ന്യൂനമർദം, ചക്രവാതച്ചുഴി; കേരളത്തിൽ നാളെ മുതൽ മഴ വീണ്ടും കനക്കും, യെല്ലോ അലർട്ട്

ന്യൂനമർദം, ചക്രവാതച്ചുഴി; കേരളത്തിൽ നാളെ മുതൽ മഴ വീണ്ടും കനക്കും, യെല്ലോ അലർട്ട്

തിരുവനന്തപുരം: ന്യൂനമർദത്തിന്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലത്തിൽ സംസ്ഥാനത്ത് നാളെ മുതൽ മഴ കനക്കും. വിവിധ ജില്ലകളിൽ നാളെ മുതൽ മൂന്ന് ദിവസത്തേക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ജൂണ്‍ 22 മുതല്‍ 25 വരെ തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ പരമാവധി 40-60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല.

എന്നാൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വടക്കന്‍ കേരള തീരം മുതല്‍ വടക്കന്‍ കൊങ്കണ്‍ തീരം വരെ തീരദേശ ന്യൂനമര്‍ദ്ദപാത്തി രൂപപ്പെട്ടു. ഝാര്‍ഖണ്ഡിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലുമായി ശക്തി കൂടിയ ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നു. രാജസ്ഥാന് മുകളിലെ മറ്റൊരു ന്യൂനമര്‍ദം ചക്രവാതച്ചുഴിയായി ശക്തി കുറഞ്ഞു. കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നു. ഈ പശ്ചാത്തലത്തില്‍ കേരളത്തില്‍ അടുത്ത അഞ്ചു ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

യെല്ലോ അലേർട്ട്

22/06/2025: ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്

23/06/2025: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്

24/06/2025: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ജാഗ്രത നിര്‍ദേശങ്ങള്‍

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തില്‍ കടലിലേക്ക് മത്സ്യബന്ധന യാനങ്ങള്‍ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാല്‍ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തില്‍ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതാണ്. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക. തീരശോഷണത്തിനു സാധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തുക.

റസീനയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ആള്‍ക്കൂട്ട വിചാരണ തന്നെയെന്ന് പൊലീസ്

റസീനയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ആള്‍ക്കൂട്ട വിചാരണ തന്നെയെന്ന് പൊലീസ്

കണ്ണൂര്‍: കൂത്തുപറമ്പ് പറമ്പായി ചേരിക്കമ്പനിക്ക് സമീപം റസീന മന്‍സിലില്‍ റസീന ആത്മഹത്യ ചെയ്തത് ആള്‍ക്കൂട്ട വിചാരണയെ തുടര്‍ന്നാണെന്ന് കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ പി. നിധിന്‍ രാജ്. ആത്മഹത്യാക്കുറിപ്പില്‍ ഇക്കാര്യം വിശദമായി പറയുന്നുണ്ടന്നും പ്രതികളുടെ പേരുകള്‍ പരാമര്‍ശിച്ചതിനെ തുടര്‍ന്നാണ് യുവാക്കളെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് കമ്മീഷണര്‍ പറഞ്ഞു.

യുവതിയുടെ ആണ്‍ സുഹൃത്തിന്റെ മൊബൈല്‍ ഫോണ്‍ പിടികൂടിയത് പ്രതികളുടെ കൈയ്യില്‍ നിന്നാണെന്നും കമ്മീഷണര്‍ പറഞ്ഞു. എസ്ഡിപിഐ പ്രവര്‍ത്തകരായ പ്രതികള്‍ പറമ്പായിയിലെ എസ്ഡിപിഐ ഓഫിസിലെത്തിച്ചു അഞ്ച് മണിക്കൂര്‍ യുവാവിനെചോദ്യം ചെയ്തതായും കമ്മീഷണര്‍ പറഞ്ഞു. മയ്യില്‍ സ്വദേശിയായ ആണ്‍ സുഹൃത്ത് നിലവില്‍ കേസില്‍ പ്രതിയല്ല. ഇയാള്‍ക്കെതിരെ നിലവില്‍ പരാതി ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

