by Midhun HP News | Mar 5, 2025 | Latest News, കേരളം
കൊച്ചി: സമീപ കാലങ്ങളില്‍ കൗമാരക്കാര്‍ പ്രതികളായ കൊലപാതകങ്ങള്‍ തുടരെത്തുടരെ സംഭവിച്ചത് കുട്ടികളിലെ അക്രമവാസയെക്കുറിച്ച് സജീവ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചത്. സിനിമയുടെയും സാമൂഹ്യ മാധ്യമങ്ങളുടെയും സ്വാധീനത്തില്‍ കുട്ടികള്‍ കൂടുതല്‍ അക്രമ വാസനയുള്ളവരായി മാറുന്നു എന്നാണ് പൊതുവായി വിലയിരുത്തപ്പെട്ടത്. എന്നാല്‍ നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ നല്‍കുന്ന ഡാറ്റ പ്രകാരം 2014 മുതല്‍ 2022 വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വസ്തുത ഇതിന് നേര്‍ വിപരീതമാണ്. രാജ്യത്ത് കുട്ടികളായ കുറ്റവാളികളുടെ എണ്ണം കുറയുന്നതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കേരളത്തിലാണെങ്കില്‍ 2014ലേത് വെച്ചു നോക്കുമ്പോള്‍ പകുതിയില്‍ താഴെയായി. എന്നാല്‍ 2023 മുതലുള്ള കണക്കുകള്‍ പുറത്തു വരുമ്പോള്‍ ഇതില്‍ മാറ്റമുണ്ടാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഡാറ്റ പ്രകാരം ഇന്ത്യയിലെ കുറ്റകൃത്യങ്ങളുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത് പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ എണ്ണവും നിരക്കും മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടിയിട്ടില്ല എന്നാണ്.
2014ല്‍ കേരളത്തില്‍ 1203 കുട്ടികുറ്റവാളികളാണ് ഉണ്ടായിരുന്നതെങ്കില്‍ 2015ല്‍ 1398 ആണ് കണക്ക്. എന്നാല്‍ തൊട്ടടുത്ത വര്‍ഷം 2016ല്‍ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. 628 കുട്ടിക്കുറ്റവാളികളാണ് ഉള്ളത്. 2017ല്‍ 481, 2018ല്‍ 475, 2019ല്‍ 451, 2020ല്‍ 331, 2021 ല്‍ 328 എന്നിങ്ങനെയാണ് കണക്ക്. 2022ല്‍ മാത്രമാണ് അല്‍പ്പം കൂടിയത്. 443 ജുവൈനല്‍ കേസുകളാണ് 2022ല്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
”കോവിഡ് സമയത്ത് കുട്ടികള്‍ അടഞ്ഞിരുന്ന കാലമാണ് 2020 മുതല്‍ 2022 വരെയുള്ള കാലം. 2023 മുതലാണ് അവര്‍ പുറത്തേക്ക് ഇറങ്ങിത്തുടങ്ങിയത്. അവരുടെ ഡിജിറ്റല്‍ അഡിക്ഷന്‍, സാമൂഹ്യ വിച്ഛേദനം, എടുത്ത് ചാട്ടം, ലഹരിയുടെ ഉപയോഗം എല്ലാം കൂടി വന്നപ്പോഴാണ് ഇപ്പോള്‍ കാണുന്ന സംഭവ വികാസങ്ങള്‍ ഉണ്ടായിരിക്കുന്നത്. 2023 മുതലുള്ള ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത് വരുമ്പോള്‍ ഉറപ്പാണ് ഇതില്‍ മാറ്റങ്ങള്‍ വരുമെന്നത്”, മനോരോഗവിദഗ്ധന്‍ ഡോ. അരുണ്‍ ബി നായര്‍ പറഞ്ഞു.
