലി & കോന്നി GD സ്റ്റേഷൻ, പമ്പ (മടമൺ സ്റ്റേഷൻ – CWC )

കോട്ടയം : മണിമല (പുല്ലാകയർ സ്റ്റേഷൻ – CWC)

ഇടുക്കി : തൊടുപ്പുഴ (മണക്കാട് സ്റ്റേഷൻ – CWC)

എറണാകുളം: പെരിയാർ (കാലടി സ്റ്റേഷൻ & മാർത്താണ്ഡവർമ്മ സ്റ്റേഷൻ), മുവാറ്റുപ്പുഴ (കക്കടശ്ശേരി സ്റ്റേഷൻ)

പാലക്കാട്: ഭാരതപ്പുഴ (വണ്ടാഴി സ്റ്റേഷൻ)

തൃശൂർ : ചാലക്കുടി (വെറ്റിലപ്പാറ സ്റ്റേഷൻ)

വയനാട് : കബനി (ബാവേലി & കക്കവയൽ, മുത്തൻകര സ്റ്റേഷൻ – CWC)

യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.

അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.

കോവളം മുതൽ ബേക്കൽ വരെ അടിപൊളി യാത്ര; ജലപാതകളിലൂടെ രണ്ട് ദിവസത്തെ ക്രൂസ് ടൂര്‍

കോവളം മുതൽ ബേക്കൽ വരെ അടിപൊളി യാത്ര; ജലപാതകളിലൂടെ രണ്ട് ദിവസത്തെ ക്രൂസ് ടൂര്‍

കൊച്ചി: തെക്ക് കോവളം മുതൽ വടക്ക് ബേക്കൽ വരെ, കേരളത്തിലെ മനോഹരമായ ജലപാതകളിലൂടെ ഒരു ക്രൂസ് ടൂർ എങ്ങനെയുണ്ടാകും? 590 കിലോമീറ്റർ നീണ്ടുകിടക്കുന്ന പടിഞ്ഞാറൻ (വെസ്റ്റ് കോസ്റ്റ്) ജലപാതകളിലൂടെ രണ്ട് ദിവസത്തെ ക്രൂസ് യാത്ര തുടങ്ങാൻ സംസ്ഥാന സർക്കാർ പദ്ധതിയിടുന്നു, ഇതിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത എസി ക്രൂസ് യാനം നിർമ്മാണത്തിലാണ്.

തിരുവനന്തപുരത്തെ ആക്കുളം മുതൽ തൃശ്ശൂരിലെ ചേറ്റുവ വരെയുള്ള 235 കിലോമീറ്റർ നീളമുള്ള ജലപാത പദ്ധതിയുടെ ആദ്യ ഘട്ടം ഈ വർഷം അവസാനം കമ്മീഷൻ ചെയ്യുമ്പോഴേക്കും 21 സീറ്റുള്ള ഇലക്ട്രിക് ബോട്ട് തയ്യാറാകും. എല്ലാം ശരിയാണെങ്കിൽ, ഈ വർഷം തന്നെ ചേറ്റുവ വരെ സർവീസ് ആരംഭിക്കാനും പദ്ധതിയുടെ പുരോഗതിക്കനുസരിച്ച് ക്രമേണ യാത്ര നീട്ടാനുമാണ് പദ്ധതി.

“ഈ ക്രൂസ് യാത്ര വിനോദസഞ്ചാരികൾക്ക് മറക്കാനാവാത്ത അനുഭവം നൽകും. വർക്കലയിലെ ചിലക്കൂരിലെയും ശിവഗിരിയിലെയും തുരങ്കങ്ങളിലൂടെയുള്ള യാത്രയായിരിക്കും പ്രധാന ആകർഷണങ്ങളിലൊന്ന്, ഈ യാത്രയിൽ യാത്രക്കാർക്ക് ഓൺ-ബോർഡ് പ്രൊജക്ടർ വഴി ആഴത്തിലുള്ള ലൈറ്റ് ആൻഡ് സൗണ്ട് ഷോകൾ ആസ്വദിക്കാൻ കഴിയും,” മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

കോവളം-ബേക്കൽ വെസ്റ്റ് കോസ്റ്റ് ജലപാതയുടെ ആദ്യ ഘട്ടം അടുത്ത നാല് മാസത്തിനുള്ളിൽ കമ്മീഷൻ ചെയ്യുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു, ഈ ഭാഗത്തെ ഡ്രെഡ്ജിങ് ഉൾപ്പെടെയുള്ള ജോലികൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്ന് അവർ പറഞ്ഞു.