റസീനയുടെ മരണത്തിന് ഇടയാക്കിയ ആള്‍ക്കൂട്ട വിചാരണയില്‍ കൂടുതല്‍പ്പേര്‍ ഉണ്ടായിരുന്നോയെന്ന് അന്വേഷിച്ചു വരികയാണെന്ന് സിറ്റി പൊലിസ് കമ്മിഷണര്‍ അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഭര്‍തൃമതിയായ റസീനയെ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകരും പറമ്പായി സ്വദേശികളായ എംസി മന്‍സിലില്‍ വിസി മുബഷീര്‍, കണിയാന്റെ വളപ്പില്‍ കെഎ ഫൈസല്‍, കൂടത്താന്‍കണ്ടി ഹൗസില്‍ വി കെ റഫ്നാസ് എന്നിവരെയാണ് പിണറായി പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണാ കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

അതേസമയം, അറസ്റ്റിലായവര്‍ നിരപരാധികളാണെന്ന് റസീനയുടെ ഉമ്മ പറഞ്ഞു. അറസ്റ്റിലായവര്‍ ബന്ധുക്കളാണെന്നും പ്രശ്‌നക്കാരല്ലെന്നും സഹോദരിയുടെ മകന്‍ ഉള്‍പ്പടെയാണ് അറസ്റ്റിലായതെന്നും ഫാത്തിമ പറഞ്ഞു. യാതൊരു പ്രശ്‌നത്തിനും പോകാത്ത ചെറുപ്പക്കാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. റസീനയ്ക്ക് അടുപ്പമുണ്ടായിരുന്ന യുവാവ് അവളെ ചൂഷണം ചെയ്യുകയായിരുന്നു. മൂന്നു വര്‍ഷമായി ബന്ധമുണ്ടായിരുന്നുവെന്ന കാര്യം ഇപ്പോഴാണ് അറിയുന്നതെന്നും ഉമ്മ ഫാത്തിമ പറഞ്ഞു.

ഭാരതാംബ ഏതോ ഒരു സ്ത്രീയെന്നൊക്കെ അവര്‍ പറയും; ഇതിലും വലിയ കാര്യങ്ങള്‍ ഇവിടെയുണ്ട്; സുരേഷ് ഗോപി

ഭാരതാംബ ഏതോ ഒരു സ്ത്രീയെന്നൊക്കെ അവര്‍ പറയും; ഇതിലും വലിയ കാര്യങ്ങള്‍ ഇവിടെയുണ്ട്; സുരേഷ് ഗോപി

തൃശൂര്‍: ഭാരതാംബ വിവാദത്തില്‍ പ്രതികരിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ഭാരതാംബയെ പൂജിക്കുക എന്ന് പറഞ്ഞാല്‍ ഭൂമിദേവിയെ പൂജിക്കുക എന്ന് മാത്രമേയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി. ഭാരതാംബ വിഷയത്തിന് വര്‍ഗീയ സ്വഭാവം നല്‍കാന്‍ ഇടത് സര്‍ക്കാര്‍ ശ്രമിച്ചോട്ടെയെന്നും ജനങ്ങള്‍ക്കറിയാമെന്നും സുരേഷ് ഗോപി പറഞ്ഞു