2017 മുതലുള്ള കുട്ടികള്‍ പ്രതികളായതിന്റെ കുറ്റകൃത്യ നിരക്ക് പരിശോധിച്ചാല്‍ 5.2% ആണെങ്കില്‍ 2022 ആയപ്പോഴേയ്ക്കും 4.7% എന്നതാണ് നിരക്ക്. ഇന്ത്യയിലെ മൊത്തം കണക്കുകള്‍ പരിശോധിച്ചാലും ഇത് തന്നെയാണ് അവസ്ഥ. 2014ല്‍ ഇന്ത്യയിലെ കണക്കുകള്‍ പരിശോധിച്ചാല്‍ 38455 ആണ് കുട്ടികള്‍ കുറ്റവാളികളായി രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം. 2022 ആയപ്പോഴേയ്ക്കും അത് 30,555 ആയി കുറയുകയാണ് ചെയ്തത്. കുറ്റകൃത്യ നിരക്ക് 7.5% എന്നുള്ളത് 6.9% ആയി കുറഞ്ഞു.
”വളരെ പോസിറ്റീവായിട്ടുള്ള കാര്യമാണിത്. കുട്ടിക്കുറ്റവാളികള്‍ എന്ന് പറയുന്നത് യഥാര്‍ഥത്തില്‍ നിയമപരമായി ശരിയല്ല. നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടി എന്നാണ് പറയേണ്ടത്. ഇത്തരത്തിലുള്ള കുട്ടികളുടെ എണ്ണം കുറയുന്നു എന്നത് ഇന്ത്യയിലും കേരളത്തിലുമുള്‍പ്പെടെയുള്ള സാമൂഹ്യ സുരക്ഷാ സംവിധാനങ്ങളുടെ ഒരു വിജയമായി തന്നെ കണക്കാക്കേണ്ടതുണ്ട്. എന്നിരുന്നാലും ഈ അടുത്ത കാലത്തുണ്ടായ ചില സംഭവങ്ങള്‍ അതില്‍ നിന്നും നമ്മെ മാറി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നവയാണ്. നമ്മളൊന്നും കേട്ടുകേള്‍വി പോലുമില്ലാത്ത കുറ്റകൃത്യങ്ങളിലും കുട്ടികളുണ്ട് എന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഇതിനെതിരായി സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ചുകൊണ്ടുള്ള ഒരു കര്‍മ പദ്ധതിയുണ്ടാവേണ്ടതുണ്ട്. ഈ കാലത്ത് മൊബൈല്‍ ഫോണിന്റെയും മറ്റും അഡിക്ഷന്‍ ഉണ്ടാവുകയും ലഹരിയുടെ വ്യാപനം സമൂഹത്തിലുണ്ടാവുകയും വളരെ ആക്രമണകരമായ രംഗങ്ങള്‍ കാണിക്കുന്ന സിനിമകള്‍ ഉണ്ടാവുകയും അത്തരം സിനിമകള്‍ ഇത്തരം പ്രശ്‌നങ്ങള്‍ സൂചിപ്പിക്കുമ്പോള്‍ സിനിമാ സംവിധായകരും മറ്റും ജിഹ്വ മുഴക്കുന്ന സ്ഥിതിയാണുള്ളത്. ഇനിയും നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികള്‍ ഇല്ലാത്ത ഒരു സങ്കല്‍പ്പത്തിലേയ്ക്ക് എത്തട്ടെ”, തിരുവനന്തപുരം മെഡിക്കല്‍ കോളജ് മനോരോഗ വിഭാഗം തലവന്‍ ഡോ. മോഹന്‍ റോയ് പറഞ്ഞു.
by Midhun HP News | Mar 5, 2025 | Latest News, കേരളം
പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസി സമൂഹത്തിന്റെ ജീവിതം മാറ്റിമറിക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച വനാമൃതം പദ്ധതി വിജയമാകുന്നു. മണ്ണാര്‍ക്കാട് വനം ഡിവിഷനില്‍ ഒരു ചെറിയ പൈലറ്റ് പദ്ധതിയായി ആരംഭിച്ച പദ്ധതി വളരെ പെട്ടെന്ന് വിജയകരമായി വളര്‍ന്നുവെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് അറിയിച്ചു.
