സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം, നിയമ നിര്‍മാണത്തിന്റെ സമയക്രമം അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം, നിയമ നിര്‍മാണത്തിന്റെ സമയക്രമം അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

കൊച്ചി: സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ നിയമനിര്‍മാണം നടത്തുന്നതിന്റെ സമയക്രമം അറിയിക്കാന്‍ ഹൈക്കോടതി(High Court ) നിര്‍ദേശം നല്‍കി. പ്രത്യേക നിയമം രൂപീകരിക്കുന്നതിന് മുന്നോടിയായി നടത്തുന്ന സിനിമാ കോണ്‍ക്ലേവ് ഓഗസ്റ്റിലേയ്ക്ക് മാറ്റിയതായി സര്‍ക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് ജസ്റ്റിസ് ഡോ.എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് സി എസ് സുധ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കിയത്.

കോണ്‍ക്ലേവ് ഏപ്രിലില്‍ നടത്തുമെന്നായിരുന്നു സര്‍ക്കാര്‍ നേരത്തെ അറിയിച്ചത്. എന്നാല്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് അഡ്വ.ജനറല്‍ കെ ഗോപാലകൃഷ്ണക്കുറുപ്പ് അറിയിച്ചു. തുടര്‍ന്ന് ഇത് നിയമനിര്‍മാണം വൈകുന്നതിന് ഇടയാക്കുമെന്ന് ഹര്‍ജിക്കാര്‍ അടക്കം ചൂണ്ടിക്കാട്ടിയതോടെയാണ് സമയക്രമം അറിയിക്കാന്‍ നിര്‍ദേശിച്ചത്.

നടപടിക്രമങ്ങളുള്ളതിനാല്‍ നിയമനിര്‍മാണം നടത്താന്‍ സാധ്യതയുള്ള സമയക്രമം 9ന് ഹര്‍ജി പരിഗണിക്കുമ്പോള്‍ അറിയിക്കണമെന്നായിരുന്നു നിര്‍ദേശം. സിനിമാ വ്യവസായ മേഖലയില്‍ കൃത്യമായ മോണിറ്ററിങ് കമ്മിറ്റികളുടെ ഫലപ്രദമായ പ്രവര്‍ത്തനത്തിനായി സമഗ്രമായ മാര്‍ഗനിര്‍ദേശം രൂപീകരിക്കാന്‍ വനിതാ ശിശുക്ഷേമ വകുപ്പിന് നിര്‍ദേശം നല്‍കണമെന്ന് വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് പോഷ് നിയമം നടപ്പാക്കാനുള്ള നോഡല്‍ ഏജന്‍സി വനിതാ ശിശുക്ഷേമ വകുപ്പാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം മുന്നോട്ട് വെച്ചത്. എന്നാല്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ രൂപീകരിക്കാന്‍ നിര്‍ദേശം നല്‍കുന്നതും നിയമനിര്‍മാണം വൈകുന്നതിനിടയാക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു.

‘മഴമേഘങ്ങള്‍ പന്തലൊരുക്കിയ’ പ്രവേശനോത്സവ ഗാനം; പത്താം ക്ലാസുകാരിക്കിത് അഭിമാന നേട്ടം

‘മഴമേഘങ്ങള്‍ പന്തലൊരുക്കിയ’ പ്രവേശനോത്സവ ഗാനം; പത്താം ക്ലാസുകാരിക്കിത് അഭിമാന നേട്ടം

തിരുവനന്തപുരം: ഇത്തവണത്തെ അധ്യയനവര്‍ഷം തുടങ്ങുമ്പോള്‍ സ്‌കൂളുകളില്‍ മുഴങ്ങാന്‍ പോകുന്ന പ്രവേശനോത്സവ ഗാനത്തിന് ഒരു പ്രത്യേകതയുണ്ട്. ഒരു കൊച്ചുമിടുക്കിയുടെ മനസ്സില്‍ത്തെളിഞ്ഞ വരികളാണ് വിദ്യാര്‍ഥികളും അധ്യാപകരുമെല്ലാം കേള്‍ക്കാന്‍ പോകുന്നത്. പത്തനംതിട്ട സ്വദേശി ഭദ്ര ഹരിക്കും കുടുംബത്തിനും ഇത് അഭിമാനത്തിന്റെ നാളുകള്‍.