പല വലിയ പ്രശ്‌നങ്ങളില്‍ നിന്നും വഴിതിരിച്ച് വിടാനായാണ് ഇത്തരം പരാമര്‍ശങ്ങളുമായി ഓരോരുത്തര്‍ ചാടി വീഴുന്നത്. വല്യകാര്യങ്ങള്‍ ഇവിടെ കിടപ്പുണ്ട്. അതിലേക്ക് ഒന്നും പാവം ജനങ്ങളുടെ ശ്രദ്ധ ചെല്ലരുത്. വഴി തിരിച്ചുവിടാന്‍ വേണ്ടിയിട്ട് കൊടി പിടിച്ച്, ഏതോ ഒരു സ്ത്രീ എന്നൊക്കെ അവര് പറയും. ജനങ്ങള്‍ അവരുടെ പിറകെ പോവുകയും ചെയ്യും. അപ്പോഴും അവരുടെ ജീവിതത്തെ സംബന്ധിച്ച പ്രശ്നങ്ങള്‍ മറവിയിലേക്ക് ആഴ്ത്തിക്കളയുമെന്നും സുരേഷ് ഗോപി പറഞ്ഞു.

ശശി തരൂര്‍ ബിജെപിയില്‍ എത്തുമെന്ന റിപ്പോര്‍ട്ടുകളെ കുറിച്ചുള്ള ചോദ്യത്തോടുള്ള സുരേഷ് ഗോപിയുടെ പ്രതികരണം ഇങ്ങനെ; പാര്‍ട്ടി മാറുക എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. ബിജെപിയില്‍ വരണോ എന്ന് തരൂര്‍ തീരുമാനിക്കണം. ദേശീയതയോടൊപ്പം നില്‍ക്കണമെന്ന ജനങ്ങളുടെ ഇഷ്ടം മനസിലാക്കിയുള്ള മാറ്റമാണ് തരൂരില്‍ കാണുന്നത്.

1600 കോടി പാസ്‌വേഡുകള്‍ ചോര്‍ന്നു, ഇന്റര്‍നെറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിവരച്ചോര്‍ച്ച

1600 കോടി പാസ്‌വേഡുകള്‍ ചോര്‍ന്നു, ഇന്റര്‍നെറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിവരച്ചോര്‍ച്ച

സൈബര്‍ സ്പെയ്സില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിവരച്ചോര്‍ച്ച സംഭവിച്ചതായി സൈബര്‍ സുരക്ഷാ വിദഗ്ധരുടെ വെളിപ്പെടുത്തല്‍. ഒരു വെബ്‌സെര്‍വറില്‍ 18.4 കോടി റെക്കോര്‍ഡുകള്‍ അടങ്ങുന്ന അജ്ഞാത ഡേറ്റാബേസ് കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടാണ് പുതിയ വെളിപ്പെടുത്തല്‍. ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, ടെലിഗ്രാം, ഇമെയില്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ പാസ്‌വേര്‍ഡുകളാണ് ചോര്‍ന്നത്. ഡെലപ്പര്‍ അക്കൗണ്ടുകളും ചില സര്‍ക്കാര്‍ പോര്‍ട്ടലുകളും ഉള്‍പ്പെടെയുള്ള ലോഗിന്‍ വിവരങ്ങളും ചോര്‍ന്നിട്ടുണ്ട്. 1600 കോടി പാസ് വേഡുകള്‍ അടങ്ങുന്ന ലോഗിന്‍ വിവരങ്ങള്‍ ചോര്‍ന്നതായി ഗവേഷകര്‍ സ്ഥിരീകരിച്ചതായി ഫോര്‍ബ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒന്നിലധികം ഇന്‍ഫോസ്റ്റീലര്‍മാര്‍ ആണ് ഈ വിവരച്ചോര്‍ച്ചയ്ക്ക് പിന്നിലെന്നാണ് ഗവേഷകര്‍ പറയുന്നത്.

