സൗഹൃദംസ്ഥാപിച്ച് നഗ്‌നചിത്രം പകര്‍ത്തി ഭീഷണി; യുവാവില്‍ നിന്നും 60 ലക്ഷവും 61 പവനും തട്ടി, യുവതി കീഴടങ്ങി

സൗഹൃദംസ്ഥാപിച്ച് നഗ്‌നചിത്രം പകര്‍ത്തി ഭീഷണി; യുവാവില്‍ നിന്നും 60 ലക്ഷവും 61 പവനും തട്ടി, യുവതി കീഴടങ്ങി

കോട്ടയം: സൗഹൃദംസ്ഥാപിച്ച് നഗ്നചിത്രങ്ങളെടുത്തശേഷം ഭീഷണിപ്പെടുത്തി യുവാവില്‍ നിന്നും 60 ലക്ഷവും 61 പവനും തട്ടിയെടുത്ത സംഭവത്തില്‍ പ്രതിയായ യുവതി പൊലീസില്‍ കീഴടങ്ങി. കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് കോട്ടയം അതിരമ്പുഴ അമ്മഞ്ചേരി കുമ്മണ്ണൂര്‍ വീട്ടില്‍ ധന്യ അര്‍ജുന്‍ (37) കീഴടങ്ങിയത്. അമേരിക്കയില്‍ സോഫ്‌റ്റ്വേര്‍ എന്‍ജിനീയറായ അയല്‍വാസിയായ യുവാവിനെ ഭീഷണിപ്പെടുത്തി ധന്യ പണം തട്ടിയെന്നാണ് കേസ്. ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ലൈംഗികബന്ധവും മദ്യവും കൈക്കൂലിയായി ആവശ്യപ്പെട്ടു എന്ന് പരാതി നല്‍കി കേസില്‍ കുടുക്കിയ സംഭവത്തിലും പ്രതിയാണ് ധന്യ. .

2022 മാര്‍ച്ച് മുതല്‍ 2024 ഡിസംബര്‍ കാലയളവിലായിരുന്നു സംഭവം. ഭാര്യയുടെ പഠനസൗകര്യത്തിനായി അമ്മഞ്ചേരിയില്‍ പ്രതിയുടെ വീടിനടുത്ത് വാടകയ്ക്ക് താമസിച്ചിരുന്ന യുവാവാണ് തട്ടിപ്പിന് ഇരയായത്. യുവാവിനോട് അടുപ്പം സ്ഥാപിച്ച ധന്യ സ്വകാര്യചിത്രങ്ങള്‍ പകര്‍ത്തി ചിത്രങ്ങള്‍ പരാതിക്കാരന്റെ ബന്ധുക്കള്‍ക്കും മറ്റും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുകയായിരുന്നു. പലതവണകളായി 60 ലക്ഷം രൂപ യുവതിയും ഭര്‍ത്താവ് അര്‍ജുനും ചേര്‍ന്ന് തട്ടിയെടുത്തു. പ്രതികളുടെ സുഹൃത്തായ മണര്‍കാട് സ്വദേശി അലന്‍ തോമസും യുവാവിനെ ഭീഷണിപ്പെടുത്തി പണം വാങ്ങിയിരുന്നു.

പണത്തിന് പുറമെ യുവാവിന്റെ ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന കുടുംബാംഗങ്ങളുടെ 61 പവന്‍ സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തു. ഇതിന് ശേഷമാണ് യുവാവ് പരാതി നല്‍കിയത്. പിന്നാലെ ധന്യ മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിക്കുകയും ചെയ്തു. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയാണ് ഇവര്‍ കീഴടങ്ങിയത്. ഗര്‍ഭിണിയായതിനാല്‍ ഇവര്‍ക്ക് കോടതി ജാമ്യംനല്‍കി.

