by Midhun HP News | Jun 2, 2025 | Latest News, കേരളം
കൊച്ചി: കൊച്ചി കായലില്‍(Kochi backwaters) ടാന്‍സാനിയന്‍ നാവികസേനാ ഉദ്യോഗസ്ഥനെ കാണാതായി. പരിശീലനത്തിനിടെ തേവര പാലത്തില്‍നിന്ന് ചാടിയ അബ്ജുല്‍ ഇബ്രാഹിം സലാഹി എന്നയാളെയാണ് കാണാതായത്. ഇന്ന് വൈകീട്ടോടെയാണ് സംഭവം. ഫയര്‍ഫോഴ്സും നാവികസേനയും തിരച്ചില്‍ തുടരുകയാണ്.
കൊച്ചിയില്‍ പരിശീലനത്തിനെത്തിയ ടാന്‍സാനിയന്‍ നാവികസേനയിലെ അംഗമാണ് ഇയാള്‍. ഏഴിമല നാവിക അക്കാദമിയില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കി കൊച്ചിയില്‍ എത്തിയതായിരുന്നു.
by Midhun HP News | Jun 2, 2025 | Latest News, കേരളം
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്, ബിജെപി, തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ 10.30 നാണ് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക. നിലമ്പൂര്‍ തഹസില്‍ദാര്‍ മുമ്പാകെയാണ് പത്രികാ സമര്‍പ്പണം. രാവിലെ 09:30 ന് ചന്തക്കുന്ന് ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും പ്രകടനമായി താലൂക്ക് ഓഫീസില്‍ എത്തി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് പി വി അന്‍വര്‍ അറിയിച്ചു.
രാവിലെ 11 മണിയോടെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം സ്വരാജ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. പ്രമുഖ ഇടതു നേതാക്കള്‍ പത്രികാസമര്‍പ്പണ വേളയില്‍ സംബന്ധിക്കും. സ്വരാജിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തിരുന്നു. ഇപ്പോള്‍ തെരഞ്ഞെടുപ്പ് വേണ്ടി വന്നത് ഏറ്റവും വലിയ വഞ്ചന കാണിച്ചത് കൊണ്ടാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.
എം. സ്വരാജിന്റെ സ്ഥാനാര്‍ഥിത്വത്തിന് മണ്ഡലത്തില്‍ മാത്രമല്ല സംസ്ഥാനത്താകെ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം പൊതുവെ നാട് സ്വാഗതം ചെയ്തുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെയുള്ള പൊതുപ്രവര്‍ത്തനത്തിലൂടെ ക്ലീനായ ഇമേജ് നിലനിര്‍ത്തുന്ന നേതാവാണ് സ്വരാജ്. ആരുടെ മുന്നിലും തല ഉയര്‍ത്തി വോട്ട് ചോദിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ബിജെപി സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജ് ഉച്ചയ്ക്ക് ഒന്നരയ്ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. എന്‍ഡിഎ പ്രവര്‍ത്തകരുടെ അകമ്പടിയോടെയാകും മോഹന്‍ ജോര്‍ജ് നിലമ്പൂര്‍ തഹസില്‍ദാര്‍ മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക. മുന്‍ കേരള കോണ്‍ഗ്രസ് നേതാവായ മോഹന്‍ ജോര്‍ജ് ഇന്നലെയാണ് ഔദ്യോഗികമായി ബിജെപി അംഗത്വം സ്വീകരിച്ചത്. മലപ്പുറം ചുങ്കത്തറ സ്വദേശിയായ മോഹന്‍ ജോര്‍ജ് അഭിഭാഷകനാണ്.
by Midhun HP News | Jun 2, 2025 | Latest News, കേരളം
തൊടുപുഴ: ഇടുക്കിയില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് മദ്യലഹരിയില്‍ ഭാര്യയെ മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മാങ്കുളം താളുംങ്കണ്ടം ട്രൈബല്‍ സെറ്റില്‍മെന്റില്‍ താമസിക്കുന്ന രഘു തങ്കച്ചനാണ് മൂന്നാര്‍ പൊലീസിന്റെ പിടിയിലായത്.
