ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ അഞ്ചു വിദ്യാർത്ഥികളും പ്ലസ് വൺ പ്രവേശനം നേടി, പ്രതിഷേധം

ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ അഞ്ചു വിദ്യാർത്ഥികളും പ്ലസ് വൺ പ്രവേശനം നേടി, പ്രതിഷേധം

താമരശ്ശേരി ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരായ അഞ്ചു വിദ്യാർത്ഥികളും പ്ലസ് വൺ പ്രവേശനം നേടി. താമരശ്ശേരി ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിലും കോഴിക്കോട് നഗരപരിധിയിലെ സ്കൂളുകളിലുമാണ് പ്രവേശനം നേടിയത്. താമരശ്ശേരി വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ കെഎസ്‌യുവിന്റെയും എംഎസ്എഫിന്റെയും വൻ പ്രതിഷേധമാണുണ്ടായത്. അതേസമയം പ്രവേശനം നൽകിയ നടപടി വേദനാജനകമെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും ഷഹബാസിൻ്റെ പിതാവ് ഇഖ്ബാൽ പറഞ്ഞു.

ഹൈക്കോടതിയുടെ നിർദേശപ്രകാരം രാവിലെ 10 മണിയോടെയാണ് കുറ്റാരോപിതരായ വിദ്യാർഥികളെ പ്ലസ് വൺ പ്രവേശനത്തിനായി പുറത്തിറക്കിയത്. ഇതിൽ മൂന്നു പേർക്ക് താമരശ്ശേരി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലാണ് പ്രവേശനം ലഭിച്ചിരുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് ആയിരുന്നു താമരശ്ശേരി സ്കൂൾ പരിസരത്തുണ്ടായിരുന്നത് .വിദ്യാർത്ഥികളെ എത്തിക്കും മുമ്പ് പ്രതിഷേധിച്ച എംഎസ്എഫ് പ്രവർത്തകരെ ആദ്യം പോലീസ് അറസ്റ്റ് ചെയ്തു നീക്കി.പൊലീസ് അകമ്പടിയോടെ കുട്ടികളുമായുള്ള വാഹനമെത്തി. വാഹനത്തിന് മുന്നിൽ കെഎസ്‌യുവിന്റെ പ്രതിഷേധമുണ്ടായി. ബലം പ്രയോഗിച്ചു പ്രവർത്തകരെ വാഹനത്തിൽ കയറ്റി. വിദ്യാഭ്യാസ വകുപ്പിനെനെതിരെ പ്രതിഷേധം തുടരുമെന്ന് കെഎസ് യു അറിയിച്ചു.

അര മണിക്കൂറിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കി മൂന്ന് കുട്ടികളേയും ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റി. കുട്ടികളുടെ സ്വഭാവ സർട്ടിഫിക്കറ്റിൽ തൃപ്തികരമല്ല എന്നായിരുന്നു രേഖപ്പെടുത്തിയത്. തുടർന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതരോട് കൂടിയാലോചന നടത്തി ഇവർക്ക് പ്രവേശനം നൽകി. മറ്റ് രണ്ടു കുട്ടികൾ കോഴിക്കോട് നഗരത്തിലെ സ്കൂളുകളിലാണ് പ്രവേശനം നേടിയത്. പ്ലസ് വൺ പ്രവേശനത്തിനായി ഹൈക്കോടതി ഇന്ന് ഒരു ദിവസത്തെ സമയമായിരുന്നു അനുവദിച്ചത്. ഈ കുട്ടികളുടെ ജാമ്യാപേക്ഷ വിധി പറയുന്നതിനായി ഹൈക്കോടതി മാറ്റിയിരിക്കുകയാണ്.

ബക്രീദിന് അവധി ശനിയാഴ്ച

ബക്രീദിന് അവധി ശനിയാഴ്ച

തിരുവനന്തപുരം: സംസ്ഥാനത്ത് ബക്രീദ് അവധി ശനിയാഴ്ച. നാളത്തെ ബലി പെരുന്നാള്‍ അവധി ശനിയാഴ്ചയിലേക്ക് മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കി. മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം. നാളെയും മറ്റന്നാളും അവധി വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.