“വർക്കല തുരങ്കത്തിലേക്ക് ബോട്ട് പ്രവേശിക്കുമ്പോൾ ഓൺ-ബോർഡ് പ്രൊജക്ടർ തനിയെ പ്രവർത്തനക്ഷമമാകും, ഇതിൽ സന്ദർശകർക്ക് ലൈറ്റ് ആൻഡ് സൗണ്ട് ഷോ കാണാനാകും,” ഉദ്യോഗസ്ഥർ പറഞ്ഞു.

രണ്ട് ദിവസത്തെ ടൂർ പാക്കേജിൽ കുറഞ്ഞത് അഞ്ച് സ്ഥലങ്ങളിലെങ്കിലും ബോട്ട് നിർത്തും, ഇവ വിനോദസഞ്ചാര കേന്ദ്രങ്ങളായി വികസിപ്പിക്കും. “കേരള ഷിപ്പിങ് & ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ (കെഎസ്ഐഎൻസി) ആണ് ഈ യാത്രയ്ക്കുള്ള യാനം നിർമ്മിക്കുന്നത്,” അദ്ദേഹം പറഞ്ഞു. 235 കിലോമീറ്റർ ദൈർഘ്യമുള്ള ജലപാത കമ്മീഷൻ ചെയ്തുകഴിഞ്ഞാൽ ടൂറിസത്തിന് ഏറ്റവും കൂടുതൽ നേട്ടമുണ്ടാകുമെന്ന്

കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന് കീഴിലുള്ള ദേശീയ ജലപാത പദ്ധതിക്കായി സർക്കാർ ഏറ്റെടുത്തതുമായ കേരള വാട്ടർവേയ്‌സ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിലെ (കെഡബ്ല്യുഐഎൽ) ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

കര്‍ണാടക വനമേഖലയില്‍ ഉരുള്‍പൊട്ടിയതായി സംശയം

കര്‍ണാടക വനമേഖലയില്‍ ഉരുള്‍പൊട്ടിയതായി സംശയം

കല്‍പ്പറ്റ: വയനാട്ടില്‍ മഴ ശക്തമായി തുടരുന്നു. കനത്ത മഴയില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ കല്ലൂര്‍ പുഴ കരകവിഞ്ഞു. പുഴംകുനി ഉന്നതിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി. മുന്‍ കരുതലെന്ന നിലയിലാണ് കുട്ടികളടക്കം എട്ട് പേരെയാണ് തിരുവണ്ണൂര്‍ അങ്കണവാടിയിലേക്ക് മാറ്റിയത്. രാത്രി പതിനൊന്നരയോടെ നൂല്‍പ്പുഴ പഞ്ചായത്ത് അധികൃതരും പൊലിസുമെത്തിയാണ് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയത്.

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കണ്ണൂര്‍ വളപട്ടണം പുഴയുടെ കരയില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി. കര്‍ണാടക വനമേഖലയില്‍ ഉരുള്‍പൊട്ടിയതായി സംശയിക്കുന്നതിനാലും കൂട്ടുപുഴ ഭാഗത്ത് പുഴയിലെ ജലനിരപ്പ് വര്‍ധിക്കുന്നതിനാലും പഴശ്ശി ബാരേജിലെ ഷട്ടറുകള്‍ ഏത് സമയവും ക്രമീകരിക്കേണ്ടി വരുന്നതിനാലും വളപട്ടണം പുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പഴശ്ശി ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഇരിട്ടി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെയാണ് പഴശ്ശി ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചത്.

തീവ്രമഴയുടെ പശ്ചാത്തലത്തില്‍ ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്. കേരളാ തീരത്ത് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും കടലേറ്റത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കി. മറ്റന്നാള്‍ വരെ മഴ തുടര്‍ന്നേക്കും.