കേരളത്തില്‍ മൂന്ന്, നാല് റെയില്‍ പാതകള്‍ അപ്രായോഗികം: ഇ ശ്രീധരന്‍

കേരളത്തില്‍ മൂന്ന്, നാല് റെയില്‍ പാതകള്‍ അപ്രായോഗികം: ഇ ശ്രീധരന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ നിലവിലുള്ള ഇരട്ട പാതയ്ക്ക് സമാന്തരമായി മൂന്നാമത്തെയും നാലാമത്തെയും റെയില്‍വേ ലൈനുകള്‍ എന്ന റെയില്‍വേ നിര്‍ദേശം അപ്രായോഗികം എന്ന് ഇ ശ്രീധരന്‍. കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍, മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പങ്കുവച്ച പദ്ധതി സംസ്ഥാനത്ത് പ്രായോഗികമല്ലെന്നാണ് ഇ ശ്രീധരന്റെ നിലപാട്. സില്‍വര്‍ ലൈനിന് ബദലായുള്ള പാത സംബന്ധിച്ച് സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്തെ നിലവിലുള്ള ഇരട്ട പാതയ്ക്ക് സമാന്തരമായി മൂന്നാമത്തെയും നാലാമത്തെയും റെയില്‍വേ ലൈനുകള്‍ എന്ന റെയില്‍വേ നിര്‍ദേശം അപ്രായോഗികം എന്ന് ഇ ശ്രീധരന്‍. കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍, മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പങ്കുവച്ച പദ്ധതി സംസ്ഥാനത്ത് പ്രായോഗികമല്ലെന്നാണ് ഇ ശ്രീധരന്റെ നിലപാട്. സില്‍വര്‍ ലൈനിന് ബദലായുള്ള പാത സംബന്ധിച്ച് സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്.

സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയായ സില്‍വര്‍ ലൈനിനായുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തില്‍ താല്‍പ്പര്യമില്ലെന്ന് കേന്ദ്രം അറിയിച്ചിരുന്നു. സാങ്കേതികവും പാരിസ്ഥിതികവുമായ കാരണങ്ങളാല്‍ കെ-റെയില്‍ കോര്‍പ്പറേഷന്‍ മുന്നോട്ടുവച്ച പദ്ധതി അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയം വ്യക്തമാക്കിയത്. ഇതേത്തുടര്‍ന്ന് ഇ ശ്രീധരന്റെ ബദല്‍ നിര്‍ദ്ദേശം പരിശോധിക്കാന്‍ സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇ ശ്രീധരന്റെ നിര്‍ദ്ദേശം കഴിഞ്ഞ ഫെബ്രുവരിയില്‍ കേന്ദ്രത്തിന് മുന്നില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ചിരുന്നു എന്ന് മുഖ്യമന്ത്രിയോട് ഒപ്പമുണ്ടായിരുന്ന കെ വി തോമസ് അറിയിച്ചിരുന്നു. എന്നാല്‍ അവര്‍ ഇതുവരെ അത് വിശദമായി പഠിച്ചിട്ടില്ല. പുതിയ പദ്ധതി നിര്‍ദേശത്തില്‍ ഉടന്‍ തന്നെ അന്തിമ തീരുമാനം മെട്രോമാന്‍ ഇ ശ്രീധരനെ അറിയിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

ഇതിനിടെയാണ് വടക്ക് നിന്ന് തെക്കന്‍ കേരളത്തിലേക്കുള്ള മൂന്നാമത്തെയും നാലാമത്തെയും പാതകള്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ സജീവ പരിഗണനയിലാണ്. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് എക്സില്‍ കുറിച്ചത്. ഇതുവഴി യാത്രക്കാര്‍ക്കും ചരക്കുകള്‍ക്കും റെയില്‍ മാര്‍ഗം കൂടുതല്‍ ഉപയോഗിക്കാന്‍ കഴിയുമെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.

