മുന്‍ എംഎല്‍എ പി രാജു അന്തരിച്ചു

മുന്‍ എംഎല്‍എ പി രാജു അന്തരിച്ചു

കൊച്ചി: സിപിഐ നേതാവും മുന്‍ എംഎല്‍എയുമായ പി രാജു അന്തരിച്ചു. 73 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. രണ്ടു തവണ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നു.

1991 ലും 1996 ലും വടക്കന്‍ പറവൂരില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവും, ജനയുഗം കൊച്ചി യൂണിറ്റ് മാനേജരും ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.

വ്രതാനുഷ്ഠാനങ്ങളോടെ പിതൃബലി അര്‍പ്പിച്ച് ലക്ഷങ്ങള്‍, ആലുവ മണപ്പുറത്ത് വന്‍ തിരക്ക്

വ്രതാനുഷ്ഠാനങ്ങളോടെ പിതൃബലി അര്‍പ്പിച്ച് ലക്ഷങ്ങള്‍, ആലുവ മണപ്പുറത്ത് വന്‍ തിരക്ക്

കൊച്ചി: കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും അടുത്ത പകലുമാണ് ശിവരാത്രി മഹോത്സവം. ഉപവാസവും ഉറക്കം ഒഴിയുന്നതുമാണ് ആചാരങ്ങൾ. പാലാഴി മഥനത്തിനിടെ പൊങ്ങിവന്ന കാളകൂടവിഷം ലോക രക്ഷയ്ക്കായി പരമശിവന്‍ കുടിച്ചു. എന്നാല്‍ വിഷം വയറ്റിലെത്താതിരിക്കാൻ പാർവതി ശിവന്റെ കഴുത്തും പുറത്ത് പോകാതിരിക്കാൻ വിഷ്ണു വായയും അടച്ചുപിടിച്ചു. വിഷം ശിവന്റെ കഴുത്തിൽ അടിഞ്ഞുകൂടി ശിവൻ നീലകണ്ഠൻ ആയി. ഭഗവാന് ആപത്തുണ്ടാകാതെ പാർവതീയും മറ്റുളളവരും ഉറക്കമൊഴിച്ചിരുന്നു പ്രാർഥിച്ച ദിവസമാണ് ശിവരാത്രി.

പിതൃമോക്ഷം തേടി പഞ്ചാക്ഷരി മന്ത്രം ഉരുവിട്ട് ആയിരങ്ങളാണ് ശിവരാത്രി ദിനത്തിൽ പിതൃതർപ്പണം നടത്തുന്നത്. ആലുവ മണപ്പുറത്താണ് കേരളത്തിൽ പ്രധാനമായും ബലിതർപ്പണ ചടങ്ങുകൾ നടക്കുന്നത്. ബുധനാഴ്ച രാത്രി 10 മണി മുതൽ തുടങ്ങിയ ബലിതർപ്പണ ചടങ്ങുകൾ വ്യാഴാഴ്ച രാവിലെ വരെ നീളും. 116 ബലിത്തറകളാണ് ആലുവയില്‍ ഇത്തവണ തയ്യാറാക്കിയിരിക്കുന്നത്. ഏഴ് ലക്ഷം പേർ ഇത്തവണ ബലിതർപ്പണത്തിനായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബലിതർപ്പണത്തോടനുബന്ധിച്ച് ശക്തമായ സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. 1500 പൊലീസുകാരെയാണ് ഇതിനായി വിന്യസിച്ചിരിക്കുന്നത്. പൊലീസിന്റെ മുഴുവൻ സമയ കൺട്രോൾ റൂമും വാച്ച് ടവറും പ്രവർത്തിക്കുന്നുണ്ട്. നാവിക സേനയുടെ മുങ്ങൽ വിദഗ്ധരും അഗ്നിശമന സേനാ അംഗങ്ങളും മണപ്പുറത്തുണ്ട്.

