കാട്ടുചോലയില്‍ വെള്ളം പതഞ്ഞു പൊങ്ങുന്നു; ആശങ്കയില്‍ നാട്ടുകാര്‍

കാട്ടുചോലയില്‍ വെള്ളം പതഞ്ഞു പൊങ്ങുന്നു; ആശങ്കയില്‍ നാട്ടുകാര്‍

തൃശൂര്‍: ചേലക്കരയില്‍ കാട്ടുചോലയില്‍ വെള്ളം പതഞ്ഞു പൊങ്ങുന്നു. ചേലക്കര പതിനൊന്നാം വാര്‍ഡ് വാരിത്തൂ കുന്ന് പ്രദേശത്താണ് കാട്ടില്‍ നിന്നും ഒഴുകിവരുന്ന ചോലയില്‍ വെള്ളം പതഞ്ഞു പൊങ്ങുന്നത്.

ചൊവ്വാഴ്ച വൈകിട്ടോടു കൂടിയാണ് സംഭവം ജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ സ്ഥലം സന്ദര്‍ശിച്ചു. തുടര്‍ന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടുണ്ട്. അപ്രതീക്ഷത സംഭവത്തില്‍ ആശങ്കയിലാണ് നാട്ടുകാര്‍. വെള്ളത്തിന്റെ സാംപിള്‍ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ടെന്ന് വാര്‍ഡ് മെമ്പര്‍ പിസി മണികണ്ഠന്‍ അറിയിച്ചു.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; പവന് 400 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; പവന് 400 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 400 രൂപയാണ് ഇന്ന് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 74,000 രൂപ. ഗ്രാമിന് 50 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 9250 രൂപ.

ഒന്നിടവിട്ട ദിവസങ്ങളില്‍ വില കൂടിയും കുറഞ്ഞും നില്‍ക്കുന്ന കാഴ്ചയാണ് വിപണിയില്‍ കാണാനാകുന്നത്. വെള്ളിയാഴ്ചയാണ് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചത്. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്. ശനിയാഴ്ചയും വില വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിക്കുന്നതാണ് കണ്ടത്. 75,000 കടന്നും സ്വര്‍ണവില കുതിക്കുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്.

ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം അടക്കമുള്ള വിഷയങ്ങളാണ് ഈ ദിവസങ്ങളില്‍ സ്വര്‍ണവില ഉയരാന്‍ കാരണം.സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകി എത്തിയതാണ് സ്വര്‍ണവില ഉയരാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.

കോവളം തീരത്ത് അടിഞ്ഞ പ്ലാസ്റ്റിക് തരികൾ നീക്കുന്നതിടെ സിവിൽ ഡിഫൻസ് ജീവനക്കാർക്ക് അസ്വസ്ഥത, ചികിത്സ തേടി

കോവളം തീരത്ത് അടിഞ്ഞ പ്ലാസ്റ്റിക് തരികൾ നീക്കുന്നതിടെ സിവിൽ ഡിഫൻസ് ജീവനക്കാർക്ക് അസ്വസ്ഥത, ചികിത്സ തേടി

തിരുവനന്തപുരം: കൊച്ചിയുടെ പുറം കടലിൽ മുങ്ങിയ എംഎസ് സി എൽസ 3 ചരക്ക് കപ്പലിലുള്ള കണ്ടെയ്നറിനൊപ്പം കോവളത്ത് അടിഞ്ഞ പ്ലാസ്റ്റിക് തരികൾ നീക്കുന്നതിടെ സിവിൽ ഡിഫൻസ് ജീവനക്കാർക്ക് അസ്വസ്ഥത. ശുചീകരണം നടത്തുകയായിരുന്ന ഫയർഫോഴ്സ് സിവിൽ ഡിഫൻസ് വിഭാഗത്തിലെ ചിലർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. പ്ലാസ്റ്റിക് തരികൾ വാരിമാറ്റിക്കൊണ്ടിരുന്ന നാലോളം പേർക്കാണ് അലർജി സംബന്ധമായ ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. ഇവർ വിഴിഞ്ഞം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.