നഴ്‌സിങ് കോളജുകളുടെ അഫിലിയേഷന്‍ ഈ മാസം 10 നകം; ഫീസ് വര്‍ധന ആവശ്യം ഫീസ് നിയന്ത്രണ സമിതിക്ക് വിടും

നഴ്‌സിങ് കോളജുകളുടെ അഫിലിയേഷന്‍ ഈ മാസം 10 നകം; ഫീസ് വര്‍ധന ആവശ്യം ഫീസ് നിയന്ത്രണ സമിതിക്ക് വിടും

തിരുവനന്തപുരം: ഇക്കൊല്ലത്തെ നഴ്‌സിങ്, പാരാമെഡിക്കല്‍ പ്രവേശനത്തിനായി ( nursing) സ്വാശ്രയ നഴ്‌സിങ് കോളജുകളുടെ അഫിലിയേഷന്‍ നടപടികള്‍ ഈ മാസം പത്തിനകം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. ജൂണ്‍ പത്തിനകം ആരോഗ്യ സര്‍വകലാശാലയും കേരള നഴ്‌സിങ് കൗണ്‍സിലും കോളജുകള്‍ക്കുള്ള അഫിലിയേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കും. ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി സ്വശ്രയ മാനേജ്‌മെന്റുകള്‍ നടത്തിയ ചര്‍ച്ചയിലാണ് ഈ ധാരണ.

കോളജുകളിലെ നേരിട്ടുള്ള പരിശോധന പൂര്‍ത്തിയാകാത്തതിനാല്‍ ഉപാധികളോടെയാകും അഫിലിയേഷന്‍ നല്‍കുക. അഫിലിയേഷന്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ നഴ്‌സിങ് കോളജുകള്‍ക്ക് പ്രവേശന പ്രോസ്‌പെക്ടസ് പ്രവേശനി ഫീസ് നിയന്ത്രണ സമിതിയുടെ അംഗീകാരത്തിന് സമര്‍പ്പിക്കാനാകും. ഇത് വേഗത്തിലാക്കാനുള്ള നിര്‍ദേശം സര്‍ക്കാര്‍ നല്‍കും.

പ്രവേശനം തുടങ്ങുന്ന ഓഗസ്റ്റ് ഒന്നിന് മുമ്പ് നടപടികള്‍ പൂര്‍ത്തീകരിക്കും. നഴ്‌സിങ് കോളജുകളിലെ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളിലെ ക്ലിനിക്കല്‍ പരിശീലനത്തിന് നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കും. ബി.എസ് സി നഴ്‌സിങ് ഫീസ് വര്‍ധന സംബന്ധിച്ച മാനേജ്‌മെന്റുകളുടെ ആവശ്യം പരിശോധിക്കാന്‍ ഫീസ് നിയന്ത്രണ സമിതിക്ക് നിര്‍ദേശം നല്‍കും. സ്വാശ്രയ കോളജുകളിലെ 50 ശതമാനം മാനേജ്‌മെന്റ് സീറ്റുകളിലേക്കുള്ള പ്രവേശന നടപടികള്‍ 10 ന് ശേഷം ആരംഭിക്കാനാകുമെന്ന് അസോസിയേഷന്‍ പ്രതിനിധികള്‍ പറഞ്ഞു.

പ്ലസ് വണ്‍ : ആദ്യ അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് അഡ്മിഷന്‍ ഇന്നുകൂടി മാത്രം

പ്ലസ് വണ്‍ : ആദ്യ അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് അഡ്മിഷന്‍ ഇന്നുകൂടി മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ് സി പ്ലസ് വണ്‍ ( plus one ) പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഇന്നു കൂടി സ്‌കൂളുകളില്‍ പ്രവേശനം നേടാം. ഇന്ന് വൈകീട്ട് അഞ്ചുമണി വരെ സ്‌കൂളില്‍ ചേരാം. ആദ്യ ഓപ്ഷനില്‍ത്തന്നെ അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഫീസും ബന്ധപ്പെട്ട രേഖകളും ഹാജരാക്കി സ്ഥിരം പ്രവേശനം നേടണം. അല്ലാത്തവര്‍ക്ക് ഫീസ് അടയ്ക്കാതെ താല്‍ക്കാലിക പ്രവേശനം നേടാം.

