by Midhun HP News | Feb 27, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. സാധാരണയെക്കാള്‍ രണ്ടു മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കണ്ണൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും കോട്ടയം, കാസര്‍കോട്, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാനാണ് സാധ്യത.
ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള അന്തരീക്ഷ സ്ഥിതിയ്ക്ക് സാധ്യതയുണ്ട്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു.
by Midhun HP News | Feb 27, 2025 | Latest News, കേരളം
കണ്ണൂര്‍: ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിനെതിരെ വീണ്ടും കേസ്. കണ്ണൂര്‍ ടൗണ്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കുടിവെള്ളം എടുക്കാന്‍ പോയ തടവുകാരിയെ ഷെറിനും മറ്റൊരു തടവുകാരിയും ചേര്‍ന്ന് മര്‍ദ്ദിച്ചെന്നാണ് കേസ്. ഷെറിന് ശിക്ഷാ ഇളവ് നല്‍കാന്‍ മന്ത്രിസഭ തീരുമാനം എടുത്തതിനു പിന്നാലെയാണ് പുതിയ കേസ്.
കണ്ണൂര്‍ വനിതാ ജയിലില്‍ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുടിവെള്ളം എടുക്കാന്‍ പോയ തടവുകാരിയായ വിദേശ വനിത ജൂലിയെ ഷെറിനും മറ്റൊരു തടവുകാരിയായ ഷബ്‌നയും ചേര്‍ന്ന് മര്‍ദ്ദിച്ചു എന്നാണ് പരാതി. ഷെറിന്‍ പിടിച്ചു തള്ളുകയും ഷബ്‌ന അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു.
കോളിളക്കം സൃഷ്ടിച്ച ഭാസ്‌കര കാരണവര്‍ വധക്കേസില്‍ 14 വര്‍ഷം തടവുശിക്ഷ പൂര്‍ത്തിയായ ഷെറിന് ശിക്ഷാ ഇളവ് നല്‍കിയ മന്ത്രിസഭാ തീരുമാനം വിവാദത്തിന് വഴിവെച്ചിരുന്നു. ഷെറിന് മാനസാന്തരം വന്നെന്നും നല്ല നടപ്പെന്നും വിലയിരുത്തിയായിരുന്നു ജയില്‍ ഉപദേശക സമിതിയുടെ തീരുമാനം. 20 വര്‍ഷത്തിലേറെ ശിക്ഷ അനുഭവിച്ച രോഗികളായവര്‍ വരെ ജയിലുകളിലുണ്ടെന്നാണ് ശിക്ഷാ ഇളവിനെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടിയത്.
2009 നവംബര്‍ എട്ടിനാണ് ചെങ്ങന്നൂര്‍ സ്വദേശി ഭാസ്‌കര കാരണവര്‍ കൊല്ലപ്പെടുന്നത്. മകന്റെ ഭാര്യയായിരുന്ന ഷെറിനും കാമുകനും ചേര്‍ന്നാണ് ഭാസ്‌കര കാരണവരെ കൊലപ്പെടുത്തിയത്. തന്റെ വഴിവിട്ട ബന്ധം കണ്ടുപിടിച്ചതിനെത്തുടര്‍ന്നാണ് ഭര്‍തൃപിതാവിനെ ഷെറിന്‍ കൊലപ്പെടുത്തിയത്. മാവേലിക്കര അതിവേഗ കോടതിയാണ് ഷെറിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഈ ശിക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും ശരിവെച്ചു.