ഇയാള്‍ തീ കൊളുത്തിയതിനെ തുടര്‍ന്ന് പൊള്ളലേറ്റ ഭാര്യ കോട്ടയം ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ മുപ്പതാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദമ്പതികള്‍ മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രിയില്‍ മദ്യലഹരിയിലെത്തിയ രഘു ഭാര്യയുമായി വഴക്കുണ്ടാകുകയും വീട്ടില്‍ ഇരുന്ന മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു.
ഇവരുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് തീയണച്ച ശേഷം ഇവരെ ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇവര്‍ കോട്ടയം ആശുപത്രിയില്‍ ചികിത്സയിരിക്കെയാണ് ഇന്ന് മരിച്ചത്. ഭര്‍ത്താവിന് ഭാര്യയില്‍ ഉണ്ടായിരുന്ന സംശയത്തെത്തുടര്‍ന്നാണ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയതെന്ന് മൂന്നാര്‍ സി ഐ രാജന്‍ കെ അരമന പറഞ്ഞു. ദേവികുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
by Midhun HP News | Jun 2, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകളിൽ അർഹരായവർക്ക് മുൻഗണന കാർഡിലേക്ക് മാറാൻ അവസരം. വെള്ള, നീല റേഷന്‍ കാര്‍ഡുകളുള്ളവരിൽ അർഹരായവർക്ക് മുൻഗണനാ (പിങ്ക് കാർഡ് ) വിഭാഗത്തിലേക്ക് മാറ്റാം. ഇതിനായി ഇന്നു മുതൽ ഈ മാസം 15 വരെ ഓൺലൈനായി അപേക്ഷ നൽകാം.
അക്ഷയ കേന്ദ്രങ്ങൾ / ജനസേവന കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ (ecitizen.civilsupplieskerala.gov.in) വഴിയോ അപേക്ഷ നൽകാം. കാർഡിലെ വിവരങ്ങളിൽ മാറ്റമുണ്ടെങ്കിൽ തിരുത്തൽ വരുത്തി അപേക്ഷിക്കണം. മുൻഗണനാ കാർഡിൽ കൂടുതൽ റേഷൻ വിഹിതം സൗജന്യ നിരക്കിൽ ലഭിക്കും. ചികിത്സാ ആനുകൂല്യങ്ങൾക്കും ഉപയോഗിക്കാം. നിലവിൽ 42.22 ലക്ഷം മുൻഗണനാ കാർഡ് ഉടമകളാണ് സംസ്ഥാനത്തുള്ളത്.
അർഹത ഇവർക്ക്
പരമ്പരാഗത/ അസംഘടിത തൊഴിലാളി കുടുംബങ്ങൾ, തദ്ദേശ വകുപ്പിന്റെ ബിപിഎൽ പട്ടികയിലുള്ളവർ, ആശ്രയ പദ്ധതി അംഗങ്ങൾ, സർക്കാർ, അർധസർക്കാർ, പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങളിൽ ജോലിയില്ലാത്ത പട്ടികവർഗക്കാർ, കുടുംബാംഗങ്ങൾ എച്ച്ഐവി പോസിറ്റീവ്, കാൻസർ ബാധിതർ, ഓട്ടിസമുള്ളവർ, ഗുരുതര ശാരീരിക– മാനസിക വെല്ലുവിളിയുള്ളവർ, എൻഡോസൾഫാൻ ബാധിതർ, വൃക്കയോ ഹൃദയമോ മാറ്റിവച്ചവർ, ഡയാലിസിസ് ചെയ്യുന്നവർ, പക്ഷാഘാതവും മറ്റും മൂലം കിടപ്പിലായവർ എന്നിങ്ങനെയാണെങ്കിൽ. നിർധന– നിരാലംബ സ്ത്രീയോ വിധവയോ (21 തികഞ്ഞ പുരുഷന്മാരില്ലാത്ത ഇടങ്ങളിൽ) അവിവാഹിത അമ്മയോ ഉപേക്ഷിക്കപ്പെട്ട സ്ത്രീയോ ഗൃഹനാഥയായ കുടുംബങ്ങൾ.