ഗ്ലൗസ് ധരിച്ചത് സംബന്ധിച്ച അലർജിയാണ് ബുദ്ധിമുട്ട് ഉണ്ടാക്കിയതെന്ന് വിഴിഞ്ഞം ഫയർഫോഴ്സ് അറിയിച്ചു. പ്രാഥമിക ചികിത്സ നിരീക്ഷണത്തിനുശേഷം ഇവരെ വിട്ടയച്ചു. കണ്ടൈയ്നറിൽ നിന്നും എത്തിയ പ്ലാസ്റ്റിക് തരികളാണ് കോവളം വിവിധ ബീച്ചുകളിൽ ഫയർഫോഴ്സ് സിവിൽ ഡിഫൻസ് വിഭാഗത്തിന്‍റെ നേതൃത്വത്തിൽ ശുചീകരിച്ച് വരുന്നത്. വരും ദിവസങ്ങളിലും ശുചീകരണം തുടരുമെന്നും ഫയർഫോഴ്സ് അറിയിച്ചു.

വിവാഹ ചടങ്ങുകളിലും സര്‍ക്കാര്‍ പരിപാടികളിലും പ്ലാസ്റ്റിക് വേണ്ട; ഒക്ടോബര്‍ രണ്ടു മുതല്‍ നിരോധനം നടപ്പാക്കാന്‍ ഹൈക്കോടതി ഉത്തരവ്

വിവാഹ ചടങ്ങുകളിലും സര്‍ക്കാര്‍ പരിപാടികളിലും പ്ലാസ്റ്റിക് വേണ്ട; ഒക്ടോബര്‍ രണ്ടു മുതല്‍ നിരോധനം നടപ്പാക്കാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വിവാഹ ചടങ്ങുകളിലും മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധിച്ച് ഹൈക്കോടതി. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കൊണ്ടുള്ള ഭക്ഷണ പാത്രങ്ങള്‍, പ്ലേറ്റുകള്‍, കപ്പ്, സ്‌ട്രോ, കവറുകള്‍, ബേക്കറി ബോക്‌സുകള്‍ തുടങ്ങിയവ ഉപയോഗിക്കുന്നതിനും വില്‍ക്കുന്നതിനുമാണ് നിരോധനം.

കൊച്ചി: വിവാഹ ചടങ്ങുകളിലും മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധിച്ച് ഹൈക്കോടതി. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കൊണ്ടുള്ള ഭക്ഷണ പാത്രങ്ങള്‍, പ്ലേറ്റുകള്‍, കപ്പ്, സ്‌ട്രോ, കവറുകള്‍, ബേക്കറി ബോക്‌സുകള്‍ തുടങ്ങിയവ ഉപയോഗിക്കുന്നതിനും വില്‍ക്കുന്നതിനുമാണ് നിരോധനം.

സംസ്ഥാനത്ത് നടക്കുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഔദ്യോഗിക ചടങ്ങുകളിലും ഈ നിരോധനം ബാധകമായിരിക്കും. ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടു മുതല്‍ നിരോധനം പ്രാബല്യത്തിലാക്കാന്‍ ജസ്റ്റിസുമാരായ ബെച്ചു കുര്യന്‍ തോമസ്, പി ഗോപിനാഥ് എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചു. നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മതിയായ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി ഉത്തരവില്‍ ആവശ്യപ്പെടുന്നു. ഹൈക്കോടതിയില്‍ അപ്പീല്‍ നിലനില്‍ക്കുന്നതിനാല്‍ 60 ജിഎസ്എമ്മില്‍ കൂടുതലുള്ള നോണ്‍ വോവന്‍ ബാഗുകളുടെ കാര്യത്തില്‍ നിരോധനം ബാധകമല്ല.

മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളായ മൂന്നാര്‍, അടിമാലി, മാങ്കുളം, പള്ളിവാസല്‍, മറയൂര്‍, ദേവികുളം, കാന്തല്ലൂര്‍, വട്ടവട തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ വരുന്ന മൂന്നാര്‍ മേഖല, തേക്കടി, വാഗമണ്‍, അതിരപ്പിള്ളി, ചാലക്കുടി അതിരപ്പിള്ളി മേഖല, നെല്ലിയാമ്പതി, പൂക്കോട് തടാകംവൈത്തിരി, സുല്‍ത്താന്‍ ബത്തേരി, കര്‍ലാഡ് തടാകം, അമ്പലവയല്‍, വയനാട് ഹെറിറ്റേജ് മ്യൂസിയം എന്നീ ടൂറിസം ഹില്‍ സ്റ്റേഷനുകളിലും ഒറ്റത്തവണ പ്ലാസ്റ്റിക്കിനുള്ള വിലക്ക് ബാധകമാണ്.

