ഇന്ദിരാഗാന്ധിക്ക് അധിക്ഷേപം; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ റിമാന്‍ഡില്‍

ഇന്ദിരാഗാന്ധിക്ക് അധിക്ഷേപം; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ റിമാന്‍ഡില്‍

പാലക്കാട്: മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ അധിക്ഷേപിക്കും വിധം സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റ് പങ്കുവച്ച സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ റിമാന്‍ഡില്‍. ഷൊര്‍ണൂര്‍ മുണ്ടായ സ്വദേശി ഉണ്ണികൃഷ്ണന് (42) എതിരെയാണ് നടപടി.

ഇന്ദിരാഗാന്ധിയെ വികലമായി ചിത്രീകരിക്കുന്ന പോസ്റ്റായിരുന്നു ഉണ്ണികൃഷ്ണന്‍ പങ്കുവച്ചത്. മെയ് 16 ന് പങ്കുവച്ച പോസ്റ്റ് ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിന്റെ ശ്രദ്ധയില്‍ എത്തിയതിന് പിന്നാലെയാണ് നടപടി. തിരുവനന്തപുരം സൈബർ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ഷൊർണൂർ പൊലീസിന് കൈമാറുകയായിരുന്നു. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.മനപൂർവമായി ലഹളയുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി പ്രവർത്തിച്ചു എന്നാണ് ഉണ്ണികൃഷ്ണനെതിരായ എഫ്ഐആറിൽ പറയുന്നത്. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), 2023 353(1)(ബി),192 വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

പരീക്ഷാഫലം വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പ്ലസ് ടു വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

പരീക്ഷാഫലം വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പ്ലസ് ടു വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

കോട്ടയം: അമ്മയ്ക്കൊപ്പം റോഡു മുറിച്ചു കടക്കുന്നതിനിടെ പ്ലസ് ടു വിദ്യാർഥി കാറിടിച്ചു മരിച്ചു. തോട്ടയ്ക്കാട് മാടത്താനി വടക്കേമുണ്ടയ്ക്കൽ വി ടി രമേശിന്റെ മകൾ അഭിദ പാർവതി (18) ആണ് മരിച്ചത്. തൃക്കോതമംഗലം ഗവ. വിഎച്ച്എസ്എസ് പ്ലസ് ടു വിദ്യാർഥിനിയായിരുന്ന അഭിതയുടെ പരീക്ഷാ ഫലം പുറത്തുവന്ന് മണിക്കൂറുകൾക്കുള്ളിലാണ് അപകടം.

കുറുമ്പനാടം സെന്റ് ആന്റണീസ് അധ്യാപികയായ അഭിദയുടെ അമ്മ കെ ജി നിഷയെ (47) ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് ഏഴോടെ ചന്തക്കവല ഭാഗത്തായിരുന്നു അപകടം. റോഡ് മുറിച്ചുകടന്ന് ബസ് സ്റ്റോപ്പിലേയ്ക്ക് വരികയായിരുന്നു ഇരുവരും.കലക്ടറേറ്റ് ഭാഗത്തു നിന്ന് എത്തിയ കാർ ഇരുവരെയും ഇടിച്ചു വീഴ്ത്തുകയായിരുന്നു. ​ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഭിദയുടെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരുക്കേറ്റ നിഷയെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ദേശീയപാത തകര്‍ന്നത് ഇന്ന് ഹൈക്കോടതിയില്‍; എന്‍എച്ച്എഐ റിപ്പോര്‍ട്ട് നല്‍കും

ദേശീയപാത തകര്‍ന്നത് ഇന്ന് ഹൈക്കോടതിയില്‍; എന്‍എച്ച്എഐ റിപ്പോര്‍ട്ട് നല്‍കും

കൊച്ചി: സംസ്ഥാനത്ത് പലയിടങ്ങളിലും ദേശീയപാത തകര്‍ന്നത് ഹൈക്കോടതി ഇന്നു പരിഗണിക്കും. റോഡുകള്‍ തകര്‍ന്നതില്‍ ദേശീയപാത അതോറിട്ടി ഉദ്യോഗസ്ഥര്‍ കോടതിയില്‍ ഇന്നു റിപ്പോര്‍ട്ട് നല്‍കും. പരിഹാര മാര്‍ഗങ്ങളും ഇതുവരെ സ്വീകരിച്ച നടപടികളും റിപ്പോര്‍ട്ടില്‍ വിശദീകരിക്കും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥയും വെള്ളക്കെട്ടും സംബന്ധിച്ച ഹര്‍ജി പരിഗണിക്കവെയാണ് ദേശീയപാത തകര്‍ന്നതില്‍ ഹൈക്കോടതി എന്‍എച്ച്എഐയോട് റിപ്പോര്‍ട്ട് തേടിയത്. ഉച്ചയ്ക്ക് മൂന്നു മണിക്കാണ് കേസ് ഹൈക്കോടതി പരിഗണിക്കുക. മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്ന സംഭവത്തില്‍ കരാറുകാരായ കെ എന്‍ ആര്‍ കണ്‍സ്ട്രക്ഷനെ കേന്ദ്രസര്‍ക്കാര്‍ ഡീബാര്‍ ചെയ്തിട്ടുണ്ട്.