2022ല്‍ വനം വകുപ്പ് ആണ് വനാമൃതം പദ്ധതി ആരംഭിച്ചത്. ആദിവാസി സമൂഹങ്ങള്‍ക്ക് അവരുടെ പൂര്‍വ്വിക ഭൂമി പരിപാലിക്കാനും പരിസ്ഥിതി സംരക്ഷിക്കാനും സഹായിക്കുന്നതിനൊപ്പം ഒരു പുതിയ വരുമാന മാര്‍ഗ്ഗം വാഗ്ദാനം ചെയ്യുന്നതാണ് പദ്ധതി. തലമുറകളായി ആദിവാസി ജീവിതത്തിന്റെ ഭാഗമായിരുന്ന ഔഷധ സസ്യങ്ങളുടെ ശേഖരണത്തിലാണ് പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മൂന്ന് വര്‍ഷത്തിനുള്ളില്‍, പദ്ധതിയുടെ ഭാഗമായി 57.74 ലക്ഷം രൂപയാണ് സമ്പാദിച്ചത്. 64,320 കിലോഗ്രാം വനവിഭവങ്ങള്‍ ശേഖരിച്ചതായും അബ്ദുള്‍ ലത്തീഫ് പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി കുറുന്തോട്ടി, മൂവില, ചുണ്ട, കരിങ്കുറുഞ്ഞി തുടങ്ങിയ ഔഷധ സസ്യങ്ങള്‍ ആദിവാസി കുടുംബങ്ങള്‍ വനങ്ങളില്‍ നിന്ന് ശേഖരിക്കുകയും വനം വകുപ്പിന്റെ സഹായത്തോടെ ആയുര്‍വേദ ഔഷധ നിര്‍മ്മാണ ഗ്രൂപ്പുകള്‍ക്ക് വില്‍ക്കുകയും ചെയ്യുന്നു. ഈ സ്ഥിരമായ വരുമാന സ്രോതസ്സ് അവര്‍ക്ക് കൂടുതല്‍ സാമ്പത്തിക സുരക്ഷ ഉറപ്പ് നല്‍കുന്നുവെന്നും അബ്ദുള്‍ ലത്തീഫ് കൂട്ടിച്ചേര്‍ത്തു.
‘ദാരിദ്ര്യവും സാമ്പത്തിക അവസരങ്ങളുടെ അഭാവവും നേരിടുന്ന ഈ സമൂഹങ്ങള്‍ക്ക് ഈ പദ്ധതി ഒരു വഴിത്തിരിവായി. ഇത് അവര്‍ക്ക് പണം സമ്പാദിക്കാനുള്ള ഒരു മാര്‍ഗം നല്‍കുന്നു. ഉപജീവനത്തിനായി കൃഷിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നു. വനവുമായി യോജിച്ച് ജീവിക്കാന്‍ അവരെ സഹായിക്കുന്നു,’- ലത്തീഫ് പറഞ്ഞു.
ആദിവാസി കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനാണ് പണം ഉപയോഗിക്കുന്നത്. കൂടാതെ വനം സംരക്ഷിക്കുക എന്ന വലിയ ലക്ഷ്യത്തിനും ഇത് സഹായിക്കുന്നു. അട്ടപ്പാടിയിലെ ആറ് ആദിവാസി വനസംരക്ഷണ സമിതികളാണ് വിഭവങ്ങള്‍ ശേഖരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത്.
അതേസമയം, പദ്ധതിയുടെ സ്വാധീനം സാമ്പത്തിക രംഗത്ത് മാത്രമല്ല. വനവിഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ അവരെ ഉള്‍പ്പെടുത്തിക്കൊണ്ട് ഇത് ആദിവാസി ജനതയെ ശാക്തീകരിക്കുന്നു. ഇത്തരം പ്രവര്‍ത്തനത്തിലൂടെ, വിഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും വിപണനം ചെയ്യുന്നതിലും സംരംഭകത്വം നടത്തുന്നതിലും അവര്‍ കഴിവ് നേടി. ഇടനിലക്കാരെ ഒഴിവാക്കി ഔഷധ സസ്യങ്ങള്‍ ശേഖരിക്കുന്ന ഗോത്രങ്ങള്‍ക്ക് വിപണി വില ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും കഴിയുമെന്നും ലത്തീഫ് കൂട്ടിച്ചേര്‍ത്തു.
