നിലമ്പൂരില്‍ സ്വരാജ് വിജയിക്കും; ഫലം വരുന്നതോടെ യുഡിഎഫില്‍ പൊട്ടിത്തെറിയെന്ന് എംവി ഗോവിന്ദന്‍

നിലമ്പൂരില്‍ സ്വരാജ് വിജയിക്കും; ഫലം വരുന്നതോടെ യുഡിഎഫില്‍ പൊട്ടിത്തെറിയെന്ന് എംവി ഗോവിന്ദന്‍

കണ്ണൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ് നല്ല രീതിയില്‍ വിജയിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പോളിങ് കഴിഞ്ഞതോടെ വലിയരീതിയിലുള്ള വിജയം ഉറപ്പാക്കാനാകുന്നുവെന്നതാണ് വസ്തുത. നിലമ്പൂര്‍ തെരഞ്ഞെടുപ്പ് ഫലത്തോടെ യുഡിഎഫിനകത്തും പ്രത്യേകിച്ച് കോണ്‍ഗ്രസിനകത്തും ഉണ്ടായിട്ടുള്ള പിണക്കങ്ങള്‍ കൂടുതല്‍ ശക്തമായി പുറത്തുവരുമെന്ന് ഗോവിന്ദന്‍ പറഞ്ഞു. ശശി തരൂരും കെ മുരളീധരനും തമ്മിലുള്ള വാക് പോര് അതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

സ്വരാജിന്റെ ഭൂരിപക്ഷം പറയാനില്ല. നിലമ്പൂരില്‍ എല്‍ഡിഎഫ് നല്ലരീതിയിലുള്ള പ്രചാരണം നടത്തി. അതിന് നല്ല സ്വീകാര്യത ലഭിച്ചു. പോളിങും മികച്ചതായിരുന്നു. അതുകൊണ്ടുതന്നെ നല്ലരീതിയില്‍ സ്വരാജ് വിജയിക്കുമെന്ന് എംവി ഗോവിന്ദന്‍ ആരംഭിച്ചു. യുഡിഎഫ് നടത്തിയ തെറ്റായ പ്രചാരണങ്ങളെ അതിജീവിക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞു. തെരഞ്ഞെടപ്പില്‍ ആകമാനം കള്ളക്കഥകള്‍ പ്രചരിപ്പിക്കാനാണ് യുഡിഎഫ് ശ്രമിച്ചത്. രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ വച്ച് പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. പലതരം വിവാദങ്ങള്‍ ഉണ്ടാക്കി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് യുഡിഎഫ് ശ്രമിച്ചത്.

മതനിരപേക്ഷ ഉള്ളടക്കം ഉയര്‍ത്തിപ്പിടിച്ച് വര്‍ഗീയ കുട്ടുകെട്ടുകളെ തുറന്നുകാണിക്കാന്‍ എല്‍ഡിഎഫിന് സാധിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച ആ നിമിഷം മുതല്‍ നിലമ്പൂരില്‍ വലിയ സ്വീകാര്യതയാണ് സ്ഥാനാര്‍ഥിക്ക് കിട്ടിയത്. യുഡിഎഫിലും കോണ്‍ഗ്രസിനകത്തും ഉണ്ടായിട്ടുള്ള പിണക്കങ്ങള്‍ കൂടതല്‍ ശക്തിയായി പുറത്തുവരാന്‍ നിലമ്പൂര്‍ തെരഞ്ഞെടുപ്പ് ഫലം ഇടയാക്കുമെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.

കൊല്ലത്ത് ഭര്‍ത്താവ് യുവതിയെ കത്രിക കൊണ്ട് കുത്തിക്കൊന്നു

കൊല്ലത്ത് ഭര്‍ത്താവ് യുവതിയെ കത്രിക കൊണ്ട് കുത്തിക്കൊന്നു

കൊല്ലം: കുളത്തൂപ്പുഴയില്‍ ഭര്‍ത്താവ് യുവതിയെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി. കുളത്തൂപ്പുഴ സ്വദേശി രേഖയാണ് മരിച്ചത്. ഒളിവില്‍ പോയ ഭര്‍ത്താവ് സനുവിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം.