ഗതാ​ഗത നിയന്ത്രണം

ബുധനാഴ്ച വൈകുന്നേരം മുതൽ വ്യാഴാഴ്ച ഉച്ചവരെ ആലുവയിൽ ഗതാഗത നിയന്ത്രണമുണ്ടാകും. മണപ്പുറത്തേക്ക് എത്തുന്ന ഭക്തർക്കായി കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തും. കൊച്ചി മെട്രോയും ദക്ഷിണ റെയിൽവേയും സ്‍പെഷ്യൽ സർവീസ് നടത്തുന്നുണ്ട്. 26 ബുധനാഴ്ച തൃപ്പൂണിത്തുറയില്‍ നിന്നുള്ള മെട്രോ സര്‍വീസുകൾ രാത്രി 11.30 വരെ ഉണ്ടായിരുന്നു. വ്യാഴാഴ്ച ആലുവയില്‍ നിന്നുള്ള സര്‍വീസ് വെളുപ്പിന് 4.30ന് സർവീസ് ആരംഭിക്കും. തുടര്‍ന്ന് രാവിലെ ആറ് മണിവരെ അരമണിക്കൂര്‍ ഇടവിട്ടും പിന്നീട് സാധാരണ നിലയ്ക്കും ആലുവയില്‍ നിന്ന് സര്‍വ്വീസ് ഉണ്ടായിരിക്കുമെന്ന് മെട്രോ അധികൃതർ അറിയിച്ചിട്ടുണ്ട്.

ജയിലില്‍ നിരാഹാരസമരത്തിനൊരുങ്ങി മാവോയിസ്റ്റ് രൂപേഷ്

ജയിലില്‍ നിരാഹാരസമരത്തിനൊരുങ്ങി മാവോയിസ്റ്റ് രൂപേഷ്

കോഴിക്കോട്: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവ് രൂപേഷ് തന്റെ രണ്ടാമത്തെ നോവല്‍ പ്രസിദ്ധീകരിക്കാന്‍ അനുമതി തേടി നിരാഹാരസമരത്തിനൊരുങ്ങുന്നു. മാര്‍ച്ച് രണ്ടുമുതല്‍ നിരാഹാര സമരം ആരംഭിക്കും. അടിയന്തരാവസ്ഥക്കാലത്ത് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ആര്‍ഇസി വിദ്യാര്‍ഥി രാജന്റെ രക്തസാക്ഷിദിനമായതിനാലാണ് മാര്‍ച്ച് രണ്ട് എന്ന തീയതി തെരഞ്ഞെടുത്തതെന്ന് രൂപേഷിന്റെ ഭാര്യ പിഎ ഷൈന പറഞ്ഞു.

‘ബന്ധിതരുടെ ഓര്‍മകുറിപ്പുകള്‍’ എന്ന നോവല്‍ പ്രസിദ്ധീകരിക്കാന്‍ രൂപേഷ് ജയില്‍ അധികൃതരുടെ അനുമതി തേടിയിരുന്നു. എന്നാല്‍ നോവലില്‍ യുഎപിഎ, ജയില്‍ എന്നിവയെ സംബന്ധിച്ചുള്ള പരാമര്‍ശം ഉള്ളതിനാല്‍ അനുമതി നല്‍കാനാവില്ലെന്ന് അവര്‍ വാക്കാല്‍ അറിയിച്ചെന്നും ഷൈന പറഞ്ഞു. നോവലില്‍ ഇത്തരം പരാമര്‍ശങ്ങളില്ലെന്നും രാജ്യത്ത് നിലനില്‍ക്കുന്ന വ്യവസ്ഥകള്‍ക്കെതിരായ വിമര്‍ശനമാണെന്നും ഷൈന പറഞ്ഞു. നോവലിന്റെ കൈയെഴുത്ത് പ്രതി ചില പ്രമുഖ എഴുത്തുകാര്‍ക്ക് കൈമാറിയതായും ഷൈന പറഞ്ഞു.

2015ല്‍ ജയിലില്‍ ഇരിക്കെയാണ് രൂപേഷ് എംഎ പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍ തത്വശാസ്ത്രത്തല്‍ പിജി ചെയ്യകയാണ്. മൊബൈല്‍ റിപ്പയറിങ്, ഓട്ടോമൊബൈല്‍, ബേക്കിങ് എന്നിവയില്‍ ഹ്രസ്വകാല കോഴ്സുകള്‍ പൂര്‍ത്തിയാക്കി. ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുകളിലും പങ്കെടുത്തിട്ടുണ്ട്, ജയില്‍ റേഡിയോയിലും ഷോര്‍ട്ട് ഫിലിമുകളിലും സജീവമാണെന്നും ഷൈന പറഞ്ഞു. 2013 ല്‍ ഒളിവിലിരിക്കെ രൂപേഷ് എഴുതിയ ആദ്യത്തെ നോവലായ വസന്തത്തിന്റെ പൂമരങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു. 2015 മെയ് 4 ന് കോയമ്പത്തൂരില്‍ വെച്ച് ഷൈനയ്ക്കും മറ്റ് മൂന്നുപേര്‍ക്കുമൊപ്പം രൂപേഷും അറസ്റ്റിലായത്. രൂപേഷ് ഒഴികെയുള്ളവരെയെല്ലാം വിട്ടയച്ചു. രൂപേഷിനെതിരെ 43 കേസുകളാണ് ഉള്ളത്.