സമയപരിധിക്കുള്ളില്‍ പ്രവേശനം നേടാത്തവരുടെ അലോട്ട്‌മെന്റ് റദ്ദാകും. തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ അവരെ പരിഗണിക്കില്ല. അതിനാല്‍ ആദ്യ അലോട്ട്‌മെന്റില്‍ ഇടംനേടിയ വിദ്യാര്‍ത്ഥികള്‍ ഒന്നാം ഓപ്ഷന്‍ ലഭിച്ചില്ലെങ്കില്‍, താല്‍ക്കാലിക അഡ്മിഷനെടുക്കണം. ഒന്നാം ഓപ്ഷന്‍ പ്രകാരം അലോട്ട്മെന്റ് ലഭിക്കുന്നവര്‍ ഫീസടച്ച് അഡ്മിഷന്‍ എടുത്തില്ലെങ്കില്‍ ഈ സീറ്റുകള്‍ ഒഴിഞ്ഞതായി കണക്കാക്കും. ഇവര്‍ക്ക് പിന്നീട് അവസരം ലഭിക്കില്ല.

ഹയര്‍സെക്കന്‍ഡറിയില്‍ ആദ്യ അലോട്ട്‌മെന്റിന് ശേഷം സംവരണ വിഭാഗത്തിലെ 69,000 സീറ്റ് മിച്ചമുണ്ടായിരുന്നു. അതും അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തതിനാല്‍ ഒഴിവു വന്ന സീറ്റുകളും ചേര്‍ത്ത് രണ്ടും മൂന്നും അലോട്ട്‌മെന്റുകള്‍ പ്രസിദ്ധീകരിക്കും. ചൊവ്വാഴ്ചയാണ് രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുക. 16 ന് മൂന്നാം അലോട്ട്‌മെന്റും പ്രസിദ്ധീകരിക്കും.

സപ്ലിമെന്ററി അലോട്ട്മെന്റാണ് പിന്നീട് പ്രസിദ്ധീകരിക്കുക. ആദ്യ മൂന്ന് അലോട്ട്മെന്റുകളിലും ഉള്‍പ്പെടാത്തവര്‍ സപ്ലിമെന്ററി അലോട്ട്മെന്റിനായി പുതിയ ഓപ്ഷനുകള്‍ ചേര്‍ത്ത് അപേക്ഷ പുതുക്കണം. ജൂണ്‍ 28 മുതല്‍ ജൂലായ് 23 വരെയാണ് സപ്ലിമെന്ററി അലോട്ട്മെന്റ്. അലോട്ട്‌മെന്റുകള്‍ പൂര്‍ത്തീകരിച്ച് പ്ലസ്‍ വണ്‍ ക്ലാസ്സുകള്‍ ജൂണ്‍ 18-ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു.

ഒറ്റപ്പെട്ട ശക്തമായ മഴ; നാല് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്

ഒറ്റപ്പെട്ട ശക്തമായ മഴ; നാല് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യതാ പ്രവചനം പുറത്തുവന്നു. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് ഇന്ന് മഞ്ഞ അലർട്ട്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്.മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം.

വാക്കുകള്‍ വളച്ചൊടിച്ചു; പെന്‍ഷന്‍ പരാമര്‍ശത്തില്‍ മാപ്പുപറയില്ലെന്ന് കെസി വേണുഗോപാല്‍

വാക്കുകള്‍ വളച്ചൊടിച്ചു; പെന്‍ഷന്‍ പരാമര്‍ശത്തില്‍ മാപ്പുപറയില്ലെന്ന് കെസി വേണുഗോപാല്‍

മലപ്പുറം: ക്ഷേമപെന്‍ഷനുമായി ബന്ധപ്പെട്ട് തന്റെ പരാമര്‍ശം വളച്ചൊടിച്ചെന്നും മാപ്പുപറയില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. തെരഞ്ഞെടുപ്പുകാലത്താണ് സര്‍ക്കാര്‍ പെന്‍ഷന്‍ കുടിശ്ശിക നല്‍കുന്നത്. പെന്‍ഷന്‍ കൊടുക്കുന്നുണ്ടെങ്കിലും കുടിശ്ശിക ഇപ്പോഴും ബാക്കിയാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. ക്ഷേമനിധി ബോര്‍ഡുകള്‍ എത്ര കോടി കൊടുക്കാനുണ്ടെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും മറുപടി പറയണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പാവപ്പെട്ടവരുടെ പെന്‍ഷന്‍ കൃത്യമായി യഥാസമയം നല്‍കുമെന്നായിരുന്നു വാഗ്ദാനമെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് 7 മാസത്തെ കുടിശ്ശികയുള്ളപ്പോള്‍ രണ്ടുമാസത്തെ കുടിശ്ശിക മാത്രമാണ് നല്‍കിയത്. ഈ തെരഞ്ഞടുപ്പുകാലത്ത് കൊടുക്കാനുള്ള കുടിശ്ശികയില്‍ ഒരുമാസത്തേത് മാത്രമാണ് നല്‍കുന്നത്. കുടിശ്ശിക കൊടുക്കാനുള്ള അവസരമായി ഇവര്‍ തെരഞ്ഞെടുപ്പിനെ ഉപയോഗിക്കുകയാണ്. തന്റെ പ്രസംഗത്തില്‍ പെന്‍ഷനെ കുറിച്ച് പറഞ്ഞതില്‍ ഒരുഭാഗമെടുത്ത് വളച്ചൊടിക്കുകയാണ്. ഇതൊന്നും ജനം വിശ്വസിക്കില്ലെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു.