ഭാര്യയെ സാനുവിന് സംശയമായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതേ ചൊല്ലി ഇരുവരും തമ്മില്‍ വഴക്ക് പതിവാണെന്നും ഇവര്‍ പറയുന്നു. പന്ത്രണ്ട് മണിയോടെ വീട്ടിലെത്തിയ സാനു കത്രിക ഉപയോഗിച്ച് രേഖയുടെ കഴുത്തിലും പുറത്തും കുത്തുകയായിരുന്നു. നിലവിൡകേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭാര്യയെ കുത്തിയ ശേഷം സംഭവസ്ഥലത്തുനിന്ന് ഓടിപ്പോയ പ്രതി സനുവിനായി പൊലീസ് അന്വേഷണം തുടങ്ങി. വീടിന് സമീപത്തുള്ള വനത്തിലേക്ക് കയറിപ്പോയെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തില്‍ കുളത്തുപുഴ പൊലീസ് അന്വേഷണം തുടങ്ങി.

ഇന്റര്‍സിറ്റി എക്‌സ്പ്രസിന് ഇന്നുമുതല്‍ എല്‍എച്ച് ബി കോച്ചുകള്‍

കൊച്ചി: എറണാകുളം-ബംഗലൂരു- എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് ട്രെയിനിന് ജര്‍മന്‍ സാങ്കേതിക വിദ്യയിലുള്ള പുതിയ എല്‍എച്ച് ബി കോച്ചുകള്‍. ഇന്നു മുതലുള്ള സര്‍വീസുകള്‍ക്കാണ് പുതിയ കോച്ചുകള്‍ അനുവദിച്ചത്.

രണ്ട് എ സി ചെയര്‍കാര്‍, 11 നോണ്‍ എസി ചെയര്‍കാര്‍, നാല് ജനറല്‍ കോച്ചുകള്‍ എന്നിങ്ങനെയാണ് ഉണ്ടാകുക. പഴയ മട്ടിലുള്ള കോച്ചുകളേക്കാള്‍ സുരക്ഷിതവും വലിപ്പമേറിയതും സീറ്റുകള്‍ക്കിടയില്‍ കൂടുതല്‍ സ്ഥലസൗകര്യവും എല്‍എച്ച്ബി കോച്ചുകള്‍ക്കുണ്ട്.

ജര്‍മന്‍ സാങ്കേതിക വിദ്യായില്‍ നിര്‍മിച്ച എല്‍എച്ച്ബി കോച്ചുകളില്‍ കുലുക്കവും കുറവായിരിക്കും. രാജ്യത്തെ എല്ലാ ട്രെയിനുകളിലും സൗകര്യങ്ങള്‍ നവീകരിക്കുന്നതിന്റെ ഭാഗമായാണ് കോച്ചുകള്‍ മാറ്റുന്നത്.

മദ്യപിച്ച് സ്‌കൂള്‍ ബസ് ഓടിച്ച ഡ്രൈവര്‍ കസ്റ്റഡിയില്‍; കുട്ടികളെ സ്‌കൂളിലെത്തിച്ചത് പൊലീസ്

മദ്യപിച്ച് സ്‌കൂള്‍ ബസ് ഓടിച്ച ഡ്രൈവര്‍ കസ്റ്റഡിയില്‍; കുട്ടികളെ സ്‌കൂളിലെത്തിച്ചത് പൊലീസ്

പത്തനംതിട്ട: മദ്യപിച്ച് സ്‌കൂള്‍ ബസ് ഓടിച്ച ഡ്രൈവറെ പൊലീസ് പിടികൂടിയതിനെ തുടര്‍ന്ന് കുട്ടികളെ സ്‌കൂളിലെത്തിച്ച് പൊലീസ്. പത്തനംതിട്ട ഇലന്തൂരിലെ സിഎംഎസ് സ്‌കൂളിലെ ബസ് ഡ്രൈവര്‍ ലിബിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബസില്‍ വിദ്യാര്‍ത്ഥികളുണ്ടായിരുന്നത് കൊണ്ട് പൊലീസ് ഡ്രൈവര്‍ തന്നെ കുട്ടികളെ സ്‌കൂളിലെത്തിക്കുകയായിരുന്നു.