ദേശീയപാത നിര്‍മാണത്തിന്റെ കണ്‍സള്‍ട്ടിങ് കമ്പനിയായ ഹൈവേ എഞ്ചിനീയറിങ് കമ്പനിക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ ദേശീയപാത തകര്‍ച്ചയെക്കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചു. ഐഐടി പ്രൊഫസര്‍ കെ ആര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. മെയ് 19 നാണ് കൂരിയാട് ദേശീയപാത 66 ഇടിഞ്ഞു താണത്.

കേരള സര്‍ക്കാരിന് ഒരു പങ്കുമില്ല – മുഖ്യമന്ത്രി

‘ദേശീയപാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അ മുതല്‍ ക്ഷ വരെയുള്ള കാര്യങ്ങള്‍ നിര്‍വഹിക്കുന്നത് ദേശീയ പാത അതോറിറ്റിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അവര്‍ക്കതിന് പ്രത്യേക സജ്ജീകരണങ്ങളുണ്ട്. അതില്‍ ഒരു തരത്തിലുള്ള പങ്കാളിത്തവും പൊതുമരാമത്ത് വകുപ്പിനോ കേരള സര്‍ക്കാരിനോ ഇല്ല. എല്ലാം അവരുടെ നിയന്ത്രണത്തിലാണ് നടക്കുന്നത്. അതുകൊണ്ടാണ് അതുമായി ബന്ധപ്പെട്ട നപടികളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ കടന്നിരിക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

കുട്ടി പീഡനത്തിന് ഇരയായത് അറിഞ്ഞിരുന്നില്ല, ഭര്‍തൃവീട്ടില്‍ നേരിട്ടത് കടുത്ത ഒറ്റപ്പെടല്‍; അമ്മയുടെ മൊഴി പുറത്ത്

കുട്ടി പീഡനത്തിന് ഇരയായത് അറിഞ്ഞിരുന്നില്ല, ഭര്‍തൃവീട്ടില്‍ നേരിട്ടത് കടുത്ത ഒറ്റപ്പെടല്‍; അമ്മയുടെ മൊഴി പുറത്ത്

കൊച്ചി: മൂഴിക്കുളത്ത് മൂന്നു വയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍, കുട്ടി ലൈം​ഗിക പീഡനത്തിന് ഇരയായ വിവരം അറിഞ്ഞിരുന്നില്ലെന്ന് അമ്മയുടെ മൊഴി. ഭര്‍തൃ വീട്ടിലെ ഒറ്റപ്പെടുത്തല്‍ മൂലമാണ് കുട്ടിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയത്. ഭര്‍ത്താവിന്റെ വീട്ടില്‍ വലിയ ഒറ്റപ്പെടലാണ് അനുഭവിച്ചിരുന്നത്. സ്വന്തം കുട്ടികളെപ്പോലും ഭര്‍തൃവീട്ടുകാര്‍ തന്നില്‍ നിന്നും അകറ്റാന്‍ ശ്രമിച്ചുവെന്നും ചോദ്യം ചെയ്യലില്‍ കുട്ടിയുടെ അമ്മ പൊലീസിനോട് പറഞ്ഞു.

എല്ലാക്കാര്യങ്ങളില്‍ നിന്നും ഭര്‍തൃവീട്ടുകാര്‍ തന്നെ ഒഴിവാക്കി മാറ്റിനിര്‍ത്തിയിരുന്നു. ഒറ്റപ്പെടുത്തല്‍ മൂലം വലിയ മാനസിക പിരിമുറുക്കമാണ് നേരിട്ടിരുന്നത്. ഭര്‍ത്താവ് തന്നെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാന്‍ ആലോചിക്കുന്നതായും അറിഞ്ഞു. അങ്ങനെ ചെയ്താൽ തന്റെ പെണ്‍കുഞ്ഞ് ഇനി എങ്ങനെ ജീവിക്കുമെന്ന ആശങ്കയുണ്ടായി. ഇതും കുട്ടിയെ ഇല്ലാതാക്കാന്‍ പ്രേരിപ്പിച്ചുവെന്നാണ് അമ്മ പൊലീസിനോട് പറഞ്ഞത്.