by Midhun HP News | Feb 27, 2025 | Latest News, കേരളം
ആലപ്പുഴ: ലൗ ജിഹാദ് ആരോപിച്ച് ബന്ധുക്കളും അയല്‍ക്കാരും ഭീഷണി ഉയര്‍ത്തിയതിനെ തുടര്‍ന്ന് ഝാര്‍ഖണ്ഡില്‍ നിന്നുള്ള കമിതാക്കള്‍ സ്വന്തം നാട്ടില്‍ നിന്ന് പലായനം ചെയ്ത് ആലപ്പുഴ ജില്ലയിലെ കായംകുളത്ത് എത്തി വിവാഹിതരായി. ഝാര്‍ഖണ്ഡിലെ രാംഗഡിലെ ചിതാര്‍പൂര്‍ സ്വദേശികളായ മുഹമ്മദ് ഗാലിബും (30), ആശാ വര്‍മ്മയുമാണ് (27) കേരളത്തില്‍ എത്തി വിവാഹം കഴിച്ചത്. ഫെബ്രുവരി 11 ന് കായംകുളത്തെ ഒരു പള്ളിയില്‍ ഇസ്ലാമിക മതാചാര പ്രകാരം ആദ്യം വിവാഹിതരായി. പിന്നീട്, ഫെബ്രുവരി 16ന് ഹിന്ദു ആചാരപ്രകാരം ക്ഷേത്രത്തില്‍ വച്ച് വീണ്ടും വിവാഹിതരായി. നിരവധി വര്‍ഷങ്ങളായി പ്രണയത്തിലാണെന്ന് ബുധനാഴ്ച ഇരുവരും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
‘സ്വന്തമായി തീരുമാനമെടുത്ത ശേഷമാണ് ഞങ്ങള്‍ വിവാഹിതരായത്. വ്യാജ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം, ഫെബ്രുവരി 14 ന് ഝാര്‍ഖണ്ഡ് പൊലീസ് എത്തി ഞങ്ങളുടെ മൊഴി രേഖപ്പെടുത്തി. കൂടാതെ, ആശയെ ബലപ്രയോഗത്തിലൂടെ തട്ടിക്കൊണ്ടുപോയി എന്ന് ആരോപിച്ച് എനിക്കെതിരെ മറ്റൊരു കള്ളക്കേസും ഫയല്‍ ചെയ്തു.ഝാര്‍ഖണ്ഡിലെ പൊലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരാകാന്‍ ഞങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ സുരക്ഷ ഉറപ്പാക്കിയതിനും സഹായത്തിനും ഞങ്ങളുടെ അഭിഭാഷക ഗയ എസ് ലതയ്ക്കും മറ്റുള്ളവര്‍ക്കും നന്ദി പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു’- ദമ്പതികള്‍ പറഞ്ഞു.
ഈ മാസം ആദ്യം ആശയുടെ ബന്ധുക്കള്‍ കായംകുളത്ത് എത്തിയെങ്കിലും ആശ അവരോടൊപ്പം പോകാന്‍ വിസമ്മതിച്ചു. ഗള്‍ഫില്‍ മുഹമ്മദിനൊപ്പം ജോലി ചെയ്തിരുന്ന കായംകുളത്തുനിന്നുള്ള ഒരു സുഹൃത്തിന്റെ ഉപദേശപ്രകാരമാണ് ദമ്പതികള്‍ കേരളത്തിലെത്തിയത്. ആശയുടെ കുടുംബം മറ്റൊരാളുമായി അവളുടെ വിവാഹം ഉറപ്പിച്ചതിന് പിന്നാലെയാണ് ഇരുവരും കേരളത്തിലെത്തിയതെന്ന് അഭിഭാഷകയായ ഗയ പറഞ്ഞു.
”ആശയുടെ കുടുംബം മറ്റൊരാളുമായി അവളുടെ വിവാഹം ഉറപ്പിച്ചു എന്ന് കേട്ടതിന് പിന്നാലെ വിദേശത്ത് ജോലി ചെയ്തിരുന്ന മുഹമ്മദ് ഇന്ത്യയിലേക്ക് മടങ്ങി. അവര്‍ വ്യത്യസ്ത മതങ്ങളില്‍ പെട്ടവരായതിനാല്‍, അവരുടെ വിവാഹത്തിനെതിരായ എതിര്‍പ്പ് വളര്‍ന്നു. പ്രധാനമായും ആശയുടെ സമുദായത്തിലെ നേതാക്കളും അംഗങ്ങളുമാണ് എതിര്‍പ്പ് ഉന്നയിച്ചത്. തുടര്‍ന്ന്, മുഹമ്മദിനെതിരെ ‘ലൗ ജിഹാദ്’ ആരോപണങ്ങള്‍ ഉയര്‍ന്നു. ഇത് സംഘര്‍ഷത്തിലേക്ക് നയിച്ചു. ഇതിന് പിന്നാലെയാണ് ദമ്പതികള്‍ കായംകുളത്തേക്ക് പലായനം ചെയ്തത്’- ഗയ പറഞ്ഞു.