പാവപ്പെട്ടവരുടെ ക്ഷേമനിധി ബോര്‍ഡുകളില്‍ എത്ര കോടികള്‍ കുടിശ്ശിക നല്‍കാനുണ്ടെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പറയണം. കര്‍ഷകര്‍ നെല്ല് വിറ്റാല്‍ അതിന്റെ പണം യഥാസമയം കൊടുക്കാന്‍ കഴിയുന്നുണ്ടോ? വന്യമൃഗങ്ങള്‍ കൊന്നവര്‍ക്ക് നഷ്ടപരിഹാരം മുഴുവനുമായി നല്‍കാന്‍ കഴിയുന്നുണ്ടോ. പണം വൈകിക്കുന്നതിനായി ആവശ്യമില്ലാത്ത ഒരുപാട് ഫോര്‍മാലിറ്റി ഉണ്ടാക്കിയില്ലേ?. എന്നാല്‍ സര്‍ക്കാരിന്റെ പിആര്‍ വര്‍ക്കിന് ഇഷ്ടം പോലെ സമയം ഉണ്ട്. ഇത് ചൂണ്ടിക്കാണിച്ചതിന്റെ ജാള്യതയാണ് തനിക്കെതിരെ രംഗത്തുവരാന്‍ പ്രേരിപ്പിച്ചതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

അതേസമയം, കെസി വേണുഗോപാല്‍ ക്ഷേമപെന്‍ഷനെ കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ കടുത്ത വിമര്‍ശനവുമായി സിപിഎം രംഗത്തെത്തി. പെന്‍ഷന്‍ വാങ്ങുന്നവരെ അപമാനിക്കുന്ന പരാമര്‍ശമാണ് കെസി വേണുഗോപാല്‍ നടത്തിയതെന്നും അദ്ദേഹം മാപ്പ് പറയണമെന്നുമാണ് ഇടതുമുന്നണിയുടെ ആവശ്യം. പെന്‍ഷന്‍ വാങ്ങുന്നവരെ അപമാനിച്ച കെസി വേണുഗോപാല്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നിലമ്പൂര്‍ ടൗണില്‍ ഇടതുമുന്നണി പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

ക്ഷേമപെന്‍ഷന്‍ കൈക്കൂലി ആക്കിയെന്ന കെ സി വേണുഗോപാലിന്റെ പ്രസ്താവന സാധാരണക്കാരോടുള്ള വെല്ലുവിളി ആണെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സാധാരണക്കാരുടെ ജീവിതത്തെ കെ സി വേണുഗോപാല്‍ അപഹസിക്കുകയാണ്. തെരഞ്ഞെടുപ്പ് വേദികളില്‍ സാധാരണക്കാരെ അപഹസിക്കുന്നതും ഇകഴ്ത്തിക്കാട്ടുന്നതും കോണ്‍ഗ്രസ് നേതാക്കള്‍ അവസാനിപ്പിക്കണം. പരാജയഭീതി കൊണ്ടാണ് 62 ലക്ഷം കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന പദ്ധതിയെ കെസി വേണുഗോപാല്‍ പരിഹസിക്കുന്നതെന്നും മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.