‘നടിക്കെതിരെ നിരന്തരം ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍’ ; ലൈംഗികാധിക്ഷേപ കേസില്‍ ബോബി ചെമ്മണൂരിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

‘നടിക്കെതിരെ നിരന്തരം ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍’ ; ലൈംഗികാധിക്ഷേപ കേസില്‍ ബോബി ചെമ്മണൂരിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: ലൈംഗികാധിക്ഷേപ കേസില്‍ വ്യവസായി ബോബി ചെമ്മണൂരിനെതിരെ ( Bobby Chemmanur )പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. നടിക്കെതിരെ ബോബി ചെമ്മണൂര്‍ നിരന്തരം ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

നടിയെ അധിക്ഷേപിക്കുക എന്ന ഉദ്ദേശത്തോടെയാണ് ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തിയത്. സമൂഹമാധ്യമങ്ങളിലൂടെ പലര്‍ക്കുമെതിരെ ബോബി ചെമ്മണൂര്‍ ലൈംഗികാധിക്ഷേപം നടത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഇതിന്റെ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.

ബോബി ചെമ്മണൂരിനെതിരെ രണ്ട് വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ലൈംഗികാധിക്ഷേപത്തിന് പുറമേ പിന്തുടര്‍ന്ന് ശല്യം ചെയ്തതിന്റെ വകുപ്പുമാണ് ബോബി ചെമ്മണൂരിനെതിരെ ചുമത്തിയത്. നടിയുടെ പരാതിയില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തിയത്.

കേസില്‍ അറസ്റ്റിലായ ബോബി കാക്കനാട് ജയിലില്‍ റിമാന്‍ഡിലായിരുന്നു. ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെയാണ് പുറത്തിറങ്ങിയത്. ജയില്‍ മോചിതനായ ശേഷം പരസ്യമായി മാപ്പ് ചോദിച്ച് ബോബി ചെമ്മണൂര്‍ രംഗത്തെത്തിയിരുന്നു. മാര്‍ക്കറ്റിങ്ങിനായി പലതും പറയാറുണ്ടെന്നും അറിഞ്ഞുകൊണ്ട് ആരെയും ദ്രോഹിച്ചിട്ടില്ലെന്നുമായിരുന്നു ബോബി ചെമ്മണൂര്‍ അഭിപ്രായപ്പെട്ടത്.

പൊതുവിദ്യാഭ്യാസ പുനരുജ്ജീവന പദ്ധതിയുടെ വിജയസാക്ഷ്യമാണ് കിളിമാനൂര്‍ ഗവ. ടൗണ്‍ യു.പി.എസ് : മന്ത്രി വി ശിവന്‍കുട്ടി

പൊതുവിദ്യാഭ്യാസ പുനരുജ്ജീവന പദ്ധതിയുടെ വിജയസാക്ഷ്യമാണ് കിളിമാനൂര്‍ ഗവ. ടൗണ്‍ യു.പി.എസ് : മന്ത്രി വി ശിവന്‍കുട്ടി

കേരള സര്‍ക്കാര്‍ അവതരിപ്പിച്ച പൊതുവിദ്യാഭ്യാസ പുനരുജ്ജീവന പദ്ധതിയുടെ വിജയസാക്ഷ്യമാണ് കിളിമാനൂര്‍ ഗവ. ടൗണ്‍ യു.പി.എസിലെ ബഹുനിലമന്ദിരത്തിന്റെ ശിലാ സ്ഥാപനമെന്നും, നമ്മുടെ കുട്ടികള്‍ക്ക് വിജ്ഞാനത്തിന്റെ പുതിയ ഉയരങ്ങളിലേയ്ക്ക് പറക്കാനുള്ള ശക്തിയേകുന്ന നിര്‍മാണങ്ങളാണ് ഇതെന്ന് നമ്മള്‍ ഉറപ്പാക്കണമെന്നും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. കിളിമാനൂര്‍

ഗവ. ടൗണ്‍ യു.പി.എസിലെ ബഹുനിലമന്ദിരത്തിന്റെ ശിലാ സ്ഥാപനം, നവീകരിച്ച സ്‌കൂള്‍ അങ്കണം, പ്രവേശന കവാടം, ചുറ്റുമതില്‍ എന്നിവ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുവിദ്യാഭ്യാസ മേഖല കേരളത്തിലെ സാമൂഹിക പുരോഗതിയുടെ അടിത്തറയാണ്. നമ്മുടെ ഭാവി ഭദ്രമാക്കാന്‍ പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്നതാണ് നമ്മുടെ പ്രതിബദ്ധത എന്നും അതിന്റെ ഭാഗമായാണ് ബഹുനില കെട്ടിടത്തിന്റെ ശിലാസ്ഥാപനമെന്നും മന്ത്രി പറഞ്ഞു.