ഫിഷിങ് ആക്രമണങ്ങള്‍, അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യല്‍, വാണിജ്യസ്ഥാപനങ്ങളുടെ ഇമെയിലുകള്‍ കയ്യടക്കല്‍ തുടങ്ങിയ ഒട്ടേറെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇവ ഉപയോഗിക്കാനാവും. 2025 തുടക്കം മുതല്‍ വിവരച്ചോര്‍ച്ച അന്വേഷിക്കുന്ന ഗവേഷകര്‍ 10 ലക്ഷം മുതല്‍ 35 ലക്ഷം വരെ റെക്കോര്‍ഡുകള്‍ അടങ്ങുന്ന 30 ഡേറ്റാ സെറ്റുകളാണ് ആഗോളതലത്തില്‍ കണ്ടെത്തിയത്. അതില്‍ ഏകദേശം 1600 കോടിയോളം റെക്കോര്‍ഡുകള്‍ അടങ്ങുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. കോടിക്കണക്കിന് പാസ് വേഡുകള്‍ ഉള്‍പ്പടെയുള്ള ലോഗിന്‍ വിവരങ്ങള്‍ ആണിവ.

ഇത് വെറുമൊരു വിവരച്ചോര്‍ച്ചയല്ലെന്നും, വലിയ രീതിയില്‍ ചൂഷണം നടത്താനുള്ള പദ്ധതിയുടെ ബ്ലൂ പ്രിന്റ് ആണെന്നും ഗവേഷകര്‍ പറയുന്നു. വെബ്‌സൈറ്റുകളുടെ യുആര്‍എലും അവയുടെ ലോഗിന്‍ വിവരങ്ങളും അവയുടെ പാസ് വേഡുകളും ഇതിലുണ്ട്. ആപ്പിള്‍, ഫെയ്‌സ്്ബുക്ക്, ഗൂഗിള്‍, ഗിറ്റ്ഹബ്, ടെലഗ്രാം, വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ഉള്‍പ്പടെയുള്ള പ്ലാറ്റ്‌ഫോമുകളിലേക്ക് തുറന്നിട്ട വാതിലുകളാണിവയെന്ന് ഗവേഷകര്‍ പറഞ്ഞു.

പാസ് വേഡുകള്‍ കൈകാര്യം ചെയ്യുന്നത് അനിവാര്യമാണെന്ന് ഫോര്‍ബ്‌സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 1600 കോടി ഡേറ്റാബേസില്‍ ഭൂരിഭാഗവും വ്യാപകമായി ഉപയോഗിക്കുന്ന സേവനങ്ങളിലേക്കുള്ള പാസ് വേഡുകളാണെന്നത് അതിന്റെ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ വെളിവാക്കുന്നതാണെന്ന് കീപ്പര്‍ സെക്യൂരിറ്റി സഹസ്ഥാപകനും മേധാവിയുമായ ഡാരെന്‍ ഗുചിയോണ്‍ പറഞ്ഞു. ഇത് വലിയൊരു മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും അദ്ദേഹം പറയുന്നു. ക്ലൗഡ് സ്‌റ്റോറേജുകളില്‍ സൂക്ഷിച്ചുവെച്ചിരിക്കുന്ന ഇത്തരം ലോഗിന്‍ വിവരങ്ങള്‍ ചിലപ്പോള്‍ ഏതെങ്കിലും സൈബര്‍ കുറ്റവാളിയുടെ കയ്യില്‍ എത്തിയേക്കാം. ആ ഡേറ്റാബേസില്‍ നിങ്ങളുടെ ലോഗിന്‍ വിവരങ്ങളും ഉണ്ടായിരിക്കാം.

അതിനാല്‍ പാസ് വേഡ് മാനേജ്‌മെന്റ് ടൂളുകളിലും ഡാര്‍ക്ക് വെബ്ബ് മോണിറ്ററിങ് ടൂളുകളിലും സ്ഥാപനങ്ങള്‍ നിക്ഷേപം നടത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പാസ് വേഡുകള്‍ ചോര്‍ന്നിട്ടുണ്ടെങ്കില്‍ ഉപഭോക്താക്കളെ അത് അറിയിക്കാന്‍ അത്തരം ടൂളുകള്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രകൃതിയും ഗ്രാമഭംഗിയും ആസ്വദിക്കാം; ചേനം പാടശേഖരത്തില്‍ നെല്ലറ ഗ്രാമീണ ടൂറിസം പദ്ധതിക്ക് തുടക്കം