അർഹതയുള്ളവർ വീടിന്റെ തറ വിസ്തീർണം തെളിയിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം, സ്ഥലത്തിന്റെ 2025 വർഷത്തെ നികുതി രസീത്, പഞ്ചായത്ത് സെക്രട്ടറിയുടെ ബിപിഎൽ സാക്ഷ്യപത്രം, വില്ലേജ് ഓഫീസിൽനിന്നുള്ള വരുമാന സർട്ടിഫിക്കറ്റ്, പട്ടികജാതി/ പട്ടിക വർഗ വിഭാഗക്കാർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഭവന നിർമാണ പദ്ധതി വഴി വീട് ലഭിച്ചവർ, ജീർണാവസ്ഥയിലുള്ള വീടുള്ളവർ, വൈദ്യുതി, കുടിവെള്ളം, കക്കൂസ് എന്നിവയില്ലാത്തവർ അത് തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രം, പരമ്പരാഗത തൊഴിൽ ചെയ്യുന്നവർ ക്ഷേമനിധി അംഗത്വത്തിന്റെ പാസ് ബുക്കിന്റെ പകർപ്പ്, മാരക രോഗങ്ങളുള്ളവർ അത് തെളിയിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കണം.
by Midhun HP News | Jun 2, 2025 | Latest News, കേരളം
തിരുവനന്തപുരം: രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് പുതിയ അധ്യയന വര്‍ഷത്തിലേക്ക്. പ്രവേശനോത്സവത്തോടെ ആരംഭിക്കുന്ന പുതിയ അധ്യയന വര്‍ഷത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം രാവിലെ 9.30ന് ആലപ്പുഴ കലവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
രാവിലെ 9 മണിയ്ക്ക് പൊതുവിദ്യാഭ്യാസ മന്ത്രി ഒന്നാം ക്ലാസിലെ കുട്ടികളെ സ്വാഗതം ചെയ്യും. 9.30 ന് പ്രവേശനോത്സവ ഗാനത്തിന്റെ നൃത്താവിഷ്‌കാരം വേദിയില്‍ നടക്കും. കൊട്ടാരക്കര താമരക്കുടി എസ് വി വി എച്ച് എസ് എസിലെ വിദ്യാര്‍ത്ഥിനിയായ ഭദ്ര ഹരി എഴുതി പ്രശസ്ത സംഗീത സംവിധായകന്‍ അല്‍ഫോണ്‍സ് ജോസഫ് ചിട്ടപ്പെടുത്തിയ ഗാനമാണ് പ്രവേശനോത്സവ ഗാനം. അനു തോമസ്, അലീന മേരി ഷിബു, ജെറിന്‍ ജോര്‍ജ്ജ് എന്നിവരും ഗാനാലാപനത്തിന്റെ ഭാഗമായി. തുടര്‍ന്ന് ഔദ്യോഗിക ചടങ്ങുകള്‍ ആരംഭിക്കും. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
തുടര്‍ന്ന് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേട്ടങ്ങള്‍ സംബന്ധിച്ച പുസ്തക പ്രകാശനമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രി സജി ചെറിയാന് നല്‍കി പ്രകാശനം നിര്‍വഹിക്കും. സംസ്ഥാനതല പ്രവേശനോത്സവം എല്ലാ സ്‌കൂളുകളിലും പ്രദര്‍ശിപ്പിക്കും. തിരുവനന്തപുരത്തെ പ്രവേശനോത്സവം മന്ത്രി ജി ആര്‍ അനിലും, കൊല്ലം മന്ത്രി കെ എന്‍ ബാലഗോപാല്‍, പത്തനംതിട്ട മന്ത്രി വീണാ ജോര്‍ജ്, കോട്ടയം മന്ത്രി വി എന്‍ വാസവന്‍, ഇടുക്കി മന്ത്രി റോഷി അഗസ്റ്റിന്‍, എറണാകുളം മന്ത്രി പി രാജീവ്, തൃശ്ശൂര്‍ മന്ത്രി അഡ്വ. കെ രാജന്‍, പാലക്കാട് മന്ത്രി കെ കൃഷ്ണന്‍കുട്ടി, മലപ്പുറം ജില്ലാ കളക്ടര്‍, കോഴിക്കോട് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ്, വയനാട് മന്ത്രി ഒ ആര്‍ കേളു, കണ്ണൂര്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, കാസര്‍ഗോഡ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി എന്നിവരും ഉദ്ഘാടനം ചെയ്യും. അതിനുശേഷം സ്‌കൂള്‍തല പ്രവേശനോത്സവങ്ങള്‍ നടത്തും. ജനപ്രതിനിധികള്‍, സാംസ്‌കാരിക നായകര്‍ തുടങ്ങി പൊതു സമൂഹമാകെ അണിചേരും.