‘35,000 കരിമീന്‍ കുഞ്ഞുങ്ങളെ തീറ്റ കൊടുത്തു വളര്‍ത്തി, അവയെ മുഴുവന്‍ പിടിച്ചുകൊണ്ടുപോയി; ഒരു രാജ്യത്തും ഈ അവസ്ഥയില്ല’

‘35,000 കരിമീന്‍ കുഞ്ഞുങ്ങളെ തീറ്റ കൊടുത്തു വളര്‍ത്തി, അവയെ മുഴുവന്‍ പിടിച്ചുകൊണ്ടുപോയി; ഒരു രാജ്യത്തും ഈ അവസ്ഥയില്ല’

കൊച്ചി: പൊക്കാളി മേഖലയിലെ പദ്ധതികൾ വിജയകരമായി മുന്നോട്ടു കൊണ്ടുപോകണമെങ്കിൽ നാട്ടുകാരുടെ സഹകരണം വേണമെന്ന് നടൻ സലിംകുമാർ. പൊക്കാളി പാടത്ത് മത്സ്യക്കൃഷിയുടെ കാലാവസ്ഥ കഴിയുന്ന ഉടൻ തന്നെ പുറത്തു നിന്നുള്ളവര്‍ വലവീശി മീന്‍ പിടിച്ചുകൊണ്ടു പോകുന്നത് അനീതിയാണ്. സ്വന്തം പാടത്ത് മത്സ്യകർഷകനെക്കാൾ അവകാശം പുറത്തു നിന്നുള്ളവർക്കാണെന്ന അവസ്ഥ മറ്റൊരു രാജ്യത്തും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.

താന്‍ അതില്‍ അനുഭവസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു. സ്വന്തമായുള്ള 13 ഏക്കറില്‍ 35,000 കരിമീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിക്കുകയും അവയെ തീറ്റ കൊടുത്തു വളര്‍ത്തുകയും ചെയ്തു. എന്നാല്‍ ചിലര്‍ കാലാവധിയുടെ പേരു പറഞ്ഞു രണ്ടിഞ്ചു വലുപ്പമുള്ള കരിമീൻ കുഞ്ഞുങ്ങളെ മുഴുവൻ പിടിച്ചു കൊണ്ടു പോയി. ആ ഭൂമിയിപ്പോള്‍ ദുരന്ത ഭൂമിയാണെന്നും കൃഷി മന്ത്രി പി പ്രസാദിന്റെ സാന്നിധ്യത്തിൽ സലിംകുമാർ പറഞ്ഞു.

കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് പ്രകാരം ‘2025’ എന്ന പേരിൽ കുഴുപ്പിള്ളിയിൽ സംഘടിപ്പിച്ച പൊക്കാളി ഏകദിന ശിൽപശാലയിൽ പങ്കെടുക്കാനെത്തിയതായിരുന്നു സലിംകുമാർ.

പൊക്കാളി പോലുള്ള പരമ്പരാഗത വിത്തിനങ്ങളുടെ ഗുണത്തിനും കരുത്തിനും പ്രാധാന്യം നൽകേണ്ടതുണ്ടെന്നും അതു മുൻനിർത്തിക്കൊണ്ടുള്ള പദ്ധതികളാണ് സർക്കാർ ആവിഷ്കരിക്കുന്നതെന്നും മന്ത്രി പി പ്രസാദ് പറഞ്ഞു. ഇത്തരം വിത്തിനങ്ങളെ ഉപേക്ഷിച്ച് മറ്റു വിത്തുകളുടെ പിന്നാലെ പോകുന്ന പ്രവണത കർഷകർ അവസാനിപ്പിക്കണം. കെ.എൻ.ഉണ്ണിക്കൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. കലക്ടർ എൻ.എസ്.കെ.ഉമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, പ്രിൻസിപ്പൽ കൃഷി ഓഫിസർ ഷേർളി സഖറിയാസ്, വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമല സദാനന്ദൻ, പി വി ലാജു തുടങ്ങിയവർ പ്രസംഗിച്ചു.