മാസപ്പിറവി വൈകിയതിനെ തുടർന്ന് ബക്രീദ് ജൂൺ 7ന് (ശനിയാഴ്ച) ആയിരിക്കുമെന്ന് മതപണ്ഡിതർ അറിയിച്ച സാഹചര്യത്തിലാണ് അവധി മാറ്റിയത്. മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ചയാണ് ബക്രീദ് എന്ന് വിവിധ മതസംഘടനകൾ അറിയിച്ചിട്ടുണ്ട്. അറഫ നോമ്പ് ജൂണ്‍ ആറിനായിരിക്കുമെന്നും ബലി പെരുന്നാള്‍ ജൂണ്‍ ഏഴിനായിരിക്കുമെന്നും സമസ്ത പ്രസിഡൻ്റ് ജിഫ്രി മുത്തുകോയ തങ്ങളും പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളും പ്രൊഫസർ ആലിക്കുട്ടി മുസ്‌ലിയാറും ഉൾപ്പെടെയുള്ളവർ അറിയിച്ചിരുന്നു. നേരത്തെ ജൂൺ ആറിന് (വെള്ളിയാഴ്ച ) ആയിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്.

ഇരട്ടക്കൊല: പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസ്

ഇരട്ടക്കൊല: പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസ്

തൃശൂർ: പടിയൂരിൽ വീടിനുള്ളിൽ അമ്മയേയും മകളേയും കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രേംകുമാറിനായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. ആദ്യ ഭാര്യ വിദ്യയെ കൊന്ന് കാട്ടിൽ കുഴിച്ചു മൂടിയ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് പ്രേംകുമാർ രണ്ടാം ഭാര്യ രേഖയെ (43)യും രേഖയുടെ അമ്മ മണി(74)യേയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്.

കാറളം വെള്ളാനി സ്വദേശി കൈതവളപ്പിൽ പരേതനായ പരമേശ്വരന്‍റെ ഭാര്യ മണി, മകൾ രേഖ എന്നിവരെയാണ് കഴിഞ്ഞദിവസം വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പടിയൂർ പഞ്ചായത്തിന് സമീപം ഉള്ള വീട്ടിൽ നിന്നും ദുർഗന്ധം വന്നതിനെ തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് അമ്മയേയും മകളേയും വീടിന്റെ ഹാളിലും സമീപത്തെ മുറിയിലുമായി മരിച്ച് കിടക്കുന്നത് കണ്ടത്. മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കം ഉണ്ടായിരുന്നു. തുടരന്വേഷണത്തിൽ രേഖയുടെ രണ്ടാമത്തെ ഭർത്താവ് കോട്ടയം സ്വദേശി പ്രേംകുമാർ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഇവിടെ ഉണ്ടായിരുന്നുവെന്നും സംഭവത്തിന് പിന്നാലെ ഇയാളെ കാണാനില്ലെന്നും വ്യക്തമായത്

കൊച്ചി കപ്പലപകടം: മുങ്ങിയ കണ്ടെയ്‌നറുകളില്‍ എന്ത്?, വിവരങ്ങള്‍ പുറത്തുവിടാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി കപ്പലപകടം: മുങ്ങിയ കണ്ടെയ്‌നറുകളില്‍ എന്ത്?, വിവരങ്ങള്‍ പുറത്തുവിടാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി: അറബിക്കടലില്‍ കപ്പല്‍ മുങ്ങിയ സംഭവത്തില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി. മുങ്ങിയ കണ്ടെയ്‌നറുകളില്‍ എന്തായിരുന്നു?. ചരക്കുകപ്പലിലെ കണ്ടെയ്‌നറുകളിലെ വസ്തുക്കള്‍ എന്തായിരുന്നുവെന്ന് വ്യക്തമാക്കണം. മുങ്ങിയ കണ്ടെയ്‌നറുകള്‍ മൂലമുള്ള പാരിസ്ഥിതിക പരിണിതഫലങ്ങള്‍ എന്താകുമെന്നും കോടതി ചോദിച്ചു. പൊതു ഇടങ്ങളിലും വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. മെയ് 25 ലെ കപ്പല്‍ അപകടത്തില്‍ ലഭ്യമായ എല്ലാ വിവരങ്ങളും, ചരക്ക് വിശദാംശങ്ങള്‍, എണ്ണ ചോര്‍ച്ച, പാരിസ്ഥിതിക ആഘാതം തുടങ്ങിയവ ഉള്‍പ്പെടെ, പൊതുസമൂഹത്തിന് മുന്നില്‍ പ്രസിദ്ധീകരിക്കാന്‍ ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു.