ഭദ്രയെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് പരിചയപ്പെടുത്തിയത്. വിദ്യാര്‍ഥിനിക്ക് പ്രശംസപത്രം സമ്മാനിച്ചുകൊണ്ട് ചേര്‍ത്തുപിടിച്ച മന്ത്രി ഗാനം മനോഹരമായിരുന്നുവെന്നും പറഞ്ഞു. ആലപ്പുഴ കലവൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററിയില്‍ വെച്ചുനടക്കുന്ന സംസ്ഥാനതല സ്‌കൂള്‍ പ്രവേശനോത്സവ ഉദ്ഘാടനത്തിലേക്ക് ഭദ്രയെ മന്ത്രി ശിവന്‍കുട്ടി ക്ഷണിച്ചിട്ടുമുണ്ട്.

ആദ്യമായാണ് ഒരു വിദ്യാര്‍ത്ഥിയുടെ വരികള്‍ സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന ഗാനമാകുന്നതെന്ന് മന്ത്രി പറഞ്ഞു. ‘വിജ്ഞാപനം കണ്ടാണ് ഭദ്ര വരികള്‍ എഴുതി അയച്ചത്. കേരളത്തിന്റെ അഞ്ചുവര്‍ഷത്തെ വിദ്യാഭ്യാസ ചരിത്രം ഉള്‍ക്കൊള്ളിച്ച് എഴുതാന്‍ ആയിരുന്നു വിജ്ഞാപനത്തിലുണ്ടായിരുന്നത്.

ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ടാണ് ‘മഴമേഘങ്ങള്‍ പന്തലൊരുക്കിയ’ എന്ന ഗാനം ഭദ്ര രചിച്ചത്. പ്രവേശനോത്സവ ഗാനത്തിന്റെ(school entrance ceremony song) വീഡിയോയില്‍ കുറച്ച് രംഗത്തില്‍ അഭിനയിക്കാനുള്ള ഭാഗ്യവും വിദ്യാര്‍ഥിനിയെ തേടിയെത്തി. എസ്‌വിവി എച്ച്എസ്എസ് താമരക്കുടിയിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന ഭദ്ര മുഴുവന്‍ വിഷയത്തിനും എ പ്ലസ് നേടി വിജയം കരസ്ഥമാക്കി. അതേ സ്‌കൂളിലെ ബയോളജി അധ്യാപികയായ അമ്മ സുമയും അടൂര്‍ താലൂക്ക് ഓഫീസിലെ ഡെപ്യൂട്ടി തഹസീല്‍ദാര്‍ ആയ ഹരീന്ദ്രനാഥും മകള്‍ക്ക് പൂര്‍ണ പിന്തുണയുമായി ഒപ്പമുണ്ട്. മൂന്നാം ക്ലാസുകാരി ധ്വനി ഹരിയാണ് സഹോദരി. കൊട്ടാരക്കരയിലാണ് താമസം. ജൂണ്‍ രണ്ടിനാണ് സംസ്ഥാനത്ത് സ്‌കൂള്‍ പ്രവേശനോത്സവം. ഭദ്രയുടെ ഗാനം സ്‌കൂളുകളില്‍ മുഴങ്ങുന്നത് കാണാന്‍ ആകാംക്ഷയോടെ കാതോര്‍ത്തിരിക്കുകയാണ് സഹപാഠികളും കുടുംബവും.

കനത്ത മഴ; ഇന്ന് 9 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കനത്ത മഴ; ഇന്ന് 9 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കൊച്ചി: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ 9 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി (School Holiday) പ്രഖ്യാപിച്ചു. കണ്ണൂർ, എറണാകുളം, കാസർകോട്, കോട്ടയം, തൃശൂർ, ഇടുക്കി, വയനാട്, പാലക്കാട്, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി.

കണ്ണൂർ
ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു

എറണാകുളം
ശക്തമായ മഴയും കാറ്റും കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷനൽ സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ എൻഎസ്‌കെ ഉമേഷ് അറിയിച്ചു. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്.

കാസർകോട്
റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കാസർകോട്ടെ പ്രൊഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, സ്‌പെഷൽ ക്ലാസുകൾ, അങ്കണവാടികൾ, തുടങ്ങിയവയ്ക്ക് ജില്ലാ കലക്ടർ കെ. ഇമ്പശേഖർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല.