പുതിയ കെട്ടിടം സ്‌കൂളിന്റെ ഭൗതികസൗകര്യങ്ങളില്‍ പുതിയ അധ്യായം തുറക്കുകയാണ്. കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് മനോഹരമായ പഠനാന്തരീക്ഷം ഉറപ്പാക്കാന്‍ ഇത് സഹായിക്കും. വിദ്യാഭ്യാസത്തെ കേവലം ജ്ഞാനത്തിന്റെ ഇടം എന്നതില്‍ നിന്നല്ല, സമൂഹത്തെ മാറ്റിനിര്‍മിക്കുന്ന ശക്തിയായി കാണുന്ന ഒരു ഭാവിയാണ് നമ്മള്‍ കൈവരിക്കാന്‍ ശ്രമിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കിളിമാനൂര്‍ ഗവ. ടൗണ്‍ യു.പി.എസിന് കിഫ്ബി മുഖാന്തിരം പൊതുവിദ്യാഭ്യാസ വകുപ്പ് 1 കോടി 30 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ ബഹുനില മന്ദിരം നിര്‍മിക്കുന്നത്. പൊതുമരാമത്ത് കെട്ടിടവിഭാഗം 20 ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച സ്‌കൂള്‍ അങ്കണം, ചുറ്റുമതില്‍, പ്രവേശന കവാടം എന്നിവ പൂര്‍ത്തിയാക്കിയത്.

ഒ.എസ് അംബിക എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.സലില്‍, കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ബി.പി. മുരളി, ജില്ലാപഞ്ചായത്ത് അംഗം ജി.ജി.ഗിരികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

അടൂരില്‍ കാര്‍ ലോറിയിലേക്ക് ഇടിച്ചു കയറി, നാലുപേര്‍ക്ക് പരിക്ക്; രണ്ടുപേരുടെ നില ഗുരുതരം

അടൂരില്‍ കാര്‍ ലോറിയിലേക്ക് ഇടിച്ചു കയറി, നാലുപേര്‍ക്ക് പരിക്ക്; രണ്ടുപേരുടെ നില ഗുരുതരം

പത്തനംതിട്ട : അടൂര്‍ ബൈപ്പാസില്‍ വാഹനാപകടത്തില്‍ ( road accident ) നാലു യുവാക്കള്‍ക്ക് പരിക്ക്. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന പന്തളം സ്വദേശികളായ സബിന്‍, വിഷ്ണു, ആദര്‍ശ്, സൂരജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇതില്‍ വിഷ്ണു, ആദര്‍ശ് എന്നിവരുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. ലോറി ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെയോടെ ആയിരുന്നു അപകടം.

കാര്‍ അമിതവേഗത്തില്‍ തെറ്റായ ദിശയില്‍ നിന്ന് വന്ന് ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ലോറി മറിയുകയും ചെയ്തു. നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പിണറായി – ഗഡ്കരി കൂടിക്കാഴ്ച ഇന്ന്; ദേശീയപാത 66 ന്റെ നിലവിലെ സ്ഥിതിയും നിര്‍മ്മാണപുരോഗതിയും ചര്‍ച്ച

പിണറായി – ഗഡ്കരി കൂടിക്കാഴ്ച ഇന്ന്; ദേശീയപാത 66 ന്റെ നിലവിലെ സ്ഥിതിയും നിര്‍മ്മാണപുരോഗതിയും ചര്‍ച്ച

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ ( pinarayi vijayan ) ഇന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തും. ദേശീയപാത 66 ( national highway 66 ) ന്റെ നിലവിലെ സ്ഥിതിയും, ദേശീയപാത നിര്‍മ്മാണ പുരോഗതി അടക്കമുള്ള കാര്യങ്ങളും ചര്‍ച്ചയാകും. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും കൂടിക്കാഴ്ചയില്‍ പങ്കെടുക്കും.

പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ ബിജുവും ഉച്ചയ്ക്ക് നടക്കുന്ന ചര്‍ച്ചയില്‍ സംബന്ധിക്കും. ദേശീയപാത 66ന്റെ കേരളത്തിലെ വികസനം ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തീകരിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. നിര്‍മാണത്തിന്റെ നിലവിലെ സ്ഥിതിയും ശേഷിക്കുന്ന ഭാഗത്തിന്റെ നിര്‍മാണപുരോഗതിയും ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും.