നാലു വയസുകാരിയെ കൊലപ്പെടുത്തിയ നരഭോജി പുലി ഒടുവില്‍ കെണിയില്‍

നാലു വയസുകാരിയെ കൊലപ്പെടുത്തിയ നരഭോജി പുലി ഒടുവില്‍ കെണിയില്‍

തൃശൂര്‍: വാല്‍പ്പാറയില്‍ നാലു വയസുകാരിയെ ആക്രമിച്ച് കൊലപ്പെടുത്തിയ നരഭോജി പുലി കെണിയില്‍ കുടുങ്ങി. പച്ച മല എസ്‌റേറ്റിന് സമീപത്ത് വനം വകുപ്പ് വച്ച കെണിയിലാണ് പുലി കുടുങ്ങിയത്.

കഴിഞ്ഞദിവസമാണ് വീടിന് മുന്‍പില്‍ കളിക്കുകയായിരുന്ന നാലു വയസുകാരിയെ പുലി പിടിച്ചുകൊണ്ടുപോയത്. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിന് ഒടുവില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് നാട്ടില്‍ ഭീതി പരത്തിയ പുലിയെ കെണിയിലാക്കാന്‍ കൂട് സ്ഥാപിച്ചത്.

എസ്റ്റേറ്റ് ലയത്തില്‍ നിന്ന് 300 മീറ്റര്‍ മാറി കാട്ടില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പകുതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പുലി ആക്രമിച്ചശേഷം ഉപേക്ഷിച്ച് പോവുകയായിരുന്നുവെന്നാണ് കരുതുന്നത്. വ്യാപക തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ഝാര്‍ഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത – മോനിക്ക ദേവി ദമ്പതികളുടെ മകളാണ് പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് നാലുവയസുകാരിക്കുനേരെ പുലിയുടെ ആക്രമണം ഉണ്ടായത്. നിരന്തരമായി പുലിയടക്കമുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള പ്രദേശമാണ് വാല്‍പ്പാറ.

അമ്മയെ മകന്‍ തീ കൊളുത്തി കൊന്നു; അയല്‍വാസിയേയും ആക്രമിച്ചു

അമ്മയെ മകന്‍ തീ കൊളുത്തി കൊന്നു; അയല്‍വാസിയേയും ആക്രമിച്ചു

കാസര്‍കോട്: മഞ്ചേശ്വരത്ത് അമ്മയെ മകന്‍ തീ കൊളുത്തി കൊലപ്പെടുത്തി. വോര്‍ക്കാട് സ്വദേശി ഫില്‍ഡ ഡിസൂസ (60) ആണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെയാണ് സംഭവം. പ്രതി മെല്‍വിന്‍ ഒളിവിലാണ്. അമ്മ ഉറങ്ങിക്കിടക്കുന്നതിനിടെ മകന്‍ തീ കൊളുത്തുകയായിരുന്നു എന്നാണ് വിവരം. അമ്മയെ കൊലപ്പെടുത്തിയ ശേഷം അയല്‍വാസിയായ ലോലിതയേയും പ്രതി ആക്രമിച്ചു. പൊള്ളലേറ്റ ലോലിത ചികിത്സയിലാണ്.

അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് പ്രതി ലോലിതയെ വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ ദേഹത്തേക്ക് വസ്ത്രങ്ങള്‍ കൂട്ടിയിട്ട് തീ കൊളുത്തുകയായിരുന്നു. ഇവര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ആക്രമണ കാരണം വ്യക്തമല്ല.

നൂറ് ഓര്‍ത്തോപീഡിക് റോബോട്ടിക് സര്‍ജറികള്‍; നേട്ടം കൈവരിച്ച് കാരിത്താസ് ആശുപത്രി

നൂറ് ഓര്‍ത്തോപീഡിക് റോബോട്ടിക് സര്‍ജറികള്‍; നേട്ടം കൈവരിച്ച് കാരിത്താസ് ആശുപത്രി

കോട്ടയം: നൂറ് ഓര്‍ത്തോപീഡിക് റോബോട്ടിക് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കി അതുല്യ നേട്ടം കൈവരിച്ച് കാരിത്താസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് ഓര്‍ത്തോപീഡിക്‌സ് & റോബോട്ടിക് ഹിപ്പ് ആന്‍ഡ് നീ റീപ്ലേസ്മെന്റ് സെന്റര്‍. ഇടുപ്പ്, മുട്ട് എന്നിവ മാറ്റിവെക്കുന്ന റോബോട്ടിക് ശസ്ത്രക്രിയകളാണ് വിജയകരമായി പൂര്‍ത്തിയാക്കിയത് .

