by Midhun HP News | Jun 2, 2025 | Latest News, കേരളം
തിരുവനന്തപുരം: 270 വര്‍ഷത്തിന് ശേഷം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ അപൂര്‍വമായ മഹാ കുംഭാഭിഷേകം ചടങ്ങ് നടത്തുന്നു. ക്ഷേത്ര ശ്രീകോവിലിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തിലാണ് മഹാ കുംഭാഭിഷേകം നടത്തുന്നത്. ജൂണ്‍ 8 നാണ് ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ശ്രീകോവിലിന്റെ പവിത്രത പുനരുജ്ജീവിപ്പിക്കുക എന്നതാണ് മഹാ കുംഭാഭിഷേകം ചടങ്ങ് കൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.
സുപ്രീം കോടതി 2017 ല്‍ നിയമിച്ച വിദഗ്ദ്ധ സമിതിയുടെ നിര്‍ദ്ദേശപ്രകാരമാണ് പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയത്. നവീകരണ പ്രവര്‍ത്തനങ്ങള്‍ കോവിഡ് ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ നീണ്ടുപോയിരുന്നു. തുടര്‍ന്ന് 2021 മുതല്‍ ഘട്ടം ഘട്ടമായുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് ഇപ്പോള്‍ പദ്ധതി പൂര്‍ത്തീകരിച്ചിരിക്കുന്നതെന്ന് ക്ഷേത്ര മാനേജര്‍ ബി ശ്രീകുമാര്‍ അറിയിച്ചു.
നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ് പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ വിപുലമായ ശ്രീകോവിലില്‍ പുനരുദ്ധാരണവും അനുബന്ധ ചടങ്ങുകളും നടക്കുന്നത്. ലോകമെമ്പാടുമുള്ള ഭക്തര്‍ക്ക് ഈ ആചാരങ്ങള്‍ കാണാന്‍ കഴിയുന്നത് അപൂര്‍വ അവസരം കൂടിയാണ് ലഭിക്കുന്നത് എന്നും ശ്രീകുമാര്‍ പറയുന്നു.
ശ്രീകോവിലിനു മുകളില്‍ മൂന്നെണ്ണവും ഒറ്റക്കല്‍ മണ്ഡപത്തിന് മുകളില്‍ ഒരെണ്ണവും ഉള്‍പ്പെടുന്ന പുതുതായി നിര്‍മ്മിച്ച താഴികക്കുടങ്ങളുടെ പ്രതിഷ്ഠ, പ്രധാന സമുച്ചയത്തിനുള്ളിലെ തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വിശ്വക്‌സേന വിഗ്രഹത്തിന്റെ പുനഃപ്രതിഷ്ഠ, അഷ്ടബന്ധകലശം എന്നിവയാണ് മഹാ കുംഭാഭിഷേക ചടങ്ങില്‍ ഉള്‍പ്പെടുന്നത്. മഹാ കുംഭാഭിഷേകത്തിന് മുമ്പുള്ള ദിവസങ്ങളില്‍ ആചാര്യവരണം, പ്രസാദ ശുദ്ധി, ധാര, കലശം എന്നിവയുള്‍പ്പെടെ വിവിധ ആചാരങ്ങള്‍ നടത്തുമെന്ന് ക്ഷേത്ര വൃത്തങ്ങള്‍ അറിയിച്ചു.
by Midhun HP News | Jun 2, 2025 | Latest News, കേരളം
സ്കൂൾ പ്രവേശനത്തിന് കാത്തിരുന്ന നാലര വയസുകാരിക്ക് ഓടയിൽ വീണ് ദാരുണാന്ത്യം. കൊട്ടാരക്കര പള്ളിക്കൽ സ്വദേശികളായ അനീഷ് – രശ്മി ദമ്പതികളുടെ മകൾ അക്ഷികയാണ് മരിച്ചത്. കൊല്ലം പന്മന വടുതലയിലെ മാതൃവീടിന് സമീപം ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
ഓടയിലേക്ക് ജലം ഒഴുകിവരുന്ന സ്ഥലത്ത് കളിക്കുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു. 200 മീറ്ററോളം കുഞ്ഞ് വെള്ളത്തിൽ ഒഴുകിപ്പോയി. പ്രദേശവാസികൾ കുഞ്ഞിനെ പുറത്തെടുത്ത് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ കുറച്ചു നാളുകളായി പന്മനയിലെ അമ്മയുടെ വീട്ടിലായിരുന്നു കുട്ടി. സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോകാനിരിക്കെയായിരുന്നു അപകടം. സംഭവം നടക്കുമ്പോൾ മകളുടെ സ്കൂൾ പ്രവേശനത്തിനുള്ള സാധനങ്ങൾ വാങ്ങാനായി മാതാപിതാക്കൾ കടയിൽ പോയിരിക്കുകയായിരുന്നു.
by Midhun HP News | Jun 2, 2025 | Latest News, കേരളം
ഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിരീക്ഷണം ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. നിലവില്‍ രാജ്യത്ത് 3758 പേര്‍ക്ക് കോവിഡ് രോഗബാധയുണ്ടെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുരത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്.