കപ്പല്‍ അപകടം സമുദ്രത്തെയും തീരദേശ പരിസ്ഥിതിയെയും ബാധിക്കുമെന്നുറപ്പാണ്. കപ്പലില്‍ നിന്നും ഒഴുകിപ്പോയ കണ്ടെയ്‌നറുകളിലെ ചരക്കുകളെക്കുറിച്ചും അതു സൃഷ്ടിച്ചേക്കാവുന്ന ആഘാതത്തെക്കുറിച്ചും വിവരങ്ങള്‍ ലഭ്യമാക്കണം. ഇതു സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ലെങ്കില്‍, കേസില്‍ അടുത്ത വാദം കേള്‍ക്കുന്നതിന് മുമ്പ് വിവരങ്ങള്‍ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാര്‍ അഭിഭാഷകന് നിര്‍ദേശം നല്‍കി.

വര്‍ഷങ്ങളായി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിര്‍ദ്ദേശം ഉണ്ടെങ്കിലും, ഇത്തരം ദുരന്തങ്ങള്‍ തടയുന്നതിനോ കൈകാര്യം ചെയ്യുന്നതിനോ ഫലപ്രദമായ ഒരു സംവിധാനം ഇപ്പോഴും നിലവിലില്ലെന്ന് ഹര്‍ജിക്കാരനായ ടി എന്‍ പ്രതാപന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. കേസ് കോടതിയുടെ പരിഗണനയിലുണ്ടെന്നും, സംസ്ഥാന സര്‍ക്കാരിന്റെ മറുപടി ലഭിച്ചതിനുശേഷം കൂടുതല്‍ വാദം കേള്‍ക്കുമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റുകയും ചെയ്തു.

മെയ് 25നാണ് കേരളതീരത്തുനിന്ന് 14.6 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിൽ എംഎസ്‍സി എല്‍സ – 3 എന്ന ലൈബീരിയൻ ചരക്കുകപ്പൽ അപകടത്തിൽപ്പെട്ടത്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് ചരക്കുകപ്പൽ അറബിക്കടലില്‍ മുങ്ങിയത്. കപ്പലിലുണ്ടായിരുന്ന 640 കണ്ടെയ്നറുകളില്‍ 13 എണ്ണത്തില്‍ അപകടകരമായ വസ്തുക്കളാണെന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. കപ്പല്‍ പൂര്‍ണമായി മുങ്ങിയതോടെ കണ്ടെയ്നറുകള്‍ സംസ്ഥാനത്തിന്‍റെ തെക്കന്‍ തീരങ്ങളില്‍ പലയിടത്തായി അടിഞ്ഞിരുന്നു.

അധ്യാപകരുടെ കുടിപ്പകയിൽ വിദ്യാർഥിനി ബലിയാടായ സംഭവം; ഇടപെട്ട് മന്ത്രി വി ശിവൻകുട്ടി, അന്വേഷിക്കാൻ നിർദേശം

അധ്യാപകരുടെ കുടിപ്പകയിൽ വിദ്യാർഥിനി ബലിയാടായ സംഭവം; ഇടപെട്ട് മന്ത്രി വി ശിവൻകുട്ടി, അന്വേഷിക്കാൻ നിർദേശം

തിരുവനന്തപുരത്ത് അധ്യാപകർ തമ്മിലുള്ള കുടിപ്പകയിൽ വിദ്യാർഥിനി ബലിയാടായ സംഭവത്തിൽ അടിയന്തിര ഇടപെടലുമായി വിദ്യാഭ്യാസ വകുപ്പ്. വിഷയം അന്വേഷിക്കാൻ വിദ്യാഭ്യാസ ഉപ ഡയറക്ടർക്ക് നിർദേശം നൽ‍കി മന്ത്രി വി ശിവൻകുട്ടി. സ്കൂൾ നടത്തിപ്പിനെ കുറിച്ചും അന്വേഷണം നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിയെ കുറിച്ച് വ്യാജ പ്രചാരണം നടത്തിയത് വലിയ തെറ്റാണെന്ന് മന്ത്രി പറഞ്ഞു.