റോബോട്ടിക് ശസ്ത്രക്രിയകളുടെ വിജയത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കാരിത്താസ് ആശുപത്രിയില്‍ ‘റോബോട്ടിക് സെഞ്ചുറി’ എന്ന പരിപാടി സംഘടിപ്പിച്ചു. കാരിത്താസ് ഡയമണ്ട് ജൂബിലി ഹാളില്‍ നടന്ന ചടങ്ങ് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ഐ എം വിജയന്‍ ഉദ്ഘാടനം ചെയ്തു. കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടറും സിഇഒ യുമായ ഡോ. ബിനു കുന്നത്ത് അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. കുര്യന്‍ ഫിലിപ്പ്, സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. ദിലീപ് ഐസക്, സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. ആനന്ദ് കുമരോത്ത് എന്നിവര്‍ സംസാരിച്ചു. കാരിത്താസ് ഹോസ്പിറ്റല്‍ ജോയിന്റ് ഡയറക്ടര്‍ ഫാ ജിനു കാവില്‍ , ഫാ ജോയിസ് നന്ദിക്കുന്നേല്‍ ,ഫാ ജിസ്‌മോന്‍ മഠത്തില്‍ , ഫാ സ്റ്റീഫന്‍ തേവര്‍പറമ്പില്‍ എന്നിവരും പങ്കെടുത്തു. കാരിത്താസ് ഹോസ്പിറ്റലില്‍ ആദ്യമായി റോബോട്ടിക് ശസ്ത്രക്രിയയ്ക്ക് വിധേയയായ മറിയാമ്മ ജോസ് ചടങ്ങില്‍ തന്റെ അനുഭവം പങ്കുവച്ചു .

നൂറ് ഓര്‍ത്തോപീഡിക് റോബോട്ടിക് സര്‍ജറികള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചത് കാരിത്താസ് ഹോസ്പിറ്റലിന്റെ ആതുരസേവന രംഗത്തെ മികച്ച നേട്ടമാണെന്ന് ഡോ. ബിനു കുന്നത്ത് അഭിപ്രായപ്പെട്ടു. കൂട്ടായ പ്രവര്‍ത്തനത്തിന്റെയും ഓര്‍ത്തോപീഡിക് വിഭാഗത്തിലെ ഡോക്ടര്‍മാരുടെയും മറ്റു നഴ്‌സിങ്, ടെക്‌നിക്കല്‍ ജീവനക്കാരുടെയും ആത്മാര്‍ഥമായ പ്രവര്‍ത്തനത്തിന്റെയും സാങ്കേതിക മികവിന്റെയും ഫലമാണ് ചുരുങ്ങിയ കാലയളവിലുള്ള ഈ നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘റോബോട്ടിക് സെഞ്ചുറി’ എന്ന പരിപാടിയുടെ ഭാഗമായി ‘ഗോള്‍ ചലഞ്ച്’ മത്സരവും ഫ്‌ലാഷ്‌മോബും നടന്നു . റോബോട്ടിക് ഇടുപ്പ് മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ , ആര്‍ത്രോസ്‌കോപി & സ്‌പോര്‍ട്‌സ് മെഡിസിന്‍ ശസ്ത്രക്രിയകള്‍ – ഷോള്‍വാര്‍, മുട്ട്, ഇടുപ്പ്, കണങ്കാല്‍, കൈത്തണ്ട, കൈമുട്ട്, താക്കോല്‍ ദ്വാര ശസ്ത്രക്രിയകള്‍ , ബോണ്‍ ട്യൂമര്‍ ശസ്ത്രക്രിയകള്‍ , പീഡിയാട്രിക് ഓര്‍ത്തോപീഡിക്‌സ് തുടങ്ങിയ മറ്റു ചികിത്സകളും ഓര്‍ത്തോപീഡിക് വകുപ്പിലൂടെ കാരിത്താസ് ആശുപത്രി നല്‍കുന്നുണ്ട്.