കേരളത്തിലാണ് ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 1400 കോവിഡ് കേസുകള്‍. കേരളത്തില്‍ കോവിഡ് ബാധിച്ച് ഇന്നലെ ഒരാള്‍ കൂടി മരിച്ചു. ചികിത്സയിലായിരുന്ന 24 കാരിയായ യുവതിയാണ് മരിച്ചത്. മഹാരാഷ്ട്രയില്‍ 506 പേര്‍ക്ക് കോവിഡ് ബാധിച്ച് ചികിത്സയിലുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഡല്‍ഹി, ഗുജറാത്ത്, കര്‍ണാടക സംസ്ഥാനങ്ങളിലും കോവിഡ് കേസുകളില്‍ വര്‍ധനയുണ്ട്.
നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് അധികൃതര്‍ സൂചിപ്പിച്ചു. ആശുപത്രികളില്‍ ആവശ്യമായ മരുന്നുകളും ഓക്‌സിജനും വാക്‌സിനുകളും കിടക്കകളും സജ്ജമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കോവിഡ് കേസുകളിലെ പെട്ടെന്നുണ്ടായ വര്‍ദ്ധനവ് മൂലം നിരീക്ഷണം ശക്തമാക്കാനും ആരോഗ്യ പ്രോട്ടോക്കോളുകള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളില്‍ കോവിഡ് പരിശോധന വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
by Midhun HP News | Jun 2, 2025 | Latest News, കേരളം
മലപ്പുറം: പി വി അന്‍വര്‍ ഇനി അടഞ്ഞ അധ്യായമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് . അന്‍വര്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് സാമാന്യ മര്യാദ ലംഘിച്ചുള്ള വാക്കുകളാണ്. യുഡിഎഫുമായി സഹകരിച്ചു പോകാന്‍ തയ്യാറല്ല എന്നതിന്റെ സൂചനയാണ് വ്യക്തമാകുന്നത്. സാമാന്യ മര്യാദകളെല്ലാം ലംഘിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളുമായാണ് അന്‍വര്‍ മുന്നോട്ടു പോകുന്നതെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുന്നുവെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു.
യുഡിഎഫില്‍ സഹകരിപ്പിക്കാമെന്ന് അന്‍വറിനോട് മുന്നണി കണ്‍വീനര്‍ എന്ന നിലയില്‍ താന്‍ തന്നെയാണ് പറഞ്ഞത്. യുഡിഎഫിലെ മുതിര്‍ന്ന നേതാക്കളുമായുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഉരുത്തിരിഞ്ഞ അഭിപ്രായം എന്ന നിലയിലാണ്, യുഡിഎഫ് തീരുമാനം ടെലഫോണിലൂടെ അദ്ദേഹത്തെ അറിയിച്ചത്. സഹകരിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എന്തായാലും അന്‍വര്‍ യുഡിഎഫിനെ സംബന്ധിച്ചിടത്തോളം അടഞ്ഞ അധ്യായമായി മാറിക്കഴിഞ്ഞു. പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളുമായി ആലോചിച്ചാണ് ആ അധ്യായം അടച്ചത്. മുസ്ലിം ലീഗിന് അസംതൃപ്തിയുണ്ടെന്ന് വ്യാജ പ്രചാരണമാണ്. ലീഗ് യുഡിഎഫിനൊപ്പമാണ്. ഞങ്ങള്‍ അന്‍വറിന്റെ പിന്നാലെ പോകുന്ന പ്രശ്‌നമില്ല. പി വി അന്‍വര്‍ നോമിനേഷന്‍ കൊടുക്കുന്നെങ്കില്‍ കൊടുക്കട്ടെയെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
അന്‍വറുമായുള്ള ചര്‍ച്ചയ്ക്കുള്ള വാതില്‍ അടച്ചുവെന്നും, ഇനി ചര്‍ച്ചയില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. യുഡിഎഫിന്‍റെ അഭിമാനം ചോദ്യംചെയ്യാന്‍ ആരെയും അനുവദിക്കില്ല. അത്തരത്തിൽ ഒരു ഒത്തുതീർപ്പ് വേണ്ട. നിലമ്പൂരില്‍ മത്സരിക്കേണ്ടതുണ്ടോ എന്നതെല്ലാം അന്‍വറിന്റെ ഇഷ്ടമാണ്. നിലമ്പൂരില്‍ മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ്. തികച്ചും രാഷ്ട്രീയ മത്സരമാണ് മണ്ഡലത്തില്‍ നടക്കുന്നതെന്നും വി ഡി സതീശൻ അഭിപ്രായപ്പെട്ടിരുന്നു.