മകള്‍ ശാരീരികമായ പീഡനത്തിന് ഇരയായ സംഭവം താന്‍ അറിഞ്ഞിരുന്നില്ലെന്നും യുവതി പറഞ്ഞു. പൊലീസ് പറഞ്ഞപ്പോഴാണ് ഇക്കാര്യം അറിഞ്ഞതെന്ന് അമ്മ മൊഴി നല്‍കിയെന്നാണ് സൂചന. കുട്ടിയുടെ അമ്മയെ പുഴയിലെറിഞ്ഞ മൂഴിക്കുളം ഭാഗത്തെത്തിച്ച് പൊലീസ് തെളിവെടുക്കും. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പോക്‌സോ കേസില്‍ അറസ്റ്റിലായ കുട്ടിയുടെ അച്ഛന്റെ അടുത്ത ബന്ധുവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഇയാള്‍ മൂവാറ്റുപുഴ ജയിലിലാണുള്ളത്.

പോക്‌സോ കേസില്‍ അറസ്റ്റിലായ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കുട്ടിയെ പ്രതി ലൈംഗികമായി ചൂഷണം ചെയ്ത വിവരം വീട്ടുകാരും നാട്ടുകാരും പോലും അറിഞ്ഞിരുന്നില്ലെന്നാണ് വിവരം. കുട്ടിയെ പീഡിപ്പിച്ചത് അടുത്ത ബന്ധുക്കളാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍, തെളിവുകള്‍ നിരത്തിയുള്ള വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതി കരഞ്ഞുകൊണ്ട് കുറ്റം സമ്മതിക്കുന്നത്.

സംസ്ഥാനത്ത് 65 അധ്യാപകര്‍ പോക്‌സോ കേസ് പ്രതികള്‍, 12 പേര്‍ അനധ്യാപകര്‍; അച്ചടക്ക നടപടി കടുപ്പിക്കാന്‍ സര്‍ക്കാര്‍

സംസ്ഥാനത്ത് 65 അധ്യാപകര്‍ പോക്‌സോ കേസ് പ്രതികള്‍, 12 പേര്‍ അനധ്യാപകര്‍; അച്ചടക്ക നടപടി കടുപ്പിക്കാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ അധ്യാപകര്‍ക്കെതിരായ പോക്‌സോ കേസുകളില്‍ അച്ചടക്ക നടപടി കര്‍ശനമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇതിനകം അച്ചടക്ക നടപടികള്‍ സ്വീകരിച്ച കേസുകളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനും ഇതുവരെ അച്ചടക്ക നടപടി എടുക്കാത്ത കേസുകളില്‍ പുതുതായി തുടങ്ങുന്നതിനുമാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിട്ടു. ഇരയായവരെ സംരക്ഷിക്കുകയെന്നതാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

സമയബന്ധിതമായി നടപടി പൂര്‍ത്തിയാക്കാത്ത കേസുകളുടെ ഫയല്‍, കെകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കി പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ നടപടി സ്വീകരിച്ചു വരുന്നു. വകുപ്പിന് കീഴില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കെതിരെ നിലവില്‍ റിപ്പോര്‍ട്ട് ചെയ്ത പോക്സോ കേസുകളുടെ എണ്ണം 77 ആണ്. ഇതില്‍ 65 പേര്‍ അധ്യാപകരും 12 പേര്‍ അനധ്യാപകരുമാണ്. സര്‍വ്വീസില്‍ നിന്നും 9 പേരെ പിരിച്ചുവിട്ടു. ഒരാളെ സര്‍വീസില്‍ നിന്നും നീക്കം ചെയ്തതുള്‍പ്പെടെ 45 ജീവനക്കാര്‍ക്കെതിരെ കര്‍ശനമായ മറ്റു അച്ചടക്ക നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ബാക്കി കേസുകളിലും ദ്രുതഗതിയില്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

വൊക്കേഷണല്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ പോക്സോ പ്രകാരം 3 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അച്ചടക്ക നടപടികള്‍ തുടര്‍ന്ന് വരുന്നു. ഈ മൂന്ന് ജീവനക്കാര്‍ക്കും (2 അദ്ധ്യാപകരും, 1 ലബോറട്ടറി ടെക്നിക്കല്‍ അസിസ്റ്റന്റും) എതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. മൂന്ന് കേസുകളും നിലവില്‍ കോടതിയുടെ പരിഗണനയിലാണ്.

വൊക്കേഷണല്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ പോക്സോ പ്രകാരം 3 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അച്ചടക്ക നടപടികള്‍ തുടര്‍ന്ന് വരുന്നു. ഈ മൂന്ന് ജീവനക്കാര്‍ക്കും (2 അദ്ധ്യാപകരും, 1 ലബോറട്ടറി ടെക്നിക്കല്‍ അസിസ്റ്റന്റും) എതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. മൂന്ന് കേസുകളും നിലവില്‍ കോടതിയുടെ പരിഗണനയിലാണ്.