ഇലന്തൂര്‍ കുഴിക്കാല സിഎംഎസ് എച്ച്എസ്എസ് സ്‌കൂളിലെ ബസിലാണ് ഡ്രൈവര്‍ മദ്യപിച്ചെത്തിയത്. പതിവ് പരിശോധനക്കിടെയാണ് സംഭവം ശ്രദ്ധയില്‍ പെട്ടതെന്ന് പൊലീസ് വ്യക്തമാക്കുന്നു. പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ജങ്ഷന് സമീപത്ത് വെച്ച് നടത്തിയ പരിശോധനയിലാണ് ഡ്രൈവര്‍ മദ്യ ലഹരിയിലാണെന്ന് കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ തന്നെ ഇക്കാര്യം തെളിയുകയും ചെയ്തു. ഡ്രൈവറെ കസ്റ്റഡിയിലെടുത്ത പൊലീസ് കുട്ടികളെ സ്‌കൂളില്‍ എത്തിക്കുകയായിരുന്നു.

ഡ്രൈവര്‍ക്കെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. കുട്ടികളുമായി പോകുന്ന വാഹനങ്ങള്‍ പരിശോധിക്കണമെന്ന് ജില്ല പൊലീസ് മേധാവി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഡ്രൈവര്‍മാര്‍ മദ്യപിച്ചിട്ടുണ്ടോ എന്നതാണ് അതിലേറ്റവും പ്രധാനം. ഈ പരിശോധനക്കിടെയാണ് ഡ്രൈവര്‍ ലിബിന്‍ പിടിയിലാകുന്നത്.

സ്വർണം താഴോട്ടോ? വിലയിൽ ഇടിവ്, ഇന്നത്തെ നിരക്ക് അറിയാം

സ്വർണം താഴോട്ടോ? വിലയിൽ ഇടിവ്, ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് 440 രൂപ കുറഞ്ഞു. ഇതോടെ കേരളത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില 73,680 യായി. ഒരു ഗ്രാം സ്വർണത്തിന്റെ വില 9210 രൂപയായി. ഇന്നലെ ഒരു പവൻ സ്വർണത്തിന് 74120 രൂപയായിരുന്നു. ഏക്കാലത്തേയും ഉയർന്ന നിരക്കിൽ ഈ മാസം സ്വർണവില തൊട്ടിരുന്നു.

ഇറാനെതിരെ ഇസ്രയേല്‍ ആക്രമണം നടത്തിയ ഘട്ടത്തിലായിരുന്നു വില വര്‍ധിച്ചത്. ഈ മാസത്തെ ഏറ്റവും വലിയ സ്വര്‍ണ വില 14ാം തീയതിയിലെ 74,560 രൂപയായിരുന്നു. ജൂൺ ഒന്നാം തീയതിയിലെ 71,360 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണ വില.രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം സ്വര്‍ണ വിലയെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്.

സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക്, കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍. കഴിഞ്ഞ മാസങ്ങളില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയത്.

ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നു മുതല്‍

ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നു മുതല്‍

ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നു മുതല്‍ ആരംഭിക്കും. 1600 രൂപ വീതം 62 ലക്ഷം ഗുണഭോക്താക്കള്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുക. കഴിഞ്ഞമാസം ഒരു ഗഡു കുടിശ്ശിക അടക്കം രണ്ടുമാസത്തെ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ലഭിച്ചിരുന്നു. ബാങ്ക് അക്കൗണ്ടുകളിലും സഹകരണസംഘം ജീവനക്കാര്‍ നേരിട്ട് വീട്ടിലും എത്തിച്ചാണ് പെന്‍ഷന്‍ നല്‍കുന്നത്.

ഒരാഴ്ച കൊണ്ട് പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കാന്‍ ആണ് ധനമന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കുടിശ്ശികയില്‍ ഒരു ഗഡു കൂടിയാണ് ഇനി ശേഷിക്കുന്നത്.