സ്‌കൂളുകളില്‍ പാഠപുസ്തകങ്ങള്‍ എത്തി. പാഠപുസ്തക, യൂണിഫോം വിതരണങ്ങള്‍ 95 ശതമാനവും ഇതിനകം പൂര്‍ത്തിയാക്കി. സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണപ്രവര്‍ത്തനങ്ങളും അറ്റകുറ്റപ്പണികളും ഫിറ്റ്‌നസ് പരിശോധനയും നേരത്തേ നടത്തിയിരുന്നു. സ്‌കൂളുകളും പരിസരവും ശുചീകരിക്കുന്നതില്‍ എല്ലായിടത്തും വിദ്യാര്‍ഥി, യുവജന, അധ്യാപക സംഘടനകളുടെ വലിയ പങ്കാളിത്തം ഉണ്ടായി. കുടുംബശ്രീയുടെയും റസിഡന്റ്‌സ് അസോസിയേഷനുകളുടെയും സഹകരണവുമുണ്ടായി. പ്രീപ്രൈമറി തലംമുതല്‍ ഹയര്‍ സെക്കന്‍ഡറിവരെ 40 ലക്ഷത്തോളം കുട്ടികളാണ് ഇക്കുറി സ്‌കൂളുകളില്‍ എത്തുന്നത്. ഇതില്‍ മൂന്നുലക്ഷത്തോളം കുരുന്നുകള്‍ ഒന്നാം ക്ലാസിലേക്കാണ്. ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശന നടപടി പുരോഗമിക്കുകയാണ്. അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ ജൂണ്‍ 10 നകം പ്രസിദ്ധീകരിക്കും.
സ്‌കൂള്‍ വിദ്യാഭ്യാസ രീതിയില്‍ പുതിയ മാറ്റങ്ങള്‍ ഉള്‍പ്പെടെ നടപ്പാക്കാനും പുതിയ അധ്യയന വര്‍ഷത്തില്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു. സമഗ്ര ഗുണമേന്മാ വര്‍ഷമായി 2025-26 അധ്യയന വര്‍ഷത്തെ പരിഗണിക്കും. സമഗ്രഗുണമേന്മാ വിദ്യാഭ്യാസം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി വിവിധ പ്രവര്‍ത്തനങ്ങളും പദ്ധതികളും നടപ്പിലാക്കി വരുകയാണ്. ഓരോ ക്ലാസിലും കുട്ടികള്‍ നേടേണ്ട അറിവും കഴിവും അതത് ക്ലാസില്‍ വച്ചു തന്നെ നേടി എന്ന് ഉറപ്പാക്കുക എന്നത് സമഗ്രഗുണമേന്മാ പദ്ധതിയുടെ ഭാഗമാണ്. ഓരോ ഘട്ടത്തിലും കുട്ടികളുടെ പഠനനില അറിഞ്ഞുകൊണ്ട് അതത് അവസരങ്ങളില്‍ ആവശ്യമായ പഠനപിന്തുണ ഉറപ്പാക്കി പഠനത്തില്‍ മുന്നേറാന്‍ പ്രാപ്തരാക്കുക എന്നതാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. ജനാധിപത്യം, മതനിരപേക്ഷത, തുല്യത തുടങ്ങി ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങളും പാഠ്യപദ്ധതി ചട്ടക്കൂട് 2023 മുന്നോട്ട് വെച്ച സാമൂഹികമൂല്യങ്ങളും പൗരബോധവും കുട്ടികളില്‍ ഉളവാകുന്നതരത്തില്‍ പഠനപ്രക്രിയകളെ വികസിപ്പിക്കും.