ആശ വര്‍ക്കര്‍മാരുടെ സമരത്തെ വീണ്ടും പരിഹസിച്ച് എളമരം കരീം

ആശ വര്‍ക്കര്‍മാരുടെ സമരത്തെ വീണ്ടും പരിഹസിച്ച് എളമരം കരീം

കൊച്ചി: ആശ വര്‍ക്കര്‍മാരുടെ സമരത്തിനെതിരെ സിപിഎം നേതാവ് എളമരം കരീം വീണ്ടും. സമരം നടത്തുന്നത് ഏതോ ഈര്‍ക്കില്‍ സംഘടനയാണ്. അവരുടെ സംഘടനാശക്തി കൊണ്ടൊന്നുമല്ല ഇത് സംഭവിക്കുന്നത്. അവര്‍ക്ക് പിന്നില്‍ ആരോ ഉണ്ടാകാം. മാധ്യമങ്ങളുടെ ശ്രദ്ധ കിട്ടിയതോടെ അവര്‍ക്ക് ഒരു ഹരമായി. മഹിളാ കോണ്‍ഗ്രസ് മന്ത്രിയുടെ വീട്ടിലേക്ക് തള്ളിക്കയറുന്നു. എല്ലാ ദിവസവും വാര്‍ത്ത വരുന്നു. അങ്ങനെ ശ്രദ്ധ പിടിച്ചുപറ്റിയതിന്റെ ആവേശത്തിലാണ് സമരം തുടരുന്നത്. അതല്ലാതെ തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കല്‍ ഈ വിധത്തിലല്ല എന്നും എളമരം കരീം പറഞ്ഞു.

ആരോഗ്യമേഖലയെ പൂര്‍ണമായി സ്തംഭിപ്പിച്ചുകൊണ്ടുള്ള സമരത്തെ അനുകൂലിക്കാനാകില്ല. മുമ്പ് സിഐടിയു നിരവധി സമരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്കും പാര്‍ലമെന്റിനും മുന്നില്‍ നടത്തി. കേന്ദ്ര തൊഴില്‍ വകുപ്പുമായും ആരോഗ്യവകുപ്പുമായും ചര്‍ച്ച നടത്തിയപ്പോഴും ഇവര്‍ തൊഴിലാളികളല്ല, വൊളണ്ടിയേഴ്‌സ് ആണെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത്. അതിനാല്‍ ഇന്‍സെന്റീവ് മാത്രമേ നല്‍കാനാകൂ എന്നാണ് പറഞ്ഞത്.

ഈ സാഹചര്യത്തില്‍ കേരള സര്‍ക്കാരിന് കഴിയാവുന്നത് സംസ്ഥാന സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. ആശ വര്‍ക്കര്‍മാര്‍ക്ക് 7000 രൂപ വരെ ഓണറേറിയം നല്‍കുന്നത് കേരള സര്‍ക്കാര്‍ കൂടി ചേര്‍ന്നിട്ടാണ്. കൂടാതെ, അവര്‍ ചെയ്യുന്ന ഓരോ ജോലിക്കും പ്രത്യേക ഇന്‍സെന്റീവുകളുണ്ട്. ആശ വര്‍ക്കര്‍മാരുടെ ജോലിഭാരം കുറയ്ക്കണമെന്ന ആവശ്യത്തില്‍, എന്‍എച്ച്എം ഡയറക്ടര്‍ ഇടപെട്ട് കുറയ്ക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്.

ദേശീയ തലത്തില്‍ എന്‍എച്ച്എം എംപ്ലോയീസ് ഫെഡറേഷന്‍, അങ്കണവാടി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍, ആശ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ എന്നിവരെല്ലാം ചേര്‍ന്ന് ഡല്‍ഹിയില്‍ ശക്തമായ സമരം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യാരാജ്യത്ത് കേരളത്തില്‍ പരിഗണിക്കുന്നതുപോലെ ഒരു സ്ഥലത്തും ഈ വിഭാഗത്തെ പരിഗണിക്കുന്നില്ല എന്നതാണ് സത്യമെന്ന് എളമരം കരീം പറഞ്ഞു.