പുതിയ സവിശേഷ കാര്യമാണ് കിളിമാനൂർ സ്കൂളിൽ നടന്നതെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പരാതിയിൽ വെറുതെ ഇരിക്കാൻ തയ്യാറല്ല. കുറ്റം ചെയ്തവർക്കെതിരെ കർശന നടപടിയെടുക്കും. അന്വേഷിച്ചു ഒരു ആഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ ഉപ ഡയറക്ടർക്ക് നിർദ്ദേശം നൽകിയെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

ഇത്തരം കുറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കുറ്റക്കാരെ വെറുതെ വിടുന്ന സർക്കാരല്ല ഇവിടെയുള്ളതെന്ന് അവർ അറിയണമെന്ന് മന്ത്രി പറഞ്ഞു. സംഭവത്തിൽ ഒരാഴ്ചയ്ക്കകം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നിർദേശം നൽകുമെന്ന് മന്ത്രി വ്യക്തമാക്കി. കുട്ടികളുടെ സുരക്ഷയാണ് സർക്കാരിന്റെ പ്രധാന്യം. കുട്ടികൾക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകരുത്. താഴെയുള്ള ഉദ്യോഗസ്ഥർ അനങ്ങാറില്ല. അതാണ് സർക്കാർ നേരിട്ട് ഇടപെടുന്നതെന്ന് മന്ത്രി പറഞ്ഞു.

ഏത് വിഷയത്തിലും കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടായെന്ന് ബോധ്യപ്പെട്ടാൽ സർക്കാർ ഇടപെടുകയും കുറ്റക്കാരെ നടപടിക്ക് വിധേയരാക്കുകയും ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി. കിളിമാനൂർ രാജാ രവിവർമ്മ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലായിരുന്നു സംഭവം. അധ്യാപകർ തമ്മിലുള്ള തർക്കത്തിൽ പ്ലസ് വൺ വിദ്യാർഥിയെ കുറിച്ച് വ്യാജ പ്രചാരണം നടത്തി. എതിർ ചേരിയിലെ അധ്യാപകൻ വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നായിരുന്നു പ്രചാരണം. നാണക്കേട് കാരണം പഠനം ഉപേക്ഷിച്ചുവെന്ന് വിദ്യാർഥിനി മാധ്യമങ്ങളോട് പറഞ്ഞു.

തന്നെ കുറിച്ച് കള്ള കഥകൾ പ്രചരിപ്പിച്ച അധ്യാപികയെ തുടരാൻ അനുവദിക്കരുതെന്നാണ് പെൺകുട്ടി ആവശ്യപ്പെടുന്നത്. കഷ്ടപ്പെട്ട് പഠിച്ചിട്ടും ഈ ഗതി വന്നതിൽ വലിയ വിഷമമെന്നും വിദ്യാർത്ഥിനി തുറന്നു പറയുന്നു. ദുരനുഭവം സംബന്ധിച്ച് മന്ത്രിക്കും പരാതി നൽകിയിരുന്നു. കൂടുതൽ നിയമനടപടിയുമായി മുന്നോട്ടു പോകാനാണ് കുടുംബത്തിന്റെ തീരുമാനം.

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; ഇന്നത്തെ നിരക്കറിയാം

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; ഇന്നത്തെ നിരക്കറിയാം

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഇന്ന് ഒരു പവൻ സ്വർണത്തിന് 320 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ സ്വർണവില 73000 രൂപ കടന്നു. 73040 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില. ഒരു ഗ്രാം സ്വർണത്തിന് 40 രൂപയാണ് ഇന്ന് ഉയർന്നത്. 9130 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് നൽകേണ്ടത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.