കോട്ടയം
ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെളളിയാഴ്ച അവധി പ്രഖ്യാപിച്ച് ഉത്തരവായി. അങ്കണവാടികൾ, അവധിക്കാല ക്ലാസുകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ, മറ്റ് അവധിക്കാല കലാ-കായിക പരിശീലന കേന്ദ്രങ്ങൾ/ സ്ഥാപനങ്ങൾ, മതപാഠശാലകൾ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. മുൻപ് നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് അവധി ബാധകമല്ല. എംജി സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.

തൃശൂർ
തൃശൂർ ജില്ലയിൽ കനത്ത മഴ തുടരുന്നതിനാൽ മുൻകരുതൽ നടപടിയുടെ ഭാഗമായി ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിക്കുന്നു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റം ഉണ്ടായിരിക്കില്ല.

ഇടുക്കി
ജില്ലയിലെ മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ വി വിഗ്‌നേശ്വരി അവധി പ്രഖ്യാപിച്ചു. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. വേനലവധിയുടെ ഭാഗമായുള്ള ക്ലാസുകൾ, പ്രത്യേക കോച്ചിങ് സെഷനുകൾ എന്നിവ പാടില്ല. നഷ്ടപ്പെടുന്ന പഠന സമയം ഓൺലൈൻ ക്ലാസ്സുകൾ ഉൾപ്പെടെ നടത്തി ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കണമെന്നും കളക്ടറുടെ ഉത്തരവിൽ പറയുന്നു.

വയനാട്
ജില്ലയിലെ ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, പ്രൊഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചു. റസിഡൻഷ്യൽ സ്‌കൂളുകൾക്കും റസിഡൻഷ്യൽ കോളജുകൾക്കും അവധി ബാധകമല്ല.

പത്തനംതിട്ട
ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കും അവധി ബാധകമായിരിക്കും.

പാലക്കാട്
പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ, കിന്റർ​ഗാർഡൻ, മദ്രസ, സ്വകാര്യ ട്യൂഷൻ സെന്റർ, സിബിഎസ്ഇ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. വെക്കേഷൻ ക്ലാസുകൾക്കും അവധി ബാധകം.

ആനയോട്ടത്തിൽ നിരവധി തവണ ജേതാവ്; കൊമ്പൻ ​ഗോപീകണ്ണൻ ചരിഞ്ഞു

ആനയോട്ടത്തിൽ നിരവധി തവണ ജേതാവ്; കൊമ്പൻ ​ഗോപീകണ്ണൻ ചരിഞ്ഞു

തൃശൂർ: ​ഗുരുവായൂർ ദേവസ്വം (Guruvayur Devaswom) പുന്നത്തൂർ ആനക്കോട്ടയിലെ കൊമ്പൻ ​ഗോപീകണ്ണൻ ചരിഞ്ഞു. ആനയ്ക്ക് 49 വയസായിരുന്നു പ്രായം. പുലർച്ചെ 4.10നാണ് ചരിഞ്ഞത്.

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 167 വര്‍ഷം കഠിന തടവ്

കെട്ടുതറിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ​ഗുരുവായൂർ ഉത്സവത്തിനു തുടക്കം കുറിക്കുന്ന ആനയോട്ടത്തിൽ നിരവധി തവണ ജേതാവായ കൊമ്പനാണ് ​ഗോപീകണ്ണൻ.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രെയിനുകള്‍ വൈകിയോടുന്നു

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രെയിനുകള്‍ വൈകിയോടുന്നു

തിരുവനന്തപുരം: കനത്ത മഴയില്‍ പലയിടത്തും ട്രാക്കില്‍ മരം വീണതോടെ പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട് വരെയുളള ജനശതാബ്ദി എക്‌സ്പ്രസ് വൈകിയോടും. രാവിലെ 5.55ന് സര്‍വീസ് ആരംഭിക്കേണ്ട ട്രെയിന്‍(train) 8.45നായിരിക്കും പുറപ്പെടുക. പെയറിങ് ട്രെയിന്‍ വൈകിയതാണ് ജനശതാബ്ദി വൈകാന്‍ കാരണം. ഇന്നലെ കോഴിക്കോട് നിന്ന് ഉച്ചയ്ക്ക് 1.45ന് സര്‍വീസ് ആരംഭിച്ച ട്രെയിന്‍ പുലര്‍ച്ചെ 1.41ആണ് തിരുവനന്തപുരത്ത് എത്തിയത്.