അവരുടെ വിവാഹം ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യുന്നതിന് കായംകുളം സബ് രജിസ്ട്രാര്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഗയ പറഞ്ഞു. ആശ ‘ദുരഭിമാനക്കൊലയ്ക്ക്’ ഇരയാകുമെന്ന് ഭയന്ന് ദമ്പതികള്‍ കേരള ഹൈക്കോടതിയില്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഒരു റിട്ട് ഹര്‍ജിയും സമര്‍പ്പിച്ചിട്ടുണ്ട്. ദമ്പതികള്‍ ആവശ്യപ്പെട്ടാല്‍ ആവശ്യമായ സംരക്ഷണം നല്‍കുമെന്ന് കായംകുളം ഡിവൈഎസ്പി എന്‍ ബാബുക്കുട്ടന്‍ പറഞ്ഞു.
by Midhun HP News | Feb 27, 2025 | Latest News, കേരളം
കൊച്ചി: പൊതുസ്ഥലങ്ങളിലും പുറമ്പോക്കുകളിലും നിയമപരമായ അനുമതിയില്ലാതെ പുതിയ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് ഹൈക്കോടതി നിരോധിച്ചു. നേരത്തെ സ്ഥാപിച്ച കൊടിമരങ്ങള്‍ നീക്കം ചെയ്യുന്നതിന് സര്‍ക്കാര്‍ ആറു മാസത്തിനകം നയം രൂപവത്കരിക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടു.
കോടതി ഉത്തരവ് കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശിച്ച് തദ്ദേശസ്വയംഭരണ സെക്രട്ടറി രണ്ടാഴ്ചക്കകം എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും സര്‍ക്കുലര്‍ നല്‍കണം. തുടര്‍ന്ന് സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ഒരു മാസത്തിനകം ഹൈക്കോടതിയില്‍ സമര്‍പ്പിക്കണമെന്നും നിര്‍ദേശം നൽകിയിട്ടുണ്ട്. പന്തളം മന്നം ഷുഗര്‍മില്ലിന് മുന്നില്‍ സിപിഎം, ബിജെപി, ഡിവൈഎഫ്ഐ തുടങ്ങിയവ അനധികൃതമായി സ്ഥാപിച്ച കൊടിമരങ്ങള്‍ നീക്കുന്നത് സംബന്ധിച്ച ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.
by Midhun HP News | Feb 27, 2025 | Latest News, കേരളം
കൊച്ചി: ഭാര്യയെ കുത്തിയ ശേഷം ഭർത്താവ് കഴുത്തറത്ത് ആത്മഹത്യക്കു ശ്രമിച്ചു. മഞ്ഞുമ്മൽ പള്ളിക്കു സമീപം ബുധനാഴ്ച വൈകീട്ടോടെയാണ് സംഭവം. ഹാരീസാണ് ഭാര്യ ഫസീനയെ ആക്രമിച്ചത്. കുടുംബ വഴക്കാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം.
കൈയ്ക്ക് കുത്തേറ്റ ഫസീനയെ മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫസീനയുടെ പരിക്ക് ഗുരുതരമല്ല. അതേസമയം ഹാരീസ് അതീവ ഗുരുതരാവസ്ഥയിൽ കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഏറെ നാളായി ക്യാൻസർ രോഗിയാണ് ഹാരീസ്. ചികിത്സയിലായിരുന്നതിനാൽ ജോലിക്കും പോകാൻ സാധിച്ചിരുന്നില്ല. ഫസീന ചെറിയ ജോലികൾ ചെയ്താണ് കുടുംബം പുലർത്തിയിരുന്നത്. നാട്ടുകാരുടെ സഹായവും ലഭിച്ചിരുന്നു. മഞ്ഞുമ്മലിലെ വാടക വീട്ടിൽ താമസിച്ചിരുന്ന ഇരുവരും തമ്മിൽ വഴക്കുകൾ പതിവായിരുന്നു.
by Midhun HP News | Feb 27, 2025 | Latest News, കേരളം
തൃശൂർ: മദ്യലഹരിയിൽ പിടിച്ചു തള്ളിയതിനെ തുടർന്ന് കായികാധ്യാപകൻ നിലത്തടിച്ച് വീണ് മരിച്ചു. പൂങ്കുന്നം ചക്കാമുക്ക് സ്വദേശി അനിൽ (50) ആണ് മരിച്ചത്. തൃശൂർ റീജണൽ തിയറ്ററിന് മുമ്പിൽ വെച്ചാണ് സംഭവം.
പൂങ്കുന്നം ഹരിശ്രീ സ്കൂളിലെ അധ്യാപകനാണ് മരിച്ച അനിൽ. സംഭവത്തിൽ സുഹൃത്ത് ചൂലിശേരി സ്വദേശി രാജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാജു മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇരുവരും നാടകോൽസവം കാണാൻ എത്തിയതായിരുന്നു.
Recent Comments