by Midhun HP News | Jun 2, 2025 | Latest News, കേരളം
കടുത്തുരുത്തി : മദ്യലഹരിയില്‍ അമിതവേഗത്തില്‍ കാറോടിച്ച് അപകടമുണ്ടാക്കി യുവാവ്. അപകടത്തില്‍ നിന്ന്മോന്‍സ് ജോസഫ് എംഎല്‍എ(Mons Joseph MLA) രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്നലെ രാവിലെ അറുനൂറ്റിമംഗലത്തായിരുന്നു സംഭവം.
മുളക്കുളം ഭാഗത്തുനിന്ന് പാഞ്ഞെത്തിയ കാര്‍ റോഡരികില്‍ നാട്ടുകാരുമായി സംസാരിച്ചു നില്‍ക്കുകയായിരുന്ന മോന്‍സ് ജോസഫ് എംഎല്‍എ് നേരെയാണ് വന്നത്. ഒപ്പമുള്ളവര്‍ പിടിച്ച് മാറ്റിയതിനാലാണ് വന്‍അപകടം ഒഴിവായത്.കാറിന്റെ മുന്‍വശം റോഡില്‍ ഇറക്കിയിട്ടിരുന്ന മണ്ണില്‍ ഇടിച്ചതോടെയാണ് വാഹനം നിന്നത്. തുടര്‍ന്ന് പിന്നോട്ടെടുത്ത കാര്‍ നാട്ടുകാരായ രണ്ടുപേരുടെ ദേഹത്തും തട്ടി. നാട്ടുകാര്‍ കാര്‍ തടഞ്ഞ് ഡോര്‍ തുറന്നതോടെ ഡ്രൈവറായ യുവാവ് മദ്യലഹരിയിലാണെന്നു മനസ്സിലായി. നാട്ടുകാരില്‍ പലര്‍ക്കും പരിചയമുള്ള ആളായിരുന്നു യുവാവ്. സംഭവത്തില്‍ പരാതിയില്ലെന്ന് എംഎല്‍എ പറഞ്ഞു. വെള്ളൂര്‍ പൊലീസും സ്ഥലത്ത് എത്തിയിരുന്നു.
by Midhun HP News | Jun 2, 2025 | Latest News, കേരളം
കാസർക്കോട്: മഞ്ചേശ്വരത്ത് വീട്ടിൽ നിന്നു വൻ കഞ്ചാവ് ശേഖരം പിടികൂടി. സംഭവത്തിൽ ഉപ്പള സോങ്കാൽ സ്വദേശി എ അശോക (45 )യെ അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്‌ഡിൽ 33.05 കിലോ കഞ്ചാവാണ് മഞ്ചേശ്വരം പൊലീസ് പിടികൂടിയത്.
ജില്ലയിലെ കഞ്ചാവ് വിതരണക്കാരിൽ പ്രധാന കണ്ണിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ബെഡ്‌റൂമിലെ കട്ടിലിനടിയിൽ ചാക്കുകളിലാക്കി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കാസർക്കോട് ഡിവൈഎസ്പി സുനിൽ കുമാർ സികെയുടെ മേൽനോട്ടത്തിൽ മഞ്ചേശ്വരം സബ് ഇൻസ്‌പെക്ടർ ഉമേഷ് കെആർ, പ്രൊബേഷനറി എസ്ഐ അജയ് എസ് മേനോൻ, എഎസ്ഐ അതുൽ റാം, രാജേഷ്, വനിത സിപിഒ ദർശന, ഡാൻസാഫ് ടീം അംഗങ്ങളായ സിപിഒ ഷജീഷ്, ഹരിപ്രസാദ്, ഡ്രൈവർ സിപിഒ പ്രശോബ് എന്നിവർ ചേർന്നാണ് ആശോകയെ പിടികൂടിയത്.
Recent Comments