ഇന്നലെ രാത്രി എറണാകുളം, തിരുവനന്തപുരം റൂട്ടില്‍ പലയിടങ്ങളിലും റെയില്‍വേ ട്രാക്കില്‍ മരം വീണത് ട്രെയിന്‍ ഗതാഗതം താറുമാറാക്കിയിരുന്നു. തിരുവനന്തപുരം ഗുരുവായൂര്‍ എക്‌സ്പ്രസും വൈകി ഓടുകയാണ്. നിലവില്‍ ട്രെയിന്‍ രണ്ടു മണിക്കൂര്‍ വൈകിയാണ് ഓടുന്നത്. മറ്റു പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്. ഇന്നലെ മലബാര്‍ , മാവേലി , ഇന്റസിറ്റി , ഷാലിമാര്‍ , പരശുറാം , നേത്രാവതി , വേണാട് തുടങ്ങിയ ട്രെയിനുകള്‍ വൈകിയാണ് ഓടിയത്. ഇന്നും പല ട്രെയിനുകളും വൈകാനാണ് സാധ്യത.

പെരുമഴ തന്നെ; 3 ജില്ലകളിൽ റെഡ് അലർട്ട്; ഉയർന്ന തിരമാല, ‘കള്ളക്കടൽ’ മുന്നറിയിപ്പ്

പെരുമഴ തന്നെ; 3 ജില്ലകളിൽ റെഡ് അലർട്ട്; ഉയർന്ന തിരമാല, ‘കള്ളക്കടൽ’ മുന്നറിയിപ്പ്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു. കാലവർഷത്തിന്റെ ഭാഗമായി പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശക്തമായി തുടരാനും സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ സംസ്ഥാനത്തു വ്യാപകമായ മഴയ്ക്ക് (Heavy rain) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്. 11 ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പുമുണ്ട്. കണ്ണൂർ, കാസർക്കോട്, ഇടുക്കി ജില്ലകളിലാണ് റെ‍ഡ് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.

ഒഡിഷ തീരത്തിന് സമീപം വടക്ക് പടിഞ്ഞാറൻ – ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ശക്തി കൂടിയ ന്യൂനമർദ്ദമാണ് തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചത്. പശ്ചിമ ബംഗാൾ – ബംഗ്ലാദേശ് തീരത്തിന് സമീപമായി സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമർദ്ദം, വടക്കു ഭാഗത്തേക്ക് നീങ്ങി അതിതീവ്ര ന്യൂനമർദ്ദമായി മാറാനും സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് കേരളത്തിൽ അതിതീവ്രമഴ തുടരുന്നത്.

റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 എംഎംൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്.

ഓറഞ്ച് മുന്നറിയിപ്പുള്ള ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 എംഎം മുതൽ 204.4 എംഎം വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്.

അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.

പ്രത്യേക ജാഗ്രതാ നിർദേശം
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി മലപ്പുറം (കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ), കോഴിക്കോട് (ചോമ്പാല മുതൽ രാമനാട്ടുകര വരെ), കണ്ണൂർ (വളപട്ടണം മുതൽ ന്യൂമാഹി വരെ), കാസർക്കോട് (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ) തീരപ്രദേശങ്ങളിൽ ഇന്ന് വൈകീട്ട് 05.30 വരെ 1.2 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്. കേരള തീരത്ത് ഇന്ന് രാത്രി 8.30 വരെ 3.2 മുതൽ 3.7 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

താഴെ പറയുന്ന പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത ആവശ്യമാണ്
റെഡ് അലർട്ട്

തിരുവനന്തപുരം: കാപ്പിൽ മുതൽ പൊഴിയൂർ വരെ

കൊല്ലം: ആലപ്പാട് മുതൽ ഇടവ വരെ

ആലപ്പുഴ: ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ

എറണാകുളം: മുനമ്പം മുതൽ മറുവക്കാട് വരെ

തൃശൂർ: ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ

ഓറഞ്ച് അലർട്ട്

മലപ്പുറം: കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ

കോഴിക്കോട്: ചോമ്പാല മുതൽ രാമനാട്ടുകര വരെ

കാസർക്കോട്: കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ

കണ്ണൂർ: വളപട്ടണം മുതൽ ന്യൂമാഹി വരെ

കന്യാകുമാരി ജില്ലയിലെ നീരോടി മുതൽ ആരോക്യപുരം വരെയുള്ള തീരങ്ങളിൽ (റെഡ് അലർട്ട്) ഇന്ന് രാത്രി 8.30 വരെ 3.5 മുതൽ 3.7 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കുക.

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.

കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്.

മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.