by Midhun HP News | Feb 26, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് തിരിച്ചിറങ്ങി സ്വര്‍ണവില. ഇന്ന് പവന് 200 രൂപ കുറഞ്ഞതോടെ ഇന്നലെ രേഖപ്പെടുത്തിയ 64,600 എന്ന പുതിയ ഉയരത്തില്‍ നിന്ന് 64,400ലേക്കാണ് സ്വര്‍ണവില താഴ്ന്നത്. ഇന്നലെ പവന് 160 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് ഇട്ടത്.
ഇന്ന് ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 8050 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ വ്യാഴാഴ്ചത്തെ സ്വര്‍ണവിലയുടെ സര്‍വകാല റെക്കോര്‍ഡ് ആണ് ഇന്നലെ ഭേദിച്ചത്. അടുത്ത ദിവസം തന്നെ 65,000 എന്ന സൈക്കോളജിക്കല്‍ ലെവലും കടന്ന് സ്വര്‍ണവില കുതിക്കുമെന്ന സൂചനയ്ക്കിടെയാണ് ഇന്ന് സ്വര്‍ണവില കുറഞ്ഞത്.
കഴിഞ്ഞ മാസം 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ കൊണ്ടുതന്നെ 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയില്‍ ഡൊണള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ ധന വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം കൂട്ടിയിട്ടുണ്ട്. കൂടാതെ ഓഹരി വിപണിയില്‍ ഉണ്ടാകുന്ന ചലനങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.
by Midhun HP News | Feb 25, 2025 | Latest News, കേരളം
ഏർവാടിയിലേക്ക് സിയാറത്തിന് പുറപ്പെട്ട കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് പിതാവും മകനും മരിച്ചു. തമിഴ്നാട് ഡിണ്ടിഗൽ ജില്ലയിലെ പഴനിക്കടുത്തുണ്ടായ വാഹനാപകടത്തിൽ മഞ്ചേരിക്കു സമീപം തൃക്കലങ്ങോട് കാരകുന്ന് ആനക്കോട്ടുപുറം മാളികപ്പറമ്പ് വീട്ടിൽ സ്വദഖത്തുല്ല (33), മകൻ മുഹമ്മദ് ഹാദി (മൂന്നര) എന്നിവരാണ് മരിച്ചത്. സ്വദഖത്തുല്ലയുടെ ഭാര്യ ഫാത്തിമ സുഹറ, മകൾ ഐസൽ മറിയം എന്നിവരെ ഉടുമല ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാവിലെ 10 മണിക്ക് നാട്ടിൽ നിന്ന് കാറിൽ പുറപ്പെട്ടതായിരുന്നു. വൈകീട്ട് നാലിന് തിരുപ്പൂർ ഉടുമല റോഡിൽ പുഷ്പത്തൂരിലാണ് അപകടം. ഇവരുടെ കാർ നിയന്ത്രണം നഷ്ടമായി റോഡരികിൽ നിർത്തിയിട്ട ലോറിക്ക് പിന്നിലിടിക്കുകയായിരുന്നു. സ്വദഖത്തുല്ലയാണ് കാർ ഓടിച്ചിരുന്നത്. മൃതദേഹങ്ങൾ ഉടുമല ഗവ. ആശുപത്രിയിൽ. പിതാവ്: പരേതനായ അബ്ദുൽ കരീം. മാതാവ്: റംലത്ത്. സഹോദരങ്ങൾ: ഹിദായത്തുല്ല, കിഫായത്തുല്ല, ഇനായത്തുല്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം മാളികപ്പറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
by Midhun HP News | Feb 25, 2025 | Latest News, കേരളം
കൊച്ചി: പാതിവില തട്ടിപ്പു കേസില്‍ റിട്ട. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കും. രാമചന്ദ്രന്‍നായര്‍ക്കെതിരെ നിലവില്‍ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. നടപടിക്രമങ്ങള്‍ പാലിച്ച് ജസ്റ്റിസ് രാമചന്ദ്രന്‍ നായരെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കുന്നതാണെന്നും പൊലീസ് ഹൈക്കോടതിയെ അറിയിച്ചു.
പെരിന്തല്‍മണ്ണ പൊലീസാണ് ജസ്റ്റിസ് രാമചന്ദ്രന്‍നായരെ പ്രതിയാക്കി കേസെടുത്തത്. ഇതിനെതിരെ ഒരു കൂട്ടം അഭിഭാഷകരാണ് പൊലീസ് നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്. പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് റിട്ട. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ക്കെതിരെ കേസെടുത്തതെന്ന് അഭഭാഷകര്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
തുടര്‍ന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പൊലീസിനോടും സര്‍ക്കാരിനോടും റിപ്പോര്‍ട്ട് തേടി. ഇതേത്തുടര്‍ന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മുദ്ര വെച്ച കവറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ്, ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ക്കെതിരെ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയത്. ഒരാള്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കില്ലെന്ന് ബോധ്യമായാല്‍ ഒഴിവാക്കാനുള്ള പ്രൊവിഷന്‍ ഉണ്ടെന്നും ഡിജിപി അറിയിച്ചു. അന്വേഷണം പൂര്‍ത്തിയാക്കാന്‍ സാഹചര്യം ഒരുക്കണമെന്നും പൊലീസ് അഭ്യര്‍ത്ഥിച്ചു. നേരത്തെ ഹര്‍ജി പരിഗണിക്കവെ, മനസ്സര്‍പ്പിച്ചാണോ പൊലീസ് കേസെടുത്തതെന്നും, ഒരാള്‍ പ്രതിയല്ലെന്ന് പിന്നീട് തെളിഞ്ഞാല്‍ എന്തു ചെയ്യുമെന്നും ഹൈക്കോടതി പൊലീസിനോട് ചോദിച്ചിരുന്നു. പൊലീസിന്റെ റിപ്പോര്‍ട്ട് പരിഗണിച്ച കോടതി ഹര്‍ജി തീര്‍പ്പാക്കി. ഭാവിയില്‍ അന്വേഷണം പോലും നടത്താതെ പ്രതി ചേര്‍ക്കുന്ന നടപടികള്‍ ഒഴിവാക്കേണ്ടതാണെന്നും കോടതി നിര്‍ദേശിച്ചു.