മലപ്പുറം കൂരിയാട് ഉള്‍പ്പെടെ ദേശീയപാത നിര്‍മാണത്തിലുണ്ടായ അപാകത സംബന്ധിച്ച ആശങ്ക അറിയിക്കും. ഇവിടെ ബദല്‍ മാര്‍ഗം എന്തു വേണമെന്നത് സംബന്ധിച്ചു സംസ്ഥാനത്തിന്റെ നിര്‍ദേശവും പങ്കുവയ്ക്കും.

രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനു ശേഷം ദേശീയപാത അതോറിറ്റി ചെയര്‍മാന്‍ സന്തോഷ്‌കുമാര്‍ യാദവ് ഇന്ന് ഡല്‍ഹിയ്ക്ക് മടങ്ങും. കേരളത്തിലെ വിവിധ ദേശീയപാത പദ്ധതികളുടെ പുരോഗതി സംസ്ഥാനത്തെ എന്‍എച്ച്എഐ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ചെയര്‍മാന്‍ വിലയിരുത്തി.

ചീഫ് സെക്രട്ടറി എ. ജയതിലകുമായും ചെയര്‍മാന്‍ സന്തോഷ്‌കുമാര്‍ യാദവ് കൂടിക്കാഴ്ച നടത്തി. നിര്‍മാണത്തിനിടെ ദേശീയപാത തകര്‍ന്ന മലപ്പുറം കൂരിയാട് ഉള്‍പ്പെടെയുള്ള വടക്കന്‍ ജില്ലകള്‍ സന്ദര്‍ശിക്കാതെയാണ് ദേശീയപാത അതോറിറ്റി ചെയര്‍മാന്റെ മടക്കം. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ദേശീയപാത നിര്‍മാണ മേഖലകളാണ് സന്ദര്‍ശിച്ചത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് ( rain alert ) സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ ഇന്ന് അതിശക്ത മഴ മുന്നറിയിപ്പും ( yellow alert ) പുറപ്പെടുവിച്ചിട്ടുണ്ട്.

കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

കേരള – കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള – കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

പ്രത്യേക ജാഗ്രതാ നിര്‍ദേശം

തെക്കു പടിഞ്ഞാറന്‍ അറബിക്കടല്‍,മധ്യ പടിഞ്ഞാറന്‍ അറബിക്കടലും അതിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളും എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യത.

തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്ന മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, വടക്കന്‍ തമിഴ്നാട് തീരം, തെക്കന്‍ ആന്ധ്രാ പ്രദേശ് തീരം, മധ്യ ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കന്‍ ഭാഗങ്ങള്‍, വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനോട് ചേര്‍ന്ന ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നും അധികൃതര്‍ അറിയിച്ചു.

വീണ്ടും റെക്കോര്‍ഡ് ഭേദിക്കുമോ?, ഗിയറിട്ട് കുതിച്ച് സ്വര്‍ണവില; 73,000ലേക്ക്

വീണ്ടും റെക്കോര്‍ഡ് ഭേദിക്കുമോ?, ഗിയറിട്ട് കുതിച്ച് സ്വര്‍ണവില; 73,000ലേക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ (kerala gold) വീണ്ടും വര്‍ധന. പവന് 80 രൂപയാണ് കൂടിയത്. ഇന്ന് 72,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 10 രൂപയാണ് വര്‍ധിച്ചത്. 9090 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. തിങ്കളാഴ്ച രണ്ടു തവണകളായി 1120 വര്‍ധിച്ചതോടെയാണ് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും 72,000ന് മുകളില്‍ എത്തിയത്.

കഴിഞ്ഞ മാസം 71,000നും 72,000നും ഇടയില്‍ സ്വര്‍ണ വില കൂടിയും കുറഞ്ഞും നില്‍ക്കുന്ന കാഴ്ചയാണ് വിപണിയില്‍ കണ്ടത്. കഴിഞ്ഞ മാസം 15ന് 68,880 ലേക്ക് കൂപ്പുകുത്തിയ സ്വര്‍ണവില പിന്നീട് കരകയറി 71,000ന് മുകളില്‍ എത്തിയ ശേഷമാണ് ചാഞ്ചാടി നിന്നത്. എന്നാല്‍ തിങ്കളാഴ്ച രണ്ടു തവണകളായി 1120 രൂപ വര്‍ധിച്ച് 72000 കടന്നതോടെ വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുമോ എന്ന പ്രതീതി സൃഷ്ടിച്ചിട്ടുണ്ട്.