കുട്ടികള്‍ ആദ്യഘട്ടത്തില്‍ അറിയേണ്ട പൊതുകാര്യങ്ങള്‍ സ്‌കൂള്‍ തുറന്ന് ആദ്യദിവസങ്ങളില്‍ തന്നെ കുട്ടികളില്‍ എത്തിക്കേണ്ടതുണ്ട്. ഇത് ഒറ്റത്തവണ പരിപാടി എന്ന നിലയിലല്ല കാണേണ്ടത്. പാഠ്യപദ്ധതിയുടെ ഭാഗമായ പാഠപുസ്തകങ്ങളില്‍ ഈ ആശയങ്ങള്‍ക്കെല്ലാമിടമുണ്ട്. അതതു സമയങ്ങളില്‍ അവ ആഴത്തില്‍ കുട്ടികളെ പരിചയപ്പെടുത്തണം. അവയ്‌ക്കെല്ലാം ഒരു ആമുഖം എന്ന നിലയിലാണ് സ്‌കൂള്‍ പ്രവര്‍ത്തനാരംഭത്തില്‍ ഇവ അവതരിപ്പിക്കുക. ഒപ്പം തന്നെ രണ്ടാഴ്ച കാലത്തേയ്ക്ക് ദിവസവും ഒരോ മണിക്കൂര്‍ വിവിധ വിഷയങ്ങളില്‍ പൗരബോധം ഉളവാക്കുന്ന ക്ലാസ്സുകളും ഉണ്ടായിരിക്കും.
പ്രീസ്‌കൂള്‍ പഠനാനുഭവങ്ങള്‍ ഇല്ലാതെയും വ്യത്യസ്തങ്ങളായ പ്രീസ്‌കൂള്‍ അനുഭവങ്ങളോടെയും ഒന്നാം ക്ലാസ് പ്രവേശനം നേടുന്ന കുട്ടികള്‍ക്കായി ഒരു സ്‌കൂള്‍ സന്നദ്ധതാ പാക്കേജ് എന്‍.സി.ഇ.ആര്‍.ടി തയ്യാറാക്കിയിട്ടുണ്ട്. മൊഡ്യൂള്‍ വികസിപ്പിക്കാന്‍ സമഗ്ര ശിക്ഷാ കേരളത്തെ ചുമതലപ്പെടുത്തുകയും ചെയ്തു. ഒന്നാം ക്ലാസ് പാഠ്യപദ്ധതി, പാഠപുസ്തകം എന്നിവ പരിഷ്‌കരിച്ച സാഹചര്യത്തില്‍ സമഗ്രശിക്ഷാ കേരളം 2025-26 വര്‍ഷത്തേക്ക് ‘ഒന്നൊരുക്കം’ എന്ന പേരില്‍ അധ്യയന വര്‍ഷത്തിന്റെ ആദ്യത്തെ രണ്ടാഴ്ച നടപ്പിലാക്കുന്നതിലേക്കായി ഒരു സന്നദ്ധതാ പാക്കേജ് തയ്യാറാക്കിയിട്ടുണ്ട്.
ഈ വര്‍ഷത്തെ അവധിക്കാല അധ്യാപക പരിശീലനത്തില്‍ ഒന്നാം ക്ലാസ് അധ്യാപകര്‍ക്ക് ഒന്നൊരുക്കം സന്നദ്ധതാ പാക്കേജ് നടപ്പിലാക്കുന്നത് സംബന്ധിച്ച് പരിശീലനം നല്‍കിയിട്ടുണ്ട്. സ്‌കൂളുകള്‍ക്ക് ഒന്നൊരുക്കം പാക്കേജ് നടപ്പിലാക്കുന്നതിനായുള്ള പഠനോപകരണങ്ങള്‍ വാങ്ങുന്നതിനായി സ്റ്റാര്‍സ് പദ്ധതിയില്‍ നിന്ന് തുക അനുവദിക്കുന്നുണ്ട്. സന്നദ്ധതാ പാക്കേജിലെ പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്ത് കരോക്കെയുള്‍പ്പെടെ സ്‌കൂളുകള്‍ക്ക് കൈമാറുന്നുമുണ്ട്. ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടുന്ന കുട്ടികളുടെ രക്ഷാകര്‍ത്താക്കള്‍ക്കായി ‘ഒന്നൊരുക്കം വീടൊരുക്കം’ എന്ന ഓറിയന്റെഷനുള്ള മൊഡ്യൂളും തയ്യാറാക്കിയിട്ടുണ്ട്. വിവിധ ഗോത്ര ഭാഷകളിലേക്ക് ഒന്നൊരുക്കം മൊഡ്യൂള്‍ നല്‍കുന്നുണ്ട്.