എന്‍എച്ച്എമ്മിന് കീഴില്‍ ജോലി ചെയ്യുന്നവര്‍ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവരാണ്. ആരോഗ്യമേഖലയില്‍ വളരെ കരുതലോടെയാണ് സിഐടിയു സമരം ചെയ്യുന്നത്. ആരോഗ്യമേഖലയെ സ്തംഭിപ്പിക്കുന്ന സമരത്തിലേക്ക് ഒരിക്കലും ട്രേഡ് യൂണിയനുകള്‍ പോകാറില്ല. എന്നാല്‍ ഈ സമരം ചെയ്യുന്നവര്‍ക്ക് അതൊന്നും അറിയില്ല. അവര്‍ എന്തോ ചെയ്യുന്നുവെന്ന് എളമരം കരീം പറഞ്ഞു. ആരോഗ്യമേഖലയിലെ സര്‍വേകള്‍, കണക്കെടുപ്പുകള്‍ തുടങ്ങിയവ നടത്തുന്നുണ്ട്. കുഷ്ടരോഗികളുടെ സര്‍വേ, ജീവിതശൈലീ രോഗങ്ങളുടെ സര്‍വേ തുടങ്ങിയവ കേരളത്തില്‍ നടക്കുന്നുണ്ട്. ഇതെല്ലാം കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന പദ്ധതികളാണ്. കൃത്യമായ സമയത്ത് സര്‍വേ റിപ്പോര്‍ട്ട് നല്‍കിയില്ലെങ്കില്‍ രോഗനിര്‍മ്മാര്‍ജ്ജനത്തിനുള്ള ഫണ്ട് സംസ്ഥാനത്തിന് നഷ്ടമാകുമെന്ന് എളമരം കരീം പറഞ്ഞു.

മഹാകുംഭമേളയ്ക്ക് ഇന്ന് സമാപനം; പുണ്യസ്‌നാനം ചെയ്തത് 63 കോടിയോളം പേര്‍

മഹാകുംഭമേളയ്ക്ക് ഇന്ന് സമാപനം; പുണ്യസ്‌നാനം ചെയ്തത് 63 കോടിയോളം പേര്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ നടക്കുന്ന മഹാകുംഭമേള ഇന്ന് സമാപിക്കും. ത്രിവേണീ സംഗമത്തിലെ ശിവരാത്രി സ്‌നാനത്തോടെയാണ് ഇത്തവണത്തെ തീര്‍ഥാടക സംഗമത്തിന് സമാപമാകുക.

ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനമായ പ്രയാഗ് രാജിലെ ത്രിവേണീ സംഗമത്തില്‍ ഇതുവരെ 63.36 കോടി ആളുകള്‍ പുണ്യസ്‌നാനം ചെയ്തു എന്നാണ് കണക്കുകള്‍. ഇന്ന് 2 കോടി തീര്‍ഥാടകരെയാണ് സ്‌നാനത്തിനായി പ്രതീക്ഷിക്കുന്നത്. വന്‍ ജനത്തിരക്കിനെത്തുടര്‍ന്ന് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് മേളനഗരിയില്‍ ഒരുക്കിയിരിക്കുന്നത്.

ഇന്ന് പുലര്‍ച്ചെ തന്നെ അമൃതസ്‌നാനം ആരംഭിച്ചു. ജനത്തിരക്ക് കൈകാര്യം ചെയ്യാനും വൈദ്യ സഹായത്തിനും ശുചീകരണത്തിനുമെല്ലാം സര്‍ക്കാര്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സുരക്ഷ,ഗതാഗതം തുടങ്ങിയ മേഖലകളിലും ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. തിക്കും തിരക്കും നിയന്ത്രിക്കാന്‍ ന്യൂഡല്‍ഹി, പ്രയാഗ് രാജ് റെയില്‍വെ സ്റ്റേഷനുകളില്‍ ക്രമീകരണങ്ങള്‍ ഊര്‍ജിതമാണ്. 144 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാകുംഭമേളയ്ക്ക് ജനുവരി 13ലെ പൗഷ് പൗര്‍ണിയ സ്‌നാനത്തോടെയാണ് തുടക്കമായത്.