കൂടാതെ, വന വികസന ഏജന്‍സി (എഫ്ഡിഎ) ആദിവാസി സമൂഹങ്ങളുടെ ക്ഷേമത്തിനായി 9.95 ലക്ഷം രൂപ നിക്ഷേപിച്ചിട്ടുണ്ട്, ഇത് ആദിവാസി കുടുംബങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ. നിലവില്‍ ഈ മേഖലയില്‍ 12 സജീവ വനസംരക്ഷണ സമിതികളുണ്ട്. കൂടുതല്‍ വിപുലീകരണത്തിനുള്ള പദ്ധതികള്‍ നിലവിലുണ്ട്. ശേഖരിക്കുന്ന വിഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി മുക്കാലിയിലും ആനമൂളിയിലും സംസ്‌കരണ യൂണിറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് കെ വിജയാനന്ദ് വിഭാവനം ചെയ്ത ഈ പദ്ധതി മറ്റ് വന ഡിവിഷനുകളിലേക്കും വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ആദിവാസി സമൂഹങ്ങള്‍ക്ക് സ്ഥിരമായ വിപണി ഉറപ്പാക്കുന്ന കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കാനും വകുപ്പ് പദ്ധതിയിടുന്നു.
by Midhun HP News | Mar 5, 2025 | Latest News, കേരളം
മാര്‍ക്കോ സിനിമയ്ക്ക് വിലക്ക്. ടെലിവിഷനിലും, ഒടിടിയിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ്. ചിത്രത്തിന് A സര്‍ട്ടിഫിക്കറ്റ് ആയത്‌കൊണ്ടാണ് നടപടി. ചിത്രം ഇത്തരം പ്ലാറ്റ് ഫോമുകളില്‍ പ്രദര്‍ശിപ്പിക്കരുതെന്നും അത് തടയണമെന്നുമാണ് ആവശ്യം ബോര്‍ഡിന്റെ ആവശ്യം. ഇക്കാര്യം ചൂണ്ടികാട്ടി ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ് കേന്ദ്രത്തിന് കത്തയച്ചു.
സംസ്ഥാനത്ത് അടിക്കടിയുണ്ടാവുന്ന കൊലപാതകങ്ങള്‍ക്ക് പിന്നില്‍ മാര്‍ക്കോ പോലെയുള്ള ചിത്രങ്ങളുടെ സ്വാധീനമാണെന്നുള്ള ധാരാളം വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച സിനിമ 18 വയസ്സില്‍ താഴെയുള്ള കുട്ടികളെയും കാണിക്കുന്നുവെന്നും പരാതിയുണ്ടായിരുന്നു. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും അസ്വസ്ഥത ജനിപ്പിക്കുന്ന സന്ദര്‍ഭങ്ങളുള്ള സിനിമയാണ് മാര്‍ക്കോ. ഇത് കുട്ടികളെ തെറ്റായി സ്വാധീനിക്കുമെന്നും വിമര്‍ശനങ്ങള്‍ ഉണ്ട്.
by Midhun HP News | Mar 5, 2025 | Latest News, കേരളം
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിനു ഇന്നു തുടക്കമാകും. ഇന്നു രാവിലെ 10ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ 10 ദിവസത്തെ ഉത്സവം ആരംഭിക്കും. 13ന് ആണ് ആറ്റുകാൽ പൊങ്കാല. ഉത്സവത്തിന് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി. വിവിധ ദേശങ്ങളിൽ നിന്നും അലങ്കരിച്ച വിളക്കുകെട്ടുകളും ഇന്നു മുതൽ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. പൊങ്കാല ദിവസം കെഎസ്‌ആർടിസി 700 സർവീസുകൾ നടത്തും
by Midhun HP News | Mar 5, 2025 | Latest News, കേരളം
ചിറയിൻകീഴ്: ചിറയിൻകീഴ് പ്രേംനസീർ മെമോറിയൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് വിരമിക്കുന്ന സ്റ്റാഫുകൾക്ക് യാത്രയയപ്പ് നൽകി. ഹയർ സെക്കണ്ടറി ലാബ് അസിസ്റ്റന്റ് ആർ.സഫീല, ഹയർ സെക്കണ്ടറി ഹിസ്റ്ററി അധ്യാപിക ചന്ദ്രിക എന്നിവർക്കാണ് വിരമിക്കൽ യാത്രയയപ്പ് നൽകിയത്.