മൂന്ന് വയസുകാരി പീഡനത്തിന് ഇരയായ കാര്യം അമ്മയ്ക്ക് അറിയാമായിരുന്നോ?; നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ പൊലീസ്

മൂന്ന് വയസുകാരി പീഡനത്തിന് ഇരയായ കാര്യം അമ്മയ്ക്ക് അറിയാമായിരുന്നോ?; നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ പൊലീസ്

കൊച്ചി: എറണാകുളത്ത് അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ മൂന്ന് വയസുകാരി പിതൃസഹോദരനില്‍ നിന്ന് ശാരീരിക പീഡനത്തിന് ഇരയായ സംഭവത്തില്‍ നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം തേടി പൊലീസ്. കുഞ്ഞിനെ പിതൃസഹോദരന്‍ പീഡിപ്പിച്ച കാര്യം അമ്മയ്ക്ക് അറിയാമായിരുന്നോ എന്നതടക്കമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുകയാണ് പൊലീസിന്റെ അടുത്ത നീക്കം. ഈ വിഷമത്തിലാണോ അമ്മ കുഞ്ഞിനെ പുഴയില്‍ എറിഞ്ഞത്?, പെട്ടെന്ന് കുഞ്ഞിനെ പുഴയില്‍ എറിഞ്ഞ് കൊല്ലാനുള്ള പ്രകോപനം എന്ത്?, കൊലപാതകത്തിന് പിന്നില്‍ മറ്റാരുടെയെങ്കിലും പങ്ക് ഉണ്ടോ? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. അടുത്ത ദിവസം അമ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വ്യക്തത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

കഴിഞ്ഞ ദിവസം ചോദ്യം ചെയ്തപ്പോള്‍ അങ്ങനെ തോന്നിയപ്പോള്‍ പുഴയിലേക്ക് എറിഞ്ഞു എന്നാണ് അമ്മ പറഞ്ഞത്. ഇപ്പോള്‍ പീഡന കേസില്‍ കുഞ്ഞിന്റെ പിതൃസഹോദരന്‍ അറസ്റ്റിലായ പശ്ചാത്തലത്തില്‍ ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതോടെ അന്വേഷണത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. പിതൃസഹോദരനെ ഇന്ന് രാത്രിയില്‍ കോലഞ്ചേരി കോടതിയിലെ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കും. ഒരു വര്‍ഷത്തിലധികം കാലം കുഞ്ഞിനെ ഇയാള്‍ പീഡിപ്പിച്ചതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

തിങ്കളാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. അന്ന് രാവിലെയും കുഞ്ഞിനെ പീഡിപ്പിച്ചതായും പിതൃസഹോദരന്‍ മൊഴി നല്‍കിയതായും പൊലീസ് പറയുന്നു. കുട്ടിയുടെ അമ്മയ്ക്ക് ഇക്കാര്യങ്ങള്‍ ഒന്നും അറിയില്ല എന്നാണ് ചോദ്യം ചെയ്യലില്‍ പ്രതി പറഞ്ഞതെന്നും പൊലീസ് പറയുന്നു. വരും ദിവസങ്ങളില്‍ കസ്റ്റഡിയില്‍ വാങ്ങി പ്രതിയെ ചോദ്യം ചെയ്യുന്നതോടെ അന്വേഷണത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കുമെന്നും പൊലീസ് കരുതുന്നു.

കുട്ടിയുടെ മാതാപിതാക്കള്‍ സ്വരചേര്‍ച്ചയിലായിരുന്നില്ല. കുട്ടിയെ പീഡിപ്പിച്ചത് കുട്ടിയുമായി ഏറ്റവുമധികം അടുപ്പമുള്ളയാളാണ്. അതുകൊണ്ടാകാം കുട്ടി മറ്റൊരാളോട് പരാതി പറയാതിരുന്നതെന്നും പൊലീസ് കരുതുന്നു. പിതൃസഹോദരന്റെ വീട്ടിലെ വസ്ത്രങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ നിന്ന് കേസിന് നിര്‍ണായകമായ തുമ്പ് ലഭിക്കുമെന്നും പൊലീസ് കരുതുന്നുണ്ട്. മൂന്നു വയസുകാരി ക്രൂര പീഡനത്തിന് വിധേയയായി എന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പിതൃസഹോദരന്‍ പിടിയിലായത്.

കുട്ടി നിരന്തരം ശാരീരിക പീഡനത്തിന് ഇരയായി എന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. പ്രകൃതി വിരുദ്ധ പീഡനത്തിന് വരെ കുട്ടിയെ ഉപയോഗിച്ചുവെന്നാണ് സൂചന. കുട്ടിയുടെ ശരീരത്തില്‍ നിരവധി പരിക്കുകളും മുറിവുകളുമുണ്ട്. കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ മുറിവും രക്തസ്രാവവും ഉണ്ടായതായി പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോക്ടര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.