പ്രകൃതിയും ഗ്രാമഭംഗിയും ആസ്വദിക്കാം; ചേനം പാടശേഖരത്തില്‍ നെല്ലറ ഗ്രാമീണ ടൂറിസം പദ്ധതിക്ക് തുടക്കം

തൃശൂര്‍: ഗ്രാമീണ പ്രകൃതിഭംഗി ആസ്വദിക്കാന്‍ തൃശൂര്‍ ജില്ലയില്‍ ഒരിടം. പാറളം, ചേര്‍പ്പ് ഗ്രാമപഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്ന ചേനം തരിശ് പാടശേഖരത്തില്‍ നെല്ലറ ഗ്രാമീണ ടൂറിസം പദ്ധതിക്ക് തുടക്കം. മന്ത്രി ഡോ. ആര്‍ ബിന്ദു പദ്ധതി ഉദ്ഘാടനം ചെയ്തു. എട്ട് കിലോ മീറ്റര്‍ ചുറ്റളവില്‍ വ്യാപിച്ചു കിടക്കുന്ന പാടശേഖരത്തെ ടൂറിസം മാപ്പില്‍ ഉള്‍പ്പെടുത്തി മഴക്കാല വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കുട്ടവഞ്ചി ബോട്ടിങ്ങ്, കയാക്കിങ്ങ് തുടങ്ങി ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന പദ്ധതിയാണ് പാടശേഖരത്തില്‍ തുടക്കമിടുന്നത്. സ്വദേശീയരും, വിദേശിയരുമായി ടൂറിസ്റ്റുകളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം.

ചേനം പാടശേഖര കമ്മിറ്റി കേരളത്തിന്റെ ഏറ്റവും സാധ്യതയുള്ള ഒരു മേഖലയിലേക്കാണ് കാലുകുത്തിയിരിക്കുന്നതെന്ന് മന്ത്രി ആര്‍ ബിന്ദു പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് വ്യക്തമാക്കി. പ്രാദേശിക സാമ്പത്തിക വികസനത്തിന് ഏറെ സഹായകമായ പദ്ധതിയായിത് വളരട്ടെയെന്നും നമ്മുടെ സാംസ്‌ക്കാരിക രൂപങ്ങള്‍ പങ്കുവെക്കാനുള്ള ഒരു വേദികൂടിയായി ഈ പദ്ധതിയെ പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. ചേനം തരിശ് പടവ് പ്രസിഡന്റ് ബിജു പണിക്കശ്ശേരി അധ്യക്ഷത വഹിച്ചു.

വൃക്ക കാത്തിരിക്കുന്നവർക്ക് ലളിത മാർ​ഗം; ‘സ്വാപ്പ് കിഡ്നി ട്രാന്‍സ്പ്ലാന്റ്’ പ്രോത്സാഹിപ്പിക്കാൻ കെ-സോട്ടോ

വൃക്ക കാത്തിരിക്കുന്നവർക്ക് ലളിത മാർ​ഗം; ‘സ്വാപ്പ് കിഡ്നി ട്രാന്‍സ്പ്ലാന്റ്’ പ്രോത്സാഹിപ്പിക്കാൻ കെ-സോട്ടോ

കൊച്ചി: വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വലിയ സങ്കീര്‍ണതകളുള്ളതാണ്. രക്ത ഗ്രൂപ്പടക്കമുള്ള പൊരുത്തക്കേടുകള്‍ കാരണം വൃക്ക കിട്ടാതെ വിഷമിക്കുന്ന രോഗികള്‍ സംസ്ഥാനത്തുണ്ട്. അതിനൊരു പരിഹാരമാകുകയാണ് സ്വാപ്പ് കിഡ്‌നി ട്രാന്‍സ്പ്ലാന്റുകള്‍. കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍ (കെ-സോട്ടോ) ആണ് പദ്ധതിയുമായി രംഗത്തുള്ളത്. സ്വാപ്പ് കിഡ്‌നി ട്രാന്‍സ്പ്ലാന്റുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാ​ഗമായാണ് പദ്ധതി.