നിരോധിത മേഖലകളില്‍ കുടിവെളള ലഭ്യത ഉറപ്പാക്കുന്നതിന് കിയോസ്‌കുകള്‍ സ്ഥാപിക്കണം. വെളളം കുടിക്കുന്നതിനായി സ്റ്റീല്‍, കോപ്പര്‍ ഗ്ലാസുകള്‍ ഉപയോഗിക്കണം. ജലാശയങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉപേക്ഷിക്കുന്നത് തദ്ദേശ സ്ഥാപനങ്ങള്‍ തടയണം. പ്ലാസ്റ്റിക്കിന് പകരം സമാന്തര സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കണം തുടങ്ങിയ കാര്യങ്ങള്‍ ഹൈക്കോടതി ഉത്തരവില്‍ നിര്‍ദേശിക്കുന്നു.

കണ്ണൂരില്‍ വീണ്ടും തെരുവ് നായ ആക്രമണം; 11 പേര്‍ക്ക് കടിയേറ്റു

കണ്ണൂരില്‍ വീണ്ടും തെരുവ് നായ ആക്രമണം; 11 പേര്‍ക്ക് കടിയേറ്റു

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ ഭീതി പടര്‍ത്തി വീണ്ടും തെരുവ് നായ ആക്രമണം. പതിനൊന്ന് പേര്‍ക്ക് കടിയേറ്റു. പുതിയ ബസ് സ്റ്റാന്‍ഡ്, റെയില്‍വെ സ്റ്റേഷന്‍ പരിസരങ്ങളിലാണ് തെരുവ് നായ ആളുകളെ ആക്രമിച്ചത്. രാവിലെ ആറ് മണിയോടെ ആയിരുന്നു നായയുടെ ആക്രമണം. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സതേടി. ഇന്നലെ 56 പേരെ തെരുവ് നായ ആക്രമിച്ചിരുന്നു.

താവക്കര പുതിയ ബസ് സ്റ്റാന്‍ഡ് പ്രഭാത് ജങ്ഷന്‍, എസ് ബി ഐ ബാങ്ക് റോഡ് പരിസരം, പഴയ ബസ് സ്റ്റാന്‍ഡ് പ്രദേശം എന്നിവിടങ്ങളില്‍ ആയിരുന്നു ചൊവാഴ്ച തെരുവ് നായ ആളുകളെ ആക്രമിച്ചത്. നഗരത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയ വഴി യാത്രക്കാര്‍ക്കാണ് കടിയേറ്റത്. വിദ്യാര്‍ഥിനിയെ നായ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവരികയും ചെയ്തിരുന്നു.

എന്നാല്‍, പിന്നീട് ഈ നായയെ ചത്തനിലയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നും നായയുടെ ആക്രമണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇരട്ട ന്യൂനമർദ്ദം, ശക്തമായ പടിഞ്ഞാറൻ കാറ്റ് ; മഴ തുടരും; ഓറഞ്ച് അലർട്ട്

ഇരട്ട ന്യൂനമർദ്ദം, ശക്തമായ പടിഞ്ഞാറൻ കാറ്റ് ; മഴ തുടരും; ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: തെക്കൻ ഗുജറാത്തിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു. വടക്ക് പടിഞ്ഞാറൻ ബംഗ്ലാദേശിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലായി മറ്റൊരു ന്യൂനമർദ്ദം രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിക്കാൻ സാധ്യത. കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നു. ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്നു മുതൽ നാളെ വരെ ( ജൂൺ 19 വരെ ) ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ പരമാവധി 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. കാസർകോട്, കണ്ണൂർ ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പുള്ളത്. വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ ഏഴു ജില്ലകളിലും അതിശക്ത മഴ മുന്നറിയിപ്പുണ്ട്.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള തീരത്ത് ഇന്നും, കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ നാളെ വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.