by Midhun HP News | Feb 25, 2025 | Latest News, കേരളം
കൊച്ചി: ആലുവ മഹാശിവരാത്രി പ്രമാണിച്ച് ബുധനാഴ്ച ആലുവയിലേക്ക് പ്രത്യേക ട്രെയിനുകളും സ്റ്റോപ്പുകൾ അനുവദിച്ച് റെയിൽവേ. ബുധനാഴ്ച നിലമ്പൂരിൽ നിന്ന് പുറപ്പെടുന്ന 16325 നിലമ്പൂർ – കോട്ടയം എക്സ്പ്രസ് മറ്റ് സ്റ്റോപ്പുകൾക്ക് പുറമെ മുള്ളൂർക്കര, ഒല്ലൂർ, നെല്ലായി, കൊരട്ടി എന്നിവിടങ്ങളിൽ കൂടി നിർത്തുന്നതാണ്. രാത്രി തൃശൂരിൽ എത്തുന്ന 56605 ഷൊർണ്ണൂർ – തൃശൂർ പാസഞ്ചർ ആലുവ വരെ നീട്ടി.
തൃശൂരിൽ നിന്ന് 23.15ന് പുറപ്പെടുന്ന ട്രെയിൻ ഒല്ലൂർ – 23.24, പുതുക്കാട് – 23.34, നെല്ലായി – 23.40, ഇരിഞ്ഞാലക്കുട – 23.47, ചാലക്കുടി – 23.55, ഡിവൈൻ നഗർ – 23.59, കൊരട്ടി – 00.04, കറുകുറ്റി – 00.09, അങ്കമാലി – 00.17, ചൊവ്വര – 00.26 വഴി 00.45ന് ആലുവയിൽ എത്തും.
തിരിച്ച് വ്യാഴാഴ്ച ആലുവയിൽ നിന്ന് രാവിലെ 5.15ന് പുറപ്പെടുന്ന 16609 തൃശൂർ – കണ്ണൂർ എക്സ്പ്രസ് ചൊവ്വര – 5.23, അങ്കമാലി – 5.30, കറുകുറ്റി – 5.36, കൊരട്ടി – 5.41, ഡിവൈൻ നഗർ – 5.46, ചാലക്കുടി – 5.50, ഇരിഞ്ഞാലക്കുട – 5.59, നെല്ലായി – 6.08, പുതുക്കാട് – 6.14, ഒല്ലൂർ – 6.24 വഴി തൃശൂരിലെത്തി പതിവു പോലെ 6.45ന് കണ്ണൂരിലേയ്ക്ക് പുറപ്പെടും. ട്രെയിൻ മുള്ളൂർക്കര, വള്ളത്തോൾ നഗർ എന്നിവിടങ്ങളിലും നിർത്തും.
by Midhun HP News | Feb 25, 2025 | Latest News, കേരളം
കൊച്ചി: ഗില്ലൻബാരി സിൻഡ്രോം ബാധിച്ചു വാഴക്കുളം കാവനയിൽ ഒരാൾ മരിച്ചു. കാവന തടത്തിൽ ജോയ് ഐപ് (58) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ജോയ് ഇന്നലെയാണ് മരിച്ചത്. സംസ്ഥാനത്ത് ഗില്ലൻബാരി സിൻഡ്രോം ബാധിച്ചു റിപ്പോർട്ട് ചെയ്യുന്ന ആദ്യ മരണമാണിത്.
by Midhun HP News | Feb 25, 2025 | Latest News, കേരളം
ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് ആറാം മൈലില്‍ അയല്‍വാസിയുടെ ചെവി കടിച്ചെടുത്ത കേസിലെ പ്രതിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പള്ളിപ്പുറം നാലാംവാര്‍ഡ് കിഴക്കേ തമ്പുരാങ്കല്‍ കെ ജി രജീഷ് (43) ആണ് മരിച്ചത്.
ഞായറാഴ്ച വൈകീട്ടാണ് രതീഷ് ജീവനൊടുക്കിയത്. ഈ മാസം 10-ാം തീയതിയാണ് തൃക്കാക്കര മോഡല്‍ എഞ്ചിനീയറിങ് കോളജ് ജീവനക്കാരന്‍ ഗോപകുമാര്‍ (55) എന്നയാളുടെ ചെവി രജീഷ് കടിച്ചെടുത്തത്.ബസ് സ്റ്റോപ്പില്‍ മരുമകളെ കാത്തുനില്‍ക്കുകയായിരുന്ന ഗോപകുമാറിനെ രജീഷ് ആക്രമിച്ച് ചെവി കടിച്ചെടുത്തു എന്നായിരുന്നു പരാതി. കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത രജീഷ് റിമാന്‍ഡിലായിരുന്നു. ഈ മാസം 22-നാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്.
Recent Comments