പരിപാടിയുടെ ഫലപ്രാപ്തി വിലയിരുത്തുന്നതിലേക്കായി 2025 ജൂണ്‍ മാസം കേരളത്തിലെ തിരഞ്ഞെടുത്ത 45 സ്‌കൂളുകളില്‍ ഒരു പഠനം നടത്തുന്നതിന് എസ് . സി.ഇ.ആര്‍.ടിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഒന്നാംക്ലാസിലേയ്ക്കുള്ള പ്രവേശനം സുതാര്യമായിരിക്കണം. മത്സര പരീക്ഷയോ നിയമാനുസൃതം അല്ലാത്ത ഫണ്ട് പിരിവോ പാടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഇക്കാര്യം പരിശോധിക്കാനും വേണ്ട നടപടികള്‍ കൈക്കൊള്ളാനും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹയര്‍സെക്കന്‍ഡറി പാഠ്യപദ്ധതി ഈ അക്കാദമിക വര്‍ഷം തന്നെ പൂര്‍ത്തീകരിക്കും. പ്രീപ്രൈമറി ശാക്ള്‍തീകരിക്കുന്നതിനുള്ള നടപടികള്‍ ഈ വര്‍ഷം കൈക്കൊള്ളും. മൂല്യനിര്‍ണയ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളും ഈ വര്‍ഷം പൂര്‍ത്തിയാക്കും. നവഅധ്യാപകര്‍ക്ക് നിര്‍ബന്ധിത അധ്യാപക പരിശീലനം നടപ്പാക്കും. ഇതിനായി ബജറ്റില്‍ 5 കോടി രൂപ അധികമായി വകയിരുത്തിയിട്ടുണ്ട്.
by Midhun HP News | Jun 1, 2025 | Latest News, കേരളം
കൊച്ചി: കേരള കേഡറിലുള്ള ഐപിഎസ് ഉദ്യോഗസ്ഥ ഡി ശില്പയെ ( D Shilpa IPS ) ഹോം കേഡറായ കര്‍ണാടകയിൽ ഉള്‍പ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവ്. കര്‍ണാടക സ്വദേശിനിയായ ഡി ശില്പ നൽകിയ ഹർജിയിലാണ് വിധി. ശില്പ നിലവിൽ കേരള പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് എഐജിയാണ്. ശില്പയെ കര്‍ണാടക കേഡറില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ രണ്ടുമാസത്തിനുള്ളില്‍ തീരുമാനമെടുക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
ഹര്‍ജിക്കാരിയായ ശില്പയെ കേരള കേഡറില്‍ ഉള്‍പ്പെടുത്തിയത് തെറ്റായിട്ടാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് അമിത് റാവല്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. 2015-ല്‍ കേഡര്‍ നിര്‍ണയിച്ചപ്പോള്‍ ഉണ്ടായ പിഴവു കാരണമാണ് കര്‍ണാടക കേഡറില്‍ ഉള്‍പ്പെടാതെ പോയതെന്നായിരുന്നു ഹര്‍ജിക്കാരിയുടെ വാദം.
കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍നിന്ന് അനുകൂല ഉത്തരവ് ഉണ്ടാകാതെ വന്നതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. കേഡര്‍ നിര്‍ണയത്തില്‍ പിഴവുണ്ടായി എന്ന ഹര്‍ജിക്കാരിയുടെ വാദം കോടതി അംഗീകരിച്ചു. ബംഗളൂരു എച്ച്എസ്ആർ ലേഔട്ട് സ്വദേശിയായ ശില്പ ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ്ങിൽ ബിരുദവും ബിസിനസ് അഡ്മിനിസ്‌ട്രേഷനിൽ ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്.
ടാറ്റാ കൺസൽറ്റൻസി സർവീസസിൽ ബിസിനസ് അനലിസ്റ്റായി ജോലി ചെയ്യവെയാണ് സിവിൽ സർവീസ് പരീക്ഷ എഴുതുന്നത്. 2016 ൽ കേരള കേഡറിൽ ശില്പയ്ക്ക് നിയമനം ലഭിച്ചു. പൊലീസ് സേനയിൽ ആദ്യ നിയമനം കാസർകോട്ടായിരുന്നു. 2019-ൽ അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ടായിട്ടായിരുന്നു നിയമനം. 2020-ൽ ജില്ലാ പൊലീസ് മേധാവിയായും പ്രവർത്തിച്ചു. കണ്ണൂർ എഎസ്പി, വനിതാ ബറ്റാലിയൻ കമൻഡന്റ്, കോട്ടയം എസ്പി, എന്നീ തസ്തികകൾ വഹിച്ചിട്ടുണ്ട്.
Recent Comments