സ്വാപ്പ് കിഡ്‌നി മാറ്റിവയ്ക്കല്‍ എന്നത് ഒന്നോ അതിലധികമോ യോജിക്കാത്ത വൃക്ക ദാതാക്കളുടെയും സ്വീകര്‍ത്താക്കളുടെയും ജോഡികള്‍ പരസ്പരം വൃക്കകള്‍ കൈമാറ്റം ചെയ്യുന്ന ശസ്ത്രക്രിയയാണ്. രക്തഗ്രൂപ്പോ മറ്റ് പൊരുത്തക്കേടുകളോ കാരണം വൃക്ക മാറ്റിവയ്ക്കല്‍ സാധ്യമല്ലാത്ത രോഗികള്‍ക്ക് ഇത് പ്രയോജനകരമാണ്.

സംസ്ഥാനത്ത് വൃക്കകള്‍ക്കായി കാത്തിരിക്കുന്ന രോഗികളുടെയും ഡയാലിസിസ് ചികിത്സയ്ക്ക് വിധേയരാകുന്ന രോഗികളുടെയും എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വൃക്ക മാറ്റിവയ്ക്കലിനായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണം – 2231 ആണ്. 2012 മുതല്‍ 2024 വരെയുള്ള കാലയളവിനിടെ സംസ്ഥാനത്ത് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ 656എണ്ണമാണ് നടന്നത്. സ്വാപ്പ് കിഡ്‌നി ട്രാന്‍സ്പ്ലാന്റുകള്‍ക്കായി സ്റ്റാന്‍ഡേര്‍ഡ് മാര്‍​ഗ നിര്‍ദ്ദേശങ്ങളും നെറ്റ്‍വർക്കുകൾ തയ്യാറാക്കുകയും പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യമിടുന്നത്.

‘ചിലപ്പോള്‍, വൃക്ക ദാനം ചെയ്യാന്‍ തയ്യാറുള്ള കുടുംബാംഗങ്ങള്‍ ഉണ്ടാകാം. എന്നാൽ രക്തഗ്രൂപ്പിലെ പൊരുത്തക്കേടും രോഗപ്രതിരോധശേഷിക്കുറവും കാരണം ട്രാന്‍സ്പ്ലാന്റ് സാധ്യമാകണമെന്നില്ല. അത്തരം ഘട്ടങ്ങളിൽ സ്വാപ്പ് കിഡ്‌നി ട്രാന്‍സ്പ്ലാന്റ് ഒരു മാർ​ഗമാണ്. മറ്റ് ആശുപത്രികളിലോ നഗരങ്ങളിലോ ഇതേ പ്രശ്‌നം നേരിടുന്ന ദാതാക്കളും സ്വീകര്‍ത്താക്കളും ഞങ്ങളുടെ കൂടെ ഉണ്ടാകും. ഞങ്ങള്‍ അവരുമായി ആശയവിനിമയം നടത്തുകയും അനുയോജിക്കുന്നത് പരിശോധിച്ച് ശസ്ത്രക്രിയയുമായി മുന്നോട്ടു പോകും’- കെ-സോട്ടോയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ് പദ്ധതിയെക്കുറിച്ച് വിവരിച്ചു.