ചിറയിൻകീഴ് പുരവൂർ സ്വദേശിയായ ആർ.സഫീല വി.എം.സാദിഖ് ഹാജി സ്മാരക ട്രസ്റ്റ് ചെയർപേഴ്സൺ കൂടിയാണ്. ആറ്റിങ്ങൽ മാമം സ്വദേശിയാണ് ചന്ദ്രിക. ചടങ്ങിൽ സ്കൂൾ പി.ടി.എ പ്രസിഡന്റ് സബീന, വൈസ് പ്രസിഡന്റ് അനസ്, എസ്.എം.സി ചെയർമാൻ സുമേഷ് എം.എസ്, വൈസ് ചെയർപേർസൺ സബിത ജ്യോതിഷ്, എസ്.എം.സി അംഗം ഷഹീർ സലിം, പ്രിൻസിപ്പൽ മാർജി, സ്കൂൾ എച്ച്.എം.ബിന്ദു, അധ്യാപകർ, നോൺ ടീച്ചിംഗ് സ്റ്റാഫ് തുടങ്ങിയവർ പങ്കെടുത്തു.
by Midhun HP News | Mar 5, 2025 | Latest News, കേരളം
കോഴിക്കോട്: പത്താം ക്ലാസിലെ ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്ന കേസില്‍ നിര്‍ണായക കണ്ടെത്തലുമായി ക്രൈംബ്രാഞ്ച്. കൊടുവള്ളിയിലെ ഓണ്‍ലൈന്‍ കോച്ചിങ് സെന്ററായ എംഎസ് സൊല്യൂഷന്‍സിലെ അധ്യാപകന്‍ ഫഹദിന് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയത് മലപ്പുറത്തെ അണ്‍ എയ്ഡഡ് സ്‌കൂളിലെ പ്യൂണ്‍ അബ്ദുള്‍ നാസറാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഇയാളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.
അബ്ദുള്‍ നാസര്‍ ജോലി ചെയ്യുന്ന സ്‌കൂളിലായിരുന്നു മുന്‍പ് ഫഹദ് ജോലി ചെയ്തിരുന്നതെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ ബന്ധം മുന്‍നിര്‍ത്തിയാണ് ചോദ്യപ്പേപ്പര്‍ ചോര്‍ത്തിയത്. വാട്‌സ് ആപ്പ് വഴി അബ്ദുള്‍ നാസര്‍ ചോദ്യപേപ്പര്‍ ഫഹദിന് അയച്ചുകൊടുക്കുകയായിരുന്നെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ അധ്യാപകരുടെ മികവുകൊണ്ടാണ് പരീക്ഷയുടെ സമാനമായ ചോദ്യപേപ്പര്‍ തയ്യാറാക്കിയതെന്നായിരുന്നു എംഎസ് സൊല്യൂഷ്യന്‍സിന്റെ വാദം.
ചോദ്യപേപ്പര്‍ ചോര്‍ത്തിയത് എംഎസ് സൊല്യൂഷന്‍സ് തന്നെയാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. എന്നാല്‍ ചോദ്യപേപ്പറിനെക്കുറിച്ച് പ്രവചനമാണ് താന്‍ നടത്തിയതെന്നായിരുന്നു എംഎസ് സൊല്യൂഷന്‍സ് സിഇഔ ഷുഹൈബ് പറഞ്ഞത്. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരെയും അധ്യാപകരെയും ചോദ്യം ചെയ്തതിന് പിന്നാലെ സൈബര്‍ വിദഗ്ധരെയടക്കം ഉള്‍പ്പെടുത്തി ശാസ്ത്രപരിശോധനയും ക്രൈംബ്രാഞ്ച് നടത്തിയിരുന്നു. അതേ സമയം ഷുഹൈബ് പറഞ്ഞതനുസരിച്ച് ചോദ്യപേപ്പറുകള്‍ തയ്യാറാക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു അറസ്റ്റിലായ എംഎസ് സൊല്യൂഷന്‍സ് അധ്യാപകര്‍ ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴി.
Recent Comments