‘2021ല്‍, കേരള ഹൈക്കോടതി ബന്ധുക്കളല്ലാത്തവര്‍ക്കിടയില്‍ സ്വാപ്പ് വൃക്ക മാറ്റിവയ്ക്കല്‍ അനുവദിച്ചിട്ടുണ്ട്. ഇവയുടെ ഗുണങ്ങളെക്കുറിച്ച് കുടുംബങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. കെ-സോട്ടോയില്‍ ലഭ്യമായ രജിസ്ട്രിയും സോഫ്റ്റ്‍വെയറും ഉപയോഗിച്ച് രോഗികളുടെയും ആശുപത്രികളുടെയും നെറ്റ്‍വർക്കിങ് സാധ്യമാണ്. പൊതുജനങ്ങളെ ബോധവത്കരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. നടപടിക്രമങ്ങൾ സ്വതാര്യവും പൊതുജനങ്ങൾക്കു എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്നതുമായിരിക്കും’- ഡോ. നോബിള്‍ പറഞ്ഞു.

‘ഏകദേശം 30 ശതമാനം രോ​ഗികൾ യോജിക്കുന്ന വൃക്കകൾ ആവശ്യമുള്ളവരുടെ പട്ടികയിലുണ്ട്. അവര്‍ക്ക് ദാതാക്കളുണ്ട്, പക്ഷേ വൃക്കകൾ യോജിക്കില്ല. സ്വാപ്പ് വൃക്ക മാറ്റിവയ്ക്കല്‍ അത്തരം രോഗികളെ സഹായിക്കും. ഈ സംവിധാനം വികസിപ്പിച്ചെടുത്താല്‍ നമുക്ക് നിരവധി രോഗികളെ രക്ഷിക്കാന്‍ കഴിയും. ആളുകളിൽ ഇവയെക്കുറിച്ച് അവബോധം സൃഷ്ടിച്ച് പരിശീലിക്കുന്നതിലൂടെ ട്രാന്‍സ്പ്ലാന്റിനുള്ള സാധ്യതകള്‍ വര്‍ദ്ധിക്കും. ശരിയായ ദാതാവിനൊപ്പം വൃക്ക മാറ്റിവയ്ക്കല്‍ നടത്താനും ചെലവ് കുറയ്ക്കാനും കഴിയും’- ഇഖ്റ, ആസ്റ്റര്‍ മിംസ് ആശുപത്രികളിൽ പ്രവർത്തിക്കുന്ന കണ്‍സള്‍ട്ടന്റ് നെഫ്രോളജിസ്റ്റ് ഡോ. ഫിറോസ് അസീസ് പറയുന്നു.

‘സംസ്ഥാനത്ത് 2000-ത്തിലധികം രോഗികള്‍ വൃക്ക മാറ്റിവയ്ക്കലിനായി കാത്തിരിക്കുന്നു. ഒരു സ്വാപ്പ് ട്രാന്‍സ്പ്ലാന്റ് കുറഞ്ഞത് അവരില്‍ ചുരുക്കം ചിലര്‍ക്കെങ്കിലും ഗുണം ചെയ്യും. കൂടാതെ, ഡയാലിസിസ് ചികിത്സയ്ക്ക് വിധേയരാകുന്ന രോഗികളുടെ എണ്ണം കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നു. തുടക്കത്തിൽ തന്നെ തിരിച്ചറിഞ്ഞ് പ്രാരംഭ ഘട്ടത്തില്‍ തന്നെ ട്രാന്‍സ്പ്ലാന്റ് ശസ്ത്രക്രിയ നടത്തുകയാണെങ്കില്‍ സാധാരണ നിലയിലേക്ക് ജീവിതത്തെ തിരിച്ചു പിടിക്കാൻ പോലും സാധിച്ചേക്കും. ഇതൊരു ടീം വർക്കാണ്. അതിനായി ആശുപത്രികള്‍, ലോജിസ്റ്റിക് സേവനങ്ങള്‍, കുടുംബങ്ങളുടെ സന്നദ്ധത എന്നിവ തമ്മിലുള്ള ഏകോപനം പ്രധാനമാണ്’- ഡോ. നോബിള്‍ കൂട്ടിച്ചേര്‍ത്തു.